യുഡിഎഫിന്റെ കായകല്‍പ ചികിത്സയ്ക്കുളള കുറിപ്പടിയായി തയ്യാറാക്കിയ മുഖപ്രസംഗത്തിന്റെ ഗണപതിക്കഷണം തന്നെ കുഞ്ഞാപ്പയ്ക്കുളള പാഷാണമായി മാറുന്നതു കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. കുഞ്ഞാലിക്കാലത്തിന്റെ നാറുന്ന ഓര്‍മ്മകളില്‍ മൂക്കുപൊത്തിയാവണം യുഡിഎഫിനെ ഐസ്‌ക്രിം പുരട്ടി വെളുപ്പിക്കാന്‍ മനോരമയുടെ ലീഡര്‍ റൈറ്റര്‍ പേനയെടുത്തത്. പേന വിറച്ചതും വക്രബുദ്ധി ഒരുനിമിഷം സ്തംഭിച്ചുപോയതും സ്വാഭാവികം. സത്യം പുറത്തുചാടുന്ന മുഖപ്രസംഗവാചകങ്ങള്‍ വാചകങ്ങള്‍ ഇങ്ങനെയാണ്:
പാര്‍ലമെന്റ് പഞ്ചായത്ത് തിരിച്ചടികള്‍ക്കു ശേഷം, തിരഞ്ഞെടുപ്പുരഥം ഉരുണ്ടു വരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുളള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുളള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.ബൂമറാങ്ങാകുന്ന വാചകങ്ങള്‍ എഴുതാനും പ്രത്യേക കഴിവു വേണം. കുപ്രസിദ്ധിയുളള കേസുകളില്‍ പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവനെന്ന മനോരമയുടെ കൂരമ്പു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ കരളു പിളര്‍ന്നാണ് പാഞ്ഞുപോകുന്നത്. അധികാരത്തിന്റെ തണലും കരുത്തും സാധ്യതകളും വ്യഭിചാരത്തിനും ഉപജാപത്തിനും മാത്രം ചെലവഴിച്ചു നേടിയ കുപ്രസിദ്ധിയുടെ പുരീഷകമ്പളം ചുറ്റി കുഞ്ഞാലിക്കുട്ടി നഗരപ്രദക്ഷിണം നടത്തുമ്പോള്‍, "ഹോ, നാറുന്നു" എന്നുറക്കെ പറഞ്ഞുപോയതാണ് മനോരമയെ പ്രകോപിപ്പിച്ചത്. നിയമവ്യവസ്ഥയെയും ധാര്‍മ്മികമൂല്യങ്ങളെയും വെല്ലുവിളിച്ച് അഴിഞ്ഞാടിയ അധോലോക സംഘം തമ്മിലടിച്ചു തകരുന്നതു കാണുമ്പോള്‍ എകെജി സെന്റര്‍ നിശബ്ദ താഴ്‌വരയാകണം പോലും.
