Tuesday, February 15, 2011

ജാഹ്നവി വൈദ്യനാഥന്‍ - മത്താപ്പ്

 ഒരു തീത്തുള്ളി. നിങ്ങള്‍ക്കിതിനെ കഥയെന്ന് വിളിക്കാം , അല്ലെങ്കില്‍ കവിത എന്ന്.  ജീവിതത്തില്‍ നിന്നും പറിച്ചെടുക്കുന്ന നിമിഷത്തിനെ പാകപ്പെടുത്തേണ്ടത് വാക്കുകളുടെ ചേരുവകകളിലാകുമ്പോള്‍ മറ്റൊരാളിലേക്ക് പകരാനാവാതെ പോകുന്നത് നേരിട്ട് അനുഭവിച്ച ക്ഷതികളുടെ തീക്ഷ്ണതകളെയാണ്. ആയതുകൊണ്ടുതന്നെയാണ് വാക്കുകളുടെ മര്‍മ്മമറിഞ്ഞ പ്രജാപതി പോലും  ഭാഷ അപൂര്‍ണം എന്ന് വിലപിച്ചത്. ഭാഷയെ പിന്തള്ളുക എന്നത് എഴുത്തുകാരന്റെ എക്കാലത്തേയും സജീവമായ വെല്ലുവിളിയാകുന്നതും ആ വെല്ലുവിളിയെ മറികടക്കാനാവാതെ വീണ്ടും വീണ്ടും അതേ നിലവിളി അവന് ഉയര്‍ത്തേണ്ടിവരുന്നതും. എഴുത്തുകാരന്റെ ഇത്തരം പരീക്ഷണങ്ങളെ ആദരവോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍ .  പൊട്ടിക്കരച്ചിലിനെക്കാള്‍ അമര്‍ത്തിയ ഒരു വിങ്ങിപ്പൊട്ടലായി എഴുത്ത് അനുഭവിക്കാനാകുമോ എന്ന കൌതുകത്തിനപ്പുറം പകര്‍ത്തപ്പെടുന്ന വൈയക്തികനിമിഷങ്ങളെ എത്രമാത്രം ആഴത്തില്‍ പകരാനാവുന്നുണ്ട് എന്ന ചിന്തക്കും പ്രാധാന്യമുണ്ട്. ഈ തലത്തില്‍ , രണ്ടു നിമിഷങ്ങളുടെ താരതമ്യഫലമായി ഉടലെടുത്ത ഒരു കഷണം ജീവതത്തെ നിങ്ങള്‍ കാണുക. അവ്യക്തമായ എന്തോ ഒന്ന് , പുറത്തേക്ക് ഗമിക്കാത്തത് , എന്നാല്‍ അകത്ത് ഒതുങ്ങാത്തത് ഈ കഥയിലുണ്ട്.കണ്ണാടിത്തുണ്ടിലെ ഈ ജീവിതത്തെ എനിക്കിഷ്ടമായി. പൂര്‍ണം എന്ന അര്‍ത്ഥത്തിലല്ല , മറിച്ച് പൂര്‍ണത തേടുവാനുള്ള കാമ്പ് ഈ എഴുത്തുകാരനിലുണ്ട് എന്ന അര്‍ത്ഥത്തില്‍ വായിക്കുക. ഒഴിവാക്കാമായിരുന്ന ചില പ്രയോഗങ്ങളുടെ വൃഥാസ്ഥൂലത അഭികാമ്യമല്ല തന്നെ
----------------------------------------------------------------------------





 വെടിയുണ്ടകളെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്ന ആ അരമതിലില്‍ കണ്ണുടക്കി നില്‍ക്കുമ്പോഴും, ജാഹ്നവി വൈദ്യനാഥന്റെ കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഒറ്റ നോട്ടത്തില്‍ പിടിതരാതെ, അവള്‍ വാരിപ്പൂശിയ ഭാവങ്ങള്‍ സാരിയുടെ കോന്തല വലിച്ചു, മുഖം മറച്ചു.
ജാഹ്നവി വൈദ്യനാഥന്‍ ഒരു വീട്ടമ്മയാണ്.
വലിയ ബിരുദങ്ങള്‍ മഞ്ഞ ലോഹത്തോടൊപ്പം ഭര്‍തൃഗൃഹത്തിലെ അലമാരയില്‍ വച്ചു പൂട്ടി,
രാവിലെ മുതല്‍ രാത്രി വരെ ഭര്‍ത്താവിനും കുഞ്ഞിനും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന,
സംതൃപ്തയായ ഒരു വീട്ടമ്മ.

വൈദ്യനാഥന്‍ രാമകൃഷ്ണന്‍ സന്തോഷവാനായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന അയാളുടെ കുടുംബവും.
ഭര്‍ത്താവിന്റെ പതിവുകള്‍ക്കൊപ്പിച്ച്, സമയവും സമയദോഷവും മുറിച്ചു പങ്കു വച്ചിരുന്ന ഭാര്യ, മകള്‍...
തോളില്‍ കറുത്ത തുകല്‍ ബാഗ്, പൊതിച്ചോറ്, മടക്കി വച്ച ഹിന്ദു പത്രം. ചുവപ്പും പച്ചയും പേനകള്‍...
ചാറ്റല്‍മഴയുള്ളൊരു ദിവസം, സുപ്രഭാതം കേട്ട്, അരിപ്പോടിക്കോലം  കവച്ചു വക്കാതെ കടന്ന്,
സ്വന്തം പതിവുകളില്‍ തൂങ്ങിയാടി സ്റ്റേറ്റ് ബാങ്കില്‍ ജോലിക്ക് പോയി ആ പട്ടര്.

