Monday, March 14, 2016

ജനാധിപത്യ കേരളം ഇതുവരെ
ഇന്ത്യയില്‍തന്നെ ഏറ്റവും ചലനാത്മകമായ ജനാധിപത്യസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇതിന് സഹായകമായ ജനകീയരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനൊപ്പമാണ് നിയമനിര്‍മാണസഭയും വളരാന്‍ തുടങ്ങിയത്.

ഇന്നത്തെ കേരള നിയമസഭയിലെത്തിച്ചേര്‍ന്ന നിയമനിര്‍മാണസഭകളുടെ ചരിത്രം 1888ലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ രാമവര്‍മയുടെ ഭരണകാലത്ത്  നിയമനിര്‍മാണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു കൌണ്‍സില്‍ രൂപീകരിക്കാനാണ് 1888ല്‍ തീരുമാനിച്ചത്. ഒരു റഗുലേഷനിലൂടെയാണ് ഇത് നിലവില്‍വന്നത്. 1888 ആഗസ്ത് 23ന് സെക്രട്ടറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിലായിരുന്നു ആദ്യയോഗം. എട്ടുപേരായിരുന്നു അംഗങ്ങള്‍. ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൌദ്യോഗികാംഗങ്ങളും.

1898 മാര്‍ച്ച് 21ന് മറ്റൊരു റഗുലേഷനിലൂടെ കൌണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഒമ്പത് ഔദ്യോഗികാംഗങ്ങളും ആറ് അനൌദ്യോഗികാംഗങ്ങളും. 1904ല്‍ കൌണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. കാര്‍ഷിക– വ്യാവസായിക– വാണിജ്യമേഖലകളില്‍നിന്ന് ഓരോ താലൂക്കിലും രണ്ടുപേരെവീതം ഡിവിഷന്‍ പേഷ്കാര്‍ നിര്‍ദേശിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1904 ഒക്ടോബര്‍ 22നായിരുന്നു ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം. വിജെടി ഹാളിലാണ് യോഗം ചേര്‍ന്നത്. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.

1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം), ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ സഭകള്‍ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും എക്സ് ഒഫീഷ്യോ ചെയര്‍മാന്‍. 1947 സെപ്തംബര്‍ നാലിന് ഉത്തരവാദിത്തഭരണം പ്രഖ്യാപിക്കുംവരെ ഈ സംവിധാനം തുടര്‍ന്നു.

കൊച്ചിരാജ്യത്ത് 1925ല്‍ 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. 1938ല്‍ ദ്വിഭരണ വ്യവസ്ഥ വന്നു. കൌണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഏകാംഗമന്ത്രിയായി. 1946ലാണ് നാലംഗ മന്ത്രിസഭ നിലവില്‍ വന്നത്. 1947 ആഗസ്ത് 14ന് കൊച്ചിയില്‍ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബര്‍ ഒന്നിന് പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് ടി കെ നായര്‍ പ്രധാനമന്ത്രിയായി. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി ലെജിസ്ളേറ്റീവ് അസംബ്ളി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ 1948 സെപ്തംബര്‍ 20ന് മന്ത്രിസഭ അധികാരമേറ്റു.

1948 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ പ്രതിനിധിസഭ രൂപീകരിച്ചു. 1948 മാര്‍ച്ച് 20ന് ചേര്‍ന്ന സഭയുടെ ആദ്യ യോഗത്തില്‍ എ ജെ ജോണിനെ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പട്ടം രാജിവച്ചതിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.

തിരുവിതാംകൂര്‍ മഹാരാജാവിനെ രാജപ്രമുഖായി പ്രഖ്യാപിച്ച് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു– കൊച്ചി രൂപീകരണം നടന്നു. പറവൂര്‍ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റ് 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.

1951–52ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസായിരുന്നു. എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12ന് അധികാരമേറ്റെങ്കിലും 1952 സെപ്തംബര്‍ 13ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954ല്‍ തെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ടി, പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികള്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിഎസ്പി കാലുമാറി. പ്രതിപക്ഷത്തിരുന്ന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ വീണ് അവര്‍ സ്വന്തം മന്ത്രിസഭ രൂപീകരിച്ചു. അങ്ങനെ പിഎസ്പി നേതാവ് പട്ടം താണുപിള്ള 1954 മാര്‍ച്ച് 17ന് മന്ത്രിസഭ രൂപീകരിച്ചു. എന്നാല്‍, പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇടയ്ക്കിടെ ഉരസലുകള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് ചില ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ പട്ടം ഒരുങ്ങിയതോടെ കോണ്‍ഗ്രസിന് സമനില തെറ്റി. അവര്‍ വലിയതോതില്‍ പ്രതിഷേധസമരങ്ങള്‍ ഉയര്‍ത്തി. 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് കാലുവാരി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1955 ഫെബ്രുവരി 14ന് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഈ മന്ത്രിസഭയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1956 മാര്‍ച്ച് 23ന് രാജിവച്ചു. പിന്നീട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

ബ്രിട്ടീഷ് അധീനതയില്‍ മദിരാശി പ്രവിശ്യയിലായിരുന്നു മലബാര്‍. മദിരാശി നിയമസഭയില്‍ 1920 മുതല്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1951–52ലെ തെരഞ്ഞെടുപ്പില്‍ 375 സീറ്റില്‍ കോണ്‍ഗ്രസ് 152 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി 62 സീറ്റിലും ജയിച്ചു. മദിരാശി നിയമസഭയില്‍ മലബാറില്‍നിന്നുള്ള അംഗസംഖ്യ 29 ആയിരുന്നു. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി, കോണ്‍ഗ്രസ് എന്നിവര്‍ ഏഴുവീതം സീറ്റ് നേടി. സോഷ്യലിസ്റ്റ് പാര്‍ടി നാല് സീറ്റിലും മുസ്ളിംലീഗ് രണ്ട് സീറ്റിലും ജയിച്ചു.  രാജാജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മലബാറില്‍നിന്ന് കെ പി കുട്ടിക്കൃഷ്ണന്‍നായര്‍ അംഗമായിരുന്നു. 1954 ഏപ്രിലില്‍ കെ കാമരാജ് മുഖ്യമന്ത്രിയായി.

1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍ വന്നു. തിരു–കൊച്ചിയും മലബാറും സംയോജിച്ച് കേരള സംസ്ഥാനം രൂപംകൊണ്ടു. രാഷ്ട്രപതിഭരണത്തിലേക്കാണ് കേരളം പിറന്നുവീണത്. 1957 ഏപ്രില്‍ അഞ്ചുവരെ നീണ്ടു രാഷ്ട്രപതിഭരണം. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ലോകചരിത്രത്തില്‍തന്നെ പുതിയൊരു അനുഭവമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. 114 മണ്ഡലത്തിലായിരുന്നു വോട്ടെടുപ്പ്. 12 മണ്ഡലത്തില്‍നിന്ന് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തു. 11 പട്ടികവിഭാഗ സീറ്റുകളിലും ഒരു ജനറല്‍ സീറ്റിലുമാണ് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തത്.

ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നു. എന്നാല്‍,  അമിതമായ അവകാശവാദങ്ങളാണ് ഈ പാര്‍ടികള്‍ ഉന്നയിച്ചത്. കൊല്ലം ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റ സീറ്റും നല്‍കില്ലെന്നായിരുന്നു ആര്‍എസ്പിയുടെ നിലപാട്. തൃശൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ പാര്‍ടിക്ക് സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് കെഎസ്പിയും സ്വീകരിച്ചു. അതോടെ സഖ്യശ്രമം പൊളിഞ്ഞു. ഒറ്റയ്ക്ക് 28 സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരു സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. 24 സീറ്റില്‍ കെട്ടിവച്ച കാശുംപോയി.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 23ന് ഫലം പുറത്തുവന്നു. 60 സീറ്റാണ് കമ്യൂണിസ്റ്റ് പാര്‍ടി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ അഞ്ച് സ്വതന്ത്രരും ജയിച്ചു. കോണ്‍ഗ്രസ് 43 സീറ്റില്‍ ജയിച്ചു. ഇതടക്കം കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ക്കുന്നവര്‍ 61 പേരായിരുന്നു സഭയില്‍. മാര്‍ച്ച് 25ന് ഇ എം എസിനെ കമ്യൂണിസ്റ്റ് പാര്‍ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ആദ്യ കേരള നിയമസഭയുടെ സ്പീക്കറായി ആര്‍ ശങ്കരനാരായണന്‍ തമ്പിയെ തെരഞ്ഞെടുത്തു. ഇ എം എസ് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. സി അച്യുതമേനോന്‍ (ധനകാര്യം), ടി വി തോമസ് (ഗതാഗതം, തൊഴില്‍), കെ സി ജോര്‍ജ് (ഭക്ഷ്യം, വനം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ (തദ്ദേശസ്വയംഭരണം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം, സഹകരണം), കെ ആര്‍ ഗൌരി (റവന്യൂ, എക്സൈസ്), വി ആര്‍ കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എ ആര്‍ മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മറ്റ് മന്ത്രിമാര്‍. ഈ മന്ത്രിസഭ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു.

കേരളത്തില്‍ ജന്മി നാടുവാഴിത്തത്തിന്റെ വേരറുക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കൃഷിഭൂമി കര്‍ഷകന് ലഭ്യമാക്കുകയുംചെയ്ത കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസമേഖലയുടെ വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസബില്‍ എന്നിവ സമ്പന്നവര്‍ഗത്തെ പ്രകോപിപ്പിച്ചു. മന്ത്രിസഭയെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗവും അവര്‍ പയറ്റി. 65 പേരില്‍ സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ 64 പേരുടെ പിന്തുണയാണ് മന്ത്രിസഭയ്ക്കുള്ളത്. ഇതില്‍നിന്ന് രണ്ടുപേരെ കാലുമാറ്റിക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുപിടിച്ച് ശ്രമിച്ചു. കമ്യൂണിസ്റ്റ് എംഎല്‍എമാരെവരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചു. ഇതിനായി വലിയ പണച്ചാക്കുകളുടെ സഹായം തേടി. അന്താരാഷ്ട്ര ഏജന്‍സികള്‍വരെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ധനസഹായം നല്‍കിയ കാര്യം പിന്നീട് പുറത്തുവന്നു. 1958ല്‍ ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. '57ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച റോസമ്മ പുന്നൂസ് നിയമപരമായ ചില കാരണങ്ങളാല്‍ അയോഗ്യയാക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. റോസമ്മ പുന്നൂസിനെതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാകെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ പുന്നൂസ് ജയിച്ചു.

എല്ലാ ജാതി– മത ശക്തികളെയും ഭൂപ്രഭുക്കളെയും കൂട്ടിയോജിപ്പിച്ച് 'വിമോചനസമരം' നടത്തിയാണ് ആദ്യത്തെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തെ ഇടപെടുവിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുതന്നെ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിലുള്ള പലര്‍ക്കും സംസ്ഥാന സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എഐസിസി അധ്യക്ഷകൂടിയായിരുന്ന മകള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത സമ്മര്‍ദത്തിനുവഴങ്ങിയാണ് നെഹ്റു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.

