Tuesday, August 30, 2011

കീറിപ്പോയ "വിക്കിലീക്സ് വല" - പി എം മനോജ്




അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍ , ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന്‍ അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ. ഇന്ത്യാവിഷന്‍ പറയുന്നു:

"അമേരിക്കന്‍ നിക്ഷേപത്തോട് കേരളത്തിലെ സിപിഐ എം നേതൃത്വം അമിതമായ താല്‍പ്പര്യം എടുത്തിരുന്നതായി വിക്കിലീക്സ് രേഖകള്‍ . സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , തോമസ് ഐസക്, എം എ ബേബി എന്നീ നേതാക്കള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് യുഎസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നതായി വിക്കിലീക്സ് രേഖകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടുചെയ്തു... പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടെങ്കിലും, യുഎസ് പൊളിറ്റിക്കല്‍ കൗണ്‍സിലുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തയ്യാറായില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആയുര്‍വേദചികിത്സയിലാണെന്ന് പറഞ്ഞാണ് വി എസ് അമേരിക്കന്‍ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതെന്നും നയതന്ത്ര പ്രതിനിധികളുടെ രേഖകളില്‍ വ്യക്തമാകുന്നു." സംഗതി വ്യക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അമേരിക്കയോട് സ്നേഹമുള്ള ഒരു പക്ഷം. വി എസ് അമേരിക്കക്കാരെ കാണാന്‍ കൂട്ടാക്കാത്ത നിലപാടില്‍ . പാര്‍ടിയില്‍ രണ്ടുചേരി. ഒന്ന് യഥാര്‍ഥ ഇടതുപക്ഷം. മറ്റൊന്ന് വലത്തോട്ട് ചാഞ്ഞത്. സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ചേരിതിരിവ് രൂക്ഷമാകുന്നു; ആശയപരമായി പാര്‍ടി രണ്ടുതട്ടില്‍ - പ്രചാരണയുദ്ധത്തിനുള്ള വക കളഞ്ഞുകിട്ടിയെന്ന സന്തോഷത്തില്‍ ഒറ്റയടിക്ക് മാധ്യമങ്ങള്‍ ഉണര്‍ന്നെണീറ്റു. യഥാര്‍ഥ വിക്കിലീക്സ് വെളിപ്പെടുത്തലില്‍ ഇല്ലാത്ത ചിലത് കൂട്ടിച്ചേര്‍ത്തും വക്രീകരിച്ചും കാര്യം നേടാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മറന്നില്ല.

കേരളത്തിലെ വിവിധ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണ് വിക്കിലീക്സ് രേഖ. പത്രം അത് അടച്ചിട്ട മുറിയിലെ സംയുക്ത കൂടിക്കാഴ്ചയാക്കി. പാര്‍ടി നേതാക്കളുടെ തുറന്നുപറച്ചില്‍ അമേരിക്കക്കാരെ "അത്ഭുതപ്പെടുത്തി"യതായി സ്വയം കണ്ടെത്തി. സിപിഐ എം സമ്മേളനങ്ങള്‍ തുടങ്ങുകയാണ്. അതിനുമുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇതുവരെ കൊണ്ടുവന്നതെല്ലാം പാളിപ്പോയി. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പോലും പാര്‍ടിയിലെ ഭിന്നതയ്ക്കുള്ള വിഷയമായി എടുത്തിട്ടുനോക്കി. അതും ആരും ഏറ്റുപിടിച്ചില്ല. പാര്‍ടി സമ്മേളനങ്ങളില്‍ മത്സരം നടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് മലയാളമനോരമ ചൊവ്വാഴ്ച വാര്‍ത്തയെഴുതിയത്. മൂന്നുമാസത്തേക്കുള്ള സസ്പെന്‍ഷന്‍ നടപടിയെ പാര്‍ടിയില്‍നിന്നുള്ള പുറന്തള്ളലായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം അതിനുപുറമെ. അതിനിടയിലാണ് വിക്കിലീക്സ് വീണുകിട്ടിയത്. ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ചാനലുകള്‍ക്കും പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കും മടിയുണ്ടായില്ല. അങ്ങനെ എല്ലാം ഒത്തുവന്ന ഘട്ടത്തിലാണ്, വിക്കിലീക്സിന്റെ മറ്റൊരു രേഖ പുറത്തുവന്നത്. അതില്‍ , പറയുന്നത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിനുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചാണ്. (അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്ന് അയച്ച 08 ചെന്നൈ 299 എന്ന കേബിള്‍ . 2008 സെപ്തം. 5) മുഖ്യമന്ത്രി വി എസ്, ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, ചീഫ് സെക്രട്ടറി കെ ജെ തോമസ്, ധനമന്ത്രി തോമസ് ഐസക്, ഡിജിപി, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായെല്ലാം അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് അതിലുള്ളത്. അമേരിക്കന്‍ നിക്ഷേപം കേരളത്തില്‍ വരുന്നതില്‍ താല്‍പ്പര്യം അറിയിച്ചതിനൊപ്പം ഐടി, ബിടി, ടൂറിസം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വി എസ് അറിയിച്ചതായി രേഖ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ , കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ- പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ വിക്കിലീക്സ് രേഖകളിലൂടെ തെളിയുന്നത്. അതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയുമില്ല. മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ രഹസ്യവുമല്ല. സംയുക്തസംരംഭങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്കന്‍സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി 2008 ആഗസ്ത് 30ന് മലയാളമനോരമ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നതോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നതോ സിപിഐ എമ്മിന്റെ നയമല്ല. പാര്‍ടിപരിപാടിയില്‍ "ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും; മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിനനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും" എന്നീ കാര്യങ്ങള്‍ വിപ്ലവത്തിന്റെ ജനാധിപത്യഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യ ഭരണകൂടം വന്നാല്‍ ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും പാര്‍ടി വ്യക്തമാക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശമൂലധനം ഉപയോഗിക്കപ്പെടുന്നത്; അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം എന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയപ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖ ഉറപ്പിച്ചുപറയുന്നു. വിദേശവായ്പയോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുടെ സമീപനം സംബന്ധിച്ച് ആ രേഖ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

"ആഗോളവല്‍ക്കരണനയങ്ങള്‍ക്കു കീഴില്‍ സ്വീകരിച്ച നവ ലിബറല്‍ നയങ്ങള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചും നല്‍കുന്ന വായ്പകള്‍ക്ക് കൊള്ളപ്പലിശ നിരക്ക് ഈടാക്കിയും (കുറഞ്ഞപലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കകത്തുനിന്ന് സംഭരിക്കപ്പെടുന്ന ലഘുസമ്പാദ്യങ്ങളെ ആസ്പദമാക്കിയ വായ്പകള്‍ ഉള്‍പ്പെടെ) സാമ്പത്തികമാന്ദ്യം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ഷികത്തകര്‍ച്ച സംസ്ഥാന ഗവണ്‍മെന്റുകളെ കൊടും ദാരിദ്ര്യത്തിലെത്തിക്കുന്നു-" എന്നാണ് അതില്‍ പാര്‍ടി വിലയിരുത്തിയത്. "ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ കേന്ദ്രഗവണ്‍മെന്റുമാത്രമാണ് പ്രധാന സാമ്പത്തിക- വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്. ഈ പരിതസ്ഥിതിയില്‍ നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്‍മെന്റുകള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസനപദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി ഒരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരുവിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും." ഇതാണ് പാര്‍ടിനയമെന്നിരിക്കെ പിണറായിയോ വി എസോ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് അപാകത? കൊക്കകോളയുമായി ബന്ധിപ്പിച്ച് പിണറായി പറഞ്ഞു എന്ന വാക്കുകളില്‍ പിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് മറ്റൊരു ശ്രമം. കൊക്കകോളയുടെ കേരളത്തിലെ ബോട്ടിലിങ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനിടയായതിനെക്കുറിച്ച് അമേരിക്കന്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്, "അത് മറ്റ് യുഎസ് കമ്പനികളെ കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല" എന്ന് പിണറായി പറഞ്ഞതായാണ് രേഖയിലുള്ളത്. കൊക്കകോള പ്രശ്നം അമേരിക്കന്‍ കമ്പനി എന്നനിലയില്‍ ഉയര്‍ന്നതല്ലെന്നും പാരിസ്ഥിതികപ്രശ്നമാണതെന്നും പിണറായി പറഞ്ഞതായും രേഖ വിശദീകരിക്കുന്നു. ഇതിലും വിവാദത്തിനുള്ള വക കാണാനില്ല. എന്നിട്ടും, എല്ലാ വാദങ്ങളും പൊളിഞ്ഞശേഷം ഇന്ത്യാവിഷന്‍ ഉരുവിട്ട തലവാചകം "കേരളത്തിലെ സിപിഎം വിക്കിലീക്സ് വലയില്‍" എന്നാണ്. മറ്റു ചിലരാകട്ടെ, അമേരിക്കന്‍ കേബിളിലെ കൊക്കോകോളയുമായി ബന്ധപ്പെട്ട ഒരു വാക്കെടുത്ത് "അങ്ങനെ പറയാന്‍ കൊള്ളാമോ" എന്ന് ചോദിക്കുന്നു. അതില്‍ വിശദീകരണം നല്‍കിയാലും അവര്‍ വിടില്ല-ഒരു പണ്ഡിതന്‍ ചാനലില്‍ പറയുന്നതുകേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചര്‍ച്ച നടത്തിയതിന് മറുപടി പറയണം എന്നാണ്.

വാര്‍ത്തയുടെ പാതിമാത്രം അവതരിപ്പിച്ച് അത് ചര്‍വിതചര്‍വണംചെയ്ത് സിപിഐ എമ്മില്‍ ഭിന്നതയാണെന്ന് വരുത്താനും പാര്‍ടി അമേരിക്കന്‍ പക്ഷപാതികളുടേതാണെന്ന് ദ്യോതിപ്പിക്കാനും നടത്തുന്ന ഈ ശ്രമമാണ് അതിനീചഗണത്തില്‍ പെടുത്തേണ്ടത്. കേരളത്തില്‍ മറ്റു പല സുപ്രധാന കാര്യങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ അഗാധമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ വഞ്ചിച്ചു എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഇതൊന്നും കാണാതെ, അല്ലെങ്കില്‍ തമസ്കരിച്ച് സിപിഐ എമ്മിനെക്കുറിച്ച് ഏറ്റവും തരംതാണ നിലയില്‍ വാര്‍ത്ത ചമയ്ക്കുന്നവരുടെ വൈകൃതമാണ് "വിക്കിലീക്സി"ലൂടെ ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു തുടക്കമായേ കാണാനാകൂ. സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ ഇതുപോലുള്ളവ ഇനിയും വരും. പാര്‍ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഭാവനയില്‍ ദൃക്സാക്ഷിവിവരണം ചമയ്ക്കുന്നവര്‍ക്ക് വിക്കിലീക്സ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനും വിഷമമുണ്ടാകില്ല.










Saturday, August 27, 2011

കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മണിയേട്ടനും


കൈവിടാത്ത ആത്മബന്ധം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മണിയേട്ടനും

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കാവുന്ന തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രന്‍. ചമയമണിഞ്ഞ് ഉറച്ച ചുവടും ഉയര്‍ന്ന ശിരസ്സുമായി രാമചന്ദ്രന്‍ കടന്നു വരുമ്പോള്‍ ഉത്സവപ്പറമ്പിലെ മറ്റാനകളേക്കാള്‍ പത്തരമാറ്റ് കൂടുതല്‍ ഇവനു തന്നെ. ആനപ്രേമികളുടേയും ഉത്സവപ്പറമ്പുകളുടേയും ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വഴിനടത്തുന്നത്‌ പാലക്കാട്‌ കുനിശ്ശേരി സ്വദേശി മണിയാണ്‌. തലയെടുപ്പോടെ രാമചന്ദ്രന്‍ എവിടെ നില്‍ക്കുമ്പോളും അവന്റെ ഇടതുഭാഗത്തായി പാപ്പാന്‍ മണിയും ഒപ്പം കാണും. മണിയില്ലാതെ രാമചന്ദ്രനെ പൊതു വേദിയില്‍ കാണുക അസാധ്യം എന്നു വേണമെങ്കില്‍ പറയാം. ഒരുകാലത്ത് വഴക്കാളിയും പോക്കിരിയുമായി അറിയപ്പെട്ടിരുന്ന പേരാമംഗലം രാമചന്ദ്രന്‍ എന്ന ആനയെ ഇന്നത്തെ പ്രതാപത്തിലേക്ക്‌ എത്തിച്ചതില്‍ കാര്യമായ ഒരു പങ്ക്‌ മണിയേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഈ മെലിഞ്ഞ മനുഷ്യന് അവകാശപ്പെട്ടതാണ്‌. വര്‍ഷങ്ങളായി രാമചന്ദ്രനൊപ്പം ഉള്ള ജീവിതത്തെയും പറ്റി മണിയേട്ടന്‍ സംസാരിക്കുന്നു.
മണി

1. ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള ആനയുടെ പാപ്പാന്‍ എന്നതും അതു നല്‍കിയ പ്രശസ്തിയേയും എങ്ങിനെ നോക്കിക്കാണുന്നു?
ആന വലുതോ ചെറുതോ എന്നതല്ല നമ്മള്‍ ചെയ്യുന്ന ജോലിയോട് കൂറുണ്ടായിരിക്കുക, കൊണ്ടുനടക്കുന്ന ആനയെ ജനങ്ങള്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. രാമചന്ദ്രന്‍ എനിക്ക്‌ മകനെ പോലെയാണ്‌, നല്ലൊരു ആത്മബന്ധം ഞാനും അവനും തമ്മിലുണ്ട്. പ്രശസ്തി എനിക്കല്ലോ രാമചന്ദ്രനല്ലേ? ഇന്ന് എനിക്കു ഈ തൊഴിലില്‍ എന്തെകിലും പേരും പ്രശസ്തിയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ അവനിലൂടെ ലഭിച്ചിട്ടുള്ളതാണ്‌. കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും രാമചന്ദ്രനെ ആളുകള്‍ ആവേശത്തോടെയാണ്‌ വരവേല്‍ക്കുന്നത്‌. ഗജരാജപട്ടങ്ങളും സ്വീകരണങ്ങളും അവനായി അവര്‍ ഒരുക്കുന്നു. അവനുണ്ടാകുന്ന ഓരോ മുന്നേറ്റവും എനിക്ക്‌ വലിയ സന്തോഷം നല്‍കുന്നു.

2.രാമചന്ദ്രനെ ഇടയ്ക്ക് വിലക്കുന്നതിനെ പറ്റി?
അതിപ്പോള്‍ എന്താ പറയുക. വളരെ വിഷമം ഉള്ള ഒരു കാര്യമാണത്. ഇടയ്ക്കിടെ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അവനെ കെട്ടിപ്പിക്കും. കഴിഞ്ഞ സീസണില്‍ കുറേ പൂരങ്ങള്‍ നഷ്ടമായി. പേരുള്ളതു കൊണ്ട് അവനെ നോട്ടമിടുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പാട് അനുസരണക്കേട് കാണിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുമായ ആനകള്‍ യഥേഷ്ടം ഇന്ന് പൂരപ്പറമ്പുകളില്‍ വരുന്നുണ്ടല്ലോ?

3.എങ്ങിനെയാണ്‌ മണിയേട്ടന്‍ ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌? ആരാണ്‌ ഗുരു?
എനിക്ക്‌ പതിമൂന്ന് വയസ്സുള്ളപ്പോള്‍ സ്കൂള്‍ പഠന കാലത്താണ്‌ ഞാന്‍ ആനപ്പണിയിലേക്ക്‌ തിരിയുന്നത്‌. ആനയോടുള്ള കമ്പം തന്നെയാണ്‌ അതിനു കാരണം. സഹായിയായിട്ടാണ്‌ ആദ്യം കൂടിയത്‌. വീട്ടുകാര്‍ക്ക്‌ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പല തരത്തിലും അവര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ എനിക്ക് ആനക്കമ്പം ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഓണക്കൂര്‍ കുഞ്ചു ആശാന്‍, ഓണക്കൂര്‍ പൊന്നന്‍ തുടങ്ങിയവര്‍ ആണ്‌ ഗുരുക്കന്മാര്‍. അക്കാലത്തെ പ്രഗല്‍ഭരായിരുന്നു അവര്‍. അവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും പിന്നീട് സ്വയം ആര്‍ജ്ജിച്ച അറിവുമാണ് എന്റെ വിജയത്തിനു പിന്നില്‍. ഒരിക്കലും സ്കൂളില്‍ പോയി പഠിക്കാവുന്നതല്ല ആനപ്പണി. അത് ആനയ്ക്കൊപ്പമുള്ള സഹവാസത്തിലൂടെ തന്നെ വേണം പഠിക്കുവാന്‍.

4.മണിയേട്ടന്‍ സ്വന്തം കുടുംബത്തില്‍ നിന്നും ആരെയെങ്കിലും ഈ രംഗത്തേക്ക്‌ കോണ്ടുവന്നിട്ടുണ്ടോ?
എന്റെ പെങ്ങളുടെ മകന്‍ മഹേഷിനെ ഞാനാണ്‌ ഈ രംഗത്തേക്ക്‌ കൊണ്ടുവരുന്നത്‌. അടുത്ത കാലം വരെ അവന്‍ രാമചന്ദ്രന്റെ പാപ്പാനായിരുന്നു. ഇപ്പോള്‍ കര്‍ണ്ണന്റെ പാപ്പാനായി നില്‍ക്കുന്നു.

5.തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനു മുമ്പ്‌ ഏതു ആനയിലായിരുന്നു ഏറ്റവും കൂടുതല്‍ നിന്നിട്ടുള്ളത്‌? രാമചന്ദന്റെയൊപ്പം എത്രകാലമായി?
പതിനൊന്നു വര്‍ഷം തിരുവാണിക്കാവ്‌ രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു. അവന്‍ പേരുകേട്ടതും മിടുക്കനുമായ ആനയാണ്‌. രാമചന്ദ്രനൊപ്പം ഇപ്പൊള്‍ 16 വര്‍ഷമായി. എനിക്ക്‌ മുമ്പ്‌ കടുവാവേലായുധേട്ടന്‍ എന്നറിയപ്പെടുന്ന സീനിയര്‍ പാപ്പാന്‍ ആയിരുന്നു അവനെ കൊണ്ടു നടന്നിരുന്നത്‌. ഞാന്‍ തെച്ചിക്കോട്ടു കാവില്‍ ചെല്ലുമ്പോള്‍ വേലായുധേട്ടന്‍ കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു അവനെ.അങ്ങനെ അവനെ കയ്യെല്‍ക്കുകയായിരുന്നു.

