Sunday, November 13, 2011

ശുംഭ-നിശുംഭ വ്യവഹാരം - വിജു.വി.നായര്‍


ശുംഭ-നിശുംഭ വ്യവഹാരം
പാര്‍ലമെന്‍ററി ജനാധിപത്യം ഒരു ശകടമാണെങ്കില്‍ അതിന്‍െറ ഡ്രൈവറായി വരും ലെജിസ്ളേച്ചര്‍. നിയമനിര്‍മാണം അതിന്‍െറ പണിയാണല്ളോ. ആ നിയമം ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുക, നിയമനടത്തിപ്പിലെ പരാതിയും പോരായ്മയും തീര്‍ക്കുക ഇത്യാദി ചെക്കര്‍പണിയാണ് ജുഡീഷ്യറിക്ക്. നിയമപാലനത്തിനുള്ള കണ്ടക്ടറാണ് എക്സിക്യൂട്ടിവ്, എന്നിരിക്കെ, ചെക്കറുകയറി സ്റ്റിയറിങ് പിടിച്ചാല്‍? വണ്ടിയുടമയായ ജനത്തിന് ചെക്കറെ പിടിക്കാന്‍ വകുപ്പില്ല, വേണമെങ്കില്‍ ഡ്രൈവറെ മാറ്റാം. ഈ ശകടത്തിന്‍െറ ഗതികെട്ട കിടപ്പുവശം അങ്ങനായിപ്പോയി. അല്ളെങ്കില്‍ പിന്നെ പൊതുവഴിയില്‍ പൊതുയോഗം വിലക്കാന്‍ ഒരു കോടതി ധൈര്യപ്പെടുമോ? അങ്ങനൊരു നിയമം ഇല്ളെന്നിരിക്കെ, കോടതിക്കെന്ത് അവകാശമാണ് അങ്ങനെയൊന്നുണ്ടാക്കാന്‍?
അടിസ്ഥാനപരമായ ആ ലളിതചോദ്യമല്ല, മറിച്ച് ഈ അതിക്രമത്തെ ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകന്‍െറ ശബ്ദകോശത്തിന്മേല്‍ വൈയാകരണ ചര്‍ച്ച നടത്തുകയും അയാളെ വില്ലനാക്കി തുറുങ്കിലടക്കുകയും ചെയ്യുന്ന പൗരസമൂഹത്തിന് മൊത്തത്തില്‍ ചേരുന്ന പേരല്ളേ ‘ശുംഭന്‍’? എം.വി. ജയരാജന്‍ കേസിന്‍െറ ല.സാ.ഗു ഇതല്ളെങ്കില്‍ പിന്നെന്താണ്?
എത്രയോ തലമുറകള്‍ യാതനാസമരങ്ങള്‍ ചെയ്തു നേടിയെടുത്ത പൗരാവകാശമാണ് പൊതുവഴിയും വഴിനടപ്പും പ്രതിഷേധസ്വാതന്ത്ര്യവുമെന്ന വസ്തുത എത്ര നിസ്സാരമായാണ് നമ്മള്‍, ‘വികസിത’ വിരുതന്മാര്‍ മറന്നുകളഞ്ഞത്. ആലുവയിലെ ഒരു പ്രബുദ്ധ പൗരന്‍െറ സ്വകാര്യ അലോസരതക്ക് ആരോടും കമാന്നു തിരക്കാതെ ചൂട്ടുപിടിച്ചുകൊടുത്തപ്പോള്‍ ചരിത്രബോധമില്ലാത്ത കോമാളിയായി ഒരു ഹൈകോടതി മാറിയെന്ന് വിളിച്ചുപറയാന്‍ കേരളത്തിലെത്ര കുഞ്ഞുങ്ങളുണ്ടായി. ക്ഷുഭിത യൗവനങ്ങളൊക്കെ ഫേസ്ബുക്കിലും ട്വിറ്ററിലും ‘ക്ഷ’ വരച്ചുകളിക്കുന്നു. പഴയ തുര്‍ക്കികള്‍ സീരിയല്‍ഛായയില്‍ വാര്‍ധക്യം മേയ്ക്കുന്നു. സാഹിത്യ, സാംസ്കാരിക നായേഴ്സ് വാലിട്ടുകണ്ണെഴുതിയും എഴുതിച്ചും സ്വന്തം ദീപ്തി മിനുക്കുന്നു. മാധ്യമകേസരികള്‍ ന്യൂസ്വില്ല് ബ്രേക് ചെയ്ത് പതീതപാവന സീതാറാം കളിക്കുന്നു. തമ്പ്രാന്‍െറ നഗ്നത വിളിച്ചുപറയാന്‍ ഒരുത്തനുണ്ടായപ്പോള്‍, എന്നാല്‍, ലവനെ പിടിക്കെന്നായി കൂട്ടക്കുരവ. ചരിത്രബോധം, പൗരാവകാശം, മണ്ണാങ്കട്ട.