1959 ജൂലൈ 31ന് ഭരണഘടനയുടെ 356–ാം വകുപ്പ് ഉപയോഗിച്ച് കേരളമന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ട ഈ സംഭവം ഇന്ത്യയില്‍ ആദ്യത്തേതായി


ഇതു പോലൊരു നാറിയ ഭരണം


"ഇതുപോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ല'' എന്ന പാട്ടിന്റെ അലയൊലികള്‍ എണ്‍പതുകളിലെ യുഡിഎഫ് ഭരണകാലത്ത് കേട്ടിരുന്നതാണ്. കീരിയും പാമ്പും പോലെ തമ്മില്‍ തമ്മില്‍ ശത്രുത പുലര്‍ത്തുന്ന വിവിധ വര്‍ഗീയ-ജാതീയ സംഘടനകളുടെ രാഷ്ട്രീയ പാര്‍ടികളെ ഒരു സര്‍ക്കസ് കൂടാരത്തിലെന്നപോലെ ഒന്നിപ്പിച്ചുനിര്‍ത്തി ഭരണാഭാസം നടത്തിയിരുന്ന യുഡിഎഫ്, അന്ന് അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും കിടന്ന് വട്ടം കറങ്ങുകയായിരുന്നു. "ഞങ്ങളെ ഒന്ന് മറിച്ചിട്ട് രക്ഷിക്കൂ''  എന്നുപോലും ചില യുഡിഎഫ് നേതാക്കന്മാര്‍ അന്ന് പ്രതിപക്ഷത്തിനോട് ദയനീയമായി അഭ്യര്‍ത്ഥിക്കുകയുണ്ടായി."നിങ്ങളെ വീഴ്ത്തി രക്ഷപ്പെടുത്താന്‍ ഞങ്ങളില്ല, അവിടെയിരുന്ന് പുഴുത്തുനാറി നശിക്കട്ടെ'' എന്നാണ് അന്ന് ഇ എം എസ് അതിന് മറുപടി പറഞ്ഞത്.
അന്നത്തേതിനേക്കാള്‍ എത്രയോ കൂടുതല്‍ ജീര്‍ണവും ബീഭത്സവും വികൃതവുമായി യുഡിഎഫ് ഭരണം പുഴുത്തുനാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇന്ന് കേരളം കാണുന്നത്. ആന്ധ്രയിലെ രാജ്ഭവനില്‍വെച്ച് വികൃതമായ കളികളില്‍ ഏര്‍പ്പെട്ട വയസ്സന്‍ കാസനോവ എന്‍ ഡി തിവാരിയെ കടത്തിവെട്ടുന്ന നമ്പരുകളാണ് മുഖ്യമന്ത്രിയുടെ കൂട്ടുകാരന്‍ മന്ത്രിമന്ദിരത്തില്‍വെച്ച് നടത്തിയത് എന്ന് അദ്ദേഹത്തിന്റെ ഭാര്യതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. അതിന്റെ നാറുന്ന കഥകള്‍കൊണ്ട് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയാന്തരീക്ഷവും മലീമസമായിരിക്കുന്നു.
പരസ്യമായി തന്റെ മുഖത്തടിച്ചാലും വേണ്ടില്ല, അസംബ്ളിക്കുള്ളില്‍ കൈപൊക്കി ഭൂരിപക്ഷം ഒപ്പിക്കുന്നതിന് സഹായിച്ചാല്‍ മതി എന്ന നിലപാട് സ്വന്തം പാര്‍ടിയിലെയും ഘടകകക്ഷികളിലേയും എംഎല്‍എമാരോട് എടുക്കുന്ന മുഖ്യമന്ത്രി, സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ ഗണേഷ്കുമാറിനെക്കൊണ്ട് മാപ്പുപറയിപ്പിച്ച്, കുറ്റവിമുക്തനാക്കി, വീണ്ടും മന്ത്രിയാക്കി കൊണ്ടു വരുന്നതിനുള്ള സൂത്രപ്പണികളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്. ഗണേഷ്കുമാറിന്റെ പാര്‍ടിയും പിതാവും ഭാര്യയും എല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടും, അവര്‍ക്കൊന്നും വേണ്ടാത്ത ഒരു വിഴുപ്പുഭാണ്ഡത്തെ നാണമില്ലാതെ താങ്ങിക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അധാര്‍മികതയുടെ അത്ഭുത അവതാരംതന്നെ. അതൊരു കുടുംബ വഴക്കായിരുന്നു, ഗണേഷ്കുമാര്‍ മാപ്പുപറഞ്ഞതുകൊണ്ടും ഗണേഷ്കുമാര്‍ - യാമിനി തര്‍ക്കം ഒത്തുതീര്‍ന്നതുകൊണ്ടും പ്രശ്നമെല്ലാം അവസാനിച്ചു എന്ന് വാദിക്കുന്ന മുഖ്യമന്ത്രി, പക്ഷേ അതിന് പിറകിലുള്ള ധാര്‍മികവും സദാചാരപരവും രാഷ്ട്രീയവും നിയമപരവുമായ പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. കുടുംബവഴക്ക് പറഞ്ഞൊതുക്കി, ഒന്നിച്ചു ജീവിക്കാനല്ല ഇവിടെ മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തീരുമാനിച്ചത്. (അതിനുവേണ്ടിയായിരുന്നില്ല യാമിനി, അദ്ദേഹത്തെ സമീപിച്ചിരുന്നതും). മറിച്ച് തമ്മില്‍ പിരിയാനും സ്വത്തുക്കള്‍ പങ്കുവെയ്ക്കാനും കണക്കുതീര്‍ക്കാനുമാണ്. മുഖ്യമന്ത്രിയുടെ മധ്യസ്ഥത കുടുംബവഴക്കില്‍ ഫലപ്രദമായില്ല എന്നര്‍ത്ഥം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം അറസ്റ്റ്ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടും എന്നു കണ്ടപ്പോഴാണ് ഗത്യന്തരമില്ലാതെ തന്റെയും മുഖ്യമന്ത്രിയുടെതന്നെയും മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതിനുവേണ്ടി ഗണേഷ്കുമാര്‍ മാപ്പുപറയാന്‍ തയ്യാറായതും ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടതും. മധ്യസ്ഥതയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രിയുടെ ഉദ്ദേശം മധ്യസ്ഥതയായിരുന്നില്ല എന്ന് വ്യക്തം. ജയില്‍ശിക്ഷ അനുഭവിക്കേണ്ട പ്രതി മാപ്പുപറഞ്ഞാല്‍ രക്ഷപ്പെടും എന്ന് ഏത് നിയമശാസ്ത്രത്തിലാണ് പറഞ്ഞിട്ടുള്ളത്? മാപ്പുപറയിപ്പിച്ച്, കുറ്റവാളിയെ രക്ഷിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ഏത് നിയമവകുപ്പുപ്രകാരമാണ് ലഭിച്ചത്? ഈ നയം മുഖ്യമന്ത്രിയെന്ന അദ്ദേഹം എല്ലാ കുറ്റവാളികളുടെയും കാര്യത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍, രാജ്യത്തെ നിയമവാഴ്ചയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവസ്ഥ എന്താവും? കൊലപാതകം ചെയ്തവന്‍, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം  മാപ്പുപറയുകയാണെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്ന് വന്നാല്‍, സംസ്ഥാനത്തെ അവസ്ഥ എന്താവും? നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയുടെ നിയമത്തിന്റെ വഴി ഇതാണോ?
ഭാര്യയെ തല്ലി എല്ലൊടിച്ച്,  പരസ്ത്രീഗമനം നടത്തി, മന്ത്രി മന്ദിരം വ്യഭിചാരത്തിനുപയോഗിച്ച്, കാമുകീഭര്‍ത്താവിന്റെ തല്ല് ഏറ്റുവാങ്ങി മുഖം വികൃതമാക്കിയ മന്ത്രി മാപ്പുപറഞ്ഞതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല; തീരുകയില്ല. ഗാര്‍ഹികപീഡന നിരോധന നിയമത്തിന്റെ കുരുക്കില്‍നിന്നോ രാഷ്ട്രീയ അധാര്‍മ്മികതയുടെ ചെളിക്കുണ്ടില്‍നിന്നോ സദാചാര ലംഘനത്തിന്റെ ജീര്‍ണതയില്‍നിന്നോ രക്ഷപ്പെടുകയില്ല. ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട ഒരു രാഷ്ട്രീയ നേതാവ്, ഒരു എംഎല്‍എ, ഒരു മന്ത്രി, ഇങ്ങനെ അധാര്‍മികതയുടെ പ്രതീകമായി ഉയര്‍ന്നാല്‍ അതിന് ജനങ്ങളോട് ഉത്തരംപറയേണ്ടി വരും. അത്തരമൊരാളെ രക്ഷിച്ച് വീണ്ടും മന്ത്രിയാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, സദാചാര ലംഘകനായ മന്ത്രിയേക്കാള്‍ കടുത്ത നിയമലംഘനവും അധാര്‍മികതയുമാണ് കാണിക്കുന്നത്.
അതുകൊണ്ടാണ് പരാതിക്കാരിയായ സ്ത്രീക്ക് ലഭിക്കേണ്ട നീതി നിഷേധിച്ചുകൊണ്ട്,  അവരെ വഞ്ചിച്ച്, സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെയ്ക്കണം എന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. ലൈംഗിക-ഭൂമിദാന - സ്വജനപക്ഷപാത-അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട അരഡസനില്‍പ്പരം മന്ത്രിമാരെ വെച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ഈ സര്‍ക്കസ് ജനങ്ങള്‍ക്ക് കാണാനും താങ്ങാനും കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ ചുട്ടുപൊള്ളുന്ന മേടച്ചൂടും ജലക്ഷാമവും കുതിച്ചുയരുന്ന വിലക്കയറ്റവും അഴിമതിയുംകൊണ്ട് നടുവൊടിഞ്ഞ കേരളജനതയ്ക്ക്,  വെള്ളവും വെളിച്ചവും വൈദ്യുതിയും കിട്ടാക്കനിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം കാരണം ജീവസന്ധാരണം ദുര്‍വഹമായ കേരള ജനതയ്ക്ക്, ഈ സദാചാര ലംഘനത്തിന്റെ വിഴുപ്പുഭാണ്ഡം കൂടി പേറാനുള്ള കരുത്തില്ല; അതിനുള്ള മനസ്സുമില്ല. ജനജീവിതം ദുഃസഹവും ദുര്‍ഗന്ധ മലീമസവും ആക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി എല്‍ഡിഎഫ് സമരത്തിന് തയ്യാറായിരിക്കുന്നത് അതുകൊണ്ടാണ്