റൗഫും പീറ്ററും അവിടെ നില്‍ക്കട്ടെ. ആ സാക്ഷിമൊഴികളുടെ സാധുത നമുക്കു പിന്നെ പരിശോധിക്കാം. ആദ്യം കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്തെന്നു വ്യക്തമായി കേള്‍ക്കാം.... (യാതൊരു ആത്മവിശ്വാസവുമില്ലാതെ ബ്ലാക്ക്‌മെയില്‍ എന്ന വാക്ക് അദ്ദേഹം പെടുന്ന പാട് ശ്രദ്ധിച്ചു കേള്‍ക്കുക)
ഇത്തരം കാര്യങ്ങളിലൊക്കെ.... പലകാര്യങ്ങളും (പിന്നെ പറയുന്നത് അവ്യക്തം...) ബ്ലാക്ക്‌മെയില്‍ ചെയ്യാനുളള ശ്രമം. വീണ്ടും ബ്ലാക്ക്‌മെയില്‍ ചെയ്യാനുളള പുറപ്പാടാണെന്നാണ് എന്റെ സംശയം. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം, ഇന്നലെവരെ പലതും നടന്നിട്ടുണ്ടാകും. അതായത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. അതുപോലെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. ഏതു മനുഷ്യനായാലും അങ്ങനത്തെ സന്നിദ്ധഘട്ടങ്ങള്‍ വരാം. പക്ഷേ, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. കൊന്നാലും ശരി, ബ്ലാക്ക്‌മെയില്‍ ചെയ്താലും ശരി. ഇനി അവിഹിതമായ ഒരു കാര്യത്തിനും അയാള്‍ക്കെന്നല്ല ഒരാള്‍ക്കും ഞാന്‍ കൂട്ടുനില്‍ക്കില്ല. കൂട്ടുനിന്നു കൊടുക്കൂല. ഞാനിത് ശിഹാബ് തങ്ങള്‍ക്കു കൊടുത്തിട്ടുളള വാക്കാണ്. ഈ കാര്യങ്ങളൊക്കെ മരിക്കുന്ന ദിവസം വരെ, മരിക്കുന്ന അന്നുപോലും ശിഹാബ് തങ്ങള്‍ എന്നോടു സംസാരിച്ചതാണ്. തുടര്‍ന്ന് ഒരു ചോദ്യത്തിനുളള മറുപടി ഇങ്ങനെ.... ഇപ്പോ വിളിക്കാറില്ല. വിളിക്കാനുളള ഫ്രീഡം ഇല്ല... എല്ലാരും കണ്ടിട്ടുളളതല്ലേ... അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഇങ്ങനെ... കണ്ടിട്ടില്ലേ... ആ കുറ്റസമ്മതം ഞാന്‍ തന്നെ ഏറ്റു പറയുന്നു. അതിനി ഉണ്ടാവൂലന്നാ പറഞ്ഞത്.... വിളിച്ചിട്ടുണ്ടോന്നാ ചോദിച്ചത്... വിളിക്കുക മാത്രമോ... വിളിച്ച് എത്ര പ്രാവശ്യം മുളളിന്റെ മോളില് നിര്‍ത്തീട്ട്ണ്ട്... അതിപ്പോ നിങ്ങള്‍ക്കൊക്കെ.... നിങ്ങളെക്കുറിച്ചൊരു വ്യാജസീഡി... ഈ മാതിരി വല്ല കേസിലും പെട്ടത് ഇങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ അപ്പളേ മനസിലാവൂ.. ഇപ്പോ മനസിലാവില്ല... (തുടര്‍ന്ന് ദുര്‍ബലമായ ഒരു പൊട്ടിച്ചിരി)... വളരെ ഈസിയാടോ..ഏതൊരു സാധാരണക്കാരന്റെയും മനസില്‍ നിന്ന് ചോദ്യശരങ്ങള്‍ ചിതറിത്തെറിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണിവ. റൗഫ് എന്തിനാണ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്തത്. ബ്ലാക്‌മെയില്‍ ചെയ്ത് കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് റൗഫ് നേടിയതെന്തൊക്കെ... ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാവുമന്ന് പത്രക്കാരുടെ മുന്നില്‍ കുഞ്ഞാലിക്കുട്ടി ഏറ്റുപറയുമ്പോള്‍, നടന്നതെന്തൊക്കെ എന്ന് വിശദീകരിക്കേണ്ട ബാധ്യത അദ്ദേഹത്തിനു തന്നെയല്ലേ. ഏതു മനുഷ്യനായാലും അത്തരം ചില സന്നിദ്ധഘട്ടങ്ങള്‍ വരാമത്രേ. ഏതുതരം സന്നിദ്ധഘട്ടങ്ങള്‍? എന്തുകൊണ്ട് ഘട്ടങ്ങള്‍ സന്നിദ്ധമായി?