അതുകൊണ്ടെന്താ, നമുക്ക് ചേരുംപടി ചേര്‍ന്ന ‘വിധി’തന്നെ ഒത്തുകിട്ടുന്നു. യഥാ കക്ഷി തഥാ ജഡ്ജി. ശുംഭന്‍ എന്നു വിളിച്ചാല്‍ കീടം എന്നു ന്യായാസനത്തിന്‍െറ മറുവിളി. വിധി പുല്ളെന്നു പറഞ്ഞാല്‍, പുല്ലുപോലെ പിടിച്ചകത്തിടും. തെറിക്കുത്തരം മേല്‍ത്തരം പത്തല്‍. ജനപ്രിയ വെടിവെട്ടങ്ങള്‍ക്ക് തികച്ചും യോജ്യമായ ഈ ‘നിലവാരം’ പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് ശഠിക്കുന്നത്,കോടതിയെ ബഹുമാനിക്കണമെന്ന്. അതൊന്നു മാത്രമേ പൊരുത്തക്കേടായുള്ളൂ -ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ?
പ്രശ്നം ‘നിലവാര’ത്തിന്‍േറതുതന്നെയാണ്. മനുഷ്യര്‍ നീതിന്യായ കോടതിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് നീതിയും ന്യായവും മാത്രമല്ല, അന്തസ്സ് (dignity) കൂടിയാണ്; ഏതൊരു വ്യവഹാരത്തിന്മേലും കോടതി തീര്‍പ്പുകല്‍പിക്കുമ്പോള്‍ അതിന് മനുഷ്യരുടെ സാദാ നീക്കുപോക്കുരീതിയില്‍ കവിഞ്ഞ ഒരു നിലവാരം സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ആഴക്കാഴ്ചയും ദൂരക്കാഴ്ചയും സമചിത്തതയുമൊക്കെ പ്രസരിപ്പിക്കുന്ന വിവേകമാണ് അതിന്‍െറ ആധാരം. ജയരാജന്‍ കേസില്‍ കോടതി ഇപ്പറഞ്ഞതില്‍ ഏതൊന്നാണ് പ്രസരിപ്പിച്ചത്?
ശുംഭന്‍ എന്നു വിളിച്ച് അവഹേളിച്ചു, കോടതിവിധി ധിക്കരിക്കാന്‍ നാട്ടുകാരെ ആഹ്വാനം ചെയ്തു ഇത്യാദി ന്യായങ്ങളെടുക്കുക. നീതിവിരുദ്ധമായ നിയമങ്ങള്‍ അവയുടെ പ്രകൃത്യാതന്നെ ലംഘിക്കപ്പെടാനുള്ളതാണ്. നീതിയിലേക്ക് നയിക്കപ്പെടാനുള്ള ഉപകരണപ്രസക്തിയേ ഏതു നിയമത്തിനുമുള്ളൂ. അതുകൊണ്ടാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെടുന്നത്. നീതി ആരും ‘അമന്‍ഡ്’ ചെയ്യാറില്ല. നിലവിലില്ലാത്തൊരു നിയമമായിരുന്നു പൊതുവഴിയിലെ യോഗനിരോധം. അതുണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ളെന്നിരിക്കെ സ്വന്തം നിലക്കുകയറി ലെജിസ്ളേച്ചറാവുകയും പൗരാവലിയുടെ അഭിമതം കൂസാതെ അധികാരഗര്‍വോടെ ടി ‘നിയമം’അടിച്ചേല്‍പിക്കുകയും ചെയ്തതിലെ അസഭ്യത കോടതി സമര്‍ഥമായി മറച്ചുവെക്കുന്നു. ജയരാജന്‍െറ ഭാഷാപ്രയോഗം ജുഡീഷ്യറിക്ക് അവഹേളനപരമായെങ്കില്‍, കോടതിയുടെ മേപ്പടി, മാടമ്പി പ്രയോഗം പൗരാവലിക്ക് മൊത്തത്തില്‍ അവഹേളനമാണ്. ഈ അസഭ്യതക്ക് കോടതിക്കെതിരെ ‘ജനാധിപത്യവിലക്ഷണ’തയുടെ പേരില്‍ ആരു കേസെടുക്കും? ചുരുക്കത്തില്‍ പ്രമേയത്തിന്‍െറ ആഴക്കാഴ്ച എന്ന ഒന്നാം ഘടകം കോടതിയെ ഒഴിഞ്ഞുപോയി. തൊലിപ്പുറ കാഴ്ചവെച്ചുള്ള ക്ഷോഭതാപങ്ങളാണ് നീതിപീഠത്തെ ഭരിച്ചതെന്നു വ്യക്തം.
