Sunday, February 27, 2011

ലോകചെസ്സിന്റെ പുതിയ യുഗംഹോളന്റിലെ വിക്കാന്‍സിയല്‍ റ്റാറ്റാ സ്റ്റീല്‍ ചെസ് ടൂര്‍ണ്ണമെന്റ് അവസാനിച്ചപ്പോള്‍ ലോക ചെസ്സിലെ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തന്ന ഫലങ്ങളാണ് പുറത്തുവന്നത്. ഹികാറു നകാമുറ എന്ന ജാപ്പാനീസ് വംശജനായ അമേരിക്കക്കാരന്‍ ആനന്ദിനും കാള്‍സനും ക്രാംനിക്കിനും മീതെ ഒന്നാം സ്ഥാനം നേടി കിരീട ജേതാവായതാണ് ഈ പകര്‍ച്ചയുടെ ഏറ്റവും തെളിഞ്ഞ ചിത്രം. നേപ്പാള്‍കാരനായ അനീഷ് ഗിരി കാള്‍സനെ തോല്പിച്ചും ആനന്ദിനെ സമനിലയില്‍ തളച്ചും മികച്ച സ്‌ക്കോര്‍ നേടിയപ്പോള്‍ ഭാവിയില്‍ കാള്‍സന്‍ ആരെ ഭയക്കേണ്ടിവരും എന്ന സൂചനയും നല്കി. മാക്‌സിം ലാഗ്രാവ് എന്ന ഫ്രഞ്ചുകാരനായ ചെറുപ്പകാരന്‍ മികച്ച സ്‌കോര്‍ നേടിയപ്പോള്‍ ലോക ചെസ്സില്‍ ഫ്രാന്‍സിന്റെ സ്ഥാനം എത്തിയന്‍ ബാക്രോ എന്ന ഫ്രഞ്ച് ഗ്രാന്റ്മാസ്റ്റര്‍ എത്തിച്ചതിനേക്കാള്‍ ഉയരത്തില്‍ എത്തിയേക്കും എന്ന സൂചനയും കിട്ടി. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത, സ്ഥിരം സൂചിപ്പിക്കുന്ന എന്തെങ്കിലും വിക്കാന്‍സിയില്‍ കണ്ടുവെങ്കില്‍ അത് ആനന്ദിന്റെ കരുത്ത് മാത്രമാണ്. തന്റെ 42-ാം വയസ്സിലും ആനന്ദ് അപരാജിതനായി നകാമുറയുടെ അര പോയന്റ് പിറകെ രണ്ടാം സ്ഥാനം നേടി. മാത്രമല്ല ഈ ടൂര്‍ണ്ണമെന്റ് വിജയത്തില്‍ നിന്ന് ആനന്ദിന് ലോക ചെസ്സിന്റെ ഒന്നാം റാങ്ക് കാള്‍സനില്‍ നിന്ന് തിരിച്ചുപിടിക്കാനും കഴിയും. അടുത്ത മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന 'ഫിഡെ' ലോക ചെസ്സ് റാങ്കിങ്ങില്‍ ആനന്ദ് 2817 പോയന്റോടെ ഒന്നാം സ്ഥാനത്തും കാള്‍സന്‍ 2815 പോയന്റേ്ാടെ രണ്ടാംസ്ഥാനത്തുമായിരിക്കും.

'റ്റാറ്റാ സ്റ്റീല്‍ ചെസ്' എന്നത് ആ പ്രശസ്തമായ ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായതോടെ പേര് മാറി എന്നുമാത്രം. ചാമ്പ്യനായ നകാമുറ ജാപ്പാനീസ് വംശജനാണ്. ജനിച്ചത് ജപ്പാനിലെ ഹിരാകതയിലാണെങ്കിലും നകാമുറയ്ക്ക് ജപ്പാന്‍ ഓര്‍മ്മകളില്‍പ്പോലും ഇല്ല. കാരണം നകാമുറയുടെ രണ്ടാം വയസ്സില്‍ത്തന്നെ നകാമുറ കുടുംബം അമേരിക്കയിലെത്തി. 5 വയസ്സിനു മുമ്പുതന്നെ ചെസ്സില്‍ മികച്ച പരിശീലനം ലഭിച്ച നകാമുറ ഇന്ന് ബോബി ഫിഷര്‍ക്കുശേഷം അമേരിക്കകണ്ട ഏറ്റവും കരുത്തനായ അമേരിക്കന്‍ ചെസ് കളിക്കാരനാണ്. പത്താം വയസ്സില്‍ത്തന്നെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ചെസ് ഫെഡറേഷന്റെ ചെസ് മാസ്റ്റര്‍ പദവിയും 15-ാം വയസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ പദവിയും നേടിയ നകാമുറ ലോക ചെസ് രംഗത്ത് ശ്രദ്ധേയനായയത് 2004 ല്‍ വിക്കാന്‍സിയില്‍ വെച്ചുതന്നെയാണ്. 2004 ലെ കോറസ് ടൂര്‍ണ്ണമെന്റിന്റെ 'ബി' വിഭാഗത്തില്‍ നകാമുറ നാലാമതായി ഫിനിഷ് ചെയ്തു.2004ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നകാമുറ പങ്കെടുത്തിരുന്നു. ആദ്യത്തെ മൂന്ന് റൗണ്ടുകളില്‍ ജയിച്ച നകാമുറ പരാജയപ്പെട്ടത്ത് നാലാംറൗണ്ട് കളിയില്‍ ബ്രിട്ടന്റെ നൈജല്‍ ഷോട്ടിനോടാണ്. നൈജല്‍ ഷോട്ട് ഒടുവില്‍ ലോക റണ്ണര്‍ അപ്പാവുകയും ചെയ്തു. 2005ല്‍ നകാമുറ അമേരിക്കന്‍ ചാമ്പ്യനായി. ഒരൊറ്റ കളിയും തോല്‍ക്കാതെയാണ് നാകാമുറ ചാമ്പ്യനായത്. ഇതിനു മുമ്പ് ഒരൊറ്റ കളിയും തോല്‍ക്കാതെ അമേരിക്കന്‍ ചാമ്പ്യനായ വ്യക്തി ബോബി ഫിഷറായിരുന്നു. അമേരിക്കയില്‍ നാകാമുറ എന്ന ബാല പ്രതിഭ മുന്നോട്ടുവരുമ്പോള്‍ മറ്റൊരിടത്ത്, ഉക്രൈനില്‍, മറ്റൊരു ബാലപ്രതിഭ ഉതിച്ചുയരുകയായിരുന്നു. സെര്‍ജി കാര്യാക്കിന്‍ ആയിരുന്നു ആ കുട്ടി. ഭാവിയിലെ ലോക ചാമ്പ്യനെ ആ കുട്ടിയില്‍ പലരും കണ്ടുതുടങ്ങിയ കാലം. മെക്‌സിക്കോയില്‍ വെച്ച് ഈ ബാല പ്രതിഭാശാലികള്‍ ഒരു നേരങ്കത്തില്‍ -ഏറ്റുമുട്ടി. വിജയം നാകാമുറയ്ക്കായിരുന്നു - 4.5 - 1.5 എന്ന സ്‌കോറിന് 2008 ആവുമ്പോഴേക്കും നകാമുറ ലോകത്തെ ചെസ് അതികായന്മാരോട് ഏറ്റമുട്ടാനും വിജയിക്കാനും തുടങ്ങി. അനറ്റോളി കാര്‍പ്പോവും വാസ്‌ലി ഇഹഞ്ചുക്കും അറോണിയനുമൊക്കെ നകാമുറയോട് തോറ്റവരില്‍ ഉള്‍പ്പെടന്നു. ആ മുന്നേറ്റങ്ങളുടെ ഒടുവിലാണ് നകാമുറ റ്റാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. 9 പോയന്റുകളാണ് നകാമുറ നേടിയത്.നകാമുറയുടെ തൊട്ടു പിന്നില്‍ 8.5 പോയന്റോടെ രണ്ടാം സ്ഥാനം നേടിയ ആനന്ദിന് ചാമ്പ്യനാവാന്‍ പറ്റാത്തതിന്റെ ദുഃഖമുണ്ട്. ''അവസാന റൗണ്ടുകളില്‍ നകാമുറ നിരവധി പോയന്റുകള്‍ വാരിക്കുട്ടി. ഞാന്‍ പല ഗെയിമുകളും ജയിച്ചെങ്കിലും അതും മതിയായില്ല ചാമ്പ്യനാവാന്‍, '' ആനന്ദ് തുറന്നുപറയുന്നു. ഇതൊക്കെയാണെങ്കിലും രണ്ടും കാരണങ്ങളാല്‍ ആനന്ദിന് ഈ ടൂര്‍ണ്ണമെന്റ് ഏറെ സന്തുഷ്ടി നല്കുന്നു. ഒന്നാമതായി, ഒരൊറ്റ കളിയും തോല്‍ക്കാതെയാണ് ആനന്ദ് റണ്ണര്‍ അപ്പായത്. അതുകൊണ്ടുതന്നെ ഫിഡേ ലോകറാങ്കിങ്ങിലേക്ക് വിലപ്പെട്ട 7 പോയന്റുകള്‍ ആനന്ദിന് കിട്ടും. അതോടെ തന്റെ കരിയറില്‍ത്തന്നെ ഏറ്റവും ഉയരത്തില്‍ (2817) ആനന്ദ് എത്തും, ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചു കിട്ടുകയും ചെയ്യും. ഇതാണ് ഒന്നാമത്തെ കാരണം എന്നാല്‍ ഒരു കാരണം കൂടിയുണ്ട് ആനന്ദിന് അഭിമാനിക്കാന്‍. അത് വാങ് ഹാവോക്കെതിരെ ആനന്ദ് പുറത്തെടുത്ത അത്ഭുതകരമായ ഒരു നീക്കമാണ്. തിംബോ ഇന്ത്യന്‍ പ്രതിരോധത്തില്‍ ഏവര്‍ക്കും സുപരിചിതമായ വഴിയിലാണ് കളിനടന്നത്. 16-ാം നീക്കത്തില്‍ തന്റെ വെള്ള നൈറ്റിനെ ബലി കൊടുത്തുകൊണ്ട് ആനന്ദ് നടത്തിയ ഒരു നീക്കം ചെസ് ലോകത്തിലെ വിസ്മയമായി. ആനന്ദ് പണ്ട് ക്രാംനിക്കിനെതിരെ ഉപയോഗിക്കാനായി കരുതിവെച്ചിരുന്ന ഒരായുധമായിരുന്നു ഈ നീക്കം. അന്ന് ഈ നീക്കം ഇല്ലാതെത്തന്നെ ആനന്ദ് കളി ജയിച്ചിരുന്നു. ആനന്ദിനെ ഉപയോഗിക്കാതെ കിടന്ന ആ നീക്കം ഇപ്പോള്‍ ആനന്ദിന് ഉപകരിച്ചു. ആ ഒരൊറ്റ നീക്കം മതിയായിരുന്നു ആനന്ദിന് എതിരാളിയുടെ മുഴുവന്‍ കരുക്കളെയും പ്രതിരോധത്തിലേക്ക് തളയ്ക്കാന്‍. ആനന്ദിനെ നിത്യവിസ്മയമാക്കുന്ന വസ്തുത ഈ നാല്പത്തിരണ്ടാം വയസ്സിലും തന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേക്കു തന്നെ കൊണ്ടുപോകുന്നു എന്നതാണ്. ആനന്ദിനെ പിടിച്ചുകെട്ടാന്‍ പിന്‍ഗാമികള്‍ വിഷമിക്കുകയും ചെയ്യുന്നു. ഇന്നത്തെ അവസ്ഥയില്‍ കാള്‍സനും റ്റോപ്പോളോവും ക്രാംനിക്കുമൊക്കെ ആനന്ദിനു മേല്‍ ഒരുഅധീശത്വവും കിട്ടാത്ത കാഴ്ചയാണ് നാം കാണുന്നത.്പക്ഷേ, ആനന്ദും നകാമുറയുമല്ല ഇത്തവണത്തെ വിക്കാന്‍സിയിലെ താരം. ആ താരത്തിന്റെ പേര് അനീഷ് ഗിരി എന്നാണ്. അനീഷ് ഗിരി! ആ പേരില്‍ത്തന്നെയില്ലെ ഒരു ഇന്ത്യന്‍ മട്ട്?. സംഗതി ശരിയാണ് അനീഷ് ഗിരി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സൃഷ്ടിയാണ്. നേപ്പാള്‍കാരനാണ് അച്ഛന്‍ പേര് സഞ്ജയ് ഗിരി. അമ്മ റഷ്യക്കാരിയാണ.് - ഓള്‍ഗ ഗിരി. ചതുംരഗത്തിന്റെ ജന്മദേശമായ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് അച്ഛനും ആധുനിക ചെസ്സിന്റെ സാമ്രാജ്യമായിരുന്ന റഷ്യയില്‍ നിന്ന് അമ്മയും വരുമ്പോള്‍ മകനായ അനീഷ് ഗിരിയില്‍ ചെസ്സിന്റെ പാരമ്പര്യത്തിന്റെ വഴികള്‍ വേറെ അന്വേഷിക്കേണ്ടല്ലോ. ഗിരി കുടുംബം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അവര്‍ ജപ്പാനിലേക്ക് മാറി. തുടര്‍ന്ന് ഹോളന്റിലേക്കും അനീഷിന്റെ ആദ്യത്തെ ചെസ് കളരി സെന്റ് പീറ്റേഴസ് ബര്‍ഗിലെ ദ്യുഷ് - 2 ആയിരുന്നു. ജപ്പാനിലെത്തിയ ശേഷം ജപ്പാന്‍ ചെസ് അസോസിയേഷനിലും സപ്പോറോ ചെസ് ക്ലബ്ബിലും അംഗമായിരുന്നു. ചുരുക്കത്തില്‍ നന്നേ കുട്ടിക്കാലത്തുതന്നെ അനീഷ് ഗിരിക്ക് അന്താരാഷ്ട്ര ചെസ് സമൂഹവുമായി നേരിട്ട് ഇടപഴുകാന്‍ ഇടംകിട്ടി.

