Saturday, October 16, 2010

കല പഠിക്കാം - 2 ദേവാനന്ദ് പിള്ള.




ആദ്യത്തെ ബസ്സില്‍ ഒരു അക്വസ്കേപ്പ് കണ്ടുകഴിഞ്ഞാല്‍ അതിനെ എങ്ങനെ പഠിക്കാന്‍ ഒരുമ്പെടണം എന്ന് നമ്മള്‍ കണ്ടു. കുറച്ചു കൂടെ വ്യക്തമായി ഒരു അക്വസ്കേപിനെ മനസ്സിലാക്കണമെങ്കില്‍ അത് ഏത് രീതിശാസ്ത്രപ്രകാരം നിര്‍മ്മിച്ചതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കവിതയ്ക്ക് വൃത്തം പോലെ ഒരു ചിട്ടവട്ട രീതിയില്ല അക്വസ്കേപ്പിന്റെ രീതിശാസ്ത്രം. അത് കൂടുതലും നൃത്തത്തിന്റെ ശൈലിയും മുദ്രയു പോലെ ഒരു പ്രത്യേക ചിട്ടവഴി സ്വീകരിക്കുന്നതുവ് വഴി ശില്പ്പിക്ക് എല്ലാം സ്വയം കണ്ടുപിടിക്കേണ്ട ഗതികേടില്ലാതെയാക്കുകയും അതേ സമയം ആസ്വാദകന്‌ ശില്പ്പിയുടെ ഭാഷ മനസ്സിലാവുക വഴി ശില്പം എന്ത് അയാളോട് പറയുന്നു എന്ന് മനസ്സിലാകാന്‍ എളുപ്പമാക്കുകയും ചെയ്യുന്നെന്നേയുള്ളൂ.

ഒരു രീതിശാസ്ത്രമില്ലാതെ അക്വസ്കേപ്പ് ഉണ്ടാക്കുക സാധ്യമല്ല തന്നെ. നിങ്ങള്‍ നിങ്ങളുടേതായ രീതികള്‍ ഉപയോഗിക്കുമ്പോള്‍ മേലില്‍ അത് നിങ്ങള്‍ തുടങ്ങി വച്ച ശൈലിയായി പ്രചാരത്തിലാവുകയോ അവഗണിക്കപ്പെട്ടു പോകുകയോ ചെയ്യുന്നു അത്ര മാത്രം. ഒരു ശൈലി സ്വീകരിച്ചു എന്നതിനാല്‍ അതിന്റെ നിയമങ്ങളെല്ലാം അനുസരിച്ചുകൊള്ളണം എന്നുമില്ല. നിയമങ്ങളുണ്ടെങ്കിലേ അതിനെ കൊള്ളാന്‍ തള്ളാനും കഴിയൂ, തള്ളിയെന്നും കൊണ്ടെന്നും മനസ്സിലാക്കാന്‍ പോലും കഴിയൂ എന്ന് മാത്രം.

മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത, നിര്‍മ്മിക്കാന്‍ സങ്കീണ്ണതയില്ലാത്ത ഒരു ശൈലിയാണ്‌ ഇവാഗുമി. അതിനാല്‍ തന്നെ ഇവാഗുമികള്‍ അങ്ങേയറ്റം പ്രചാരമുള്ള ഒന്നാണ്‌. ഇവാഗുമി എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം റോക്ക് ഗാര്‍ഡന്‍ എന്നാണ്‌. തോട്ടം നിര്‍മ്മാണത്തില്‍ ജപ്പാനില്‍ ഇത് ആയിരക്കണക്കിനു വര്‍ഷമായി പ്രചാരത്തിലുള്ളതും പ്രത്യക്ഷമായും ബുദ്ധമതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ രീതിശാസ്ത്രമാണത്. ലാന്‍ഡ്‌സ്കേപ്പിങ്ങിലും അക്വസ്കേപ്പിങ്ങിലും വിദഗ്ദ്ധനായ അമാനോ തകാഷിയാണ്‌ അക്വസ്കേപ്പിങ്ങില്‍ ഇവാഗുമി പ്രചരിപ്പിച്ചു തുടങ്ങിയവരില്‍ പ്രമുഖന്‍ .