രണ്ട്, ദൂരക്കാഴ്ച. അത് മുന്നോട്ടു മാത്രമുള്ളതല്ല, പിന്നോട്ടും കൂടിയുള്ളതാണ്. ജനങ്ങളുടെ വഴിയും വഴിനടപ്പുമൊക്കെ എങ്ങനുണ്ടായി എന്നറിയാന്‍ ജനാധിപത്യത്തില്‍ നീതിപീഠങ്ങള്‍ കൂടുതല്‍ ബാധ്യസ്ഥരാണ്. കാരണം, വന്നവഴി രാഷ്ട്രീയക്കാര്‍ മറക്കുമ്പോള്‍ അവരെ ചരിത്രം ഓര്‍മിപ്പിക്കേണ്ട ധര്‍മം കൂടിയുണ്ട് നീതിചിന്തകര്‍ക്ക്. തെരുവിലല്ളെങ്കില്‍ പിന്നെ വീട്ടിലിരുന്നും വെര്‍ച്വല്‍ ലോകത്തുമാണോ പ്രതിഷേധിക്കേണ്ടതെന്ന് പ്രായോഗികമായി ചിന്തിക്കാനും ‘കല്‍പന’ പുറപ്പെടുവിക്കുന്നവര്‍ ബാധ്യസ്ഥരാണ്. അതിലുപരി, പ്രതിഷേധങ്ങളുടെ സംഘടിതവും സാമൂഹികവുമായ രൂപങ്ങളെ ഇല്ലായ്മ ചെയ്ത് ആധിപത്യം പുതിയ രീതികളില്‍ സ്ഥാപിച്ചെടുക്കുന്ന ശക്തികള്‍ ജനവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന കഥയും ഭവിഷ്യത്തും തിരിച്ചറിയാനും കോടതിക്ക് ബാധ്യതയുണ്ട്. വിശേഷിച്ചും വിഭവചൂഷണത്തിന് കൊളോണിയല്‍ മാനം കൈവന്നിരിക്കുന്ന ഇക്കാലത്ത്. കേവലം പത്രവായനയെങ്കിലുമുള്ളവര്‍ക്കുവേണ്ടി ഈ വകതിരിവ് ഒരു ഹൈകോടതി കാണിച്ചില്ളെങ്കില്‍ ദൂരക്കാഴ്ച എന്ന ഘടകം ഹാജരില്ല എന്നല്ളേ അര്‍ഥം?
അവകാശനിഷേധത്തില്‍ ക്ഷുഭിതനായ പൗരനെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും തങ്ങളുടെ സവിശേഷാധികാരം വെച്ച് തുറുങ്കിലടക്കുകയും ചെയ്യുമ്പോള്‍ കോടതിയെ ഭരിച്ചത് വികാരമാണെന്ന് വ്യക്തം. കോടതിയലക്ഷ്യച്ചട്ടം ഐ.പി.സിയില്‍ വരുന്നതല്ല. അതിന് വ്യക്തമായ ജാമ്യാവകാശമുണ്ട്. അപ്പീല്‍ പോയി അന്തിമതീര്‍പ്പുവരും വരെ വിധി മരവിപ്പിച്ചുകിട്ടാന്‍ പ്രതിക്ക് സ്വാഭാവികാവകാശവുമുണ്ട്. രണ്ടും ബോധപൂര്‍വം നിരാകരിക്കുമ്പോള്‍ സമചിത്തതയുള്ള നീതിന്യായ വ്യവഹാരിയാവുകയല്ല, പ്രതികാര ദാഹിയായ അധികാരമൂര്‍ത്തിയാവുകയാണ് കോടതി ചെയ്തത്. അങ്ങനെ സമചിത്തത എന്ന മൂന്നാം ഘടകവും ഗോപി വരച്ചു.
