Sunday, May 29, 2011

വിപണി വിട്ടുകൊടുക്കരുത്
വിദേശി വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണി നോട്ടമിട്ടിട്ട് നാളുകള്‍ കുറച്ചായി. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും മറ്റും മറവിലും വിടവിലുമായി അവരില്‍ പലരും ഇതിനകം ഇന്നാട്ടില്‍ കാലൂന്നിക്കഴിഞ്ഞതിന്റെ അടയാളങ്ങളും അനുരണനങ്ങളും അങ്ങാടികളില്‍ അനുഭവപ്പെട്ടു തുടങ്ങുകയുമായി. ഇപ്പോള്‍ ലഭിച്ചുവരുന്ന പരിമിത സൗകര്യങ്ങള്‍ കൊണ്ട് തൃപ്തരാകാതെ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അവരെന്ന് മാത്രമല്ല, ആ ശ്രമങ്ങള്‍ വിജയകരമായി മുന്നേറുന്നുമുണ്ട് എന്നാണ് ഏറ്റവും ഒടുവിലത്തെ 'ട്രെന്‍ഡും' സൂചിപ്പിക്കുന്നത്. ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ് ചില്ലറ വ്യാപാര മേഖലയിലേക്കു കൂടി പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്ത്രിതല സമിതിയുടെ ശിപാര്‍ശ.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള പതിനെട്ടാമത്തെ അടവ് എന്ന നിലക്കാണ് വിദേശികള്‍ക്ക് കടന്നുവരാന്‍ പാകത്തില്‍ ചില്ലറക്കച്ചവടത്തിന്റെ കൂടി കവാടം തുറന്നുകൊടുക്കുന്നത് എന്നാണ് അധികൃതരുടെ ന്യായവാദമെങ്കിലും അതിലടങ്ങിയിരിക്കുന്ന ആദാനപ്രദാനങ്ങള്‍ ലാഘവബുദ്ധിയോടെ കാണാവതല്ല. ലോകത്ത് കരുത്താര്‍ജിച്ചുവരുന്ന ഏറ്റവും മുന്തിയ 30-35 മാര്‍ക്കറ്റുകളില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കുണ്ട്. ജി.ഡി.പിയുടെ 14 ശതമാനവും ദേശീയ തൊഴില്‍ശേഷിയുടെ ഏഴ് ശതമാനവും പേറുന്ന ഒരു മേഖല എന്ന നിലയില്‍ ചില്ലറ വ്യാപാര രംഗം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളില്‍ ഒന്നായി നിലകൊള്ളുന്നു. കച്ചവടശാലകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്നാണ് സ്ഥിതിവിവരക്കണക്ക് പറയുന്നത്. 1000 പേര്‍ക്ക് 11 ഔട്ട്‌ലെറ്റുകള്‍ എന്ന ക്രമത്തില്‍ ഇവിടെ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പെരുകിയിട്ട് ഒരു ദശകം പിന്നിട്ടു. അങ്ങനെ വര്‍ഷത്തില്‍ 300 ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്ന കരുത്തുറ്റ വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന വിവരം മറ്റാരെക്കാളും മുമ്പേ മണത്തറിഞ്ഞത് വര്‍ത്തക പ്രമാണിമാരാണ്.
രാജ്യം നേരിടുന്ന തൊഴിലില്ലായ്മയുടെ രൂക്ഷത പ്രതിഫലിപ്പിക്കുന്നതാണ് കടകളുടെ ഈ സാന്ദ്രത എന്നാണ് സാമ്പത്തിക വിശാരദന്മാര്‍ വിലയിരുത്തുന്നത്. കൃഷിയിടങ്ങള്‍ ആവശ്യത്തിലധികം ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു, വ്യവസായ മേഖല മന്ദീഭവിച്ചു, പലയിടത്തും തുച്ഛമായ വേതനം എന്നീ കാരണങ്ങളാല്‍ തൊഴിലന്വേഷകരുടെ അഭയകേന്ദ്രങ്ങളായി മാറുന്നത് ചെറുകിട വ്യാപാര കേന്ദ്രങ്ങളാണ്.  പലരും സ്വയംതൊഴില്‍ കണ്ടെത്തുന്നത് തെരുവുകച്ചവടവും തട്ടുകടകളുമൊക്കെ പരീക്ഷിച്ചാണ്. ബാങ്ക് വായ്പ വാങ്ങിയും വിവിധ പദ്ധതിയിന്‍കീഴിലും കച്ചവടം കെട്ടിപ്പടുക്കുന്നവര്‍ വേറെയുണ്ട്. അങ്ങനെ ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പടര്‍ന്നുപിടിച്ച മഹാപ്രസ്ഥാനം തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ചില്ലറ വ്യാപാര രംഗം എന്ന് കാണാം.
മുറുക്കാന്‍ കട മുതല്‍ മാടപ്പീടിക വരെ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ അസംഘടിത മേഖലയാണ് റീട്ടെയില്‍ മാര്‍ക്കറ്റിന്റെ മുക്കാല്‍ ഭാഗവും താങ്ങിനിര്‍ത്തുന്നത് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ വേണം വിദേശികളുടെ വരവിനെ വിലയിരുത്താന്‍. അവരുടെ ആഗമനവും സാന്നിധ്യവും വിപണിയെ പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് വൈവിധ്യവത്കരിക്കാന്‍ ഉതകുമെന്നും അതുവഴി പരിഷ്‌കരണവും പത്രാസും ഉണ്ടാകുമെന്നുമുള്ള വാദം മുഖവിലക്കെടുത്താല്‍ തന്നെ അതിന്റെ ആത്യന്തിക പരിണതി എന്തായിരിക്കുമെന്ന് മനസ്സിലാക്കാന്‍ 'മൈക്രോ അനാലിസിസിന്റെ' അറ്റം വരെയൊന്നും പോകേണ്ടതില്ല. കിടമത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ചെറുകിടക്കാര്‍ ഒന്നൊന്നായി ഷട്ടര്‍ താഴ്‌ത്തേണ്ടിവരുമെന്നതിന് സ്വദേശി സ്രാവുകളുടെ മാളുകളും സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും തന്നെ മുന്നറിയിപ്പായി നമ്മുടെ കണ്‍മുന്നിലുണ്ട്. പിന്നെയാണോ വാള്‍മാര്‍ട്ട്, ടെസ്‌കോ, കിങ്ഫിഷര്‍, കെയര്‍ഫോര്‍, അഹോള്‍ഡ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യം ഒരു ദോഷവും വരുത്തില്ലെന്ന് സമാധാനിക്കേണ്ടത്! അതിനാല്‍, ഒരിക്കല്‍ കച്ചവടക്കാരായി വന്ന് നാടു മുഴുവന്‍ കൈപ്പിടിയിലൊതുക്കിയ ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിന് കവാടം തുറന്നുകൊടുക്കണമോ എന്നതാണ് കാതലായ ചോദ്യം. ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള രാജ്യത്തെ തെരഞ്ഞെടുത്ത 35ഓളം മെട്രോസിറ്റികള്‍ എന്ന 'മൂന്നടിമണേ്ണ' അവര്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവൂ. പക്ഷേ, മൂന്നാമത്തെ അടി അളക്കുമ്പോഴേക്കും പാവം സ്വദേശി ചെറുകിടക്കാരുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തുടക്കത്തില്‍ കര്‍ഷകന് നല്ല വില കൊടുത്ത് ഉല്‍പന്നങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുക, തുടര്‍ന്ന് മൊത്ത വിതരണവും ഒടുവില്‍ ചില്ലറ വില്‍പനയും സ്വന്തമാക്കുക, അങ്ങനെ വിപണി പൂര്‍ണമായും വരുതിയില്‍ വരുത്തുക, പിന്നെ തോന്നിയ വില കൊടുത്ത് കര്‍ഷകനെയും ഉല്‍പാദകനെയും കെണിയില്‍ വീഴ്ത്തുകയും കണ്ണീരു കുടിപ്പിക്കുകയും ചെയ്യുക. എല്ലാം കഴിയുമ്പോള്‍ റീട്ടെയില്‍ വില യഥേഷ്ടം ഉയര്‍ത്തി ഉപഭോക്താവിനെ ചൂഷണം ചെയ്യുക ഇതെല്ലാമാണ് നമ്മെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ന് എത്ര നേരത്തേ തിരിച്ചറിയുന്നോ അത്രയും നന്ന്. രാജ്യം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ 40 ശതമാനത്തോളം ശരിയായ സംഭരണ സൗകര്യമില്ലാത്തതിനാല്‍ പാഴായിപ്പോകുന്നതായി അധികൃതര്‍ പരിതപിക്കുന്നു. ചരക്കുകടത്തിലെ അസൗകര്യവും അപര്യാപ്തതയും കാരണം കുറേയേറെ പാഴ്‌ച്ചെലവ് ആ വഴിക്കും ഉണ്ടാകുന്നുപോല്‍. ഇതിനെല്ലാം പരിഹാരമാവും ബഹുരാഷ്ട്ര കുത്തകകള്‍ വന്നാല്‍ എന്ന വിചാരം അസ്ഥാനത്താണ്. മറിച്ച്, ശാസ്ത്രീയമായ സംഭരണത്തിനും ചരക്കുകടത്തിനുമുള്ള ഏര്‍പ്പാട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കുകയും സ്വദേശികള്‍ക്കും ചെറുകിടക്കാര്‍ക്കും പ്രോത്സാഹനവും പിന്‍ബലവും നല്‍കുകയുമാണ് വേണ്ടത്. റീട്ടെയില്‍ മേഖല നവീകരിക്കുന്ന നടപടികളോട് ബാങ്കുകള്‍ പൊതുവെ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണത്തിലുമുണ്ട് കഴമ്പ്. ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ പ്രേരിപ്പിക്കേണ്ട ചുമതലയും സര്‍ക്കാറിന്‍േറതാണ്. ഇങ്ങനെ സ്വദേശി പ്രസ്ഥാനങ്ങളെ വെള്ളവും വളവും നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതിന് പകരം ആഭ്യന്തര വിപണിയുടെ കഴുത്തറുക്കാന്‍ അന്യനാട്ടുകാര്‍ക്ക് അവസരമൊരുക്കുന്ന നടപടിക്ക് പച്ചക്കൊടി കാട്ടുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക; അതെത്രമാത്രം ബുദ്ധിപൂര്‍വകമായിരിക്കുമെന്ന്.

