Friday, October 1, 2010

Daily Edit: മാതൃഭൂമി ആഴ്ചപ്പിഴവ്


September 18, 2010
By dillipost
Courtesy: exchange4media
ഇക്കഴിഞ്ഞ പാദവര്‍ഷത്തെ — ജൂണ്‍,ജൂലൈ, ആഗസ്ത് — ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍‌വ്വെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിലെ ചില കണക്കുകള്‍ ഏറെ ആശങ്കജനകമാണ്. മലയാള പത്രങ്ങളില്‍ ഒന്നാമന്‍ ഇപ്പോളും മലയാള മനോരമ തന്നെ. ഏതാണ്ട് രണ്ടരലക്ഷത്തോളം വായനക്കാര്‍ ഇക്കാലയളവില്‍ മനോരമക്കു കൂടി. ദേശാഭിമാനി മാത്രമാണ് വളര്‍ച്ച നേടിയ മറ്റൊരു പത്രം; ശരാശരി വായനക്കാര്‍ (average issue readership) 2,276,000. ബാക്കിയുള്ള പ്രസിദ്ധീകരണങ്ങളെല്ലാം താഴോട്ടാണ് വളര്‍ച്ച. മാതൃഭൂമിയുടെ വായനക്കാര്‍ ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. കേരളകൗമുദി (4.1% കുറവ്) മാധ്യമം (12.4%) തുടങ്ങിയവയും താഴോട്ടുതന്നെ. വനിതക്ക് ഒന്‍പതു ശതമാനവും, മനോരമ ആഴ്ചപ്പതിപ്പിനു ഏതാണ്ട് പതിനാറു ശതമാനവും വായനക്കാരെ 2010 ലെ രണ്ടാം പാദത്തില്‍ നഷ്ടപ്പെട്ടു.
ഈ പതനപ്പട്ടികയില്‍ പ്രതീക്ഷിച്ചതെങ്കിലും വേദനിപ്പിക്കുന്ന മറ്റൊന്നുണ്ട്. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാരില്‍ ഇക്കഴിഞ്ഞ കാലയളവില്‍ വന്ന വന്‍ ഇടിവാണത്. നാല്പതു ശതമാനത്തിലേറെ വായനക്കാരെയാണ് ആഴ്ചപ്പതിപ്പിനു നഷ്ടപ്പെട്ടത്. വായനക്കാരും വരിക്കാരും രണ്ടാണെന്നതു ശരി. പക്ഷെ, ഇത്ര വലിയ ഒരു വീഴ്ച എന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് ആഴ്ചപ്പതിപ്പിന്റെ പ്രസാധകര്‍ ആത്മവിമര്‍ശം നടത്തേണ്ടതുണ്ട്. കഴിഞ്ഞ പാദവര്‍ഷത്തില്‍ 155,000 ആയിരുന്ന വായനക്കാരുടെ എണ്ണം രണ്ടാം പാദത്തില്‍ 91,000 ആയി കുറഞ്ഞു. അറുപതിനായിരത്തെലേറെ വായനക്കാരാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വായിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.
എന്തുകൊണ്ടിതു സംഭവിക്കുന്നു? ന്യായീകരണങ്ങള്‍ പലതും കാണും. പൊതുവെയുള്ള മാന്ദ്യം; വായനയില്‍ ജനത്തിനുള്ള താത്പര്യക്കുറവ്; റ്റെലിവിഷന്റെ കടന്നു കയറ്റം എന്നിങ്ങനെ. എന്നാല്‍ ഇതൊക്കെ മറ്റേതു പ്രസിദ്ധീകരണത്തിനും ബാധകമാണ്. മറ്റൊരു പ്രമുഖ പ്രസിദ്ധീകരണമായ ഇന്ത്യാ ടുഡെ മലയാളം പതിപ്പിനു മാതൃഭൂമി ആഴ്ചപ്പതിപ്പിനേക്കാള്‍ വായനക്കാരുണ്ട്. പൊതുവെ ഇതാരും പ്രതീക്ഷിക്കില്ല. രണ്ടു