Sunday, February 27, 2011

ലോകചെസ്സിന്റെ പുതിയ യുഗം







ഹോളന്റിലെ വിക്കാന്‍സിയല്‍ റ്റാറ്റാ സ്റ്റീല്‍ ചെസ് ടൂര്‍ണ്ണമെന്റ് അവസാനിച്ചപ്പോള്‍ ലോക ചെസ്സിലെ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തന്ന ഫലങ്ങളാണ് പുറത്തുവന്നത്. ഹികാറു നകാമുറ എന്ന ജാപ്പാനീസ് വംശജനായ അമേരിക്കക്കാരന്‍ ആനന്ദിനും കാള്‍സനും ക്രാംനിക്കിനും മീതെ ഒന്നാം സ്ഥാനം നേടി കിരീട ജേതാവായതാണ് ഈ പകര്‍ച്ചയുടെ ഏറ്റവും തെളിഞ്ഞ ചിത്രം. നേപ്പാള്‍കാരനായ അനീഷ് ഗിരി കാള്‍സനെ തോല്പിച്ചും ആനന്ദിനെ സമനിലയില്‍ തളച്ചും മികച്ച സ്‌ക്കോര്‍ നേടിയപ്പോള്‍ ഭാവിയില്‍ കാള്‍സന്‍ ആരെ ഭയക്കേണ്ടിവരും എന്ന സൂചനയും നല്കി. മാക്‌സിം ലാഗ്രാവ് എന്ന ഫ്രഞ്ചുകാരനായ ചെറുപ്പകാരന്‍ മികച്ച സ്‌കോര്‍ നേടിയപ്പോള്‍ ലോക ചെസ്സില്‍ ഫ്രാന്‍സിന്റെ സ്ഥാനം എത്തിയന്‍ ബാക്രോ എന്ന ഫ്രഞ്ച് ഗ്രാന്റ്മാസ്റ്റര്‍ എത്തിച്ചതിനേക്കാള്‍ ഉയരത്തില്‍ എത്തിയേക്കും എന്ന സൂചനയും കിട്ടി. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത, സ്ഥിരം സൂചിപ്പിക്കുന്ന എന്തെങ്കിലും വിക്കാന്‍സിയില്‍ കണ്ടുവെങ്കില്‍ അത് ആനന്ദിന്റെ കരുത്ത് മാത്രമാണ്. തന്റെ 42-ാം വയസ്സിലും ആനന്ദ് അപരാജിതനായി നകാമുറയുടെ അര പോയന്റ് പിറകെ രണ്ടാം സ്ഥാനം നേടി. മാത്രമല്ല ഈ ടൂര്‍ണ്ണമെന്റ് വിജയത്തില്‍ നിന്ന് ആനന്ദിന് ലോക ചെസ്സിന്റെ ഒന്നാം റാങ്ക് കാള്‍സനില്‍ നിന്ന് തിരിച്ചുപിടിക്കാനും കഴിയും. അടുത്ത മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന 'ഫിഡെ' ലോക ചെസ്സ് റാങ്കിങ്ങില്‍ ആനന്ദ് 2817 പോയന്റോടെ ഒന്നാം സ്ഥാനത്തും കാള്‍സന്‍ 2815 പോയന്റേ്ാടെ രണ്ടാംസ്ഥാനത്തുമായിരിക്കും.