6.മംഗലശ്ശേരി നീലകണ്ഠനെ പോലെ ദേവാസുര ഭാവങ്ങളുടെ മൂര്‍ത്തിയായ ഒരാന. ഒരുകാലത്ത് കൂട്ടാനക്കുത്തിന്റേയും പൂരം കലക്കിയെന്നും കുപ്രസിദ്ധന്‍. ഉത്സവപ്പറമ്പുകളില്‍ നിന്നും കല്ലെറിഞ്ഞും കൂക്കിവിളിച്ചും കെട്ടും തറിയിലേക്ക് ഒഴിവാക്കപ്പെട്ടവന്‍. എന്നാല്‍ അതേ ആനയെ മത്സരപ്പൂരങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി, ജനഹൃദയങ്ങളിലെ പ്രിയപ്പെട്ടവനാക്കി മാറ്റിയതിനെ പറ്റി?
ദൈവാനുഗ്രഹം തന്നെ പ്രധാനം, പിന്നെ കാലാകാലങ്ങളില്‍ ദേവസ്വം ഭരണ സമിതിയുടേയും എന്റെയും സഹപ്രവര്‍ത്തകരുടേയും പരിശ്രമവും അവന്റെ ഭാഗ്യവുമാണ്. ഇതു കൂടാതെ അവന്റെ ആരാധകരും അഭ്യുതയ കാംഷികളും നല്‍കുന്ന ശക്തമായ പിന്തുണയും ഒരു പ്രധാന കാരണമാണ്. ദൌര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായി എന്നത് നേരു തന്നെ എന്നാല്‍ അനാരോഗ്യകരമായ ചില പ്രവണതകളുടെ ഭാഗമായി കുറെയൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കിയ കുപ്രസിദ്ധിയാണ് അവനുമേല്‍ ചാര്‍ത്തപ്പെട്ട ദോഷങ്ങളില്‍ അധികവും.

എനിക്ക് തോന്നുന്നത് ആദ്യകാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണം ഈ ആനയെ കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നം മൂലമായിരുന്നു എന്നാണ്. നല്ല ആരോഗ്യമുള്ള ഒരാന കൂടാതെ അത്യാവശ്യം യുവത്വത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന ചോരത്തിളപ്പും ചേര്‍ന്ന കാലത്തായിരുന്നു അവന്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. കുറ്റം പറയുന്നവര്‍ ഈ ആന എന്തുകൊണ്ട് കൂട്ടാനയെ കുത്തി എന്ന് പരിശോധിക്കാറില്ല. ഉള്‍ക്കോളൊ വറ്റു നീരോ ഉള്ള ആന അടുത്തുണ്ടായാല്‍ അത് ഇങ്ങോട്ട് ആക്രമിക്കും എന്ന ഭീതിയില്‍ നിന്നും പ്രതിരോധമെന്ന വണ്ണം അങ്ങോട്ട് ആക്രമിക്കുന്ന സ്വഭാവം ചില ആനകള്‍ക്കുണ്ട്. രാമചന്ദ്രന്‍ കുറച്ചൊക്കെ ഈ വിഭാഗത്തില്‍ ആയിരുന്നു അന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ വര്‍ഷങ്ങളായി അങ്ങിനെ ഒരു പ്രശ്നവുമില്ല.

വേലായുധേട്ടന്‍ ആനയെ കൊണ്ടു നടക്കാന്‍ തുടങ്ങിയതോടെ അവന്‍ നേരെയായി ത്തുടങ്ങിയിരുന്നു. പിന്നീട് എന്റെ കയ്യിലെത്തിയപ്പോളും അവന്‍ ഒരു വിധം “വഴക്കും വക്കാണവുമൊക്കെ“ നിര്‍ത്തിയിരുന്നു. പലരും കൈക്കൊതുക്കു‌വാനായി ആനയെ വാട്ടും എന്നാല്‍ ഞാന്‍ കയറിയപ്പോള്‍ ആരോഗ്യം വെപ്പിക്കുകയാണ് ചെയ്തത്. അവന്റെ വളര്‍ച്ചയും തലയെടുപ്പുമെല്ലാം ഒരു പരിധി വരെ എന്റെ കാലത്ത് തന്നെയാണ്. അത് പരിചരണത്തിലൂടെയും പരിശീലനത്തിലൂടേയും ഉണ്ടാക്കിയതാണ്. കണ്ടമ്പുള്ളിയാനയ്ക്കൊപ്പം തലപിടിച്ച് ഒറ്റനിലവില്‍ നില്‍ക്കുന്ന വേറെ ആനകള്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഏതു പൂരത്തിനു ഇവനെ പോലെ സ്വാഭാവികമായി ഒറ്റനിലവില്‍ നില്‍ക്കുന്ന ആനകള്‍ കുറവാണ്.

രാമചന്ദ്രന്റെ ആരാധകരുടെ ആവേശം അലകടലായി മാറുന്നു!!

7.ആരാധകരെ കുറിച്ച്?
എവിടെ ചെന്നാലും അവനെ സ്വീകരിക്കുവാന്‍ ആരാധകരുടെ തിക്കും തിരക്കുമാണ്. ഉത്സവ സീസണ്‍ ആയാല്‍ നാടു നീളെ അവന്റെ വലിയ ഫ്ലക്സുകള്‍. ഏതു ഉത്സവപ്പറമ്പില്‍ ചെന്നാലും അവന് ഒരു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ഏറ്റവും നന്നായി ചമയമണിയിച്ച് എഴുന്നള്ളത്തിനു ആനയിക്കുന്നതും ഇവനെ തന്നെ. മത്സരപൂരങ്ങളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടെങ്കില്‍ തലയെടുപ്പില്‍ അവനു മേലെ നില്‍ക്കാന്‍ മറ്റാനകളില്ല അതിനാല്‍ തന്നെ കൂടുതല്‍ ആരാധകരും ഇവനു തന്നെയാണ്.

എന്തൊക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പ്രത്യേകതകള്‍?
ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരവും തലയെടുപ്പും ഉള്ള ആനകളില്‍ മുന്നില്‍ നില്‍ക്കുന്നവന്‍ ആണ് രാമചന്ദ്രന്‍. മൊത്തത്തില്‍ ഉള്ള ചന്തത്തിനൊപ്പം എടുത്തു പിടിച്ചു നില്‍ക്കുന്ന തലക്കുന്നിയും, വിരിഞ്ഞ മസ്തകവും ഒപ്പം നല്ല കരുത്തും. മറ്റാനകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്താമായി ഒരു “ക്യാരക്ടര്‍” അവനുണ്ട്. എന്ന് വച്ചാല്‍ ഏതു സദസ്സിലും അവന്റെ ഒരു പ്രൌഡി നില നിര്‍ത്താന്‍ അറിയാം. ഉത്സവത്തിനായാലും തലപൊക്ക മത്സരങ്ങള്‍ക്കായാലും വേദിയില്‍ കയറിയാല്‍ ശരിക്ക് പെര്‍ഫോം ചെയ്യാന്‍ അവനറിയാം. അതിന്റെ തെളിവാണ് അവന് ലഭിച്ച പട്ടങ്ങളും പ്രശസ്തിയും.

രാമചന്ദ്രനെ പോലെ കരുത്തും വലിപ്പവുമുള്ള ഒരാനയെ കൊണ്ടു നടക്കുവാന്‍ പേടിയില്ലേ?
മനുഷ്യനെ പോലെ ആനയ്ക്ക് ബുദ്ധിയും, ചിന്തയും, ഓര്‍മ്മയുമൊക്കെയുണ്ട്. അവനെ ഉപദ്രവിക്കുന്നവനെയും സ്നേഹിക്കുന്നവനേയും തിരിച്ചറിയുവാനും കഴിയും. രാമനെ കൊണ്ടു നടക്കുന്നത് തല്ലിപേടിപ്പിച്ചിട്ടല്ല, സ്നേഹചട്ടത്തിലാണ്. അതു കൊണ്ടുതന്നെ പേടിക്കേണ്ടതില്ല. ഞാന്‍ ഒന്ന് വിളിച്ചാല്‍ തുമ്പില്‍ ഒന്ന് തൊട്ട് തലോടിയാല്‍ കൊച്ചു കുട്ടിയെ പോലെയാകും അവന്‍. വികൃതികാണിക്കുമ്പോള്‍ രണ്ടടിയൊക്കെ കൊടുക്കും, എന്നാല്‍ അവനെ മുറിവേല്പിക്കാറില്ല.


രാമന്‍ ഒരു നീരുകാലത്ത്.....


8.എങ്ങിനെയാണ്‌ രാമചന്ദ്രന്റെ നീരുകാലം?
ഉത്സവങ്ങള്‍ കഴിയുന്ന സമയത്താണ്‌ അവനു നീരു തുടങ്ങുക. അഞ്ചുമാസത്തോളം നീണ്ടു നില്‍ക്കും. വര്‍ഷങ്ങളായി അറിയാവുന്നതുകൊണ്ട്‌ നേരത്തെ തന്നെ കെട്ടും. തുടക്കത്തില്‍ ചില ബഹളം ഒക്കെ ഉണ്ടാകും. പാപ്പാന്മാരോട് അകല്‍ച്ച കാണിക്കും എന്നാല്‍ അയല്പക്കത്തുള്ള ചിലരോട് അടുപ്പം വിടാറുമില്ല. പിന്നെ കന്നം വീര്‍ക്കലും നീരൊഴുകളുമൊക്കെയായി അതങ്ങിനെ തുടരും. ജനുവരിയില്‍ അവനെ അഴിക്കാറാകും. എല്ലാതവണയും രാമചന്ദ്രനു നീരുമുറിക്കാതെ (പകുതി നീരില്‍ നില്‍ക്കുമ്പോള്‍ മരുന്നു നല്‍കിയോ അടിച്ചോ ആനയെ അഴിക്കുന്നത്‌) മുഴുവന്‍ ഒഴുകി പോകുവാന്‍ അനുവദിക്കും. മുറിച്ചഴിക്കുമ്പോള്‍ ചില ആനകള്‍ ഉള്‍ക്കോള്‍ വിടാത്തതിന്റെ പ്രശ്നങ്ങള്‍ ഒക്കെ കാണിക്കും. അത്‌ അപകടമാണ്‌. ഇത്തരം ചെയ്തികളുടെ ഫലമാണ് പല ആനകളേയും പ്രശ്നകാരികളാക്കുന്നത്.

രാമനെ നീരു കഴിഞ്ഞു അഴിക്കുമ്പോള്‍ കാര്യമായ ഭേധ്യം ഒന്നും വേണ്ടി വരാറില്ല. നീരുകഴിയുമ്പോള്‍ ഞാന്‍ പേരാമംഗലത്ത് ബസ്സിറങ്ങിയാല്‍ അവന്‍ നിലം കയ്യടിക്കുവാനും ചെറുതായി ചീറ്റാനും തുടങ്ങു. അകലെ നിന്നേ അവന് എന്റെ മണം കിട്ടും.അടുത്തെത്തിയാല്‍ പിന്നെ ചില സ്നേഹപ്രകടനമൊക്കെയുണ്ട്.

9.ഇന്നിപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്ന ആനകളുടെ എണ്ണം കൂടിവരികയാണ്. കെട്ടിയഴിക്കല്‍ ചടങ്ങിനായി പാപ്പാന്മാര്‍ക്കൊപ്പം മറ്റു ചില സാമൂഹ്യവിരുദ്ധരും കൂടുന്നു. ആനകളെ ചട്ടത്തിലാക്കുവാന്‍ ക്രൂരമായി മര്‍ദ്ദിക്കേണ്ട ആവശ്യം ഉണ്ടോ?

തൊഴില്‍ അറിയാവുന്നവരെ സംബന്ധിച്ച്‌ അതിന്റെ ആവശ്യം വരുന്നില്ല. ധൈര്യം മാത്രം പോര ആനയുടെ സ്വഭാവവും മനശ്ശാസ്ത്രവും തിരിച്ചറിയുന്നവര്‍ ആകണം പാപ്പാന്‍, അതിനോട് പെരുമാറുവാന്‍ ഒരു തഞ്ചവും വേണം. പുതിയ ആനയില്‍ ഒന്നാം പാപ്പാനായി കേറുമ്പോള്‍ ചുരുങ്ങിയത്‌ മൂന്നു മാസം എങ്കിലും ആ ആനയുമായി ഇടപഴകണം. അപ്പോളേക്കും ആനയ്ക്ക്‌ പുതിയ പാപ്പാനേയും പാപ്പാനു ആനയേയും പറ്റി പൊതുവായി ഒരു ധാരണ വരുത്തുവാന്‍ കഴിയും. വെട്ടിയും കുത്തിയും മുറിവേല്പിച്ച് ഏത് ആനയെ കൊണ്ടു നടക്കുന്നതും ശരിയല്ലെന്നാണ് എനിക്ക് തൊന്നുന്നത്. ക്രൂരമായി അടിച്ചാല്‍ ആ സമയത്ത് ഒന്ന് അനുസരിച്ചെന്നിരിക്കും എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ആ ആനയുടെ കയ്യില്‍ നിന്നും തട്ടു കിട്ടും എന്നാണ് അനുഭവങ്ങളില്‍ കണ്ടിട്ടുള്ളത്. കൈ കരുത്തിന്റെ ബലത്തില്‍ ഒരിക്കലും രാമചന്ദ്രനെ പോലെ ഒരാനയെ കോണ്ടു നടക്കുവാന്‍ ആകില്ല. എന്നെ സംബന്ധിച്ച്‌ രാമചന്ദ്രനു സ്നേഹചട്ടമാണെന്ന് പറയാം.

10.സാമ്പത്തികമായി നോക്കിയാലും ജോലിയുടെ സ്വഭാവം വച്ചു നോക്കിയാലും ഒട്ടും ആകര്‍ഷകമല്ല പാപ്പാന്‍ പണി എന്നിട്ടും ഈ രംഗത്തേക്ക്‌ ആളുകള്‍ കടന്നു വരുന്നതിനെ പറ്റി?
സാമ്പത്തികം നോക്കിയാല്‍ ഇതിലും കൂടുതല്‍ വരുമാനം ഉള്ള ജോലികള്‍ ധാരാളം ഉണ്ട്‌. ആനക്കമ്പം മൂലമാണ്‌ അധികം ആളുകളും ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. ആനപ്പണിയില്‍ കയറിയാല്‍ പിന്നെ അതു വിട്ടു പോകുവാന്‍ ബുദ്ധിമുട്ടാണ്‌. വിട്ടാലും ആനയുമായി ബന്ധം നിലനിര്‍ത്തും. കടുവാ വേലായുധേട്ടനോക്കെ അവസാന നാളുകളില്‍ പോലും ആനകളുമായി ഇടപഴകിയാണ്‌ ജീവിച്ചത്‌. ഒരിക്കല്‍ ആനയുമായി ബന്ധം വന്നാല്‍ പിന്നെ ജീവിതാവസാനം വരെ അത്‌ ഒഴിവാക്കുവാന്‍ ആകില്ല.

11. ആന പാപ്പാന്റെ ഉത്തരവാദിത്വത്തെ പറ്റി?
വലിയ ഒരു ഉത്തരവാദിത്വം ആണ്‌ ആനപാപ്പാന്റേത്‌. ആനയെ നല്ലനിലക്ക്‌ കൊണ്ടു നടക്കുന്നതിലും നിര്‍ത്തുന്നതിലുമെല്ലാം പാപ്പന്റെ ശ്രദ്ധയും ആത്മാര്‍ത്ഥതയും അത്യന്താപേക്ഷിതമാണ്‌. ചെറിയ പിഴവുപോലും വലിയ അപകടങ്ങള്‍ക്ക്‌ വഴിവെക്കും. ഒരാനയെ അഴിച്ചു കഴിഞ്ഞാല്‍ ചുരുങ്ങിയത്‌ ഒരു സീസണ്‍ എങ്കിലും അതിന്റെ ഒപ്പം നില്‍ക്കണം. പാതിക്ക്‌ വെച്ച്‌ ഇട്ടെറിഞ്ഞ്‌ പോകരുത്‌. ആനയുടെ ആരോഗ്യകാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിച്ചേ പറ്റൂ. ആനയുടെ ചെറിയ മാറ്റം പോലും തിരിച്ചറിയുവാന്‍ പാപ്പാന്‌ കഴിയണം. ഇപ്പോള്‍ പാപ്പാന്മാരുടെ സംഘടനയുമായി ബന്ധപ്പെട്ട്‌ ചില നിബന്ധനകള്‍ ഒക്കെ ഉണ്ട്‌ ആനയുടെ മേല്‍ന്ന് ഒഴിയുന്നതിനു ഒരുമാസം മുമ്പെങ്കിലും നോട്ടീസ്‌ നല്‍കണം.

ആവശ്യങ്ങളും പ്രശ്നങ്ങള്‍ മനുഷ്യന്മാരോട് തുറന്നു പറയുവാന്‍ ആനയ്ക്ക് കഴിയില്ല. എന്നാല്‍ ആനയ്ക്കും പാപ്പാനും പരസ്പരം തിരിച്ചറിയുന്ന “ഒരു” ഭാഷയുണ്ട്. അതു മനസ്സിലാക്കി പെരുമാറണം. ആനയെ നേരത്തിനു കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും വേണം. വിശ്രമമില്ലാതെ പണിയെടുപ്പിച്ചാല്‍ അത് ചിലപ്പോള്‍ ഇടഞ്ഞെന്നിരിക്കും. ആനയ്ക്ക് അപകടം പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വവും പാപ്പാനുണ്ട്. മദ്യപിച്ച് ആനയെ തോന്നിയപോലെ കൈകാര്യം ചെയ്യരുത്.

12.എപ്പോളാണ് ആനകള്‍ അക്രമകാരികളാകുന്നത്?
ആനയുടെ സ്വഭാവം പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ കുറേ നാളത്തെ പഴക്കം കൊണ്ട് അതിനെ ഏകദേശം ഒക്കെ മനസ്സിലാക്കുവാന്‍ പറ്റും. ഓരോ ആനയ്ക്കും അതിന്റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവയ്ക്ക് ഇഷ്ടവും അനിഷ്ടവുമുണ്ട്. പേടികൊണ്ട് ആക്രമിക്കുന്ന / കൈവിടുന്ന ആനകള്‍ ഉണ്ട്. ചില ആനകള്‍ക്ക് മുന്നിലൂടെ മറിച്ചു കടക്കുന്നത് ഇഷ്ടമല്ല. സമയത്തിനു ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കില്‍ അക്രമകാരികളാകുന്ന ആനകളുണ്ട്. വെടിക്കെട്ടിന്റെ ശബ്ദം, ബൈക്കിന്റെ ശബ്ദം, ബസ്സിന്റെ ഹോണ്‍ കേട്ടാല്‍, ഓട്ടോറിക്ഷ കണ്ടാല്‍ വിറളി പിടിക്കുന്ന ആനകള്‍ ഉണ്ട്. വെള്ളത്തില്‍ ഇറക്കിയാല്‍ കയറാന്‍ മടികാണിക്കുന്നവര്‍ അങ്ങിനെ പലതും ഉണ്ട് ഇതൊക്കെ എപ്പോളും ശ്രദ്ധിച്ചു വേണം പെരുമാറുവാന്‍‍.