മാധ്യമം

ചില്ലറ വ്യാപാരികളെ തെരുവില്‍ തള്ളരുത്

ചില്ലറവില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം സാധാരണ ജനജീവിതത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. ചെറുകിട കച്ചവടത്തിലൂടെ അന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കമാണത്. പട്ടിണിപ്പാവങ്ങളായ ജനങ്ങളോടല്ല തങ്ങളുടെ ആഭിമുഖ്യം എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ നടപടിയിലൂടെ. 2012 ഏപ്രില്‍മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍നിന്ന് മനസിലാക്കാവുന്നത് ജനങ്ങള്‍ക്കാകെ ദോഷകരമായ നടപടിയുമായി യുപിഎ നേതൃത്വം വളരെയധികം മുന്നോട്ടു പോയി എന്നാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നീക്കം നടത്തിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലമാണ് അന്ന് ആ ശ്രമം പരാജയപ്പെട്ടത്. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തു കഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുമുണ്ട്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപയോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , ഇത്തരം കമ്പനികള്‍ വന്നാല്‍ വിതരണം മെച്ചപ്പെടുമെന്നും വില കുറയുമെന്നുമുള്ള ധാരണ അബദ്ധമാണെന്ന് പല രാജ്യങ്ങളുടെയും അനുഭവം നമ്മുടെ മുന്നിലുണ്ട്.

വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യസാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്ന് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. കര്‍ഷകരിലും ഉപയോക്താക്കളിലും ഇത്തരം കമ്പനികള്‍ കുത്തകാധികാരം അടിച്ചേല്‍പ്പിക്കുകയും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വിലകള്‍ നിയന്ത്രിക്കുകയുംചെയ്യും എന്നതാണ് മുന്‍ അനുഭവം. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. ദിനംപ്രതി കുതിച്ചുയരുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന തൊടുന്യായം പറഞ്ഞു കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ചെയ്യാന്‍ ഒട്ടേറെ മറ്റു കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. നിരവധി കാര്യങ്ങള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും അവഗണിച്ചവരാണ് പുതിയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടികളെയും അവഗണിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ മുറുകെപ്പിടിക്കുന്ന സര്‍ക്കാരില്‍നിന്ന് ജനക്ഷേമ നടപടി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്ന് അറിയാതെയല്ല, കുത്തകകളെ ഇരുകൈയും നീട്ടി സഹായിക്കുകയും പാവങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഈ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരികയാണ് ആദ്യം വേണ്ടത്. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കൊടിയുടെ നിറംമറന്ന് ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ട്.

ദേശാഭിമാനി

Tuesday, May 24, 2011

വിശ്വപൌരനാകാന്‍ അവസാനശ്രമം.

ഇത് റെഡ് ഹാറ്റ് 5.4 . എക്സ്ട്രാക്ട് ചെയ്തുകഴിയുമ്പോള്‍ ചിത്രത്തിലുള്ള ഫയലുകളെല്ലാം ഉണ്ട്

പ്രോബ്ളം ഇതാണ്. സീഡിയിലേക്ക് റൈറ്റുചെയ്യുമ്പോള്‍ ബൂട്ടബിള്‍ ഡിസ്ഖ് ആകന്നില്ല (അഥവാ ബൂട്ട് ചെയ്ത് വരുന്നില്ല , എനിക്കറിയില്ല) ആര്‍ക്കേലും സഹായിക്കാമോ?


Thursday, May 19, 2011

മുന്നിലുള്ളത് സുദീര്‍ഘ, സുദൃഢ പോരാട്ടം - പ്രകാശ് കാരാട്ട്


ശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ പരാജയമാണുണ്ടായത്. ബംഗാളിനെ ഇടതുപക്ഷത്തിന്റെ കോട്ടയായി കരുതുന്ന രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യ, പുരോഗമനശക്തികള്‍ക്ക് ഇത് വലിയ നിരാശ പകര്‍ന്നിരിക്കുകയാണ്. 1977 മുതല്‍ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പില്‍ വിജയംനേടിയെന്ന റെക്കോഡുള്ള, 34 വര്‍ഷം അധികാരത്തിലിരുന്ന സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ജനവിധിയിലൂടെ അധികാരത്തില്‍നിന്ന് പുറത്തായി. ഈ ജനവിധിയുടെ ചില പൊതുപ്രവണതകള്‍ വ്യക്തം. ജനങ്ങള്‍ തീര്‍ച്ചയായും മാറ്റത്തിനായി നിലകൊള്ളുകയും അത് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍വിജയം നല്‍കുകയുംചെയ്തു. വലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷക്കാരായ മാവോയിസ്റ്റുകള്‍വരെയുള്ള എല്ലാ ഇടതുപക്ഷവിരുദ്ധരുടെയും വോട്ടുകളുടെ ഏകോപനമുണ്ടായി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷത്തിന് നഷ്ടമായ ജനപിന്തുണ നാം പ്രതീക്ഷിച്ച തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമായി. ഇടതുപക്ഷത്തിന്റെ ജനപിന്തുണയില്‍ ചോര്‍ച്ചയുണ്ടാകാനും രാഷ്ട്രീയവ്യതിയാനം സംഭവിക്കാനും ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ടി സമഗ്രമായ അവലോകനം നടത്തും. 2009ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 11 ലക്ഷം വോട്ട് കൂടുതല്‍ കരസ്ഥമാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുഭരണം വഴിയുണ്ടാക്കിയ ഉറച്ച നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഇത്രയും ദീര്‍ഘകാലത്തെ ഭരണം ചില വിപരീത ഘടകങ്ങളും സൃഷ്ടിച്ചു. പാര്‍ടിയുടെ രാഷ്ട്രീയ, സംഘടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവണതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് നമ്മുടെ സമീപനത്തിലെ അപാകതകള്‍ മനസിലാക്കാനും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കേരളത്തില്‍ കേവലം മൂന്ന് സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. യുഡിഎഫ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കടന്നുകൂടി. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 0.89 ശതമാനംമാത്രം. ഇത് വ്യക്തമാക്കുന്നത് ജനങ്ങള്‍ പൊതുവെ എല്‍ഡിഎഫ് ഭരണത്തില്‍ തൃപ്തരായിരുന്നുവെന്നും ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നില്ലെന്നുമാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ കുരിശുയുദ്ധത്തിനും ജനകീയാംഗീകാരം ലഭിച്ചു.