അനീഷിന്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടം റഷ്യയിലെ അണ്ടര്‍ - 12 ചാമ്പ്യന്‍ഷിപ്പ് നേടിയതാണ്. 2008ല്‍, തന്റെ പതിനാലാം വയസ്സുതൊട്ടേ അനീഷ് ജര്‍മനിയി െല ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ചെസ്സില്‍ (ചെസ് ബുണ്ടെസ് ലീഗ്) കളിക്കാന്‍ ആരംഭിച്ചു. ഇത്ര ചെറുപ്പത്തില്‍ ചെണ്ടെസ് ലീഗില്‍ കളിച്ച മറ്റൊരു കളിക്കാരന്‍ ചെസ് ചരിത്രത്തിലില്ല. കൂടാതെ ഹോളന്റിലെയും ഏറ്റവും ഉയര്‍ന്നതലത്തിലുള്ള ചെസ്സില്‍ അനീഷ് കളിക്കുന്നു. 2010 ലാണ് അനീഷ് ഗിരി വലിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. 18 മത് സിഗ്മാന്‍ ആന്റ് കമ്പനി ടൂര്‍ണ്ണമെന്റില്‍ അനീഷ് ചാമ്പ്യനായി. ചാമ്പ്യനായി എന്നതല്ല ഇതിന്റെ സവിശേഷത. അനീഷിന്റെ ആ ടൂര്‍ണ്ണമെന്റിലെ പെര്‍ഫോമന്‍സ് റെയ്റ്റിങ് 2936 ആയിരുന്നു! (ഒരു ടൂര്‍ണ്ണമെന്റിലെ ഒരു കളിക്കാരന്റെ നിലവാരം ലോക നിലവാരത്തോട് തുലനപ്പെടുത്തിയാല്‍ എത്രയുണ്ടാകുമെന്ന് കണക്കാക്കിയാണ് പെര്‍ഫോമന്‍സ് റെയ്റ്റിങ് ഗണിച്ചെടുക്കുന്നത്. ഇതിനായി എതിര്‍ കളിക്കാരുടെ ഫിഡെ റെയ്റ്റിങ്ങും അവര്‍ക്കെതിരെ നേടിയ വിജയങ്ങളും സമനിലകളും കൂടെ തോല്‍വിയും കണക്കെടുക്കും. പക്ഷേ യഥാര്‍ത്ഥ ബോംബ് പൊട്ടാന്‍ ഇരിക്കുന്നതേ ഉള്ളു. അത് ആനന്ദിന്റെ റ്റോപ്പോളോയിനെതിരെയുള്ള ലോക കിരീടവിജയവുമായി ബന്ധപ്പെട്ടായിരുന്നു.വിശ്വനാഥന്‍ ആനന്ദ് റ്റോപ്പോളോവിനെ നേരിട്ടപ്പോള്‍ ഇരുപക്ഷവും സഹയികളുടെ വന്‍നിരയെത്തന്നെ കൂടെ നിര്‍ത്തിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് സഹായികളെന്ന് ഇരുപക്ഷവും തുടക്കത്തില്‍ പറയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ടൂര്‍ണ്ണമെന്റ് തുടങ്ങാന്‍ പോകുമ്പോള്‍ കുറേശ്ശെ ആ വിവരങ്ങള്‍ പുറത്തുവരാന്‍ തടുങ്ങി. റ്റോപ്പോളോവിന്റെ ഭാഗത്ത് കുറേ മികച്ച ഗ്രാന്റ് മാസ്റ്റര്‍മാരും വലിയൊരു കമ്പ്യൂട്ടര്‍ ശൃംഖലയുമായിരുന്നു കൂട്ടിന്. സാധാരണ കമ്പ്യൂട്ടറൊന്നുമല്ല. 112 കോറുള്ള വമ്പന്‍ ബുദ്ധികേന്ദ്രം. അതായത് 112 കമ്പ്യൂട്ടറുകളുടെ തലച്ചോറുകളെ ഒരു മിച്ച് ശൃംഖലയായി വിന്യസിച്ച ഒരു ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നു പറയാം. ഇത്രയും കേട്ടപ്പോള്‍ ആനന്ദ് പക്ഷത്തിന് വേവലാതിയായി. കാരണം, കമ്പ്യൂട്ടര്‍ സൗകര്യങ്ങളില്‍ റ്റോപ്പോളോവ് ബഹുദൂരം മുന്നിലായിരുന്നു. ആനന്ദിന്റെ കൈവശം 16 കോര്‍ കമ്പ്യൂട്ടറുണ്ട്. ആ ക്മ്പ്യൂട്ടര്‍ സംവിധാനം റ്റോപ്പോളോവിന്റെ കയ്യിലുള്ളതിനെ അപേക്ഷിച്ച് ഒന്നുമല്ലായിരുന്നു. അങ്ങിനെ ആനന്ദും തന്റെ സഹായികളുടെ ലിസ്റ്റ് അഭിമുഖങ്ങളിലൂടെ പുറത്തുവിട്ടു.-'' കാസ്​പറോവ്, കാള്‍സന്‍, ക്രാംനിക്, കൂടെ അനീഷ് ഗിരിയും !'' അതായത്, ലോക ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ കമ്പ്യൂട്ടര്‍ സംവിധാനങ്ഗള്‍ ഒരു ഭാഗത്തും ഏറ്റവും കരുത്തുറ്റ മനുഷ്യപ്രതിഭ മറുഭാഗത്തുമെന്നര്‍ത്ഥം. ആനന്ദിന്റെ കൂട്ടാളികളില്‍ രണ്ടുപേര്‍ ആനന്ദിന്റെ മുന്‍ എതിരാളികളായിരുന്നു. - കാസ്​പറോവും ക്രാംനി കാള്‍സനാവട്ടെ ഭാവിയിലെ ആനന്ദിന്റെ എതിരാളിയാവേണ്ടവും. എന്നിട്ടും ഇവര്‍ ആനന്ദിന്റെ കൂടെ നിന്നത് ആനന്ദിന്റെ സ്വഭാവവൈശിഷ്ട്യം ഒന്നു കൊണ്ടുമാത്രം.'' അപ്പോള്‍ അനീഷ് ഗിരിയോ ?''. ഒരു പത്ര ലേഖകന്‍ ആനന്ദിനോട് ചോദിച്ചു. ആനന്ദ് ഇങ്ങിനെയാണ് മറുപടി പറഞ്ഞത് : '' ഓ, നമ്മുടെ ബേബി ഗ്രാന്റ് മാസ്റ്റര്‍ അല്ലേ? അതേ. അനീഷും കൂടെയുണ്ടായിരുന്നു. '' പത്രക്കാരന്റെ സംശയം അതായിരുന്നില്ല. ക്ലാസ് പറോവും ക്രാംനിക്കും കാള്‍സനും ചോര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചെസ് കൂട്ടുകെട്ടായി. അവരുടെ കൂടെ ഇരുത്താന്‍ അനീഷിന് എന്തുയോഗ്യത എന്നായിരുന്നു. പത്രക്കാരന്റെ ന്യായമായ സംശയം, ആനന്ദ് വിശദീകരിച്ചു : ''മാഗ്നസ് കാള്‍സന്റെ അതേ കഴിവാണ് അനീഷിന്. ഏതു പൊസിഷനും നിമിഷാര്‍ദ്ധത്തില്‍ മനസ്സിലാവും. സത്യത്തില്‍ എനിക്ക് ഒരു പരിചയവുമില്ലാത്ത കാറ്റാലന്‍ പ്രതിരോധവും എലിസ്റ്റ എന്റിങ്ങുമൊക്കെ എന്റെ മുന്നില്‍ കീറാമുട്ടികളായി ഉണ്ടായിരുന്നു. ഇവയെ ഇഴകീറി പരിശോധിച്ച് എനിക്കായി വിവരങ്ങള്‍ ഒരുക്കിത്തന്നത് അനീഷാണ്. അവസാനത്തെ കളിയുടെ തലേന്ന് അനീഷ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം (റ്റോപ്പോളോവ്) കളിക്കാന്‍ സാദ്ധ്യതയുള്ള ഓപ്പനിങ് ഏതെന്ന് ഞാന്‍ ഊഹിച്ചെടുത്തു. അത് ക്വീന്‍സ് ഗാംബിറ്റ് ലാസ്‌കര്‍ വേരിയേഷന്‍ ആയിരുന്നു. അനീഷിന്റെ കണ്ടെത്തല്‍ ശരിയായിരുന്നു. അതു തന്നെ റ്റോപ്പോളോവ് കളിച്ചു.''

അപ്പോള്‍ അതാണ് അനീഷ് ഗിരി. റ്റാറ്റാസ്റ്റീല്‍ ചെസ്സില്‍ താന്‍ എവിടെ ഇരിക്കേണ്ടവനാണെന്ന് അനീഷ് തെളിയിക്കുകെയും ചെയ്തു. കാള്‍സനെ വെറും 22 നീക്കത്തില്‍ തോല്പിച്ച അനീഷ് ആനന്ദിനെ സമനിലയില്‍ കുരുക്കുകയും ചെയ്തു.ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെസ്സില്‍ നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദവിപ്ലവമാണ് ഫ്രഞ്ച് വിപ്ലവം. ഫ്രാന്‍സ് അധികമാരെയും അറിയിക്കാതെ ലോക ചെസ്സിലെ വന്‍ശക്തിയാവുകയാണ്. ഫിഡേയുടെ റാങ്ക് പട്ടികയില്‍ അവര്‍ ഇന്ന് റഷ്യയ്ക്കും ഉക്രൈനിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരാണ്. അതായത് പഴയ ശക്തികളായ ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും ഹംഗറിക്കും മുന്നില്‍, പുതിയ ശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും മുന്നില്‍ മൂന്നാം സ്ഥാനം അവര്‍ പിടിച്ചെടുത്തിരിക്കുന്നു എന്നര്‍ത്ഥം. വലിയ ലോക ചാമ്പ്യന്മാരെ അവര്‍ സൃഷ്ടിച്ചിട്ടില്ലായിരിക്കാം. പക്ഷേ, കരുത്തരായ നിരവധി യുവതാരങ്ങളെ അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം യുവ താരങ്ങളില്‍ ആദ്യം ലോക ശ്രദ്ധയിലെത്തിയത് എത്തിയന്റ ബാക്രോ ആണ്. പക്ഷേ ഇപ്പോള്‍ ബാക്രോയെ പിന്തള്ളി നിരവധി ചെറുപ്പക്കാര്‍ ഫ്രാന്‍സില്‍ നിന്നു തന്നെ വരുന്നുണ്ട്. അവരില്‍ പ്രമുഖന്‍ 21 വയസ്സുള്ള മാക്‌സിം യാഗ്രാവ് ആണ്. റ്റാറ്റാ സ്റ്റീല്‍ ചെസ്സില്‍ 7.5 പോയന്റുകള്‍ നേടിയ യാഗ്രാവ് ആനന്ദിനെയും കാള്‍സനെയും ക്രാംനിക്കിനെയും അറോണിയനെയും സമനിലയില്‍ തളച്ചു. കുറച്ചു കൂടി വ്യക്തമായ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തിലെ ഒന്നും രണ്ടും മൂന്നും നാലും റാങ്കുള്ള താരങ്ങളെ സമനിലയില്‍ പടിച്ചുകെട്ടി എന്നര്‍ത്ഥം. ഈ നേട്ടത്തോടെ യാഗ്രാവ് ബാക്രോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്രാന്‍സിലെ ഒന്നാം നമ്പര്‍ താരമാവും.

ഒടുവില്‍ ഒരു ദുഃഖ സത്യം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കാള്‍സന്‍, അനീഷ് ഗിരി, യാഗ്രാവ് മാക്‌സിം, ഇറ്റലിയുടെ ഫാബിയാനോ കരുവാനാ, റഷ്യയുടെ സെര്‍ജി കാര്യാക്കിന്‍, ഇയര്‍ നെപ്പോമ്‌ന്യാച്ചി (Ian Nepomniachtchi) തുടങ്ങിയവരാണല്ലോ ലോക ചെസ്സിന്റെ അത്യുന്നതിയില്‍ എത്തിയ യുവതാരങ്ങള്‍, ഇവരുടെയൊക്കെ ആദ്യകാല റെക്കോഡുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഇന്ത്യക്കാരായ നിരവധി യുവതാരങ്ങള്‍ ഇവരെ തോല്പിച്ചിട്ടും സമനിലയില്‍ കുരുക്കിയിട്ടുമുണ്ട്. പക്ഷേ, ഇന്ത്യന്‍ യുവതാരങ്ങള്‍ നിന്നേടത്ത് ഉറച്ചു പോയപ്പോള്‍ മറ്റുള്ളവര്‍ ഉയര്‍ന്നുയര്‍ന്ന് ലോക ചെസ്സിന്റെ മുകള്‍ത്തട്ടിലെത്തി. എന്താണ് ഇന്ത്യന്‍ യുവതാരങ്ങളെ ഒരു പരിധിക്കപ്പുറം വളരുന്നതില്‍ നിന്ന് തടയുന്നത്?. ചെസ് പ്രേമികളും ചെസ് അധികൃതരും ചെസ് കളിക്കാരും ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്.
 
 

