Saturday, October 16, 2010

കല പഠിക്കാം. ദേവാനന്ദ് പിള്ള

 
ഈ കാണുന്നത് ബിയോണ്‍‌ഡ് ദ നേച്ചര്‍ എന്നു പേരുള്ള അക്വസ്കേപ്പ് ആണ്‌. അക്വസ്കേപ്പുകള്‍ ജൈവമായ ശില്പങ്ങളാണെന്നതിനാല്‍ നേരിട്ടോ കുറഞ്ഞപക്ഷം വീഡിയോയോ എങ്കിലും കാണേണ്ടതായിരുന്നു, സാരമില്ല. നമുക്ക് സ്റ്റില്‍ ഫോട്ടോകള്‍ കൊണ്ട് അതിനെ മനസ്സിലാക്കാം.



ഗളിവേര്‍സ് ട്രാവല്‍സ് വായിച്ചിട്ടുള്ള ആര്‍ക്കും ഇതെന്താണെന്ന് മനസ്സിലാവും. അതിനി വായിച്ചിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇവിടെ ഞെക്കി ലാപുടയുടെ ഒരു ചിത്രം കാണുക.

ഇത്രയുമേ എനിക്കും അറിയാമായിരുന്നുള്ളൂ. ഇതിനെ കലാകാരന്‍ വ്യാഖ്യാനിച്ചത് വായിച്ചപ്പോള്‍ ജാപ്പനീസ് വേര്‍ഷന്‍ ലാപുടയില്‍ ഭൂമിയുടെ പരിസ്ഥിതി തകര്‍ന്ന കാലം ഉള്ള ടെക്നോളജി ഉപയോഗിച്ച് ഒരു ഫ്ലോട്ടിങ്ങ് ഐലന്‍ഡ് ഉണ്ടാക്കിയെന്നും കാലക്രമേണ ഭൂതല പരിസ്ഥിതി തിരികെ വരാന്‍ തുടങ്ങിയിട്ടും ലാപുടയിലെ ജീവിതം തുടര്‍ന്നെന്നും അതിന്റെ നെറുകയിലെ കോട്ടയില്‍ ഒരു യന്ത്രമനുഷ്യന്‍ ഉണ്ടെന്നും ആ യന്ത്രമനുഷ്യനാണ്‌ ഈ പറക്കും ദ്വീപിനെ നിയന്ത്രിക്കുന്നതെന്നും മനസ്സിലാക്കി.

ഇത്രയും വിവരം തന്നെ ധാരാളം മതി ഇതിനെ മനസ്സിലാക്കാന്‍. ഇനി നമുക്ക് ഇതില്‍ ആര്‍ട്ടിസ്റ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് നോക്കാം. ഇത് നേച്ചര്‍ സ്റ്റൈല്‍ അക്വേറിയമാണ്‌, അതായത് ലാന്‍ഡ്സ്കേപ്പിങ്ങ് പോലെ ജലത്തിനടിയില്‍ ചെയ്തിരിക്കുന്നു അത്രയേ ഉള്ളൂ. നേച്ചര്‍‌സ്കേപ്പുകളുടെ സൗന്ദര്യ സങ്കല്പ്പമാണ്‌ വാബി-സാബി , ഇതു പ്രകാരം പ്രകൃതിയില്‍ ഒന്നും മൂര്‍ത്തമല്ല, സ്ഥിരമല്ല, പൂര്‍ണ്ണരൂപവുമല്ല. ബിയോണ്ട് നേച്ചര്‍ എന്നു വരുമ്പോള്‍ നേച്ചറില്‍ മാത്രമേ ഇത്തരം റൂളുകള്‍ ഉള്ളൂ, ലാപുടയ്ക്ക് അങ്ങനെവേണമെന്നില്ല എന്നാണ്‌ പെട്ടെന്ന് മനസ്സില്‍ തോന്നിയത് ലാപുടയ്ക്ക് കൃത്യതയോട് അടുത്തു നില്‍ക്കുന്ന ത്രികോണ ജ്യാമിതീയ രൂപം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
പ്രകൃതിതലത്തെ ഒരു ഫിഷ് ഐ ലെന്‍സിലൂടെ ചിത്രമെടുത്തതുപോലെയും ലാപുടയെ അതിന്റെ സ്വാഭാവികരൂപത്തിലുമാണ്‌ ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ആര്‍ട്ടിസ്റ്റ് ബിയോണ്ഡ് നേച്ചര്‍ പൂര്‍ണ്ണതയോടെയും നേച്ചറിനെ വക്രമായും വരച്ചു കാട്ടി ഭൂതലത്തിന്റെ പരിതസ്ഥിതിയും ലാപ്പുടയുടെ ആകര്‍ഷകതയും നമ്മെ മനസ്സിലാക്കി തരികയാണ്‌ ഇദ്ദേഹം ചെയ്യുന്നതെന്ന് എനിക്കു തോന്നുന്നു.

