Thursday, February 17, 2011

ചോദ്യം പ്രധാനമന്ത്രിയോട് . ഡോ . സെബാസ്റ്റ്യന്‍ പോള്‍

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിക്ക് മാധ്യമങ്ങളിലൂടെ ജനങ്ങളോടു സംസാരിക്കാം. മൗനത്തിന്റെ പര്യായമായി മാറിയപ്പോഴാണ് മന്‍മോഹന്‍ സിങ്, പത്രഭാഷയില്‍ പറഞ്ഞാല്‍, മനസ്സ് തുറക്കാന്‍ തീരുമാനിച്ചത്. അതിന് അദ്ദേഹം തെരഞ്ഞെടുത്തത് ദല്‍ഹിയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയാണ്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ടെലിവിഷന്‍ വര്‍ത്തമാനത്തില്‍ അരുണ്‍ പുരി, രാജ്ദീപ് സര്‍ദേശായി, പ്രണയ് റോയ്, അര്‍ണാബ് ഗോസ്വാമി തുടങ്ങിയവര്‍ക്കൊപ്പം ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശവും പങ്കെടുത്തു.
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചായിരുന്നു രഘുവംശത്തിന്റെ ചോദ്യം. മുന്‍ ചീഫ്ജസ്റ്റിസ് കഥാപാത്രമായുള്ള വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മൗനത്തിനു സമാനമായ മറുപടിയാണ് മന്‍മോഹന്‍ സിങ് നല്‍കിയത്. പിന്നാമ്പുറങ്ങളില്‍ നടക്കുന്ന വേഴ്ചകളും വീഴ്ചകളും ഉമ്മറത്തിരിക്കുന്ന താന്‍ അറിയേണ്ടതില്ലെന്ന മട്ടിലായിരുന്നു ഉത്തരങ്ങള്‍. അതുകൊണ്ടാണ് Unpersuasive interaction എന്ന് പ്രധാനമന്ത്രിയുടെ ഇലക്‌ട്രോണിക് വര്‍ത്തമാനത്തെ 'ദ ഹിന്ദു' മുഖപ്രസംഗത്തിലൂടെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം അപൂര്‍വമായി നടക്കുന്ന പ്രതിഭാസമാണ്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലെയല്ല പ്രധാനമന്ത്രി. ആറു വര്‍ഷത്തിനിടയില്‍ മൂന്ന് വാര്‍ത്താസമ്മേളനങ്ങളാണ് മന്‍മോഹന്‍സിങ് നടത്തിയത്. മൗനംകൊണ്ട് വിദ്വാനാകില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഇപ്പോള്‍ ഒരു മണിക്കൂര്‍ വര്‍ത്തമാനം പറയാനിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്ന തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കാണ് ഉപചോദ്യങ്ങളും ഇടപെടലുകളും ഇല്ലാതെ പ്രധാനമന്ത്രി ഉത്തരം പറയുന്നത്. കേരളത്തില്‍ ആര്‍ക്കും എന്തും ചോദിക്കാം. ഉത്തരങ്ങള്‍ കിട്ടും. സംസാരാന്ത്യം കസേരയില്‍നിന്ന് എഴുന്നേറ്റ ശേഷമുള്ള ഉത്തരങ്ങളിലൂടെയാണ് അച്യുതാനന്ദന്‍ പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ദല്‍ഹിയില്‍ മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നില്ല. അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നില്ല. പകരം വാര്‍ത്താ പ്രക്ഷേപണ മന്ത്രിയാണ് കാബിനറ്റ് തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്. മന്ത്രി പറയുന്നത് കേള്‍ക്കുകയല്ലാതെ ചോദ്യങ്ങള്‍ക്ക് ഇടമില്ല. ചോദിച്ചതുകൊണ്ടും കാര്യമില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ അത്യപൂര്‍വമായ വാര്‍ത്താസമ്മേളനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. പലപ്പോഴും അത് സംഭവിക്കുന്നത് ആകാശത്തായിരിക്കും. വിദേശയാത്ര കഴിഞ്ഞുള്ള ആലസ്യത്തില്‍ വിമാനത്തില്‍ നടക്കുന്ന വാര്‍ത്താസമ്മേളനം ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ല.