ചില ജാതി-മതശക്തികള്‍ക്ക് ജനങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് ഇടതുപക്ഷവിജയം തട്ടിത്തെറിപ്പിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഴിമതിയുടെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിന്റെയും ഉത്തരവാദിത്തം പേറുന്ന കോണ്‍ഗ്രസ് മുന്നണിക്ക് ജനങ്ങളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളിലെ പരാജയത്തെതുടര്‍ന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംനേരെ നിരന്തരമായ ആക്രമണം നടത്തുകയാണ്. ഈ ഫലത്തെ സിപിഐ എമ്മിനുണ്ടായ ദുരന്തമായി ചിത്രീകരിച്ച് പാര്‍ടിക്ക് ഇതില്‍നിന്ന് കരകയറാന്‍ സാധിക്കില്ലെന്ന് പ്രചരിപ്പിക്കുന്നു. മറ്റു ചില നിരീക്ഷകര്‍ ഇതിനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയങ്ങള്‍ കാലഹരണപ്പെട്ടതിന്റെ പ്രതിഫലനമായും സോഷ്യലിസത്തിനും മാര്‍ക്സിസത്തിനും ആഗോളതലത്തില്‍ പ്രസക്തി ഇല്ലാതായതിന്റെ അനന്തരഫലമായും വിശേഷിപ്പിച്ചാണ് ആക്രമണം നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ പതനം സിപിഐ എമ്മില്‍ ഒരുവിധ ആഘാതവും ഏല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍തന്നെ ഇത്തരം വാദമുഖങ്ങള്‍ തെറ്റാണ്. സത്യത്തില്‍ , ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ പശ്ചിമ ബംഗാളിലും കേരളത്തിലും പാര്‍ടി കൂടുതല്‍ വളരുകയും ശക്തമാവുകയുമാണുണ്ടായത്. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലാകട്ടെ മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സിപിഐ എം ക്രിയാത്മകമായി പ്രയോഗിച്ചുവരികയാണ്. ഇത് സ്ഥായിയായ അവസ്ഥയല്ല, മറിച്ച് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നതാണ്.

നാലു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന എണ്ണമറ്റ പോരാട്ടങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും ഫലമായാണ് പശ്ചിമബംഗാളിലെ സിപിഐ എമ്മും ഇടതുമുന്നണിയും വളരുകയും കരുത്താര്‍ജിക്കുകയുംചെയ്തത്. ഇത്തരം മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും സൃഷ്ടിയായ ജനപിന്തുണയാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. ഇടതുമുന്നണി കേവലം തെരഞ്ഞെടുപ്പ് സഖ്യമല്ല, സിപിഐ എം ശക്തമായ ജനപിന്തുണയുള്ള പാര്‍ടിയായി വളര്‍ന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ മാത്രവുമല്ല. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ചരമക്കുറിപ്പ് എഴുതുന്നവര്‍ ഓര്‍ക്കേണ്ട വസ്തുത ഈ പരാജയത്തിലും ഇടതുമുന്നണി അവിടെ 41 ശതമാനം വോട്ട്(1.95 കോടി വോട്ട്) നേടിയെന്നതാണ്. രണ്ടു വര്‍ഷമായി നിരന്തരം ആക്രമണം നേരിടുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണയില്‍ വര്‍ഗപരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഇത് മതിയായ ജനപിന്തുണയാണ്. കമ്യൂണിസ്റ്റ്വിരുദ്ധരും നവഉദാരവല്‍ക്കരണ വാദികളുമായ നിരീക്ഷകരുടെ വിഷലിപ്ത പ്രചാരണം തെറ്റാണെന്ന് തെളിയും. അകന്നുപോയ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ വഴി അവരുടെയും പിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഐ എമ്മും ഇടതുമുന്നണിയും ക്ഷമാപൂര്‍വമായ പ്രവര്‍ത്തനത്തില്‍ മുഴുകും. ഇടതുമുന്നണിയുടെ എല്ലാ നേട്ടങ്ങളെയും കരിതേച്ചുകാണിച്ചും സിപിഐ എമ്മിനെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യശക്തിയായി ചിത്രീകരിച്ചുമാണ് മറ്റൊരു രൂപത്തിലുള്ള ആക്രമണം. പാര്‍ടിയെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയാണ് മുന്‍കാലങ്ങളില്‍ വിജയം നേടിയതെന്നുവരെ പറയാന്‍ ചിലര്‍ തയ്യാറാകുന്നു. ഇത്തരം വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യം 1977 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ വിരുദ്ധര്‍ക്ക് 40 ശതമാനത്തില്‍ കുറയാതെ വോട്ട് ലഭിച്ചുവെന്നതാണ്. മുമ്പുള്ള എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മും ഇടതുമുന്നണിയും തിളക്കമാര്‍ന്ന വിജയം നേടിയത് 45 മുതല്‍ 50 ശതമാനംവരെ വോട്ട് നേടിയാണ്, ജനങ്ങള്‍ക്കിടയില്‍ , പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ടാണ് ഇതിന് സാധിച്ചത്. സിപിഐ എമ്മിന്റെ നട്ടെല്ലായി നിലകൊള്ളുന്ന ത്യാഗധനരും അര്‍പ്പണബോധമുള്ളവരുമായ പ്രവര്‍ത്തകരെ സ്വേച്ഛാധിപതികളും അഴിമതിക്കാരുമായി ചിത്രീകരിക്കാന്‍ നടത്തുന്ന കുപ്രചാരണം പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ സഹജസ്വഭാവം ജനാധിപത്യവിരുദ്ധതയും അത് സമൂഹത്തിലെ എല്ലാ വിമതശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന സമഗ്രാധിപത്യ സ്വഭാവം പുലര്‍ത്തുന്നതും ആയിരുന്നുവെന്നതാണ് മറ്റൊരു പ്രചാരണം. തുടര്‍ച്ചയായി ജനാധിപത്യ പ്രക്രിയക്ക് വിധേയമായും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലം ജനപിന്തുണ നിലര്‍നിര്‍ത്തിയത്. ജനാധിപത്യത്തിലെ ഏറ്റവും സുസ്ഥിരമായ ശക്തിയാണെന്ന് സിപിഐ എമ്മും ഇടതുമുന്നണിയും തെളിയിച്ചു. 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും രാജ്യത്തെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതുമുതല്‍ ജനവിഭാഗങ്ങളെ വന്‍തോതില്‍ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവന്ന് ജനാധിപത്യത്തിന് പാര്‍ടി കരുത്തേകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്നത് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമാണെന്നത് ഒട്ടും യാദൃച്ഛികമല്ല. ഈ മൂന്ന് സംസ്ഥാനങ്ങളിലും നടപ്പാക്കിയ ഭൂപരിഷ്കരണം പഴയ ഭൂവുടമ സമ്പ്രദായത്തെ തകര്‍ക്കുകയും ജനാധിപത്യത്തെ വിപുലീകരിക്കുകയുംചെയ്തു. അധീശശക്തികളുടെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും ദല്ലാളന്മാരാണ് ഇടതുപക്ഷത്തിന്റെ ജനാധിപത്യ പ്രകടനത്തെ കരിതേച്ചുകാണിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എം സ്വന്തം സമീപനം രൂപീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്ന വിധത്തില്‍മാത്രമേ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് ഭരണം നടത്താന്‍ കഴിയൂ. ഇത്തരം സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ബദല്‍ നയങ്ങള്‍ നടപ്പാക്കണമെന്നുമാണ് പാര്‍ടി പരിപാടിയില്‍ നിഷ്കര്‍ഷിക്കുന്നത്. ഈ ലക്ഷ്യം നേടാന്‍ ഗൗരവപൂര്‍ണമായ പ്രവര്‍ത്തനമാണ് പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയതെന്നത് വ്യക്തമാണ്. ഇത്തരമൊരു സര്‍ക്കാരിന് നേരിട്ട പരാജയം തിരിച്ചടിയാണ്. എന്നാല്‍ , ഇത് സ്ഥിരവും അടിസ്ഥാനപരവുമായ പരാജയമല്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവരുടെ വര്‍ഗ-ബഹുജനസംഘടനകള്‍ വഴി സംഘടിപ്പിക്കേണ്ടതിന്റെയും ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെയും അതുവഴി ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം സിപിഐ എം സദാ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാരുകളുടെ രൂപീകരണം ഇതിന്റെ ഫലമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയശേഷം അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം ശ്രദ്ധ കേന്ദ്രീകരിക്കും. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടം, ജനങ്ങളുടെ ജീവനോപാധികളുടെ സംരക്ഷണം, ദേശീയ പരമാധികാരത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷരാഷ്ട്രീയസംവിധാനമാണ് രാജ്യത്തെ ഭരണവര്‍ഗപാര്‍ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദല്‍ രാഷ്ട്രീയവേദി. പശ്ചിമബംഗാളിലെ മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ , ജനങ്ങള്‍ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിലെ ഇടതുമുന്നണി ഭരണം വഴി ആര്‍ജിച്ച നേട്ടങ്ങള്‍ കാത്തൂസൂക്ഷിക്കാനായി സിപിഐ എം നിലയുറപ്പിക്കും. ഭരണമുന്നണിയുടെ വര്‍ഗസ്വഭാവം നോക്കുമ്പോള്‍ ഭൂപരിഷ്കരണം വിപരീതദിശയിലാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ അട്ടിമറിക്കാനും ശ്രമം ഉണ്ടാകും. ഭൂപരിഷ്കരണവും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങളും നാം സംരക്ഷിക്കും; അവകാശങ്ങള്‍ സംരക്ഷിക്കാനും ജീവനോപാധികള്‍ കാത്തുസൂക്ഷിക്കാനും തൊഴിലാളികളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കൂടുതല്‍ കരുത്തോടെ സംഘടിപ്പിക്കും.