'റ്റാറ്റാ സ്റ്റീല്‍ ചെസ്' എന്നത് ആ പ്രശസ്തമായ ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായതോടെ പേര് മാറി എന്നുമാത്രം. ചാമ്പ്യനായ നകാമുറ ജാപ്പാനീസ് വംശജനാണ്. ജനിച്ചത് ജപ്പാനിലെ ഹിരാകതയിലാണെങ്കിലും നകാമുറയ്ക്ക് ജപ്പാന്‍ ഓര്‍മ്മകളില്‍പ്പോലും ഇല്ല. കാരണം നകാമുറയുടെ രണ്ടാം വയസ്സില്‍ത്തന്നെ നകാമുറ കുടുംബം അമേരിക്കയിലെത്തി. 5 വയസ്സിനു മുമ്പുതന്നെ ചെസ്സില്‍ മികച്ച പരിശീലനം ലഭിച്ച നകാമുറ ഇന്ന് ബോബി ഫിഷര്‍ക്കുശേഷം അമേരിക്കകണ്ട ഏറ്റവും കരുത്തനായ അമേരിക്കന്‍ ചെസ് കളിക്കാരനാണ്. പത്താം വയസ്സില്‍ത്തന്നെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ചെസ് ഫെഡറേഷന്റെ ചെസ് മാസ്റ്റര്‍ പദവിയും 15-ാം വയസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ പദവിയും നേടിയ നകാമുറ ലോക ചെസ് രംഗത്ത് ശ്രദ്ധേയനായയത് 2004 ല്‍ വിക്കാന്‍സിയില്‍ വെച്ചുതന്നെയാണ്. 2004 ലെ കോറസ് ടൂര്‍ണ്ണമെന്റിന്റെ 'ബി' വിഭാഗത്തില്‍ നകാമുറ നാലാമതായി ഫിനിഷ് ചെയ്തു.



2004ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നകാമുറ പങ്കെടുത്തിരുന്നു. ആദ്യത്തെ മൂന്ന് റൗണ്ടുകളില്‍ ജയിച്ച നകാമുറ പരാജയപ്പെട്ടത്ത് നാലാംറൗണ്ട് കളിയില്‍ ബ്രിട്ടന്റെ നൈജല്‍ ഷോട്ടിനോടാണ്. നൈജല്‍ ഷോട്ട് ഒടുവില്‍ ലോക റണ്ണര്‍ അപ്പാവുകയും ചെയ്തു. 2005ല്‍ നകാമുറ അമേരിക്കന്‍ ചാമ്പ്യനായി. ഒരൊറ്റ കളിയും തോല്‍ക്കാതെയാണ് നാകാമുറ ചാമ്പ്യനായത്. ഇതിനു മുമ്പ് ഒരൊറ്റ കളിയും തോല്‍ക്കാതെ അമേരിക്കന്‍ ചാമ്പ്യനായ വ്യക്തി ബോബി ഫിഷറായിരുന്നു. അമേരിക്കയില്‍ നാകാമുറ എന്ന ബാല പ്രതിഭ മുന്നോട്ടുവരുമ്പോള്‍ മറ്റൊരിടത്ത്, ഉക്രൈനില്‍, മറ്റൊരു ബാലപ്രതിഭ ഉതിച്ചുയരുകയായിരുന്നു. സെര്‍ജി കാര്യാക്കിന്‍ ആയിരുന്നു ആ കുട്ടി. ഭാവിയിലെ ലോക ചാമ്പ്യനെ ആ കുട്ടിയില്‍ പലരും കണ്ടുതുടങ്ങിയ കാലം. മെക്‌സിക്കോയില്‍ വെച്ച് ഈ ബാല പ്രതിഭാശാലികള്‍ ഒരു നേരങ്കത്തില്‍ -ഏറ്റുമുട്ടി. വിജയം നാകാമുറയ്ക്കായിരുന്നു - 4.5 - 1.5 എന്ന സ്‌കോറിന് 2008 ആവുമ്പോഴേക്കും നകാമുറ ലോകത്തെ ചെസ് അതികായന്മാരോട് ഏറ്റമുട്ടാനും വിജയിക്കാനും തുടങ്ങി. അനറ്റോളി കാര്‍പ്പോവും വാസ്‌ലി ഇഹഞ്ചുക്കും അറോണിയനുമൊക്കെ നകാമുറയോട് തോറ്റവരില്‍ ഉള്‍പ്പെടന്നു. ആ മുന്നേറ്റങ്ങളുടെ ഒടുവിലാണ് നകാമുറ റ്റാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. 9 പോയന്റുകളാണ് നകാമുറ നേടിയത്.



