പരസ്യത്തിന് പണം സ്വീകരിക്കുന്നതുപോലെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും പണം സ്വീകരിക്കുന്ന ഏര്‍പ്പാടാണ് പെയ്ഡ് ന്യൂസ്. പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു. വാര്‍ത്തയും വീക്ഷണവും വേര്‍തിരിവില്ലാതെ കൂടിച്ചേരുന്നു. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകളും ഫീച്ചറുകളും തയാറാക്കുന്നത് അവരല്ല. മറിച്ച് പണം മുടക്കുന്നയാള്‍ തയാറാക്കിക്കൊടുക്കുന്ന കാര്യങ്ങളാണ് പത്രത്തിന്റെ അഭിപ്രായമെന്ന നിലയില്‍ നാം വായിക്കുന്നത്. സ്വന്തം വായനക്കാരെ ചതിക്കാന്‍ പത്രങ്ങള്‍ക്ക് മടിയില്ലാതായിരിക്കുന്നു.
പരസ്യം നല്‍കി പരസ്യമായും പണം നല്‍കി രഹസ്യമായും പത്രങ്ങളെ സ്വാധീനിക്കുന്ന സമ്പ്രദായം പുതിയതല്ല. എന്നാല്‍, 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യമായ കാര്യങ്ങള്‍ എല്ലാ സീമകളെയും ഉല്ലംഘിക്കുന്നവയാണ്. നാം വിശ്വസിച്ച് വായിക്കുന്ന പത്രത്തില്‍ ലോട്ടറിയെക്കുറിച്ചുള്ള മുഖപ്രസംഗം സാന്തിയാഗോ മാര്‍ട്ടിനാണ് എഴുതുന്നതെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും? സാന്തിയാഗോ മാര്‍ട്ടിനും പത്രത്തില്‍ അയാളുടെ വശം ന്യായീകരിക്കുന്നതിനുള്ള അവകാശമുണ്ട്. സാന്തിയാഗോ എഴുതിയത് പത്രാധിപര്‍ എഴുതിയതെന്ന മട്ടില്‍ പ്രസിദ്ധീകരിക്കുന്നതാണ് അപകടം. പത്രസ്ഥലം മാത്രമല്ല, പത്രത്തിന്റെയും പത്രപ്രവര്‍ത്തകരുടെയും പേരും വിശ്വാസ്യതയുമാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. യൂദാസ് എഴുതിയത് യോഹന്നാന്റെ പേരില്‍ പ്രസിദ്ധീകരിക്കരുത്.
പെയ്ഡ് ന്യൂസ് എന്ന പ്രതിഭാസം പ്രസ് കൗണ്‍സില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതുണ്ടാകുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷനും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. മാധ്യമങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന നിലപാടുകള്‍ തെരഞ്ഞെടുപ്പിന്റെ പവിത്രത ഇല്ലാതാക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. അനുവദനീയമായ പരിധി വിട്ട് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും പണം ചെലവാക്കാന്‍ കഴിയുന്നുവെന്നത് മറ്റൊരു പ്രശ്‌നം. രഹസ്യമായി നല്‍കുന്ന പണം കണക്കില്‍ വരില്ല.
പെയ്ഡ് ന്യൂസിനെ സംബന്ധിച്ച പ്രസ് കൗണ്‍സിലിന്റെ നിര്‍വചനം തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രസ് കൗണ്‍സിലിന്റെ തീരുമാനം കമീഷനു ബാധകമാക്കണമെന്ന നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല. ഭരണഘടനാപരമായ സ്ഥാപനമാകയാല്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി നിഗമനങ്ങളില്‍ എത്താന്‍ തെരഞ്ഞെടുപ്പ് കമീഷനു സ്വാതന്ത്ര്യമുണ്ട്. തര്‍ക്കവിഷയങ്ങളില്‍ കമീഷന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് രാഷ്ട്രപതി നിരുപാധികം സ്വീകരിക്കുന്നത്. പെയ്ഡ് ന്യൂസിനെ സംബന്ധിച്ച സ്വന്തം അന്വേഷണ റിപ്പോര്‍ട്ട് ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി ഒതുക്കിയ കൗണ്‍സിലിന് വിശ്വാസ്യത നഷ്ടമായ സാഹചര്യത്തില്‍ കമീഷന്റെ നിലപാട് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പ് നിരീക്ഷകരായി മാധ്യമപ്രവര്‍ത്തകരെ അയക്കണമെന്ന കൗണ്‍സില്‍ നിര്‍ദേശവും സ്വീകരിക്കപ്പെട്ടില്ല. കമീഷന് അതിന്‍േറതായ നിയമങ്ങളും നടപടിക്രമങ്ങളുമുണ്ട്. അവക്ക് വിധേയമായ പ്രവര്‍ത്തനമാണ് കമീഷന്‍േറത്. ജൂണ്‍ എട്ടിന് കമീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്രങ്ങളെ നിരീക്ഷിക്കുന്നതിനും വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമിതികള്‍ രൂപവത്കരിക്കണം. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ ലഭിക്കുന്ന അമിതവും നീതീകരിക്കാനാവാത്തതുമായ പ്രാധാന്യം ഈ സമിതികള്‍ ശ്രദ്ധിക്കണം. പ്രാധാന്യം മാത്രമല്ല, അവഗണനയും ശ്രദ്ധിക്കേണ്ടതാണ്.