ഒരു നേച്ചര്‍ സ്കേപ്പ് എന്ന നിലയില്‍ ഇവാഗുമി ഫ്രെയിമുകളുടെ നിയമമായ റൂള്‍ ഓഫ് തേര്‍ഡ് അനുസരിക്കുന്നത് വളരെ സാധാരണമഅണ്‌.

റോക്ക് ഗാര്‍ഡന്‍ എന്നു പറയുമ്പോള്‍ തന്നെ ഇവാഗുമിയുടെ ഏറ്റവും അത്യാവശ്യമുള്ള ഘടകം പാറക്കെട്ടാണെന്നു വരുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെയുള്ള കണ്‍‌വെന്‍ഷണല്‍ ഇവാഗുമിയില്‍ ഒരു വലിയ കല്ലും അതിന്റെ അനുചര പാറകളുമാണ്‌ സാധാരണ ഉപയോഗിക്കാറ്. ബുദ്ധമത രീതിയനുസരിച്ച് വലിയ കല്ല് ബുദ്ധനെയും അതിന്റെ ഒപ്പമുള്ള കല്ലുകള്‍ അനുയായികളെയുമാണ്‌ സൂചിപ്പിക്കുന്നത്. വലിയ പാറയ്ക്കു വിളിക്കുന്ന പേര്‍ ചുസോണ്‍സ്കീ (ഭീമബുദ്ധപ്രതിമ) എന്നും ചെറിയ കല്ലുകള്‍ക്ക് ക്യോജുസേയ്ക്കി (അനുയായി പ്രതിമ) എന്നുമാണ്‌. മൂല സങ്കല്പ്പം ഇതായതിനാല്‍ റോക്ക് അറേഞ്ചുമെന്റുകളില്‍ ചെറിയ പാറകള്‍ വലിയ പാറയ്ക്കു നേരേ ചാഞ്ഞോ പാര്‍ശ്വസ്ഥാനങ്ങള്‍ അലങ്കരിച്ചോ ആണ്‌ വയ്ക്കാറ്.

ബുദ്ധന്‍ ലളിതജീവിതത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ഏറ്റവും ലളിതമായാണ്‌ ഇവാഗുമിയൊരുക്കാറ്‌. അതിന്റെ തന്നെ കൂടുതല്‍ ലളിതവല്‍ക്കരിക്കപ്പെട്ട ഉപരീതിയാണ്‌ സാന്‍സോണ്‍ ഇവാഗുമി. ഇതിന്‍ പ്രകാരം ഒരു വലിയ കല്ലും രണ്ട് ചെറിയ കല്ലുകളും മാത്രമേ അക്വസ്കേപ്പിങ്ങിന്‌ ഉപയോഗിക്കൂ. ഇത് ബുദ്ധനെയും രണ്ട് മഹാപ്രധാനിയായ അനുചരരരെയും (ശാരീപുത്രനും മോകുറേനും) സൂചിപ്പിക്കുന്നു.

ഇവാഗുമിയുടെ ഹൃദയം അതിന്റെ റോക്ക്‌സ്കേപ്പ് ആണ്‌. ഉപവനങ്ങള്‍ നേച്ചറിനെ സൂചിപ്പിക്കുന്നു. ഗാര്‍ഡന്‍ എന്ന സങ്കല്പ്പം ശക്തമായതിനാല്‍ കൂട്ടത്തോടെ പുഷ്പിക്കുന്ന ചെറു ജലസസ്യങ്ങളെക്കൊണ്ട് അടിത്തറ തീര്‍ക്കുന്നതും സാധാരയാണ്‌. പശ്ചാത്തലം എന്നല്ലാതെ ശ്രദ്ധയാകര്‍ഷിക്കുന്ന വലിപ്പമോ വൈവിധ്യമോ ഉള്ള ചെടികളെ ഇവാഗുമിയില്‍ ചേര്‍ക്കാറില്ല.