നകാമുറയുടെ തൊട്ടു പിന്നില്‍ 8.5 പോയന്റോടെ രണ്ടാം സ്ഥാനം നേടിയ ആനന്ദിന് ചാമ്പ്യനാവാന്‍ പറ്റാത്തതിന്റെ ദുഃഖമുണ്ട്. ''അവസാന റൗണ്ടുകളില്‍ നകാമുറ നിരവധി പോയന്റുകള്‍ വാരിക്കുട്ടി. ഞാന്‍ പല ഗെയിമുകളും ജയിച്ചെങ്കിലും അതും മതിയായില്ല ചാമ്പ്യനാവാന്‍, '' ആനന്ദ് തുറന്നുപറയുന്നു. ഇതൊക്കെയാണെങ്കിലും രണ്ടും കാരണങ്ങളാല്‍ ആനന്ദിന് ഈ ടൂര്‍ണ്ണമെന്റ് ഏറെ സന്തുഷ്ടി നല്കുന്നു. ഒന്നാമതായി, ഒരൊറ്റ കളിയും തോല്‍ക്കാതെയാണ് ആനന്ദ് റണ്ണര്‍ അപ്പായത്. അതുകൊണ്ടുതന്നെ ഫിഡേ ലോകറാങ്കിങ്ങിലേക്ക് വിലപ്പെട്ട 7 പോയന്റുകള്‍ ആനന്ദിന് കിട്ടും. അതോടെ തന്റെ കരിയറില്‍ത്തന്നെ ഏറ്റവും ഉയരത്തില്‍ (2817) ആനന്ദ് എത്തും, ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചു കിട്ടുകയും ചെയ്യും. ഇതാണ് ഒന്നാമത്തെ കാരണം എന്നാല്‍ ഒരു കാരണം കൂടിയുണ്ട് ആനന്ദിന് അഭിമാനിക്കാന്‍. അത് വാങ് ഹാവോക്കെതിരെ ആനന്ദ് പുറത്തെടുത്ത അത്ഭുതകരമായ ഒരു നീക്കമാണ്. തിംബോ ഇന്ത്യന്‍ പ്രതിരോധത്തില്‍ ഏവര്‍ക്കും സുപരിചിതമായ വഴിയിലാണ് കളിനടന്നത്. 16-ാം നീക്കത്തില്‍ തന്റെ വെള്ള നൈറ്റിനെ ബലി കൊടുത്തുകൊണ്ട് ആനന്ദ് നടത്തിയ ഒരു നീക്കം ചെസ് ലോകത്തിലെ വിസ്മയമായി. ആനന്ദ് പണ്ട് ക്രാംനിക്കിനെതിരെ ഉപയോഗിക്കാനായി കരുതിവെച്ചിരുന്ന ഒരായുധമായിരുന്നു ഈ നീക്കം. അന്ന് ഈ നീക്കം ഇല്ലാതെത്തന്നെ ആനന്ദ് കളി ജയിച്ചിരുന്നു. ആനന്ദിനെ ഉപയോഗിക്കാതെ കിടന്ന ആ നീക്കം ഇപ്പോള്‍ ആനന്ദിന് ഉപകരിച്ചു. ആ ഒരൊറ്റ നീക്കം മതിയായിരുന്നു ആനന്ദിന് എതിരാളിയുടെ മുഴുവന്‍ കരുക്കളെയും പ്രതിരോധത്തിലേക്ക് തളയ്ക്കാന്‍. ആനന്ദിനെ നിത്യവിസ്മയമാക്കുന്ന വസ്തുത ഈ നാല്പത്തിരണ്ടാം വയസ്സിലും തന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേക്കു തന്നെ കൊണ്ടുപോകുന്നു എന്നതാണ്. ആനന്ദിനെ പിടിച്ചുകെട്ടാന്‍ പിന്‍ഗാമികള്‍ വിഷമിക്കുകയും ചെയ്യുന്നു. ഇന്നത്തെ അവസ്ഥയില്‍ കാള്‍സനും റ്റോപ്പോളോവും ക്രാംനിക്കുമൊക്കെ ആനന്ദിനു മേല്‍ ഒരുഅധീശത്വവും കിട്ടാത്ത കാഴ്ചയാണ് നാം കാണുന്നത.്