13.മറ്റു പലരും പറയുന്നത് പോലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഒരു പ്രശ്നകാരിയാണോ?
ഒരിക്കലും അവന്‍ ഒരു അപകടകാരിയായ ആനയല്ലെന്ന് ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പറയുവാനാകും. ഏറ്റവും വലിയ ആനയെന്ന നിലയില്‍ അവനെ പറ്റി പലതരം കുപ്രചരണങ്ങള്‍ ചില കോണുകളില്‍ നിന്നും പ്രചരിപ്പിക്കാറുണ്ട്‌ അതുപോലെ ചിലര്‍ കേസില്‍കുടുക്കുവാന്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ദൌഭാഗ്യവശാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവനുമായി ബന്ധപ്പെട്ട്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതു പക്ഷെ മിക്കവാറും അവന്റേതല്ലാത്ത കാരണങ്ങളാലാണ്‌‌. പല ആനകള്‍ക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഒരു ഉദാഹരണം പറയാം ഒരാനയ്ക്ക് വായില്‍ എന്തെങ്കിലും ഭക്ഷണം നല്‍കിയെന്നിരിക്കട്ടെ ആനയുടെ വായില്‍ നിന്നും വീണാല്‍ അത് കുനിഞ്ഞെടുത്ത് കൊടുക്കാന്‍ ശ്രമിക്കരുത് ആന ചിലപ്പോള്‍ അടിക്കും അല്ലെങ്കില്‍ കുത്തിയെന്നിരിക്കും. അതുപോലെ അപ്രതീക്ഷിതമായി കാലിന്റെ ഇടയില്‍ പടക്കം പൊട്ടിച്ചാല്‍ മനുഷ്യനായാലും ആനയായാലും പേടിച്ച് ഒഴിഞ്ഞു മാറും. ഇതൊക്കെ അപകടത്തിനു വഴിവെക്കും. ആനയുടെ സ്വഭാവം മാനസികനില ഇതൊക്കെ നോക്കാതെ അതിന്റെയടുത്ത് ഇടപെടുമ്പോളും അപകടങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെ ആനയുടെ കുഴപ്പമായിട്ടാണ് ആളുകള്‍ പറയുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ യദാര്‍ഥത്തില്‍ കുറ്റക്കാരന്‍ മനുഷ്യര്‍ തന്നെയല്ലേ?

മനുഷ്യന്മാരുടെ എന്ന പോലെ തന്നെ ആനകളുടെയും സ്വഭാവത്തില്‍ വ്യത്യസ്ഥത ഉണ്ട്. എത്ര സ്നെഹമുണ്ടായാലും ചിലപ്പോള്‍ പരസ്പരം പെരുമാറ്റം ഇഷ്ടപ്പെടില്ലല്ലോ. അപ്പോള്‍ ഇടയ്ക്ക് പിണങ്ങും അല്ലെങ്കില്‍ ദേഷ്യപ്പെടും വഴക്കിടും ചിലപ്പോള്‍ അടിയുണ്ടാക്കും. ഇത് തന്നെയാണ് ആനകള്‍ തമ്മിലും ആനയും മനുഷ്യനും തമ്മിലും ഉണ്ടാകുന്നത്. എത്ര സ്നേഹമുള്ള ഭാര്യയും ഭര്‍ത്താവും തമ്മില്‍ അല്ലെങ്കില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ സുഹൃത്തുക്കള്‍ തമ്മിലൊക്കെ ഇടയ്ക്ക് ചില പിണക്കങ്ങള്‍ ഉണ്ടാകില്ലേ അതു പോലെ ഇടയ്ക്ക് ചില പിണക്കവും വഴക്കും ഉണ്ടാകും. അതൊക്കെ അപ്പോള്‍ തന്നെ തീരുകയും ചെയ്യും.

14.രാമചന്ദ്രന്‍ കൈവിടുമ്പോള്‍ മണിയേട്ടന്‍ അവന്റെ കൊമ്പില്‍ തൂങ്ങും എന്ന് കേട്ടിട്ടുണ്ട്‌ അത്‌ റിസ്കല്ലേ?
ആന കൈവിട്ടാല്‍ അപകടം ഉണ്ടാക്കാതെ എത്രയും പെട്ടെന്ന് അവനെ തളക്കുക എന്നതാണ്‌ പാപ്പന്റെ ഉത്തരവാദിത്വം. ആ സമയത്ത് സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാറില്ല. പൊതുജനത്തിന്റേയും ആനയുടേയും രക്ഷയാണ് നോക്കുക. കേട്ടിട്ടില്ലെ ആനകയറുന്ന പാപ്പാന്റേയും അതിര്‍ത്തികാക്കുന്ന ജവാന്റേയും ജീവന്‍ ഒരു പോലെയാണെന്ന്. എപ്പോള്‍ വേണമെങ്കിലും അപകടം സഭവിക്കാം, ഇതറഞ്ഞു കൊണ്ടു തന്നെയാണ് ഈ തൊഴിലിലെക്ക് ഇറങ്ങുന്നതും.

അവനല്പം പേടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി എന്തെങ്കിലും ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും അവന്റെ ശരീരത്തില്‍ കുത്തുകയോ ചെയ്താല്‍ അവന്‍ ഒന്ന് കുതറിമാറുകയോ പെട്ടെന്ന് മുന്നോട്ട് നടക്കുകയോ ചെയ്യും. ഇത് സ്വാഭാവികമാണ് എന്നാല്‍ ഇതിനെ ഇടഞ്ഞോടിയതായിട്ടാണ് പലപ്പോഴും ചിത്രീകരിക്കുക. രാമചന്ദ്രന്‍ എന്റെ കയ്യില്‍ വന്നതിനു ശേഷം അങ്ങിനെ അധികം ഇടഞ്ഞോടിയിട്ടില്ല. ഇനി ഇടഞ്ഞാല്‍ തന്നെ അവന്റെ കൊമ്പില്‍ ഞാന്‍ തൂങ്ങിയാല്‍ ഉടനെ അവന്‍ വരുതിയില്‍ വരും. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവനെ ഞാന്‍ മോനെ പോലെയാണ്‌ കരുതുന്നതും കൊണ്ടു നടക്കുന്നതും അവന്‍ എന്നെ ചതിക്കില്ലാന്നുള്ള വിശ്വാസമാണ്‌ എനിക്ക്‌.

15.രാമചന്ദ്രനെ ദേവസ്വം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?
തേച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേയും ക്ഷേത്രത്തിന്റേയും ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും ഒരു പ്രധാന കാരണം രാമന്‍ തന്നെയാണ്. വളരെ നല്ല നിലയില്‍ തന്നെയാണ് അവര്‍ രണ്ട് ആനകളേയും (രാമചന്ദ്രനെ കൂടാതെ ദേവീ ദാസന്‍ എന്നൊരു ആന കൂടെയുണ്ട് ഇവിടെ) നോക്കുന്നത്. വര്‍ഷാ വര്‍ഷം സുഖചികിത്സ നല്‍കുന്നുണ്ട്. എന്തെങ്കിലും ചെറിയ അസുഖം കണ്ടാല്‍ ഉടനെ ഡോക്ടറെ കൊണ്ടുവന്ന ആവശ്യമായ ചികിത്സ നല്‍കും.സീസണ്‍ ആകുമ്പോള്‍ ഇട ദിവസങ്ങളില്‍ വിശ്രമം ലഭിക്കുന്ന രീതിയില്‍ മാത്രമേ ഏക്കം എടുക്കാറുള്ളൂ. അടുത്തടുത്ത ദിവസങ്ങളില്‍ ദൂരയാത്ര വേണ്ട ഏക്കം ഏടുക്കാറില്ല. ആനയെ എഴുന്നള്ളിക്കുന്നിടത്ത് ദേവസ്വത്തിന്റെ ആരെങ്കിലും എത്തും. സമയാസമയങ്ങളില്‍ ഉത്തരവാദിത്വ പെട്ടവര്‍ വിവരങ്ങള്‍ വിളിച്ചന്വേഷിക്കും.

16.ആനകള്‍ ഇടയുന്നതും മറ്റും ടി.വിയില്‍ കാണിക്കുന്നതിനെ പറ്റി?
ഒട്ടും നല്ലതല്ല ഇത്തരം കാര്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.‌. ഇത്‌ ആനകളെ പറ്റി ആളുകള്‍ക്ക്‌ ഭയമുണ്ടാക്കാനെ ഉപകരിക്കൂ. മാത്രമല്ല ആനയുടെ ആക്രമണത്തിനു വിധേയനാകുന്നത്‌ ഒരു മനുഷ്യ ജീവിയാണ്‌,അത്‌ കണ്ടു രസിക്കാന്‍ ഉള്ളതല്ല. അത്‌ അവരുടെ കുടുമ്പാംഗങ്ങള്‍ക്ക്‌ വളരെയധികം വേദനയുണ്ടാക്കുന്ന അനുഭവം ആയിരിക്കും. ആരെങ്കിലും അവനവന്റെ കുടുമ്പാംഗങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ഇത്തരത്തില്‍ കണ്ടു രസിക്കുമോ?

17.മണിയേട്ടന്‍ ഉള്‍പ്പെടെ പല പാപ്പാന്മാരും തങ്ങള്‍ കൈകാര്യം ചെയ്യാത്ത മറ്റൊരാന ഇടഞ്ഞ് കൊലവിളിയായി നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ധൈര്യസമേതം ചെന്നിടപെടുന്നത്?
ആദ്യം അവനവന്റെ ആനയെ ബന്ധനസ്ഥനാക്കും. ഇനി നമുക്കൊപ്പം ആനയില്ലെങ്കില്‍ ഒരാന ഇടഞ്ഞോടുന്നതോ പാപ്പാനേയോ മറ്റോ ആക്രമിക്കുന്നതോ ആനപ്പണിയറിയാവുന്നവര്‍ കണ്ടു നില്‍ക്കില്ല.അവര്‍ ആനയെ പിടിക്കുവാന്‍ സഹായിക്കും. നാളെ നമ്മള്‍ കൊണ്ടു നടക്കുന്ന ആന കൈവിട്ടാല്‍ മറ്റൊരാളേ സഹായിക്കുവാന്‍ ഉണ്ടാകൂ.

18.ഇന്ന് ഇടഞ്ഞോടുന്ന ആനകളുടെയും അതുപോലെ അകാലത്തില്‍ ചരിയുന്ന ആനകളുടേയും എണ്ണം വര്‍ദ്ധിച്ചു വരികയാണല്ലോ?
വിശ്രമവും ഭക്ഷണവും ഇല്ലാതെ പണിയെടുപ്പിക്കുന്നതും, നീരു മുറിച്ചിറക്കുന്നതും ഒക്കെ പ്രശ്നമാണ്. കൂടാതെ നോട്ടക്കുറവും. പണിയറിയാത്തവരും ആത്മാര്‍ഥതയില്ലാത്തവരും ആനയെ കൈകാര്യം ചെയ്യുമ്പോള്‍ അത് ആനക്ക് കേടാണ്. സമയാ സമയത്തിനു ചികിത്സ നല്‍കണം. പ്രശസ്തിക്കായി പണം ഉള്ളവരും , വെറും കച്ചവട മനസ്സുള്ളവരും ആനയെ വാങ്ങിയാല്‍ അത് ആനയ്ക്ക് ഗുണം ചെയ്യില്ല. ആനയെ നോക്കുവാന്‍ മനസ്സും സമയവും ഇല്ലാത്തവര്‍ അതിനെ നോക്കുവാന്‍ മറ്റുള്ളവരെ നിയോഗിക്കുന്നു അവര്‍ തോന്നിയപോലെ പൈസ ചിലവാക്കും പക്ഷെ അത് ആനയ്ക്ക് ഉപകാരപ്പെടില്ല. അതിനെ ഉള്ളവര്‍ ആനയെ വാങ്ങാന്‍ നില്‍ക്കരുത്.

എരണ്ടക്കെട്ടാണ് ആനകള്‍ ചരിയുന്നതിലെ പ്രധാന വില്ലന്‍. വണ്ടിയിടിച്ചും വണ്ടിയില്‍ നിന്നും വീണും ആനകള്‍ ചരിയുന്നുണ്ട്.

19.അവസാനമായി വീടിനെയും വീട്ടുകാരെയും പറ്റി?
പാലക്കട്‌ ജില്ലയിലെ കുനിശ്ശേരിയില്‍ ആണ്‌ വീട്‌. വീട്ടില്‍ അമ്മ,ഭാര്യ, മക്കളായി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും. അവര്‍ ഇവിടെ അടുത്ത്‌ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്നു.

മലയാളക്കരയിലെ അഭിമാനമായ ഈ ആനയെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഇനിയും ധാരാളമുണ്ട്, ഇനിയും ധാരാളം വര്‍ഷങ്ങള്‍ ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയുമായി മണിയേട്ടന്‍ നമ്മുടെ ഉത്സവപ്പറമ്പുകളിലേക്ക്കടന്നുവരട്ടെ എന്ന് ആശംസിച്ചു കൊണ്ട് തല്‍ക്കാലം സംഭാഷണം അവസാനിപ്പിക്കുന്നു.


ചിത്രങ്ങള്‍:
സോപനം സ്റ്റുഡിയോ പെരാമംഗലം അയച്ചുതന്നത് കെ.വി.സിദ്ധാര്‍ഥന്‍, തെച്ചിക്കോട്ടുകാവ് ദേവസ്വം.
ശിവകുമാര്‍ പോലിയത്ത് അയച്ചുതന്നത്.
എസ്.കുമാര്‍

അഭിമുഖം: എസ്.കുമാര്‍
 

Thursday, August 25, 2011

പത്താം നിലയിലെ പാടം - സിസ്സി ജേക്കബ്‌












2050 ആകുമ്പോള്‍ ഗ്രാമങ്ങളില്‍ ജനം കുറയും. ഭൂമിയിലെ 80 ശതമാനം പേരും നഗരങ്ങളില്‍ പാര്‍പ്പു തുടങ്ങും. ആ കാലത്ത് ഇന്നുള്ള 680 കോടി മനുഷ്യര്‍ 900 കോടിയായി വളര്‍ന്നിരിക്കും. ഉള്ള കൃഷിഭൂമിയുടെ ഉത്പാദശേഷി തന്നെ പരമാവധി ഊറ്റിയെടുത്തു കഴിഞ്ഞ മനുഷ്യന്‍ പുതിയ ജനകോടികളെ തീറ്റാന്‍ ഇനി എവിടെ കൃഷിയിറക്കും?

ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന പ്രാഥമിക ആവശ്യങ്ങള്‍ പണമുള്ളവനിലേക്ക് മാത്രം ചുരുങ്ങുന്ന കാലത്ത് ജനിച്ചുപോയവന് ജീവിക്കാന്‍ ആഹാരമെങ്കിലും കൊടുക്കേണ്ടതുണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനം മാത്രമേ മനുഷ്യന്‍ ഇന്നുപയോഗിക്കുന്നുള്ളൂ. അവന്റെ പിടിപ്പുകേട് കൊണ്ട് 15 ശതമാനം പാഴായി കിടക്കുന്നു. ഇവിടേക്കാണ് 'വെര്‍ട്ടിക്കല്‍ ഫാമിങ്' എന്ന ആശയം കടന്നുവരുന്നത്. കുത്തനേ വളരുന്ന നഗരങ്ങളില്‍ കുത്തനേ ഒരു കൃഷിരീതി. ഒന്നാം നിലയില്‍ ചോളം, രണ്ടാം നിലയില്‍ ചീര, മൂന്നാം നിലയില്‍ വെണ്ട, നാലാം നിലയില്‍ നെല്ല്....

ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡിക്‌സണ്‍ ഡെസ്‌പോമിയറാണ് പുതിയ കാലത്ത് ഈ ആശയം അവതരിപ്പിച്ചത്; അത് പുതിയതല്ലെങ്കിലും. തെക്കേ അമേരിക്കയിലെ തദ്ദേശിയര്‍ വളരെക്കാലം കുത്തനേ തട്ടുകളാക്കിയ ഭൂമയില്‍ കൃഷി നടത്തിയിരുന്നു. കിഴക്കനേഷ്യയിലെ വീടുകളുടെ മട്ടുപ്പാവിലെ നെല്‍കൃഷിയും ഇതേ രീതിയിലുള്ളതാണ്. ഇനിയും പിന്നോട്ട് പോയാല്‍ ബാബിലോണിലെ തൂക്ക് പൂന്തോട്ടങ്ങളെയും ഇതിന്റെ പട്ടികയില്‍ പെടുത്താം. എന്നാല്‍, ലോക ജനസംഖ്യ അതിദ്രുതം വളരുകയും കൃഷിഭൂമി കുറയുകയും ചെയ്യുന്ന ഇന്ന് ഈ ആശയം കൂടുതല്‍ ആകര്‍ഷകമാകുന്നു.

1950-കളുടെ അന്ത്യ പാദത്തിലെത്തിയ ഹരിത വിപ്ലവം കാര്‍ഷികോത്പാദനത്തിലുണ്ടാക്കിയ വര്‍ദ്ധനവ് പൊട്ടിത്തെറിച്ച പോലെ പടര്‍ന്ന ജനങ്ങള്‍ക്ക് അന്നം നല്‍കി. '50-കളിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി ഇന്ന് ജനസംഖ്യ. ആഗോളതലത്തില്‍ ഭക്ഷണത്തിന്റെ ആവശ്യവും അതിനനുസരിച്ച് കൂടി. 'വെര്‍ട്ടിക്കല്‍ ഫാമിങ്ങി'ന് ഈ ആവശ്യം നിവൃത്തിയാക്കാന്‍ കഴിയുമെന്നണ് ഇതിന്റെ വക്താക്കളുടെ അവകാശവാദം. 1999-ല്‍ ഡെസ്‌പോമിയര്‍ ഈ ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ ആര്‍ക്കിടെക്ടുകളും ശാസ്ത്രജ്ഞരും ഇതിന്റെ സാധ്യതയെക്കുറിച്ച് കൊണ്ടു പിടിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡെസ്‌പോമിയറിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുടെയും കണക്കുകൂട്ടലനുസരിച്ച് 30 നിലക്കെട്ടിടത്തിലെ കൃഷികൊണ്ട് അരലക്ഷം പേരെ പോറ്റാം. ഇത്തരത്തില്‍ 160 കെട്ടിടങ്ങളുണ്ടെങ്കില്‍ ന്യുയോര്‍ക്ക് നഗരവാസികള്‍ക്ക് വര്‍ഷം മുഴുവന്‍ അന്നം നല്‍കാമെന്നാണ് കടലാസിലെ കണക്ക്.