സദുദ്ദേശ്യത്തോടെയാണെങ്കിലും പത്രങ്ങളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കുന്നത് അനുചിതവും അപകടകരവുമാണ്. തെരഞ്ഞെടുപ്പില്‍ ഇഷ്ടമുള്ളവരെ പിന്താങ്ങുന്നതിനുള്ള സ്വാതന്ത്ര്യം പത്രങ്ങള്‍ക്കുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം ഈ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വേണ്ടി പത്രങ്ങള്‍ ഏകപക്ഷീയമായി പ്രചാരണം നടത്താന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ പറയുന്നു. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ എതിര്‍പക്ഷത്തിനും സ്ഥലം അനുവദിക്കണം. പ്രസ് കൗണ്‍സിലിന്റെ 1996ലെ റഗുലേഷനെ പരാമര്‍ശിച്ചാണ് ഈ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. അനാരോഗ്യകരവും വിഭാഗീയവുമായ പ്രചാരവേലയില്‍ മാധ്യമങ്ങള്‍ ഏര്‍പ്പെടരുത് എന്ന നിര്‍ദേശം തെറ്റല്ല. മറുഭാഗത്തെ തമസ്‌കരിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനം തെറ്റാണ്. സമതുലനമാണ് തെരഞ്ഞെടുപ്പ് കമീഷനും പ്രസ് കൗണ്‍സിലും മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന സദ്ഗുണം.
മാധ്യമങ്ങളുടെ വൈവിധ്യം സൃഷ്ടിക്കുന്ന ബഹുസ്വരതയാണ് സ്വാഭാവികമായ സമതുലനത്തിനു കാരണമാകുന്നത്. വിസ്‌ഫോടനത്തിന്റെ വെളിച്ചത്തില്‍ ആര്‍ക്കും ഒന്നും മറച്ചുവെക്കാനാവില്ല. അങ്ങാടിയില്‍ അറിഞ്ഞുകഴിഞ്ഞ കാര്യം പത്രത്തില്‍ മറച്ചുവെച്ചിട്ടെന്തു കാര്യം? ആക്ഷേപിക്കപ്പെടുന്നവര്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം ഉണ്ടാകണമെന്നല്ലാതെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്രങ്ങള്‍ക്ക് സമദൂരമോ സമമായ അടുപ്പമോ പാലിക്കാനാവില്ല. 'ദേശാഭിമാനി' വായിക്കുന്നത് സി.പി.എമ്മിന്റെ നിലപാടുകള്‍ അറിയുന്നതിനുവേണ്ടിയാണ്. അവിടെ പത്രസ്ഥലം എല്ലാവര്‍ക്കുമായി വീതം വെക്കാനുള്ളതല്ല. പൊതുമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും ഇടമുണ്ടാകുന്നത് കൗണ്‍സിലോ കമീഷനോ നിര്‍ബന്ധിക്കുന്നതു കൊണ്ടല്ല; വിപണിയുടെ സമ്മര്‍ദം അത് അനിവാര്യമാക്കുന്നതുകൊണ്ടാണ്.
തെരഞ്ഞെടുപ്പിന്റെ പൊലിമ കുറയുന്നതിന് കമീഷന്റെ നിയന്ത്രണങ്ങള്‍ കാരണമാകുന്നുണ്ട്. ധനാധിപത്യം ഉള്‍പ്പെടെയുള്ള അനാശാസ്യ സ്വാധീനങ്ങളും അവിഹിത ഇടപെടലുകളും ഒഴിവാക്കണമെന്നല്ലാതെ സര്‍വത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പിന്റെ സജീവത നഷ്ടപ്പെടും. ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്താമെന്നല്ലാതെ വെടിക്കെട്ടുതന്നെ വേണ്ടെന്നു വെച്ചാല്‍ പിന്നെ പൂരമുണ്ടോ? മാധ്യമങ്ങള്‍ക്കുമേലെയല്ല, സ്ഥാനാര്‍ഥികള്‍ക്കു മേലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണം ഉണ്ടാകേണ്ടത്.
നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതലായി സംസാരമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ സ്വയം ഒന്ന് കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്. ആര്‍ക്കും ഓരോ കാരണം പറഞ്ഞ് നിയന്ത്രിക്കാന്‍ കഴിയുന്നതാകരുത് മാധ്യമരംഗം. പത്രങ്ങളുടെ പോരായ്മകള്‍ പ്രസ് കൗണ്‍സിലാണ് കണ്ടുപിടിക്കേണ്ടത്. പെയ്ഡ് ന്യൂസ് കണ്ടെത്തുന്നതിന് പ്രസ് കൗണ്‍സിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സന്നദ്ധത പ്രശംസനീയമാണ്. മോണിറ്ററിങ് കമ്മിറ്റികളില്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ പ്രസ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന വ്യക്തിയേക്കൂടി ഉള്‍പ്പെടുത്താന്‍ കമീഷന്‍ തീരുമാനിച്ചതും നന്നായി.
Published on Thu, 10/07/2010 - 22:37
drsebastianpaul@yahoo.com
മാധ്യമം
No comments:
Post a Comment