കേസരി എ
ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിന്റെ ശതാബ്ദിവർഷമാണ് ഇത്. 1922 മെയ് 14-നാണ് ബാലകൃഷ്ണപിള്ള സമദർശിയുടെ പത്രാധിപരായി
ചുമതലയേറ്റത്. പിന്നീട് 1935വരെയായി
പത്തുവർഷത്തോളം സമദർശി, പ്രബോധകൻ, കേസരി എന്നീ പത്രങ്ങളുടെ പത്രാധിപരായി അദ്ദേഹം
പ്രവർത്തിച്ചു. ഈ പത്രാധിപജീവിതംകൊണ്ട് പത്രപ്രവർത്തനത്തിന്റെ ഒരു
മാതൃകാഭൂപടംതന്നെ അദ്ദേഹം വരച്ചുതീർക്കുകയും ചെയ്തു. രാജാവിനും രാജവാഴ്ചയ്ക്കും
എതിരായ നിശിതവിമർശങ്ങളുടെ പേരിൽ സമദർശിയുടെ ഉടമയുമായി കേസരി തെറ്റിപ്പിരിഞ്ഞതിനെ
തുടർന്നാണ് സ്വന്തം ഉടമസ്ഥതയിൽ അദ്ദേഹം പ്രബോധകൻ എന്ന പത്രം പ്രസിദ്ധീകരിച്ചത്. പ്രബോധകന്റെ
പ്രസിദ്ധമായ ആമുഖപ്രസ്താവനയിൽ തന്റെ മാധ്യമദർശനം കേസരി വിശദമാക്കി. വാർത്താവിതരണത്തേക്കാൾ
വാർത്താവിശകലനത്തിനായിരിക്കും താൻ ഊന്നൽ നൽകുകയെന്ന് അദ്ദേഹം ആ പ്രസ്താവനയിൽ
പറയുന്നുണ്ട്. പത്രങ്ങൾ കുത്തകസ്ഥാപനങ്ങളായി വളരുന്നത് ഉടമകൾക്കല്ലാതെ
ജനാധിപത്യത്തിനും സമൂഹത്തിനും ഗുണകരമാകില്ലെന്നും കേസരി പറയുന്നുണ്ട്. മാധ്യമങ്ങളുടെ
കുത്തകവൽക്കരണവും വാർത്തകളുടെ നിസ്സാരവൽക്കരണവും നമ്മുടെ മാധ്യമജീവിതം
നേരിടാനിരിക്കുന്ന വലിയ വിപത്തുകളാണെന്ന് ഒരു നൂറ്റാണ്ടുമുമ്പേ കേസരി ചൂണ്ടിക്കാട്ടി.
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ വച്ചുപുലർത്തുന്ന നഗ്നമായ വലതുപക്ഷ
താൽപ്പര്യങ്ങളുടെയും മൂലധനസേവയുടെയും സന്ദർഭത്തിൽ കേസരി ഉയർത്തിപ്പിടിച്ച ഈ
നിലപാടുകൾക്ക് കൂടുതൽ പ്രസക്തി കൈവരുന്നുണ്ട്.
വിവാദ ലോകം
സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികളെ ഗൗരവപൂർവം വിശകലനം ചെയ്ത്, ജനങ്ങളുടെ ലോകബോധത്തെയും വൈജ്ഞാനിക
ധാരണകളെയും നവീകരിക്കുകയെന്ന ദൗത്യം കൈയൊഴിഞ്ഞു കഴിഞ്ഞു. പകരം
സെൻസേഷണലിസത്തിന്റെയും വിവാദപരതയുടെയും (ചിലപ്പോഴൊക്കെ ഇക്കിളികളുടെയും) ലോകമായി
വാർത്താവിനിമയത്തെ മാറ്റിത്തീർക്കാനാണ് അവ പണിപ്പെടുന്നത്. അടിസ്ഥാനപരമായി രണ്ടു
രീതിയാണ് ഇതിലുള്ളത്. ഒന്ന്: വലതുപക്ഷ രാഷ്ട്രീയത്തെ മറയില്ലാതെ പിന്തുണയ്ക്കുകയും
ഇടതുപക്ഷത്തെ പരമാവധി കടന്നാക്രമിക്കാനായി പച്ചക്കള്ളങ്ങൾപോലും പ്രചരിപ്പിക്കുകയും
ചെയ്യുക. രണ്ട്: മൂലധനതാൽപ്പര്യങ്ങൾക്ക് നിരുപാധികമായ പിന്തുണ ഉറപ്പാക്കുകയും
അതിലേർപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തോട് പരമാവധി കൂറുകാണിക്കുകയും ചെയ്യുക.