ഭരണം സുതാര്യമാണെങ്കില്‍ വാര്‍ത്താസമ്മേളനം ഫലപ്രദമാകും. ജനതയോട് സംവദിക്കുന്നതിന് അതിനേക്കാള്‍ നല്ല അവസരം ഭരണാധികാരിക്ക് കിട്ടാനില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ഭരണാധികാരി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നു കഴിയാന്‍ ആഗ്രഹിക്കുന്നത്? അഴഗിരിയെപ്പോലെ ഭാഷാപരമായ പ്രശ്‌നമുള്ളയാളല്ല മന്‍മോഹന്‍സിങ്. പക്ഷേ, മുഷിപ്പുളവാക്കുന്നതാണ് അദ്ദേഹത്തിന്റെ യാന്ത്രികമായ വര്‍ത്തമാനം. പരിമിതി അറിഞ്ഞ് നിയന്ത്രണം പാലിക്കുന്നതുകൊണ്ട് അദ്ദേഹം മിതഭാഷിയാകുന്നതല്ല. കരിമ്പൂച്ചകളുടെ നടുവില്‍ ഉപദേഷ്ടാക്കളുടെ വര്‍ത്തമാനം മാത്രം കേള്‍ക്കുന്ന മന്‍മോഹന്‍സിങ്ങിന് ആരോടും ഉത്തരവാദിത്തമില്ല. ലോക്‌സഭാംഗമല്ലാത്തതിനാല്‍ സഭയോടും ഉത്തരവാദിത്തമില്ല. ലോക്‌സഭയുടെ വിശ്വാസം ഉറപ്പാക്കാന്‍ പ്രണബ് മുഖര്‍ജിയുണ്ട്.
ജനങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത പ്രധാനമന്ത്രിയായതിനാല്‍ മന്‍മോഹന്‍ സിങ്ങിന് മാധ്യമങ്ങളുടെ പിന്തുണ ആവശ്യമില്ല. വാര്‍ത്താസമ്മേളനം അദ്ദേഹത്തിന് അനാവശ്യവ്യായാമമോ ഒഴിവാക്കാവുന്ന ആഡംബരമോ മാത്രമാണ്. ജനങ്ങളോട് നേരിട്ട് ബന്ധപ്പെടാന്‍ നിര്‍ബന്ധിതനാകുന്ന അമേരിക്കന്‍പ്രസിഡന്റിന്റെ അവസ്ഥയും ഇതുതന്നെ. 2004ല്‍ ജോര്‍ജ് ബുഷ് തുടര്‍ച്ചയായ 214 ദിവസം മാധ്യമങ്ങളോട് മിണ്ടിയതേയില്ല. ജനങ്ങളുമായി അനായാസം ഇടപഴകി വൈറ്റ് ഹൗസിലെത്തിയ ബറാക് ഒബാമ ഈ റെക്കോര്‍ഡ് ഭേദിച്ചു. 2009 ജൂലൈ 22ന് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഒബാമ വീണ്ടും പത്രക്കാരെ കാണുന്നത് 307 ദിവസങ്ങള്‍ക്ക് ശേഷമാണ്.
വുഡ്രോ വില്‍സണാണ് വാര്‍ത്താ സമ്മേളനത്തിനു തുടക്കമിട്ട അമേരിക്കന്‍പ്രസിഡന്റ്. 1913ലായിരുന്നു അത്. പക്ഷേ, അന്ന് എല്ലാം ഓഫ് ദ റെക്കോഡായിരുന്നു. പ്രസിഡന്റിനെ ഉദ്ധരിക്കാതെ കേട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരുന്നു അനുവാദം. പത്രങ്ങള്‍ മാത്രമുള്ള കാലത്ത് ഓഫ് ദ റെക്കോഡ് എന്ന രീതി പതിവായിരുന്നു. ഓഫ് ദ റെക്കോഡായി പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലായിരുന്നു. എന്നാല്‍, ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ സംപ്രേഷണം തത്സമയമായപ്പോള്‍ ഓഫ് ദ റെക്കോഡ് എന്ന ഏര്‍പ്പാട് ഇല്ലാതായി. പറയുന്നത് ഉടന്‍ ജനം കേള്‍ക്കുന്നതിനാല്‍ ആര്‍ക്കും ഒന്നും തിരുത്താന്‍ കഴിയില്ല. പാര്‍ലമെന്റിലും ഈ പ്രശ്‌നമുണ്ട്. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ സ്‌പീക്കര്‍ക്ക് പിന്നീടൊന്നും രേഖയില്‍നിന്ന് നീക്കം ചെയ്യാനാവില്ല. സാങ്കേതികമായി നീക്കം ചെയ്താലും അതിന് അര്‍ഥമില്ലാതായി. ഐസന്‍ഹോവറിന്റെ വാര്‍ത്താ സമ്മേളനമാണ് ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. ഏറ്റവുമധികം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയ പ്രസിഡന്റായിരുന്നു ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്. മൊത്തം 1,023 പത്രസമ്മേളനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. മുപ്പതുകളിലെ സാമ്പത്തികമാന്ദ്യവും തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധവും ജനങ്ങളെ വിശ്വാസത്തിലെടുത്ത് വിജയകരമായി തരണം ചെയ്യാന്‍ റൂസ്‌വെല്‍റ്റിനു സാധിച്ചത് വിജയകരമായ വാര്‍ത്താസമ്മേളനങ്ങളിലൂടെയായിരുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ വാര്‍ത്താസമ്മേളനങ്ങളുടെ സാധ്യതയെ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നില്ല. പാര്‍ലമെന്റിലായാലും പത്രസമ്മേളനത്തിലായാലും പ്രധാനമന്ത്രി ഇരിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നതിനും ഉത്തരം പറയുന്നതിനുമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍പോലും വാര്‍ത്താസമ്മേളനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിദേശകാര്യസെക്രട്ടറിയെ നീക്കം ചെയ്യാനുള്ള തീരുമാനം രാജീവ്ഗാന്ധി ഭംഗ്യന്തരേണ അവതരിപ്പിച്ചത് വാര്‍ത്താസമ്മേളനത്തിലാണ്. വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ വിദേശകാര്യ സെക്രട്ടറി രാജിവച്ചു. ബജറ്റ് സമ്മേളനത്തിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന പ്രധാനപ്പെട്ട സൂചന മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമസംവാദത്തില്‍നിന്ന് ലഭിച്ചു.
പത്രങ്ങളുടെ അനിവാര്യതയെക്കുറിച്ച് വാചാലമായി സംസാരിച്ച തോമസ് ജഫേഴ്‌സണും അധികാരത്തിലെത്തിയപ്പോള്‍ പത്രക്കാരോട് അകലുകയാണുണ്ടായത്. അതിനു കാരണങ്ങള്‍ കണ്ടേക്കാമെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കി ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. ഇലക്‌ട്രോണിക് യുഗത്തില്‍ ലൈവായി ജനസമക്ഷം എത്തുന്നതിനുള്ള ഉപാധിയാണ് വാര്‍ത്താസമ്മേളനം. അത് പ്രയോജനപ്പെടുത്താതെ മാധ്യമങ്ങളില്‍നിന്ന് അകലുന്നവര്‍ വാസ്തവത്തില്‍ അകലുന്നത് ജനങ്ങളില്‍ നിന്നാണ്. ഭരണത്തിന്റെ തിരക്ക് നിമിത്തവും സുരക്ഷാകാരണങ്ങളാലും ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ടി വരുമ്പോള്‍ അടുപ്പത്തിനുള്ള സംവിധാനമാണ് വാര്‍ത്താസമ്മേളനങ്ങള്‍. പത്രമായാലും ടെലിവിഷനായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനുള്ള അവസരമാണ് പ്രധാനമന്ത്രിക്ക് വാര്‍ത്താസമ്മേളനത്തിലൂടെ ലഭിക്കുന്നത്.

മാധ്യമം

No comments:

Post a Comment