ലാപ്പുടയുടെ ഒരു മൂലയിലെ ചെടികള്‍ ഭൂമിയോട് തൊട്ടു തൊട്ടില്ലെന്നാണ്‌ നില്‍ക്കുന്നത്. പരിസ്ഥിതി തിരിച്ചു വന്നുകൊണ്ടിരിക്കുകയും ലാപ്പുടവാസികള്‍ ഭൂമിയോട് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ.


ഇനി ഇതിന്റെ ഉപരിതല പ്രതിഫലനം നോക്കുക. ലാപ്പുടയിലെ ജീവിതം നമുക്ക് കാണാം. അവിടെ നിഴലുണ്ട്, വെയിലുണ്ട്, ജീവനുണ്ട്, മൊത്തത്തില്‍ സംതൃപ്തമായ ഒരു നാടു പോലെ. ഇതിനെ നയിക്കുന്ന സര്‍‌വശക്തനായ റോബോട്ടിനെയും നമുക്കവിടെ കാണാം. ഇതെല്ലാം റിഫ്ലക്ഷനിലേ കാണുന്നുള്ളൂ. ഭൂതലത്തില്‍ നിന്നുള്ള വീക്ഷണത്തിനെക്കാള്‍ വ്യക്തതയും വ്യാപ്തിയും പ്രതിഫലനത്തിനാണ്‌ എന്നതിനാല്‍ ലാപുട സത്യത്തെക്കാള്‍ ഒരു ഭാവനാസൃഷ്ടിയാണെന്നും മനസ്സിലാക്കാം. ഇനി ഈ ജാപ്പനീസ് കഥ അറിയില്ലെങ്കിലും ഗളിവറിന്റെ ലാപ്പുടയില്‍ ഈ ദ്വീപിനൊരു രാജാവുണ്ട്, പ്രതിഫലനത്തിലെ മനുഷ്യരൂപം അതെന്ന് കരുതാവുന്നതേയുള്ളൂ.


ഇതിന്റെ ശില്പിയും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങളും , ആര്‍ട്ടിസ്റ്റ് ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതും ഇവിടെ വായിക്കാം.

http://www.aquascapingworld.com/forum/aquascape-month/3305-aquascape-month-august-2010-beyond-nature.html

Tech Specs
Flora & Fauna


ഏറ്റവും ലളിതമായ അക്വസ്കേപ്പിങ്ങ് രീതിയും, തത്വങ്ങളും റ്റെക്നോളജിയുമേ ഇതിനു ഉപയോഗിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ്‌ ബിയോണ്ട് നേച്ചര്‍ ആദ്യ പോസ്റ്റിനു തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന്റെ കലാമൂല്യത്തിനു ഈ സങ്കീര്‍ണ്ണതയില്ലായ്മ ഒരു കോട്ടവും വരുത്തുന്നില്ല താനും . സങ്കീര്‍ണ്ണമായവ നമുക്ക് വഴിയേ പരിശോധിക്കാം.

The photographs in this blog post are the property of Mr. Gary Wu and have been reproduced only for the purpose of explaining the artwork and there are no intentions to use these for any commercial purposes, further reproduction or circulation.
Collapse this post


ദേവാനന്ദ് പിള്ളയുടെ ബ്ലോഗ്

No comments:

Post a Comment