ഹരിത ഗൃഹങ്ങളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന അതേ രീതിയാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിലും അവലംബിക്കുന്നത്. മണ്ണില്ലാതെ ഹൈഡ്രോപോണിക് (ധാതു പോഷക മിശ്രിതത്തിലോ തൊണ്ടോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) എയ്‌റോപോണിക് (അന്തരീക്ഷത്തിലോ മൂടല്‍ മഞ്ഞിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) മാര്‍ഗങ്ങളില്‍ കൃഷിനടത്താമെന്നാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ ആവിഷ്‌കര്‍ത്താക്കള്‍ പറയുന്നത്.

നേട്ടങ്ങള്‍


* വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാതെ വര്‍ഷം മുഴുവനും ഉത്പാദനം.
* കീടനാശിനകളോ രാസവളങ്ങളോ ഉപയോഗിക്കാതെയുള്ള കൃഷിരീതി
* നിലമുഴാനും കൊയ്യാനും ചരക്കുകടത്തിനും യന്ത്രവത്കൃത വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ഇന്ധന നഷ്ടം കുറയുന്നു
* നഗരങ്ങളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളായി മാറുന്നു
* നഗരങ്ങള്‍ക്ക് ഒരു സുസ്ഥിര പരിസ്ഥിതി ലഭിക്കുന്നു
* പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു
* പ്രകൃതി വിഭവങ്ങളായ ഭൂമി, വെള്ളം എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടം കുറയുന്നു
* കൃഷിഭൂമി പ്രകൃതിയ്ക്ക് തിരിച്ചു നല്‍കി സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്താനാവുന്നു

അങ്ങനെ അനവധി നേട്ടങ്ങളാണ് വെര്‍ട്ടിക്കല്‍ ഫാമിങിന്റേതായി അവതരിപ്പിക്കപ്പെടുന്നത്.

ഇത്തരം നേട്ടങ്ങള്‍ നിരത്തുമ്പോഴും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ വെളിച്ചത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യും എന്നതിന് കൃത്യമായ ഉത്തരമില്ല. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിച്ച് കൃതിമ പ്രകാശം നല്‍കി പ്രകാശ സംശ്ലേഷണം ഉറപ്പാക്കാം എന്നാണ് നിലവിലെ പരിഹാരം. വീട്ടില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേയ്ക്ക് ചരിഞ്ഞു വളരും പോലെ തന്നെയാകും കെട്ടിടങ്ങളിലെ കൃഷിയുടെ അനുഭവവും എന്ന് ഇതിന്റെ പ്രായോഗികത സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ലവണ്ണം പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടി കൂടുതല്‍ ഫലം ഉത്പ്പാദിപ്പിക്കുമ്പോള്‍ മറ്റുള്ളവയുടെ ഉത്പ്പാദനം ശുഷ്‌കമാകുകയും അങ്ങനെ മൊത്തം ഉത്പ്പാദനം കുറയുകയും ചെയ്യും. എല്‍.ഇ.ഡി. വെളിച്ചത്തിന്റെ ലഭ്യത ഇതിന് പരിഹാരമാകുമെങ്കിലും പത്തോ ഇരുപതോ നിലകെട്ടിടത്തില്‍ നടത്തുന്ന കൃഷിക്ക് എത്രമാത്രം പ്രകാശം ലഭ്യമാക്കേണ്ടി വരും?

ചില്ലുകൂട്ടില്‍ പച്ചക്കറി വളര്‍ത്തുന്ന ഒരു സംവിധാനം ബ്രിട്ടനിലെ കെന്റിലുണ്ട്. 90 ഹെക്ടറില്‍ സലാഡിനുള്ള പച്ചക്കറികള്‍ കൃഷിചെയ്യുന്ന താനെറ്റ് എര്‍ത്ത്. മഞ്ഞുകാലത്ത് സസ്യങ്ങള്‍ക്ക് 15 മണിക്കൂര്‍ പ്രകാശം നല്‍കേണ്ടിവരും. ഇതിനായി സ്വന്തം വൈദ്യുതി നിലയമുണ്ട് താനെറ്റ് എര്‍ത്തിന്. വെര്‍ട്ടിക്കല്‍ ഫാമിങ് വഴി ഊര്‍ജം ലാഭിക്കാമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാമെന്നുമുള്ള അവകാശവാദത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണിത്. മറ്റൊന്ന്, ധ്രുവ പ്രദേശങ്ങളിലും വര്‍ഷത്തില്‍ മൂന്നും നാലും മാസം സൂര്യപ്രകാശം ലഭ്യമല്ലാത്ത രാജ്യങ്ങളിലും കൃത്രിമ വെളിച്ചം ഉറപ്പാക്കാന്‍ വന്‍ ചെലവുവരും എന്നതാണ്. പലപ്പോഴും അത് ഇറക്കുമതിച്ചെലവിനേക്കാള്‍ കൂടുതലുമായിരിക്കും.

സൂര്യപ്രകാശത്തിന്റെ സാധ്യത കഴിയുന്നത്ര ഉപയോഗപ്പെടുത്താനായെങ്കില്‍ മാത്രമേ 'വെര്‍ട്ടിക്കല്‍ ഫാമിങ്' യാഥാര്‍ഥ്യമാകൂ. വിപ്ലവകരമായ ഈ കൃഷിരീതി നടപ്പിലായാല്‍ നെല്ലുവിളയും പാടങ്ങള്‍ക്ക് പകരം നെല്ലുവിളയും ബഹുനില മന്ദിരങ്ങളാവും കാണാനാവുക.


പേജ്

അമേരിക്കയെ ആരു രക്ഷിക്കും? - വി.ടി. സന്തോഷ്‌കുമാര്‍

 




രക്ഷകസ്ഥാനത്ത് സ്വയം അവരോധിച്ച് ലോകമെങ്ങും പടയോട്ടം നടത്തിയ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ?

പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്.

ചിലന്തിയെപ്പോലെ ചുവരുകളില്‍ കയറിയും കൂറ്റന്‍ കെട്ടിടങ്ങള്‍ ചാടിക്കടന്നും നാട്ടുകാരുടെ രക്ഷകനായെത്തിയിരുന്ന വെള്ളക്കാരന്‍ സ്‌പൈഡര്‍മാന്‍ 'അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍മാന്റെ' 160-ാം ലക്കത്തില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നുവെച്ച് നാട്ടുകാരെ രക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ? അതിനാണ് പുതിയ സ്‌പൈഡര്‍മാനെ 'മാര്‍വെല്‍ കോമിക്‌സ്' അവതരിപ്പിക്കുന്നത്.

വെള്ളക്കാരനായ പഴയ ചിലന്തിമനുഷ്യന്റെ സ്ഥാനത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സ്‌പൈഡര്‍മാനെ കൊണ്ടുവരാന്‍ അമേരിക്കയിലെ വിനോദ വ്യവസായികളെ പ്രേരിപ്പിച്ചത് എന്തായിക്കും? സംശയിക്കേണ്ട, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് വെള്ളക്കാരനല്ല എന്നതുതന്നെ.

അമേരിക്കയില്‍ നിന്നിറങ്ങി ലോകമെമ്പാടുമെത്തുന്ന കോമിക്കുകളും ഹോളിവുഡില്‍നിന്നിറങ്ങുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളും എല്ലാ കാലത്തും അമേരിക്കന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. ചിത്രകഥയിലെ സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഫാന്റവും മാന്‍ഡ്രേക്കും സിനിമയിലെ ജെയിംസ്‌ബോണ്ടും റാംബോയും റോക്കിയുമെല്ലാം വെള്ളക്കാരന്റെ അധീശത്വത്തിന്റെ പ്രഖ്യാനമാണ് നടത്തുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുക്കളാണ് ഈ അതിമാനുഷരുടെ ശത്രുക്കള്‍. അമേരിക്കന്‍ ഭരണകൂടമാണ് ലോക ഭരണകൂടമെന്നും അമേരിക്കക്കാരന്‍ വിചാരിച്ചാലേ ലോകത്തെ രക്ഷിക്കാനാവൂ എന്നുമാണ് അവരെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒബാമയുടെ സ്ഥാനാരോഹണ ദിവസം അദ്ദേഹത്തെയും സ്‌പൈഡര്‍മാനെയും ഒറ്റപ്പുസ്തകത്തില്‍ അവതരിപ്പിച്ച മാര്‍വെല്‍ കോമിക്‌സ് പറയാതെ പറഞ്ഞത് ഒബാമയാണിനി നമ്മുടെ രക്ഷകനെന്നാണ്.

പക്ഷേ ചുവരില്‍ കയറിയും ചാടിക്കടന്നും ചിലന്തിയുടെ രൂപമാര്‍ജ്ജിച്ചും അമേരിക്കയെ രക്ഷിക്കാന്‍ പുതിയ സ്‌പൈഡര്‍മാനാകുമോ? ചിത്രകഥയില്‍ പറ്റിയേക്കും. യഥാര്‍ഥലോകത്ത് ഇനിയത് എളുപ്പമല്ല. ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ നടക്കുന്ന അമേരിക്ക അത്ര വലിയ പ്രതിസന്ധിയിലാണകപ്പെട്ടിരിക്കുന്നത്. വീരവാദത്തിനും ആക്രമണോത്സുകതയ്ക്കും ഒരു കുറവുമില്ലെങ്കിലും അമേരിക്കക്കാരന്‍ തകര്‍ച്ച മുന്നില്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യങ്ങള്‍ തകരുന്നതില്‍ വലിയ പുതുമയൊന്നുമില്ല, ചരിത്രത്തിന്റെ അനിവാര്യതയാണത്. ലോകജനതയുടെ ശവക്കൂമ്പാരത്തിനു പുറത്ത് ഏറെപ്പണിപ്പെട്ടു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ പളുങ്കുകോട്ടകള്‍ ചീട്ടുകൊട്ടാരം നിലംപൊത്തുന്ന വേഗത്തിലാണ് പലപ്പോഴും തകര്‍ന്നുവീഴുക. കൊട്ടാരത്തിന്റെ പുറംമോടിയില്‍ കണ്ണുടക്കിനില്‍ക്കുന്നവര്‍ക്ക് അതു തകരുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുമെന്നുമാത്രം. അമേരിക്ക ഒരിക്കലും തകരില്ലെന്നു തന്നെ അവര്‍ വിശ്വസിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എല്ലാ കാലവും നമ്മുടെ തലയ്ക്കുമുകളിലുണ്ടാവുമെന്നുറപ്പിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്്.

ആടി ഉലയാന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവാന്‍ വെറും 17 വര്‍ഷമേ വേണ്ടിവന്നുള്ളൂ എന്നതാണ് വസ്തുത. ഒരൊറ്റ വര്‍ഷം കൊണ്ടാണ് പോര്‍ച്ചുഗല്‍ തകര്‍ന്നത്. വിള്ളലുകള്‍ പുറംലോകമറിഞ്ഞ് രണ്ടു വര്‍ഷംകൊണ്ട് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. സാമ്രാജ്യം നഷ്ടപ്പെട്ട് ഫ്രാന്‍സ് വെറുമൊരു രാജ്യം മാത്രമായത് എട്ടു വര്‍ഷം കൊണ്ടാണ്. പഴയ ഓട്ടോമന്‍ തുര്‍ക്കിയുടെ പതനം പൂര്‍ത്തിയാവാന്‍ 11 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അമേരിക്കയുടെ സാമന്ത രാജ്യങ്ങളെന്ന നിലയിലും പഴയ അടിമകളുടെ കാല്‍പനിക സ്മരണകളിലും ബ്രിട്ടനും ഫ്രാന്‍സും ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ, തുര്‍ക്കിയും പോര്‍ച്ചുഗലും ഒരുകാലത്ത് സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നുപറഞ്ഞാല്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ? അമേരിക്കയെപ്പറ്റിയും അങ്ങനെ പറയുന്നൊരു കാലം വരുമെന്നുതന്നെ വേണം കരുതാന്‍.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ഗതി അമേരിക്കയ്ക്കും വരാന്‍ പോവുകയാണെന്നും അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും കാര്യകാരണ സഹിതം സമര്‍ഥിക്കുന്ന ചരിത്രകാരന്‍മാര്‍ ധാരാളമുണ്ട്. യുദ്ധമാവില്ല, യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാവും അമേരിക്കയുടെ ശവക്കുഴി തോണ്ടുക. കാരണം, പണമില്ലെങ്കില്‍ അമേരിക്കയുമില്ല.

ബിസിനസുകാര്‍ക്ക് ആധിപത്യമുള്ള മനുഷ്യ ചരിത്രത്തിലെ ആദ്യ സമൂഹമാണ് അമേരിക്കന്‍ സമൂഹം. ആദ്യത്തെ പണാധിപത്യ സമൂഹം എന്നു പറയാം. പണമാണ് എല്ലാം എന്നതുകൊണ്ട് അവിടെ മതപുരോഹിതന്‍മാര്‍ക്കോ കുലീനരായ പ്രഭുക്കന്‍മാര്‍ക്കോ പ്രാധാന്യം ലഭിച്ചില്ല. പണമുള്ളവരുടെ അഭിപ്രായത്തിനായി പ്രാമുഖ്യം. നമ്മളതിനെ അഭിപ്രായസ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിച്ചു. ഊഹക്കച്ചവടം കൊണ്ടു കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകരുന്നതുപോലെതന്നെയാണ് ബിസിനസുകാരന്റെ സമൂഹവും തകരുക. ഉയര്‍ന്നുയര്‍ന്ന് മുകളിലെക്കുപോവുന്ന ഓഹരിവിപണി ഉടയുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അതു തകരാന്‍ തുടങ്ങും. പണമുണ്ടാക്കുക, എല്ലാം കൈയടക്കുക എന്ന ചിന്തയ്ക്കപ്പുറം ഒന്നുമില്ലാത്ത സമൂഹത്തിനു പിന്നെ പിടിച്ചുനില്‍ക്കാനെളുപ്പമല്ല. അതിന്റെ സൂചനകളാണ് അമേരിക്കയില്‍നിന്നുയരുന്നത്.

അമേരിക്കന്‍ ഭരണകൂടം കടപ്രതിസന്ധിയില്‍പ്പെട്ടുലഞ്ഞതും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി അവരുടെ വായ്പാക്ഷമത കുറച്ചതും ധനക്കമ്മിയും തൊഴിലില്ലായ്മയും കുതിച്ചുയരുന്നതും അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ബാഹ്യ ലക്ഷണങ്ങള്‍ മാത്രമാണ്. ഇന്നത്തെ നിലയ്ക്ക് 22 വര്‍ഷംകൊണ്ട് അമേരിക്ക തകരുമെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ആല്‍ഫ്രഡ് എം മക് കോയുടെ കണക്കുകൂട്ടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ അധിനിവേശത്തോടെ ആ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം -2020 ഓടെ അമേരിക്കയുടെ വളര്‍ച്ച താഴോട്ടാവും. 2025ഓടെ തകര്‍ച്ച തുടങ്ങും. 2030ഓടെ അതു മൂര്‍ധന്യത്തിലെത്തും. പിന്നെയവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും.

പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന മാന്ദ്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. ഉത്പന്ന കയറ്റുമതി രംഗത്ത് 2008ഓടെ തന്നെ അമേരിക്ക ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുകഴിഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാനു പിന്നിലാണ് കുറേക്കാലമായി അമേരിക്ക. വൈകാതെ അവര്‍ ചൈനയ്ക്കും പിന്നിലാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറെക്കാലം ലോകത്തുതന്നെ ഒന്നാമതായിരുന്ന അമേരിക്ക 2010 ഓടെ പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ശാസ്ത്ര, ഗണിതശാസ്ത്ര വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 52ാം സ്ഥാനമാണ് ലോക സാമ്പത്തിക ഫോറം അമേരിക്കയ്ക്കു നല്‍കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നു ശാസ്ത്ര ബിരുദമെടുക്കുന്നവരില്‍ പകുതിയും വിദേശ വിദ്യാര്‍ഥികളാണ്. സ്വന്തം രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, തമിഴ്‌തൊഴിലാളികള്‍ കേരളം വിട്ടുപോയപോലെ, അവരെല്ലാം അമേരിക്ക വിടും. ഇപ്പോഴുള്ള എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും വിരമിക്കുന്നതോടെ പകരക്കാരെ കിട്ടാതെ പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അമേരിക്ക പിന്തള്ളപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ചിരുന്ന രാജ്യം എന്ന പദവി ഒരു നൂറ്റാണ്ടു കാലമായി അമേരിക്കയുടെ കുത്തകയായിരുന്നു. ഈവര്‍ഷം ആ സ്ഥാനം ചൈന കൈയടക്കി. വ്യാവസായിക വളര്‍ച്ചയില്‍ ചൈന അമേരിക്കയ്ക്കു മുന്നിലെത്തിയെന്നതിന്റെ തെളിവാണത്.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വായ്പാനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും മികച്ച ട്രിപ്പിള്‍ എയില്‍ നിന്ന് ഡബിള്‍ എ പ്ലസ് ആയി കുറച്ചതോടെ പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഉള്ള രാജ്യമല്ല അമേരിക്ക എന്ന സത്യമാണു വെളിപ്പെട്ടത്. അമേരിക്കയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടത്തില്‍ നിന്നാണ്. മൊത്തം കടഭാരം 15 ലക്ഷം കോടി ഡോളര്‍ വരും. അമേരിക്കയുടെ ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയുടെ നിക്ഷേപം 4,100 കോടി ഡോളര്‍ വരും. കരുതല്‍ ധനം എന്ന നിലയില്‍ സുരക്ഷിതം ഡോളറാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കടപ്പത്രങ്ങളില്‍ മുതല്‍മുടക്കുന്നത്്. അമേരിക്കയുടെ വിലയിടിയുമ്പോള്‍ ഡോളറിന്റെ സ്ഥാനത്ത് മറ്റൊരു കരുതല്‍ ധനം ഉയര്‍ന്നുവരും. അപ്പോള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടും. പണമിരട്ടിപ്പു സ്ഥാപനങ്ങളും ബ്ലേഡു കമ്പനികളും തകരുംപോലെ അതോടെ അമേരിക്കയുടെ സമ്പദ് മേഖല തകര്‍ന്നടിയും.

