Sunday, February 20, 2011

ലസാഗു - വിജു.വി.നായര്‍

മൗനം ...ന് ഭൂഷണം


മൗനം ...ന് ഭൂഷണം
പ്രധാനമന്ത്രി എന്ന നിലക്ക് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാ ഒന്നു തുറന്നുകിട്ടണമെങ്കില്‍ പഞ്ചവത്സര പദ്ധതിയുടെ പ്രയാസമാണ്. അതേച്ചൊല്ലി നാട്ടുകാര്‍ക്ക് പറയത്തക്ക പരാതിയില്ലാതായിരിക്കുന്നു. കാരണം, അദ്ദേഹത്തിന് കല്‍പിച്ചുകൊടുത്ത മാന്യത, കഴിവ്, സംശുദ്ധി ഇത്യാദിയടങ്ങുന്ന ദേശീയ താമ്രപത്രം. ഇപ്പറഞ്ഞ യോഗ്യതയുള്ളവര്‍ വളരെക്കുറച്ചേ വാ തുറക്കൂ എന്നൊരു ക്ലീഷേ നമുക്കിടയില്‍ പുരനിറഞ്ഞുനില്‍പുമുണ്ട്. മൗനം പൊതുവേ മൂന്നു കൂട്ടര്‍ക്ക് ഭൂഷണമാകാം -വിദ്വാനും വിഡ്ഢിക്കും വിളഞ്ഞ വിത്തിനും. മന്‍മോഹന്‍സിങ് ഇതിലേതു വകുപ്പില്‍പ്പെടും?
രണ്ടാമതും പ്രധാനമന്ത്രിയായശേഷം അദ്ദേഹം ആകപ്പാടെ രണ്ടുവട്ടമാണ് മാധ്യമ പ്രതിനിധികളോട് സംസാരിച്ചത്. ആദ്യം പത്ര, ടി.വി, ചാനല്‍ കൂട്ടരോട് മൊത്തത്തില്‍. ഇപ്പോഴിതാ തെരഞ്ഞെടുത്ത ചാനല്‍ പ്രതിനിധികളോട് മാത്രമായി. മാധ്യമങ്ങള്‍ മുഖേന പൗരാവലിയോട് സംവേദിക്കുന്നു എന്നാണ് വെപ്പ്. എങ്കില്‍ ഇക്കുറി എന്തുകൊണ്ടീ തെരഞ്ഞെടുപ്പ്?
ഒന്നാമത്, രാജ്യത്തോടുള്ള സംവേദനമായിരുന്നില്ല പ്രധാനമന്ത്രിയുടേത്. എങ്കില്‍, കുറഞ്ഞപക്ഷം എല്ലാത്തരം മാധ്യമങ്ങളെയും വിളിച്ചുകൂട്ടേണ്ടിയിരുന്നു. പകരം പ്രമുഖ ചാനലുകളുടെ പ്രതിനിധികളെ മാത്രം വിളിക്കുമ്പോള്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് ഈ ചാനലുകളുടെ പ്രേക്ഷകരായ നാഗരിക മധ്യവര്‍ഗം, നയരൂപവത്കരണക്കാര്‍, വരേണ്യവിഭാഗങ്ങള്‍ എന്നിവരെയാണ്. അഥവാ പുത്തന്‍ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്ക് മുറവിളി കൂട്ടുകയും ആ വളര്‍ച്ചയുടെ അളവുകോലായി സര്‍ക്കാര്‍ കണക്കാക്കുകയും ചെയ്യുന്ന ഒച്ചവര്‍ഗം. അവര്‍ പൊതുവായ വിലക്കയറ്റം, നാണ്യപ്പെരുപ്പം, അഴിമതി തുടങ്ങിയ ദേശീയ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥരായിരിക്കുന്നു. അതുകൊണ്ട്, അവരെയൊന്ന് മയപ്പെടുത്തുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ മനക്കണക്ക്.