Sunday, February 20, 2011

ലസാഗു - വിജു.വി.നായര്‍

മൗനം ...ന് ഭൂഷണം


മൗനം ...ന് ഭൂഷണം
പ്രധാനമന്ത്രി എന്ന നിലക്ക് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാ ഒന്നു തുറന്നുകിട്ടണമെങ്കില്‍ പഞ്ചവത്സര പദ്ധതിയുടെ പ്രയാസമാണ്. അതേച്ചൊല്ലി നാട്ടുകാര്‍ക്ക് പറയത്തക്ക പരാതിയില്ലാതായിരിക്കുന്നു. കാരണം, അദ്ദേഹത്തിന് കല്‍പിച്ചുകൊടുത്ത മാന്യത, കഴിവ്, സംശുദ്ധി ഇത്യാദിയടങ്ങുന്ന ദേശീയ താമ്രപത്രം. ഇപ്പറഞ്ഞ യോഗ്യതയുള്ളവര്‍ വളരെക്കുറച്ചേ വാ തുറക്കൂ എന്നൊരു ക്ലീഷേ നമുക്കിടയില്‍ പുരനിറഞ്ഞുനില്‍പുമുണ്ട്. മൗനം പൊതുവേ മൂന്നു കൂട്ടര്‍ക്ക് ഭൂഷണമാകാം -വിദ്വാനും വിഡ്ഢിക്കും വിളഞ്ഞ വിത്തിനും. മന്‍മോഹന്‍സിങ് ഇതിലേതു വകുപ്പില്‍പ്പെടും?
രണ്ടാമതും പ്രധാനമന്ത്രിയായശേഷം അദ്ദേഹം ആകപ്പാടെ രണ്ടുവട്ടമാണ് മാധ്യമ പ്രതിനിധികളോട് സംസാരിച്ചത്. ആദ്യം പത്ര, ടി.വി, ചാനല്‍ കൂട്ടരോട് മൊത്തത്തില്‍. ഇപ്പോഴിതാ തെരഞ്ഞെടുത്ത ചാനല്‍ പ്രതിനിധികളോട് മാത്രമായി. മാധ്യമങ്ങള്‍ മുഖേന പൗരാവലിയോട് സംവേദിക്കുന്നു എന്നാണ് വെപ്പ്. എങ്കില്‍ ഇക്കുറി എന്തുകൊണ്ടീ തെരഞ്ഞെടുപ്പ്?
ഒന്നാമത്, രാജ്യത്തോടുള്ള സംവേദനമായിരുന്നില്ല പ്രധാനമന്ത്രിയുടേത്. എങ്കില്‍, കുറഞ്ഞപക്ഷം എല്ലാത്തരം മാധ്യമങ്ങളെയും വിളിച്ചുകൂട്ടേണ്ടിയിരുന്നു. പകരം പ്രമുഖ ചാനലുകളുടെ പ്രതിനിധികളെ മാത്രം വിളിക്കുമ്പോള്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് ഈ ചാനലുകളുടെ പ്രേക്ഷകരായ നാഗരിക മധ്യവര്‍ഗം, നയരൂപവത്കരണക്കാര്‍, വരേണ്യവിഭാഗങ്ങള്‍ എന്നിവരെയാണ്. അഥവാ പുത്തന്‍ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്ക് മുറവിളി കൂട്ടുകയും ആ വളര്‍ച്ചയുടെ അളവുകോലായി സര്‍ക്കാര്‍ കണക്കാക്കുകയും ചെയ്യുന്ന ഒച്ചവര്‍ഗം. അവര്‍ പൊതുവായ വിലക്കയറ്റം, നാണ്യപ്പെരുപ്പം, അഴിമതി തുടങ്ങിയ ദേശീയ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥരായിരിക്കുന്നു. അതുകൊണ്ട്, അവരെയൊന്ന് മയപ്പെടുത്തുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ മനക്കണക്ക്.
കണക്കുകൂട്ടലുകള്‍ അനുസരിച്ചു തന്നെയായിരുന്നു ഇപ്പറഞ്ഞ സംവേദന സജ്ജീകരണവും. ഒന്ന്, തന്നെപ്പറ്റി ഇപ്പറഞ്ഞ വര്‍ഗത്തിനുള്ളതും അവര്‍ പ്രചരിപ്പിക്കുന്നതുമായ വൈയക്തിക പ്രതിച്ഛായക്ക് നിരക്കുന്ന തരത്തില്‍ ഡയലോഗടിക്കുക. രണ്ട്, അതിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്ന കൂട്ടരെത്തന്നെ ചോദ്യകര്‍ത്താക്കളായി സംഘടിപ്പിക്കുക. ഒരുമാതിരി ഉപരിവര്‍ഗ 'സോഷ്യലൈറ്റ്' പരിവട്ടവും പ്രോട്ടോകോള്‍ പാലനവും. മൂന്നോ നാലോ ചോദ്യങ്ങളല്ലാതെ വകക്കുകൊള്ളാവുന്ന അന്വേഷണ മൂര്‍ച്ചയോ സാമൂഹിക പ്രതിബദ്ധതയോ ഉള്ള ഒരു ചോദ്യംചെയ്യലും കൊടികെട്ടിയ മാധ്യമ കേസരികളില്‍ നിന്നുണ്ടായില്ല. കേരളത്തില്‍ വന്നുപോയപ്പോള്‍ തെരഞ്ഞെടുപ്പുകാറ്റിനെപ്പറ്റി എന്തു തോന്നി, ക്രിക്കറ്റ് ലോകകപ്പ് ആരു നേടും, എപ്പോഴെങ്കിലും രാജിവെക്കാന്‍ തോന്നിയോ, സങ്കടപ്പെട്ടോ എന്നിങ്ങനെ അലോസരപ്പെടുത്താത്ത പുകയും സൊറയുമായിരുന്നു മിക്കതും. മൊത്തത്തില്‍, താന്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന അന്തരീക്ഷം പ്രധാനമന്ത്രി ഇച്ഛിച്ചു, മാധ്യമ വൈദ്യന്മാരെല്ലാം കൂടി അതുതന്നെ ഒരുക്കിക്കൊടുത്തു. ചാനല്‍ ചര്‍ച്ചകളിലെ കതിനാ വെടിക്കാര്‍ ഇവ്വിധം ചെമ്മരിയാടുകളായി ഇരുന്നുകൊടുത്തത് വിലക്കയറ്റത്തിനും അഴിമതി പരമ്പരക്കും അധ്യക്ഷത വഹിക്കുന്ന ഒരു ഭരണാധിപന് മുന്നിലാണെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മന്‍മോഹന്‍ സിങ്ങിന്റെ മറുപടികളിലെ ഊളത്തരങ്ങളിലേക്ക് വെളിച്ചം വീണതുമില്ല.
ഉദാഹരണമായി, 2ജി സ്‌പെക്ട്രം കേസ്. ഒന്നാം യു.പി.എ കാലത്തുതന്നെ നിരവധി ആക്ഷേപങ്ങള്‍ക്ക് പാത്രമായ ആണ്ടിമുത്തു രാജയെ വീണ്ടും അതേ സ്ഥാനത്ത് വെച്ചതെന്തേ എന്ന ചോദ്യത്തിന് (ഇത്തരം ചോദ്യങ്ങള്‍ നന്നേ വിരളമായിരുന്നു), പ്രധാനമന്ത്രി പറഞ്ഞത് പ്രധാനമായും രണ്ടു മറുപടികളാണ്. ഒന്ന്, അതൊക്കെ മുന്നണി മര്യാദകളുടെ പരിധിയില്‍ വരും. രണ്ട്, രാജയോട് സ്‌പെക്ട്രം ലേലത്തെപ്പറ്റി തിരക്കിയപ്പോള്‍ നടപ്പുരീതിയനുസരിച്ച് എല്ലാം സുതാര്യമായി നടത്തുമെന്ന ഉറപ്പുകിട്ടിയിരുന്നു. മാത്രമല്ല, സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം, ധനകാര്യ വകുപ്പുകള്‍ അനുമതി നല്‍കിയതിനാല്‍ താന്‍ കയറി ഇടപെടുന്നത് ശരിയാവില്ലെന്ന് കരുതി.
എന്തൊക്കെയാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം? കാബിനറ്റിനെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണെന്ന ഭരണഘടനാ വെപ്പൊക്കെ പരണത്ത്. മുന്നണി സംവിധാനത്തില്‍ അതൊക്കെ വേറെ അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കും. അവര്‍ മുന്നോട്ടു െവക്കുന്നത് ഏത് കാണ്ടാമൃഗമായാലും ചുമന്നുനടക്കാനുള്ള പണിയാണ് പ്രധാനമന്ത്രിയുടേത്. ഒരു രാജയല്ല, പത്തു രാജയെ തന്നാലും തനിക്ക് ചുമന്നേ പറ്റൂ. മുന്നണി ധര്‍മത്തോട് ഇത്ര കൂറ് പുലര്‍ത്തുന്നയാളോട് ചാനല്‍ജികള്‍ അറിയാതെപോലും തിരക്കിയില്ല; എങ്കില്‍ അമേരിക്കയുമായുള്ള ആണവക്കരാര്‍ മുന്നണി അലശണ്ഠയില്‍പ്പെട്ട് വൈകിയപ്പോള്‍ സര്‍ദാര്‍ജി രാജിഭീഷണി മുഴക്കിയ കാര്യം. അഴിമതി വീരനെന്ന് ലേബലുള്ളയാളെ മന്ത്രിയാക്കില്ലെന്നും പകരം അതേ കക്ഷിയിലെ വേറെയാളെ തരൂ എന്നെങ്കിലും പറയാനുള്ള മിനിമം അവകാശമൊക്കെ ഇപ്പോഴും പ്രധാനമന്ത്രിക്കുണ്ട്. പക്ഷേ, മന്‍മോഹന്‍ ഇവിടെ നമ്മളെ സര്‍ദാര്‍ജികളാക്കിക്കൊണ്ട് ഭംഗിയായി തലയൂരി -ചാനല്‍ജികള്‍ ഭക്ത്യാദരപുരസ്സരം പഴം വിഴുങ്ങികളായി ഇരുന്നു.
രാജക്ക് ടെലികോം, ധനകാര്യ വകുപ്പുകളുടെ സമ്മതിയുണ്ടായിരുന്നു എന്ന അനുബന്ധ വാചകത്തിലൂടെ മന്‍മോഹന്‍ ലളിതമായ ഒരു കിന്റര്‍ഗാര്‍ട്ടന്‍ മുറയാണ് അവലംബിച്ചത്. ടെലികോം മന്ത്രി രാജ. അന്നത്തെ ധനമന്ത്രി ചിദംബരം. ഇവര്‍ക്കെല്ലാം വാലുകളായി ഐ.എ.എസ് ഗുമസ്തപ്പട. നടപടികളില്‍ പിഴവുണ്ടെങ്കില്‍ അതിന്റെ ചേതം എനിക്കല്ല, അവര്‍ക്കാണ്. പാസിങ് ദ ചെക് എന്ന് സായ്പു പറയുന്ന ലക്ഷണമൊത്ത ബ്യൂറോക്രാറ്റിക് ലൈന്‍. അപ്പോള്‍ പിന്നെ ഈ ഗുമസ്തപ്പടക്കെല്ലാം അധ്യക്ഷനായി താങ്കളിരിക്കുന്നതെന്തേ എന്ന് ചോദ്യമില്ല -പ്രോട്ടോകോള്‍ തെറ്റിക്കരുതല്ലോ. ലോകബാങ്കിന്റെ കണക്കപ്പിള്ളയായിരുന്ന ഒരാളെ ബ്യൂറോക്രാറ്റിന്റെ ഒഴികഴിവു വൈദഗ്ധ്യം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അപ്പോള്‍ മന്‍മോഹന്‍ കേവലമൊരു 'ഉദ്യോഗസ്ഥപ്രഭു' മാത്രമാണോ?
അവിടെവെച്ചാണ്, ഈ പ്രമേയത്തിന് അദ്ദേഹം നല്‍കിയൊരു ടിപ്പണി സാര്‍ഥകമാവുന്നത്. 'കൃഷിക്കാര്‍ക്ക് രാസവളത്തിനും മറ്റും സബ്‌സിഡി കൊടുക്കുന്ന വകയില്‍ പൊതുഖജാനക്ക് വലിയ നഷ്ടമാകുന്നില്ലേ -അതുപോലൊരു നഷ്ടമാണ് സ്‌പെക്ട്രം ലേലത്തിലുമുണ്ടായത്'. എന്നുവെച്ചാല്‍, 2ജി സ്‌പെക്ട്രത്തിന്മേല്‍ സി.എ.ജി പറഞ്ഞ ഒന്നേമുക്കാല്‍ ലക്ഷം കോടി ഉറുപ്പിക അഥവാ രാജയെ അച്ചുതണ്ടാക്കി ടെലികോം പ്രമാണികള്‍ തൊട്ട് പത്രക്കാര്‍ വരെ അടിച്ചുമാറ്റിയ തുക വ്യവസായികള്‍ക്കുള്ള കേന്ദ്ര സബ്‌സിഡിയായിരുന്നെന്ന്! ഈ ദേശീയ ഉപമ ഉദ്‌ഘോഷിക്കുന്ന സാമ്പത്തിക പാണിനിയെ രാഷ്ട്രീയക്കളിയറിയാത്ത പാവം മാന്യന്‍ എന്ന് ആര്‍ക്കെങ്കിലും ഇനി വിശേഷിപ്പിക്കാനാവുമോ?
ലോബിരാജ് കാലത്തെ വന്‍കിട അഴിമതികളെ സാമ്പത്തിക വികാസത്തിനുള്ള 'സബ്‌സിഡി'കളായി ഭംഗ്യന്തരേണ ലഘൂകരിക്കുന്ന വിദ്വാന്‍ അടിസ്ഥാനപരമായി ആരുടെ/എന്തിന്റെ പക്ഷത്താണെന്ന് കൂടുതല്‍ വിസ്തരിക്കേണ്ടതില്ല. പൊതുമുതല്‍ അടിച്ചുമാറ്റുന്നവരുടെ പക്ഷത്ത് മനസ്സാ നില്‍ക്കുകയാണ് മന്‍മോഹന്‍ എന്നാരും പറയില്ല. എന്നാല്‍, സ്വന്തം ഉത്തരവാദിത്തത്തിന്റെ പരിധിയിലുള്ള ചേതങ്ങളുടെയും പടുവീഴ്ചകളുടെയും പ്രശ്‌നം വരുമ്പോള്‍ ഉടനടി, ഉത്തരവാദിത്തം മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവെച്ച് സ്വന്തം തല കാക്കുന്ന മനോഭാവം ബ്യൂറോക്രാറ്റിന്‍േറതാണെങ്കില്‍, അതേ പ്രകൃതത്തിന്റെ അന്തര്‍ധാരകളിലൊന്നാണ് മേപ്പടി മുതല്‍പക്ഷ മനോനിലയും. എക്കാലവും എവിടെയും എല്ലാത്തരം ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയം അതുതന്നെയാണ്.
ഇപ്പറഞ്ഞ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരിയുന്ന തനി കക്ഷിരാഷ്ട്രീയ ഉപജാപങ്ങള്‍ മന്‍മോഹന്‍ സിങ്ങിന് അറിയില്ലെന്ന ക്ലീഷേയും പുതിയ പത്രസമ്മേളനത്തില്‍ വീണുടയുന്നതുകാണാം. രാജ്യത്തെ ചരക്കു-സേവന നികുതികള്‍ ഏകീകരിക്കാനുള്ള ജി.എസ്.ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) വ്യവസ്ഥിതിക്കുള്ള തടസ്സം ബി.ജെ.പിയാണെന്ന് ടിയാന്‍ പ്രഖ്യാപിക്കുന്നു. എന്താണ് ബി.ജെ.പിയുടെ പ്രശ്‌നം? ഗുജറാത്തിലെ മുന്‍മന്ത്രി അമിത്ഷായെ സി.ബി.ഐ പിടികൂടിയത് അവരെ പ്രകോപിപ്പിച്ചിരിക്കുന്നെന്നും ആ കേസില്‍ വിട്ടുവീഴ്ച ചെയ്താലേ ജി.എസ്.ടി പ്രശ്‌നത്തിലെ എടങ്ങേറ് ഒഴിവാക്കൂ എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനര്‍ഥം, ഗവണ്‍മെന്റിനെ പ്രതിപക്ഷം ബ്ലാക്‌മെയ്ല്‍ ചെയ്യുന്നെന്നല്ലേ? അത്രയും ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെങ്കില്‍, പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ ആയതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണ്ടേ? പകരം ഏതാനും മാധ്യമങ്ങളോട് കൊതിയും നുണയും പറയുകയാണോ കല്‍പിത മാന്യരാജ രാജശ്രീ ചെയ്യേണ്ടത്? അവിടാണ് മര്‍മം.
ജി.എസ്.ടി നടപ്പായാല്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ വ്യാപാര-വാണിജ്യ തടസ്സങ്ങള്‍ മാറി, ഒരേകീകൃത ദേശീയ വിപണിയുണ്ടാവും. ഇതിനുള്ള എതിര്‍പ്പ് ബി.ജെ.പിയില്‍ നിന്നോ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമുള്ളതല്ല. കേരളം പോലുള്ള പൂര്‍ണ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ് ഈ പുതിയ വ്യവസ്ഥിതി കൊണ്ടുള്ള ഗുണം. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട്, യു.പി, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എസ്.ടിയെ ശക്മായി എതിര്‍ക്കുന്നത്. ഇപ്പറഞ്ഞിടത്തൊന്നും ബി.ജെ.പിയല്ല ഭരിക്കുന്നത്. എന്നിരിക്കേ അമിത്ഷായും ജി.എസ്.ടിയും തമ്മിലെന്തു ബന്ധം? അമിത്ഷാ കേസിലെ ബി.ജെ.പിയുടെ സ്വാഭാവിക അമര്‍ഷത്തെ മധ്യവര്‍ഗ താല്‍പര്യം പോഷിപ്പിക്കുന്ന ജി.എസ്.ടിയുമായി കൂട്ടിക്കെട്ടി ജനമധ്യത്തിലേക്ക് എറിയുമ്പോള്‍ മന്‍മോഹനിലെ മാന്യന്‍ ഉദ്യമിക്കുന്ന ഉപജാപം ഏതു നിലവാരത്തിലുള്ളതാണെന്ന് ഊഹിക്കുക. അതേസമയം ഭക്ഷ്യവിലക്കയറ്റം പരിഹരിക്കാനുള്ള ഏകവഴി കാര്‍ഷികോല്‍പാദനം കൂട്ടലാണെന്നും സാമ്പത്തിക വിരുദ്ധന്റെ മേലങ്കിയെടുത്തിട്ട്, അദ്ദേഹം പറയുന്നുണ്ട്. മേല്‍പറഞ്ഞ ജി.എസ്.ടി രാഷ്ട്രീയവും ഈ നിലപാടും തമ്മിലുള്ള ആന്തരികവൈരുധ്യം നില്‍ക്കട്ടെ. സാമ്പത്തികവൈദഗ്ധ്യത്തിന്റെ കേവലാര്‍ഥത്തില്‍പോലും മന്‍മോഹന്റെ ഈ വാചകമടി പൊള്ളയാണെന്ന് വരുമ്പോഴോ? ആഭ്യന്തര മൊത്ത ഉല്‍പാദനം ഇപ്പോള്‍ 8.5 ശതമാനമാണ്. അതങ്ങനെ ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം തന്നെ കാര്‍ഷികോല്‍പാദനത്തിലെ വളര്‍ച്ചയാണ്. നടപ്പുകൊല്ലത്തില്‍ കാര്‍ഷിക വളര്‍ച്ച ആറു തൊട്ട് 6.5 ശതമാനം വരെയാണെന്നും കൃഷിയിലെ പ്രതിശീര്‍ഷ വരുമാനം 6.5 തൊട്ട് ഏഴു ശതമാനം വരെയാകുന്നെന്നും പറയുന്നത് സര്‍ക്കാര്‍ തന്നെ. അതേസമയം തന്നെ ഇന്‍ഫേ്‌ളഷനും വര്‍ധിക്കുന്നു. ലക്ഷണമൊത്ത ഈ സാമ്പത്തിക കടംകഥയെപ്പറ്റി നമ്മുടെ സാമ്പത്തിക വിദഗ്ധന് മിണ്ടാട്ടമില്ല. കാര്‍ഷികോല്‍പാദനം കൂടുമ്പോള്‍ത്തന്നെ ഇന്‍ഫേ്‌ളഷനും കൂടുന്നു എന്നിരിക്കെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ തന്നെ ഐച്ഛിക വിഷയത്തിലെ കാതലായ പോഴത്തമല്ലേ എന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല. വിഷയം പിടിയില്ലാഞ്ഞിട്ടോ, ചോദിച്ചിട്ടു പ്രയോജനമില്ലെന്നറിഞ്ഞിട്ടോ, എന്തായാലും പ്രസ്മീറ്റ് മഹാശ്ചര്യം, നമുക്കും കിട്ടണം രാജദര്‍ബാറിലൊരു കസേര.
അതെന്തായാലും, മന്‍മോഹന്‍സിങ് ഭാവഭേദരഹിതമായി നമുക്ക് ചില ബോധ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒന്ന്, ഉത്തരവാദിത്തത്തിന്റെ കാര്യം വരുമ്പോള്‍ ചേതം മറ്റുള്ളവര്‍ക്ക് കല്‍പിച്ചിട്ട് ടിയാന്‍ തടിയൂരും. മുന്നണി ധര്‍മമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പറഞ്ഞൊഴിയുമ്പോള്‍ അദ്ദേഹം തന്റെ റിമോട്ട് കണ്‍ട്രോളായ സോണിയഗാന്ധിയെ പഴിക്കുകയാണ്. മുന്നണി നേതാവിനാണല്ലോ മുന്നണി കാര്യത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്തം. ഇത് മനപ്പൂര്‍വമുള്ള ഒളിയമ്പല്ല. ഏതു ബ്യൂറോക്രാറ്റിനും ഡമ്മിക്കും ആത്യന്തികമായി പറ്റിപ്പോവുന്ന അബദ്ധമാണ്. അഥവാ നില്‍ക്കക്കള്ളിയില്ലായ്മ. മറ്റൊന്ന്, അധികാരം നിലനിര്‍ത്താന്‍ രാഷ്ട്രീയ ഉപജാപങ്ങള്‍ എയ്തുവിടുന്ന വിദ്യ മന്‍മോഹനും വശമുണ്ട്. ശീലക്കുറവുകൊണ്ട് ചില അബദ്ധങ്ങള്‍ സംഭവിക്കാം -അതാണ് അമിത്ഷാ-ജി.എസ്.ടി എപ്പിസോഡിലുണ്ടായത്. മൂന്ന്, നേതാവെന്ന നിലയില്‍ കാലിക പ്രശ്‌നങ്ങള്‍ക്കുമേല്‍ പോംവഴി കല്‍പിക്കുമ്പോള്‍ വസ്തുതകള്‍ വിഴുങ്ങാം, അതിനുവേണ്ടി പൊള്ളയായ റെട്ടറിക്കിനെ ഉപയോഗപ്പെടുത്താം. മിതഭാഷിയായ മന്‍മോഹന്‍ സിങ്ങിന്റെ റെട്ടറിക്, നാവിന് എല്ലില്ലാത്ത നമ്മുടെ രാഷ്ട്രീയത്തൊഴിലാളികളുടെ റെട്ടറിക് മാതിരിയല്ല. 'സ്‌പെക്ട്രം സബ്‌സിഡി' പോലുള്ള നവീന ഉപമകളും കാര്‍ഷികോല്‍പാദന വര്‍ധനവിലുമുള്ള ഉല്‍പ്രേക്ഷകളുംകൊണ്ട് സൂക്ഷ്മാലംകൃതമാണ്. ഇതൊക്കെ നിത്യവും സംപ്രേഷണം ചെയ്യാനുള്ളതല്ലല്ലോ.
ഇനി പറയൂ, നമ്മുടെ പ്രധാനമന്ത്രിയുടെ മൗനം ഏതു വകുപ്പില്‍ വരും -വിദ്വാന്‍/വിഡ്ഢി/വിളഞ്ഞ വിത്ത്?