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ -പ്രത്യേകിച്ചും
ദൃശ്യമാധ്യമങ്ങളിലെ വലതുപക്ഷ പ്രകൃതം ഏറ്റവും നന്നായി വെളിപ്പെട്ടുവരുന്ന ഒരു
സന്ദർഭം വാർത്താവതരണങ്ങളുടേതാണ്. മൂന്നു തലമായാണ് ഈ വലതുപക്ഷവൽക്കരണം അരങ്ങേറുന്നത്.
ആദ്യത്തേത് പ്രകടവും ബാക്കി രണ്ടും പരോക്ഷവുമാണ്. പ്രകടമായ വലതുപക്ഷതാൽപ്പര്യം
തിരിച്ചറിയാൻ എളുപ്പമാണെങ്കിലും രണ്ടും മൂന്നും സമീപനം അങ്ങനെയുള്ളവയല്ല. പുറമേക്ക്
നിഷ്പക്ഷമെന്നോ, ഇടതുപക്ഷമെന്നോ
ഉള്ള പ്രതീതികൾ ഉളവാക്കിക്കൊണ്ടാണ് അവ വലതുപക്ഷരാഷ്ട്രീയം വാർത്താവിതരണത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. ഫലത്തിൽ, ആദ്യത്തേതിനേക്കാൾ അപകടകരവും
പ്രച്ഛന്നവുമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ കൂടുതൽ ആഴത്തിൽ തിരിച്ചറിയേണ്ടതും
പ്രതിരോധിക്കേണ്ടതുമായ ഒന്നായി അത് മാറിത്തീരുകയും ചെയ്യുന്നു.
ഒരു സമൂഹത്തിന് മാധ്യമങ്ങളിലൂടെ കൈവരേണ്ട അവബോധത്തിന്റെ
പ്രകൃതത്തെ മൂന്നു വാക്കിൽ ചുരുക്കിപ്പറയാനാകും. വിവരം, വ്യാഖ്യാനം,
വിമർശം എന്നിവയാണവ. വായനസമൂഹത്തിന്
പ്രാഥമികവസ്തുതകൾ
എത്തിച്ചുകൊടുക്കുക എന്നതിനെയാണ് വിവരം
എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരം വിവരങ്ങളെ മുൻനിർത്തി സംഭവങ്ങളെയും
സ്ഥിതിവിശേഷങ്ങളെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സമൂഹത്തിന്
പ്രാപ്തിയുണ്ടാക്കലാണ് വ്യാഖ്യാനം. നിലവിലുള്ള സമൂഹത്തെയും അതിന്റെ അറിവുകളെയും
വിമർശാത്മകമായി നോക്കിക്കാണാനും അതിനെ മറികടക്കാനും പ്രേരണചെലുത്തുന്നതാണ് വിമർശം.
വിമർശാവബോധരൂപീകരണമാണ് മാധ്യമപ്രവർത്തനത്തെ അടിസ്ഥാനപരമായി
ഇടതുപക്ഷപരമാക്കുന്നതെന്നും പറയാം.
പ്രാഥമികവിവരങ്ങളുടെ വിതരണം പ്രത്യക്ഷത്തിൽ നിഷ്പക്ഷമായി
അനുഭവപ്പെടാവുന്ന ഒന്നാണ്. എന്നാൽ, വ്യാഖ്യാനവും വിമർശാവബോധ രൂപീകരണവും പ്രകടമായിത്തന്നെ
രാഷ്ട്രീയനിലപാടുകൾ ആവശ്യപ്പെടുന്നുണ്ട്. ഒരു മാധ്യമത്തിന്റെ രാഷ്ട്രീയനിലപാട്
മനസ്സിലാക്കാനാകുക വിമർശാവബോധ രൂപീകരണത്തിൽ അവ എന്തു പങ്കുവഹിക്കുന്നു എന്നതിനെ
മുൻനിർത്തിയാണ്. വാർത്താവിനിമയത്തിന്റെ ഈ അടിസ്ഥാനപ്രകൃതത്തെ അട്ടിമറിച്ചുകൊണ്ടാണ്
മാധ്യമമണ്ഡലത്തിന്റെ വലതുപക്ഷവൽക്കരണം ഇപ്പോൾ അരങ്ങേറുന്നത്. വിവരം, വ്യാഖ്യാനം, വിമർശം എന്നതിൽനിന്ന് വിവരം, വിവാദം, വിനോദം എന്ന പുതിയൊരു ത്രിത്വത്തിലേക്ക് മുഖ്യധാരാ മാധ്യമജീവിതം വഴുതിക്കഴിഞ്ഞു.
വാർത്താവിതരണത്തിന്റെ പ്രാഥമിക ദൗത്യമായ വിവരവിനിമയത്തിന്റെ തലത്തിൽത്തന്നെ
നമ്മുടെ മാധ്യമമണ്ഡലം അങ്ങേയറ്റം വിഭാഗീയമായാണ് നിലകൊള്ളുന്നത്.
യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങൾ വസ്തുതകൾ എന്ന
നിലയിൽ പ്രചരിപ്പിക്കുകയാണ് ഇതിന്റെ രീതി. ഇടതുപക്ഷവിരോധമാണ് ഇതിന്റെ ആധാരഘടകം. ദുരിതാശ്വാസ
ക്യാമ്പിലെ പണപ്പിരിവും പ്രമേഹനിയന്ത്രണത്തിനായുള്ള ഉപകരണത്തെ ഏലസാക്കിയതുംമുതൽ
ബിരിയാണിച്ചെമ്പിലെ സ്വർണംവരെ പച്ചക്കള്ളങ്ങളുടെ ദീർഘപരമ്പരതന്നെ നമ്മുടെ
മാധ്യമങ്ങൾ സമീപകാലത്ത് നിർമിച്ചിട്ടുണ്ട്. (അതേസമയം കേന്ദ്രഭരണകൂടത്തിനെതിരെ
നടുനിവർത്തിനിന്ന് ഒരു വാക്കുപോലും പറയാതിരിക്കാനുള്ള "ജാഗ്രത'യും ഇവർക്കുണ്ട്!).
ഇടതുപക്ഷ വിരോധം
വിഷംനിറഞ്ഞ ഇടതുപക്ഷവിരോധത്തിനപ്പുറം, തങ്ങൾ നൽകുന്ന വാർത്തയുടെ പ്രാഥമിക
വസ്തുത വിലയിരുത്താൻപ്പോലും മുതിരാത്ത "വിവര'ങ്ങളായിരുന്നു അവയെല്ലാം. പഴയതിൽനിന്ന് വ്യത്യസ്തമായി, സമൂഹമാധ്യമങ്ങളിലെ ഓഡിറ്റിങ്ങിലൂടെ ഈ
പച്ചക്കള്ളങ്ങൾ അപ്പപ്പോൾത്തന്നെ നിലംപൊത്തുന്നുണ്ട്. അതുളവാക്കുന്ന പരിഭ്രാന്തികൾ
മുഖ്യധാരാ മാധ്യമങ്ങളിൽ പ്രകടവുമാണ്.
ഇതിൽനിന്ന് വ്യത്യസ്തവും കൂടുതൽ അപകടകരവുമായ
വലതുപക്ഷവൽക്കരണത്തിന്റെ മറ്റൊരു വഴി നമ്മുടെ മാധ്യമമണ്ഡലത്തിൽ പ്രബലമാണ്. മാധ്യമമണ്ഡലത്തിന്റെ
നിസ്സാരവൽക്കരണമെന്നോ ക്ഷുദ്രവൽക്കരണമെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണത്. വിവാദവും
അതിലെ വിനോദമൂല്യവുമാണ് ഇതിൽ പ്രധാനം. പൊതുജീവിതത്തിലെ സുപ്രധാന പ്രമേയങ്ങളെ
തമസ്കരിക്കുകയും നിസ്സാരതകളെയും ക്ഷുദ്രതകളെയും കൊണ്ടാടുകയും ചെയ്യുന്ന രീതി
എന്നിതിനെ മനസ്സിലാക്കാം. നമ്മുടെ ടെലിവിഷൻ ചർച്ചകളിൽ വിലയൊരു പങ്ക് ഇതാണ്. വിവാദരതിയിലും
അതിന്റെ വിനോദമൂല്യത്തിലുമാണ് അവ ഊന്നൽ നൽകുന്നത്. വിവാദനിർമാണം ഒരു വ്യവസായമാക്കി
മാറ്റുക, അവയ്ക്ക്
എരിവും പുളിയും നൽകി പരമാവധി വിനോദമൂല്യം ഉണ്ടാക്കുക എന്നതാണ് സ്ഥിതി. ഭരണഘടനാ
സംവിധാനങ്ങളിലെ തകർച്ചമുതൽ ഗുജറാത്ത് കൂട്ടക്കൊലയിലെ വാദികളെ പ്രതിയാക്കി
ജയിലിലടച്ചുതുവരെയുള്ള സംഭവങ്ങൾക്ക് നമ്മുടെ മാധ്യമങ്ങൾ നൽകിയ ഇടവും
ബിരിയാണിച്ചെമ്പിനും മറ്റും നൽകിയ ഇടവും സമയവും താരതമ്യപ്പെടുത്തിയാൽ ഇതു
വ്യക്തമാകും. സമൂഹജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളെ മറച്ചുപിടിക്കുകയും
കെട്ടുകഥകളെയും ക്ഷുദ്രതകളെയും വലിയ തോതിൽ ആഘോഷിക്കുകയും ചെയ്ത് ഒരു ജനതയുടെ
സാമൂഹ്യാവബോധത്തെതന്നെ അട്ടിമറിക്കാനും വലതുപക്ഷവൽക്കരിക്കാനുമാണ് ഇത്
പണിപ്പെടുന്നത്. മാനായിവന്ന മാരീചനെപ്പോലെ, വാർത്താവിശകലനത്തിന്റെ മുഖംമൂടിയണിഞ്ഞെത്തുന്ന അപവാദങ്ങൾ, ഗോസിപ്പുകൾ, വ്യക്തിഹത്യകൾ തുടങ്ങിയവയിലൂടെ
വികസിച്ചുവരുന്ന ക്ഷുദ്രതയുടെ വഴി. മൂന്നാംകിട വിവാദങ്ങളും ഇക്കിളികളും
പൊതുജീവിതത്തിന്റെ കേന്ദ്രമാണെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നു. പൊതുസമൂഹത്തിന്റെ
ആശയവിനിമയമണ്ഡലത്തെ അപ്പാടെ വലതുപക്ഷ യുക്തികൾക്ക് കീഴ്പ്പെടുത്തുന്നതാണ് ഈ സമീപനം.
