Sunday, February 20, 2011

മന്ത്രിമാരുടെ പീഡനം: കോതമംഗലം പെണ്‍കുട്ടിയുടെ കത്തുകള്‍ പുറത്ത്

മന്ത്രിമാരുടെ പീഡനം: കോതമംഗലം പെണ്‍കുട്ടിയുടെ കത്തുകള്‍ പുറത്ത്
മലപ്പുറം: മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍, മുന്‍ സംസ്ഥാന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടി സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകള്‍ പുറത്തായി. കേരള സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.വി. വിജയമ്മക്ക് ഡയറിയുടെ താളുകളില്‍ പെണ്‍കുട്ടി എഴുതിയ കത്തുകളാണിത്.
1996 മുതല്‍ രണ്ടു വര്‍ഷത്തോളം 138 പേര്‍ തന്നെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കത്തില്‍ പറയുന്നു. വ്യക്തമായ തെളിവുകളോടെ പൊലീസിലും കോടതിയിലും ബോധിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പോട്ട ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ച ഡയറിയുടെ താളുകളിലാണ് കത്തെഴുതിയതെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞതായി അഡ്വ. വിജയമ്മ 'മാധ്യമ'ത്തോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കത്തുകളും ആവശ്യങ്ങളും പരിഗണിച്ച് സ്വകാര്യ അന്യായം ഫയല്‍ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാര്‍ദനക്കുറുപ്പിനെ താനും പെണ്‍കുട്ടിയും സമീപിച്ചിരുന്നു.  അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ 18 പേജ് വരുന്ന മൊഴി തയാറാക്കി.
ഇതിനിടയിലാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റാന്‍ ശ്രമം നടന്നത്. പോട്ട ധ്യാനകേന്ദ്രത്തിലെ അച്ചന്‍ ഇടപെട്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. ഭര്‍ത്താവുമൊത്ത് ജീവിക്കണമെന്നും അതിനായി കേരളം വിടുകയാണെന്നും ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും എഴുതിയ കത്താണ് പിന്നെ പെണ്‍കുട്ടി അയച്ചത്. അതിനുശേഷം മറ്റ് വിവരങ്ങളൊന്നുമില്ല. പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീവേദി അതില്‍നിന്ന് പിന്മാറിയത്. ലൈംഗികമായി  പീഡിപ്പിക്കപ്പെടുകയും മയക്കുമരുന്നുകള്‍ക്ക് അടിമയാക്കുകയും ചെയ്ത പെണ്‍കുട്ടി നടക്കാന്‍പോലും കഴിയാത്ത ശാരീരികാവസ്ഥയിലായിരുന്നു. അതിനാലാണ് ചികിത്സക്കായി പോട്ടയിലെത്തിച്ചതെന്നാണറിഞ്ഞതെന്ന് അഡ്വ. വിജയമ്മ പറഞ്ഞു.
കേസൊതുക്കിയതിനെയും മൊഴിമാറ്റിച്ചതിനെയുംകുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലുകളിലും പോട്ട ധ്യാനകേന്ദ്രത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയാണ് മൊഴി തിരുത്തിച്ചതെന്നായിരുന്നു റഊഫിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പൊലീസ് സംഘം ഈ കേസും അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്ത് പുറത്തായത്. പൊലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറാന്‍ തയാറാണെന്ന് വിജയമ്മ പറഞ്ഞു.
ആദ്യകത്തുകളിലൊന്നില്‍ തനിക്കും സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്നും കേസില്‍  ഉറച്ചുനില്‍ക്കുമെന്നും പറയുന്നുണ്ട്. മറ്റൊരു കത്തില്‍ ജീവനില്‍ കൊതിയുണ്ടെന്നും ഭീഷണിയുണ്ടെന്നും എങ്കിലും തനിക്ക് കാവല്‍ നിര്‍ത്തിയ വനിതാ പൊലീസിനെ മാറ്റണമെന്നും പെണ്‍കുട്ടി പറയുന്നു. അവസാനത്തെ കത്തിലാണ്, ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും തന്റെ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെടുന്നത്. ഇത് മറ്റാരുടേയോ സമ്മര്‍ദത്താലാകാനാണ് സാധ്യത.
നേരത്തേ മൂവാറ്റുപുഴ സി.ജെ.എം കോടതിയിലും പൊലീസ് സ്‌റ്റേഷനിലും  പെണ്‍കുട്ടി  മൊഴി നല്‍കിയിരുന്നു. കോടതിയില്‍ 164ാം വകുപ്പുപ്രകാരമുള്ള മൊഴിയാണ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയത്. ഇതാണ് 2003ല്‍ പെണ്‍കുട്ടി മാറ്റിപ്പറഞ്ഞത്.
കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടികളും ഇതേപോലെ കോടതിക്ക് നല്‍കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞിരുന്നു. ഇതിന് സമാനമായ സംഭവങ്ങളാണ് കോതമംഗലം പെണ്‍കുട്ടിയുടെ കാര്യത്തിലുമുണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ കൈമള്‍, സോണി, എല്‍സി തുടങ്ങി മറ്റ് ചിലരുടെ പേരും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.  ഇതില്‍ ചിലര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതികളാണ്.

മാധ്യമം

No comments:

Post a Comment