കെ രാജേന്ദ്രൻ - Monday Jul 18, 2022
തെലങ്കാന രൂപീകരണത്തിനുശേഷം ആന്ധ്രപ്രദേശിൽ ആകെ 13 ജില്ലയാണ് ഉണ്ടായിരുന്നത്. ജില്ലയുടെ എണ്ണം ഇരുപത്താറാക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാർ തീരുമാനിച്ചു. തീരദേശ ആന്ധ്രയിലെ കൊണാസീമയെ ‘ബി ആർ അംബേദ്കർ കൊണാസീമ' ജില്ലയെന്ന് പുനർനാമകരണം ചെയ്യുമെന്നതായിരുന്നു 2019ലെ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. അതു പാലിച്ചു. പ്രഖ്യാപനവും നടന്നു. പിന്നാലെ മെയ് 24ന് അമലാപുരം നഗരത്തിൽ സംഘപരിവാർ സംഘടനകൾ കലാപം അഴിച്ചുവിട്ടു. ജില്ലയ്‌ക്ക് ബി ആർ അംബേദ്കറുടെ പേരിടാൻ പാടില്ലത്രെ. സംഘപരിവാർ കണ്ണുരുട്ടിയപ്പോൾ തീരുമാനം പിൻവലിച്ചു.
ജില്ലകളുടെ പേരുമാറ്റങ്ങൾ രസകരമാണ്. വിജയവാഡയുടെ പേര് എൻ ടി ആർ (എൻ
ടി രാമറാവു) എന്നും പുട്ടപർത്തിയുടെ പേര് സത്യസായിയെന്നും തിരുപ്പതിയുടെ പേര്
ബാലാജിയെന്നും കടപ്പയുടെ പേര് വൈ എസ് ആർ കടപ്പയെന്നുമാക്കി. അതെല്ലാമാകാം. പക്ഷേ, ജനസംഖ്യയിലെ പകുതിയോളം ദളിതർ
ജീവിക്കുന്ന കൊണാസീമയ്ക്ക് അംബേദ്കറുടെ പേരിടരുത് എന്നതാണ് സംഘപരിവാറിന്റെ തീട്ടൂരം. ബി ആർ അംബേദ്കർക്ക് കൊണാസീമയുമായി
ആത്മബന്ധമുണ്ട്. തൊള്ളായിരത്തി നാൽപ്പതുകളിൽ ബി ആർ അംബേദ്കർ പലതവണ കൊണാസീമ
സന്ദർശിച്ചിരുന്നു. അംബേദ്കറുടെ ആഹ്വാനങ്ങളിൽ ആവേശംകൊണ്ട് ദളിതർ നടത്തിയ
സമരങ്ങളെത്തുടർന്നാണ് ഇവിടത്തെ നിസ്വവർഗത്തിന് വഴിനടക്കാനും ക്ഷേത്രങ്ങൾക്കകത്ത്
ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത്.