ലോകത്തിന്റെ മൊത്തം രക്ഷകരായി ചമഞ്ഞു നടത്തിയ കടന്നാക്രമണങ്ങളും ലാഭംകൊയ്യാന്‍ വേണ്ടിനടത്തിയ ചൂതാട്ടങ്ങളുമാണ് അമേരിക്കയെ ഈ നിലയിലെത്തിച്ചത്. കണ്ണത്താ ദൂരത്തുള്ള ഇറാഖിലും അഫ്ഗാനിസ്താനിലും എന്തിനോ വേണ്ടിയാരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന യുദ്ധമാണ് അമേരിക്കയെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 69,700 കോടി ഡോളറാണ് അമേരിക്ക വിദേശത്തെ സൈനിക നടപടികള്‍ക്കായി ചെലവഴിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സും ലിന്‍ഡാ ബില്‍മെസും 2008ല്‍ കണക്കുകൂട്ടിയത്. അത് അതിനുമപ്പുറത്തെത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒന്നാം ലോകയുദ്ധത്തിന് അമേരിക്കയുടെ മൊത്തം ചെലവ് 3200 കോടി ഡോളര്‍ മാത്രമായിരുന്നെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധകാലത്താണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം വേണ്ടിവന്നത്. അന്നതിന്റെ ചെലവ് 20,000 കോടി ഡോളറായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി 6,500ഓളം യു.എസ്. സൈനികര്‍ മരണമടഞ്ഞു. 44,000 പേര്‍ക്കു പരിക്കേറ്റു. അവരുടെയെല്ലാം ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രണ്ടാം ലോകയുദ്ധവേളയില്‍ 1945ല്‍ അമേരിക്കയുടെ ജി.ഡി.പിയുടെ 37 ശതമാനമായിരുന്നു പ്രതിരോധച്ചെലവ്. അന്നു പക്ഷേ ജനം ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധനികുതിയേര്‍പ്പെടുത്തിയാണ് അന്നു യുദ്ധച്ചെലവ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍, ദൂരെയേതോ രാജ്യത്ത് ഒരു കാര്യവുമില്ലാതെ നടത്തുന്ന യുദ്ധത്തിനായി നികുതി നല്‍കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ നികുതിപ്പണം ഉപയോഗിക്കാതെ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനമാണ് യുദ്ധച്ചെലവിനു നീക്കിവെക്കുന്നത്. കടം കുമിഞ്ഞുകൂടി പരിധി ലംഘിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തേണ്ടിവന്നതും അതുകൊണ്ടാണ്. ഓരോ മാസവും വരവിനെക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് അമേരിക്കയുടെ ചെലവ്.

ചെലവു വരവിനേക്കാള്‍ കവിയുമ്പോള്‍ കടം വാങ്ങാതെ തരമില്ല. ലോകത്തിനുമുന്നില്‍ നാണംകെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടെ വായ്പാ പരിധി ഉയര്‍ത്തിയാണ് ഒബാമ ഭരണകൂടം ഈ മാസമാദ്യം കടപ്രതിസന്ധിയില്‍ നിന്നു തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടത്. വായ്പാ പരിധി ഉയര്‍ത്താനുള്ള ബില്ലിനൊപ്പം പത്തു വര്‍ഷം കൊണ്ട് ചെലവ് ഒരു ലക്ഷം കോടി ഡോളര്‍ കണ്ടു വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. അതില്‍ 35,000 കോടി കണ്ടെത്തുക പ്രതിരോധച്ചെലവ് വെട്ടിക്കുറച്ചുകൊണ്ടാണ്. ഇതിനുപുറമെ ഒന്നര ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ വേറെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലും വലിയൊരു പങ്ക് പ്രതിരോധച്ചെലവു കുറച്ചുകൊണ്ടാവും കണ്ടെത്തുക.

പ്രതിരോധച്ചെലവു വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതോടെ അമേരിക്കയ്ക്ക് നഷ്ടമാവുക ലോകപോലീസെന്ന സ്ഥാനമാണ്. അതോടെ അമേരിക്ക അമേരിക്കയല്ലാതാവും. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത് അമേരിക്ക സമാധാനത്തിന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ടൊന്നുമല്ല. യുദ്ധം ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. ബഹിരാകാശ ഗവേഷണപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും സ്‌പെയ്‌സ് ഷട്ടിലുകള്‍ നിലത്തിറക്കാനുമുള്ള തീരുമാനത്തിനുപിന്നിലും സാമ്പത്തിക പ്രതിസന്ധി തന്നെ.

ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു. ലിബിയയില്‍ വിമതരെ സഹായിക്കാന്‍ കരസേനയെ ഇറക്കാതെ വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ശ്രദ്ധിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിറിയയില്‍ അതുപോലും വേണ്ട, ഉപരോധവും നയതന്ത്രനീക്കവും മതിയെന്നുവെച്ചു.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈന്യത്തെയിറക്കുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നില്ല, അവിടത്തെ എണ്ണസമ്പത്ത് കൈയടക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പാവസര്‍ക്കാറുകളെ വാഴിക്കാന്‍ കഴിഞ്ഞെങ്കിലും എണ്ണ കൊള്ളയടിച്ചുകൊണ്ടുവരികയെന്ന പദ്ധതി നിറവേറിയില്ല. ഇറാനെതിരായ നീക്കങ്ങള്‍ എങ്ങുമെത്തിയുമില്ല. എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ 2025ഓടെ റഷ്യയും ഇറാനും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. അതോടെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അമേരിക്ക ഒന്നുകൂടി വെട്ടിലാവും.

തകരാന്‍ തുടങ്ങുന്ന സാമ്രാജ്യങ്ങള്‍ എണ്ണ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത് ചരിത്രത്തിലെ പതിവാണ്. 1956ല്‍ ബ്രിട്ടന്‍ നടത്തിയ സൂയസ് കനാല്‍ ആക്രമണം അതിനുദാഹരണം. അന്നതില്‍ നാണം കെട്ട ബ്രിട്ടന് പിന്നീടൊരിക്കലും പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇറാഖ്, അഫ്ഗാനിസ്താന്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ നാണക്കേടായി മാറുന്നതിനെ ഈയൊരു ചരിത്രത്തിന്റെ ആവര്‍ത്തനമായി വേണം കാണാന്‍. ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷാ ഭാരവുമായി അധികാരത്തിലേറിയ ബരാക് ഒബാമയല്ല, മുന്‍ഗാമി ജോര്‍ജ് ബുഷ് ആണ് ഈ പ്രതിസന്ധിക്കുത്തരവാദി. ബുഷിനെ അതിനു പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉസാമാ ബിന്‍ ലാദന് അവകാശപ്പെട്ടതാണ്. ലോകവ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വിമാനമിടിച്ചു കയറ്റിയപ്പോള്‍ തകരാന്‍ തുടങ്ങിയത് അമേരിക്കയുടെ സാമ്പത്തികാടിത്തറ തന്നെയായിരുന്നു. അമേരിക്കയെ നിലംപരിശാക്കുകയെന്ന ഉസാമയുടെ പദ്ധതി പതുക്കെപ്പതുക്കെ യാഥാര്‍ഥ്യമാവുകയാണ്. ഈ തകര്‍ച്ചയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഏതെങ്കിലും അതിമാനുഷനെത്തുമെന്നു കരുതുന്നത് വെറുതെയാണ്. കാരണം സ്വയംകൃതാനര്‍ഥമാണ് ഈ നാശം.

പേജിലേക്ക്

Wednesday, August 24, 2011

മഹാസ്‌ഫോടനം നടന്നിട്ടേയില്ല




പ്രഫ. ജയന്ത് നാര്‍ലികര്‍/ഡോ.എ. രാജഗോപാല്‍ കമ്മത്ത്‌
ലോകത്തിലെ ഒന്നാംനിര കോസ്‌മോളജിസ്റ്റുകളില്‍ ഒരാളും പുണെയിലെ ഇന്റര്‍യൂനിവേഴ്‌സിറ്റി ഓഫ് അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ സ്ഥാപക ഡയറക്ടറുമായ പ്രഫ. ജയന്ത് നാര്‍ലികര്‍ ക്വാസി സ്‌റ്റെഡിസ്‌റ്റേറ്റ് പ്രപഞ്ചമാതൃകയുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച നാര്‍ലികര്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തതിനുശേഷം കേംബ്രിജിലെത്തി. അവിടെ ഫ്രെഡ് ഹൊയ്‌ലിന്റെ ശിഷ്യനായി പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷണം നടത്തി. ആ ശാസ്ത്രശാഖയിലെ സംഭാവനകള്‍ക്ക് 26ാം വയസ്സില്‍ പത്മഭൂഷണും പിന്നീട് പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.  പ്രപഞ്ചവിജ്ഞാനീയത്തിലെ മുന്നേറ്റങ്ങള്‍ വിവരിക്കുന്ന 'ദ സ്ട്രക്ചര്‍ ഒാഫ് ദ യൂനിവേഴ്‌സ്', 'സെവെന്‍ വണ്ടേഴ്‌സ് ഓഫ് ദ കോസ്‌മോസ്', 'ദ ലൈറ്റര്‍സൈഡ് ഓഫ് ഗ്രാവിറ്റി', 'ദ സൈന്റിഫിക് എഡ്ജ്' , 'ഫ്രം ബ്ലാക് ക്ലൗഡ്‌സ് ടു ബ്ലാക് ഹോള്‍സ്', 'ഫ്രെഡ് ഹോയ്ല്‍സ് യൂനിവേഴ്‌സ്' എന്നിവ പ്രധാനപ്പെട്ട ജനപ്രിയ ശാസ്ത്രപുസ്തകങ്ങളാണ്. പ്രപഞ്ചവിജ്ഞാനീയത്തില്‍ അനേകം സാങ്കേതികകൃതികളും രചിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ കലിംഗ അവാര്‍ഡുള്‍പ്പെടെ അനേകം അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എമെരിറ്റസ് പ്രഫസറായി ഗവേഷണം തുടരുന്ന നാര്‍ലിക്കറുമായി പ്രപഞ്ചവിജ്ഞാനീയത്തിലെ പുതിയ മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി നടത്തിയ അഭിമുഖം:
 ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ആശയപ്രകാരം ഗുരുത്വാകര്‍ഷണമാണ് പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പറയുന്നല്ലോ?
- ആ പരികല്‍പനയോട് ഞാന്‍ യോജിക്കുന്നില്ല. എന്റെ പഠനങ്ങളില്‍ ഇതേക്കുറിച്ചുള്ള വിശദീകരണമുണ്ട്. അതു വിവരിക്കാന്‍ ദീര്‍ഘമായ ഒരു പ്രഭാഷണംതന്നെ വേണ്ടിവരും.
പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാസ്‌ഫോടനസിദ്ധാന്തത്തിന്റെ അന്ത്യമടുത്തുവോ?
n പ്രപഞ്ചം ഒരു മഹാസ്‌ഫോടനത്തില്‍ തുടങ്ങി എന്നുള്ള ആശയം പ്രചരിപ്പിക്കുന്നവര്‍ അതിനെ പരമാവധി സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവരുന്നു. അതിനെതിരായി അനേകം തെളിവുകള്‍ ഉയര്‍ന്നുവന്നിട്ടും പുതിയ വിശദീകരണങ്ങള്‍ നല്‍കി അതിനെ സംരക്ഷിച്ചുനിര്‍ത്തുന്നതായി കാണുന്നു. പുതിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കാന്‍ കഴിയാതാകുമ്പോള്‍ ചില കല്‍പിതഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ നിലനിര്‍ത്തുന്നു. ഈ രീതിയില്‍ പോയാല്‍ നാമെവിടെയുമെത്തില്ല. ജ്യോതിശാസ്ത്രനിരീക്ഷണങ്ങള്‍ പുരോഗമിച്ചപ്പോള്‍ ആകാശഗോളങ്ങളുടെ ചലനത്തെ വിവരിക്കാനായി പണ്ട് ഗ്രീക്കുകാര്‍ മുന്നോട്ടുവെച്ച എപ്പിസൈക്കിളുകളെപ്പോലെ ഈ കല്‍പിത ഘടകങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനെ കാണാവുന്നതാണ്.
ഒരുതരത്തിലുള്ള വികിരണവും പുറപ്പെടുവിക്കാത്ത ദ്രവ്യം പ്രപഞ്ചത്തിലുണ്ടെന്ന്  കണ്ടെത്തിയപ്പോള്‍ നക്ഷത്രങ്ങളും  ഗ്രഹങ്ങളും നിര്‍മിക്കപ്പെട്ടിട്ടുള്ള സാധാരണ ദ്രവ്യമല്ല അതെന്നു വരുത്തിത്തീര്‍ത്തു. കാലം ചെല്ലുന്തോറും പ്രപഞ്ചവികാസത്തിന്റെ വേഗം കുറയുന്നു എന്നായിരുന്നു കുറച്ചുകാലം മുമ്പുവരെ കരുതിയിരുന്നത്. എന്നാല്‍, സൂപ്പര്‍നോവ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത് അതു ത്വരിതഗതിയില്‍ വികസിക്കുന്നു എന്നാണ്. തനിക്കു പറ്റിയ ഏറ്റവും വലിയ പിഴവെന്ന് ഐന്‍സ്‌റ്റൈന്‍ വിശേഷിപ്പിച്ച പ്രാപഞ്ചിക സ്ഥിരാങ്കത്തെ വീണ്ടും മാതൃകയില്‍ കൊണ്ടുവന്നു. വികര്‍ഷണം സൃഷ്ടിക്കുന്ന ഊര്‍ജമാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതിനെ ഇരുണ്ട ഊര്‍ജമെന്നൊക്കെ വിളിക്കുന്നു. എന്നാല്‍, ഇതിനു മറ്റു വിശദീകരണങ്ങള്‍ സാധ്യമാണെന്ന് ഞങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു.
താങ്കളുടെ ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന് വിദൂരമായ ഭൂതകാലത്തില്‍ ഒരു തുടക്കമില്ലായിരുന്നു. മനുഷ്യര്‍ ദൈനംദിനമായി അനുഭവിച്ചുവരുന്നത് തുടക്കവും ഒടുക്കവുമുള്ള കാര്യങ്ങളാണ്. ആകാശഗോളങ്ങളുടെ ഉദയാസ്തമയങ്ങളും ജീവിതംതന്നെയും ഇപ്രകാരമാണ്. ഈ കാരണങ്ങളാണ് പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവുമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ചതും ഈ ചിന്തയെ മുന്‍നിര്‍ത്തിയായിരിക്കണം?
- മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹികപരമായ മുന്‍ധാരണകള്‍ (ഉല്‍പത്തി) പേലടങ്ങളിലും സ്വാധീനംചെലുത്തുന്നതായി കാണാം. ഇത്തരം സ്വാധീനങ്ങള്‍ ശാസ്ത്രത്തിലുണ്ടാകാന്‍ പാടുള്ളതല്ല. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ വിശ്വാസ്യതക്കു ഭംഗം വരുത്തുന്നവയാണ് ഇത്തരം സ്വാധീനങ്ങള്‍. പ്രപഞ്ചവിജ്ഞാനീയത്തില്‍ ഇതു ധാരാളമായി കടന്നുവരുന്നതായി കാണുന്നു.
 താങ്കളുടെ സിദ്ധാന്തപ്രകാരം പ്രാദേശികമായി തുടക്കവും ഒടുക്കവും കാണപ്പെടുന്നു. ഇതിനുള്ള തെളിവുകളുണ്ടോ?
- നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത് പ്രപഞ്ചമെങ്ങും തുടര്‍ച്ചയായി പുതിയ ദ്രവ്യം സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
1920കളില്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഗാലക്‌സികള്‍ അകലുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുകയാണെന്നും അനുമാനിച്ചു. ഈ വികാസത്തെ താങ്കള്‍ എങ്ങനെ ഈ ആശയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു?
- ഹബിള്‍ മുന്നോട്ടുവെച്ച ചുമപ്പുനീക്കത്തെക്കുറിച്ചുള്ള വ്യാഖ്യാനംതന്നെയാണ് ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃകയും നല്‍കുന്നത്. അതുപ്രകാരം പ്രപഞ്ചം വികസിക്കുന്നു. എന്നാല്‍, ചാക്രികമായി വികസത്തിനുശേഷം ഒരു ചുരുക്കവുമുണ്ട്. ഓരോ 5000 കോടി വര്‍ഷം കൂടുമ്പോഴും ഈ ചാക്രികപ്രക്രിയ ആവര്‍ത്തിക്കുന്നു എന്നതാണ് ആശയം.
 മഹാസ്‌ഫോടനത്തിന്റെ ഏറ്റവും ശക്തമായ തെളിവായി കാണുന്നത് പ്രപഞ്ചമെങ്ങും അലയടിക്കുന്ന പ്രാപഞ്ചിക പശ്ചാത്തല സൂക്ഷ്മതരംഗവികിരണമാണ്. കൂടാതെ, പ്രപഞ്ചത്തില്‍ ഇന്ന് കാണപ്പെടുന്ന മൂലകങ്ങളുടെ അളവും ആ സിദ്ധാന്തം മുന്നോട്ടു വെക്കുന്ന പരികല്‍പനകളുമായി ഒത്തുവരുന്നു. ഇതിനുള്ള വിശദീകരണമെന്താണ്?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് മാതൃക ഇതിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രാപഞ്ചിക ഘട്ടത്തിലെ നക്ഷത്രങ്ങളുടെ പ്രകാശത്തിന്റെ അവശിഷ്ടം തെര്‍മലൈസേഷന്‍ എന്ന ഒരു പ്രക്രിയവഴി ഇന്നു കാണപ്പെടുന്ന പ്രാപഞ്ചിക പശ്ചാത്തലവികിരണത്തിന് കാരണമാകും. കഴിഞ്ഞകാല പ്രാപഞ്ചികഘട്ടങ്ങളില്‍ നിലനിന്നിരുന്ന നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ അവശിഷ്ടത്തെ പ്രപഞ്ചത്തിലെ ദ്രവ്യം ആഗിരണംചെയ്ത് പുനര്‍വികിരണം നടത്തുന്നതാണിത്. ഇതിന്റെ താപനില ഇപ്പോള്‍ നിരീക്ഷിക്കുന്ന 2.7 കെല്‍വിന്‍ എന്നതിനൊപ്പമായിരിക്കുമെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ദ്രവ്യത്തിന്റെ സൃഷ്ടി സ്ഥിരമായി ഉണ്ടാകുന്നു. പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകുന്ന ചെറു സൃഷ്ടി സംഭവങ്ങള്‍, ലഘു മൂലകങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ചെറിയ നക്ഷത്രങ്ങളില്‍ ലഘുമൂലകങ്ങള്‍ മാത്രവും വലിയവയില്‍ ലഘുമൂലകങ്ങളും ഭാരമേറിയ അണുകേന്ദ്രങ്ങളും ഉണ്ടാകും. അനേകം പ്രബന്ധങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാനും ഹോയ്‌ലും ബര്‍ബിഡ്ജും ചേര്‍ന്നെഴുതിയ A Different Approach to Cosmology എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
 പ്രപഞ്ചമെങ്ങും കാണപ്പെടുമെന്ന് അനുമാനിക്കുന്ന ദുരൂഹമായ ഇരുണ്ട ദ്രവ്യം വലിയ വെല്ലുവിളിയാണ്  ഉയര്‍ത്തുന്നത്. സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു?
- ക്വാസി സ്‌റ്റെഡി സ്‌റ്റേറ്റ് പ്രപഞ്ചമാതൃകയില്‍ ഇരുണ്ട  ദ്രവ്യം, സാധാരണ ദ്രവ്യംതന്നെയാണ്. അതിന്റെ ശരിയായ വ്യാഖ്യാനമല്ല മഹാസ്‌ഫോടനക്കാര്‍ നല്‍കുന്നത്. ഇരുണ്ട  ദ്രവ്യത്തില്‍ അധികവും ബാരിയോണിയകമല്ലാത്തത് (അസാധാരണം) എന്നനുമാനിച്ച് തടിതപ്പുന്നു. ഇവര്‍ പറയുന്നതരം ദ്രവ്യം പരീക്ഷണശാലയിലോ പ്രപഞ്ചത്തിലെങ്ങുമോ ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മഹാസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം ഒരു പെരുപ്പകാലഘട്ടത്തിലൂടെ കടന്നുപോയി, അതിന്റെ വലുപ്പം അനേകകോടി മടങ്ങ് വര്‍ധിച്ചു എന്ന ഇന്‍ഫേ്‌ളഷനറി സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
- കഴിഞ്ഞ കാലത്തു നടന്നു എന്നു പറയുന്ന ഇത്തരം സംഭവങ്ങള്‍ ഇനി നിരീക്ഷിക്കാനോ പരീക്ഷണശാലയില്‍ പുനര്‍നിര്‍മിച്ചു ഫലങ്ങള്‍ രേഖപ്പെടുത്തി അനുമാനത്തിലെത്താനോ സാധ്യമല്ല. ഇന്‍ഫേ്‌ളഷന്‍പോലെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ മഹാസ്‌ഫോടന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നതിനായി നടത്തിവരുന്നു.
 പ്രപഞ്ചത്തിലെ എല്ലാത്തിനെയും ഒരുമിച്ചുവിവരിക്കുന്ന സര്‍വതിന്റെയും സിദ്ധാന്തം സാധ്യമാണോ?
- ഇത്തരമൊരു സിദ്ധാന്തത്തിനായി ശ്രമിക്കുന്നവര്‍ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. മനുഷ്യന്റെ പരിമിതികളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. അന്തിമസിദ്ധാന്തത്തെക്കുറിച്ച് ഇപ്പോഴെന്തു പറയുന്നു എന്ന് അവരോടു ചോദിച്ചാല്‍ നിജസ്ഥിതി അറിയാനാകും.
 എം സിദ്ധാന്തം എന്ന സിദ്ധാന്തങ്ങളുടെ കൂട്ടം സര്‍വതിന്റെയും സിദ്ധാന്തമാണെന്നും സ്ട്രിങ് സിദ്ധാന്തത്തിലൂടെ അടിസ്ഥാന കണങ്ങളുടെ സ്വഭാവത്തെ വിവരിക്കാമെന്നും പറയുന്നു?
- ഈ  ആശയങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം നേരത്തേ നല്‍കിയ മറുപടികളിലുണ്ട്.
പ്രപഞ്ചോല്‍പത്തിക്കു പിന്നില്‍ ഗുരുത്വാകര്‍ഷണമാണെന്നു പറയുന്നു. പ്രഫ. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകമായ 'ദ ഗ്രാന്‍ഡ് ഡിസൈനി'ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് താങ്കള്‍ എന്തു ചിന്തിക്കുന്നു?
- പ്രഫ. ഹോക്കിങ്ങിനോടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നതായിരിക്കും ഉചിതമെന്നെനിക്കു തോന്നുന്നു.
 താങ്കളുടെ ഗുരുവായ സര്‍ ഫ്രെഡ് ഹോയ്‌ലാണ് മഹാസ്‌ഫോടന സിദ്ധാന്തത്തെ ബിഗ്ബാങ്ങെന്നു കളിയാക്കി വിളിച്ചത്. എന്നാല്‍ ആ പേരുതന്നെ പില്‍ക്കാലത്തു ശ്രദ്ധേയമായി. ബിഗ്ബാങ്് പരികല്‍പനയെ തള്ളിക്കളയുന്ന പ്രധാന തെളിവെന്തായിരിക്കും?
- മഹാസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചമുണ്ടായത് 1370 കോടി വര്‍ഷം മുമ്പാണ്. എന്നാല്‍, ഈ കാലത്തിലുമധികം പ്രായമുള്ള നക്ഷത്രങ്ങളെയും മറ്റു വസ്തുക്കളെയും കണ്ടെത്താനിടയുണ്ട്. ഇത്തരം വസ്തുക്കള്‍, ആ സിദ്ധാന്തം യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ലെന്നു തെളിയിക്കും.
ഈയിടെ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കോളൈഡറില്‍ നടത്തിയ പരീക്ഷണത്തെ മഹാസ്‌ഫോടനപരീക്ഷണം എന്നൊക്കെ വിശേഷിപ്പിച്ചുകണ്ടു. ഇതില്‍ 'ദൈവ'കണത്തെ കണ്ടെത്തും എന്നും പറഞ്ഞുകേട്ടു?
- നിര്‍ഭാഗ്യവശാല്‍ എല്‍.എച്ച്.സിയുടെ ശരിയായ ലക്ഷ്യത്തെ വ്യക്തമാക്കാത്തവയാണ്് ഇത്തരം വിശേഷണങ്ങള്‍. അവിടെ നടക്കുന്നത് മഹാസ്‌ഫോടന പരീക്ഷണമല്ല. ഞാനതിനെ Large Hype Creator എന്നു വിളിക്കുന്നു.
 പ്രഫ.റോജര്‍ പെന്‍േറാസ്, പ്രപഞ്ചത്തിന്റെ പുതിയൊരു ചാക്രിക മാതൃക അവതരിപ്പിച്ചു. അതിലും മഹാസ്‌ഫോടനമുണ്ട്?
- ആ സിദ്ധാന്തം ഊഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് രൂപവത്കരിച്ചിരിക്കുന്നത്. പെന്‍േറാസ് മുന്നോട്ടുവെക്കുന്ന തെളിവുകള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല.  അതിനാല്‍ ആ സിദ്ധാന്തത്തെ അംഗീകരിക്കാനുമാവില്ല.