കണക്കുകൂട്ടലുകള്‍ അനുസരിച്ചു തന്നെയായിരുന്നു ഇപ്പറഞ്ഞ സംവേദന സജ്ജീകരണവും. ഒന്ന്, തന്നെപ്പറ്റി ഇപ്പറഞ്ഞ വര്‍ഗത്തിനുള്ളതും അവര്‍ പ്രചരിപ്പിക്കുന്നതുമായ വൈയക്തിക പ്രതിച്ഛായക്ക് നിരക്കുന്ന തരത്തില്‍ ഡയലോഗടിക്കുക. രണ്ട്, അതിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്ന കൂട്ടരെത്തന്നെ ചോദ്യകര്‍ത്താക്കളായി സംഘടിപ്പിക്കുക. ഒരുമാതിരി ഉപരിവര്‍ഗ 'സോഷ്യലൈറ്റ്' പരിവട്ടവും പ്രോട്ടോകോള്‍ പാലനവും. മൂന്നോ നാലോ ചോദ്യങ്ങളല്ലാതെ വകക്കുകൊള്ളാവുന്ന അന്വേഷണ മൂര്‍ച്ചയോ സാമൂഹിക പ്രതിബദ്ധതയോ ഉള്ള ഒരു ചോദ്യംചെയ്യലും കൊടികെട്ടിയ മാധ്യമ കേസരികളില്‍ നിന്നുണ്ടായില്ല. കേരളത്തില്‍ വന്നുപോയപ്പോള്‍ തെരഞ്ഞെടുപ്പുകാറ്റിനെപ്പറ്റി എന്തു തോന്നി, ക്രിക്കറ്റ് ലോകകപ്പ് ആരു നേടും, എപ്പോഴെങ്കിലും രാജിവെക്കാന്‍ തോന്നിയോ, സങ്കടപ്പെട്ടോ എന്നിങ്ങനെ അലോസരപ്പെടുത്താത്ത പുകയും സൊറയുമായിരുന്നു മിക്കതും. മൊത്തത്തില്‍, താന്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന അന്തരീക്ഷം പ്രധാനമന്ത്രി ഇച്ഛിച്ചു, മാധ്യമ വൈദ്യന്മാരെല്ലാം കൂടി അതുതന്നെ ഒരുക്കിക്കൊടുത്തു. ചാനല്‍ ചര്‍ച്ചകളിലെ കതിനാ വെടിക്കാര്‍ ഇവ്വിധം ചെമ്മരിയാടുകളായി ഇരുന്നുകൊടുത്തത് വിലക്കയറ്റത്തിനും അഴിമതി പരമ്പരക്കും അധ്യക്ഷത വഹിക്കുന്ന ഒരു ഭരണാധിപന് മുന്നിലാണെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മന്‍മോഹന്‍ സിങ്ങിന്റെ മറുപടികളിലെ ഊളത്തരങ്ങളിലേക്ക് വെളിച്ചം വീണതുമില്ല.
ഉദാഹരണമായി, 2ജി സ്‌പെക്ട്രം കേസ്. ഒന്നാം യു.പി.എ കാലത്തുതന്നെ നിരവധി ആക്ഷേപങ്ങള്‍ക്ക് പാത്രമായ ആണ്ടിമുത്തു രാജയെ വീണ്ടും അതേ സ്ഥാനത്ത് വെച്ചതെന്തേ എന്ന ചോദ്യത്തിന് (ഇത്തരം ചോദ്യങ്ങള്‍ നന്നേ വിരളമായിരുന്നു), പ്രധാനമന്ത്രി പറഞ്ഞത് പ്രധാനമായും രണ്ടു മറുപടികളാണ്. ഒന്ന്, അതൊക്കെ മുന്നണി മര്യാദകളുടെ പരിധിയില്‍ വരും. രണ്ട്, രാജയോട് സ്‌പെക്ട്രം ലേലത്തെപ്പറ്റി തിരക്കിയപ്പോള്‍ നടപ്പുരീതിയനുസരിച്ച് എല്ലാം സുതാര്യമായി നടത്തുമെന്ന ഉറപ്പുകിട്ടിയിരുന്നു. മാത്രമല്ല, സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം, ധനകാര്യ വകുപ്പുകള്‍ അനുമതി നല്‍കിയതിനാല്‍ താന്‍ കയറി ഇടപെടുന്നത് ശരിയാവില്ലെന്ന് കരുതി.