കൊണാസീമ ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ പൊതുരാഷ്ട്രീയ
സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമാണ് ഇത്. പക്ഷേ, ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു വനിത ചരിത്രത്തിൽ ആദ്യമായി
രാഷ്ട്രപതിയാകുന്നു. ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തുവന്നത്
ജഗൻമോഹൻ റെഡ്ഡിയാണ്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാൾ രാഷ്ട്രപതിയാകുന്നതുകൊണ്ട് കൊണാസീമ ജില്ലയുടെ പേര് ബി ആർ അംബേദ്കർ
ജില്ലയെന്ന് പുനർനാമകരണം ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതിന്റെ കാരണം
അംബേദ്കർ തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്. രാഷ്ട്രപതിയെന്ന പദവിയെക്കുറിച്ചുള്ള
അബേദ്കറുടെ നിരീക്ഷണം ഇങ്ങനെ ‘നമ്മുടെ രാഷ്ട്രപതി അധികാരങ്ങൾ
ഒന്നുമില്ലാത്ത ഒരു തലവൻ മാത്രമാണ്. സ്വന്തമായി ഒന്നുംചെയ്യാനാകില്ല. ഒരുവിധ
അധികാരങ്ങളുമില്ലാത്ത പദവി'. ജൂലൈ 12ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ദ്രൗപദി മുർമു ആന്ധ്രപ്രദേശിൽ
എത്തി. കൊണാസീമയെക്കുറിച്ച് ചോദിക്കുന്നതിനായി ചുറ്റുംകൂടിയ മാധ്യമ പ്രവർത്തകരെ ബിജെപി നേതാക്കൾ തടഞ്ഞു. ആന്ധ്രയിൽ
മാത്രമല്ല, ഒരിടത്തും
ദ്രൗപദി മുർമു വാർത്താസമ്മേളനം നടത്തിയിട്ടില്ല. ബിജെപിയുടെ വാർത്താസമ്മേളനം
നടത്താത്ത ആദ്യത്തെ രാഷ്ട്രപതി സ്ഥാനാർഥിയാണ് ദ്രൗപദി മുർമു. നരേന്ദ്ര
മോദിയെപ്പോലെ ദ്രൗപദി മുർമുവിനും ചോദ്യങ്ങളെ ഭയമാണ്.
ആലങ്കാരിക പദവിയിലെ മഹാരഥന്മാർ
ഡോ. രാജേന്ദ്രപ്രസാദ് എന്ന മഹാരഥനെയാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ
രാഷ്ട്രപതിയാക്കിയത്. 12 വർഷക്കാലം
രാഷ്ട്രപതി കസേരയിലിരുന്ന ഡോ. രാജേന്ദ്രപ്രസാദ് 356–-ാം
വകുപ്പ് എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന് മാതൃക സൃഷ്ടിച്ചു. നീതിബോധവും
ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ 1959ൽ ഒന്നാം ഇ എം എസ് സർക്കാരിനെ പിരിച്ചുവിടാനുളള
ശുപാർശ അദ്ദേഹം തിരിച്ചയക്കുമായിരുന്നു. എന്നാൽ, ഇന്ദിര ഗാന്ധിയുടെ നിർബന്ധത്തെത്തുടർന്ന് നെഹ്റു കൽപ്പിച്ചത്
രാജേന്ദ്രപ്രസാദ് നടപ്പാക്കി.
നെഹ്റുവിൽനിന്ന് ഇന്ദിരായുഗം ആരംഭിച്ചതോടെ രാഷ്ട്രപതിമാർ കൂടുതൽ വഴക്കമുള്ള റബർ സ്റ്റാമ്പുകളായി മാറി.
ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടാൽ വീട്ടുമുറ്റം അടിച്ചുവാരാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച
രാഷ്ട്രപതിയായിരുന്നു ഗ്യാനി സെയിൽസിങ്. ഖാലിസ്ഥാൻ ഭീകരവാദം അഴിഞ്ഞാടിയിരുന്ന
കാലത്ത് സെയിൽ സിങ്ങിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ രാജീവ് ഗാന്ധി ചാരൻമാരെ വിന്യസിച്ചതായി
രഹസ്യാന്വേഷണവിഭാഗം മുൻ ജോയിന്റ് സെക്രട്ടറി എം കെ ഥർ ‘ഓപ്പൺ സീക്രട്ട്’ എന്ന
പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ദിരാവധത്തെത്തുടർന്ന് കോൺഗ്രസുകാർ സിഖുകാരെ കൂട്ടക്കൊല
ചെയ്തപ്പോൾ, സെയിൽ സിങ്
വെറും കാഴ്ചക്കാരനായി. ഗുജറാത്ത് വംശഹത്യാ സമയത്ത് കെ ആർ നാരായണനായിരുന്നു
രാഷ്ട്രപതി. അദ്ദേഹം നിശ്ചലനായിരുന്നില്ല. അടിയന്തരമായി ഇടപെടാൻ അന്നത്തെ
പ്രധാനമന്ത്രി എ ബി വാജ്പേയിയോട് ആവശ്യപ്പെട്ടു. ഗുജറാത്തിലേക്ക് പറന്ന വാജ്പേയി ‘രാജധർമം' പാലിക്കാൻ
മോദിയോട് ആവശ്യപ്പെട്ടു.