Sunday, March 13, 2016

ചാനല്‍ വിടുവായത്തമല്ല കോടതി വിചാരണ - ഗൗരി


ബല്‍ബീര്‍ പുഞ്ച് ദേശീയാടിസ്ഥാനത്തില്‍ തന്നെ പ്രസിദ്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ബിജെപിക്കാരനാണ്. രാജ്യസഭയില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നവരില്‍ ഒരാളാണ്. 2016 ഫെബ്രുവരി 20ന് 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രത്തില്‍ അദ്ദേഹത്തിന്റേതായി ഒരു കിടിലന്‍ ലേഖനം, ആ പത്രത്തിന്റെ എഡിറ്റ് പേജില്‍ തന്നെ, കാച്ചിയിരിക്കുന്നു. ''Media thy name is double standard'' എന്നാണതിന്റെ ശീര്‍ഷകം. തലവാചകം വായിച്ചപ്പോള്‍ ഗൗരി വല്ലാതെ കോരിത്തരിച്ചുപോയി. മൂലധനശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന, വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൊടിപ്പടം ഉയര്‍ത്തി ഉറഞ്ഞുതുള്ളുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് മുഖ്യധാരാ (വലതുപക്ഷ) രാഷ്ട്രീയ രംഗത്തുനിന്നു ഒരാള്‍ പറയുകയോ? എന്നാല്‍ അതു വായിച്ചു കഴിഞ്ഞപ്പോഴാണ്, അദ്ദേഹം മാധ്യമ പ്രവര്‍ത്തകനെന്നതിലുപരി അക്ഷരാര്‍ഥത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താവായാണ് രംഗത്തെത്തിയിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞത്.
ലോകത്തെവിടെയുമുള്ള ഏതു ഫാസിസ്റ്റിനെയുംപോലെ സംഘപരിവാര്‍ വക്താക്കളും ആശയപരമായി നിലനില്‍പില്ലാത്ത, സത്യസന്ധമല്ലാത്ത സ്വന്തം നിലപാടുകളെ ന്യായീകരിക്കാന്‍ നിറംപിടിപ്പിച്ച നുണകളെയാണ്, പച്ചക്കള്ളങ്ങളെയാണ് അവലംബിക്കാറുള്ളത്. ഇവിടെ ബലവീര പുഞ്ചും 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ലേഖനത്തില്‍ ഏകപക്ഷീയതയെ, വക്രീകരണത്തെ, പെരുംനുണകളെയാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ആശ്രയിക്കുന്നത്. പൂഞ്ചാശാനെ പ്രകോപിപ്പിക്കുന്നത്, ഡല്‍ഹി ജെഎന്‍യു പ്രക്ഷോഭത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്ന തോന്നലാണ്. യഥാര്‍ഥത്തില്‍ ജെഎന്‍യു സംഭവങ്ങളെ സംഘപരിവാര്‍ ലൈനില്‍ അവതരിപ്പിക്കുകയായിരുന്നു പല ദേശീയ മാധ്യമങ്ങളും. അപൂര്‍വം ചിലവയാണ്, ഒരു ഘട്ടത്തില്‍ സംഘപരിവാറുകാര്‍ കെട്ടിപ്പൊക്കിയ ചില നുണകളെയെങ്കിലും, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ''ദേശവിരുദ്ധ'' മുദ്രാവാക്യം, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന പെരുംനുണയെ, പൊളിച്ചടുക്കാന്‍ തയ്യാറായത്. കനയ്യ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ തന്നെ സംഘപരിവാര്‍ അകത്തളങ്ങളില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ സാധനമാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നിട്ടും സംഘപരിവാറിനായി ഉടവാളൂരി ഉറഞ്ഞുതുള്ളിയ മാധ്യമങ്ങളൊന്നും തന്നെ തങ്ങളുടെ തെറ്റു തിരുത്താനുള്ള സൗമനസ്യംപോലും പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. എന്നിട്ടും പൂഞ്ച് പറയുന്നത്, ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് മാധ്യമങ്ങള്‍, ഇടതുപക്ഷത്തിനും ഇസ്ലാമിസ്റ്റുകള്‍ക്കുംവേണ്ടി കുഴലൂത്തു നടത്തുന്നതായാണ്.
പട്യാല കോടതിയില്‍വെച്ച് കനയ്യ കുമാറിനെ മാത്രമല്ല, സുപ്രീംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനിരയെപോലും ആക്രമിക്കുകയും സംഘപരിവാറിനെയും മോഡി ഗവണ്‍മെന്റിനെയും വിമര്‍ശിക്കുന്നവരെയെല്ലാം കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും തരംകിട്ടിയാല്‍ തല്ലുകയും ചെയ്യുന്നത് സംഘപരിവാര്‍ സംഘങ്ങളുടെ പൊതുകലാപരിപാടി ആക്കിയിരിക്കുന്നത് നാമെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ ഒട്ടും കലര്‍പ്പില്ലാതെ കണ്ടതാണ്, കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ പുഞ്ച് പറയുന്നത് ഇതെല്ലാം വ്യാജമെന്നാണ്. ഏതോ ചില ബിജെപി അണ്ണന്മാര്‍ ചില മാധ്യമ പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വം ഒന്നു തലോടിയതേയുള്ളൂ എന്നത്രെ പുഞ്ച് ഭാഷ്യം.
അപ്പോള്‍ പിന്നെ ഇരട്ടത്താപ്പെന്തെന്നല്ലേ? ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതോ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെ തകര്‍ക്കുന്നതിന്റെ ഭാഗമായി കനയ്യകുമാറിനെ വ്യാജ ആരോപണങ്ങളിന്മേല്‍ രാജ്‌നാഥസിങ്ങിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലുള്ളയാളെ കോടതിയില്‍ വെച്ചു തന്നെ സംഘപരിവാര്‍ തെമ്മാടിക്കൂട്ടങ്ങള്‍ തല്ലിച്ചതച്ചതോ ഒന്നുമല്ല സത്യമായ സംഗതി, പിന്നെയോ കണ്ണൂരെ ഒരു സംഘി ക്രിമിനല്‍, അതും ഇവനെ പേടിച്ച് പെണ്‍കുട്ടികള്‍ക്ക് സൈ്വരമായി വഴി നടക്കാന്‍പോലും പേടിക്കേണ്ട അവസ്ഥയിലുള്ള ഒരു തെമ്മാടി, കൊല്ലപ്പെട്ടത് ദേശീയ മാധ്യമങ്ങള്‍ ആഘോഷമായി അവതരിപ്പിച്ചില്ല എന്നതിലാണ് പൂഞ്ചിന് പരാതി. മാറാട് കലാപത്തിനു പിന്നിലും 'മാര്‍ക്‌സിസ്റ്റു'കാരാണെന്ന പെരുംനുണ എഴുന്നള്ളിക്കാനും ഈ സംഘി ചെകുത്താന്‍ മടിക്കുന്നില്ല. ഇതേ മാറാട് കേസാണ് ജുഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സിബിഐക്കു വിടുന്നതിനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ ബിജെപിയിലെയും മുസ്ലിംലീഗിലെയും പ്രമാണിമാര്‍ ഒത്തുകൂടിയതും സംഘിനേതാക്കളില്‍ ചിലര്‍ ലീഗു പ്രമാണിമാരില്‍നിന്നു പണം പറ്റിയതും സഹ്യനും കടന്ന് അങ്ങ് ദില്ലി സിംഹാസനത്തിനടുത്ത് ചുരുണ്ടു കൂടി കിടക്കുന്ന പുഞ്ചന്‍ അറിഞ്ഞില്ലായിരിക്കും. കമ്യൂണിസ്റ്റുകാരാണത്രെ ഈ രാജ്യത്തെ സര്‍വ അക്രമങ്ങള്‍ക്കും കാരണമെന്നും ഈ ഫാസിസ്റ്റ് വക്താവായ പെരും നുണയന്‍ തട്ടി മൂളിക്കുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുകയും നാടാകെ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അതിനിടയില്‍ ദേശീയ പതാകയെ തന്നെ തെരുവില്‍ ചവിട്ടിയരയ്ക്കുകയും ചെയ്ത സംഘികള്‍, രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് ആയിരങ്ങളെ വകവരുത്തിയ സംഘി കാട്ടാളന്മാരാണ് അക്രമത്തെക്കുറിച്ച് ഗീര്‍വാണം കാച്ചുന്നത്. ജെഎന്‍യുവിലും ഹൈദരാബാദിലുമെല്ലാം കമ്യൂണിസ്റ്റ് അക്രമമെന്നത്രെ പുഞ്ചിന്റെ വെളിപാട്.