എന്തൊക്കെയാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം? കാബിനറ്റിനെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണെന്ന ഭരണഘടനാ വെപ്പൊക്കെ പരണത്ത്. മുന്നണി സംവിധാനത്തില്‍ അതൊക്കെ വേറെ അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കും. അവര്‍ മുന്നോട്ടു െവക്കുന്നത് ഏത് കാണ്ടാമൃഗമായാലും ചുമന്നുനടക്കാനുള്ള പണിയാണ് പ്രധാനമന്ത്രിയുടേത്. ഒരു രാജയല്ല, പത്തു രാജയെ തന്നാലും തനിക്ക് ചുമന്നേ പറ്റൂ. മുന്നണി ധര്‍മത്തോട് ഇത്ര കൂറ് പുലര്‍ത്തുന്നയാളോട് ചാനല്‍ജികള്‍ അറിയാതെപോലും തിരക്കിയില്ല; എങ്കില്‍ അമേരിക്കയുമായുള്ള ആണവക്കരാര്‍ മുന്നണി അലശണ്ഠയില്‍പ്പെട്ട് വൈകിയപ്പോള്‍ സര്‍ദാര്‍ജി രാജിഭീഷണി മുഴക്കിയ കാര്യം. അഴിമതി വീരനെന്ന് ലേബലുള്ളയാളെ മന്ത്രിയാക്കില്ലെന്നും പകരം അതേ കക്ഷിയിലെ വേറെയാളെ തരൂ എന്നെങ്കിലും പറയാനുള്ള മിനിമം അവകാശമൊക്കെ ഇപ്പോഴും പ്രധാനമന്ത്രിക്കുണ്ട്. പക്ഷേ, മന്‍മോഹന്‍ ഇവിടെ നമ്മളെ സര്‍ദാര്‍ജികളാക്കിക്കൊണ്ട് ഭംഗിയായി തലയൂരി -ചാനല്‍ജികള്‍ ഭക്ത്യാദരപുരസ്സരം പഴം വിഴുങ്ങികളായി ഇരുന്നു.
രാജക്ക് ടെലികോം, ധനകാര്യ വകുപ്പുകളുടെ സമ്മതിയുണ്ടായിരുന്നു എന്ന അനുബന്ധ വാചകത്തിലൂടെ മന്‍മോഹന്‍ ലളിതമായ ഒരു കിന്റര്‍ഗാര്‍ട്ടന്‍ മുറയാണ് അവലംബിച്ചത്. ടെലികോം മന്ത്രി രാജ. അന്നത്തെ ധനമന്ത്രി ചിദംബരം. ഇവര്‍ക്കെല്ലാം വാലുകളായി ഐ.എ.എസ് ഗുമസ്തപ്പട. നടപടികളില്‍ പിഴവുണ്ടെങ്കില്‍ അതിന്റെ ചേതം എനിക്കല്ല, അവര്‍ക്കാണ്. പാസിങ് ദ ചെക് എന്ന് സായ്പു പറയുന്ന ലക്ഷണമൊത്ത ബ്യൂറോക്രാറ്റിക് ലൈന്‍. അപ്പോള്‍ പിന്നെ ഈ ഗുമസ്തപ്പടക്കെല്ലാം അധ്യക്ഷനായി താങ്കളിരിക്കുന്നതെന്തേ എന്ന് ചോദ്യമില്ല -പ്രോട്ടോകോള്‍ തെറ്റിക്കരുതല്ലോ. ലോകബാങ്കിന്റെ കണക്കപ്പിള്ളയായിരുന്ന ഒരാളെ ബ്യൂറോക്രാറ്റിന്റെ ഒഴികഴിവു വൈദഗ്ധ്യം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അപ്പോള്‍ മന്‍മോഹന്‍ കേവലമൊരു 'ഉദ്യോഗസ്ഥപ്രഭു' മാത്രമാണോ?