ശിഹാബ് തങ്ങളെപ്പിടിച്ച് ആണയിടുന്ന ഭാഗം അക്ഷരാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടിയെ തൊലിപൊളിച്ചു കിടത്തുന്നുണ്ട്. തന്റെ പാപകര്‍മ്മങ്ങളൊക്കെയും കുറിച്ചിട്ട കണക്കുപുസ്തകം മരിക്കുന്ന ദിവസം വരെ ശിഹാബ് തങ്ങളുടെ മനസില്‍ തുറന്നു തന്നെ കിടന്നിരുന്നു എന്നു സാക്ഷ്യപ്പെടുത്തിയത് റൗഫും പീറ്ററുമല്ല, കുഞ്ഞാലിക്കുട്ടി തന്നെയാണ്. റൗഫ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തത്, മുള്‍മുനയില്‍ നിര്‍ത്തി കരസ്ഥമാക്കിയ ആനുകൂല്യങ്ങളുടെ വലിപ്പം, കുഞ്ഞാലിക്കുട്ടിയ്ക്കു മേല്‍ റൗഫിനുണ്ടായിരുന്ന സ്വാധീനത്തിന്റെ ആഴവും കാരണവും ഒക്കെ ശിഹാബ് തങ്ങള്‍ക്കും അറിയാമായിരുന്നു. പൊന്നു കുഞ്ഞാപ്പാ, ഇതൊന്നും ഇനി ആവര്‍ത്തിച്ച് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തല്ലേ എന്നു നൊന്തപേക്ഷിച്ചാണ് ശിഹാബ് തങ്ങള്‍ പരലോകത്തേയ്ക്കു പോയത്. ചെയ്ത തെറ്റുകളെല്ലാം തുറന്നു പറഞ്ഞു പരസ്പരം പൊറുക്കുന്നവിധത്തില്‍ അലൗകികമായ ബന്ധം അവര്‍ക്കിടിയലുണ്ടായേക്കാം. തങ്ങള്‍ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി കുഞ്ഞാലിക്കുട്ടി പ്രയത്‌നിക്കുകയും ചെയ്യുന്നുണ്ടാവാം. എന്നാല്‍ ഭരണയന്ത്രത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കുഞ്ഞാപ്പ നേതൃത്വം നല്‍കിയ അധോലോകസംഘം ചെയ്തും കൊയ്തും കൂട്ടിയത് ഗുരുവും ശിഷ്യനും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് തുറന്നു പറഞ്ഞ് പൊറുത്തുകൊടുത്താല്‍ തീരുന്നല്ല. വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയവര്‍ക്കും നികുതിയൊടുക്കി ഖജനാവു താങ്ങിനിര്‍ത്തുന്നവര്‍ക്കും കൂടി അക്കാര്യത്തില്‍ ചെറിയ ചില ഉത്തരവാദിത്തങ്ങളുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ക്കു മേല്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയും ജാഗ്രതയും ഉറപ്പാക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നത് ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്.
തന്റെ ഭരണകാലത്ത് അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ റൗഫിനെ കണ്ടിട്ടില്ലേ എന്നു കുഞ്ഞാലിക്കുട്ടി പത്രലേഖകരോടു ചോദിച്ചതിന് ആരും മറുപടി പറഞ്ഞിട്ടില്ല. കാണരുതാത്ത സാഹചര്യങ്ങളില്‍ റൗഫിനെ കണ്ടതായി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയ ആ പത്രലേഖകരില്‍ എത്ര മനോരമക്കാരുണ്ട് എന്നു നമുക്കറിയില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കരുത്തില്‍ റൗഫ് എന്നൊരു ഭീകരജീവി പുളച്ചു മദിക്കുന്നുണ്ടെന്ന് മനോരമയടക്കം ഒരു പത്രക്കാരനും ഇന്നേവരെ നമ്മോടു പറഞ്ഞിട്ടില്ല. റൗഫിനെ ആകെ പരാമര്‍ശിച്ചത്, ഐസ്‌ക്രിം പാര്‍ലര്‍ കേസ് ഒതുക്കിത്തീര്‍ത്തതുമായി ബന്ധപ്പെടുത്തി മാത്രമാണ്. അന്വേഷണം അതിനുമപ്പുറത്തേയ്ക്കു നീളണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു കാരണം കുഞ്ഞാലിക്കുട്ടിയാണ്, കുഞ്ഞാലിക്കുട്ടി മാത്രമാണ്.