പക്ഷേ, ആനന്ദും നകാമുറയുമല്ല ഇത്തവണത്തെ വിക്കാന്‍സിയിലെ താരം. ആ താരത്തിന്റെ പേര് അനീഷ് ഗിരി എന്നാണ്. അനീഷ് ഗിരി! ആ പേരില്‍ത്തന്നെയില്ലെ ഒരു ഇന്ത്യന്‍ മട്ട്?. സംഗതി ശരിയാണ് അനീഷ് ഗിരി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സൃഷ്ടിയാണ്. നേപ്പാള്‍കാരനാണ് അച്ഛന്‍ പേര് സഞ്ജയ് ഗിരി. അമ്മ റഷ്യക്കാരിയാണ.് - ഓള്‍ഗ ഗിരി. ചതുംരഗത്തിന്റെ ജന്മദേശമായ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് അച്ഛനും ആധുനിക ചെസ്സിന്റെ സാമ്രാജ്യമായിരുന്ന റഷ്യയില്‍ നിന്ന് അമ്മയും വരുമ്പോള്‍ മകനായ അനീഷ് ഗിരിയില്‍ ചെസ്സിന്റെ പാരമ്പര്യത്തിന്റെ വഴികള്‍ വേറെ അന്വേഷിക്കേണ്ടല്ലോ. ഗിരി കുടുംബം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അവര്‍ ജപ്പാനിലേക്ക് മാറി. തുടര്‍ന്ന് ഹോളന്റിലേക്കും അനീഷിന്റെ ആദ്യത്തെ ചെസ് കളരി സെന്റ് പീറ്റേഴസ് ബര്‍ഗിലെ ദ്യുഷ് - 2 ആയിരുന്നു. ജപ്പാനിലെത്തിയ ശേഷം ജപ്പാന്‍ ചെസ് അസോസിയേഷനിലും സപ്പോറോ ചെസ് ക്ലബ്ബിലും അംഗമായിരുന്നു. ചുരുക്കത്തില്‍ നന്നേ കുട്ടിക്കാലത്തുതന്നെ അനീഷ് ഗിരിക്ക് അന്താരാഷ്ട്ര ചെസ് സമൂഹവുമായി നേരിട്ട് ഇടപഴുകാന്‍ ഇടംകിട്ടി.

അനീഷിന്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടം റഷ്യയിലെ അണ്ടര്‍ - 12 ചാമ്പ്യന്‍ഷിപ്പ് നേടിയതാണ്. 2008ല്‍, തന്റെ പതിനാലാം വയസ്സുതൊട്ടേ അനീഷ് ജര്‍മനിയി െല ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ചെസ്സില്‍ (ചെസ് ബുണ്ടെസ് ലീഗ്) കളിക്കാന്‍ ആരംഭിച്ചു. ഇത്ര ചെറുപ്പത്തില്‍ ചെണ്ടെസ് ലീഗില്‍ കളിച്ച മറ്റൊരു കളിക്കാരന്‍ ചെസ് ചരിത്രത്തിലില്ല. കൂടാതെ ഹോളന്റിലെയും ഏറ്റവും ഉയര്‍ന്നതലത്തിലുള്ള ചെസ്സില്‍ അനീഷ് കളിക്കുന്നു. 2010 ലാണ് അനീഷ് ഗിരി വലിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. 18 മത് സിഗ്മാന്‍ ആന്റ് കമ്പനി ടൂര്‍ണ്ണമെന്റില്‍ അനീഷ് ചാമ്പ്യനായി. ചാമ്പ്യനായി എന്നതല്ല ഇതിന്റെ സവിശേഷത. അനീഷിന്റെ ആ ടൂര്‍ണ്ണമെന്റിലെ പെര്‍ഫോമന്‍സ് റെയ്റ്റിങ് 2936 ആയിരുന്നു! (ഒരു ടൂര്‍ണ്ണമെന്റിലെ ഒരു കളിക്കാരന്റെ നിലവാരം ലോക നിലവാരത്തോട് തുലനപ്പെടുത്തിയാല്‍ എത്രയുണ്ടാകുമെന്ന് കണക്കാക്കിയാണ് പെര്‍ഫോമന്‍സ് റെയ്റ്റിങ് ഗണിച്ചെടുക്കുന്നത്. ഇതിനായി എതിര്‍ കളിക്കാരുടെ ഫിഡെ റെയ്റ്റിങ്ങും അവര്‍ക്കെതിരെ നേടിയ വിജയങ്ങളും സമനിലകളും കൂടെ തോല്‍വിയും കണക്കെടുക്കും. പക്ഷേ യഥാര്‍ത്ഥ ബോംബ് പൊട്ടാന്‍ ഇരിക്കുന്നതേ ഉള്ളു. അത് ആനന്ദിന്റെ റ്റോപ്പോളോയിനെതിരെയുള്ള ലോക കിരീടവിജയവുമായി ബന്ധപ്പെട്ടായിരുന്നു.