മതനിരപേക്ഷതയുടെയും മതസൗഹാര്‍ദത്തിന്റെയും പാരമ്പര്യം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ ഐക്യവും നാടിന്റെ അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികളെ ചെറുക്കണം. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തിയാലേ ഇതെല്ലാം സാധ്യമാകൂ. ആക്രമണം നേരിടുന്ന പാര്‍ടിയെയും ഇടതുമുന്നണിയെയും പശ്ചിമബംഗാളിലെ പ്രസ്ഥാനത്തെയും സംരക്ഷിക്കുകയെന്നതാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഈ സമയത്തെ അടിയന്തരകടമ. തെരഞ്ഞെടുപ്പുഫലം വന്നശേഷം പാര്‍ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഓഫീസുകള്‍ക്കുനേരെ നിരന്തരമായ ആക്രമണം നടക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരെ മാരകമാംവിധം ആക്രമിക്കുന്നു. രണ്ട് ദിവസത്തിനകം രണ്ട് സിപിഐ എം നേതാക്കളെ മൃഗീയമായി കൊലപ്പെടുത്തി. പലഭാഗത്തും സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് വിജയത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയണം. പശ്ചിമബംഗാള്‍ ജനതയുടെ ജനാധിപത്യബോധത്തെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി ഉയര്‍ത്തിക്കൊണ്ടുവരണം. പശ്ചിമബംഗാളിലെ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ഇത്തരം ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പാര്‍ടി ഒന്നാകെയും രാജ്യത്തെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളും അണിനിരക്കണം.

ദേശാഭിമാനി

സൈബര്‍ സമരത്തെ പേടി; മറികടക്കാന്‍ കേന്ദ്രനിയമം


ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഇന്റര്‍നെറ്റിലെ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു. അഴിമതിക്കാര്‍ക്കെതിരെ ലോകമെങ്ങും സൈബര്‍സമൂഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം പരക്കെ പ്രതിഷേധത്തിനടയാക്കുന്നത്. ട്വിറ്റര്‍പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗ്, ഇ-മെയില്‍ , പോര്‍ട്ടലുകള്‍ , വെബ്സൈറ്റുകള്‍ എന്നിവയ്ക്കും കൂച്ചുവിലങ്ങിടലാണ് കേന്ദ്രം ഉന്നം വയ്ക്കുന്നത്. ഇന്റര്‍നെറ്റ് ദുരുപയോഗം തടയാനെന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ "ഐടി നിയമം-2000"ത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
ഇന്റര്‍നെറ്റ്കഫേ നടത്തിപ്പുകാരന്‍മുതല്‍ ഗൂഗിള്‍പോലുള്ള വന്‍കിട സൈബര്‍ സേവനദായകരെ വരെ അകത്താക്കാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. മൊബൈല്‍ഫോണും നിയമത്തിന്റെ പരിധിയില്‍വരും. ബ്ലോഗെഴുതുന്നവര്‍ മുതല്‍ അതില്‍ പ്രതികരണം അറിയിക്കുന്ന സാദാ വായനക്കാരനെവരെ "ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്" അഴിയെണ്ണിക്കാം. സ്വന്തം കംപ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങള്‍ "രാജ്യതാല്‍പ്പര്യം" മുന്‍നിര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏതു നിമിഷവും ചോര്‍ത്താം. കാലങ്ങളോളം രഹസ്യമായി നിരീക്ഷിക്കാം. വ്യക്തികളുടെ സാമ്പത്തിക കണക്കുകള്‍ , ആരോഗ്യവിവരം, ഇന്റര്‍നെറ്റ് പാസ്വേഡ് തുടങ്ങിയവയും അറിയിപ്പില്ലാതെ കൈവശപ്പെടുത്താം. രാജ്യത്തിനോ വ്യക്തികള്‍ക്കോ ആക്ഷേപകരമായതൊന്നും അനുമതി കൂടാതെ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളെ മുന്‍കൂര്‍ അറിയിക്കണമെന്നാണ് ഒരു വ്യവസ്ഥ. അങ്ങനെയുണ്ടായാല്‍ ഇടനിലക്കാര്‍തന്നെ നീക്കംചെയ്യുകയോ 36 മണിക്കൂറിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കുകയോ വേണം. കുറ്റകൃത്യം ചെയ്തയാളുടെ സൈറ്റ് നീക്കാം, രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാം. വ്യക്തികളുടെ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ നിരുപാധികം കേസന്വേഷണത്തിന് ആവശ്യപ്പെടാം. നല്‍കാത്ത ഇടനിലക്കാര്‍ക്ക് ഏഴുവര്‍ഷംവരെ കഠിനതടവിനാണ് വ്യവസ്ഥ. ഓരോ കുറ്റത്തിനും രണ്ടുവര്‍ഷംമുതല്‍ തടവും പിഴയും ഉള്‍പ്പെടെ സിവിലും ക്രിമിനലുമായ ശിക്ഷകള്‍ക്കും വ്യവസ്ഥയുണ്ട്.