അവിടെവെച്ചാണ്, ഈ പ്രമേയത്തിന് അദ്ദേഹം നല്‍കിയൊരു ടിപ്പണി സാര്‍ഥകമാവുന്നത്. 'കൃഷിക്കാര്‍ക്ക് രാസവളത്തിനും മറ്റും സബ്‌സിഡി കൊടുക്കുന്ന വകയില്‍ പൊതുഖജാനക്ക് വലിയ നഷ്ടമാകുന്നില്ലേ -അതുപോലൊരു നഷ്ടമാണ് സ്‌പെക്ട്രം ലേലത്തിലുമുണ്ടായത്'. എന്നുവെച്ചാല്‍, 2ജി സ്‌പെക്ട്രത്തിന്മേല്‍ സി.എ.ജി പറഞ്ഞ ഒന്നേമുക്കാല്‍ ലക്ഷം കോടി ഉറുപ്പിക അഥവാ രാജയെ അച്ചുതണ്ടാക്കി ടെലികോം പ്രമാണികള്‍ തൊട്ട് പത്രക്കാര്‍ വരെ അടിച്ചുമാറ്റിയ തുക വ്യവസായികള്‍ക്കുള്ള കേന്ദ്ര സബ്‌സിഡിയായിരുന്നെന്ന്! ഈ ദേശീയ ഉപമ ഉദ്‌ഘോഷിക്കുന്ന സാമ്പത്തിക പാണിനിയെ രാഷ്ട്രീയക്കളിയറിയാത്ത പാവം മാന്യന്‍ എന്ന് ആര്‍ക്കെങ്കിലും ഇനി വിശേഷിപ്പിക്കാനാവുമോ?
ലോബിരാജ് കാലത്തെ വന്‍കിട അഴിമതികളെ സാമ്പത്തിക വികാസത്തിനുള്ള 'സബ്‌സിഡി'കളായി ഭംഗ്യന്തരേണ ലഘൂകരിക്കുന്ന വിദ്വാന്‍ അടിസ്ഥാനപരമായി ആരുടെ/എന്തിന്റെ പക്ഷത്താണെന്ന് കൂടുതല്‍ വിസ്തരിക്കേണ്ടതില്ല. പൊതുമുതല്‍ അടിച്ചുമാറ്റുന്നവരുടെ പക്ഷത്ത് മനസ്സാ നില്‍ക്കുകയാണ് മന്‍മോഹന്‍ എന്നാരും പറയില്ല. എന്നാല്‍, സ്വന്തം ഉത്തരവാദിത്തത്തിന്റെ പരിധിയിലുള്ള ചേതങ്ങളുടെയും പടുവീഴ്ചകളുടെയും പ്രശ്‌നം വരുമ്പോള്‍ ഉടനടി, ഉത്തരവാദിത്തം മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവെച്ച് സ്വന്തം തല കാക്കുന്ന മനോഭാവം ബ്യൂറോക്രാറ്റിന്‍േറതാണെങ്കില്‍, അതേ പ്രകൃതത്തിന്റെ അന്തര്‍ധാരകളിലൊന്നാണ് മേപ്പടി മുതല്‍പക്ഷ മനോനിലയും. എക്കാലവും എവിടെയും എല്ലാത്തരം ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയം അതുതന്നെയാണ്.
ഇപ്പറഞ്ഞ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരിയുന്ന തനി കക്ഷിരാഷ്ട്രീയ ഉപജാപങ്ങള്‍ മന്‍മോഹന്‍ സിങ്ങിന് അറിയില്ലെന്ന ക്ലീഷേയും പുതിയ പത്രസമ്മേളനത്തില്‍ വീണുടയുന്നതുകാണാം. രാജ്യത്തെ ചരക്കു-സേവന നികുതികള്‍ ഏകീകരിക്കാനുള്ള ജി.എസ്.ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) വ്യവസ്ഥിതിക്കുള്ള തടസ്സം ബി.ജെ.പിയാണെന്ന് ടിയാന്‍ പ്രഖ്യാപിക്കുന്നു. എന്താണ് ബി.ജെ.പിയുടെ പ്രശ്‌നം? ഗുജറാത്തിലെ മുന്‍മന്ത്രി അമിത്ഷായെ സി.ബി.ഐ പിടികൂടിയത് അവരെ പ്രകോപിപ്പിച്ചിരിക്കുന്നെന്നും ആ കേസില്‍ വിട്ടുവീഴ്ച ചെയ്താലേ ജി.എസ്.ടി പ്രശ്‌നത്തിലെ എടങ്ങേറ് ഒഴിവാക്കൂ എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനര്‍ഥം, ഗവണ്‍മെന്റിനെ പ്രതിപക്ഷം ബ്ലാക്‌മെയ്ല്‍ ചെയ്യുന്നെന്നല്ലേ? അത്രയും ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെങ്കില്‍, പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ ആയതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണ്ടേ? പകരം ഏതാനും മാധ്യമങ്ങളോട് കൊതിയും നുണയും പറയുകയാണോ കല്‍പിത മാന്യരാജ രാജശ്രീ ചെയ്യേണ്ടത്? അവിടാണ് മര്‍മം.