ശങ്ക, ആശങ്ക
ഫെബ്രുവരി 26ന് 'മനോരമ'യുടെ ഒന്നാംപേജിലെ ഒരു റിപ്പോര്‍ട്ട്: ''ലാവ്‌ലിന്‍ കേസ് ഉടന്‍ കേള്‍ക്കേണ്ട സാഹചര്യമില്ല: ഹൈക്കോടതി''. ഹൈലൈറ്റ്: ''കേസ് രണ്ടുമാസത്തേക്കു മാറ്റി'' ഇതേ ദിവസത്തെ 'മാതൃഭൂമി'യുടെ ഒന്നാംപേജിലെ റിപ്പോര്‍ട്ടിങ്ങനെ: ''ലാവ്‌ലിന്‍ കേസില്‍ അടിയന്തര സാഹചര്യമില്ലെന്ന് ഹൈക്കോടതി. കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. ഹര്‍ജികള്‍ രണ്ടു മാസത്തേക്ക് മാറ്റി''. ലാവ്‌ലിന്‍ കേസ് അടിയന്തര പരിഗണന അര്‍ഹിക്കുന്ന ഒന്നല്ല എന്നതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ്, ''കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'' എന്ന കോടതിയുടെ നിരീക്ഷണവും. ആ വസ്തുതയാണ് 'മനോരമ' റിപ്പോര്‍ട്ടില്‍ അപ്രത്യക്ഷമായത്. എന്നാല്‍ 12-ാം പേജില്‍ വേറൊരു റിപ്പോര്‍ട്ടായി 'മനോരമ' തന്നെ ഇതവതരിപ്പിക്കുന്നു. (ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ഹിതകരമല്ലാത്ത ഒരു സംഗതി ഒന്നാം പേജില്‍ 'മനോരമ' എങ്ങനെ നല്‍കും?) അതിങ്ങനെയാണ്: ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്: ഹൈക്കോടതി''. അവിടെ പക്ഷേ ശീര്‍ഷകത്തില്‍ ''ലാവ്‌ലിന്‍'' വരാതിരിക്കാന്‍ 'മനോരമ' ശ്രദ്ധിച്ചു. എങ്കിലും ഹൈലൈറ്റില്‍ ഇങ്ങനെയുണ്ട്: ''ലാവ്‌ലിന്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ മുന്നറിയിപ്പ്''.അതിനുള്ളില്‍ ഇങ്ങനെ വായിക്കാം: ''ലാവ്‌ലിന്‍ കേസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് പ്രതിഭാഗം ആരോപിച്ച സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. പ്രതിഭാഗത്തിന്റെ വാദം കോടതി അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയാണുണ്ടായത്.
'മനോരമ' ഇതേ പേജില്‍ തന്നെ അവതരിപ്പിക്കുന്ന ഒരു സ്‌റ്റോറി കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്: ''ആശങ്ക മാറി സിപിഎം; നേതൃത്വത്തിലേക്കു പിണറായി തന്നെ''. അപ്പോള്‍ ഉണ്ടിരുന്നയാള്‍ക്കു പെട്ടെന്നുണ്ടായ ഉള്‍വിളിപോലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി, ലാവ്‌ലിന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ജിയുമായി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തിരക്കിട്ട് ഹൈക്കോടതിയില്‍ - അതും ഒരു പ്രത്യേക ബെഞ്ചില്‍ തന്നെ അതെത്തുന്നതിനായി നാളും പക്കവും കണക്കാക്കി - ഹര്‍ജി നല്‍കിയതിനുപിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം എന്തായിരുന്നുവെന്ന് 'മനോരമ' തന്നെ പറയാതെ പറയുകയാണ് ഈ സ്‌റ്റോറിയില്‍ - പിണറായിയെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമരത്തുനിന്ന് ഒഴിവാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിഗൂഢ നീക്കമായിരുന്നു ആ ഹര്‍ജി.
ഹൈക്കോടതിയുടെ തീര്‍പ്പ് - കേസ് രണ്ടു മാസത്തേക്ക് മാറ്റി വെച്ചുകൊണ്ടുള്ള തീര്‍പ്പ് - ഉമ്മന്‍ചാണ്ടിയെ മാത്രമല്ല, പിണറായിയെ വേട്ടയാടുന്നത് ജീവിത വ്രതമാക്കിയ ചില ചാനലുകാരെയും അങ്കലാപ്പിലാക്കിയിരിക്കുന്നു! 'മാതൃഭൂമി' ചാനല്‍ ചോദിക്കുന്നത് ''കോടതി മലക്കം മറിഞ്ഞോ'' എന്നാണ്. അതായത്, അടിയന്തര പ്രാധാന്യത്തോടെ വിചാരണയ്‌ക്കെടുക്കുമെന്ന് ജനുവരി 15നു പറഞ്ഞ കോടതി വീണ്ടും വിചാരണ നീട്ടിവെയ്ക്കുന്നതു തന്നെ എന്തോ സമ്മര്‍ദഫലമായാണെന്ന ദുഃസൂചന നല്‍കുന്ന തരത്തിലാണ് വിഷയം ചാനല്‍ അവതരിപ്പിക്കുന്നതും ആ ചുവടു പിടിച്ചാണ് ചര്‍ച്ച നീങ്ങുന്നതും. എന്നാല്‍, കേസിന്റെ പരിഗണന രണ്ടു മാസത്തേക്കു നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി തന്നെ പറയുന്നതു നോക്കൂ: ''ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. ഒപ്പം കോടതി പറഞ്ഞതുകൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സമാന സ്വഭാവമുള്ളത് ഉള്‍പ്പെടെ രണ്ടായിരം മുതലുള്ള നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കവെ, അതില്‍നിന്നു ഒരെണ്ണം സീനിയോറിറ്റി തെറ്റിച്ച് എടുക്കുന്നതെന്തിന് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്'' എന്ന നിരീക്ഷണം (അത് വെറുമൊരു നിരീക്ഷണമല്ല, ഉമ്മന്‍ചാണ്ടിയുടെ കരണക്കുറ്റിക്ക് കോടതി നല്‍കിയ അടിയാണിത്) നടത്തുന്നത്.
എന്നാല്‍ കോടതിയുടെ ഈ ഉത്തരവ് ജനുവരി 15 ലെ ഉത്തരവില്‍നിന്നുള്ള പിന്നോട്ടുപോക്കും മലക്കം മറിച്ചിലുമാണെന്ന ചാനലിന്റെ ചര്‍ച്ചയുടെ മുന ഒടിക്കുന്നതാണ് 2016 ജനുവരി 16 ലെ പത്ര റിപ്പോര്‍ട്ട് - അതായത് ജനുവരി 15 ന്റെ കോടതി തീര്‍പ്പിന്റെ റിപ്പോര്‍ട്ട്. നോക്കൂ, 'മനോരമ' ''വിചാരണ കൂടാതെ'' കേസ് വിടുകയോ?'' എന്ന സംഭ്രമജനകമായ ചോദ്യം നല്‍കി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു: ''ക്രമം തെറ്റിച്ച് കേസ് ഉടന്‍ പരിഗണിക്കാവുന്ന സാഹചര്യമല്ലെന്നു കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള അപ്പീലുകള്‍ തന്നെ പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ളവ നിലവിലുണ്ട്''. അപ്പോള്‍ അതിന്റെ ആവര്‍ത്തനം മാത്രമാണ് ഫെബ്രുവരി 25നും കോടതിയില്‍ നിന്നുണ്ടായത്. ഒരു മാസം മുന്‍പ് പറഞ്ഞതു തന്നെ കോടതി ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. 374 കോടി രൂപ ഖജനാവിനു നഷ്ടപ്പെട്ട കേസ് എന്നു ഡിജിപി ആസിഫ് അലി കോടതിയില്‍ പ്രസ്താവിക്കുമ്പോള്‍ ''ഇത്ര പ്രമാദമായ കേസ് വിചാരണ കൂടാതെ വിടുകയോ'' എന്ന കോടതിയുടെ പരാമര്‍ശത്തെ പിടിച്ച് മനക്കോട്ട കെട്ടിയ മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി സംഘവുമാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ കടങ്കഥകള്‍ അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നത്.
ഇതേ ചര്‍ച്ചയില്‍ തന്നെ കോണ്‍ഗ്രസ് വക്താക്കളും ബിജെപി വക്താക്കളും ചില 'നിഷ്പക്ഷ' നിരീക്ഷകരും ചാനല്‍ അവതാരകനും ആവര്‍ത്തിക്കുന്ന (ജനുവരി 15ന്റെ ചര്‍ച്ചയിലും പറഞ്ഞ) ഒരു കാര്യം, കേസ് പരിഗണിച്ച് സിബിഐ പ്രത്യേക കോടതിയില്‍ സിബിഐക്കുവേണ്ടി ഏതോ ജൂനിയര്‍ ഡൂക്കിലി വക്കീല്‍ ഹാജരായതുകൊണ്ടാണ് വിചാരണ കൂടാതെ കേസ് കോടതി തള്ളിയത് എന്നാണ്. എന്നാല്‍ യാഥാര്‍ഥ്യമോ? സിബിഐയുടെ ലീഗല്‍ സെല്ലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ തന്നെയായിരുന്നു സിബിഐക്കുവേണ്ടി വിചാരണ കോടതിയിലെ ചെന്നൈയില്‍നിന്ന് വന്ന് ഹാജരായത്. കേസ് വേണ്ടപോലെ പഠിക്കാതെയാണ് സിബിഐ അഭിഭാഷകന്‍ കേസ് വാദിച്ചതെന്നും സിബിഐ പ്രത്യേക കോടതി ലാവ്‌ലിന്‍കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാപേരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിന്യായം വന്ന 2013 മുതല്‍ വിരുദ്ധന്മാര്‍ - കോണ്‍ഗ്രസ്, ബിജെപി - നിരീക്ഷക ചാനല്‍ സംഘങ്ങള്‍ - ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിലെ സത്തിയം എന്തെന്ന് ഗൗരിക്ക് പറയാനാവില്ല. എന്നാല്‍ ഒന്നറിയാം. ഇങ്ങനെയൊരു വിതണ്ഡവാദം ഈ കോദണ്ഡരാമന്മാര്‍ അവതരിപ്പിക്കുന്നത്, സിബിഐയെയും അന്നതിനെ നിയന്ത്രിച്ചിരുന്ന രണ്ടാം യുപിഎ ഗവണ്‍മെന്റിനെയും (കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ സിബിഐയുടെ ചുമതല മുല്ലപ്പള്ളിക്കായിരുന്നെന്നും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്) പിണറായി വിജയനും സിപിഐ എമ്മും ഒതുക്കി എന്ന തങ്ങളുടെ വാദത്തിനു സാധൂകരണം നല്‍കുന്നതിനായാണ്. ഇത്തരമൊരു പെരുംനുണ തട്ടിവിടാന്‍ കാവിപ്പടക്കാരെ കൂട്ടുപിടിക്കുന്ന പെരുങ്കള്ളന്മാര്‍ക്കു മാത്രമേ ആവൂ. ജനാധിപത്യത്തെയും നിയമവാഴ്ചയെയും വ്യവസ്ഥയെയും തന്നെ വെല്ലുവിളിക്കുന്ന നിലപാടാണിത്. തങ്ങളുടെ തീട്ടൂര പ്രകാരം, തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന കള്ളക്കഥകള്‍ അന്വേഷണ ഏജന്‍സികളും കോടതികളുമെല്ലാം അതേപടി വെട്ടിവിഴുങ്ങി, തീര്‍പ്പാക്കണമെന്ന വലതുപക്ഷത്തിന്റെ ഹുങ്കാണ് ഈ മാധ്യമ വിചാരണകളില്‍ വെളിപ്പെടുന്നത്.
സിബിഐ അഭിഭാഷകന്റെ വാദത്തിന് വേണ്ട ശക്തിയില്ലായിരുന്നുവെന്ന വാദഗതിക്കാര്‍ അതിനുപോല്‍ബലകമായി പറഞ്ഞുവെയ്ക്കുന്നത്, വിചാരണ കോടതി ജഡ്ജിയുടെ, ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടത് എത്ര കോടി രൂപയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പോലും സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല എന്ന കാര്യമാണ്. ഇല്ലാത്ത നഷ്ടത്തിന്റെ കണക്ക് എങ്ങനെയാണ് അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്?
കെട്ടിപ്പൊക്കിക്കൊണ്ടുവന്ന കേസ് 374 കോടി രൂപയുടെ നഷ്ടം എന്നതാണ്. സിബിഐ അന്വേഷണത്തിനുശേഷം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത് 80 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും. എന്നാല്‍ ഇതാകട്ടെ, ഒരു വിധത്തിലുംപിണറായി വിജയനെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമല്ല. അത് പന്നിയാര്‍ - ചെങ്കുളം - പള്ളിവാസല്‍ പദ്ധതിയുമായി ബന്ധപ്പെടുന്ന ഒന്നുമല്ല. മറിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് കാനഡയില്‍നിന്നു സമാഹരിച്ചു നല്‍കാമെന്നും കമ്പനിയും കനേഡിയന്‍ ഗവണ്‍മെന്റും ഏറ്റ 100 കോടി രൂപയില്‍ അവശേഷിക്കുന്ന തുകയാണ്. അതു വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതാകട്ടെ 2001ല്‍ അധികാരമേറ്റ ആന്റണി മന്ത്രിസഭയും അതിലെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനുമാണ്. മാത്രമല്ല, വൈദ്യുതി ബോര്‍ഡ് ആവര്‍ത്തിച്ച് നല്‍കുന്ന പ്രസ്താവനകളിലെല്ലാം ബോര്‍ഡിനു നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വസ്തുതകള്‍ ഇതായിരിക്കെ എങ്ങനെയാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ നഷ്ടത്തിന്റെ കണക്ക് കൃത്യമായി പറയുക. ചാനല്‍ ചര്‍ച്ചയല്ലല്ലോ കോടതി വിചാരണ

ചിന്ത

Saturday, March 12, 2016

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വാണിജ്യവത്കരണവും

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വാണിജ്യവത്കരണവും 
കെ സി ഹരികൃഷ്ണന്‍ 