മനോരമ പരിഹസിക്കുന്നതു പോലെ ഐസ്‌ക്രിം പാര്‍ലര്‍ കേസിന്റെ മൂന്നാം വിചാരണയല്ല ഇപ്പോള്‍ നടക്കുന്നത്. അധോലോക സാമ്രാജ്യവ്യാപനത്തിനു കുഞ്ഞാലിക്കുട്ടി മഹാരാജാവും സര്‍വസൈന്യാധിപന്‍ റൗഫും നടത്തിയ അശ്വമേധത്തില്‍ തകര്‍ന്നുവീണതും വെട്ടിപ്പിടിച്ചതും എന്തൊക്കെയായിരുന്നു എന്നതിന്റെ കണക്കെടുപ്പാണ്. മനോരമയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലും അതു നടന്നേ തീരൂ.
മനോരമ പറയുന്നു...
ആരൊക്കെയോ ചിലര്‍ സ്വയം കോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ട വഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതു വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചു നില്‍ക്കുന്നവരും.സംശയത്തിന്റെ നിഴലില്‍ മുഖം കുനിച്ചു നില്‍ക്കുന്നവര്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന യുക്തിയില്‍ കഴമ്പൊന്നുമില്ല. അങ്ങനെയെങ്കില്‍ മനോരമയില്‍ അച്ചടിക്കുന്ന ഒരു വാചകം പോലും വിശ്വസിക്കാന്‍ അറയ്ക്കുന്ന ഒരു പൂര്‍വചരിത്രം ഈ പത്രത്തിനുണ്ട്. ഇന്റര്‍ഗ്രേറ്റഡ് ഫൈനാന്‍സ് വിവാദം മുതല്‍ ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് വരെയുളള വഞ്ചനയുടെ കഥകളും നുണയെഴുത്തില്‍ തനതു തന്ത്രങ്ങള്‍ മെനഞ്ഞ എഡിറ്റോറിയല്‍ വൈഭവവും ഓര്‍മ്മയുളളവര്‍ക്കു മുന്നില്‍ സംശയത്തിന്റെ നിഴലിലല്ല, തീക്കുണ്ഠത്തിലാണ് മനോരമ. അതുകൊണ്ട് ചോദ്യം ചെയ്യലിനു മുതിരുന്നവര്‍ക്ക് കണ്ടത്തില്‍ കുടുംബം വിതരണം ചെയ്യുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് മടക്കത്തപാലില്‍ തിരികെച്ചെല്ലും.
മനോരമ പറയുന്നതു പോലെ നീതിപീഠത്തിന്റെ വിശ്വാസ്യത തന്നെയാണ് പ്രതിക്കൂട്ടില്‍. നീതിന്യായ സംവിധാനത്തെ അപ്പാടെ വിലയ്‌ക്കെടുത്താണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് എന്നാണ് റൗഫും പീറ്ററും വെളിപ്പെടുത്തുന്നത്. വെറുതെ കാടടച്ചു വെടിവെയ്ക്കുകയല്ല അവര്‍ ചെയ്തത്. ജഡ്ജിമാരുടെ പേര്, നല്‍കിയ തുക, കൈമാറിയ സ്ഥലം, പകരം ചെയ്ത സേവനം ഇവയൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെന്തെന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. കാരണം അവര്‍ പുലര്‍ത്തുന്ന സഹിഷ്ണുതയുടെയും സംയമനത്തിന്റെയും ചെലവിലും അവരൊടുക്കുന്ന നികുതിക്കാശിന്റെ പച്ചയിലുമാണ് ഈ സ്ഥാപനങ്ങള്‍ നിലനിന്നുപോരുന്നത്.
"തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജുഡീഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യ"മാണെന്നും "സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതി"കളാണെന്നും മനോരമ ഗിരിപ്രഭാഷണം നടത്തുന്നു. തെളിയിക്കപ്പെടാത്ത ആരോപണം എന്ന് ഒഴുക്കന്‍ മട്ടിലെഴുതിത്തളളിയാല്‍ എല്ലാമാകില്ല. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ആ അന്വേഷണം നടത്താനുളള നീക്കത്തെ താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി നീചമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പു വിജയത്തിനുളള വ്യാമോഹം എന്നാണ് മനോരമ പുച്ഛിക്കുന്നത്. അന്വേഷണങ്ങള്‍ ഉണ്ടാകരുതെന്നും ആരോപണങ്ങള്‍ പന്തീരാണ്ടുകാലവും തെളിയിക്കപ്പെടാതെ കിടക്കണമെന്നും തന്നെയാണ് മനോരമയുടെ ആഗ്രഹം. ജസ്റ്റിസ് നാരായണക്കുറുപ്പും ജസ്റ്റിസ് തങ്കപ്പനും പുറപ്പെടുവിച്ച സകല വിധിന്യായങ്ങളും സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു റൗഫിന്റെ പത്രസമ്മേളനം. മാധ്യമങ്ങള്‍ അതേക്കുറിച്ചു നിശബ്ദത പാലിച്ചതുകൊണ്ടോ രാഷട്രീയനേതാക്കന്മാര്‍ മൗനം പുലര്‍ത്തിയതുകൊണ്ടോ ഈ ജഡ്ജിമാരുടെ ബെഞ്ചില്‍ നിന്ന് തങ്ങള്‍ക്കെതിരെ വന്ന വിധികളോര്‍ത്ത് പല്ലുറുമ്മുന്നവരുടെ രോഷം അടങ്ങുകില്ല. സ്വതന്ത്രവും നീതിയുക്തവുമായ ഒരന്വേഷണത്തിനു മാത്രമേ സംശയത്തിന്റെ കാര്‍മേഘങ്ങളെ വകഞ്ഞു നീക്കാനാവൂ.
അതൊരിക്കലും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കു വേണ്ടിയൊരു പൊതുബോധ്യം തങ്ങളുടെ വായനക്കാരിലൂടെ സൃഷ്ടിക്കാനാണ് മനോരമയുടെ ശ്രമം. വാദ്യോപകരണങ്ങള്‍ ഇങ്ങനെ ഊതുന്നത് എന്തിനെന്ന് കൃത്യമായി അറിയണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ചില പ്രതികരണങ്ങള്‍ നേരിട്ടു തന്നെ കാണണം.
കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ദയനീയ പ്രതികരണമാണിത്. ആരിലും സഹതാപമുണര്‍ത്തുംവിധം പരിഹാസ്യവും പരിതാപകരവുമാണ് ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ. മോചനയാത്രയുടെ മധ്യത്തില്‍ വിവസ്ത്രനായിപ്പോയ ബാലജനസഖ്യം ഫെയിം നായകന്റെ ഈ നിസഹായതയാണ് മനോരമയുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്നത്. കുഞ്ഞാലിക്കുട്ടിയ്ക്കു വേണ്ടി നിരത്തിവെയ്ക്കാന്‍ ഒരു യുക്തിയും ഉമ്മന്‍ചാണ്ടിയുടെ പക്കലില്ല. ഉളളതു വാദിച്ചു ഫലിപ്പിക്കാനുളള സാമര്‍ത്ഥ്യവും കമ്മി. അമ്പൊഴിയാത്ത ആവനാഴിയുമായി നില്‍ക്കുന്ന റൗഫ് പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ നേരിടാന്‍ പോന്ന പാങ്ങൊന്നും ഒരു യുഡിഎഫ് നേതാവിനുമില്ല. ചാനലുകള്‍ സംശയരഹിതമായി അതു തെളിയിച്ചതാണ്.