മാധ്യമം

Friday, August 19, 2011

എം കെ പന്ഥെക്ക് ആദരാഞ്ജലികള്‍





ന്യൂഡല്‍ഹി: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു മുന്‍ പ്രസിഡന്റുമായ ഡോ. എം കെ പന്ഥെ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.20ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി പന്ത്രണ്ടുമണിയോടെ ശക്തമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ഞായറാഴ്ച ഡല്‍ഹിയില്‍ . മരണസമയത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡണ്ട് എ കെ പത്മനാഭന്‍ , സിഐടിയു നേതാക്കളായ ദീപാങ്കര്‍ മുഖര്‍ജി, എസ് ദേബ്റോയ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ സമീപമുണ്ടായിരുന്നു. പന്ഥെ നിലവില്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ടാണ്. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ ബാധിതനായ പന്ഥെ വെള്ളിയാഴ്ച രാവിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനില്‍ ചേര്‍ന്ന പിബി അംഗങ്ങളുടെ യോഗത്തിലും സിഐടിയു ആസ്ഥാനമായ ബി ടി ആര്‍ ഭവനിലെ സിഐടിയു നേതൃയോഗത്തിലും പങ്കെടുത്തിരുന്നു. ശനിയാഴ്ച നടക്കാനിരുന്ന ആസൂത്രണകമീഷന്റെ തൊഴില്‍ സബ്കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കിയശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പലവിധ രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും അതൊന്നും കൂസാതെ അവസാന നിമിഷം വരെ കര്‍മനിരതനായിരുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ മധുകര്‍ കാശിനാഥ് പന്ഥെ മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ഖാന്ദേശ് തുണിമില്‍ സമരത്തിലൂടെയാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെത്തിയത്. ബിരുദാനന്തരപഠനത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്ത് കേന്ദ്രീകരിച്ച പന്ഥെ ദീര്‍ഘകാലം എഐടിയുസി ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ എഐടിയുസി നേതൃത്വം സിപിഐക്കൊപ്പം നിന്നപ്പോള്‍ പന്ഥെ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു. പിന്നീട് സിഐടിയു രൂപീകരണത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി. കൊല്‍ക്കത്തയില്‍ കേന്ദ്രകമ്മിറ്റി ഓഫീസില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചു. പിന്നീട് സിഐടിയു ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഡല്‍ഹിയായി പ്രവര്‍ത്തനകേന്ദ്രം. 1990ല്‍ നടന്ന സിഐടിയു അഖിലേന്ത്യാസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയായി. 1999ല്‍ സിഐടിയു പ്രസിഡണ്ടായി. 1998ല്‍ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമീള പന്ഥെയാണ് ഭാര്യ. മിലിന്ദും പരേതയായ ഉജ്ജ്വലുമാണ് മക്കള്‍ . സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജേന്ദര്‍ ശര്‍മയാണ് മരുമകന്‍ . മഹാരാഷ്ട്രയിലെ പുണെയില്‍ 1925 ജൂലൈ 11നു ജനിച്ച പന്ഥെ 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. പുണെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ഏന്റ് ഇക്കണോമിക്സില്‍ നിന്ന് ലേബര്‍ ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് എടുത്തത്. സോലാപ്പുര്‍ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1948-51 കാലത്ത് 27 മാസം ഒളിവില്‍ കഴിഞ്ഞ അദ്ദേഹം ഗോവ വിമോചനസമിതി നേതാവായും പ്രവര്‍ത്തിച്ചു

കുന്നിമണിച്ചെപ്പു തുറന്ന്‌ - രവിമേനോന്‍



സ്വന്തം പേര് സിനിമാപോസ്റ്ററില്‍ അച്ചടിച്ചുകണ്ട് ഞെട്ടിപ്പോയിട്ടുണ്ട് ജോണ്‍സണ്‍ - എണ്‍പതുകളില്‍. സിനിമയിലെ റീ റെക്കോഡിങ് തിരക്കുകളുമായി ചെന്നൈയിലാണ് അന്ന് ജോണ്‍സണ്‍. മൂന്നു നാലു പടങ്ങള്‍ക്കു ഗാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും രംഗത്ത് ഉറച്ചുനില്‍ക്കണോ എന്നു തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പാംഗ്രോവ് ഹോട്ടലില്‍നിന്ന് സ്റ്റുഡിയോയിലേക്കുള്ള പതിവുയാത്രയ്ക്കിടെ ഒരുനാള്‍ റോഡരികിലെ മതിലില്‍ പതിച്ച സില്‍ക്ക് സ്മിതയുടെ മാദകത്വമാര്‍ന്ന പോസ്റ്റര്‍ ജോണ്‍സന്റെ കണ്ണില്‍പ്പെടുന്നു. പടത്തിന്റെ പേര് 'സില്‍ക്ക് ബൈ നൈറ്റ്'. തെന്നിന്ത്യ മുഴുവന്‍ സില്‍ക്ക് ജ്വരം കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല. ഞെട്ടിപ്പോയത് പോസ്റ്ററിന്റെ താഴെ തമിഴില്‍ അച്ചടിച്ചിരുന്ന പേരു കണ്ടപ്പോഴാണ്. 'മ്യൂസിക്: ജാണ്‍സണ്‍'.

സ്വപ്നത്തില്‍പ്പോലും അത്തരമൊരു പടത്തിനു താന്‍ സംഗീതം നല്‍കിയിട്ടില്ലെന്ന് ഉറപ്പായിരുന്നു ജോണ്‍സണ്. ജോലിയിലെ എത്തിക്‌സ് പണയപ്പെടുത്തിയുള്ള കളി അന്നും ഇന്നുമില്ല. പിന്നെ, ഇതാരാണീ പുതിയ 'ജാണ്‍സണ്‍'?

മറ്റാരെങ്കിലുമാവുമെന്ന് സമാധാനിച്ച് നടന്നുനീങ്ങവെയാണ് പടത്തിന്റെ സംവിധായകന്റെ പേര് കണ്ണില്‍പ്പെടുന്നത്, ആന്റണി ഈസ്റ്റ്മാന്‍.

ഇത്തവണ ജോണ്‍സണ് സംഗതി പിടികിട്ടി. താന്‍ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഇണയെത്തേടി' എന്ന മലയാള ചിത്രമാണ് 'സില്‍ക്ക് ബൈ നൈറ്റ്' ആയി വേഷം മാറി തമിഴ് ജനതയെ പുളകംകൊള്ളിക്കാന്‍ എത്തിയിരിക്കുന്നത്. ലോക ക്ലാസിക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മഹത്തായ ചലച്ചിത്ര സങ്കല്പങ്ങളുമായി പടംപിടിക്കാനിറങ്ങിയ ഈസ്റ്റ്മാന്റെ കന്നിച്ചിത്രത്തിനു വന്നുപെട്ട 'ഗതികേടോര്‍ത്ത് തലയ്ക്കു കൈവെച്ചുപോയി ജോണ്‍സണ്‍. സിനിമയ്ക്ക് ഇങ്ങനെയും ഒരു മുഖമോ?

സിനിമാലോകത്തിന്റെ നെറികെട്ട വഴികളെക്കുറിച്ച് കൂടുതല്‍ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ജോണ്‍സണ്‍. അറിഞ്ഞുവരുന്തോറും സിനിമയോട് സുരക്ഷിതമായ ഒരകലം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു അദ്ദേഹം. എന്തു ഫലം? അപ്പോഴേക്കും താന്‍പോലുമറിയാതെ സിനിമയുടെ ഭാഗമായി ജോണ്‍സണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 'സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത് ജീവിച്ചുപോകാന്‍ വളരെയേറെ നീക്കുപോക്കുകള്‍ ആവശ്യമായിരുന്നു. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ശീലിച്ചിട്ടില്ലാത്ത എന്നെപ്പോലൊരാള്‍ക്ക് പറ്റിയ മേഖലയല്ല ഇതെന്നു മനസ്സിലാക്കിത്തുടങ്ങിയത് കുറച്ചു വൈകിയാണ്. തിരിച്ചു നാട്ടില്‍ച്ചെന്ന് മറ്റേതെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചാലോ എന്നുവരെ ചിന്തിച്ചുപോയ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ അത്രയും കടുത്തതായിരുന്നു...'

പക്ഷേ, ജോണ്‍സണ്‍ തിരിച്ചുപോയില്ല. മലയാളസിനിമയുടെ സുകൃതം. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഈ തൃശ്ശൂര്‍ക്കാരന്‍ സൃഷ്ടിച്ച ഈണങ്ങളെ ഒഴിച്ചുനിര്‍ത്തി നമ്മുടെ സിനിമാ ചരിത്രമെഴുതാന്‍ ആര്‍ക്കു കഴിയും? മുഖ്യധാരാ സിനിമ മാത്രമായിരുന്നില്ല ജോണ്‍സന്റെ തട്ടകമെന്നുമോര്‍ക്കണം. സമാന്തര സിനിമയിലും 'ആര്‍ട്ട്' സിനിമയിലുമെല്ലാം ജോണ്‍സന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. പശ്ചാത്തല സംഗീതത്തെക്കുറിച്ചുള്ള എത്രയെത്ര മിഥ്യാധാരണകളാണ് അദ്ദേഹം തിരുത്തിയെഴുതിയത്! രണ്ടു തവണ ദേശീയ അവാര്‍ഡ് ജോണ്‍സണു നേടിക്കൊടുത്തതും പശ്ചാത്തലസംഗീത സംവിധാനത്തിലെ ഈ മികവുതന്നെ. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തില്‍ തുടങ്ങുന്നു റീറെക്കോഡിങ്ങില്‍ ജോണ്‍സന്റെ അശ്വമേധം. അതുകഴിഞ്ഞ് തകരയും ചാമരവും. ദേവരാജന്‍, അര്‍ജുനന്‍, എ.ടി.ഉമ്മര്‍ എന്നിവരുടെ ഓര്‍ക്കസ്ട്ര അസിസ്റ്റന്റ് എന്ന റോളിലും തിരക്കായിരുന്നു അക്കാലത്ത് ജോണ്‍സണ്.

ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്, 1970-കളുടെ ഒടുവില്‍ ചിത്രീകരിച്ച് 81-ല്‍ പുറത്തിറങ്ങിയ 'ഇണയെത്തേടി'യിലാണ്. ജോണ്‍സന്റെ എന്നപോലെ സില്‍ക്ക് സ്മിതയുടെയും അരങ്ങേറ്റ
ചിത്രമായിരുന്നു ഇണയെത്തേടി എന്നൊരു പ്രത്യേകതയമുണ്ട്. വെട്ടിത്തിളങ്ങുന്ന ഗ്ലാമറിന്റെ പാതയിലൂടെയുള്ള സ്മിതയുടെ പ്രയാണം ചെന്നവസാനിച്ചത് അവരുടെ ദുരന്തമരണത്തിലാണ്. ജോണ്‍സനാകട്ടെ, അനിവാര്യമായ മരണത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന മലയാള ചലചിത്രസംഗീതത്തിനു മെലഡിയുടെ ഇന്ദ്രജാലസ്പര്‍ശത്താല്‍ പുതുജീവന്‍ പകര്‍ന്നു. സിനിമാഗാനങ്ങളില്‍ കാവ്യാംശത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു.

യാദൃച്ഛികമായാണ് 'ഇണയെത്തേടി'യില്‍ എത്തിപ്പെടുന്നത്. കര്‍പ്പകം സ്റ്റുഡിയോയില്‍ ഒരു പടത്തിന്റെ റീറെക്കോഡിങ് തിരക്കുകള്‍ക്കിടെ രണ്ടുപേര്‍ ജോണ്‍സണെ കാണാനെത്തുന്നു. അരവിന്ദേട്ടനാണ് ഒരാള്‍- സിനിമക്കാര്‍ക്കെല്ലാം വേണ്ടപ്പെട്ട പ്രൊഡക്ഷന്‍ മാനേജര്‍. ഒപ്പമുള്ളയാളെ അരവിന്ദേട്ടന്‍തന്നെ പരിചയപ്പെടുത്തി: ആന്റണി ഈസ്റ്റ്മാന്‍; അറിയപ്പെടുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ആന്റണി ഒരു ആര്‍ട്ട്പടം ചെയ്തുതീര്‍ത്തിട്ടുണ്ട്. അതില്‍ പശ്ചാത്തലസംഗീതം ജോണ്‍സന്റെ വകയായിരിക്കണം. ഒപ്പം ടൈറ്റില്‍സോങ് ചിട്ടപ്പെടുത്തിത്തരുകയും വേണം-അതാണാവശ്യം. ആദ്യമായാണ് ഒരു ചലച്ചിത്രഗാനത്തിന് ഈണമിടാന്‍ ക്ഷണം ലഭിക്കുന്നത്.