ജി.എസ്.ടി നടപ്പായാല്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ വ്യാപാര-വാണിജ്യ തടസ്സങ്ങള്‍ മാറി, ഒരേകീകൃത ദേശീയ വിപണിയുണ്ടാവും. ഇതിനുള്ള എതിര്‍പ്പ് ബി.ജെ.പിയില്‍ നിന്നോ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമുള്ളതല്ല. കേരളം പോലുള്ള പൂര്‍ണ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ് ഈ പുതിയ വ്യവസ്ഥിതി കൊണ്ടുള്ള ഗുണം. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട്, യു.പി, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എസ്.ടിയെ ശക്മായി എതിര്‍ക്കുന്നത്. ഇപ്പറഞ്ഞിടത്തൊന്നും ബി.ജെ.പിയല്ല ഭരിക്കുന്നത്. എന്നിരിക്കേ അമിത്ഷായും ജി.എസ്.ടിയും തമ്മിലെന്തു ബന്ധം? അമിത്ഷാ കേസിലെ ബി.ജെ.പിയുടെ സ്വാഭാവിക അമര്‍ഷത്തെ മധ്യവര്‍ഗ താല്‍പര്യം പോഷിപ്പിക്കുന്ന ജി.എസ്.ടിയുമായി കൂട്ടിക്കെട്ടി ജനമധ്യത്തിലേക്ക് എറിയുമ്പോള്‍ മന്‍മോഹനിലെ മാന്യന്‍ ഉദ്യമിക്കുന്ന ഉപജാപം ഏതു നിലവാരത്തിലുള്ളതാണെന്ന് ഊഹിക്കുക. അതേസമയം ഭക്ഷ്യവിലക്കയറ്റം പരിഹരിക്കാനുള്ള ഏകവഴി കാര്‍ഷികോല്‍പാദനം കൂട്ടലാണെന്നും സാമ്പത്തിക വിരുദ്ധന്റെ മേലങ്കിയെടുത്തിട്ട്, അദ്ദേഹം പറയുന്നുണ്ട്. മേല്‍പറഞ്ഞ ജി.എസ്.ടി രാഷ്ട്രീയവും ഈ നിലപാടും തമ്മിലുള്ള ആന്തരികവൈരുധ്യം നില്‍ക്കട്ടെ. സാമ്പത്തികവൈദഗ്ധ്യത്തിന്റെ കേവലാര്‍ഥത്തില്‍പോലും മന്‍മോഹന്റെ ഈ വാചകമടി പൊള്ളയാണെന്ന് വരുമ്പോഴോ? ആഭ്യന്തര മൊത്ത ഉല്‍പാദനം ഇപ്പോള്‍ 8.5 ശതമാനമാണ്. അതങ്ങനെ ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം തന്നെ കാര്‍ഷികോല്‍പാദനത്തിലെ വളര്‍ച്ചയാണ്. നടപ്പുകൊല്ലത്തില്‍ കാര്‍ഷിക വളര്‍ച്ച ആറു തൊട്ട് 6.5 ശതമാനം വരെയാണെന്നും കൃഷിയിലെ പ്രതിശീര്‍ഷ വരുമാനം 6.5 തൊട്ട് ഏഴു ശതമാനം വരെയാകുന്നെന്നും പറയുന്നത് സര്‍ക്കാര്‍ തന്നെ. അതേസമയം തന്നെ ഇന്‍ഫേ്‌ളഷനും വര്‍ധിക്കുന്നു. ലക്ഷണമൊത്ത ഈ സാമ്പത്തിക കടംകഥയെപ്പറ്റി നമ്മുടെ സാമ്പത്തിക വിദഗ്ധന് മിണ്ടാട്ടമില്ല. കാര്‍ഷികോല്‍പാദനം കൂടുമ്പോള്‍ത്തന്നെ ഇന്‍ഫേ്‌ളഷനും കൂടുന്നു എന്നിരിക്കെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ തന്നെ ഐച്ഛിക വിഷയത്തിലെ കാതലായ പോഴത്തമല്ലേ എന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല. വിഷയം പിടിയില്ലാഞ്ഞിട്ടോ, ചോദിച്ചിട്ടു പ്രയോജനമില്ലെന്നറിഞ്ഞിട്ടോ, എന്തായാലും പ്രസ്മീറ്റ് മഹാശ്ചര്യം, നമുക്കും കിട്ടണം രാജദര്‍ബാറിലൊരു കസേര.