ഇപ്പറഞ്ഞ മൂന്നും അസാന്നിധ്യമറിയിക്കുമ്പോള്‍ പിന്നെ അവക്കാധാരമായ വിവേകം എന്ന ഉരുപ്പടി കണികാണാന്‍ കിട്ടുമോ? സ്വാഭാവികമായും കോടതിയലക്ഷ്യക്കേസ് വെച്ച് യഥാര്‍ഥ കോടതിയലക്ഷ്യം പ്രകടിപ്പിച്ചത് കോടതി തന്നെയാണെന്ന് വരുന്നു. ജുഡീഷ്യറിക്ക് ചേരാത്ത പ്രകൃതവും പെരുമാറ്റവും അതുതന്നെ പ്രകടിപ്പിക്കുമ്പോള്‍ അവഹേളനം സെല്‍ഫ് ഗോളാകുന്നു.
നമ്മുടെ നീതിന്യായ കോടതി ഈ പരുവത്തിലായത് എന്തുകൊണ്ടെന്നാണ് പൗരാവലി ആലോചിക്കേണ്ടത്. സ്വന്തം അവകാശങ്ങള്‍ക്കുമേല്‍ സര്‍വ്വതും വാ കീറും, ശാഠ്യം പിടിക്കും. പക്ഷെ, അതോടൊപ്പമുള്ള ഉത്തരവാദിത്തങ്ങള്‍ സൗകര്യംപോലെ വിഴുങ്ങും. എന്‍െറ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് വിഘാതമാവരുതെന്ന സംയമനചിന്ത അടിസ്ഥാനപരമായി വേണ്ടത് ഉത്തരവാദിത്തബോധമുള്ള പൗരനാണ്. അത്തരം വൈയക്തിക ബോധങ്ങളുടെ സമഷ്ടിയിലാണ് സാമൂഹികമായ ഊഷ്മളത. ഈ നിലപാട് വ്യക്തികളിലൂടെ സ്ഥാപനങ്ങളിലേക്ക് സംക്രമിക്കുന്നു. വ്യക്തികളിലെന്നപോലെ അവന്‍ കയ്യാളുന്ന സ്ഥാപനങ്ങളിലും നിക്ഷിപ്തമായ അധികാരം സാമൂഹിക ഊഷ്മളതക്ക് വേണ്ടിയുള്ളതാണെന്ന വകതിരിവാണ് മര്‍മം. അതു വിഗണിക്കുമ്പോള്‍ ഊഷ്മളതയുടെ കാന്‍വാസ് നഷ്ടപ്പെടുന്നു. ജുഡീഷ്യറി ലെജിസ്ളേച്ചറിനെ കടത്തിവെട്ടുമ്പോഴും മറിച്ചും അധികാര പ്രയോഗം സാമൂഹികതയെ ജീര്‍ണിപ്പിക്കുകയാണ്. കേരളത്തിലെ വഴിനടപ്പിന്‍െറ രാഷ്ട്രീയം നിശ്ചയിക്കേണ്ടത് കോടതിയല്ല, നാട്ടുകാരാണ്. തെരുവില്‍ എങ്ങനെ യോഗം നടത്തണം, നടത്തരുത് എന്നതിന്‍െറ നിര്‍ണയാവകാശം തെരുവിന്‍െറ ഉടമകള്‍ക്കാണ്. -പൊതുജനത്തിന്. ഐ.പി.സിയും സി.ആര്‍.പി.സിയും വെച്ചല്ല അതൊന്നും നിര്‍ണയിക്കുക. പൗരസ്വാതന്ത്ര്യം അതിരുകടക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. കൂടിപ്പോയാല്‍, സര്‍ക്കാറിനോട് പോംവഴിയുണ്ടാക്കാന്‍ നിര്‍ദേശിക്കാം. അതിനപ്പുറം ചെക്കര്‍ കയറി സ്റ്റിയറിങ് പിടിക്കരുത്. അങ്ങനെ കവരുന്നത് മൗനമായി അനുവദിക്കുന്ന പൗരാവലി സ്വന്തം ജുഡീഷ്വറിയെ ചീത്തയാക്കുകയാണ്. ജയരാജന്‍െറ രാഷ്ട്രീയത്തോട് യോജിക്കാം, വിയോജിക്കാം. എന്നാല്‍, ടിയാനിലെ പൗരന്‍ നടത്തിയ പ്രതിഷേധം വാസ്തവത്തില്‍ കേരളീയ സമൂഹം ഒന്നടങ്കം നടത്തേണ്ട ഒന്നായിരുന്നില്ളേ? തെറ്റിപ്പോയ കോടതിയോട് ‘നോ’ പറയാന്‍ പൗരനാണ് അവകാശം, അതവന്‍െറ ഉത്തരവാദിത്തവുമാണ്്. ആ ‘നോ’യുടെ സ്വരംപരമായോ സംവൃതോകാരം ലോപിച്ചോ ഇത്യാദി ഉപരിപ്ളവതകള്‍ക്കുമേല്‍ വിചാരണ നടത്തി, തുറുങ്കുകാട്ടി വിരട്ടുമ്പോള്‍ കോടതി വീണ്ടും പൗരാവലിയെ അവഹേളിക്കുകയാണ്. പേടിച്ചായാലും അല്ളെങ്കിലും അതിനു മുമ്പില്‍ നാവിറങ്ങി നില്‍ക്കുന്ന സമൂഹം സ്വയം അവഹേളിക്കുക കൂടിയാണ്. ഈ ഒത്തുപൊരുത്തം ആര്‍ക്കാണ് ഭൂഷണം. ശുംഭനോ നിശുംഭനോ?