'പാട്ടെവിടെ?' എന്ന ചോദ്യത്തിനു മറുപടിയായി കീശയില്‍നിന്ന് ഒരു കടലാസെടുത്തു നീട്ടുകയാണ് അരവിന്ദേട്ടന്‍ ചെയ്തത്. 'ഞാന്‍ അതേപടി അതു വാങ്ങി എന്റെ പോക്കറ്റിലിടുകയും ചെയ്തു. വൈകിട്ട് റൂമില്‍ ചെന്നശേഷമാണ് വരികള്‍ വായിച്ചുനോക്കുന്നത്. വിപിന വാടിക കുയിലുതേടി, വിപഞ്ചികയോ മണിവിരലുതേടി, പുരുഷകാമനയെന്നും സ്ത്രീയില്‍ ഇവിടെ ജനിമൃതിപൂക്കും വഴിയില്‍ ഇണയെത്തേടി....' കൊള്ളാം, വരികള്‍ക്കു പൂര്‍ണതയുണ്ട്; അര്‍ഥവും. വീട്ടില്‍വെച്ചുതന്നെ ഗാനത്തിന്റെ പല്ലവി ചിട്ടപ്പെടുത്തി, ജോണ്‍സണ്‍.

സിനിമയ്ക്കുവേണ്ടി താനൊരുക്കിയ ആദ്യത്തെ ഈണം ആരു പാടണമെന്ന കാര്യത്തില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല ജോണ്‍സണ്- ജയചന്ദ്രന്‍തന്നെ. തൃശ്ശൂരില്‍ ഗാനമേളാ ട്രൂപ്പുമായി നടന്ന ജോണ്‍സണ്‍ സിനിമയില്‍ എത്തിപ്പെടാന്‍ നിമിത്തമാകുന്നത് ജയചന്ദ്രനാണ്. ജയചന്ദ്രന്‍വഴിയാണ് ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുന്നത്. ജീവിതത്തിന്റെ ദിശതന്നെ മാറ്റിമറിച്ച സംഭവം.
'ആദ്യത്തെ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണു സത്യം. അത് കേട്ടിട്ടുള്ളവര്‍തന്നെ ചുരുങ്ങും. പടത്തിന്റെ റെക്കോഡ് പുറത്തിറങ്ങാത്തതാണ് കാരണം'. ജോണ്‍സണ്‍ ചിരിക്കുന്നു.
ഇതേ പാട്ടിന്റെ വരികളുമായി ആദ്യം ദേവരാജന്‍ മാസ്റ്ററെ കാണാന്‍ ചെന്ന അനുഭവം ഗാനരചയിതാവ് ആര്‍.കെ.ദാമോദരനുണ്ട്. ആന്റണി ഈസ്റ്റ്മാനും കലൂര്‍ ഡെന്നിസുമുണ്ടായിരുന്നു ഒപ്പം. മാസ്റ്റര്‍ക്ക് അന്ന് ശ്വാസംവിടാന്‍പോലും സമയമില്ല. പെട്ടെന്നു കമ്പോസ്‌ചെയ്തുകിട്ടിയാല്‍ കൊള്ളാമെന്ന് വിനയപൂര്‍വം അറിയിച്ചപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: 'ഒക്കത്തില്ല, രണ്ടോ മൂന്നോ മാസം കഴിഞ്ഞു മതിയെങ്കില്‍ ചെയ്തുതരാം.'
മുഖത്തടിച്ചപോലെയാണ് മറുപടി. ഞങ്ങളുടെ ഭാവപ്പകര്‍ച്ച കണ്ട് മനമലിഞ്ഞാവണം മാസ്റ്റര്‍ ഒരു പോംവഴിയും പറഞ്ഞുതന്നു. 'എന്റെ ഒരു ശിഷ്യനുണ്ട് ജോണ്‍സണ്‍. തിടുക്കമാണെങ്കില്‍ അവനെ ചെന്നു കാണ്. വലിയ കുഴപ്പമില്ലാതെ ചെയ്യും.' അങ്ങനെയാണ് ജോണ്‍സണ്‍ 'ഇണയെത്തേടി'യില്‍ വരുന്നത്.

'ഇണയെത്തേടി' കഴിഞ്ഞ് 'പാര്‍വതി'. 'ആരവ'ത്തിന്റെയും 'തകര'യുടെയും നാളുകളില്‍ ഭരതനുമായി ഉണ്ടായ ഹൃദയബന്ധമാണ് 'പാര്‍വതി'യില്‍ ജോണ്‍സണെ കൊണ്ടുചെന്നെത്തിക്കുന്നത്. എം.ഡി.രാജേന്ദ്രനെഴുതിയ 'പാര്‍വതി'യിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം ഹിറ്റായിരുന്നില്ല. എങ്കിലും സംഗീതസംവിധാനരംഗത്ത് ഉറച്ചുനില്ക്കാന്‍ കഴിയുമെന്ന് ജോണ്‍സണ് ആത്മവിശ്വാസം നല്കിയ ചിത്രമായിരുന്നു അത്.
പ്രേമഗീതങ്ങളി'ല്‍ യേശുദാസ് ജോണ്‍സണുവേണ്ടി ആദ്യമായി പാടുന്നു. 'എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ ഹിറ്റ് എന്നുവേണമെങ്കില്‍ പ്രേമഗീതങ്ങളെ വിശേഷിപ്പിക്കാം. ജാനകിയും സുശീലയും വാണിജയറാമും ഉണ്ടായിരുന്നു ഗായകരായി. ഓരോരുത്തര്‍ക്കും അനുയോജ്യമായ ഈണങ്ങളാണു ഞാന്‍ നല്കിയത്' പാട്ടുകള്‍ നാലും ഹിറ്റായി-സ്വപ്‌നം വെറുമൊരു സ്വപ്നം (യേശുദാസ്,ജാനകി), നീ നിറയൂ ജീവനില്‍ (യേശുദാസ്), മുത്തും മുടിപ്പൊന്നും (യേശുദാസ്, വാണി ജയറാം), കളകളമൊഴി (ജെ.എം. രാജു, സുശീല).

സ്വപ്നം എന്ന ഗാനത്തിന്റെ ആശയം സംവിധായകന്‍ ബാലചന്ദ്രമേനോന്റെതായിരുന്നുവെന്ന് ജോണ്‍സണ്‍ ഓര്‍ക്കുന്നു. 'സ്വപ്നം'എന്ന ഒരൊറ്റവാക്കില്‍നിന്ന് പല്ലവി ഉണ്ടാക്കാമോ എന്നായിരുന്നു മേനോന്റെ ചോദ്യം. അതൊരു വെല്ലുവിളിയായിത്തന്നെ ഞാനും ഗാനരചയിതാവ് ദേവദാസും ഏറ്റെടുത്തു. സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം എന്ന പാട്ടുണ്ടാകുന്നത് അങ്ങനെയാണ്. ഇതേ ചിത്രത്തിലെ മുത്തുംമുടിപ്പൊന്നും എന്ന ഗാനത്തില്‍ വെസ്റ്റേണ്‍നോട്ട്‌സ് പരീക്ഷിച്ചതു മറ്റൊരു മറക്കാനാവാത്ത അനുഭവം. അന്നത് ഒരു അപൂര്‍വതയായിരുന്നു.

സിനിമാ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍തന്നെ ഭാസ്‌കരനെയും ഒ.എന്‍.വിയെയും പോലുള്ള പ്രതിഭാധനരായ കവികളുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ജോണ്‍സണ്‍ കരുതുന്നു. ഒ.എന്‍.വിയുമായി ആദ്യം ഒരുമിക്കുന്നത് 'കിലുകിലുക്ക'ത്തിലാണ്. നാമജപത്തിന്റെ പ്രത്യേക മൂഡില്‍ സൃഷ്ടിച്ച മന്ദ്രമധുരമൃദംഗഭൃംഗരവം ഈ ചിത്രത്തിലായിരുന്നു. 'ഭാസ്‌കരന്‍ മാസ്റ്ററുടേത് അത്യന്തം ലളിതമായ നാടന്‍ശീലുകളാണെങ്കില്‍ ഒ.എന്‍.വിയുടേത് ലളിതവും ഒപ്പം ഗഹനവുമാണെന്ന വ്യത്യാസമുണ്ട്. ഈണത്തിനനുസരിച്ച് കാവ്യഭംഗി ചോര്‍ന്നുപോകാതെ എഴുതാനുള്ള അസാമാന്യപാടവവും ഒ.എന്‍.വിക്കുണ്ട്.'
'കൂടെവിടെ' മറക്കാനാവില്ല. ഈണത്തിനൊത്ത് പാട്ടെഴുതേണ്ടിവരുമെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ഒ.എന്‍.വി.യുടെ മുഖമല്പം മങ്ങി. 'എന്നെക്കൊണ്ട് എന്തിനാണീ കടുംകൈ ചെയ്യിക്കുന്നത്? ചെരിപ്പിനൊത്ത് കാലു മുറിക്കുന്ന വിദ്യയില്‍ എനിക്ക് താത്പര്യമില്ലെന്ന് ജോണ്‍സണ് അറിഞ്ഞുകൂടേ?' കവി ചോദിച്ചു.

'പക്ഷേ, ഈണത്തിനൊത്ത് അതിമനോഹരമായി എഴുതാന്‍ ഒ.എന്‍.വിക്ക് കഴിയുമെന്ന് എനിക്കു പൂര്‍ണവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം അനുവദിച്ചുതന്നിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടുതന്നെ, ഞാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചുനോക്കി.' ട്യൂണ്‍ പാടിക്കേട്ടശേഷം ഒടുവില്‍ മനസ്സില്ലാമനസ്സോടെ ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെ തന്റെ മുറിയില്‍ കയറി വാതിലടയ്ക്കുന്നു ഒ.എന്‍.വി. പതിനഞ്ചു മിനിട്ടിനകം കവി പുറത്തുവന്നത് ഗാനത്തിന്റെ വരികളുമായാണ്. 'ആദ്യവരി വായിച്ചപ്പോള്‍ത്തന്നെ എനിക്ക് ബോധ്യമായിരുന്നു പാട്ട് ഹിറ്റാകുമെന്ന്. ആടിവാ കാറ്റേ പാടി വാ കാറ്റേ ആയിരംപൂക്കള്‍ നുള്ളിവാ... കഥാസന്ദര്‍ഭത്തിന്റെ ആശയം മുഴുവന്‍ കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് ഒ.എന്‍.വി.' പിന്നീട് അതേ ചിത്രത്തിനുവേണ്ടി മറ്റൊരു മറക്കാനാവാത്ത ഗാനംകൂടി ജോണ്‍സന്റെ ട്യൂണിനൊത്ത് അദ്ദേഹം എഴുതി: പൊന്നുരുകും പൂക്കാലം.

'പൊന്‍മുട്ടയിടുന്ന താറാവി'ലെ കുന്നിമണിച്ചെപ്പു തുറന്ന് ആദ്യമെഴുതി ഈണമിട്ട ഗാനമാണ്. ഒട്ടും പ്രകടനാത്മകമല്ലാത്ത, നിശ്ശബ്ദമായ പ്രണയത്തിന്റെ ഭാവം ഉള്‍ക്കൊള്ളുന്ന ഒരു ഗാനം സിനിമയിലെ സിറ്റ്വേഷന് അനുയോജ്യമാകുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനു തോന്നി. നാടന്‍ശീലുപോലെ ലാളിത്യമാര്‍ന്ന ഒരു ഗാനം ഒ.എന്‍.വി. എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ വരികള്‍ വായിച്ചുനോക്കിയപ്പോള്‍ സത്യന് ഒരു സംശയം: 'ഇത് അങ്ങേയറ്റം ലളിതമായോ? ഇന്നത്തെ കാലത്ത് സ്വീകരിക്കപ്പെടുമോ?'

എന്തുകൊണ്ടില്ല എന്നായിരുന്നു ജോണ്‍സന്റെ മറുചോദ്യം.'ആദ്യം ഇതൊന്നു ട്യൂണ്‍ ചെയ്തുനോക്കട്ടെ.' വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെ സത്യന്റെ മുറിയിലിരുന്നാണ് കമ്പോസിങ്. 'സത്യന്‍ കുളിക്കാന്‍ കയറിയ സമയം. വരികള്‍ വായിച്ചുനോക്കിയശേഷം ഞാന്‍ ഹാര്‍മോണിയത്തില്‍ ഒരു നോട്ട് വായിക്കുന്നു. ആദ്യവരി വെറുതെ മൂളുകളും ചെയ്തു, ഒപ്പം'-ജോണ്‍സണ്‍ ഓര്‍ക്കുന്നു.

ടവ്വല്‍ മാത്രമുടുത്ത് കുളിമുറിവാതില്‍ തുറന്ന് ഓടിവരുന്ന സത്യനെയാണ് പിന്നെ കണ്ടത്. 'ഒന്നുകൂടി ആ വരി പാടിക്കേള്‍ക്കട്ടെ.' സത്യന്‍ പറഞ്ഞു. ഞാന്‍ അതേ നോട്ട് ആവര്‍ത്തിച്ചപ്പോള്‍ സത്യന്റെ മുഖത്ത് ആഹ്ലാദത്തിരയിളക്കം. 'തുടക്കം ഇതുതന്നെ മതി. മറ്റുവരികള്‍കൂടി ഉടന്‍ റെഡിയാക്കണം.' കുന്നിമണിച്ചെപ്പു തുറന്ന് മെലഡിയുടെ അനുസ്യൂതമായ പ്രവാഹമായിരുന്നു പിന്നെ.

ട്യൂണിട്ടും അല്ലാതെയും ജോണ്‍സണുവേണ്ടി ഒ.എന്‍.വി. എഴുതിയ എത്രയോ ഗാനങ്ങളില്‍ ലാളിത്യത്തിന്റെ ഈ മാജിക് നാം അനുഭവിച്ചിട്ടുണ്ട്. മെല്ലെമെല്ലെ മുഖപടം, പൂവേണം പൂപ്പടവേണം (മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), ആകാശമാകേ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍), പൊന്നമ്പിളി (ഗോളാന്തരവാര്‍ത്ത) തുടങ്ങി ഗുല്‍മോഹറിലെ ഒരു നാള്‍ എന്ന ഗാനത്തില്‍ എത്തിനില്ക്കുന്നു അത്.

ഈണത്തിനൊത്ത് എഴുതാന്‍ മടിയുള്ള കൂട്ടത്തിലാണ് കാവാലം നാരായണപ്പണിക്കരും. കാവാലത്തിന്റെ മനസ്സിലെ താളം ചലച്ചിത്രഗാനത്തില്‍ ആവിഷ്‌കരിക്കുക എളുപ്പമല്ല. 'കാറ്റത്തെ കിളിക്കൂടി'ല്‍ ട്യൂണിനനുസരിച്ച് പാട്ടെഴുതേണ്ടിവരുമെന്നറിഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചതെന്നു ജോണ്‍സണ്‍ പറയുന്നു. 'പക്ഷേ, സംവിധായകന്‍ ഭരതന്‍ സ്‌നേഹപൂര്‍വം കവിയെ ഭീഷണിപ്പെടുത്തി. എഴുതിയില്ലെങ്കില്‍ തന്റെ കഥ കഴിച്ചുകളയും എന്നൊക്കെ തമാശയായി ഭരതന്‍ പറഞ്ഞപ്പോള്‍ കുറിച്ചുതന്നതാണ് ഗോപികേ നിന്‍വിരല്‍ തുമ്പുരുമ്മി എന്ന ഗാനം. പാര്‍ഥസാരഥിയുടെ വീണാനാദം മാത്രമേ ആ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. കാവാലത്തിന്റെ വ്യത്യസ്തമായ ഒരു രചനയാണത്. എനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളിലൊന്നും.' ജോണ്‍സന്റെ വാക്കുകളില്‍ ഗൃഹാതുരത്വം വന്നുനിറയുന്നു.

കൈതപ്രവുമായി ആദ്യം കൂട്ടുകൂടുന്നത് 'വരവേല്പി'ലാണ് - 1989-ല്‍. പലതുകൊണ്ടും ചരിത്രപ്രാധാന്യമുള്ള ഒരു ഒത്തുചേരല്‍. വയലാര്‍- ദേവരാജന്‍, ഭാസ്‌കരന്‍-ബാബുരാജ്, ശ്രീകുമാരന്‍ തമ്പി- ദക്ഷിണാമൂര്‍ത്തി, ഒ,എന്‍.വി-എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടുകളെപ്പോലെ സാധാരണക്കാരനായ മലയാളിയുടെ സംഗീതമനസ്സില്‍ ഇടംനേടിയ സഖ്യമായിരുന്നു കൈതപ്രം-ജോണ്‍സണും. 'ഒരു വര്‍ഷം ഇരുപതിലേറെ പടങ്ങള്‍വരെ ചെയ്തിട്ടുണ്ട് ഞങ്ങള്‍. അതൊരു റെക്കോര്‍ഡ് ആയിരിക്കണം. അതിനേക്കാളൊക്കെ പ്രധാനം ഞങ്ങള്‍ ചെയ്ത ഗാനങ്ങളില്‍ ഭൂരിഭാഗവും ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു എന്നതാണ്.'

'എന്നെന്നും കണ്ണേട്ടനി'ലെ ഗാനങ്ങള്‍(പൂവട്ടക തട്ടിച്ചിന്നി, ദേവദുന്ദുഭിസാന്ദ്രലയം) കേട്ട് ഇഷ്ടപ്പെട്ടാണ് കൈതപ്രത്തെ'വരവേല്പില്‍' പാട്ടെഴുതാന്‍ സത്യന്‍ അന്തിക്കാട് ക്ഷണിക്കുന്നത്. പുതിയൊരാളാണ് എഴുതുന്നതെന്നു സത്യന്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു: 'അതിനെന്ത്? തനിക്ക് വിശ്വാസമുള്ളയാളെ എനിക്കും പൂര്‍ണവിശ്വാസമാണ്.'

ട്യൂണ്‍ കേട്ട് നിമിഷങ്ങള്‍ക്കകം കൈതപ്രം ആദ്യത്തെ പാട്ടെഴുതി-'ദൂരെ ദൂരെ സാഗരം' വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ മുന്‍പിലിരിക്കുന്ന ഗാനരചയിതാവിന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കാതിരിക്കാനായില്ല ജോണ്‍സണ്. 'ആശയസമ്പുഷ്ടമായിരുന്നു വരികള്‍. ചരണമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്-'മഴനീര്‍ത്തുള്ളിയെ മുത്തായി മാറ്റും നന്‍മണിച്ചിപ്പിയെപ്പോലെ, നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ...' ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം ഓര്‍മവരും.

ദൂരെ ദൂരെ സാഗരം സിനിമയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തെല്ലൊരു ആശങ്കയുണ്ടായിരുന്നു സത്യന്. പടത്തിന്റെ അവസാനഘട്ടത്തില്‍ വരുന്ന പാട്ടാണ്, വലിഞ്ഞുപോകുമോ എന്നായിരുന്നു സത്യന്റെ ഭയം. ആരോ പറഞ്ഞു പേടിപ്പിച്ചതാവണം. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'സംശയം വേണ്ട. ഇഴച്ചിലൊന്നും ഉണ്ടാവില്ല. താന്‍ ധൈര്യമായി പാട്ട് ഉള്‍പ്പെടുത്ത്. പാളിപ്പോയാല്‍ നഷ്ടപരിഹാരം ഞാന്‍ തരാം.'
ഏതായാലും പാട്ട് സിനിമയില്‍ ഇടംനേടി; സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.