ഉച്ചവെയിലില്‍ തണുപ്പ് വിട്ടു നില്‍ക്കുന്നു.
നഴ്സറിയില്‍ നിന്നും തന്റെ മൂന്ന് വയസ്സുകാരി ഇപ്പോള്‍ വീട്ടിലെത്തിയിരിക്കും.
പറയാതെ പോന്നതിലുള്ള സങ്കടം കൂട്ടിയെടുത്തു മൂക്കത്ത് വച്ചത് അയാള്‍ക്ക് ഇവിടെ നിന്ന് കാണാം.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ നിസ്സഹായനായിരുന്നു.
അമ്മ എന്നെഴുതാനറിയാത്ത കുഞ്ഞിനോട് അമ്മ മരിച്ചുവെന്ന് എങ്ങനെ പറയും?
കിഴക്കും പടിഞ്ഞാറും, കള്ളങ്ങള്‍ ഇരുട്ടി വെളുക്കാന്‍ തുടങ്ങി.
ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ച കള്ളങ്ങള്‍ തട്ടിയിട്ട്, ഒരു ദിവസം കുഞ്ഞു ജാഹ്നവി ചോദിച്ചു.
"അപ്പാ, അമ്മ എരന്ത്‌ പോയിട്ടാര്‍ ഇല്ലിയാ?"
അരമതിലില്‍ വീണു ചിതറിയ കണ്ണുനീര്‍ത്തുള്ളികള്‍ വൈദ്യനാഥന്‍ രാമകൃഷ്ണന്റെതായിരുന്നു...

പിന്നെയും ഒരുപാട് കാലം, വെയിലും മഴയും അരമതിലിനോട് കിന്നാരം പറഞ്ഞു.
ജാഹ്നവി വൈദ്യനാഥന്‍ ഒരെട്ടുകാലി വലയിലെന്ന പോലെ, വട്ടത്തിലും നീളത്തിലുമുള്ള ചരടുകളില്‍ കുരുങ്ങിക്കിടന്നു.
തൊട്ടും തൊടാതെയും ഒട്ടിപ്പിടിച്ച ഇഴകളില്‍ ശുഷ്കമായ ബന്ധുബലം ഇര തേടി.
മകള്‍, അമ്മ, ഭാര്യ....

ഇളവെയിലില്‍, പൊളിഞ്ഞു തുടങ്ങിയ അരമതില്‍ ചാരി, ജാഹ്നവി വൈദ്യനാഥന്‍ ചിരിച്ചുകൊണ്ടിരുന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്റെ മരണ വാര്‍ത്തയെ അവള്‍ അങ്ങനെയാണേറ്റുവാങ്ങിയത്.
"അമ്മ മരിച്ചപ്പോള്‍ അച്ഛന് കള്ളം പറയാന്‍ ഞാന്‍ ഉണ്ടായിരുന്നു,
ഇപ്പോള്‍ കള്ളം പറയാനും, മറച്ചു വച്ചു സന്തോഷിപ്പിക്കാനും പേരിനു പോലും എനിക്ക് ആരും ഇല്ലല്ലോ!!!"
കളഭം പൂശി, നര കയറിയ തല തടവി നടന്നു പോയ, വൈദ്യനാഥന്‍ രാമകൃഷ്ണന്‍ എന്ന പട്ടരുടെ പേരെഴുതിയ ചരടുകള്‍ അവള്‍ക്കിനി മുറിച്ചു കളയാം.

ജാഹ്നവി വൈദ്യനാഥന്‍ തിരിച്ചു നടന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ ഒരു കുടത്തിനുള്ളിലെ ചാരത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു.

അച്ഛനോടൊപ്പം മരിച്ചത് മകള്‍ മാത്രമായിരുന്നു, അമ്മയും ഭാര്യയും പിറകില്‍ ഊഴം കാത്തു നില്‍ക്കുന്നു.
"ജാഹ്നവീ, എന്ന സായംകാലത്തിലെ കനാ കണ്ട് നിക്കറെന്‍?"
"അമ്മാ..... പശിക്കുത്....."
നേരമായി. ജാഹ്നവി വൈദ്യനാഥന് ഇനിയും എട്ടുകാലി വലകളില്‍ കുരുങ്ങിക്കിടക്കാം.
ചുമതലകളുടെ പശ ഒട്ടി നില്‍ക്കുന്നത് വരേയ്ക്കും രമിക്കാം, ശേഷം മരിക്കാം.....


പേജ്

2 comments:

  1. ഒറിജിനൽ പോസ്റ്റ് ലിങ്കും ഉൾപ്പെടാത്തമല്ലോ മനോജ് ഭായ്
    :-)
    ഉപാസന

    ReplyDelete
  2. ഒറിജിനല്‍ പോസ്റ്റിലേക്കുള്ള ലിങ്കുണ്ടല്ലോ.താഴെ ഇടതുഭാഗത്ത് പച്ചനിറത്തില്‍ പേജ് എന്ന് കാണുന്നില്ലേ.എല്ലാം പച്ചയായതുകൊണ്ടാണെന്ന് തോന്നുന്നു.:)

    ReplyDelete