അതെന്തായാലും, മന്‍മോഹന്‍സിങ് ഭാവഭേദരഹിതമായി നമുക്ക് ചില ബോധ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒന്ന്, ഉത്തരവാദിത്തത്തിന്റെ കാര്യം വരുമ്പോള്‍ ചേതം മറ്റുള്ളവര്‍ക്ക് കല്‍പിച്ചിട്ട് ടിയാന്‍ തടിയൂരും. മുന്നണി ധര്‍മമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് പറഞ്ഞൊഴിയുമ്പോള്‍ അദ്ദേഹം തന്റെ റിമോട്ട് കണ്‍ട്രോളായ സോണിയഗാന്ധിയെ പഴിക്കുകയാണ്. മുന്നണി നേതാവിനാണല്ലോ മുന്നണി കാര്യത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്തം. ഇത് മനപ്പൂര്‍വമുള്ള ഒളിയമ്പല്ല. ഏതു ബ്യൂറോക്രാറ്റിനും ഡമ്മിക്കും ആത്യന്തികമായി പറ്റിപ്പോവുന്ന അബദ്ധമാണ്. അഥവാ നില്‍ക്കക്കള്ളിയില്ലായ്മ. മറ്റൊന്ന്, അധികാരം നിലനിര്‍ത്താന്‍ രാഷ്ട്രീയ ഉപജാപങ്ങള്‍ എയ്തുവിടുന്ന വിദ്യ മന്‍മോഹനും വശമുണ്ട്. ശീലക്കുറവുകൊണ്ട് ചില അബദ്ധങ്ങള്‍ സംഭവിക്കാം -അതാണ് അമിത്ഷാ-ജി.എസ്.ടി എപ്പിസോഡിലുണ്ടായത്. മൂന്ന്, നേതാവെന്ന നിലയില്‍ കാലിക പ്രശ്‌നങ്ങള്‍ക്കുമേല്‍ പോംവഴി കല്‍പിക്കുമ്പോള്‍ വസ്തുതകള്‍ വിഴുങ്ങാം, അതിനുവേണ്ടി പൊള്ളയായ റെട്ടറിക്കിനെ ഉപയോഗപ്പെടുത്താം. മിതഭാഷിയായ മന്‍മോഹന്‍ സിങ്ങിന്റെ റെട്ടറിക്, നാവിന് എല്ലില്ലാത്ത നമ്മുടെ രാഷ്ട്രീയത്തൊഴിലാളികളുടെ റെട്ടറിക് മാതിരിയല്ല. 'സ്‌പെക്ട്രം സബ്‌സിഡി' പോലുള്ള നവീന ഉപമകളും കാര്‍ഷികോല്‍പാദന വര്‍ധനവിലുമുള്ള ഉല്‍പ്രേക്ഷകളുംകൊണ്ട് സൂക്ഷ്മാലംകൃതമാണ്. ഇതൊക്കെ നിത്യവും സംപ്രേഷണം ചെയ്യാനുള്ളതല്ലല്ലോ.
ഇനി പറയൂ, നമ്മുടെ പ്രധാനമന്ത്രിയുടെ മൗനം ഏതു വകുപ്പില്‍ വരും -വിദ്വാന്‍/വിഡ്ഢി/വിളഞ്ഞ വിത്ത്?


മാധ്യമം

No comments:

Post a Comment