മാധ്യമം

മന്ത്രിമാരുടെ പീഡനം: കോതമംഗലം പെണ്‍കുട്ടിയുടെ കത്തുകള്‍ പുറത്ത്

മന്ത്രിമാരുടെ പീഡനം: കോതമംഗലം പെണ്‍കുട്ടിയുടെ കത്തുകള്‍ പുറത്ത്
മലപ്പുറം: മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍, മുന്‍ സംസ്ഥാന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടി സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകള്‍ പുറത്തായി. കേരള സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.വി. വിജയമ്മക്ക് ഡയറിയുടെ താളുകളില്‍ പെണ്‍കുട്ടി എഴുതിയ കത്തുകളാണിത്.
1996 മുതല്‍ രണ്ടു വര്‍ഷത്തോളം 138 പേര്‍ തന്നെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കത്തില്‍ പറയുന്നു. വ്യക്തമായ തെളിവുകളോടെ പൊലീസിലും കോടതിയിലും ബോധിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പോട്ട ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ച ഡയറിയുടെ താളുകളിലാണ് കത്തെഴുതിയതെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞതായി അഡ്വ. വിജയമ്മ 'മാധ്യമ'ത്തോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കത്തുകളും ആവശ്യങ്ങളും പരിഗണിച്ച് സ്വകാര്യ അന്യായം ഫയല്‍ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാര്‍ദനക്കുറുപ്പിനെ താനും പെണ്‍കുട്ടിയും സമീപിച്ചിരുന്നു.  അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ 18 പേജ് വരുന്ന മൊഴി തയാറാക്കി.
ഇതിനിടയിലാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റാന്‍ ശ്രമം നടന്നത്. പോട്ട ധ്യാനകേന്ദ്രത്തിലെ അച്ചന്‍ ഇടപെട്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. ഭര്‍ത്താവുമൊത്ത് ജീവിക്കണമെന്നും അതിനായി കേരളം വിടുകയാണെന്നും ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും എഴുതിയ കത്താണ് പിന്നെ പെണ്‍കുട്ടി അയച്ചത്. അതിനുശേഷം മറ്റ് വിവരങ്ങളൊന്നുമില്ല. പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീവേദി അതില്‍നിന്ന് പിന്മാറിയത്. ലൈംഗികമായി  പീഡിപ്പിക്കപ്പെടുകയും മയക്കുമരുന്നുകള്‍ക്ക് അടിമയാക്കുകയും ചെയ്ത പെണ്‍കുട്ടി നടക്കാന്‍പോലും കഴിയാത്ത ശാരീരികാവസ്ഥയിലായിരുന്നു. അതിനാലാണ് ചികിത്സക്കായി പോട്ടയിലെത്തിച്ചതെന്നാണറിഞ്ഞതെന്ന് അഡ്വ. വിജയമ്മ പറഞ്ഞു.
കേസൊതുക്കിയതിനെയും മൊഴിമാറ്റിച്ചതിനെയുംകുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലുകളിലും പോട്ട ധ്യാനകേന്ദ്രത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയാണ് മൊഴി തിരുത്തിച്ചതെന്നായിരുന്നു റഊഫിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പൊലീസ് സംഘം ഈ കേസും അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്ത് പുറത്തായത്. പൊലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറാന്‍ തയാറാണെന്ന് വിജയമ്മ പറഞ്ഞു.
ആദ്യകത്തുകളിലൊന്നില്‍ തനിക്കും സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്നും കേസില്‍  ഉറച്ചുനില്‍ക്കുമെന്നും പറയുന്നുണ്ട്. മറ്റൊരു കത്തില്‍ ജീവനില്‍ കൊതിയുണ്ടെന്നും ഭീഷണിയുണ്ടെന്നും എങ്കിലും തനിക്ക് കാവല്‍ നിര്‍ത്തിയ വനിതാ പൊലീസിനെ മാറ്റണമെന്നും പെണ്‍കുട്ടി പറയുന്നു. അവസാനത്തെ കത്തിലാണ്, ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും തന്റെ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെടുന്നത്. ഇത് മറ്റാരുടേയോ സമ്മര്‍ദത്താലാകാനാണ് സാധ്യത.
നേരത്തേ മൂവാറ്റുപുഴ സി.ജെ.എം കോടതിയിലും പൊലീസ് സ്‌റ്റേഷനിലും  പെണ്‍കുട്ടി  മൊഴി നല്‍കിയിരുന്നു. കോടതിയില്‍ 164ാം വകുപ്പുപ്രകാരമുള്ള മൊഴിയാണ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയത്. ഇതാണ് 2003ല്‍ പെണ്‍കുട്ടി മാറ്റിപ്പറഞ്ഞത്.
കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടികളും ഇതേപോലെ കോടതിക്ക് നല്‍കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞിരുന്നു. ഇതിന് സമാനമായ സംഭവങ്ങളാണ് കോതമംഗലം പെണ്‍കുട്ടിയുടെ കാര്യത്തിലുമുണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ കൈമള്‍, സോണി, എല്‍സി തുടങ്ങി മറ്റ് ചിലരുടെ പേരും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.  ഇതില്‍ ചിലര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതികളാണ്.

മാധ്യമം

Saturday, February 19, 2011

ലിബിയ, ബഹറിന്‍, യമന്‍, ഈജിപ്ത്, അള്‍ജീരിയ...തുടരുന്ന പോരാട്ടങ്ങള്‍


ലിബിയയില്‍ 84 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി/സന/അള്‍ജിയേഴ്സ്: ലിബിയ, യെമന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ലിബിയയില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒമാനില്‍ ശനിയാഴ്ച ഒരാള്‍ കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ലിബിയയില്‍ മൂന്നു ദിവസത്തിനിടെ സുരക്ഷാ സേന 84 പേരെ കൊലപ്പെടുത്തിയെന്ന് ഒരു മനുഷ്യാവകാശ സംഘടനയാണ് വെളിപ്പെടുത്തിയത്. ആശുപത്രികളിലും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി.

ലിബിയയില്‍ എങ്ങും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. കിഴക്കന്‍ ലിബിയയിലെ ബെംഗാസി, ബെയ്ഡ, അജ്ദാബിയ, സാവിയ, ദെര്‍ന എന്നീ നഗരങ്ങളില്‍ ആയിരക്കണക്കിനു പ്രക്ഷോഭകരാണ് വെള്ളിയാഴ്ച ഒത്തുകൂടിയത്. ബെംഗാസിയില്‍ പ്രക്ഷോഭകരുടെ കൂട്ടത്തിലേക്ക് കടന്ന് സേന അക്രമം നടത്തി. പ്രക്ഷോഭകര്‍ക്കുനേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം സമാധാനപരമായി റാലി നടത്തിയവര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ നാലിടത്തായി 49 പേര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഭരണാധികാരി മു അമ്മര്‍ ഗദ്ദാഫി ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രക്ഷോഭകര്‍ക്കു നേരെ സേന വെടിവയ്പ് നടത്തുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പേര്‍ മരിച്ചത്. യെമനില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുപത്തൊന്നുകാരന്‍ വെടിയേറ്റു മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യെമന്‍ തലസ്ഥാനമായ സനയില്‍ സര്‍ക്കാര്‍ അനുകൂലികളും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ വെടിവയ്പില്‍ ബസ്സം യാസീന്‍ അബ്ദു എന്ന സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. പ്രതിഷേധവുമായി ആയിരങ്ങള്‍ ശനിയാഴ്ച മാര്‍ച്ച് നടത്തി. ജനാധിപത്യ ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന ആയിരങ്ങള്‍ അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ നടത്താനിരുന്ന റാലി സുരക്ഷാസേന തടഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനവും ശക്തമാക്കുകയാണ്. പ്രക്ഷോഭകര്‍ നഗരങ്ങളിലേക്കു കടക്കുന്നതു തടയാന്‍ റോഡുകള്‍ മുഴുവന്‍ അടച്ചു.

ബഹറൈനില്‍ പട്ടാളത്തെ പിന്‍വലിച്ചു

മനാമ: തലസ്ഥാനത്തെ തെരുവുകളില്‍നിന്നു പിന്മാറാന്‍ ബഹറൈന്‍ ഭരണനേതൃത്വം സൈന്യത്തോട് ഉത്തരവിട്ടു. ഭരണമാറ്റം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. എന്നാല്‍, പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭകരെ നേരിടുന്നത് തുടരുന്നു. രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമാദ് അല്‍ ഖലീഫയാണ് സൈനിക പിന്മാറ്റത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും തെരുവുകളില്‍നിന്ന് പുറത്തേക്ക് നീങ്ങിത്തുടങ്ങി. സൈന്യത്തിന്റെ പിന്മാറ്റം ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്കുനേരെ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 10 പേരെ കസ്റഡിയില്‍ എടുത്തു. ക്രമസമാധാനപാലനം പൊലീസ് നോക്കുമെന്ന് രാജകുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് രാജകുമാരനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി രാജാവ് ഹമാദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശം പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന മുഖ്യപ്രതിപക്ഷമായ അല്‍ വെഫാഖ് തള്ളിയിരുന്നു. സൈന്യം പിന്മാറണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാല്‍, പിന്മാറ്റ ഉത്തരവ് വന്നിട്ടും ചര്‍ച്ചയ്ക്ക് അനുകൂലമായ പ്രതികരണം പ്രതിപക്ഷത്തില്‍ നിന്നുണ്ടായിട്ടില്ല. പേള്‍ സ്ക്വയറില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റാലി നടത്തിയവര്‍ക്കു നേരെ സൈന്യം വെടിവച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രികളും മറ്റും പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെ കൊണ്ടു നിറയുകയാണ്.

പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തുവന്നു. ഹമാദ് ബിന്‍ രാജാവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രക്ഷോഭകരെ സമാധാനപരമായി നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് ഇറാനും സിറിയയുമാണ് പരിശീലനം നല്‍കുന്നതെന്ന് ബഹറൈന്‍ അമേരിക്കയോടു പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തി. മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരോട് രാജാവ് ഹമാദ് ബിന്‍ ആണ് ഇക്കാര്യം പറഞ്ഞത്. 2008ലാണ് ഇതെന്നും വിക്കിലീക്സ് പറയുന്നു.

ബഹറൈനില്‍ രാജവാഴ്ച അവസാനിപ്പിക്കും

മനാമ/ട്രിപോളി/സന/അള്‍ജിയേഴ്സ്: അറബ് മേഖലയിലെ ജനാധിപത്യപ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളില്‍ കത്തിപ്പടരുന്നു. ബഹ്റൈനില്‍ പ്രധാനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭം രാജഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുള്ള ജനമുന്നേറ്റമായി വളര്‍ന്നു. കഴിഞ്ഞദിവസം പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകള്‍ ഭരണകൂടത്തിനെതിരായ വികാരപ്രകടനങ്ങളുടെ വേദിയായി. സ്ത്രീകളടക്കം പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ശനിയാഴ്ച ലക്ഷംപേരുടെ റാലി നടക്കും.

അള്‍ജീരിയ, യമന്‍, മൊറൊക്കോ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലും ജനാധിപത്യഅവകാശങ്ങളും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാണ്. യമനില്‍ തലസ്ഥാനമായ സനായിലും തൈസിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ലിബിയയില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം 50 കവിഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് ഇറാഖിലും പ്രകടനങ്ങള്‍ നടന്നതാണ് ശ്രദ്ധേയമായ മറ്റൊരുസംഭവവികാസം.

ഗള്‍ഫില്‍ അമേരിക്കയുടെ തന്ത്രപ്രധാനപങ്കാളിയായ ബഹ്റൈനില്‍ ജനാധിപത്യപ്രക്ഷോഭകര്‍ 'ഖലീഫ ഭരണം' അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദ്വീപ് രാജ്യമായ ബഹ്റൈന്‍ 1783 മുതല്‍ ഭരിക്കുന്നത് ഖലീഫരാജവംശമാണ്. നിലവില്‍ ഹമദ് രാജാവാണ് ഭരണാധിപന്‍. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ബിന്‍ സല്‍മാനെ നീക്കണമെന്നും പാര്‍ലമെന്റിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍, പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചതോടെ ജനങ്ങളില്‍ അമര്‍ഷം വളര്‍ന്നു. ഇതുവരെ ഏഴ് പേരാണ് പൊലീസ് അതിക്രമങ്ങള്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഷേക് ഈസ ക്വാസിം പറഞ്ഞു. "വിജയംവരെ വിപ്ളവം'' എന്ന മുദ്രാവാക്യം എഴുതിയ പ്ളാക്കാര്‍ഡുകളും വഹിച്ചാണ് സ്ത്രീകള്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തത്.