വിശ്വനാഥന്‍ ആനന്ദ് റ്റോപ്പോളോവിനെ നേരിട്ടപ്പോള്‍ ഇരുപക്ഷവും സഹയികളുടെ വന്‍നിരയെത്തന്നെ കൂടെ നിര്‍ത്തിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് സഹായികളെന്ന് ഇരുപക്ഷവും തുടക്കത്തില്‍ പറയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ടൂര്‍ണ്ണമെന്റ് തുടങ്ങാന്‍ പോകുമ്പോള്‍ കുറേശ്ശെ ആ വിവരങ്ങള്‍ പുറത്തുവരാന്‍ തടുങ്ങി. റ്റോപ്പോളോവിന്റെ ഭാഗത്ത് കുറേ മികച്ച ഗ്രാന്റ് മാസ്റ്റര്‍മാരും വലിയൊരു കമ്പ്യൂട്ടര്‍ ശൃംഖലയുമായിരുന്നു കൂട്ടിന്. സാധാരണ കമ്പ്യൂട്ടറൊന്നുമല്ല. 112 കോറുള്ള വമ്പന്‍ ബുദ്ധികേന്ദ്രം. അതായത് 112 കമ്പ്യൂട്ടറുകളുടെ തലച്ചോറുകളെ ഒരു മിച്ച് ശൃംഖലയായി വിന്യസിച്ച ഒരു ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നു പറയാം. ഇത്രയും കേട്ടപ്പോള്‍ ആനന്ദ് പക്ഷത്തിന് വേവലാതിയായി. കാരണം, കമ്പ്യൂട്ടര്‍ സൗകര്യങ്ങളില്‍ റ്റോപ്പോളോവ് ബഹുദൂരം മുന്നിലായിരുന്നു. ആനന്ദിന്റെ കൈവശം 16 കോര്‍ കമ്പ്യൂട്ടറുണ്ട്. ആ ക്മ്പ്യൂട്ടര്‍ സംവിധാനം റ്റോപ്പോളോവിന്റെ കയ്യിലുള്ളതിനെ അപേക്ഷിച്ച് ഒന്നുമല്ലായിരുന്നു. അങ്ങിനെ ആനന്ദും തന്റെ സഹായികളുടെ ലിസ്റ്റ് അഭിമുഖങ്ങളിലൂടെ പുറത്തുവിട്ടു.-'' കാസ്​പറോവ്, കാള്‍സന്‍, ക്രാംനിക്, കൂടെ അനീഷ് ഗിരിയും !'' അതായത്, ലോക ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ കമ്പ്യൂട്ടര്‍ സംവിധാനങ്ഗള്‍ ഒരു ഭാഗത്തും ഏറ്റവും കരുത്തുറ്റ മനുഷ്യപ്രതിഭ മറുഭാഗത്തുമെന്നര്‍ത്ഥം. ആനന്ദിന്റെ കൂട്ടാളികളില്‍ രണ്ടുപേര്‍ ആനന്ദിന്റെ മുന്‍ എതിരാളികളായിരുന്നു. - കാസ്​പറോവും ക്രാംനി കാള്‍സനാവട്ടെ ഭാവിയിലെ ആനന്ദിന്റെ എതിരാളിയാവേണ്ടവും. എന്നിട്ടും ഇവര്‍ ആനന്ദിന്റെ കൂടെ നിന്നത് ആനന്ദിന്റെ സ്വഭാവവൈശിഷ്ട്യം ഒന്നു കൊണ്ടുമാത്രം.'' അപ്പോള്‍ അനീഷ് ഗിരിയോ ?''. ഒരു പത്ര ലേഖകന്‍ ആനന്ദിനോട് ചോദിച്ചു. ആനന്ദ് ഇങ്ങിനെയാണ് മറുപടി പറഞ്ഞത് : '' ഓ, നമ്മുടെ ബേബി ഗ്രാന്റ് മാസ്റ്റര്‍ അല്ലേ? അതേ. അനീഷും കൂടെയുണ്ടായിരുന്നു. '' പത്രക്കാരന്റെ സംശയം അതായിരുന്നില്ല. ക്ലാസ് പറോവും ക്രാംനിക്കും കാള്‍സനും ചോര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചെസ് കൂട്ടുകെട്ടായി. അവരുടെ കൂടെ ഇരുത്താന്‍ അനീഷിന് എന്തുയോഗ്യത എന്നായിരുന്നു. പത്രക്കാരന്റെ ന്യായമായ സംശയം, ആനന്ദ് വിശദീകരിച്ചു : ''മാഗ്നസ് കാള്‍സന്റെ അതേ കഴിവാണ് അനീഷിന്. ഏതു പൊസിഷനും നിമിഷാര്‍ദ്ധത്തില്‍ മനസ്സിലാവും. സത്യത്തില്‍ എനിക്ക് ഒരു പരിചയവുമില്ലാത്ത കാറ്റാലന്‍ പ്രതിരോധവും എലിസ്റ്റ എന്റിങ്ങുമൊക്കെ എന്റെ മുന്നില്‍ കീറാമുട്ടികളായി ഉണ്ടായിരുന്നു. ഇവയെ ഇഴകീറി പരിശോധിച്ച് എനിക്കായി വിവരങ്ങള്‍ ഒരുക്കിത്തന്നത് അനീഷാണ്. അവസാനത്തെ കളിയുടെ തലേന്ന് അനീഷ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം (റ്റോപ്പോളോവ്) കളിക്കാന്‍ സാദ്ധ്യതയുള്ള ഓപ്പനിങ് ഏതെന്ന് ഞാന്‍ ഊഹിച്ചെടുത്തു. അത് ക്വീന്‍സ് ഗാംബിറ്റ് ലാസ്‌കര്‍ വേരിയേഷന്‍ ആയിരുന്നു. അനീഷിന്റെ കണ്ടെത്തല്‍ ശരിയായിരുന്നു. അതു തന്നെ റ്റോപ്പോളോവ് കളിച്ചു.''