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സര്‍ക്കാര്‍ എത്ര ജനവിരുദ്ധമായാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ചില പൊടിക്കൈകള്‍ കാണിക്കും. എന്നാല്‍ ഈ സര്‍ക്കാരാവട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷവും അനുവര്‍ത്തിച്ചതിനേക്കാള്‍ ജനവിരുദ്ധമായ നയങ്ങളാണ് അവസാനനാളുകളിലും സ്വീകരിക്കുന്നത്. കേരളത്തില്‍ ഇത്തരമൊരു ജനവിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമായ ഭരണകൂടം ഉണ്ടായിട്ടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല പൂര്‍ണമായും തകര്‍ത്ത് കച്ചവടശക്തികള്‍ക്ക് അടിയറവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് എക്കാലത്തും യുഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ പരിശ്രമങ്ങള്‍ക്ക് ആക്കംകൂട്ടി. വിദ്യാഭ്യാസം ആസ്തിയല്ല, ബാധ്യതയാണെന്നും മുതല്‍മുടക്കുമ്പോള്‍ ലാഭമുണ്ടാകണമെന്നുമുള്ള കച്ചവടക്കാരന്റെ ചിന്താഗതിയാണ് സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ നഷ്ടത്തിലായ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുപോലെ അവശതയുള്ളതിനെ വെടിവെച്ചു കൊല്ലുക എന്നതുപോലെ ലാഭനഷ്ടക്കണക്കു പറഞ്ഞ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന സാമൂഹ്യധര്‍മ്മം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഗവണ്‍മെന്റിന്റെ ഇത്തരം വികലമായ നയംമൂലം 5414 വിദ്യാലയങ്ങള്‍ അനാദായക പട്ടികയിലാണ്. 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ ഭൗതിക- അക്കാദമിക് സൗകര്യങ്ങള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ട്. എന്നാല്‍ ഇപ്പോഴുള്ളത് 36 ലക്ഷം കുട്ടികള്‍മാത്രം. ഇത്തരമൊരു സാഹചര്യത്തിലും ഈ വര്‍ഷം മാത്രം 555 അനധികൃത വിദ്യാലയങ്ങള്‍ക്ക് അണ്‍എയ്ഡഡ് മേഖലയില്‍ അംഗീകാരം നല്‍കി. കൂടാതെ ആയിരക്കണക്കിന് സിബിഎസ്ഇ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള എന്‍ഒസിയും നല്‍കി. സര്‍ക്കാരിന്റെ വികലമായ ഈ സമീപനംമൂലം കുട്ടികളില്ലാത്തതിന്റെ പേരില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച സാമൂഹ്യപ്രശ്‌നമായി മാറുന്നത് ഇപ്പോള്‍ നടക്കുന്ന സാമൂഹ്യധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഭൂരിപക്ഷംവരുന്ന തൊഴിലെടുക്കുന്നവരുടെയും അധഃസ്ഥിതരുടെയും സാധാരണക്കാരന്റെയും വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിച്ച് നിര്‍ത്തിയത് കേരളത്തിലെ പൊതുവിദ്യാലയങ്ങളായിരുന്നു. എന്നാല്‍ ഇതിനെതിരായ കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. പണമില്ലാത്തവന്‍ പഠിക്കേണ്ട എന്ന മനഃസ്ഥിതിയോടെ വിദ്യാഭ്യാസത്തെ വരേണ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വരേണ്യവര്‍ഗ വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ എണ്ണിക്കൊടുക്കേണ്ടിവരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിദ്യാലയങ്ങളില്‍ അധഃസ്ഥിതര്‍ക്കും സാധാരണക്കാരനും പ്രവേശനം അസാധ്യമാണ്. വിദ്യാഭ്യാസം നേടുന്നതിന് ജാതിയും പണവും ലിംഗഭേദങ്ങളും തടസമാവുന്ന, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നാം ഉച്ചാടനം ചെയ്ത രീതികള്‍ തിരിച്ചുകൊണ്ടുവരുന്നു. മധ്യവര്‍ഗത്തിന്റെ വികലമായ ചിന്തകളെ ചൂഷണം ചെയ്ത് സാര്‍വത്രിക വിദ്യാഭ്യാസം അട്ടിമറിക്കുന്നു. ദേശീയതലത്തില്‍പോലും മാതൃകയായ പാഠ്യപദ്ധതിയും പഠനരീതിയും പിന്തുണാസംവിധാനങ്ങളും അട്ടിമറിച്ചു. കുട്ടികള്‍ അറിവ് നിര്‍മ്മിക്കേണ്ടവരാണെന്ന കാഴ്ചപ്പാട് മാറ്റുകയും വിമര്‍ശനങ്ങള്‍ ഒന്നുമില്ലാത്ത വിധേയരെ മാത്രം സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയും പാഠ്യപദ്ധതിയും കൊണ്ടുവന്നു. പരീക്ഷകളെല്ലാം ഓര്‍മ്മ പരിശോധിക്കുന്ന സംവിധാനമായി മാറി. തങ്ങള്‍ പറയുന്നത് അച്ചടക്കത്തോടെ വിഴുങ്ങുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇതിനു പിന്നില്‍. ഇതോടൊപ്പം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നല്ല അടയാളങ്ങളെയെല്ലാം ഇവര്‍ തച്ചുടച്ചു. വിദ്യാലയവര്‍ഷം അവസാനിക്കാറായിട്ടും എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകം പോലും എത്തിക്കാനായിട്ടില്ല. അച്ചടിയിലും പേപ്പര്‍ വിതരണം ചെയ്തതിലും കോടികളുടെ അഴിമതിക്കഥകളാണ് നാം കേട്ടത്. പാഠപുസ്തക അച്ചടിയിലൂടെ അഴിമതി നടത്തുന്നതിനുവേണ്ടി ലക്ഷക്കണക്കായ കുട്ടികളുടെ ഭാവിയെയാണ് സര്‍ക്കാര്‍ പന്താടിയത്. പാഠപുസ്തകം ഇല്ലാത്തതിനാല്‍ പരീക്ഷപോലും മാറ്റിവെക്കേണ്ട സ്ഥിതി സംജാതമായി. പൊതുവിദ്യാഭ്യാസം തകര്‍ന്നാലും തങ്ങള്‍ക്ക് പണം ലഭിക്കണമെന്ന കച്ചവട മനസ്സാണ് ഈ ദുരന്തത്തിന് കാരണം. ഇതിനേക്കാള്‍ അപഹാസ്യമാണ് എസ്എസ്എല്‍സി പരീക്ഷയുടെ കാര്യം. ചരിത്രത്തില്‍ ആദ്യമായാണ് എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടും മൂന്നും തവണ തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവന്നത്. സര്‍ക്കാരിന്റെ അനാവശ്യതിടുക്കവും പിടിപ്പുകേടുംമൂലം അപഹാസ്യരായത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകസമൂഹവുമാണ്. പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിവന്നിരുന്ന ഉച്ചഭക്ഷണ പദ്ധതിയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ ആരംഭിച്ച ഉച്ചക്കഞ്ഞി പദ്ധതി 2006 ലെ വിഎസ് സര്‍ക്കാരാണ് സമഗ്രപോഷകാഹാര പദ്ധതിയാക്കി ഉയര്‍ത്തിയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍, അരിയും പയറും പാലും സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്ന രീതി നിര്‍ത്തലാക്കി. ഒരു കുട്ടിക്ക് വെറും 5/6 രൂപ വീതം പണം അനുവദിച്ച് അതില്‍ നിന്ന് ചെറുപയര്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട, കടത്തുകൂലി, വിറക്, പാചകം തുടങ്ങിയ എല്ലാ ചെലവുകളും കണ്ടെത്തണമെന്നു നിഷ്‌കര്‍ഷിച്ചതോടെ ഈ പദ്ധതി താളംതെറ്റി. രൂക്ഷമായ വിലക്കയറ്റത്തിനിടയിലും ഉച്ചഭക്ഷണപദ്ധതി മുടങ്ങാതെ കൊണ്ടുപോയ പ്രഥമാധ്യാപകര്‍ കടക്കെണിയിലായി. കുട്ടികളുടെ സൗജന്യയൂണിഫോം പദ്ധതിയും അഴിമതിക്കുവേണ്ടി ഇതുപോലെ തകിടംമറിച്ചു. നാളിതുവരെ ഇല്ലാത്തവിധം വിദ്യാഭ്യാസമേഖലയെ ലീഗുവല്‍ക്കരിക്കുന്നു എന്ന ആക്ഷേപവും ഈ കാലഘട്ടത്തില്‍ ശക്തമായി ഉയര്‍ന്നുവന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികളെ നിയോഗിച്ചത് അവരുടെ ജാതിയോ മതമോ നോക്കി ആയിരുന്നില്ല. കഴിവിനായിരുന്നു മുന്‍ഗണന. എന്നാല്‍ ലീഗ് വിദ്യാഭ്യാസവകുപ്പിന്റെ ഭരണം കയ്യാളിയ നാള്‍മുതല്‍ കഴിവിനല്ല മാനദണ്ഡം മറിച്ച് മറ്റ് പരിഗണനകള്‍ക്കായിരുന്നു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍, ഐ.ടി.@.സ്‌കൂള്‍ ഡയറക്ടര്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍, ഓപ്പണ്‍യൂണിവേഴ്‌സിറ്റി കോ-ഓഡിനേറ്റര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവയെല്ലാം ഉദാഹരണം മാത്രം. തലസ്ഥാനത്ത് സ്ഥിരതാമസമാക്കാന്‍ ഒരു ലാവണം എന്നതായി എസ്.സി.ഇ.ആര്‍.ടി നിയമനങ്ങള്‍ എല്ലാം. ലീഗിന്റെ പ്രാദേശിക നേതാക്കന്മാരെപ്പോലും ഇത്തരം സ്ഥാനത്തിരുത്താന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി എങ്ങിനെ ദാനം ചെയ്യാം എന്നതാണ് അവിടത്തെ വൈസ് ചാന്‍സലര്‍ ഗവേഷണം നടത്തിയത്. ലീഗിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നതോടൊപ്പം സ്വന്തംകാര്യം നോക്കാന്‍ കൂടി തുടങ്ങിയപ്പോഴാണ് പ്രശ്‌നം രൂക്ഷമായത്. വൈസ്ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നാണ് മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചത്. ഐ.ടി.@. സ്‌കൂള്‍ മേധാവികള്‍ തങ്ങള്‍ക്കറിയാവുന്ന ജോലിക്കായി വാഹനത്തില്‍ രാത്രികറങ്ങി അടിയുംകൊണ്ടോടിയ കാര്യങ്ങളും അങ്ങാടിപ്പാട്ടാണ്. മേധാവികളെ മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക ദിശയും നേതൃത്വവും നല്‍കേണ്ട രണ്ടാംനിര നേതൃത്വവും ലീഗുകാരായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍, എസ്.സി.ഇ.ആര്‍.ടി, സീമാറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടവരെ നിയമിച്ചതെന്ന് ന്യായമായും സംശയിക്കാം. കൃത്യമായി ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അക്കാദമിക മികവുള്ളവരെ കണ്ടെത്തുന്ന രീതിയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ലീഗ് അനുഭാവികള്‍ക്കായി ഇതെല്ലാം മാറ്റിവച്ചിരിക്കുന്നത്. പച്ചക്കോട്ട് ധരിച്ച് സ്‌കൂളില്‍ വരണമെന്നും പൊതുപരിപാടികളില്‍ പച്ച ബ്ലൗസ് ധരിച്ചുവരണമെന്നും ക്ലാസ്മുറികളില്‍ പച്ചബോര്‍ഡ്മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ എന്നുമുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അന്ധമായ ലീഗുവത്ക്കരണത്തിന്റെ ഭാഗമാണ്. ഇത്തരം നടപടികളിലൂടെ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ കൂടുതല്‍ വികൃതമാവുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയെന്ന നിലയില്‍ നാം കാണുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലകളെ തീര്‍ത്തും അവഗണിക്കുകയാണ്. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ അഴിമതി മാത്രം ലക്ഷ്യമാക്കികൊണ്ട് നൂറുകണക്കിന് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചുകൊണ്ട് വലിയ ഒരു കച്ചവടത്തിന് ഈ സര്‍ക്കാര്‍ നേതൃത്വം നല്‍കി. ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ സ്വീകരിച്ച ഏകജാലക പ്രവേശന സമ്പ്രദായം ഇന്ത്യയ്ക്ക് ആകെ മാതൃകയായിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനത്തിലും അഴിമതി നടത്തുന്നതിനുവേണ്ടി ഈ പ്രവേശന സമ്പ്രദായം തന്നെ അട്ടിമറിച്ചു. അലോട്ടുമെന്റുകള്‍ പരിമിതപ്പെടുത്തി. ഒഴിവുള്ള സീറ്റുകളില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ചു. ഈ മേഖലയില്‍ 5 വര്‍ഷം അധ്യാപക സ്ഥലംമാറ്റം നടത്തിയില്ല. അനധികൃതമായി പണം വാങ്ങിയാണ് സ്ഥലംമാറ്റം ഈ കാലയളവില്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ സംഘടന നടത്തിയ നിരന്തര സമരത്തിന്റെ ഫലമായി സ്ഥലംമാറ്റത്തിന് മാനദണ്ഡമുണ്ടാക്കിയെങ്കിലും മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്ഥലംമാറ്റം നടത്തിയതിനാല്‍ ഇന്നിപ്പോള്‍ ഇത് നിയമക്കുരുക്കിലാണ്. കേരളത്തില്‍ 1200 ഓളം തസ്തികകളില്‍ ഇപ്പോള്‍ രണ്ട് പേര്‍ വീതം ജോലിചെയ്യുന്നു. അത്രയും സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയും ഉണ്ടായിരിക്കുന്നു. വലിയ അക്കാദമിക് പ്രതിസന്ധിയാണ് ഈ മേഖല അഭിമുഖീകരിക്കുന്നത്. നാലുമാസമായി ഈ സ്ഥിതി തുടരുമ്പോഴും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തിയാകുന്നു. ഏറ്റവും മികച്ച ഹയര്‍സെക്കന്‍ഡറി മേഖലയേയും ഇവര്‍ തകര്‍ത്തിരിക്കുന്നു. അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയ യു.ഡി.എഫ് സര്‍ക്കാരിന് മാപ്പുനല്‍കാന്‍ അധ്യാപക സമൂഹത്തിനാവില്ല. അധ്യാപക സമൂഹം ആശങ്കയുടെ മുള്‍മുനയിലാണ്. തസ്തിക നിര്‍ണയം, പുനര്‍വിന്യാസം, അധ്യാപക പാക്കേജ്, ബാങ്ക് എന്നെല്ലാം പെരുമ്പറ മുഴക്കുകയും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാതെയും 5 വര്‍ഷം തികയുകയാണ്. ഏറ്റവും അവസാനം ഇതിനെല്ലാം പരിഹാരമായി എന്നുപറഞ്ഞ് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കോടതിവിധിക്കെതിരെ അപ്പീല്‍പോകുമെന്നും കോടതിവിധിക്കനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും ഉത്തരവില്‍ പറയുമ്പോള്‍ നിലവിലുള്ള ഉത്തരവിന്റെ പ്രസക്തിതന്നെ ഇല്ലാതാവുകയാണ്. ആയിരക്കണക്കിന് തസ്തികകള്‍ അധികമാവുകയും കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍പ്പോലും ഈ മേഖല മെച്ചപ്പെടുത്താനുള്ള സമീപനം സ്വീകരിക്കാതെ അനധികൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം കൊടുത്തുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ അധ്യാപക സമൂഹത്തെയും പൊതു സമൂഹത്തെയും ഇവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി ഇനിയും തുടരാന്‍ അനുവദിച്ചുകൂട. കേരളത്തില്‍ ഇടതുപക്ഷം ഭരിച്ച കാലഘട്ടങ്ങളിലെല്ലാം പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നുവെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ ബദല്‍നയങ്ങള്‍ ഉണ്ടായിരുന്നു. ഇത് നമുക്ക് തിരിച്ചുപിടിക്കണം. പിറക്കുന്ന ഓരോ കുഞ്ഞിനും അഭിരുചിയും ശേഷിയും ബുദ്ധിപരമായും കായികപരമായും മാനസികമായും യാതൊരുതടസ്സവും പരിമിതികളും കൂടാതെ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള സൗകര്യങ്ങളും അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുകയാണ് ഇടതുപക്ഷ ബദല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ബദല്‍ നയത്തിന്റെ ഭാഗമായി കെട്ടിപ്പടുത്ത നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ നന്മകളെയും ഈ സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നു. നമുക്ക് ഇത് വീണ്ടെടുത്തേ മതിയാകൂ.