തൊഴിലില്ലായ്മ 20 ശതമാനമായി ഉയര്‍ന്ന ബഹ്റൈനില്‍ യുവാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിദേശസെക്രട്ടറി ഹിലരി ക്ളിന്റണും പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സും ബഹ്റൈന്‍ ഭരണാധികാരികളുമായി ടെലിഫോണില്‍ സംസാരിച്ചു. പ്രക്ഷോഭത്തിന് നേരെ ബലപ്രയോഗം നടത്തരുതെന്ന് ചൂണ്ടിക്കാട്ടിയതായി വൈറ്റ് ഹൌസ് വക്താവ് ജേ കാര്‍ണി പറഞ്ഞു.

ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ പ്രക്ഷോഭകരും പൊലീസുമായി കനത്ത ഏറ്റുമുട്ടലുണ്ടായി. അഭിഭാഷകര്‍ ഉള്‍പ്പടെയുള്ള പ്രക്ഷോഭകര്‍ മുഖ്യകോടതി ഉപരോധിച്ചു. പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സാദ്ദി നഗരത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യമനിലെ തൈസില്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടി പ്രക്ഷോഭകരില്‍ ഒരാള്‍ മരിച്ചു. അള്‍ജീരിയന്‍ നഗരങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ജോര്‍ദാന്‍തലസ്ഥാനമായ അമ്മാനില്‍ പൊലീസ് അതിക്രമത്തില്‍ എട്ട് പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. മൊറൊക്കോയില്‍ ഞായറാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു.

ഭീതി അകലുന്നില്ല; മനാമ തെരുവുകള്‍ വിജനം

മനാമ: രാത്രികാലങ്ങളില്‍പോലും ഉണര്‍ന്ന മനാമയില്‍ ഇപ്പോള്‍ പകല്‍പോലും ജനത്തിരക്കില്ല. തെരുവുകളില്‍ ആളുകള്‍ വിരളം. ഗതഗതക്കുരുക്കോ ചീറിപ്പായുന്ന വാഹനങ്ങളോ ഇല്ല. സൈനികവാഹനങ്ങള്‍ക്കുപുറമേ അങ്ങിങ്ങായി കുറച്ച് വാഹനങ്ങള്‍ മാത്രം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ആകാശത്ത് വട്ടമിടുന്ന ഹെലികോപ്റ്ററുകള്‍ മാത്രമാണ് നിശ്ശബ്ദതയ്ക്ക് അപവാദം. ബഹറൈനില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍സമൂഹം സുരക്ഷിതരാണെങ്കിലും ആശങ്കയും അനിശ്ചിതത്വവും പ്രകടമാണ്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും അനാവശ്യയാത്ര ഒഴിവാക്കണമെന്നും ഇന്ത്യന്‍ എംബസി ശനിയാഴ്ച ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ശനിയാഴ്ചയും ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു.

മലയാളി കച്ചവടക്കാരുടെ കേന്ദ്രമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നെങ്കിലും വ്യാപാരം നന്നേ കുറവായിരുന്നെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങള്‍ക്ക് വിലകൂടി. രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ക്ഷാമവും രൂക്ഷമായി. ഏറ്റവും പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പേള്‍ റൌണ്ട് എബൌട്ടിനു സമീപമാണ്. ഈ മാര്‍ക്കറ്റുകളിലേക്ക് പോകാന്‍ ജനം മടിക്കുകയാണ്. സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ വീണ്ടും പ്രക്ഷോഭകര്‍ പേള്‍ റൌണ്ട് എബൌട്ട് കേന്ദ്രീകരിച്ചുതുടങ്ങി. പ്രമുഖ കമ്പനികള്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി പാസ്പോര്‍ട്ട് റീ എന്‍ട്രി അടിച്ചുനല്‍കുന്നു. തന്റെ കമ്പനിയിലെ എല്ലാവര്‍ക്കും പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയതായി കാസര്‍കോട് കുമ്പള സ്വദേശി മഹേഷ് പറഞ്ഞു. അവധിക്കുപോയവര്‍ മടങ്ങിവരവ് നീട്ടുന്നുണ്ടെന്ന് ട്രാവല്‍ ഏജന്റായ സൈനല്‍ അറിയിച്ചു. പുതിയ വിസ ലഭിച്ചവരും വരവ് നീട്ടിവയ്ക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ പ്രമുഖ ഗവര്‍ണറേറ്റായ മുഹറഖില്‍ ജനജീവിതം സാധാരണ നിലയിലാണ്. പൊതുവേ ശാന്തിയുടെ ദ്വീപെന്നറിയപ്പെടുന്ന ഇവിടെ ഒരു പ്രശ്നവുമില്ല. മലയാളികളുടെ ആദ്യ കുടിയേറ്റകേന്ദ്രമായ ഇവിടം മലയാളികളുടെ പ്രധാന ആവാസകേന്ദ്രമാണ്.
(പി എ യാസിന്‍)

ഈജിപ്തില്‍ സമരം ശക്തമായി തുടരുന്നു

കെയ്റോ: സമരം നിരോധിച്ച് പട്ടാളനേതൃത്വം ഉത്തരവിട്ടെങ്കിലും ഈജിപ്തില്‍ തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം തുടരുന്നു. മെച്ചപ്പെട്ട വേതനവും ജീവിതസാഹചര്യവും ആവശ്യപ്പെട്ട് എല്ലാ മേഖലയിലും സമരം നടക്കുകയാണ്. ഫാക്ടറിത്തൊഴിലാളികളും ടെക്സ്റൈല്‍, ബാങ്ക്, റെയില്‍വേ, വിമാനഗതാഗതം, ഖനി, വിനോദസഞ്ചാരം, മുനിസിപ്പല്‍ മേഖലകളും സമരത്തിന് ഇറങ്ങിയിരിക്കയാണ്. സമരം അനുവദിക്കില്ലെന്ന് വെള്ളിയാഴ്ചയാണ് സൈനിക കൌസില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന സമരങ്ങള്‍ പൊറുക്കാനാകില്ലെന്ന് കൌസില്‍ പറഞ്ഞു. ഇടക്കാല മന്ത്രിസഭ ചെറിയ തോതില്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് സൈനികനേതൃത്വം അറിയിച്ചു. അഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മൂന്നോ നാലോ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തും. പഴയ സര്‍ക്കാരില്‍ ഉള്‍പ്പെടുന്നവരെ മാറ്റണമെന്ന് പ്രക്ഷോഭകര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

യമനില്‍ വീണ്ടും ഏറ്റുമുട്ടല്‍

സനാ/ട്രിപോളി: യമനില്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ലിബിയയിലും ജനകീയപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യമന്‍ തലസ്ഥാനമായ സനയില്‍ തുടര്‍ച്ചയായ ആറാം നാളിലും ആയിരങ്ങള്‍ അണിനിരന്ന റാലി നടന്നു. സര്‍വകലാശാലാ വിദ്യാര്‍ഥികളും പങ്കെടുത്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ആകാശത്തേക്ക് വെടിവയ്പും നടത്തി.

ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്ക്കെതിരായി ആരംഭിച്ച പ്രക്ഷോഭം സലേഹിന്റെ 32 വര്‍ഷമായി നീളുന്ന ദുര്‍ഭരണത്തിനെതിരായ ജനമുന്നേറ്റമായി മാറി. ഇതിനിടെ, 40 വര്‍ഷമായി കേണല്‍ ഗദ്ദാഫിയുടെ ഭരണത്തിലുള്ള ലിബിയയിലും പ്രക്ഷോഭം ആരംഭിച്ചു. ഗദ്ദാഫിസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു അഭിഭാഷകനെ അറസ്റ്ചെയ്തതിനെത്തുടര്‍ന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകവും റബര്‍ വെടിയുണ്ടയും പ്രയോഗിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ അറസ്റ് ചെയ്തു.

ജാഗ്രത

Thursday, February 17, 2011

ചോദ്യം പ്രധാനമന്ത്രിയോട് . ഡോ . സെബാസ്റ്റ്യന്‍ പോള്‍

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിക്ക് മാധ്യമങ്ങളിലൂടെ ജനങ്ങളോടു സംസാരിക്കാം. മൗനത്തിന്റെ പര്യായമായി മാറിയപ്പോഴാണ് മന്‍മോഹന്‍ സിങ്, പത്രഭാഷയില്‍ പറഞ്ഞാല്‍, മനസ്സ് തുറക്കാന്‍ തീരുമാനിച്ചത്. അതിന് അദ്ദേഹം തെരഞ്ഞെടുത്തത് ദല്‍ഹിയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയാണ്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ടെലിവിഷന്‍ വര്‍ത്തമാനത്തില്‍ അരുണ്‍ പുരി, രാജ്ദീപ് സര്‍ദേശായി, പ്രണയ് റോയ്, അര്‍ണാബ് ഗോസ്വാമി തുടങ്ങിയവര്‍ക്കൊപ്പം ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശവും പങ്കെടുത്തു.
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചായിരുന്നു രഘുവംശത്തിന്റെ ചോദ്യം. മുന്‍ ചീഫ്ജസ്റ്റിസ് കഥാപാത്രമായുള്ള വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മൗനത്തിനു സമാനമായ മറുപടിയാണ് മന്‍മോഹന്‍ സിങ് നല്‍കിയത്. പിന്നാമ്പുറങ്ങളില്‍ നടക്കുന്ന വേഴ്ചകളും വീഴ്ചകളും ഉമ്മറത്തിരിക്കുന്ന താന്‍ അറിയേണ്ടതില്ലെന്ന മട്ടിലായിരുന്നു ഉത്തരങ്ങള്‍. അതുകൊണ്ടാണ് Unpersuasive interaction എന്ന് പ്രധാനമന്ത്രിയുടെ ഇലക്‌ട്രോണിക് വര്‍ത്തമാനത്തെ 'ദ ഹിന്ദു' മുഖപ്രസംഗത്തിലൂടെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം അപൂര്‍വമായി നടക്കുന്ന പ്രതിഭാസമാണ്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലെയല്ല പ്രധാനമന്ത്രി. ആറു വര്‍ഷത്തിനിടയില്‍ മൂന്ന് വാര്‍ത്താസമ്മേളനങ്ങളാണ് മന്‍മോഹന്‍സിങ് നടത്തിയത്. മൗനംകൊണ്ട് വിദ്വാനാകില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഇപ്പോള്‍ ഒരു മണിക്കൂര്‍ വര്‍ത്തമാനം പറയാനിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്ന തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കാണ് ഉപചോദ്യങ്ങളും ഇടപെടലുകളും ഇല്ലാതെ പ്രധാനമന്ത്രി ഉത്തരം പറയുന്നത്. കേരളത്തില്‍ ആര്‍ക്കും എന്തും ചോദിക്കാം. ഉത്തരങ്ങള്‍ കിട്ടും. സംസാരാന്ത്യം കസേരയില്‍നിന്ന് എഴുന്നേറ്റ ശേഷമുള്ള ഉത്തരങ്ങളിലൂടെയാണ് അച്യുതാനന്ദന്‍ പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ദല്‍ഹിയില്‍ മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നില്ല. അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നില്ല. പകരം വാര്‍ത്താ പ്രക്ഷേപണ മന്ത്രിയാണ് കാബിനറ്റ് തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്. മന്ത്രി പറയുന്നത് കേള്‍ക്കുകയല്ലാതെ ചോദ്യങ്ങള്‍ക്ക് ഇടമില്ല. ചോദിച്ചതുകൊണ്ടും കാര്യമില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ അത്യപൂര്‍വമായ വാര്‍ത്താസമ്മേളനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. പലപ്പോഴും അത് സംഭവിക്കുന്നത് ആകാശത്തായിരിക്കും. വിദേശയാത്ര കഴിഞ്ഞുള്ള ആലസ്യത്തില്‍ വിമാനത്തില്‍ നടക്കുന്ന വാര്‍ത്താസമ്മേളനം ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ല.
ഭരണം സുതാര്യമാണെങ്കില്‍ വാര്‍ത്താസമ്മേളനം ഫലപ്രദമാകും. ജനതയോട് സംവദിക്കുന്നതിന് അതിനേക്കാള്‍ നല്ല അവസരം ഭരണാധികാരിക്ക് കിട്ടാനില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ഭരണാധികാരി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നു കഴിയാന്‍ ആഗ്രഹിക്കുന്നത്? അഴഗിരിയെപ്പോലെ ഭാഷാപരമായ പ്രശ്‌നമുള്ളയാളല്ല മന്‍മോഹന്‍സിങ്. പക്ഷേ, മുഷിപ്പുളവാക്കുന്നതാണ് അദ്ദേഹത്തിന്റെ യാന്ത്രികമായ വര്‍ത്തമാനം. പരിമിതി അറിഞ്ഞ് നിയന്ത്രണം പാലിക്കുന്നതുകൊണ്ട് അദ്ദേഹം മിതഭാഷിയാകുന്നതല്ല. കരിമ്പൂച്ചകളുടെ നടുവില്‍ ഉപദേഷ്ടാക്കളുടെ വര്‍ത്തമാനം മാത്രം കേള്‍ക്കുന്ന മന്‍മോഹന്‍സിങ്ങിന് ആരോടും ഉത്തരവാദിത്തമില്ല. ലോക്‌സഭാംഗമല്ലാത്തതിനാല്‍ സഭയോടും ഉത്തരവാദിത്തമില്ല. ലോക്‌സഭയുടെ വിശ്വാസം ഉറപ്പാക്കാന്‍ പ്രണബ് മുഖര്‍ജിയുണ്ട്.
ജനങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത പ്രധാനമന്ത്രിയായതിനാല്‍ മന്‍മോഹന്‍ സിങ്ങിന് മാധ്യമങ്ങളുടെ പിന്തുണ ആവശ്യമില്ല. വാര്‍ത്താസമ്മേളനം അദ്ദേഹത്തിന് അനാവശ്യവ്യായാമമോ ഒഴിവാക്കാവുന്ന ആഡംബരമോ മാത്രമാണ്. ജനങ്ങളോട് നേരിട്ട് ബന്ധപ്പെടാന്‍ നിര്‍ബന്ധിതനാകുന്ന അമേരിക്കന്‍പ്രസിഡന്റിന്റെ അവസ്ഥയും ഇതുതന്നെ. 2004ല്‍ ജോര്‍ജ് ബുഷ് തുടര്‍ച്ചയായ 214 ദിവസം മാധ്യമങ്ങളോട് മിണ്ടിയതേയില്ല. ജനങ്ങളുമായി അനായാസം ഇടപഴകി വൈറ്റ് ഹൗസിലെത്തിയ ബറാക് ഒബാമ ഈ റെക്കോര്‍ഡ് ഭേദിച്ചു. 2009 ജൂലൈ 22ന് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഒബാമ വീണ്ടും പത്രക്കാരെ കാണുന്നത് 307 ദിവസങ്ങള്‍ക്ക് ശേഷമാണ്.
വുഡ്രോ വില്‍സണാണ് വാര്‍ത്താ സമ്മേളനത്തിനു തുടക്കമിട്ട അമേരിക്കന്‍പ്രസിഡന്റ്. 1913ലായിരുന്നു അത്. പക്ഷേ, അന്ന് എല്ലാം ഓഫ് ദ റെക്കോഡായിരുന്നു. പ്രസിഡന്റിനെ ഉദ്ധരിക്കാതെ കേട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരുന്നു അനുവാദം. പത്രങ്ങള്‍ മാത്രമുള്ള കാലത്ത് ഓഫ് ദ റെക്കോഡ് എന്ന രീതി പതിവായിരുന്നു. ഓഫ് ദ റെക്കോഡായി പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലായിരുന്നു. എന്നാല്‍, ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ സംപ്രേഷണം തത്സമയമായപ്പോള്‍ ഓഫ് ദ റെക്കോഡ് എന്ന ഏര്‍പ്പാട് ഇല്ലാതായി. പറയുന്നത് ഉടന്‍ ജനം കേള്‍ക്കുന്നതിനാല്‍ ആര്‍ക്കും ഒന്നും തിരുത്താന്‍ കഴിയില്ല. പാര്‍ലമെന്റിലും ഈ പ്രശ്‌നമുണ്ട്. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ സ്‌പീക്കര്‍ക്ക് പിന്നീടൊന്നും രേഖയില്‍നിന്ന് നീക്കം ചെയ്യാനാവില്ല. സാങ്കേതികമായി നീക്കം ചെയ്താലും അതിന് അര്‍ഥമില്ലാതായി. ഐസന്‍ഹോവറിന്റെ വാര്‍ത്താ സമ്മേളനമാണ് ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. ഏറ്റവുമധികം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയ പ്രസിഡന്റായിരുന്നു ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്. മൊത്തം 1,023 പത്രസമ്മേളനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. മുപ്പതുകളിലെ സാമ്പത്തികമാന്ദ്യവും തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധവും ജനങ്ങളെ വിശ്വാസത്തിലെടുത്ത് വിജയകരമായി തരണം ചെയ്യാന്‍ റൂസ്‌വെല്‍റ്റിനു സാധിച്ചത് വിജയകരമായ വാര്‍ത്താസമ്മേളനങ്ങളിലൂടെയായിരുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ വാര്‍ത്താസമ്മേളനങ്ങളുടെ സാധ്യതയെ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നില്ല. പാര്‍ലമെന്റിലായാലും പത്രസമ്മേളനത്തിലായാലും പ്രധാനമന്ത്രി ഇരിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നതിനും ഉത്തരം പറയുന്നതിനുമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍പോലും വാര്‍ത്താസമ്മേളനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിദേശകാര്യസെക്രട്ടറിയെ നീക്കം ചെയ്യാനുള്ള തീരുമാനം രാജീവ്ഗാന്ധി ഭംഗ്യന്തരേണ അവതരിപ്പിച്ചത് വാര്‍ത്താസമ്മേളനത്തിലാണ്. വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ വിദേശകാര്യ സെക്രട്ടറി രാജിവച്ചു. ബജറ്റ് സമ്മേളനത്തിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന പ്രധാനപ്പെട്ട സൂചന മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമസംവാദത്തില്‍നിന്ന് ലഭിച്ചു.
പത്രങ്ങളുടെ അനിവാര്യതയെക്കുറിച്ച് വാചാലമായി സംസാരിച്ച തോമസ് ജഫേഴ്‌സണും അധികാരത്തിലെത്തിയപ്പോള്‍ പത്രക്കാരോട് അകലുകയാണുണ്ടായത്. അതിനു കാരണങ്ങള്‍ കണ്ടേക്കാമെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കി ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. ഇലക്‌ട്രോണിക് യുഗത്തില്‍ ലൈവായി ജനസമക്ഷം എത്തുന്നതിനുള്ള ഉപാധിയാണ് വാര്‍ത്താസമ്മേളനം. അത് പ്രയോജനപ്പെടുത്താതെ മാധ്യമങ്ങളില്‍നിന്ന് അകലുന്നവര്‍ വാസ്തവത്തില്‍ അകലുന്നത് ജനങ്ങളില്‍ നിന്നാണ്. ഭരണത്തിന്റെ തിരക്ക് നിമിത്തവും സുരക്ഷാകാരണങ്ങളാലും ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ടി വരുമ്പോള്‍ അടുപ്പത്തിനുള്ള സംവിധാനമാണ് വാര്‍ത്താസമ്മേളനങ്ങള്‍. പത്രമായാലും ടെലിവിഷനായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനുള്ള അവസരമാണ് പ്രധാനമന്ത്രിക്ക് വാര്‍ത്താസമ്മേളനത്തിലൂടെ ലഭിക്കുന്നത്.