ഭരണഘടന നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിനുമാത്രമല്ല, ഇന്റര്‍നെറ്റിലെ മാധ്യമസ്വാതന്ത്ര്യത്തിനുകൂടി കനത്ത ഭീഷണിയാണ് പുതിയ ചട്ടങ്ങളെന്ന് "മലയാള്‍ ഡോട്ട് എഎം" എന്ന മലയാളം വാര്‍ത്ത വിശകലന പോര്‍ട്ടല്‍ എഡിറ്റര്‍ സെബിന്‍ ജോണ്‍ ജേക്കബ് പറഞ്ഞു. അടിയന്തരാവസ്ഥയില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പോലുള്ള നിയന്ത്രണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രനീക്കം ഇടയാക്കുക. വായനക്കാരന്‍പോലും ക്രൂശിക്കപ്പെടുമെന്ന അവസ്ഥ ജനകീയ മാധ്യമപ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ ആഫ്രിക്കയിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും സാമ്രാജ്യങ്ങളെ കൊമ്പുകുത്തിച്ച ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഐടി നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയത്. ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . എന്നാല്‍ അഴിമതി ഉള്‍പ്പെടെ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സൈബര്‍ ലോകത്തിന്റെ പ്രഹരശേഷിയെ സര്‍ക്കാര്‍ ഭയപ്പെടുന്നതിനു തെളിവാണ് കരിനിയമത്തിലെ ചട്ടങ്ങളെന്ന് ആറായിരത്തോളംവരുന്ന മലയാളത്തിലെ ബ്ലോഗര്‍സമൂഹവും അഭിപ്രായപ്പെടുന്നു.

എം എസ് അശോകന്‍ deshabhimani news
ജാഗ്രതയുടെ പേജ് 

Wednesday, May 11, 2011

പടംപിടുത്തം പിടുത്തം കിട്ടുമോയെന്ന് നോക്കട്ട് :)

വൈലോപ്പിള്ളിയുടെ 'മാമ്പഴം' - എം.എന്‍ .വിജയന്‍


(വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെക്കുറിച്ച് എം.എന്‍ .വിജയന്‍ എഴുതിയ ഏറെ പ്രശസ്തമായ നിരൂപണം)

വൈലോപ്പിള്ളിയുടെ 'മാമ്പഴം' അദ്ദേഹത്തിന്റെ മഹത്തായ കൃതിയല്ലെന്നു വന്നാല്‍ത്തന്നെയും, ഏറ്റവും പ്രസിദ്ധമായ, ആസ്വാദിതമായ, ഏറ്റവും അഭിനന്ദിതമായ കൃതിയാകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ലഘുകാവ്യങ്ങളില്‍ ഒരുപക്ഷേ, ചങ്ങമ്പുഴയുടെ 'വാഴക്കുല'ക്കു മാത്രം ഇത്രയും പ്രസിദ്ധിയുണ്ടായിട്ടുണ്ട്. മലയാള കവിതയുടെ നവോത്ഥാന പ്രതീകമെന്ന് ഇതിനെ എസ്.ആര്‍.രംഗനാഥന്‍ വാഴ്ത്തുകയും മാരാര്‍ കൊണ്ടാടുകയും ചെയ്തു. കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി; ധീരവും ക്രൂരവും കഠിനവുമായ ഹൃദയങ്ങളെ അത് ആര്‍ദ്രവും അധീരവുമാക്കിത്തീര്‍ത്തു. നിരൂപകന്മാര്‍ അറിയാത്തത്ര അഗാധങ്ങളായ മാനസതലങ്ങളില്‍ 'മാമ്പഴ'ത്തിന്റെ രസം ആഴ്ന്നാഴ്ന്നറിങ്ങി.

ഇത്രയെല്ലാം നടന്നതു യുവസാഹിത്യകാരന്മാരുടെ പാളയത്തില്‍ ജീവത്സാഹിത്യത്തിന്റെ കൊടി പാറിനില്‍ക്കുമ്പോഴായിരുന്നു; സാഹിത്യവും ജീവിതവും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും കലകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും കലശലായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു.

'മാമ്പഴം' ഒരനുരാഗഗീതയല്ല; അതില്‍ സാമൂഹ്യമായ സജീവപ്രശ്‌നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്‌കരണരീതിയോ ഇല്ല. വൃത്തത്തില്‍, ശില്പത്തില്‍, കല്പനകളില്‍, കഥാവസ്തുവില്‍ ഒന്നിലും കണ്ണഞ്ചിപ്പിക്കുന്ന പുതുമയുടെ ധാരാളത്തിങ്ങളില്ല. എന്നിട്ടും ഈ നാല്പത്തെട്ടുവരിക്കവിതയോളം ഹൃദയാവര്‍ജ്ജകമായി മറ്റൊരു നാല്പത്തെട്ടുവരി പില്‍ക്കാലത്തു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുമില്ല.

എന്തായിരിക്കാം ഈ ഹൃദയാവര്‍ജ്ജകതയ്ക്കു കാരണം? മാരാരിങ്ങനെ പറയുന്നു: ''കവികള്‍ വാക്കുകള്‍കൊണ്ടേല്പിക്കുന്ന അനുഭൂതിയ്ക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കാട്ടുന്നത് അവയുടെ കലാത്മകതകൊണ്ടാണ്... മറ്റൊന്നല്ലാ പ്രസ്തുത കൃതിയിലെ ഈ വരികള്‍ക്കുള്ള മേന്മയും''.

എന്നിട്ടദ്ദേഹം 'തന്മകന്നമൃതേകാന്‍' എന്നു തുടങ്ങിയ എട്ടുവരിക്കവിത ഉദ്ധരിക്കുന്നു. 'കലാത്മകത' എന്ന മാരാരുടെ പദത്തില്‍ 'മഹത്തായ സത്യ'മടങ്ങിയിരിക്കാമെങ്കിലും, അതെന്തെങ്കിലുമൊരാശയം സുസ്​പഷ്ടമായി വിവരിക്കുന്നില്ല. സാഹിത്യനിരൂപണമാണത്.
മറ്റുചില വാക്യങ്ങളില്‍ ഈ കാര്യത്തിന്റേതെന്നു താന്‍ കരുതുന്ന സാമൂഹ്യപ്രയോജനം മാരാര്‍ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

''തന്റെ ഓമന മകന്‍ വെറും കൗതുകവശാല്‍ ഒരപരാധം ചെയ്തതില്‍ താന്‍ അപ്രിയം പറഞ്ഞതിനെച്ചൊല്ലി ഒരമ്മയ്ക്ക് ആജീവനാന്തം വ്യസനിക്കാനിടയായതാണല്ലോ അതിലെ പ്രമേയം. കുട്ടികളുടെ ഈവക നിരപരാധങ്ങളായ അപരാധങ്ങളുടെ നേര്‍ക്ക് അച്ഛനമ്മമാര്‍ ക്രൂരമായി പെരുമാറുന്നതു സാധാരണയാണ്... ഒരു നിമിഷനേരത്തേക്ക് ഈ ബോധം അമ്മയുടെ മനസ്സില്‍ ഉദിച്ചു എന്നിരിക്കട്ടെ, ആ തീരാത്ത പശ്ചാത്താപം അവരുടെ കത്തിപ്പടരുന്ന കോപാഗ്നിയില്‍ വെള്ളം തളിച്ചേക്കും... ആ അമ്മ രണ്ടാമതൊരുണ്ണിയോട് ആ വിധം പരുഷത പറയാന്‍ പുറപ്പെട്ടാല്‍ത്തന്നെ, വാക്യം മുഴുമിക്കാതെ ഉണ്ണിയെ എടുത്തു ലാളിക്കുകയേ ചെയ്യൂ''

മാമ്പഴത്തിലെ ഉണ്ണി ചെയ്ത തെറ്റ് തെറ്റല്ലെന്നാണോ ഇതിന്നര്‍ത്ഥം? 'മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നത്' ആശാസ്യമായ ഒരു ജീവിതസിദ്ധാന്തമാണെന്നാണോ മാരാരുദ്ദേശിക്കുന്നത്? കുട്ടികളെ ഒരിക്കലും നിയന്ത്രിച്ചുകൂടെന്നും ജീവിതത്തിന്റെ മാമ്പൂക്കുല അവരൊടിച്ചു നിലത്തടിച്ചുകൊള്ളട്ടെ എന്നുമായിരിക്കുമോ കവി ഉപദേശിക്കുന്നത്? കുഞ്ഞുങ്ങള്‍ക്കനുകൂലമായ പുതിയ ബാലമനോവിജ്ഞാനീയംപോലും ഈ അഭിപ്രായം ആദരിക്കുന്നില്ല.