ചിന്ത വാരിക

Sunday, September 27, 2015

ഒഞ്ചിയം കൊലയിലെ യുഡിഎഫ് രാഷ്ട്രീയം

ഭരണം നിലനിര്‍ത്താന്‍ എംഎല്‍എയെ വിലയ്ക്കെടുത്തവര്‍ക്ക് അതേകാര്യത്തിന് ഏതാനും ക്രിമിനലുകളെ വാടകയ്ക്ക് എടുക്കുന്നതില്‍ പ്രയാസമുണ്ടാകേണ്ടതില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകംകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫാണ്. ഏതു കുറ്റകൃത്യത്തിന്റെയും അന്വേഷണം, അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്നതിലേക്കാണ് ആദ്യം നീളുക. ഒഞ്ചിയത്തെ കൊലപാതകം തീവ്രവാദസ്വഭാവമുള്ള ക്വട്ടേഷന്‍സംഘത്തിന്റേതാണെന്ന് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആ സംഘത്തെ ആര് നിയോഗിച്ചു എന്നതാണ് പ്രശ്നം. ഇവിടെ സംഭവം നടന്നയുടനെ യുഡിഎഫ് നേതൃത്വം കാണിച്ച വെപ്രാളം ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്രശേഖരന്‍ ഒരു ഘട്ടത്തിലും യുഡിഎഫിനോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചയാളല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിനെ സഹായിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍പ്പോലും തന്റെ വിമതസഹചാരി എം ആര്‍ മുരളി (ഷൊര്‍ണൂര്‍)യുമായി ചന്ദ്രശേഖരന്‍ വിയോജിച്ചത് പ്രത്യക്ഷ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലാണ്. അങ്ങനെ അകന്നുനിന്ന ഒരാളുടെ മരണത്തില്‍ എന്തിന് യുഡിഎഫ് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിക്കണം? മരണവാര്‍ത്ത അറിഞ്ഞയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെ പ്രധാന പരിപടികള്‍പോലും ഒഴിവാക്കി കോഴിക്കോട്ടേക്ക് തിരിച്ചു; ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ കോഴിക്കോട്ടെത്തി. അത്തരമൊരു അസാധാരണമായ വികാരപ്രകടനത്തിന് എന്തായിരുന്നു അവര്‍ക്ക് പ്രേരകമായ ഘടകം? അത് ചന്ദ്രശേഖരനോടുള്ള താല്‍പ്പര്യമോ കൂറോ അല്ല എന്നത് വ്യക്തം. മുമ്പ് ഒരിക്കലും ഇല്ലാത്ത അത്രയും ദയനീയമാണ് യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് മുസ്ലിംലീഗിന്റെ അപ്രമാദിത്തം. മറ്റൊരു ഭാഗത്ത് കേരള കോണ്‍ഗ്രസിന്റെ മൂക്കുകയര്‍. ഏകാംഗകക്ഷികള്‍പോലും കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്തി നയിക്കുന്നു. പിറവത്ത് യുഡിഎഫിന് പിന്തുണ നല്‍കിയവര്‍തന്നെ പറയുന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പരിപൂര്‍ണമായി വിശ്വാസ്യത നഷ്ടപ്പെട്ട് നില്‍ക്കുന്നു. വിലക്കയറ്റത്തിന്റെയും ക്രമസമാധാനത്തകര്‍ച്ചയുടെയും അഴിമതിയുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കടുത്തരോഷത്തിലാണ്. ഇത്തരമൊരവസ്ഥയില്‍ യുഡിഎഫിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ അത്ഭുതംതന്നെ സംഭവിക്കണം. അങ്ങനെയൊരു അത്ഭുതമാണോ വടകരയില്‍ സംഭവിച്ചതെന്നാണ് യുക്തിബോധമുള്ളവര്‍ ആദ്യം പരിശോധിക്കേണ്ടത്. കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണെന്നത് പ്രധാനമാണ്. ഒഞ്ചിയത്തെ രാഷ്ട്രീയമെല്ലാവര്‍ക്കും അറിയാം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടാല്‍ ഒറ്റയടിക്ക് സിപിഐ എമ്മിനുമേല്‍ കുറ്റം ചാരാനാകുമെന്ന് യുഡിഎഫിന് നന്നായറിയാം. ആ അറിവാണ് ആസൂത്രണമായും പ്രയോഗമായും മാറിയതെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട യുഡിഎഫ് നാടകത്തില്‍നിന്ന് വ്യക്തമാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ആ പ്രദേശത്തുള്ളവര്‍ സംശയരഹിതമായി സ്ഥിരീകരിക്കുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നുതുടങ്ങി. സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും പൊലീസ് അന്വേഷണത്തിനുമുമ്പുതന്നെ പ്രതികളെ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുന്നവര്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ ആസൂത്രണത്തിന്റെ തിളപ്പല്ലാതെ മറ്റെന്താണിത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കെപിസിസി പ്രസിഡന്റിന് എന്താണ് സംസാരിക്കാനുള്ളത്? എല്‍ഡിഎഫ് ഭരണത്തെ സെല്‍ഭരണമായി ആക്ഷേപിച്ചവരാണ് ഇവരെന്ന് ഓര്‍ക്കണം. ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഒന്നിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് രഹസ്യചര്‍ച്ച നടത്തിയെങ്കില്‍, തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച പ്രതികളിലേക്ക് അന്വേഷണം എത്തിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി എന്നുതന്നെയാണര്‍ഥം. ഒഞ്ചിയത്ത് പുറത്തുപോയവര്‍ സിപിഐ എമ്മിന് ഭീഷണി ഉയര്‍ത്തിയിരുന്നു എന്നത് വസ്തുതയാണ്. തെറ്റിദ്ധരിക്കപ്പെട്ട് നിലപാടെടുത്തവര്‍ പാര്‍ടിയിലേക്ക് തിരിച്ചെത്തുന്നു എന്നത് അതിലും വലിയ വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു നേടിയ വിജയം സിപിഐ എമ്മിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്. 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ പൊതുജനമുന്നേറ്റമാണ് അതിന്റെ സമാപനസമ്മേളനത്തിലുണ്ടായത്. ആ മുന്നേറ്റത്തില്‍ ഒഞ്ചിയത്തുള്ള, പാര്‍ടിയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ വിവേകബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ഭീമ- കീചക സിദ്ധാന്തം ഒന്നോ രണ്ടോ വട്ടം പറയാം. അത് സാധൂകരിക്കാന്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, യാഥാര്‍ഥ്യം അതുകൊണ്ട് മൂടിവയ്ക്കാനാകില്ല. ആഭ്യന്തരമന്ത്രി പറഞ്ഞ വഴിയേ പൊലീസ് സഞ്ചരിക്കേണ്ടിവരും എന്നതിന്, കൊട്ടാരക്കരയിലെ അധ്യാപകനെതിരായ ആക്രമണ കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ പൊലീസിനുമുന്നേ പറക്കുന്നത് ചില മാധ്യമങ്ങളാണ്; അവയിലെ ഏതാനും ലേഖകരാണ്. കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തുടര്‍ച്ചയായി വിവിധതരത്തിലുള്ള "ബ്രേക്കിങ് ന്യൂസുകള്‍" അവര്‍ കൊണ്ടുവന്നു. ഒന്നിനും അടുത്ത ബുള്ളറ്റിനിലേക്കെത്താനുള്ള ആയുസ്സുപോലുമുണ്ടായില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ സിപിഐ എമ്മിനെയല്ല യുഡിഎഫിനെയാണ് ഈ കൊലപാതകവുമായി ബന്ധിപ്പിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചു എന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമ നവീന്‍ദാസ് കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി ബന്ധമുള്ളയാളാണ്. ക്വട്ടേഷന്‍ പാരമ്പര്യമുള്ള ചീഫ്വിപ്പ് പി സി ജോര്‍ജ് ഔദ്യോഗികപരിപാടികളില്ലാതെ മൂന്നുമാസംമുമ്പ് ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംഎല്‍എ സെല്‍വരാജിനെ കൂറുമാറ്റിച്ചശേഷം പി സി ജോര്‍ജ് അഹങ്കാരത്തോടെ പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ ഞെട്ടിക്കുന്ന ഒരു ബോംബുകൂടി പൊട്ടുമെന്നാണ്. സിനിമാക്കഥകളിലെപ്പോലെ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രതിസന്ധി മറികടക്കാനോ, കലാപം സംഘടിപ്പിക്കാനും കൊലപാതകങ്ങള്‍ നടത്താനും മടികാണിച്ച പാരമ്പര്യമല്ല യുഡിഎഫിനുള്ളത്. അതിനായി സംഘടിതമായ രാഷ്ട്രീയ മാഫിയാ സംഘവും പ്രവര്‍ത്തിക്കുന്നു. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നവര്‍ അതിലാണുള്ളത്; അവര്‍ക്കാണ് ഏറ്റവുമെളുപ്പം വാടകക്കൊലയാളികളെ സംഘടിപ്പിക്കാനുമാവുക. യുഡിഎഫിന്റെ നാള്‍വഴികളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തിയ അനുഭവം നിരവധിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തീവണ്ടിയില്‍ വെടിവച്ച രണ്ടു പ്രതികളില്‍ ഒരാള്‍ ആര്‍എസ്എസുകാരനും ഒരാള്‍ ശിവസേനക്കാരനുമായിരുന്നു. അവരെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിഎംപി നേതാവ് എം വി രാഘവനുമാണ്. ആ ക്വട്ടേഷന്‍ സംഘത്തിന്റെ വെടിയുണ്ടയാണ് ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴുമുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിയുടെ സമുന്നത നേതാവായിരിക്കെയാണ് അഴീക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ വധിക്കപ്പെട്ടത്. എംഎല്‍എയായിരുന്ന കുഞ്ഞാലി ഉള്‍പ്പെടെ അത്തരം അനേകം കൊലപാതകങ്ങള്‍. അങ്ങനെയുള്ള കടന്നാക്രമണങ്ങള്‍ അതിജീവിച്ചുള്ളതാണ് സിപിഐ എമ്മിന്റെ ഇന്നത്തെ വളര്‍ച്ച. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെയോ വിട്ടുപോകുന്നവരെയോ പിന്തുടര്‍ന്ന് വേട്ടയാടിയ സംഭവങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല. അത്തരക്കാര്‍ പാര്‍ടിക്കെതിരെ പരസ്യമായി ഇന്നും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള വസ്തുതയാണ്. ഇവിടെ സംഭവിച്ചത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അതിജീവിക്കാനുള്ള യുഡിഎഫിന്റെ അഭ്യാസമാണ്. ചന്ദ്രശേഖരന്റെ കൊലപാതകമാണോ അതിനുശേഷമുള്ള വികാരപ്രകടനങ്ങളാണോ അതോ അത് രണ്ടുംകൂടിയാണോ ആ അഭ്യാസം എന്നാണ് തെളിയിക്കപ്പെടേണ്ടത്. പി എം മനോജ് deshabhimani 070512
ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി വടകരയിലെ ടി പി ചന്ദ്രശേഖരന്റെ അരുംകൊലയെ സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് പരിധിവിട്ട് ശ്രമിക്കുന്നു. സിപിഐ എമ്മിന്റെ രക്തം ദാഹിച്ചുള്ള ആ പാച്ചിലില്‍ സ്വന്തം ഭൂതകാലം മറക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാപക നേതാവിനെത്തന്നെ കൊന്നുതള്ളിയ, നൂറുകണക്കിനാളുകളുടെ ജീവരക്തത്തിന്റെ കറപറ്റിയ ഇന്നലെകള്‍ കോണ്‍ഗ്രസിന്റെ പകയുടെയും കൊലവെറിയുടെയും മാറാലകെട്ടിയ ചിത്രം വരച്ചിടുന്നു. ഖദറിനുള്ളിലെ നരഭോജി രാഷ്ട്രീയം അനാവരണംചെയ്ത് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് തയ്യാറാക്കിയ പരമ്പര. മൊയാരത്ത് ശങ്കരന്റെ ജഡം എവിടെയാണ് സംസ്കരിച്ചത് എന്ന് ആര്‍ക്കുമറിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഏതോ മൂലയിലാകാം. ബാക്കിയായത് രക്തംപുരണ്ട ഒരു ഖാദി മുണ്ടും നെഹ്രുവിയന്‍ മേല്‍ക്കുപ്പായവും മാത്രം. കോയ്യാറ്റിലെ (കണ്ണൂര്‍ജില്ല) മൊയാരം ഹൗസില്‍ ഉലയാതെ സൂക്ഷിച്ച ആ പരുക്കന്‍ ഖാദിത്തുണികള്‍ പറയുന്നത് ഒരു പിതൃഹത്യയുടെ കഥയാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്. ആ സംഘത്തിന്റെ പേരിലും ഗാന്ധിനാമമുണ്ടായിരുന്നു- ഗാന്ധിയന്‍ ദേശരക്ഷാസമിതി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയപ്പോഴാണ് മൊയാരം ഇനി ജീവിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യകാല തൊഴിലാളി-കര്‍ഷക ബഹുജന സംഘാടകരില്‍ പ്രമുഖനും കോണ്‍ഗ്രസിന്റെ ചരിത്രരചയിതാവുമായ മൊയാരത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പഴക്കമുണ്ട് കേരളത്തില്‍ ഖദറിട്ട നരഭോജിരാഷ്ട്രീയത്തിന് എന്നര്‍ഥം. പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുലംകുത്തികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചത് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിക്ക് "ക്രൂരത"യായി തോന്നുന്നു. സ്വന്തം പാര്‍ടിയെ നയിച്ച നേതാവ് വിട്ടുപോയപ്പോള്‍ വളഞ്ഞിട്ട് തല്ലിവീഴ്ത്തി കൊല്ലാക്കൊലചെയ്ത് പൊലീസിനെ ഏല്‍പ്പിക്കുകയും ഇരുമ്പഴിക്കുള്ളില്‍ നരകിച്ച് മരിക്കാന്‍ വിടുകയും ചെയ്ത പാരമ്പര്യമോ? 1948 മെയ് 11ന് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുനീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട പൊലീസിനൊപ്പമെത്തി മൊയാരത്തിനുനേരെ ചാടി വീണത്. കുറുവടികള്‍ ആ ശരീരം തകര്‍ത്തു. ഖദര്‍ വസ്ത്രം ചോര വീണ് നഞ്ഞു. ആ ചോരയാലെ ലോക്കപ്പിലേക്കും ജയിലിലേക്കും. മൂന്നാംനാള്‍ മരണം. ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് ചോരപുരണ്ട വസ്ത്രം മാത്രം. കോണ്‍ഗ്രസ് കേരളത്തില്‍ വളര്‍ന്നത് ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിടുപണിചെയ്താണ്. നാണംകെട്ട ഒറ്റുകാരുടെ ഇന്നലെകളാണ് ആ പാര്‍ടിയുടേത്. കമ്യൂണിസ്റ്റ് ആശയങ്ങളെ ഉന്മൂലനംചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒറ്റുകാരാകാന്‍ അവര്‍ മടിച്ചുനിന്നില്ല. വിദേശികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഖദറിട്ട സായ്പന്മാര്‍ പരമാധികാരം ഏറ്റെടുത്തു. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയി എന്നകാരണം മതിയായിരുന്നു അവര്‍ക്ക് മൊയാരത്ത് ശങ്കരനെ കൊന്നുതള്ളാന്‍. മഹാമനീഷിയായ മൊയാരത്തിന്റേതിനേക്കാള്‍ വലിയ ഏതു രക്തസാക്ഷിത്വമുണ്ട് കേരളത്തില്‍ എന്ന ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ല-അന്നും ഇന്നും. വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പ്രാദേശികനേതാവ് കൊല്ലപ്പെട്ടപ്പോള്‍ കുറ്റം സിപിഐ എമ്മിനുമേല്‍ ചാരാന്‍ കോണ്‍ഗ്രസ് വെപ്രാളപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്തുപോയി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. ആ പ്രചാരണത്തിന് ആയുസ്സ് കൂട്ടാന്‍ ഭരണസംവിധാനങ്ങളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുന്നത് ചന്ദ്രശേഖരനെക്കുറിച്ച് മാത്രമാണ്. വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിനുനേരെയാണ്. അതിനവര്‍ക്ക് തെളിവുവേണ്ട; വസ്തുതകള്‍ വേണ്ട; യുക്തി വേണ്ട. സമാധാനത്തിന്റെ വെള്ളിപ്പറവകളായി കേരളീയര്‍ക്കുമുന്നില്‍ അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ ഭൂതകാലം ചോരക്കൊതിയുടെ കറുത്ത കറയില്‍ മുങ്ങിയതാണ്. പാര്‍ടിവിട്ടതിന് മൊയാരത്ത് ശങ്കരന് വധശിക്ഷ വിധിച്ചവര്‍ പിന്നീട് നടത്തിയ കൊലപാതകങ്ങളുടെ നിര നീണ്ടതാണ്. ചീമേനിയില്‍ അഞ്ചുപേരെ ജീവനോടെ ദഹിപ്പിച്ചതുള്‍പ്പെടെ. കുഞ്ഞാലിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ട കോണ്‍ഗ്രസിന്റേതാണ്. അഴീക്കോടന്റെ ജീവരക്തം പുരണ്ട കത്തിയുടെ ഒരറ്റത്ത് കോണ്‍ഗ്രസിന്റെ സ്പര്‍ശമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ വിളമ്പിയ ചോറില്‍ പടര്‍ന്ന ചോര കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ വാളുകളില്‍നിന്ന് തെറിച്ചതാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയ്ക്കും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും കോണ്‍ഗ്രസ് കൊന്നുതള്ളിയവരുടെ പട്ടികയ്ക്ക് സമാനമായി മറ്റൊന്നില്ല. അടിയന്തരാവസ്ഥയില്‍ അധികാരമത്തിന്റെ ചവിട്ടടിയില്‍ പിടഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ക്ക് കണക്കുപറയേണ്ടതും കോണ്‍ഗ്രസ് തന്നെ. ആരാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ചോദ്യം ഉയരുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കണ്ണുകള്‍ നീളാന്‍ ആ പാര്‍ടിയുടെ ചതിയുടെയും അറുകൊലയുടെയും ചോരപുരണ്ട ചരിത്രംതന്നെ പ്രചോദനം. (അവസാനിക്കുന്നില്ല) ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1 നാല്‍പ്പത്തിയൊന്നാംനാള്‍ മരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല- 1972 സെപ്തംബര്‍ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാവും പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരാണ് ആയുധമായത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. ഇന്നത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, തീവ്രവാദി സംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്. കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ ഓര്‍ക്കുന്നു: ""എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം"" അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, ""ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല."" എന്നാണ്. ആദ്യം അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല. അഴീക്കോടന്‍ വധത്തിനുമുമ്പാണ്, സിപിഐ എമ്മിന്റെ ഉശിരനായ മറ്റൊരു നേതാവിന്റെ ജീവന്‍ കോണ്‍ഗ്രസിന്റെ വെടിയുണ്ടയില്‍ അവസാനിച്ചത്. ഏറനാടിന്റെ പ്രിയപുത്രന്‍ സഖാവ് കുഞ്ഞാലിയുടേത്. നിലമ്പൂരിനടുത്ത ചുള്ളിയേട്ട് സിപിഐ എം ഓഫീസില്‍ നിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് 1969 ജൂലൈ 26ന് വൈകിട്ട് കുഞ്ഞാലിയുടെ നെഞ്ചില്‍ വെടിയുണ്ട തറച്ചുകയറിയത്. എതിര്‍വശത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടിവച്ചത്. അന്ന് കുഞ്ഞാലി എംഎല്‍എയും വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂര്‍ ബിഡിസി ചെയര്‍മാനുമായിരുന്നു. കാട്ടുരാജാക്കന്മാരും വന്‍കിട തോട്ടം ഉടമകളും ഇവരുടെ പിണിയാളുകളായ കോണ്‍ഗ്രസ് റൗഡികളുമാണ് കുഞ്ഞാലിയുടെ രക്തത്തിന് ദാഹിച്ചത്. കൊലക്കേസില്‍ ഇന്നത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതിയായി. ഉന്നതരായ രണ്ടു നേതാക്കളെ- അഴീക്കോടനെയും കുഞ്ഞാലിയെയും ഇല്ലാതാക്കിയതു കൊണ്ട് സിപിഐ എമ്മിനെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് പില്‍ക്കാലത്ത് തെളിഞ്ഞുകത്തിയ യാഥാര്‍ഥ്യം. ഏറനാട്ടിലും കേരളത്തിലാകെയും പാര്‍ടി വളര്‍ന്നതേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണെന്ന് രണ്ടു സംഭവവും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് സിപിഐ എമ്മിനുമേല്‍ കൊലപാതകി മുദ്ര ചാര്‍ത്താന്‍ മത്സരിക്കുന്നവരെല്ലാം അന്ന് കൊലയാളികള്‍ക്കൊപ്പം നഗ്നമായി നിലകൊണ്ടു. അഴീക്കോടനെ അഴിമതിക്കോടനെന്ന് വിളിച്ചത് അവരാണ്. കുഞ്ഞാലി കൊല്ലപ്പെട്ടപ്പോള്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ ആ അവസ്ഥയുണ്ട്: ""തോട്ടക്കാരുടെയും കാട്ടുരാജാക്കന്മാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും മറ്റും നിര്‍ദയമായ ചൂഷണം അനുഭവിച്ചിരുന്ന പാവപ്പെട്ടവരെ തട്ടിയുണര്‍ത്തി തന്റേടത്തോടെ തലയുയര്‍ത്തി നടക്കാന്‍ പഠിപ്പിച്ച ചെങ്കൊടിയോടും അതിന്റെ നേതാവായ സ. കുഞ്ഞാലിയോടും പിന്തിരിപ്പന്മാരുടെ പക കടുത്തതായിരുന്നു. കള്ളക്കേസുകള്‍, ഗുണ്ടാ ആക്രമണങ്ങള്‍, ഭവനഭേദനം തുടങ്ങിയ എല്ലാ അടവുകളും സ. കുഞ്ഞാലിയുടെയും സഖാക്കളുടെയും നേരെ പ്രയോഗിക്കപ്പെട്ടു. ഇതെല്ലാം അഹിംസാവാദികളായ ഗാന്ധിയന്‍ ബൂര്‍ഷ്വാപത്രങ്ങള്‍ വെള്ളതേച്ചുമറയ്ക്കാന്‍ ശ്രമിച്ചു. ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ശരിയായ സാധനാപാഠമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലമ്പൂര്‍ പ്രദേശത്തെപ്പറ്റി വന്‍കിടപത്രങ്ങള്‍ നടത്തിപ്പോന്ന പ്രചാരണം."" (1969 ജൂലൈ 29 ചൊവ്വ) അത്തരം പ്രചാരണങ്ങള്‍ കൊണ്ട് ഫലമില്ലെന്നു വന്നപ്പോഴാണ് കോണ്‍ഗ്രസ് തോക്കെടുത്തത്. ഇന്നും സംഘടിത പ്രചാരണം നടത്തുന്നു. തെളിവുകള്‍ക്കു പകരം സങ്കല്‍പ്പങ്ങളും നുണയും വാര്‍ത്തകളാകുന്നു. ഇല്ലാത്ത അറസ്റ്റുകള്‍, ചെയ്യാത്ത ഫോണ്‍കോളുകള്‍- യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടരുതെന്ന ശാഠ്യമാണ് അന്നും ഇന്നും അവരെ നയിക്കുന്നത്. ഇന്ന് ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ എമ്മിന്റെ തലയില്‍ അടിച്ചുറപ്പിക്കാന്‍ കഥാപരമ്പരകള്‍ സൃഷ്ടിക്കുന്നു. ഇവരുടെ അന്നത്തെ ധര്‍മം അഴീക്കോടന്റെയും കുഞ്ഞാലിയുടെയും കൊലയാളികള്‍ പിടിക്കപ്പെടാതിരിക്കാനുള്ളതായിരുന്നു. (അവസാനിക്കുന്നില്ല)