മാത്രമല്ല, കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെ റൗഫും പീറ്റരും മാത്രമല്ല സാധൂകരിക്കുന്നത്. തെറ്റ് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതു നന്നായി എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം യുഡിഎഫിന്റെ കൂടാരത്തില്‍ പതിച്ച ആറ്റംബോംബാണ്. റൗഫും കുഞ്ഞാലിക്കുട്ടിയും ചെയ്ത കൊള്ളരുതായ്മകളത്രയും തനിക്കും അറിവുണ്ടായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി സാക്ഷ്യപ്പെടുത്തിയത്. ഇപ്പോഴെങ്കിലും അതു തുറന്നു പറഞ്ഞതു നന്നായി എന്ന പ്രതികരണം തെളിയിക്കുന്നത് മറ്റൊന്നല്ല.
യുഡിഎഫ് ഭരണകാലത്ത് ഒരു തവണയേ താന്‍ തിരുവനന്തപുരത്തു പോയിട്ടുളളൂ എന്ന റൗഫിന്റെ അവകാശവാദത്തെ കുഞ്ഞാലിക്കുട്ടി പരിഹസിക്കുന്ന കാഴ്ച എത്ര വാചാലമാണ്.
ഉമ്മന്‍ചാണ്ടിയായിരുന്നു അന്നു മുഖ്യമന്ത്രി. അക്കാലത്ത് റൗഫ് തിരുവനന്തപുരത്തു വന്നതും അട കിടന്നതും എന്തിനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയാതെ പോവില്ല. ഇതിന്റെയൊക്കെ അസന്നിഗ്ധമായ അര്‍ത്ഥം മറ്റൊന്നുമല്ല. കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടങ്ങള്‍ അകം പുറം അറിയുന്നവരില്‍ പരേതനായ ശിഹാബ് തങ്ങളുണ്ട്, ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയുണ്ട്. കുഞ്ഞാലിക്കുട്ടി വാക്കുകള്‍ തെളിയിക്കുന്നത് കുറേ പത്രക്കാര്‍ക്കും എല്ലാമറിയാമായിരുന്നുവെന്നാണ്. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ലേഖകന്‍ ഷാജഹാന്റെ പേരെടുത്തു പറഞ്ഞ് സാക്ഷ്യം പറയാന്‍ കുഞ്ഞാലിക്കുട്ടി പരസ്യമായി കെഞ്ചുന്ന കാഴ്ച മറ്റൊന്നുമല്ല തെളിയിക്കുന്നത്.
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത എന്നാണു നിര്‍വചനം. അതു പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കലാണ് മാധ്യമ പ്രവര്‍ത്തനം. യുഡിഎഫ് എന്ന കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരധികാര കേന്ദ്രവും അതിന്റെ നേതാക്കളും മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത് പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തനം മനോരമയുടെ ചിന്തകള്‍ക്കു പോലും അപ്രാപ്യമാണ്. വോട്ടിനു വേണ്ടി ഇത്രയും താഴാമോ എന്നു ചോദിക്കുന്ന മനോരമയോട് തികച്ചും സൗമ്യമായി നമുക്കു തിരിച്ചു ചോദിക്കാം... യുഡിഎഫിനു വേണ്ടി ഇതിലും താഴാമോ...
മാരീചന്റെ പേജിലേക്ക്
നല്ലപോസ്റ്റ്...
ReplyDeleteഎനിക്ക് വളരെഇഷ്ടപ്പെട്ടു...
ആശംസകള്‍നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com