'കിരീട'ത്തിലെ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ട് വിധിയുടെ വിളയാട്ടം. 'സത്യത്തില്‍ മറ്റൊരു സിറ്റ്വേഷനുവേണ്ടി ഞാന്‍ ഉണ്ടാക്കിയ ഈണമാണത്-ഇന്നു കേള്‍ക്കുന്ന മട്ടിലല്ല; അതിലും ഫാസ്റ്റായി ഫോക്ക് ശൈലിയില്‍. പക്ഷേ, ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യൂണ്‍ വേഗത കുറച്ച് മെലോഡിയസ് ആയി ഒന്ന് പാടിക്കേള്‍ക്കട്ടെ' എന്നായി അദ്ദേഹം.
'ആ നിര്‍ദേശം എനിക്കത്ര രുചിച്ചില്ലെന്നതാണു സത്യം.' ജോണ്‍സണ്‍ ചിരിക്കുന്നു. എങ്കിലും മനസ്സില്ലാമനസ്സോടെ ഈണം മന്ദഗതിയില്‍ ലോഹിയെ പാടിക്കേള്‍പ്പിക്കുന്നു, അദ്ദേഹം. 'കഴിയുന്നത്ര ഫീല്‍ കൊടുക്കാതെയാണ് പാടിയത്. അതെങ്ങാനും അവര്‍ ഇഷ്ടപ്പെട്ടുപോയാലോ?'

പക്ഷേ, പുതിയ ഈണം കേട്ടയുടന്‍ ലോഹിതദാസ് വിധിയെഴുതിക്കഴിഞ്ഞിരുന്നു: നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്; ഇതു മതി.
അപ്പോഴും ഈണം സിറ്റ്വേഷന് ഉചിതമായിരിക്കുമോ എന്ന് ജോണ്‍സണ് സംശയമായിരുന്നു. കൈതപ്രം വന്നു പാട്ടെഴുതിക്കഴിഞ്ഞ ശേഷമാണ് ആശങ്കയ്ക്ക് തെല്ലൊരു ശമനമുണ്ടായത്. ഉണ്ണിക്കിടാവിന് നല്കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഹൃദയസ്പര്‍ശിയായിരുന്നു ആ വരികള്‍.

പടത്തിന്റെ പ്രിവ്യൂവിലാണ് കണ്ണീര്‍പ്പൂവിന്റെ... ആദ്യമായി ജോണ്‍സണ്‍ സിനിമയില്‍ ചിത്രീകരിച്ചു കാണുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം കമ്യൂണിക്കേറ്റ് ചെയ്യുന്നതെന്നു മനസ്സിലായത് അപ്പോഴാണ്.

അഭിനയിച്ച സിനിമകളിലെ ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എടുത്തുപറഞ്ഞതായി എങ്ങോ വായിച്ചു. സന്തോഷം തോന്നി. ഒരു ഗാനസ്രഷ്ടാവ് ഏറ്റവുമധികം ചാരിതാര്‍ഥ്യം അനുഭവിക്കുന്ന നിമിഷങ്ങള്‍ ഇതൊക്കെയല്ലേ?

'ഞാന്‍ ഗന്ധര്‍വനി'ലെ ഗാനങ്ങള്‍ ഹോട്ടല്‍ പാംഗ്രോവില്‍ ഇരുന്നാണ് ചിട്ടപ്പെടുത്തിയത്. ഒപ്പം സംവിധായകന്‍ പത്മരാജനുമുണ്ട്. ഹിന്ദുസ്ഥാനി ഫീല്‍ ഉള്ള ഗാനങ്ങളാണ് വേണ്ടതെന്നു പപ്പേട്ടന്‍ സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'അയ്യോ, അതിനു ഞാന്‍ ഹിന്ദുസ്ഥാനി പഠിച്ചിട്ടില്ലല്ലോ.' സൗമ്യമായി ചിരിച്ചുകൊണ്ടായിരുന്നു പപ്പേട്ടന്റെ മറുചോദ്യം. 'നീ കര്‍ണാട്ടിക്കും പഠിച്ചിട്ടില്ലല്ലോ. പിന്നെന്താ?' ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ദേവാങ്കണങ്ങള്‍ പെയ്‌തൊഴിഞ്ഞ താരകവും ദേവിയും പാലപ്പൂവുമെല്ലാം പിറന്നുവീണത് ആ രാത്രിയുടെ ഏകാന്തനിശ്ശബ്ദതയിലാണ്. ഓരോ പുതിയ ഈണവും പാടിക്കേള്‍ക്കുമ്പോള്‍ ഭാവദീപ്തമാകുന്ന പത്മരാജന്റെ മുഖം ഇന്നുമുണ്ട് ജോണ്‍സന്റെ ഓര്‍മയില്‍. 'പപ്പേട്ടനും ഭരതനുമൊക്കെ പോയി. നല്ലൊരു പാട്ട് ആസ്വദിക്കുന്നതുപോലും ഒരു കലയാണെന്നു തെളിയിച്ചവരായിരുന്നു അവരൊക്കെ.'

കൈതപ്രം-ജോണ്‍സണ്‍ ടീമിന്റെ ഗാനങ്ങള്‍ മനസ്സിലുണര്‍ത്തുക 'മധ്യവര്‍ത്തി' സിനിമയുടെ സുവര്‍ണകാല സ്മരണകള്‍കൂടിയാണ്. മഴവില്‍ക്കാവടി (പള്ളിത്തേരുണ്ടോ, തങ്കത്തോണി, മൈനാകപ്പൊന്‍മുടിയില്‍), വടക്കുനോക്കിയന്ത്രം (മായാമയൂരം), ചമയം (രാജഹംസമേ), കുടുംബസമേതം (നീലരാവില്‍ ഇന്നു നിന്റെ), ചെങ്കോല്‍ (മധുരം ജീവാമൃത ബിന്ദു), സല്ലാപം (പൊന്നില്‍ കുളിച്ചു നിന്ന, പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ), യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (ഒന്നുതൊടാന്‍)... ഈ ചിത്രങ്ങളെക്കുറിച്ച് അവയിലെ ഗാനങ്ങളെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍പോലുമാവുമോ നമുക്ക്?

കുറച്ചു കാലത്തെ മൗനത്തിനുശേഷമാണ് 'ഫോട്ടോഗ്രാഫറി'ലൂടെ കൈതപ്രവുമായി വീണ്ടും ഒരുമിക്കുന്നത്. മറക്കാനാഗ്രഹിക്കുന്ന ഇടവേളയായിരുന്നു അത്. ജീവിതത്തില്‍നിന്ന് സംഗീതം എന്നന്നേക്കുമായി അകന്നുപോയി എന്നു തോന്നിയ ഘട്ടം. ശബ്ദത്തേയും വെളിച്ചത്തേയും ഭയമായിരുന്നു അന്ന്. മനസ്സിനെ ചൊല്പടിക്ക് നിര്‍ത്താനാവാതെ കുഴഞ്ഞ നാളുകള്‍. ഏകാന്തമൂകമായ ആ കാലത്തിനുശേഷം സിനിമയില്‍ തിരിച്ചെത്തിയത് രഞ്ജന്‍ പ്രമോദിന്റെ പ്രേരണയിലാണ്. 'ഫോട്ടോഗ്രാഫറി'ലെ എന്തേ കണ്ണനു കറുപ്പുനിറം എന്ന ഗാനത്തിലൂടെ മലയാളസിനിമയിലെ തന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി തെളിയിച്ചുതരികയായിരുന്നു ജോണ്‍സണ്‍. 'സിനിമയില്‍ തിരിച്ചെത്തി എന്നൊന്നും തോന്നിയിട്ടില്ല. ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നല്ലോ. പിന്നെ, സിനിമ എനിക്കൊരിക്കലും ഒരു പ്രലോഭനമായിരുന്നില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ഇരുണ്ട ലോകം കാണാന്‍ കഴിഞ്ഞതുകൊണ്ടാവാം.'

നൂറുകണക്കിനു പാട്ടുകളും പടങ്ങളും ചെയ്തുവെന്നത് വലിയൊരു കാര്യമായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് ജോണ്‍സണ്‍ പറയുന്നു. 'ചിലപ്പോള്‍ തോന്നും ഒന്നും വേണ്ടായിരുന്നുവെന്ന്. നേര്‍വഴിക്കു ചിന്തിക്കുകയും മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ തുറന്നുപറയുകയും ചെയ്യുന്ന ആര്‍ക്കും സിനിമയിലെ അന്തരീക്ഷവുമായി ഇണങ്ങിപ്പോവുക ബുദ്ധിമുട്ടാകും. സര്‍ഗപരമായ വെല്ലുവിളികളെക്കാള്‍ കടുത്തതായിരുന്നു ഇത്തരം വെല്ലുവിളികള്‍. എനിക്ക് ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത പെരുമാറ്റരീതികളും സ്വഭാവവിശേഷങ്ങളും സഹിക്കേണ്ടിവന്നു. ജോലിയുടെ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും വേറെ. പടത്തിന്റെ റീറെക്കോഡിങ്ങിനുവേണ്ടി തുടര്‍ച്ചയായി മൂന്നും നാലും ദിവസങ്ങള്‍ ഉറക്കമിളയ്‌ക്കേണ്ടിവന്നിട്ടുണ്ട്. പ്രതിഫലവും താരതമ്യേന കുറവ്. എന്നിട്ടും ഞാന്‍ മുപ്പതുകൊല്ലക്കാലം സിനിമയില്‍ നിലനിന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് സംഗീതത്തോടാണ്...' ജോണ്‍സണ്‍ വികാരാധീനനാകുന്നു.

'പക്ഷേ, ഒരുകാര്യം ഞാന്‍ മറക്കുന്നില്ല. സിനിമ എനിക്ക് അപരിചിതരായ എത്രയോ പേരുടെ സ്‌നേഹം നേടിത്തന്നു. പാലക്കാടിനടുത്ത് അകത്തേത്തറ എന്ന കൊച്ചുഗ്രാമത്തില്‍ അടുത്തിടെ എനിക്കൊരു സ്വീകരണം തന്നു. ഉത്സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു അവിടെ. എന്റെ ഗാനങ്ങള്‍ മാത്രമാണ് അന്നു സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ ഗാനത്തിനും ലഭിച്ച വരവേല്പ് അഭൂതപൂര്‍വമായിരുന്നു. പരിപാടി മുഴുവന്‍ തീരുംവരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ സദസ്സ് പാട്ടില്‍ ലയിച്ചിരുന്നു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. സംഗീതസംവിധായകനെന്ന നിലയില്‍ ആത്മസംതൃപ്തി തോന്നിയ നിമിഷങ്ങളായിരുന്നു അവ...'
നനവാര്‍ന്ന കണ്ണുകളില്‍ ഒരു പുഞ്ചിരി തെളിയുന്നുവോ?
മാതൃഭൂമി

Thursday, August 18, 2011

സഖാവിന്റെ സ്മരണ - പിണറായി വിജയന്‍




കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ആദ്യത്തെ പേര് സഖാവിന്റേതാണ്. സഖാവ് എന്ന മൂന്നക്ഷരത്തില്‍ തലമുറകള്‍ നെഞ്ചേറ്റുന്ന സ. പി കൃഷ്ണപിള്ള എക്കാലത്തെയും മാതൃകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകന്‍ , പോരാളി, ത്യാഗസമ്പന്നന്‍ - എല്ലാം തികഞ്ഞ നേതാവായിരുന്നു അദ്ദേഹം. 1948 ആഗസ്ത് 19നാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാരനായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകാരികള്‍ക്ക് മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്ര്യംമൂലം അഞ്ചാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റു പല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ചെയ്തു; ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിന് ഇരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ലവകാരികളുമൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ലവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായ ശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. "34ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. "36ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്തു. 1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. "40 അവസാനം അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. "42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "46 മുതല്‍ വീണ്ടും ഒളിവുജീവിതം ആരംഭിച്ചു. "46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പ്പോലും കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ലവകാരി നല്‍കിയ സന്ദേശം "സഖാക്കളെ മുന്നോട്ട്" എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. "ഇടതുപക്ഷ ദേശീയവാദിയായിരുന്ന എന്നെ ഒരു കമ്യൂണിസ്റ്റും ഒരു ബൂര്‍ഷ്വാ ബുദ്ധിജീവിയായിരുന്ന എന്നെ ഒരു തൊഴിലാളി വര്‍ഗ ബുദ്ധിജീവിയുമാക്കി മാറ്റാന്‍ അദ്ദേഹം ഏറെ സഹായിച്ചു" എന്നാണ് ഇ എം എസ് കൃഷ്ണപിള്ളയെക്കുറിച്ച് പറഞ്ഞത്. ഇത്തവണ കൃഷ്ണപിള്ളദിനം ആചരിക്കുന്നത് സാര്‍വദേശീയ തലത്തില്‍ മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കുപ്പുകുത്തുകയും ഇന്ത്യയില്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനം പരിധിവിട്ട് മുന്നേറുകയും ചെയ്യുന്ന സവിശേഷ ഘട്ടത്തിലാണ്. ആഗോള സാമ്പത്തികത്തകര്‍ച്ച ആദ്യം പ്രവചിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ അധ്യാപകനുമായ നൂറീല്‍ റൂബിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്, ലോക മുതലാളിത്തം സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തമാണ് ശരിയെന്നുമാണ്. ഒന്നരനൂറ്റാണ്ടുമുമ്പ് മാര്‍ക്സ് വരച്ചുകാട്ടിയ വഴിയിലൂടെയാണ് ഇന്ന് മുതലാളിത്തം പതനത്തിലേക്ക് നീങ്ങുന്നതെന്ന് മാര്‍ക്സിസ്റ്റ് അല്ലാത്ത റൂബിനിക്കുപോലും പറയേണ്ടിവന്നത് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയുടെ ചൂണ്ടുപലകയാണ്. ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കു പകരം കമ്പോളത്തിന് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ അനിവാര്യമായ ദുരവസ്ഥയാണ് അമേരിക്കയുടെ ഇന്നത്തെ പ്രതിസന്ധി. അതിരൂക്ഷമായ വായ്പാ പ്രതിസന്ധിയും കടബാധ്യതയും നേരിടുകയാണ് അമേരിക്ക. 14,57,000 കോടി ഡോളറിന്റെ കടഭാരമാണവര്‍ക്ക്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ഇറ്റാലിയന്‍ സമ്പദ്ഘടന പതറി വീഴുകയാണ്. പോര്‍ച്ചുഗല്‍ , ബള്‍ഗേറിയ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, റുമേനിയ, ഓസ്ട്രിയ, ജര്‍മനി, ബല്‍ജിയം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. അതേസമയം, ഇടതുപക്ഷത്തുനില്‍ക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ലാറ്റിനമേരിക്കയില്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. വെനസ്വേല, ബ്രസീല്‍ , ചിലി, ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍ , പരാഗ്വേ, നിക്കരാഗ്വ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ അത്തരം സര്‍ക്കാരുകളാണ് അധികാരത്തില്‍ . ലോകത്തിന്റെ മൂന്നിലൊന്നിലേറെ ജനങ്ങളെ നയിക്കുന്നത് ഇടതുപക്ഷാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളും വിതയ്ക്കുന്ന കെടുതിയും ഏറ്റുവാങ്ങുന്ന തിരിച്ചടിയും ഇന്ത്യയിലെ യുപിഎ സര്‍ക്കാരിന്റെ വിവേകം ഉണര്‍ത്തുന്നില്ല. ഇവിടെ നവലിബറല്‍ നയങ്ങള്‍ക്കൊപ്പം അഴിമതിയും പിടിമുറുക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും സാമൂഹ്യസുരക്ഷാ മേഖലയില്‍നിന്ന് പിന്മാറിയും സമ്പന്നരെ അതിസമ്പന്നരാക്കിയും ദരിദ്രനെ പരമദരിദ്രനാക്കിയുമാണ് മന്‍മോഹന്‍ സിങ് ഭരണം മുന്നോട്ടുപോകുന്നത്. വിലക്കയറ്റം അതിന്റെ നെറുകെയിലാണ്. അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ തകര്‍ക്കുന്ന രീതിയില്‍ വ്യാപിക്കുന്നു. അഴിമതിയില്‍ സഹികെട്ട ജനങ്ങള്‍ പ്രതികരിക്കാന്‍ മുന്നില്‍ തെളിയുന്ന ഏതുവഴിയും സ്വീകരിക്കുകയാണ്. അത്തരം പ്രതികരണങ്ങളോടും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളോടും അസഹിഷ്ണുതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും അടിച്ചമര്‍ത്തലിന്റെയും സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അണ്ണ ഹസാരെയുടെ സമരത്തെ തച്ചൊതുക്കാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ വഴിയും മറ്റൊന്നല്ല. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് കോടതിതന്നെ ആവശ്യപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ന്യായീകരണം കണ്ടെത്തുകയാണ് ഉമ്മന്‍ചാണ്ടി. പൊതുഭരണവകുപ്പ് കൈയാളുന്ന ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ളവര്‍തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നു. മന്ത്രിമാര്‍ പലരും വിജിലന്‍സ്-പൊലീസ് കേസുകളില്‍ പ്രതികളാണ്. ഒരു സര്‍ക്കാരിന് ഇത്രയും നാണംകെട്ട അവസ്ഥ മുമ്പ് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെ മറികടക്കാന്‍ യുഡിഎഫിനു മുന്നില്‍ വഴികളൊന്നുമില്ല. ഭൂപരിഷ്കരണംപോലും അട്ടിമറിക്കാന്‍ ശ്രമിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടി തകര്‍ത്തും ഭരണതലത്തിലെ അഴിമതി തിരിച്ചുകൊണ്ടുവന്നും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിറകോട്ട് നയിക്കുകയാണ്. അനീതിക്കും ചൂഷണത്തിനുമെതിരെ; സാമ്രാജ്യാധിപത്യത്തിനെതിരെ പോരാടി മുതലാളിത്തത്തെ തകര്‍ത്ത് സമത്വ സുന്ദര ലോകം സൃഷ്ടിക്കാനാണ് കൃഷ്ണപിള്ള ജീവിതം ഉഴിഞ്ഞുവച്ചത്. ആ സ്മരണ പുതുക്കുമ്പോള്‍ , മുന്നിലുള്ള ബഹുമുഖ പോരാട്ടത്തില്‍ വര്‍ധിതവീര്യത്തോടെ അണിചേരാനുള്ള പ്രതിജ്ഞതന്നെയാണ് പുതുക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വരുന്ന ആക്രമണങ്ങള്‍ ചെറുക്കാനുള്ള കരുത്തുകൂടിയാണ് സഖാവിന്റെ ഓര്‍മ.