മാധ്യമം

Tuesday, February 15, 2011

ജാഹ്നവി വൈദ്യനാഥന്‍ - മത്താപ്പ്

 ഒരു തീത്തുള്ളി. നിങ്ങള്‍ക്കിതിനെ കഥയെന്ന് വിളിക്കാം , അല്ലെങ്കില്‍ കവിത എന്ന്.  ജീവിതത്തില്‍ നിന്നും പറിച്ചെടുക്കുന്ന നിമിഷത്തിനെ പാകപ്പെടുത്തേണ്ടത് വാക്കുകളുടെ ചേരുവകകളിലാകുമ്പോള്‍ മറ്റൊരാളിലേക്ക് പകരാനാവാതെ പോകുന്നത് നേരിട്ട് അനുഭവിച്ച ക്ഷതികളുടെ തീക്ഷ്ണതകളെയാണ്. ആയതുകൊണ്ടുതന്നെയാണ് വാക്കുകളുടെ മര്‍മ്മമറിഞ്ഞ പ്രജാപതി പോലും  ഭാഷ അപൂര്‍ണം എന്ന് വിലപിച്ചത്. ഭാഷയെ പിന്തള്ളുക എന്നത് എഴുത്തുകാരന്റെ എക്കാലത്തേയും സജീവമായ വെല്ലുവിളിയാകുന്നതും ആ വെല്ലുവിളിയെ മറികടക്കാനാവാതെ വീണ്ടും വീണ്ടും അതേ നിലവിളി അവന് ഉയര്‍ത്തേണ്ടിവരുന്നതും. എഴുത്തുകാരന്റെ ഇത്തരം പരീക്ഷണങ്ങളെ ആദരവോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍ .  പൊട്ടിക്കരച്ചിലിനെക്കാള്‍ അമര്‍ത്തിയ ഒരു വിങ്ങിപ്പൊട്ടലായി എഴുത്ത് അനുഭവിക്കാനാകുമോ എന്ന കൌതുകത്തിനപ്പുറം പകര്‍ത്തപ്പെടുന്ന വൈയക്തികനിമിഷങ്ങളെ എത്രമാത്രം ആഴത്തില്‍ പകരാനാവുന്നുണ്ട് എന്ന ചിന്തക്കും പ്രാധാന്യമുണ്ട്. ഈ തലത്തില്‍ , രണ്ടു നിമിഷങ്ങളുടെ താരതമ്യഫലമായി ഉടലെടുത്ത ഒരു കഷണം ജീവതത്തെ നിങ്ങള്‍ കാണുക. അവ്യക്തമായ എന്തോ ഒന്ന് , പുറത്തേക്ക് ഗമിക്കാത്തത് , എന്നാല്‍ അകത്ത് ഒതുങ്ങാത്തത് ഈ കഥയിലുണ്ട്.കണ്ണാടിത്തുണ്ടിലെ ഈ ജീവിതത്തെ എനിക്കിഷ്ടമായി. പൂര്‍ണം എന്ന അര്‍ത്ഥത്തിലല്ല , മറിച്ച് പൂര്‍ണത തേടുവാനുള്ള കാമ്പ് ഈ എഴുത്തുകാരനിലുണ്ട് എന്ന അര്‍ത്ഥത്തില്‍ വായിക്കുക. ഒഴിവാക്കാമായിരുന്ന ചില പ്രയോഗങ്ങളുടെ വൃഥാസ്ഥൂലത അഭികാമ്യമല്ല തന്നെ
----------------------------------------------------------------------------

 വെടിയുണ്ടകളെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്ന ആ അരമതിലില്‍ കണ്ണുടക്കി നില്‍ക്കുമ്പോഴും, ജാഹ്നവി വൈദ്യനാഥന്റെ കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഒറ്റ നോട്ടത്തില്‍ പിടിതരാതെ, അവള്‍ വാരിപ്പൂശിയ ഭാവങ്ങള്‍ സാരിയുടെ കോന്തല വലിച്ചു, മുഖം മറച്ചു.
ജാഹ്നവി വൈദ്യനാഥന്‍ ഒരു വീട്ടമ്മയാണ്.
വലിയ ബിരുദങ്ങള്‍ മഞ്ഞ ലോഹത്തോടൊപ്പം ഭര്‍തൃഗൃഹത്തിലെ അലമാരയില്‍ വച്ചു പൂട്ടി,
രാവിലെ മുതല്‍ രാത്രി വരെ ഭര്‍ത്താവിനും കുഞ്ഞിനും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന,
സംതൃപ്തയായ ഒരു വീട്ടമ്മ.

വൈദ്യനാഥന്‍ രാമകൃഷ്ണന്‍ സന്തോഷവാനായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന അയാളുടെ കുടുംബവും.
ഭര്‍ത്താവിന്റെ പതിവുകള്‍ക്കൊപ്പിച്ച്, സമയവും സമയദോഷവും മുറിച്ചു പങ്കു വച്ചിരുന്ന ഭാര്യ, മകള്‍...
തോളില്‍ കറുത്ത തുകല്‍ ബാഗ്, പൊതിച്ചോറ്, മടക്കി വച്ച ഹിന്ദു പത്രം. ചുവപ്പും പച്ചയും പേനകള്‍...
ചാറ്റല്‍മഴയുള്ളൊരു ദിവസം, സുപ്രഭാതം കേട്ട്, അരിപ്പോടിക്കോലം  കവച്ചു വക്കാതെ കടന്ന്,
സ്വന്തം പതിവുകളില്‍ തൂങ്ങിയാടി സ്റ്റേറ്റ് ബാങ്കില്‍ ജോലിക്ക് പോയി ആ പട്ടര്.

ഉച്ചവെയിലില്‍ തണുപ്പ് വിട്ടു നില്‍ക്കുന്നു.
നഴ്സറിയില്‍ നിന്നും തന്റെ മൂന്ന് വയസ്സുകാരി ഇപ്പോള്‍ വീട്ടിലെത്തിയിരിക്കും.
പറയാതെ പോന്നതിലുള്ള സങ്കടം കൂട്ടിയെടുത്തു മൂക്കത്ത് വച്ചത് അയാള്‍ക്ക് ഇവിടെ നിന്ന് കാണാം.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ നിസ്സഹായനായിരുന്നു.
അമ്മ എന്നെഴുതാനറിയാത്ത കുഞ്ഞിനോട് അമ്മ മരിച്ചുവെന്ന് എങ്ങനെ പറയും?
കിഴക്കും പടിഞ്ഞാറും, കള്ളങ്ങള്‍ ഇരുട്ടി വെളുക്കാന്‍ തുടങ്ങി.
ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ച കള്ളങ്ങള്‍ തട്ടിയിട്ട്, ഒരു ദിവസം കുഞ്ഞു ജാഹ്നവി ചോദിച്ചു.
"അപ്പാ, അമ്മ എരന്ത്‌ പോയിട്ടാര്‍ ഇല്ലിയാ?"
അരമതിലില്‍ വീണു ചിതറിയ കണ്ണുനീര്‍ത്തുള്ളികള്‍ വൈദ്യനാഥന്‍ രാമകൃഷ്ണന്റെതായിരുന്നു...

പിന്നെയും ഒരുപാട് കാലം, വെയിലും മഴയും അരമതിലിനോട് കിന്നാരം പറഞ്ഞു.
ജാഹ്നവി വൈദ്യനാഥന്‍ ഒരെട്ടുകാലി വലയിലെന്ന പോലെ, വട്ടത്തിലും നീളത്തിലുമുള്ള ചരടുകളില്‍ കുരുങ്ങിക്കിടന്നു.
തൊട്ടും തൊടാതെയും ഒട്ടിപ്പിടിച്ച ഇഴകളില്‍ ശുഷ്കമായ ബന്ധുബലം ഇര തേടി.
മകള്‍, അമ്മ, ഭാര്യ....

ഇളവെയിലില്‍, പൊളിഞ്ഞു തുടങ്ങിയ അരമതില്‍ ചാരി, ജാഹ്നവി വൈദ്യനാഥന്‍ ചിരിച്ചുകൊണ്ടിരുന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്റെ മരണ വാര്‍ത്തയെ അവള്‍ അങ്ങനെയാണേറ്റുവാങ്ങിയത്.
"അമ്മ മരിച്ചപ്പോള്‍ അച്ഛന് കള്ളം പറയാന്‍ ഞാന്‍ ഉണ്ടായിരുന്നു,
ഇപ്പോള്‍ കള്ളം പറയാനും, മറച്ചു വച്ചു സന്തോഷിപ്പിക്കാനും പേരിനു പോലും എനിക്ക് ആരും ഇല്ലല്ലോ!!!"
കളഭം പൂശി, നര കയറിയ തല തടവി നടന്നു പോയ, വൈദ്യനാഥന്‍ രാമകൃഷ്ണന്‍ എന്ന പട്ടരുടെ പേരെഴുതിയ ചരടുകള്‍ അവള്‍ക്കിനി മുറിച്ചു കളയാം.

ജാഹ്നവി വൈദ്യനാഥന്‍ തിരിച്ചു നടന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ ഒരു കുടത്തിനുള്ളിലെ ചാരത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു.

അച്ഛനോടൊപ്പം മരിച്ചത് മകള്‍ മാത്രമായിരുന്നു, അമ്മയും ഭാര്യയും പിറകില്‍ ഊഴം കാത്തു നില്‍ക്കുന്നു.
"ജാഹ്നവീ, എന്ന സായംകാലത്തിലെ കനാ കണ്ട് നിക്കറെന്‍?"
"അമ്മാ..... പശിക്കുത്....."
നേരമായി. ജാഹ്നവി വൈദ്യനാഥന് ഇനിയും എട്ടുകാലി വലകളില്‍ കുരുങ്ങിക്കിടക്കാം.
ചുമതലകളുടെ പശ ഒട്ടി നില്‍ക്കുന്നത് വരേയ്ക്കും രമിക്കാം, ശേഷം മരിക്കാം.....


പേജ്

Saturday, February 5, 2011

ഐസ്ക്രീം പുരട്ടിയ വദനസുരതം

തലച്ചോറിന്റെ മടക്കുകളില്‍ ജാഗ്രതയുടെ വിളക്കുമാടങ്ങളെരിയുന്നവര്‍ അസ്വസ്ഥരാകുന്നത്, മദ്യലഹരിയില്‍ കെ സി പീറ്റര്‍ നടത്തിയ പുലമ്പലുകളുടെ ഒളികാമറ ദൃശ്യങ്ങള്‍ കണ്ടല്ല. തുറന്നുപിടിച്ച ചാനല്‍ കാമറകളുടെ ഫോക്കല്‍ പോയിന്റിലിരുന്ന് സാക്ഷാല്‍ പി. കെ. കുഞ്ഞാലിക്കുട്ടി നടത്തിയ വെളിപ്പെടുത്തലുകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പൂരിപ്പിക്കുക മാത്രമേ കെ. സി. പീറ്ററും കെ എ. റൗഫും ചെയ്യുന്നുളളൂ. റൗഫും പീറ്ററും പിന്നെ പേരുളളവരും ഇല്ലാത്തവരുമായ മറ്റനേകരും അടങ്ങിയ അധോലോകസംഘം തഴച്ചു വളര്‍ന്നതും മദിച്ചു തിമിര്‍ത്തതും ചീര്‍ത്തുപുഴുത്തതും കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കരുത്തിന്റെ തണലിലാണ്. കുട പിടിച്ചും കൂര പണിതും ഈ അധോലോക ഭീകരന്മാര്‍ക്കു തണലും താവളവുമൊരുക്കിയത് യുഡിഎഫ് രാഷ്ട്രീയവും. ഭരണവ്യവസ്ഥയും നീതിന്യായ സംവിധാനങ്ങളും ചവിട്ടിത്തേച്ചു കുതിച്ചു പാഞ്ഞ ഈ ഭീകരവാഴ്ചയുടെ ഓര്‍മ്മകളില്‍ നിന്നും സ്വന്തം വായനക്കാരെയെങ്കിലും അകറ്റിനിര്‍ത്താനാവുമോ എന്ന പരീക്ഷണമാണ് വോട്ടിനായി ഇത്ര താഴാമോ എന്ന മനോരമയുടെ മുഖപ്രസംഗം.