മാധ്യമങ്ങളിൽ വരുന്ന പ്രകടമായ പച്ചക്കള്ളങ്ങളേക്കാൾ ദീർഘകാലസ്വാധീനവും ഫലവും
സമൂഹജീവിതത്തിൽ ഉളവാക്കുന്ന ഒന്നാണിത്.
പൊതുജീവിതത്തിന്റെ
ക്ഷുദ്രവൽക്കരണം
പൊതുജീവിതത്തിന്റെ ക്ഷുദ്രവൽക്കരണത്തിന് ഏറ്റവും ഉപയുക്തമായ ഒരു
ചർച്ചാരീതിയും നമ്മുടെ ദൃശ്യമാധ്യമങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിവൈകാരികതയും
ശബ്ദഘോഷവും ഒത്തുചേർന്ന ഒരു തർക്കവിവാദ മണ്ഡലമാണത്. അടിസ്ഥാനവസ്തുതകൾക്കും
യുക്തിപരമായ വിശകലനങ്ങൾക്കും കാര്യമായ ഒരിടവുമില്ലാത്ത, ഏതു പ്രമേയത്തിന്റെയും
ഉപരിതലത്തിലൂടെമാത്രം കടന്നുപോകുന്ന ഒരു ചർച്ചാമണ്ഡലം. ഇടതുപക്ഷവിരോധമാണ്
മിക്കവാറും സന്ദർഭങ്ങളിൽ അതിനെ നയിക്കുന്നത്. സമീപകാലത്ത് അറസ്റ്റിലായ നേതാവ് മുതൽ
കൊടിയ വർഗീയവാദികൾക്കുവരെ ദൃശ്യതയും മാന്യതയും നൽകിയത് ഈ ചർച്ചാവേദികളാണ്. അവർ
പറയുന്ന വിടുവായത്തങ്ങളാണ് സാമൂഹ്യ പ്രാധാന്യമുള്ള ആശയങ്ങളെന്ന് പൊതുസമൂഹത്തെ
തെറ്റിദ്ധരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വിജയിച്ചിട്ടുമുണ്ട്. അവതാരകരുടെ
അട്ടഹാസങ്ങൾമുതൽ അധിക്ഷേപങ്ങളും പുലഭ്യം പറയലുംവരെ അരങ്ങേറുന്ന ആ തർക്കയുദ്ധങ്ങൾ
സാമൂഹ്യാവബോധത്തെ ക്ഷുദ്രമാക്കുന്നതിൽ വലിയ വിജയം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ
മാധ്യമമണ്ഡലത്തിന്റെ വലതുപക്ഷവൽക്കരണത്തിനെതിരായ പ്രതിരോധത്തിന് മുഖ്യധാരാ
മാധ്യമങ്ങൾ പറയുന്ന പച്ചക്കള്ളങ്ങൾ തുറന്നുകാണിക്കുന്നതോടൊപ്പം കൊഴുത്തുവളരുന്ന ഈ
ക്ഷുദ്രവൽക്കരണത്തെയും ചെറുക്കേണ്ടതുണ്ട്. പൊതുബോധത്തെ കൂടുതൽ ആഴത്തിൽ
വലതുപക്ഷത്തേക്ക് നയിക്കുന്നതിൽ ഈ ക്ഷുദ്രവൽക്കരണത്തിനുള്ള പങ്ക് അത്രയും വലുതാണ്.
Wednesday Jul 20, 2022
Read more:
https://www.deshabhimani.com/articles/sunil-p-ilayidam-article/1032925
No comments:
Post a Comment