ഇവാഗുമി ചെയ്തെടുക്കാന്‍ എളുപ്പമാണെന്നതിനാലും അതിന്റെ മൂലാധാരം വളരെയൊന്നും വ്യത്യസ്ഥമാക്കാന്‍ കഴിയില്ല എന്നതിനാലും ഒരു മത്സരത്തില്‍ വിജയിക്കാനോ ഒരു എക്സിബിറ്റ് എന്ന നിലയില്‍ ഷോ ഓഫ് ചെയ്യാനും മിക്കവരും ഇവാഗുമി ഉപയോഗിക്കാറില്ല. എന്നാല്‍ ഇവാഗുമി കലാമൂല്യം കുറഞ്ഞ ഒന്നെന്ന് തള്ളിക്കളയുന്നത് ശരിയല്ല. ഏറ്റവും പ്രചാരമുള്ള നേച്ചര്‍‌സ്കേപ്പ് ആണ്‌ ഇവാഗുമി. ലോ ടെക്ക് ടാങ്കുകള്‍ക്ക് അനുയോജ്യമാണ്‌. ചിലവു തീരെക്കുറച്ച് മതിയാവും, വൈദ്യുതിച്ചിലവു പോലും.

ആദ്യപരീക്ഷണം മിക്കവരും ഇവാഗുമിയിലൂടെ ആണെന്നതും ശ്രദ്ധേയമാണ്‌. പൂര്‍ണ്ണമായും സ്കില്‍ഡ് അല്ലാത്ത, ആത്മവിശ്വാസം നേടിയിട്ടില്ലാത്ത അക്വേറിസ്റ്റിനു അക്വസ്കേപ്പിങ്ങിലോട്ടുള്ള ആദ്യ ചുവടുവയ്പ്പ് മിക്കപ്പോഴും ഈ ഒരു രീതി അന്ധമായി പിന്‍‌തുടര്‍ന്നുകൊണ്ടാവും ഇവാഗുമിയുടെ വെല്ലുവിളി അതിന്‌ സങ്കീര്‍ണ്ണമായ ജൈവ വൈവിദ്ധ്യം ഉപയോഗിക്കാന്‍ പറ്റില്ലെന്നതും ആവര്‍ത്തന വിരസത വേഗം അനുഭവപ്പെടും എന്നതുമാണ്‌. അല്പ്പം നിറപ്പകിട്ടുള്ള മീനുകള്‍ പോലും ഇവാഗുമിയെ ഇല്ലാതെ ആക്കിക്കളയും.

ചില ഇവാഗുമി അക്വസ്കേപ്പുകളുടെ ചിത്രങ്ങള്‍ ലിങ്കായി കൊടുത്തിരിക്കുന്നു. ഒരു അക്വസ്കേപ്പിനെ തിരിച്ചറിയാന്‍ ഏറ്റവും എളുപ്പവും പഠിക്കാന്‍ ഏറെ സമയം വേണ്ടാത്തതുമായ ഒരു രീതിശാസ്ത്രമായതുകൊണ്ടാണ്‌ ഇതിനെ ആദ്യം പരിചയപ്പെടുത്താന്‍ തിരഞ്ഞെടുത്തത്.


ഇതിനെ ഒന്നിനെയും വ്യാഖ്യാനിക്കാന്‍ ഞാന്‍ മുതിരുന്നില്ല. ഇതില്‍ താല്പ്പര്യം തോന്നിയ ആര്‍ക്കും ഇവാഗുമി കണ്ടാല്‍ തിരിച്ചറിയണം എന്നു മാത്രമേ ഈ ബസ്സുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ
 






 http://www.aquajournal.net/na/iwagumi/styles.html

No comments:

Post a Comment