യുഡിഎഫിന്റെ കായകല്‍പ ചികിത്സയ്ക്കുളള കുറിപ്പടിയായി തയ്യാറാക്കിയ മുഖപ്രസംഗത്തിന്റെ ഗണപതിക്കഷണം തന്നെ കുഞ്ഞാപ്പയ്ക്കുളള പാഷാണമായി മാറുന്നതു കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. കുഞ്ഞാലിക്കാലത്തിന്റെ നാറുന്ന ഓര്‍മ്മകളില്‍ മൂക്കുപൊത്തിയാവണം യുഡിഎഫിനെ ഐസ്‌ക്രിം പുരട്ടി വെളുപ്പിക്കാന്‍ മനോരമയുടെ ലീഡര്‍ റൈറ്റര്‍ പേനയെടുത്തത്. പേന വിറച്ചതും വക്രബുദ്ധി ഒരുനിമിഷം സ്തംഭിച്ചുപോയതും സ്വാഭാവികം. സത്യം പുറത്തുചാടുന്ന മുഖപ്രസംഗവാചകങ്ങള്‍ വാചകങ്ങള്‍ ഇങ്ങനെയാണ്:

പാര്‍ലമെന്റ് പഞ്ചായത്ത് തിരിച്ചടികള്‍ക്കു ശേഷം, തിരഞ്ഞെടുപ്പുരഥം ഉരുണ്ടു വരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുളള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുളള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.
ബൂമറാങ്ങാകുന്ന വാചകങ്ങള്‍ എഴുതാനും പ്രത്യേക കഴിവു വേണം. കുപ്രസിദ്ധിയുളള കേസുകളില്‍ പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവനെന്ന മനോരമയുടെ കൂരമ്പു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ കരളു പിളര്‍ന്നാണ് പാഞ്ഞുപോകുന്നത്. അധികാരത്തിന്റെ തണലും കരുത്തും സാധ്യതകളും വ്യഭിചാരത്തിനും ഉപജാപത്തിനും മാത്രം ചെലവഴിച്ചു നേടിയ കുപ്രസിദ്ധിയുടെ പുരീഷകമ്പളം ചുറ്റി കുഞ്ഞാലിക്കുട്ടി നഗരപ്രദക്ഷിണം നടത്തുമ്പോള്‍, "ഹോ, നാറുന്നു" എന്നുറക്കെ പറഞ്ഞുപോയതാണ് മനോരമയെ പ്രകോപിപ്പിച്ചത്. നിയമവ്യവസ്ഥയെയും ധാര്‍മ്മികമൂല്യങ്ങളെയും വെല്ലുവിളിച്ച് അഴിഞ്ഞാടിയ അധോലോക സംഘം തമ്മിലടിച്ചു തകരുന്നതു കാണുമ്പോള്‍ എകെജി സെന്റര്‍ നിശബ്ദ താഴ്‌വരയാകണം പോലും.

റൗഫും പീറ്ററും അവിടെ നില്‍ക്കട്ടെ. ആ സാക്ഷിമൊഴികളുടെ സാധുത നമുക്കു പിന്നെ പരിശോധിക്കാം. ആദ്യം കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്തെന്നു വ്യക്തമായി കേള്‍ക്കാം.... (യാതൊരു ആത്മവിശ്വാസവുമില്ലാതെ ബ്ലാക്ക്‌മെയില്‍ എന്ന വാക്ക് അദ്ദേഹം പെടുന്ന പാട് ശ്രദ്ധിച്ചു കേള്‍ക്കുക)
video
ഇത്തരം കാര്യങ്ങളിലൊക്കെ.... പലകാര്യങ്ങളും (പിന്നെ പറയുന്നത് അവ്യക്തം...) ബ്ലാക്ക്‌മെയില്‍ ചെയ്യാനുളള ശ്രമം. വീണ്ടും ബ്ലാക്ക്‌മെയില്‍ ചെയ്യാനുളള പുറപ്പാടാണെന്നാണ് എന്റെ സംശയം. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം, ഇന്നലെവരെ പലതും നടന്നിട്ടുണ്ടാകും. അതായത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. അതുപോലെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. ഏതു മനുഷ്യനായാലും അങ്ങനത്തെ സന്നിദ്ധഘട്ടങ്ങള്‍ വരാം. പക്ഷേ, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. കൊന്നാലും ശരി, ബ്ലാക്ക്‌മെയില്‍ ചെയ്താലും ശരി. ഇനി അവിഹിതമായ ഒരു കാര്യത്തിനും അയാള്‍ക്കെന്നല്ല ഒരാള്‍ക്കും ഞാന്‍ കൂട്ടുനില്‍ക്കില്ല. കൂട്ടുനിന്നു കൊടുക്കൂല. ഞാനിത് ശിഹാബ് തങ്ങള്‍ക്കു കൊടുത്തിട്ടുളള വാക്കാണ്. ഈ കാര്യങ്ങളൊക്കെ മരിക്കുന്ന ദിവസം വരെ, മരിക്കുന്ന അന്നുപോലും ശിഹാബ് തങ്ങള്‍ എന്നോടു സംസാരിച്ചതാണ്. തുടര്‍ന്ന് ഒരു ചോദ്യത്തിനുളള മറുപടി ഇങ്ങനെ.... ഇപ്പോ വിളിക്കാറില്ല. വിളിക്കാനുളള ഫ്രീഡം ഇല്ല... എല്ലാരും കണ്ടിട്ടുളളതല്ലേ... അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഇങ്ങനെ... കണ്ടിട്ടില്ലേ... ആ കുറ്റസമ്മതം ഞാന്‍ തന്നെ ഏറ്റു പറയുന്നു. അതിനി ഉണ്ടാവൂലന്നാ പറഞ്ഞത്.... വിളിച്ചിട്ടുണ്ടോന്നാ ചോദിച്ചത്... വിളിക്കുക മാത്രമോ... വിളിച്ച് എത്ര പ്രാവശ്യം മുളളിന്റെ മോളില് നിര്‍ത്തീട്ട്ണ്ട്... അതിപ്പോ നിങ്ങള്‍ക്കൊക്കെ.... നിങ്ങളെക്കുറിച്ചൊരു വ്യാജസീഡി... ഈ മാതിരി വല്ല കേസിലും പെട്ടത് ഇങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ അപ്പളേ മനസിലാവൂ.. ഇപ്പോ മനസിലാവില്ല... (തുടര്‍ന്ന് ദുര്‍ബലമായ ഒരു പൊട്ടിച്ചിരി)... വളരെ ഈസിയാടോ..
ഏതൊരു സാധാരണക്കാരന്റെയും മനസില്‍ നിന്ന് ചോദ്യശരങ്ങള്‍ ചിതറിത്തെറിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണിവ. റൗഫ് എന്തിനാണ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്തത്. ബ്ലാക്‌മെയില്‍ ചെയ്ത് കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് റൗഫ് നേടിയതെന്തൊക്കെ... ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാവുമന്ന് പത്രക്കാരുടെ മുന്നില്‍ കുഞ്ഞാലിക്കുട്ടി ഏറ്റുപറയുമ്പോള്‍, നടന്നതെന്തൊക്കെ എന്ന് വിശദീകരിക്കേണ്ട ബാധ്യത അദ്ദേഹത്തിനു തന്നെയല്ലേ. ഏതു മനുഷ്യനായാലും അത്തരം ചില സന്നിദ്ധഘട്ടങ്ങള്‍ വരാമത്രേ. ഏതുതരം സന്നിദ്ധഘട്ടങ്ങള്‍? എന്തുകൊണ്ട് ഘട്ടങ്ങള്‍ സന്നിദ്ധമായി?
ശിഹാബ് തങ്ങളെപ്പിടിച്ച് ആണയിടുന്ന ഭാഗം അക്ഷരാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടിയെ തൊലിപൊളിച്ചു കിടത്തുന്നുണ്ട്. തന്റെ പാപകര്‍മ്മങ്ങളൊക്കെയും കുറിച്ചിട്ട കണക്കുപുസ്തകം മരിക്കുന്ന ദിവസം വരെ ശിഹാബ് തങ്ങളുടെ മനസില്‍ തുറന്നു തന്നെ കിടന്നിരുന്നു എന്നു സാക്ഷ്യപ്പെടുത്തിയത് റൗഫും പീറ്ററുമല്ല, കുഞ്ഞാലിക്കുട്ടി തന്നെയാണ്. റൗഫ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തത്, മുള്‍മുനയില്‍ നിര്‍ത്തി കരസ്ഥമാക്കിയ ആനുകൂല്യങ്ങളുടെ വലിപ്പം, കുഞ്ഞാലിക്കുട്ടിയ്ക്കു മേല്‍ റൗഫിനുണ്ടായിരുന്ന സ്വാധീനത്തിന്റെ ആഴവും കാരണവും ഒക്കെ ശിഹാബ് തങ്ങള്‍ക്കും അറിയാമായിരുന്നു. പൊന്നു കുഞ്ഞാപ്പാ, ഇതൊന്നും ഇനി ആവര്‍ത്തിച്ച് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തല്ലേ എന്നു നൊന്തപേക്ഷിച്ചാണ് ശിഹാബ് തങ്ങള്‍ പരലോകത്തേയ്ക്കു പോയത്. ചെയ്ത തെറ്റുകളെല്ലാം തുറന്നു പറഞ്ഞു പരസ്പരം പൊറുക്കുന്നവിധത്തില്‍ അലൗകികമായ ബന്ധം അവര്‍ക്കിടിയലുണ്ടായേക്കാം. തങ്ങള്‍ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി കുഞ്ഞാലിക്കുട്ടി പ്രയത്‌നിക്കുകയും ചെയ്യുന്നുണ്ടാവാം. എന്നാല്‍ ഭരണയന്ത്രത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കുഞ്ഞാപ്പ നേതൃത്വം നല്‍കിയ അധോലോകസംഘം ചെയ്തും കൊയ്തും കൂട്ടിയത് ഗുരുവും ശിഷ്യനും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് തുറന്നു പറഞ്ഞ് പൊറുത്തുകൊടുത്താല്‍ തീരുന്നല്ല. വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയവര്‍ക്കും നികുതിയൊടുക്കി ഖജനാവു താങ്ങിനിര്‍ത്തുന്നവര്‍ക്കും കൂടി അക്കാര്യത്തില്‍ ചെറിയ ചില ഉത്തരവാദിത്തങ്ങളുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ക്കു മേല്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയും ജാഗ്രതയും ഉറപ്പാക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നത് ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്.

തന്റെ ഭരണകാലത്ത് അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ റൗഫിനെ കണ്ടിട്ടില്ലേ എന്നു കുഞ്ഞാലിക്കുട്ടി പത്രലേഖകരോടു ചോദിച്ചതിന് ആരും മറുപടി പറഞ്ഞിട്ടില്ല. കാണരുതാത്ത സാഹചര്യങ്ങളില്‍ റൗഫിനെ കണ്ടതായി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയ ആ പത്രലേഖകരില്‍ എത്ര മനോരമക്കാരുണ്ട് എന്നു നമുക്കറിയില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കരുത്തില്‍ റൗഫ് എന്നൊരു ഭീകരജീവി പുളച്ചു മദിക്കുന്നുണ്ടെന്ന് മനോരമയടക്കം ഒരു പത്രക്കാരനും ഇന്നേവരെ നമ്മോടു പറഞ്ഞിട്ടില്ല. റൗഫിനെ ആകെ പരാമര്‍ശിച്ചത്, ഐസ്‌ക്രിം പാര്‍ലര്‍ കേസ് ഒതുക്കിത്തീര്‍ത്തതുമായി ബന്ധപ്പെടുത്തി മാത്രമാണ്. അന്വേഷണം അതിനുമപ്പുറത്തേയ്ക്കു നീളണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു കാരണം കുഞ്ഞാലിക്കുട്ടിയാണ്, കുഞ്ഞാലിക്കുട്ടി മാത്രമാണ്.


മനോരമ പരിഹസിക്കുന്നതു പോലെ ഐസ്‌ക്രിം പാര്‍ലര്‍ കേസിന്റെ മൂന്നാം വിചാരണയല്ല ഇപ്പോള്‍ നടക്കുന്നത്. അധോലോക സാമ്രാജ്യവ്യാപനത്തിനു കുഞ്ഞാലിക്കുട്ടി മഹാരാജാവും സര്‍വസൈന്യാധിപന്‍ റൗഫും നടത്തിയ അശ്വമേധത്തില്‍ തകര്‍ന്നുവീണതും വെട്ടിപ്പിടിച്ചതും എന്തൊക്കെയായിരുന്നു എന്നതിന്റെ കണക്കെടുപ്പാണ്. മനോരമയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലും അതു നടന്നേ തീരൂ.

മനോരമ പറയുന്നു...
ആരൊക്കെയോ ചിലര്‍ സ്വയം കോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ട വഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതു വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചു നില്‍ക്കുന്നവരും.
സംശയത്തിന്റെ നിഴലില്‍ മുഖം കുനിച്ചു നില്‍ക്കുന്നവര്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന യുക്തിയില്‍ കഴമ്പൊന്നുമില്ല. അങ്ങനെയെങ്കില്‍ മനോരമയില്‍ അച്ചടിക്കുന്ന ഒരു വാചകം പോലും വിശ്വസിക്കാന്‍ അറയ്ക്കുന്ന ഒരു പൂര്‍വചരിത്രം ഈ പത്രത്തിനുണ്ട്. ഇന്റര്‍ഗ്രേറ്റഡ് ഫൈനാന്‍സ് വിവാദം മുതല്‍ ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് വരെയുളള വഞ്ചനയുടെ കഥകളും നുണയെഴുത്തില്‍ തനതു തന്ത്രങ്ങള്‍ മെനഞ്ഞ എഡിറ്റോറിയല്‍ വൈഭവവും ഓര്‍മ്മയുളളവര്‍ക്കു മുന്നില്‍ സംശയത്തിന്റെ നിഴലിലല്ല, തീക്കുണ്ഠത്തിലാണ് മനോരമ. അതുകൊണ്ട് ചോദ്യം ചെയ്യലിനു മുതിരുന്നവര്‍ക്ക് കണ്ടത്തില്‍ കുടുംബം വിതരണം ചെയ്യുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് മടക്കത്തപാലില്‍ തിരികെച്ചെല്ലും.

മനോരമ പറയുന്നതു പോലെ നീതിപീഠത്തിന്റെ വിശ്വാസ്യത തന്നെയാണ് പ്രതിക്കൂട്ടില്‍. നീതിന്യായ സംവിധാനത്തെ അപ്പാടെ വിലയ്‌ക്കെടുത്താണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് എന്നാണ് റൗഫും പീറ്ററും വെളിപ്പെടുത്തുന്നത്. വെറുതെ കാടടച്ചു വെടിവെയ്ക്കുകയല്ല അവര്‍ ചെയ്തത്. ജഡ്ജിമാരുടെ പേര്, നല്‍കിയ തുക, കൈമാറിയ സ്ഥലം, പകരം ചെയ്ത സേവനം ഇവയൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെന്തെന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. കാരണം അവര്‍ പുലര്‍ത്തുന്ന സഹിഷ്ണുതയുടെയും സംയമനത്തിന്റെയും ചെലവിലും അവരൊടുക്കുന്ന നികുതിക്കാശിന്റെ പച്ചയിലുമാണ് ഈ സ്ഥാപനങ്ങള്‍ നിലനിന്നുപോരുന്നത്.

"തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജുഡീഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യ"മാണെന്നും "സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാന
ത്തെ ആശ്രയം കോടതി"കളാണെന്നും മനോരമ ഗിരിപ്രഭാഷണം നടത്തുന്നു. തെളിയിക്കപ്പെടാത്ത ആരോപണം എന്ന് ഒഴുക്കന്‍ മട്ടിലെഴുതിത്തളളിയാല്‍ എല്ലാമാകില്ല. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ആ അന്വേഷണം നടത്താനുളള നീക്കത്തെ താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി നീചമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പു വിജയത്തിനുളള വ്യാമോഹം എന്നാണ് മനോരമ പുച്ഛിക്കുന്നത്. അന്വേഷണങ്ങള്‍ ഉണ്ടാകരുതെന്നും ആരോപണങ്ങള്‍ പന്തീരാണ്ടുകാലവും തെളിയിക്കപ്പെടാതെ കിടക്കണമെന്നും തന്നെയാണ് മനോരമയുടെ ആഗ്രഹം. ജസ്റ്റിസ് നാരായണക്കുറുപ്പും ജസ്റ്റിസ് തങ്കപ്പനും പുറപ്പെടുവിച്ച സകല വിധിന്യായങ്ങളും സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു റൗഫിന്റെ പത്രസമ്മേളനം. മാധ്യമങ്ങള്‍ അതേക്കുറിച്ചു നിശബ്ദത പാലിച്ചതുകൊണ്ടോ രാഷട്രീയനേതാക്കന്മാര്‍ മൗനം പുലര്‍ത്തിയതുകൊണ്ടോ ഈ ജഡ്ജിമാരുടെ ബെഞ്ചില്‍ നിന്ന് തങ്ങള്‍ക്കെതിരെ വന്ന വിധികളോര്‍ത്ത് പല്ലുറുമ്മുന്നവരുടെ രോഷം അടങ്ങുകില്ല. സ്വതന്ത്രവും നീതിയുക്തവുമായ ഒരന്വേഷണത്തിനു മാത്രമേ സംശയത്തിന്റെ കാര്‍മേഘങ്ങളെ വകഞ്ഞു നീക്കാനാവൂ.

അതൊരിക്കലും ഉണ്ടാകരുത് എന്ന് ആഗ്രഹി
ക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കു വേണ്ടിയൊരു പൊതുബോധ്യം തങ്ങളുടെ വായനക്കാരിലൂടെ സൃഷ്ടിക്കാനാണ് മനോരമയുടെ ശ്രമം. വാദ്യോപകരണങ്ങള്‍ ഇങ്ങനെ ഊതുന്നത് എന്തിനെന്ന് കൃത്യമായി അറിയണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ചില പ്രതികരണങ്ങള്‍ നേരിട്ടു തന്നെ കാണണം. video

കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തോട് പ്രതിപക്ഷ നേ
താവ് ഉമ്മന്‍ചാണ്ടിയുടെ ദയനീയ പ്രതികരണമാണിത്. ആരിലും സഹതാപമുണര്‍ത്തുംവിധം പരിഹാസ്യവും പരിതാപകരവുമാണ് ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ. മോചനയാത്രയുടെ മധ്യത്തില്‍ വിവസ്ത്രനായിപ്പോയ ബാലജനസഖ്യം ഫെയിം നായകന്റെ ഈ നിസഹായതയാണ് മനോരമയുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്നത്. കുഞ്ഞാലിക്കുട്ടിയ്ക്കു വേണ്ടി നിരത്തിവെയ്ക്കാന്‍ ഒരു യുക്തിയും ഉമ്മന്‍ചാണ്ടിയുടെ പക്കലില്ല. ഉളളതു വാദിച്ചു ഫലിപ്പിക്കാനുളള സാമര്‍ത്ഥ്യവും കമ്മി. അമ്പൊഴിയാത്ത ആവനാഴിയുമായി നില്‍ക്കുന്ന റൗഫ് പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ നേരിടാന്‍ പോന്ന പാങ്ങൊന്നും ഒരു യുഡിഎഫ് നേതാവിനുമില്ല. ചാനലുകള്‍ സംശയരഹിതമായി അതു തെളിയിച്ചതാണ്.

മാത്രമല്ല, കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെ റൗഫും പീറ്റരും മാത്രമല്ല സാധൂകരിക്കുന്നത്. തെറ്റ് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതു നന്നായി എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം യുഡിഎഫിന്റെ കൂടാരത്തില്‍ പതിച്ച ആറ്റംബോംബാണ്. റൗഫും കുഞ്ഞാലിക്കുട്ടിയും ചെയ്ത കൊള്ളരുതായ്മകളത്രയും തനിക്കും അറിവുണ്ടായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി സാക്ഷ്യപ്പെടുത്തിയത്. ഇപ്പോഴെങ്കിലും അതു തുറന്നു പറഞ്ഞതു നന്നായി എന്ന പ്രതികരണം തെളിയിക്കുന്നത് മറ്റൊന്നല്ല.

യുഡിഎഫ് ഭരണകാലത്ത് ഒരു തവണയേ താന്‍ തിരുവനന്തപുരത്തു പോയിട്ടുളളൂ എന്ന റൗഫിന്റെ അവകാശവാദത്തെ കുഞ്ഞാലിക്കുട്ടി പരിഹസിക്കുന്ന കാഴ്ച എത്ര വാചാലമാണ്. video
ഉമ്മന്‍ചാണ്ടിയായിരുന്നു അന്നു മുഖ്യമന്ത്രി. അക്കാലത്ത് റൗഫ് തിരുവനന്തപുരത്തു വന്നതും അട കിടന്നതും എന്തിനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയാതെ പോവില്ല. ഇതിന്റെയൊക്കെ അസന്നിഗ്ധമായ അര്‍ത്ഥം മറ്റൊന്നുമല്ല. കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടങ്ങള്‍ അകം പുറം അറിയുന്നവരില്‍ പരേതനായ ശിഹാബ് തങ്ങളുണ്ട്, ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയുണ്ട്. കുഞ്ഞാലിക്കുട്ടി വാക്കുകള്‍ തെളിയിക്കുന്നത് കുറേ പത്രക്കാര്‍ക്കും എല്ലാമറിയാമായിരുന്നുവെന്നാണ്. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ലേ
ഖകന്‍ ഷാജഹാന്റെ പേരെടുത്തു പറഞ്ഞ് സാക്ഷ്യം പറയാന്‍ കുഞ്ഞാലിക്കുട്ടി പരസ്യമായി കെഞ്ചുന്ന കാഴ്ച മറ്റൊന്നുമല്ല തെളിയിക്കുന്നത്.

മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത എന്നാണു നിര്‍വചനം. അതു പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കലാണ് മാധ്യമ പ്രവര്‍ത്തനം. യുഡിഎഫ് എന്ന കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരധികാര കേന്ദ്രവും അതിന്റെ നേതാക്കളും മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത് പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തനം മനോരമയുടെ ചിന്തകള്‍ക്കു പോലും അപ്രാപ്യമാണ്. വോട്ടിനു വേണ്ടി ഇത്രയും താഴാമോ എന്നു ചോദിക്കുന്ന മനോരമയോട് തികച്ചും സൗമ്യമായി നമുക്കു തിരിച്ചു ചോദിക്കാം... യുഡിഎഫിനു വേണ്ടി ഇതിലും താഴാമോ...

മാരീചന്റെ പേജിലേക്ക് 

Friday, February 4, 2011

മനോരമയ്ക്ക് സംശയരോഗം


അന്ന് അടിവാങ്ങി ഇന്ന് വിടുപണി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷം കുത്തിയിളക്കുന്നതായി മനോരമയുടെ ദയനീയവിലാപം. കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം നേരിടാന്‍ ഒമ്പതു പേരായിരുന്നു വിധികര്‍ത്താക്കളെന്ന് മാതൃഭൂമി. കുഞ്ഞാലിക്കുട്ടി സഹതാപതരംഗം ആഞ്ഞടിക്കുന്നതായി മാധ്യമം. യുഡിഎഫ് ചെന്നുവീണ ആഴമേറിയ പ്രതിസന്ധി മറികടക്കാന്‍ മാധ്യമങ്ങളുടെ വിടുപണി. 'എല്‍ഡിഎഫ് വോട്ടിനുവേണ്ടി തരം താഴ്ന്നെന്ന്' ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖപ്രസംഗത്തിലൂടെ മുറവിളി കൂട്ടുന്ന മനോരമ കുഞ്ഞാലിക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയതെന്ന സത്യം മിണ്ടുന്നില്ല. വാര്‍ത്താസമ്മേളനം വിളിച്ച് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചതും മറുപടിയായി കൂട്ടുപ്രതി റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഐസ്ക്രീം കേസ് വീണ്ടും കത്തിച്ചത്.

മുസ്ളിം ലീഗ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുമന്ത്രിയുമായിരുന്ന എം കെ മുനീറിന്റെ ചാനല്‍ ഒളിക്യാമറ വാര്‍ത്തകളുമായി രംഗത്തിറങ്ങി. വ്യഭിചാരക്കേസിനപ്പുറം ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയതും ജുഡീഷ്യറിയെ സ്വാധീനിച്ചതുമൊക്കെ പുറത്തുവന്നു. യുഡിഎഫ് ഭരണം വഴിവിട്ടു പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടി സമ്മതിക്കുന്നു; അതിന് ഉമ്മന്‍ചാണ്ടിയുടെ അഭിനന്ദനം. ഇനിയും പറയുമെന്ന് റൌഫ്.

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട പോക്കിനൊപ്പം യുഡിഎഫിന്റെ ജീര്‍ണതയും തുറന്നുകാട്ടപ്പെടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കും സഹിക്കുന്നില്ല. 'ഒളിക്യാമറ പ്രവര്‍ത്തന'ത്തില്‍ മനോരമ പ്രതിഷേധിക്കുമ്പോള്‍ നേരത്തെ കിട്ടിയ തെളിവ് ഏറെ വൈകി പുറത്തുവിടുന്നതിലെ അധാര്‍മികതയെച്ചൊല്ലിയാണ് മാതൃഭൂമിക്കും വീരേന്ദ്രകുമാറിനും രോഷം. കുഞ്ഞാലിക്കുട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി പറയുന്ന മാധ്യമം തെറ്റ് ഏറ്റുപറഞ്ഞതോടെ എല്ലാം പൊറുക്കാവുന്നതാണെന്നും നിരീക്ഷിക്കുന്നു.

മനോരമ അവകാശപ്പെടുന്നതുപോലെ ഇപ്പോഴത്തേത് പെണ്‍‌വാഭക്കേസിന്റെ അപഹാസ്യമായ 'രണ്ടാം വരവ'ല്ല. മൂന്നാം വരവാണ്. രണ്ടാം വരവ് 2004ല്‍ ഇരകളിലൊരാളായ റജീനയുടെ വെളിപ്പെടുത്തലാണ്. അന്ന് ലീഗിന്റെയും ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്റെയും കൈക്കരുത്തറിഞ്ഞവരില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കായി കരയുന്ന മാധ്യമങ്ങളിലുള്ളവരുമുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ-മാധ്യമസദാചാരം ഓര്‍മിപ്പിക്കുന്നവര്‍ക്ക് അന്ന് നല്ല അടികിട്ടി. കരിപ്പൂരില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനെത്തിയ ലീഗുകാര്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചു. പിറ്റേന്ന് തലസ്ഥാനത്ത് മാധ്യമപ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസാണ് നേരിട്ടത്.

പീഡനക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് മനോരമയുടെ ആക്ഷേപം. വ്യാജസ്വാമിമാര്‍ ഉള്‍പ്പെടെ പീഡനക്കേസുകളില്‍പെട്ട ഒട്ടേറെപ്പേര്‍ ഈ സര്‍ക്കാര്‍ വന്നശേഷം ജയിലിലായി. ഇത്തരം കേസുകളില്‍ വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നത് എങ്ങനെയെന്ന് യുഡിഎഫാണ് കാട്ടിത്തന്നത്. സൂര്യനെല്ലിയടക്കം പൊള്ളുന്ന തെളിവുകള്‍ ഇതിന് മനോരമയ്ക്ക് കിട്ടും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മാധ്യമധര്‍മത്തിന്റെ മേലങ്കിയണിഞ്ഞ് അപഹാസ്യമായ വാദങ്ങളുന്നയിക്കുകയാണ് മനോരമ. ലീഗ് മുഖപത്രത്തെപ്പോലും നാണിപ്പിക്കുംവിധമാണ് മനോരമയുടെ കുഞ്ഞാലിക്കുട്ടിസേവ. വോട്ടിനായി ഇത്രയും തരംതാഴാമോ? എന്ന മനോരമയുടെ ചോദ്യം അവര്‍ക്കുനേരെ തന്നെയാണ് നീളുന്നത്. പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതാരൊക്കെയെന്ന് വെള്ളിയാഴ്ച മനോരമയുടെതന്നെ ചാനലില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ചിട്ടുണ്ട്. എം കെ മുനീറും യുഡിഎഫിലെ ഘടകകക്ഷിയും തനിക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മനോരമയ്ക്ക് ഇനി ഈ വഴിക്ക് അന്വേഷിക്കാം.

മനോരമയ്ക്ക് സംശയരോഗം പാട്ടവും സ്വതന്ത്രാവകാശവും ഒന്നല്ല


ഒടുവില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ മനോരമയ്ക്ക് ഒരു സംശയംമാത്രം തീര്‍ന്നില്ല. ഈ പാട്ടവും വില്‍പ്പനയും തമ്മില്‍ എന്ത് വ്യത്യാസം? രണ്ടും ഒന്നായതിനാല്‍ ഈ പ്രശ്നത്തിന്റെ പേരില്‍ പദ്ധതിയെന്തിന് വൈകിച്ചു? മനോരമയുടെ കേസ് വാദിക്കുന്ന ഏതെങ്കിലും ഒരു അഭിഭാഷകനോട് ചോദിച്ചാല്‍ തീര്‍ക്കാവുന്നതാണ് ഈ സംശയം. പക്ഷേ, മനോരമയ്ക്ക് അതില്‍ താല്‍പ്പര്യമില്ല, വായനക്കാരനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കബളിപ്പിക്കുകതന്നെ ലക്ഷ്യം. സര്‍ക്കാര്‍ഭൂമി, അതല്ലെങ്കില്‍ സ്വകാര്യഭൂമി മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കുകയെന്നതിനര്‍ഥം ആ ഭൂമിയില്‍ അയാള്‍ക്ക് പാട്ടവ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനല്ലാതെ മറ്റൊന്നിനും അധികാരമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഭൂമി പാട്ടത്തിന് നല്‍കിയാല്‍ കള്ളുഷാപ്പ് തുടങ്ങാനാവില്ലെന്ന് ചുരുക്കം. പാട്ടവ്യവസ്ഥ അനുസരിച്ച് ഓരോ വര്‍ഷവും പാട്ടത്തുക നല്‍കുകയും വേണം. ഭൂമിയുടെ സ്വതന്ത്രാവകാശം എന്നാല്‍ വില്‍പ്പന ഉള്‍പ്പെടെ എന്തുമാവാം. ഐടി സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ഉള്‍പ്പെടെ എന്തും. മറിച്ചുവില്‍ക്കുകയുമാവാം.

ശതകോടികള്‍ വിലമതിക്കുന്ന ഈ ഭൂമി ഐടി സംരംഭത്തിന്റെ പേരില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നത് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. അതേസമയം, സെസ് പരിധിയില്‍ വരുന്ന ഭൂമിക്ക് സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ മറിച്ചു വില്‍ക്കാനാവില്ല. ഐടി സംരംഭമല്ലാതെ മറ്റൊന്നും തുടങ്ങാനുമാവില്ല. ഇതാണ് സെസിലെ വ്യവസ്ഥകള്‍. അഞ്ച് വര്‍ഷം മുമ്പ് നിശ്ചയിച്ച വിലയില്‍ ഇപ്പോള്‍ നല്‍കുന്നത് നഷ്ടമാണെന്നാണ് മനോരമയുടെ മറ്റൊരു കണ്ടുപിടിത്തം. 2005ല്‍ യുഡിഎഫ് ഭരണകാലത്ത് 36 കോടിക്ക് നല്‍കാനിരുന്ന സ്ഥലത്തിനാണ് ഇപ്പോള്‍ 104 കോടി നിശ്ചയിച്ചതെന്നത് മനോരമ അറിയാഞ്ഞിട്ടല്ല, പറയാഞ്ഞിട്ടാണ്. ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ വ്യക്തികളാണ് സംരംഭങ്ങള്‍ തുടങ്ങുന്നതെന്നതിനാല്‍ അത് കൈമാറിയാല്‍ എന്താ ദോഷം എന്ന മനോരമയുടെ ചോദ്യം, യുഡിഎഫിന്റെ പൊതുമേഖലയെ വിറ്റുതുലയ്ക്കല്‍ നയത്തിന്റെ ഭാഗമായേ കാണാനാവൂ.

ദേശാഭിമാനി 050211
പേജിലേക്ക്