മറിച്ച്, മാമ്പഴത്തിനു പകരം മാമ്പൂവൊടിച്ചു കളിക്കുവാനുള്ള ഉണ്ണിയുടെ അഭിലാഷം യുക്തിവിരുദ്ധവും ജീവിതവിരുദ്ധവുമാകുന്നു. അത്യന്തബാലിശമാണത്. ഈ ബാലിശതയേയും അബുദ്ധതയേയും അതിജീവിക്കുകയത്രേ സംസ്‌കാരത്തിന്റെ ലക്ഷ്യവും ആത്മാവും.
എങ്കിലും, ഒരു തെറ്റും ചെയ്യാത്ത അമ്മയെ കവിയും കൂട്ടുകാരുംകൂടി കുറ്റക്കാരിയാക്കുന്നു. കുറുമ്പനായ കുട്ടിയെ രക്തസാക്ഷിയാക്കി ആരാധിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാം ഗദ്ഗദത്തോടെ പാടുന്ന കാവ്യത്തിന്റെ വിഷയം ഇതത്രേ.
അതുകൊണ്ടുതന്നെ ഈ കാവ്യത്തിലെ ഇതിവൃത്തത്തിനു സാമൂഹ്യമായും സദാചാരപരമായും അര്‍ത്ഥഗര്‍ഭമായ പ്രയോജനമൊന്നും ഇല്ലെന്നും ഇതിന്റെ അത്ഭുതാവഹമായ പ്രചാരത്തിനു കാരണം (അതുല്യമായ ആ ശില്പചാതുരിയെ ആദരിച്ചുകൊണ്ടുതന്നെ) മനഃശാസ്ത്രപരമാണെന്നും ഈ ലേഖകന്‍ കരുതുന്നു.

II

മുറ്റത്തു കടിഞ്ഞൂല്‍ പൂത്തുനില്‍ക്കുന്ന തൈമാവിന്റെ പൂങ്കലയൊടിച്ചു കളിക്കുന്ന കുട്ടിയെ, വാത്സല്യനിധിയെങ്കിലും കോപാവിഷ്ടയായ മാതാവു ശാസിക്കവേ, പിണങ്ങിപ്പോയ അവന്‍ മാമ്പഴക്കാലമാവുന്നതിനു മുമ്പു മണ്‍മറയുന്നതും പശ്ചാത്തപഭരിതമായ അമ്മ മുറ്റത്തു വീണ ആദ്യത്തെ മാമ്പഴമെടുത്തു അവന്‍ കിടക്കുന്ന മണ്ണില്‍ നൈവേദ്യമായര്‍പ്പിക്കുന്നതുമാണല്ലോ ഈ ലഘുകാവ്യത്തിലെ കഥ.
ഒറ്റനോട്ടത്തില്‍ അമ്മയാണിതിലെ മുഖ്യകഥാപാത്രം. എങ്കിലും സൂക്ഷിച്ചാല്‍ ആ അമ്മയുടെ ഹൃദയത്തെ മഥിച്ചാനന്ദിക്കുന്ന, മരിച്ചാലും മരിക്കാത്ത ബാലനാണ് കവിതയിലാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി എന്നു കാണാന്‍ കഴിയും. അവന്‍ ദൈവജ്ഞന്‍ മാത്രമല്ല, ദൈവം തന്നെയാകുന്നു. അവനെ അവാസ്തവമായി അശാസ്ത്രീയമായി കവി പുക്‌ഴത്തുന്നതിങ്ങനെയാണ്.

''വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍
വയ്യാത്ത കിടാങ്ങളെ,
ദീര്‍ഘദര്‍ശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍!''

ഈ കിടാവിനെ നിങ്ങള്‍ റൂസ്സോവിന്റെയും വേഡ്‌സ്‌വര്‍ത്തിന്റെയും തോളത്തു കണ്ടിട്ടുണ്ടാകും. അവന്‍ ഭൂമിയുടെയും സത്യത്തിന്റെയും കിടാവല്ല, സ്വര്‍ഗത്തിന്റെയും മിഥ്യയുടെയും സന്തതിയാകുന്നു.

ഈ നൂലാമാലകള്‍ക്കിടയില്‍നിന്നു 'മാമ്പഴ'ത്തിന്റെ ജനസമ്മതിക്കു കാരണം കണ്ടെത്തണമെങ്കില്‍, നാം മറ്റൊരു കാഴ്ചപ്പാടില്‍നിന്ന് അതിനെ നോക്കിക്കാണേണ്ടിയിരിക്കുന്നു.

'മാമ്പഴം' ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്; അതൊരാദര്‍ശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു (ംശവെ ളൗഹളശഹാലി)േ. തന്റെ ആഗ്രഹത്തിനു വിപരീതമായി നില്‍ക്കുന്ന അമ്മ, തന്റെ മരണത്താല്‍ പശ്ചാത്തപതപ്തയായി മുമ്പില്‍ മുട്ടുകുത്തുന്നു എന്ന് അവന്‍ സങ്കല്പിക്കുന്നു. ഈ സങ്കല്പമാണ് അവന്റെ നിര്‍വൃതി; ഈ സങ്കല്പമാണ് അവന്റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്ക്കരണമായി 'മാമ്പഴ'ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു.

ആത്മഹത്യ ചെയ്തു കാര്യം നേടുന്ന രീതി മുതിര്‍ന്നവര്‍ക്കു പുത്തനായി തോന്നാം. പക്ഷേ, ഒരു കുഞ്ഞിന്നതില്‍ പുതുമയൊന്നുമില്ല. അവനു മരണം വെറുമൊരു യാത്രയാണ്, അനിശ്ചിതമായ ഒരു യാത്ര. അവന്റെ ആവനാഴിയിലെ സര്‍വ്വപ്രധാനമായ ആയുധമാകുന്നു അത്. നമ്മുടെ കവി മരണത്തെക്കുറിച്ചുള്ള ഈ സങ്കല്പം മധുരമായി ആവിഷ്‌കരിച്ചിരിക്കുന്നു:

''മാങ്കനി വീഴാന്‍ കാത്തു-
നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടുംവിട്ടു
പരലോകത്തെപ്പൂകി
വാനവര്‍ക്കാരോമലായ്,
പാരിനെക്കുറിച്ചുദാ-
സീനനായ്, ക്രീഡാരസ-
ലീനനായവന്‍ വാഴ്‌കേ...''

മരണം സ്വര്‍ഗത്തിലേക്കുള്ള യാത്ര മാത്രമാണ്. അമ്മയെക്കാള്‍ നല്ല അമ്മയും അച്ഛനേക്കാള്‍ നല്ല അച്ഛനും അവിടെയുണ്ട്. അല്ലെങ്കിലിതാ മറ്റൊരു ഭാവന:

''പിണങ്ങിപ്പോയീടിലും
പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ
ഉണ്ണുവാന്‍ വരാറില്ലേ?
വരിക കണ്ണാല്‍ കാണാന്‍
വയ്യാത്തൊരെന്‍ കണ്ണനേ,
തരസാ നുകര്‍ന്നാലും
തായതന്‍ നൈവേദ്യം നീ!''

ഈ പിണങ്ങിപ്പോയ മകനും ഒളിച്ചുകളിക്കുന്ന ഉണ്ണികൃഷ്ണനും മരിച്ചു കിടക്കുന്ന ഉണ്ണിയും കുട്ടികളെ സംബന്ധിച്ചിടത്തോളമ ഒന്നുതന്നെയാണ്. അവന്‍ അപ്രത്യക്ഷനാകുന്നു. സനാതനനായ ഈ ബാലന്‍ തന്നെയാണ് പണ്ടൊരിക്കല്‍, കഠോപനിഷത്തില്‍ അച്ഛനെ വിട്ട് യമന്റെ അരികില്‍ പോയി തിരിച്ചുവന്നത്. (മരണം കനിഞ്ഞോതി' എന്ന മറ്റൊരു കവിതയിലും വൈലോപ്പിള്ളി മരണത്തെ ഒരു ദീര്‍ഘയാത്രയായി ഉല്‍പ്രേക്ഷിച്ചിരിക്കുന്നു).