പരിമിതമായ അധികാരങ്ങൾക്കകത്തുനിന്നുകൊണ്ട് കെ ആർ നാരായണൻ ചെയ്ത ഇത്തരം ഇടപെടലുകൾ
നടത്താൻ പിന്നീടു വന്ന രാഷ്ട്രപതിമാർ തുനിഞ്ഞില്ല.
ദളിതർക്കിടയിൽ പുകയുന്ന ആർഎസ്എസ് വിരുദ്ധവികാരം
തണുപ്പിക്കാൻവേണ്ടിയാണ് 2017ൽ
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. എന്നാൽ, ദളിത്
വേട്ടകൾ നിർബാധം തുടർന്നു. ഉയർന്ന ജാതിയായ താക്കൂർ വിഭാഗത്തിലെ ഒരുസംഘം നടത്തിയ ക്രൂരമായ ബലാത്സംഗത്തെത്തുടർന്ന്, യുപിയിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടി 2020 സെപ്തംബർ 29ന് കൊല്ലപ്പെട്ടു. അച്ഛനമ്മമാരെപ്പോലും
പങ്കെടുപ്പിക്കാതെ യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. രാജ്യത്ത് പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സംഘടനവരെ ദുഃഖവും നടുക്കവും
രേഖപ്പെടുത്തി. ആർഎസ്എസ്
സർസംഘചാലക് മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ്
കോവിന്ദും മൗനംപാലിച്ചു. എണ്ണിയാൽ തീരാത്ത ദളിത് പീഡനങ്ങളാണ് രാജ്യത്ത് നിത്യേന
നടന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികൾ ഉയർന്ന ജാതിക്കാരെങ്കിൽ ബിജെപി സർക്കാരുകൾ
സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തരം ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്.
തഴയപ്പെടുന്നത് ഇങ്ങനെ
സമീപകാലത്ത് പട്ടികവിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ ശക്തി ഗണ്യമായ
തോതിൽ വർധിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ, ആലങ്കാരിക പദവികൾക്കുമപ്പുറം യഥാർഥ അധികാരകേന്ദ്രങ്ങളിൽനിന്നും ബിജെപി
ദളിതരെയും ആദിവാസികളെയും ബുദ്ധിപൂർവം മാറ്റിനിർത്തി. യുപിയിൽ ആദിത്യനാഥ്
മന്ത്രിസഭയിൽ ആകെ 24
ക്യാബിനറ്റ് മന്ത്രിമാരാണ് ഉള്ളത്. ജനസംഖ്യയിലെ 22 ശതമാനംവരുന്ന ദളിത് വിഭാഗങ്ങൾക്ക് ആദിത്യനാഥ് നൽകിയത് ഒരൊറ്റ ക്യാബിനറ്റ് മന്ത്രിയെയാണ്. 18.50 ശതമാനംമാത്രം വരുന്ന ഉയർന്ന
ജാതിക്കാർക്ക് നൽകിയതാകട്ടെ 16. സവർണപക്ഷപാതം
ബിജെപി മന്ത്രിസഭകളിൽ മാത്രമല്ല, കേന്ദ്ര
സർവീസിലെ ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിലും പ്രകടമാണ്. ആകെയുള്ള 89 സെക്രട്ടറിമാരിൽ 85ഉം ഉയർന്ന ജാതിക്കാരാണ്. 275 ജോയിന്റ് സെക്രട്ടറിമാരിലെ 233 പേരും ഉയർന്ന ജാതിക്കാർ.