Thursday, September 10, 2015

ശ്രീനാരായണീയര്‍ പൊറുക്കണം; കാലം മാറിയത് അവരറിഞ്ഞില്ല . ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ

കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യനെ പെട്ടെന്ന് പ്രകോപിതനാക്കാനും വൈകാരികമായി പ്രതികരിപ്പിക്കാനും ഏറ്റവും യോജ്യമായ മാര്‍ഗമായി മതജാതി ചിന്തകള്‍ മാറുകയാണ്. ലോകത്തുണ്ടായ വൈജ്ഞാനികമുന്നേറ്റവും ശാസ്ത്രപുരോഗതിയും ജനതതിയെ മുന്നോട്ടല്ല, പിന്നോട്ടാണു നയിച്ചതെന്നതിന് ഇതില്‍പ്പരമൊരു തെളിവ് വേറെ വേണ്ട. തന്റെ കാലത്ത് നിലനിന്നിരുന്ന വിശ്വാസബിംബവത്കരണത്തെ എതിര്‍ത്താണ് ശ്രീബുദ്ധന്‍ രംഗത്തുവന്നത്. ഗൗതമന്റെ മരണശേഷം അധികം വൈകാതെ സാക്ഷാല്‍ ബുദ്ധന്‍തന്നെ പ്രതിമയാക്കപ്പെട്ടത് നാം കണ്ടു. മഹാന്മാര്‍ അനുസ്മരിക്കപ്പെടുന്നത് കേവലമൊരു ആഘോഷത്തിമര്‍പ്പിനുവേണ്ടിയാകരുത്. അവരുടെ ജീവിതസന്ദേശം പുതിയകാലത്തിന് പകര്‍ന്നുകൊടുക്കാനാവണം. യേശുക്രിസ്തുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ഗുരുനാനാക്കും ശ്രീനാരായണഗുരുവും ഓര്‍മിക്കപ്പെടുന്നതിന്റെ പ്രസക്തിയും അവിടെയാണ്. മനുഷ്യമനസ്സുകള്‍ക്ക് വെളിച്ചംപകരേണ്ട ഈ മഹത്തുക്കളുടെ ജീവിതം കാലുഷ്യങ്ങള്‍ക്കു വഴിവെയ്ക്കുന്നത് വിരോധാഭാസമാണ്. മതാഘോഷങ്ങള്‍ മതേതരമായാണ് ഒരു ബഹുസ്വരസമൂഹത്തില്‍ നടക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കായികാഭ്യാസവും കുറുവടിപ്രയോഗവുമുള്‍പ്പെടെ മതാഭിമുഖ്യഘോഷയാത്രകളടക്കം വര്‍ഗീയവാദികളുടെ മേല്‍ക്കൈയില്‍ നടന്നുവരുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നത് കണ്ടില്ലെന്നുനടിച്ച് കടന്നുപോകാന്‍ നവോത്ഥാനത്തിന്റെ നെരിപ്പോട് നെഞ്ചില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് കഴിയില്ല. ശ്രീകൃഷ്ണജയന്തിയുടെ മറവില്‍ മതേതരരായ നിഷ്‌കളങ്കവിശ്വാസികളുടെ കുടുംബങ്ങളിലേക്ക് കടന്നുകയറി കാവിപ്പട നടത്തുന്ന കുത്സിതനീക്കത്തിനെതിരെ സി.പി.എം. രംഗത്തുവന്നതും അതുകൊണ്ടാണ്. ഇത് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയുമാണ്. അവരത് പ്രകടിപ്പിക്കാന്‍ കൂട്ടുപിടിച്ചതാവട്ടെ ശ്രീനാരായണഗുരുവിനെയും. ഗുരുദര്‍ശനങ്ങളെ വര്‍ഗീയക്കോമരങ്ങള്‍ കുരിശിലേറ്റിയത് പ്രതീകാത്മകമായി അവതരിപ്പിച്ചത് തെറ്റായി വ്യാഖ്യാനിച്ചും ദുഷ്പ്രചാരണം നടത്തിയുമാണ് കൃഷ്ണസന്ദേശം അല്പംപോലും മനസ്സില്‍ പേറാത്തവര്‍ സി.പി.എമ്മിനെ നാരായണീയവിരുദ്ധരായി ചിത്രീകരിക്കുന്നത്. ക്ഷേത്രോത്സവങ്ങള്‍ ഹൈന്ദവവിശ്വാസികള്‍ വ്യവസ്ഥാപിതകമ്മിറ്റികള്‍ക്കുകീഴില്‍ നാട്ടാഘോഷമാക്കി കൊണ്ടാടുന്നതുപോലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയും മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ അത്തരമൊരു ചിന്തയ്ക്ക് വഴിതുറക്കുമെങ്കില്‍ അതാകും വര്‍ത്തമാനകാലത്തെ, നവോത്ഥാനത്തിന്റെ ഏറ്റവും വലിയ കേളികൊട്ട്. ജനകീയമതമായ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളില്‍ സഹോദരമതസ്ഥരെ നാലയലത്തുപോലും അടുപ്പിക്കാതെ നടത്തപ്പെടുന്ന ഒരേയൊരു പരിപാടി ആര്‍.എസ്.എസ്. സ്‌പോണ്‍സേഡ് ശോഭായാത്രകള്‍ മാത്രമാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള സ്‌നേഹിതന്മാര്‍ സഗൗരവം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ചകളും നബിദിനഘോഷയാത്രകളും നടക്കുന്നത് വ്യവസ്ഥാപിത പള്ളിക്കമ്മിറ്റികള്‍ക്കും മുസ്‌ലിം മതസംഘടനകള്‍ക്കും കീഴിലാണ്. ഒരിക്കലുമത് തങ്ങളിലെ വര്‍ഗീയവാദികള്‍ക്കോ തീവ്രവാദികള്‍ക്കോ അവര്‍ വിട്ടുകൊടുക്കാറില്ല. സമാനാവസ്ഥ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികള്‍ക്കുമുണ്ടായാല്‍ വിശ്വാസികള്‍ മതത്തോടു ചെയ്യുന്ന വലിയ പുണ്യമാകുമത്. നബിദിനാഘോഷം മുസ്‌ലിം തീവ്രവാദികളും വര്‍ഗീയവാദികളും ഹൈജാക്ക്‌ചെയ്ത് മുസ്‌ലിം കുടുംബങ്ങളില്‍ മതാന്ധത കുത്തിവെയ്ക്കാന്‍ ശ്രമിച്ചാല്‍ നബിദിനവും മതേതരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് മതനിരപേക്ഷവാദികള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനിയും കമ്യൂണിസ്റ്റ് വിരുദ്ധ 'കലിപ്പ്' തീരാതെ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം കേരളത്തെയും കാവിപുതപ്പിക്കലാണെന്നു തിരിച്ചറിയാന്‍ വൈകിയാല്‍ നഷ്ടം ഏതെങ്കിലുമൊരു പാര്‍ട്ടിക്കു മാത്രമാവില്ല, മലയാളക്കരയ്ക്കാകമാനമാകും, തീര്‍ച്ച. Mathrubhumi FRIDAY, SEPTEMBER 11, 2015