മരണംകൊണ്ടു തന്‍കാര്യം നേടുന്ന ഈ ബാലന്‍ വാസ്്തവത്തില്‍ നേടുന്നതുതന്നെ എന്താണ്? വാശികൊണ്ടും സാഹസം കൊണ്ടും അവന്‍ അമ്മയെ ജയിച്ചു എന്നു പറയാം. അതു സാമാന്യ ഭാഷ, അവനാവശ്യപ്പെട്ടതും പക്ഷേ, നിഷേധിക്കപ്പെട്ടതും പൂങ്കുലയും കിട്ടിയതു മാമ്പഴവുമായിരുന്നു. ഈ നേട്ടത്തിന്റെ അബുദ്ധമായ അര്‍ത്ഥം ആരായുകയാകുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഒരമ്മയും മകനുമായുള്ള ബന്ധമാണ് 'മാമ്പഴ'ത്തിന്റെ വിഷയമെന്നു നാം കണ്ടു. ഈ ബന്ധത്തെക്കുറിച്ച്, തന്റെ ഭീതികളെയും ഉത്ക്കണ്ഠകളേയും അഭിലാഷങ്ങളെയും കുറിച്ചുള്ള ഒരു ശൈശവസങ്കല്പവുമാണത്. ഇതൊരു കുഞ്ഞിന്റെ കവിതയാണത്. ഒരമ്മയുടേതല്ല.
പ്രസവസമയത്താണല്ലോ ആദ്യമായി ശിശുവിനു അമ്മയില്‍നിന്നു വ്യതിരിക്തവും സ്വന്തവുമായ ജീവിതമാരംഭിക്കുന്നത്. അന്നോളമവന്‍ അമ്മയുടെ ഒരു ഭാഗമാണ്; അമ്മ തന്നേയാണ്. ജനനസമയം മുതല്‍ മുലകുടിക്കുമ്പോള്‍ മാത്രമേ അവന് അമ്മയുമായി ബന്ധമുള്ളൂ. അവന്റെ ഭക്ഷണവും ജീവിതവും അവിടെയാണ്. മുല നഷ്ടപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചിന്ത ഒരു ശിശുവിന്റെ സര്‍വപ്രധാനമായ ഉത്ക്കണ്ഠയായിത്തീരുന്നു. അതൊരു 'ജീവന്മരണപ്രശ്‌ന'മത്രേ! മുലകുടി മാറുന്ന കാലത്തു നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സില്‍ ഈ ഉത്കണ്ഠ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേരുകയും വിടുവിക്കാന്‍ ശ്രമിക്കേ കുതറുകയും ചെയ്യുന്നു. തന്നില്‍നിന്നു ബലാല്‍മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോള്‍ ശകാരപ്രഹരങ്ങള്‍കൊണ്ടു മറുപടി കൊടുക്കുന്ന വസ്തു അവനെ അപരിചിതവും കഠിനവുമായ വേദനകള്‍ക്കു ഊണാക്കുന്നു. പിണങ്ങിയും തായയേയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വാസ്്തവത്തില്‍ ജയിച്ചാലും തോറ്റാലും ഭാവനയില്‍ അവന്‍ എന്നും ജയിക്കുകയേയുള്ളൂ.

ഇങ്ങനെ ഭാവനയില്‍ ജയിച്ച ബാലനത്രേ 'മാമ്പഴ'ത്തിലെ നായകന്‍!

കുട്ടികളുടെയും കവികളുടെയും കാടന്മാരുടെയും സ്വപ്‌നാടകന്മാരുടെയും കിറുക്കന്മാരുടെയും ഭാഷ പ്രതീകാത്മകമാണ് എന്നു തെരുവിലെ മനുഷ്യനുമറിയും. സമാനധര്‍മ്മങ്ങളായ പരിചിതവസ്തുക്കളെ തെറ്റിദ്ധരിക്കുകയും മാറ്റിപ്പറയുകയും ഇവരുടെ സ്വഭാവമാകുന്നു. മാങ്കുലയും മാമ്പഴവും സ്വപ്‌നപുരാണ കാവ്യമണ്ഡലങ്ങളില്‍ വിപുലമായി പ്രത്യക്ഷപ്പെടുന്ന സ്തനപ്രതീകങ്ങളാണ്. 'മാമ്പഴ'ത്തിന്റെ അര്‍ത്ഥം ഈ കോടിയില്‍ നിന്നു നോക്കുമ്പോള്‍ അധികമധികം സ്​പ്ഷ്ടമായിത്തീരുന്നു.

വൈലോപ്പിള്ളിയുടെതന്നെ ഇതര കൃതികളില്‍ പഴം മുലയുടെ ചിഹ്നമായി ഉപയോഗിച്ചുകാണുന്നുണ്ട്. 'ആസ്സാം പണിക്കാരില്‍' മക്കളെ പട്ടിണിക്കിട്ടുകൊല്ലുന്ന കേരളമാതാവാണിത്:
''അതിഥികള്‍ക്കെല്ലാ മമരലോകമി-
ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി-
ക്കൊതിപ്പിക്കും പക്ഷേ, കൊടുക്കുകില്ലവള്‍,''

ഇവിടെ കനിക്കിനാവു കാട്ടിക്കൊതിപ്പിച്ചു കൊടുക്കാതിരിക്കുന്ന കേരളമാതാവ്, കൈയിലുള്ള കനി, മുല, കൊടുക്കാത്ത അമ്മ തന്നെയാണ്. പാകമാകാത്ത കനിക്കുവേണ്ടി (പൂങ്കുല) ഓടിച്ചെന്ന ബാലനെ ശാസിച്ച അതേ അമ്മ! നഖക്ഷതങ്ങളേറ്റ മുലകളെയും മുള്‍ക്കോറലേറ്റ, വില്വഫലങ്ങളെയും സമാനമായിക്കണ്ട ശ്രീഹര്‍ഷനും മുലകളെ ആധുനികരീതിയില്‍ ശീമച്ചക്കയോടുപമിച്ചു കൃതാര്‍ത്ഥനായ ഉള്ളൂര്‍ മഹാകവിയും 'രാധയുടെ കൃതാര്‍ത്ഥത'യില്‍ നായകനെക്കൊണ്ട് സാകൂതസ്മിതനായി രാധയുടെ മാറത്തുനോക്കി നാരങ്ങ മര്‍ദ്ദിപ്പിച്ച വള്ളത്തോളും ഇതേ സാദൃശ്യം കണ്ടവരാണ്. പൂങ്കുലയെക്കുറിച്ചാണെങ്കില്‍ ഇതാ കാളിദാസന്‍ തന്നെ:

''നല്‍പൂങ്കുലക്കൊങ്കകളൂന്നിമേന്മേല്‍
ചേലോടുചേര്‍ത്തും നവപല്ലവോഷ്ഠം
ശാഖാഭുജം വീശി ലതാവധുക്കള്‍
പുണര്‍ന്നുപോല്‍ വൃക്ഷമണാളരേയും''

പൂങ്കുലയും മാമ്പഴവും ഒരേ വസ്തുവിന്റെ, മുലയുടെ, സിംബലാണെന്നു സൂചിപ്പിക്കുകയത്രേ ഇവിടെ ഉദ്ദേശിക്കുന്നത്, കവിതയിലും ലോകത്തിലും ഇതു രണ്ടാണെങ്കിലും അബോധമനസ്സില്‍ ഒന്നുതന്നെയാണ്. 'ഏകം സദ് വിപ്രാബഹുധാ വദന്തി'.