കേന്ദ്ര സർവീസിലെ 8.72 ലക്ഷം സ്ഥിരം തസ്കികകൾ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ചെലവുചുരുക്കലെന്ന
കാരണംപറഞ്ഞ് ഈ
തസ്തികകൾ നിർത്തലാക്കുക എന്നതാണ് ലക്ഷ്യം. അതോടെ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന നാലര ലക്ഷത്തോളംപേരുടെ സർക്കാർ ജോലിയെന്ന സ്വപ്നം ഇല്ലാതാകും. അധഃസ്ഥിത വിഭാഗങ്ങളുടെ സാമ്പത്തികവും
സാമൂഹികവുമായ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ചരിത്രപരമായ മാറ്റങ്ങൾ ഉണ്ടാക്കിയ
രണ്ട് നിയമമുണ്ട്, ദേശീയ
ഗ്രാമീണ തൊഴിലുറപ്പുനിയമവും ആദിവാസി വനാവകാശ നിയമവും. ഇടതുപക്ഷത്തിന്റെ ശക്തമായ
സമ്മർദത്തെത്തുടർന്നാണ് ഒന്നാം യുപിഎ സർക്കാർ രണ്ടു പദ്ധതിയും നടപ്പാക്കിയത്. വനാവകാശനിയമ
പ്രകാരം ഭൂമി ലഭിച്ച ആദിവാസികളെ ഭൂമിയിൽനിന്ന് ഇറക്കിവിടാനാകില്ല.
ഖനനം ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകണമെങ്കിൽ
ഗ്രാമസഭകളുടെ അനുമതി വേണമായിരുന്നു. എന്നാൽ, സുപ്രധാനമായ ഈ വ്യവസ്ഥയെ മറികടക്കാനായി മോദി സർക്കാർ വനസംരക്ഷണ
നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവന്നു. ഇനി കോർപറേറ്റുകൾക്ക് വനഭൂമി എളുപ്പത്തിൽ
കൈക്കലാക്കാം.
മോദി ഭരണത്തിൻ കീഴിൽ മിക്ക സംസ്ഥാനത്തും ഗ്രാമീണ തൊഴിലുറപ്പുപദ്ധതി
നിശ്ചലമാണ്. പദ്ധതി നടപ്പാക്കാൻ നടപ്പുവർഷം 2.64 ലക്ഷം കോടി രൂപയെങ്കിലും നീക്കിവയ്ക്കണം. എന്നാൽ, കഴിഞ്ഞ ബജറ്റിൽ നിർമല സീതാരാമൻ
വകയിരുത്തിയത് വെറും 73,000 കോടി. കോവിഡാനന്തരം രാജ്യത്തെ 23 കോടി പേർ ദാരിദ്ര്യത്തിലേക്ക് വഴുതിവീണു. ഇവരിലെ ഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരാണ്. ഈ
യാഥാർഥ്യങ്ങൾ ജനശ്രദ്ധയിൽനിന്ന് മറയ്ക്കണം. ഈ ലക്ഷ്യത്തോടെയുള്ള പുകമറയാണ് ദ്രൗപദി
മുർമു.
അധഃസ്ഥിതൻ സർസംഘചാലക് ആകുമോ ?
ഇന്ന് രാജ്യം ഭരിക്കുന്നത് ആർഎസ്എസാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ബിജെപി അധ്യക്ഷൻ തുടങ്ങിയ പദവികളിൽ
ഇരിക്കുന്നവരെല്ലാം സർസംഘചാലകിന് വിധേയരായിരിക്കണം. ജനസംഘത്തെ നയിച്ചിരുന്ന മൗലിചന്ദ്ര
ശർമയും ബൽരാജ് മഥോക്കും ബിജെപിയെ നയിച്ചിരുന്ന എൽ കെ അദ്വാനിയും അതിശക്തരായിരുന്നു.