പ്രസിദ്ധീകരണങ്ങളുടെയും വായനക്കാര്‍ ഏതാണ്ട് ഒരേ തരക്കാരാണ്. ഇന്ത്യാ ടുഡേ മലയാളം 240,000 വായനക്കാരെയാണ് 2010ലെ രണ്ടാം പാദത്തില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ പാദവര്‍ഷത്തില്‍ ഇതു 282,000 ആയിരുന്നു. ഏതാണ്ട് പതിനാലു ശതമാനം കുറവ്. ഇതിന്റെ മൂന്നിരട്ടിയുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാനക്കേട്.
എന്തുകൊണ്ടു മാതൃഭൂമിയുടെ ഇടിവില്‍ നമ്മള്‍ വ്യാകുലപ്പെടണം? കാരണമുണ്ട്. കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥയില്‍ ഈ പ്രസിദ്ധീകരണം ചെലുത്തിവന്നിരുന്ന സ്വാധീനം ചെറുതല്ല. സാഹിത്യം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം, (ഒരളവുവരെ) സാമ്പത്തികം, ശാസ്ത്രം, മതം എന്നി മേഖലകളില്‍ സക്രിയമായ ഇടപെടലുകള്‍ ആഴ്ചപ്പതിപ്പ് നടത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ദശകങ്ങളായിരുന്നു ഈ സുവര്‍ണ്ണകാലം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ഒരു കള്‍ട്ട് ആയി വളരുകയും ചെയ്തു (ഈ നൊസ്റ്റാള്‍ജിയ ഇന്നും ആഴ്ചപ്പതിപ്പു തരം പോലെ ഏടുത്തു വീശുന്നുമുണ്ട്). ഈ സ്വധീനം പതിയെ ക്ഷയിക്കാന്‍ തുടങ്ങി. ഒരിടക്കു ഇതു നിന്നൊപോയെക്കുമെന്നു വരെ വായനക്കാര്‍ക്കു തോന്നി. പ്രത്യേകിച്ചും തൊണ്ണൂറുകളില്‍. എന്നാല്‍, ഇടക്കാലത്തു വന്ന ഊഷരത മാറ്റിക്കളഞ്ഞ് രണ്ടായിരത്തില്‍ ആഴ്ചപ്പതിപ്പു ഒരു തിരിച്ചുവരവു നടത്തി. ഇതേ കാലത്തുതന്നെ ഉയര്‍ന്നു വന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ ശൈലി കടംകൊണ്ടതെന്നു ഒരളവുവരെ തോന്നിപ്പിച്ചെങ്കിലും, മാതൃഭൂമിക്കുണ്ടായ മാറ്റം ആശാവഹമായിരുന്നു.
എന്നാല്‍ ഇതു നീണ്ടു നിന്നില്ല. ചടപ്പിക്കുന്ന ഭൂതകാല പ്രണയവും ഭേസി നീങ്ങാനായിരുന്നു അതിന്റെ വിധി. സിനിമക്കു നല്‍കുന്ന അമിത പ്രാധാന്യം, വിവാദങ്ങള്‍, ക്ഷണപ്രഭാചഞ്ചലമായ വിഷയങ്ങളിലുള്ള, തിടുക്കപ്പെട്ടതും ഉള്‍ക്കനം കുറഞ്ഞതുമായ ലേഖനങ്ങള്‍ എന്നിങ്ങനെ പലതും ഇതിന്റെ ഷെല്‍ഫ് ജീവിതം മുറയ്ക്കു കുറച്ചുവന്നു. ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാര്‍ തിയേറ്ററിന്റെയും മോര്‍ച്ചറിയുടെയും  നടത്തിപ്പുകാരാണെന്നു ചിലര്‍ പഴി പറഞ്ഞു. അത്രക്കുണ്ടായിരുന്നു സിനിമയും, ഭൂതകാല വിരേചനവും. മീസാങ്കല്ലുകള്‍ പാകിവച്ചപോലെ വെള്ളയും, കറുപ്പുമായ ചിത്രങ്ങള്‍ എല്ലാ ആഴ്ചയിലും നിരന്നു. കവിതകള്‍ പോലും ഒരു അരിക്കലും ചേറലും കൂടാതെ കടന്നു വരാന്‍ തുടങ്ങി. ആഴ്ചപ്പതിപ്പ് ഒരു സെലിബ്രിറ്റി ഫോളോവ്വര്‍ ആയി മാറിയെന്നു പലരു പഴി പറഞ്ഞു. ചലച്ചിത്ര താര ഫാന്‍സ് സുവനീറുകളുടെ നിലവാരമുള്ള അഭിമുഖങ്ങള്‍ വരുന്നതില്‍ ഏതെങ്കിലും നിഗൂഢ താത്പര്യങ്ങളുണ്ടൊ എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും സന്ദേഹം തോന്നാവുന്ന വിധത്തിലുള്ള പരിചരണമായിരുന്നു ഇതൊക്കെ. പുതുമാധ്യമങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയെക്കുറിച്ചും കടലാസുപോലെ കനം കൂറഞ്ഞ വിശകലങ്ങളാണ് ആഴ്ചപ്പതിപ്പു നടത്തിയത്. വായനക്കാരന്റെ സാമാന്യബോധത്തെയും, യുക്തിവിചാരത്തെയും പരിഹസിക്കുന്ന രചനകളും — ഉണ്ണിത്താന്‍ വിഷയത്തിലും മറ്റും  — വരികയുണ്ടായി. ഇന്റര്‍നെറ്റും, സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപ്പീഡിയയും ഇല്ലായിരുന്നെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു എന്നു സരസമായ ചിലവായനക്കാരെക്കൊണ്ട് ചോദിപ്പിക്കുന്ന വിധത്തില്‍ ഉള്ളടക്കങ്ങളുടെ ഗതി മാറി. ശാസ്ത്രവിഷയങ്ങളിലാണ് ഭേദപ്പെട്ട ചില വായനകള്‍ വന്നത്. അതില്‍ പലതും, പക്ഷെ, ജനപ്രിയ ചേരുവകളുടെ ചുവടുപിടിച്ച് ഒരു മുഷിഞ്ഞ കൗതുക നിര്‍മ്മാണത്തിനുള്ള ഉരുപ്പടികളായി മാറി. ഇതൊന്നും പോരാതെ, സംഘപരിവാരത്തെ സൈദ്ധാന്തികമായി നേരിടുന്നതിലും ആഴ്ചപ്പതിപ്പു കുറ്റകരവും, പലപ്പോഴും അശ്ലീലവുമായ നിര്‍മമത പാലിച്ചു. കെട്ടിലും മട്ടിലും പുതുമകള്‍ വന്നില്ല. അച്ചടിപ്പിശകുകളും, എഡിറ്റിംഗ് പിഴവുകളും നിരന്നുവന്നു (‘വിഡോ’ എന്നു പറയുന്ന ഒരു ഏഡിറ്റിംഗ് പിശകിനെപ്പറ്റി ആഴ്ചപ്പതിപ്പില്‍ ആര്‍ക്കും ധാരണയില്ലെന്ന മട്ടിലാണ് ചില പേജുകള്‍).
ഇങ്ങനെ ഒരുപാടുണ്ട് പറയാന്‍. ഇതൊക്കെ കാരണം വായനക്കാര്‍ അകലുന്നത് സ്വാഭാവികം. ഇതിനു മറുപടിയായി ആഴ്ചപ്പതിപ്പിനും ന്യായം ഒരുപാടുണ്ടാകും. പക്ഷെ ഒന്നുണ്ട്, വായന രണ്ടു തരത്തിലുണ്ട്: അറിവിനും, അനുഭൂതിക്കും. ഇതില്‍ രണ്ടാമത്തെ ഉദ്ദേശ്യവുമായി വായനക്കാരന്‍ ഒരു പ്രസിദ്ധീകരണം കയ്യിലെടുത്താലേ അതൊരു വിജയമാകൂ. വായന ഒരു അനുഭൂതിയാക്കി മാറ്റുന്നതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു പരാജയപ്പെട്ടു എന്നു പറയുന്നതില്‍ അതുവായിച്ചു വളര്‍ന്ന ഒരു തലമുറക്കു അനല്പമായ ഖേദമുണ്ട്.


http://dillipost.in/?p=2089

No comments:

Post a Comment