പൗരാണിക കഥകളില്‍, പഴത്തിനു മുലയുടെ സിംബോളിക് അര്‍ത്ഥം നല്‍കിയിട്ടുള്ള അനേകം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് 'ഉല്പത്തി' കഥയിലെ 'വീഴ്ച' (ഉല്പത്തി' 3, 6). ചെകുത്താന്റെ പ്രേരണയാല്‍ ഹവ്വ വിലക്കപ്പെട്ട പഴം പറിച്ചെടുത്ത് ആദാമിനെ തീ്റ്റിയതായി അതില്‍ വിവരിച്ചിരിക്കുന്നു. ഈ പഴത്തിന്റെ സിംബോളിക് സ്വഭാവം സൈക്കോ അനലിസ്റ്റുകള്‍ (ഫ്രാന്‍സ് അലക്‌സാണ്ഡരും മറ്റും) പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന് ലജ്ജയും വിവേകവും ഒന്ന് ആദ്യമായി ഉണ്ടായി.

'സുന്ദരകാണ്ഡം' അറുപത്തേഴാം സര്‍ഗത്തില്‍ ഹനുമാന്‍ രാമനെ സീതയുടെ അടയാളവാക്യമറിയിക്കുന്നതിങ്ങനെയാണ്;
''മുമ്പെണീറ്റാള്‍ സുഖം നീയൊ-
ന്നിച്ചുറങ്ങിയ ജാനകി
കാക്കയൊന്നഞ്ജസാകേറി-
ക്കൊത്തീ കൊങ്കത്തടത്തിലായ്
ഉറങ്ങി ഊഴമിട്ടങ്ങും
ദേവ്യങ്കേ ഭരതാഗ്രജ!
നൊമ്പല്‍പ്പെടുത്തിപ്പോന്നാല്‍പോല്‍
വീണ്ടുമപ്പക്ഷി ദേവിയെ
വീണ്ടും വീണ്ടും പറന്നെത്തി-
പ്പാരം മാന്തിപ്പൊളിച്ചുപോല്‍
ഉണര്‍ന്നുപോയ് ഭവാന്‍ മെയ്യി-
ലവള്‍തന്‍ ചോര കാണ്‍കയാല്‍''.

കാകരൂപത്തില്‍ വന്ന ഇന്ദ്രപുത്രന് സീതയുടെ കൊങ്കത്തടം കണ്ട് എന്തൊരു ഭ്രാന്തിയാണുണ്ടായിരിക്കുകയെന്നു വ്യക്തമാണല്ലോ. കാക്ക കണ്ടു പഴമാണെന്നു തെറ്റിദ്ധരിച്ച സീതയുടെ മുലകള്‍ രാമന്റെ കണ്ണുകള്‍ക്ക് എത്രമാത്രം ആകര്‍ഷകമായിരുന്നിരിക്കണം! ജയന്തകഥ വിസ്തൃതമായ ഒരു ഭ്രാന്തിമദലങ്കാരമാകുന്നു.

മാനസികാപഗ്രഥകര്‍ വിശകലനം ചെയ്തവയും ഇവിടെ ഉദ്ധരിക്കേണ്ടതില്ലാത്തവയുമായ അനേകമനേകം സ്വപ്‌നങ്ങളില്‍ ഏതാണ്ടു സാര്‍വത്രികമായിത്തന്നെ ഇരുണ്ട പഴങ്ങള്‍ (ആപ്പിളും മറ്റും) സ്തനപ്രതീകങ്ങളാകുന്നു. ഇവിടെ എഴുതാന്‍ വയ്യാത്ത ഗ്രാമ്യശൈലികളിലും അശ്ലീലപ്രയോഗങ്ങളിലും ഇതുപോലെ തന്നെ പഴം മുലയുടെ ചിഹ്നമായി പ്രയോഗിക്കുക പതിവുണ്ടെന്ന്, ാരും പറയുകയില്ലെങ്കിലും, എല്ലാവര്‍ക്കും അറിയാം.

ഭാഷാശാസ്ത്രപരമായി, മലയാളത്തിലെ 'അമ്മിഞ്ഞ' എന്ന പദത്തിന് അമ്മയുടെ കായ എന്നല്ലേ അര്‍ത്ഥമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്കു 'തേങ്ങ' തേഞ്ഞയും 'മാങ്ങ' മാഞ്ഞയുമാണല്ലോ.

നമ്മുടെ അഭ്യൂഹത്തെ സഹായിക്കുന്നതിനായി കവിതയില്‍ ആഭ്യന്തരമായി ഇത്രയും തെളിവുകളുണ്ട്:
1. മാമ്പഴം എന്ന പദത്തിനു ശബ്ദസാരൂപ്യം കൊണ്ട് 'അമ്മയുടെ പഴം' എന്ന അര്‍ത്ഥം ധ്വനിക്കുന്നു (മാ എന്ന ശബ്ദമാണ് ലോകഭാഷകളിലധികവും അമ്മയെക്കുറിക്കുന്നത്).
2. അങ്കണത്തൈമാവ്, ആദ്യത്തെ പഴം, ബാലമാകന്ദം എന്നിവ സൂചിപ്പിക്കുന്ന കടിഞ്ഞൂല്‍പ്രസവകാര്യം.
3. 'ഉണ്ണികള്‍' എന്ന ശബ്ദത്തിലെ ശ്ലേഷത്തില്‍നിന്നും മാവും മാതാവും തമ്മില്‍ ഉറന്നുവരുന്ന സാദൃശ്യം.
4. സൗഗന്ധികസ്വര്‍ണ്ണം, പൊന്‍പഴം എന്നീ പദങ്ങളാല്‍ സൂചിതമാകുന്ന മുലയുടെ വര്‍ണ്ണവും മുലപ്പാലിന്റെ വര്‍ണ്ണവും.
5. 'തന്മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ' എന്ന വരികള്‍ അമ്മയുടെ മാറിടത്തില്‍ അനാഥമായി, ശൂന്യമായി കിടക്കുന്ന മുലകളെയാണോര്‍മ്മിപ്പിക്കുന്നത്.

''ഉണ്ണിക്കൈക്കെടുക്കുവാ-
നുണ്ണിവായ്ക്കുണ്ണാന്‍വേണ്ടി
വന്നതാണീ മാമ്പഴം
വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ
പോയിതെങ്കിലും കുഞ്ഞേ,
നീയിതു നുകര്‍ന്നാലേ-
യമ്മയ്ക്കു സുഖമാവൂ!''

എന്നിങ്ങനെ, പിന്നീട് ഈ ആശയം ഏറ്റവും സ്​പഷ്ടമായിത്തീരുന്നു. ഉണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വരുന്ന ഒരേയൊരു പഴം അമ്മയുടെ തടിയില്‍ കായ്ക്കുന്നതാണല്ലോ.

മാമ്പഴത്തിന്റെ കഥ നടന്നതല്ലെന്നും അതൊരു മുലകുടി മാറലിന്റെ പദ്യചരിത്രമാണെന്നും ഇപ്പറയുന്നതിന്നര്‍ത്ഥമില്ല. അതിലെ കഥയും കവിതയും നമ്മുടെ വിശകലനത്തിനു ശേഷവും അതേപടിയിരിക്കും. 'മാമ്പഴം' നമ്മുടെ ഹൃദയവുമായി സംവദിക്കുന്നതെവിടെയാണെന്നാണ് നാം അന്വേഷിച്ചത്; നമ്മുടെ അബോധതലത്തിലെ ഏതജ്ഞാതാംശങ്ങളോടാണ് അതു കുശലപ്രശ്‌നം ചെയ്യുന്നത് എന്ന്, അമ്മയുടെ മാറിടത്തിന്റെ ഇളംചൂടില്‍ നിന്നും സുരക്ഷിതത്വത്തില്‍നിന്നും വിട്ടുപോരാന്‍ കൂട്ടാക്കാത്ത-മീശ മുളച്ചാലും മനസ്സിനു മുലകുടി മാറാത്ത- നമ്മെ രഹസ്യമായി സമാശ്വസിപ്പിക്കുന്ന ഈ കാവ്യത്തില്‍ പ്രാഥമിക നാര്‍സിസവും (ആത്മരതി) മാതൃരതിയും (ഈഡിപ്പസ് കോംപ്ലക്‌സ്) സമ്മേളിക്കുന്നു.