അപ്പോള്‍ അതാണ് അനീഷ് ഗിരി. റ്റാറ്റാസ്റ്റീല്‍ ചെസ്സില്‍ താന്‍ എവിടെ ഇരിക്കേണ്ടവനാണെന്ന് അനീഷ് തെളിയിക്കുകെയും ചെയ്തു. കാള്‍സനെ വെറും 22 നീക്കത്തില്‍ തോല്പിച്ച അനീഷ് ആനന്ദിനെ സമനിലയില്‍ കുരുക്കുകയും ചെയ്തു.



ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെസ്സില്‍ നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദവിപ്ലവമാണ് ഫ്രഞ്ച് വിപ്ലവം. ഫ്രാന്‍സ് അധികമാരെയും അറിയിക്കാതെ ലോക ചെസ്സിലെ വന്‍ശക്തിയാവുകയാണ്. ഫിഡേയുടെ റാങ്ക് പട്ടികയില്‍ അവര്‍ ഇന്ന് റഷ്യയ്ക്കും ഉക്രൈനിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരാണ്. അതായത് പഴയ ശക്തികളായ ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും ഹംഗറിക്കും മുന്നില്‍, പുതിയ ശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും മുന്നില്‍ മൂന്നാം സ്ഥാനം അവര്‍ പിടിച്ചെടുത്തിരിക്കുന്നു എന്നര്‍ത്ഥം. വലിയ ലോക ചാമ്പ്യന്മാരെ അവര്‍ സൃഷ്ടിച്ചിട്ടില്ലായിരിക്കാം. പക്ഷേ, കരുത്തരായ നിരവധി യുവതാരങ്ങളെ അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം യുവ താരങ്ങളില്‍ ആദ്യം ലോക ശ്രദ്ധയിലെത്തിയത് എത്തിയന്റ ബാക്രോ ആണ്. പക്ഷേ ഇപ്പോള്‍ ബാക്രോയെ പിന്തള്ളി നിരവധി ചെറുപ്പക്കാര്‍ ഫ്രാന്‍സില്‍ നിന്നു തന്നെ വരുന്നുണ്ട്. അവരില്‍ പ്രമുഖന്‍ 21 വയസ്സുള്ള മാക്‌സിം യാഗ്രാവ് ആണ്. റ്റാറ്റാ സ്റ്റീല്‍ ചെസ്സില്‍ 7.5 പോയന്റുകള്‍ നേടിയ യാഗ്രാവ് ആനന്ദിനെയും കാള്‍സനെയും ക്രാംനിക്കിനെയും അറോണിയനെയും സമനിലയില്‍ തളച്ചു. കുറച്ചു കൂടി വ്യക്തമായ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തിലെ ഒന്നും രണ്ടും മൂന്നും നാലും റാങ്കുള്ള താരങ്ങളെ സമനിലയില്‍ പടിച്ചുകെട്ടി എന്നര്‍ത്ഥം. ഈ നേട്ടത്തോടെ യാഗ്രാവ് ബാക്രോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്രാന്‍സിലെ ഒന്നാം നമ്പര്‍ താരമാവും.

ഒടുവില്‍ ഒരു ദുഃഖ സത്യം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കാള്‍സന്‍, അനീഷ് ഗിരി, യാഗ്രാവ് മാക്‌സിം, ഇറ്റലിയുടെ ഫാബിയാനോ കരുവാനാ, റഷ്യയുടെ സെര്‍ജി കാര്യാക്കിന്‍, ഇയര്‍ നെപ്പോമ്‌ന്യാച്ചി (Ian Nepomniachtchi) തുടങ്ങിയവരാണല്ലോ ലോക ചെസ്സിന്റെ അത്യുന്നതിയില്‍ എത്തിയ യുവതാരങ്ങള്‍, ഇവരുടെയൊക്കെ ആദ്യകാല റെക്കോഡുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഇന്ത്യക്കാരായ നിരവധി യുവതാരങ്ങള്‍ ഇവരെ തോല്പിച്ചിട്ടും സമനിലയില്‍ കുരുക്കിയിട്ടുമുണ്ട്. പക്ഷേ, ഇന്ത്യന്‍ യുവതാരങ്ങള്‍ നിന്നേടത്ത് ഉറച്ചു പോയപ്പോള്‍ മറ്റുള്ളവര്‍ ഉയര്‍ന്നുയര്‍ന്ന് ലോക ചെസ്സിന്റെ മുകള്‍ത്തട്ടിലെത്തി. എന്താണ് ഇന്ത്യന്‍ യുവതാരങ്ങളെ ഒരു പരിധിക്കപ്പുറം വളരുന്നതില്‍ നിന്ന് തടയുന്നത്?. ചെസ് പ്രേമികളും ചെസ് അധികൃതരും ചെസ് കളിക്കാരും ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്.
 
 

No comments:

Post a Comment