എന്നാൽ, ആർഎസ്എസ്
സർസംഘചാലകുമാർ കണ്ണുരുട്ടിയപ്പോൾ അനുസരണയോടെ മൂവരും അധ്യക്ഷസ്ഥാനങ്ങൾ രാജിവച്ചു. ബിജെപിയുടെ
ദൈനംദിന പ്രവർത്തനങ്ങളിൽ ആർഎസ്എസ് താൽപ്പര്യം സംരക്ഷിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനായി 1997 മുതൽ
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി പ്രചാരകുമാരെ ചുമതലപ്പെടുത്താറുണ്ട്. ഇവർക്ക്
കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങളിൽ നേരിട്ട് സർസംഘ് ചാലക് ഇടപെടും.
1925 മുതൽ 2022 വരെയുള്ള 97 വർഷക്കാലയളവിൽ ഡോ. കേശവ് ബലിറാം
ഹെഡ്ഗേവാർ, ഡോ. ലക്ഷ്മൺ
വാമൻ പരഞ്ജ്പേ, മാധവ് സദാശിവ്
ഗോൾവാൾക്കർ, മധുകർ ദത്താത്രേയ ദേവറസ്, രാജേന്ദ്ര സിങ്, കെ എസ് സുദർശൻ, മോഹൻ ഭാഗവത് എന്നിങ്ങനെ ഏഴ് സർസംഘചാലകുമാർ ആർഎസ്എസിനെ നയിച്ചു. ഇവരെല്ലാം ഉയർന്ന
ജാതിയിൽപ്പെട്ടവരാണ്. ഉത്തരേന്ത്യയിൽ മണ്ഡൽ രാഷ്‌ട്രീയം ശക്തമായപ്പോൾ
പിന്നാക്കജാതിക്കാർക്കും ദളിതർക്കുമിടയിൽ വേരോട്ടമുണ്ടാക്കാൻ അബ്രാഹ്മണനായ ഒരാളെ
സർസംഘചാലകാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ക്ഷത്രിയനായ രാജേന്ദ്ര സിങ്ങിനെ
സർസംഘചാലകാക്കിയത്. പിന്നാക്കക്കാരനെയോ ദളിതനെയോ ഗോത്രവർഗക്കാരനെയോ പരിഗണിച്ചില്ല.
വിചാരധാര
മാത്രമല്ല, ബ്രാഹ്മണാധിപത്യത്തിന്
ഊന്നൽനൽകുന്ന മനുസ്മൃതിയും നടപ്പാക്കുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇന്നത്തെ
ഇന്ത്യൻ സാഹചര്യത്തിൽ പദ്ധതി പരസ്യമായി നടപ്പാക്കാൻ ആർഎസ്എസിന് സാധിക്കില്ല.അധഃസ്ഥിത
വിഭാഗങ്ങൾക്ക് ആലങ്കാരികപദവികൾ നൽകി പുകമറ സൃഷ്ടിച്ചാൽ ദൗത്യനിർവഹണം എളുപ്പമാകും. ദ്രൗപദി മുർമുമാരെ
ആലങ്കാരികപദവികളിൽ ഇരുത്തും. പക്ഷേ, സർസംഘചാലകിന്റെ കസേരയുടെ ഏഴയലത്ത് അടുപ്പിക്കില്ല. ആലങ്കാരികപദവികളിൽ
ഉപവിഷ്ടരാകുന്ന അധഃസ്ഥിതരുടെ എണ്ണമല്ല, നിത്യേന നടന്നുകൊണ്ടിരിക്കുന്ന ഹാഥ്‌രസുകളുടെ കണക്കാണ്
രാജ്യമെടുക്കേണ്ടത്.
കടപ്പാട്
Read more:
https://www.deshabhimani.com/articles/indian-presidential-election/1032529
No comments:
Post a Comment