മാധ്യമം


Friday, November 11, 2011

ഉച്ചനീചത്വങ്ങളുടെ വന്‍ മതില്‍ കടന്ന് ക്ഷേത്രത്തിലേക്ക്മധുരക്കടുത്ത് ഉത്തപുരത്തെ മുത്താലമ്മന്‍ ക്ഷേത്രം. തൊഴുകൈകളോടെ നില്‍ക്കുകയാണ് കുറേ ദളിതര്‍ . ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മുത്താലമ്മനെ അവര്‍ മനംനിറയെ കണ്ടു. ശരിക്കും ഒരു തമിഴ് സിനിമയിലെ സീന്‍ പോലെയായിരുന്നു ആ കാഴ്ച.

രണ്ടു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനു ശേഷമാണ് വ്യാഴാഴ്ച ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരം അവര്‍ക്ക് കിട്ടിയത്. ആ കാഴ്ച കണ്ട് തെരുവില്‍ നിന്ന് സവര്‍ണ്ണ വിഭാഗത്തിലെ സ്ത്രീകളുടെ നിലവിളിയുയര്‍ന്നു. പക്ഷേ ഉത്തപുരത്തെ ദളിതരെ സംബന്ധിച്ചിടത്തോളം ചരിത്ര ദിവസമാണ്. വര്‍ഷങ്ങളായി അടിമത്തവും വഴി നടക്കാനുള്ള അവകാശവുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന ഉത്തപുരത്തെ ദളിതര്‍ക്ക് ഇനി മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ആരെയും ഭയക്കാതെ പ്രവേശിക്കാം. അയിത്ത മതില്‍ നിര്‍മിച്ച് ദളിതര്‍ക്ക് വഴിയില്ലാതാക്കിയ ഉത്തപുരത്തിന് സിപിഐ എം തണലിലാണ് നീതി ലഭിച്ചത്.


സംഘര്‍ഷം ഇല്ലാതാക്കാന്‍ സവര്‍ണവിഭാഗവും ദളിത് വിഭാഗവും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാറനുസരിച്ചാണ് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചത്. 2008ല്‍ അയിത്ത മതില്‍പൊളിച്ചുണ്ടാക്കിയ പാതയിലൂടെയാണ് ദളിതര്‍ ക്ഷേത്രത്തിലേക്ക് വന്നത്. ഈ പാതയില്‍ തടസ്സം ഉണ്ടാക്കി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. വര്‍ഷങ്ങളായി ദളിത്-സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി ഇരുവിഭാഗത്തിനുമെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിച്ചു. ഉത്തപുരത്തെ മുഴുവനാളുകള്‍ക്കും ഉപയോഗിക്കാന്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കുവാനും തീരുമാനിച്ചിരുന്നു. മുത്താലമ്മന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ ഇരുവിഭാഗത്തിനും സര്‍ക്കാരിനെ സമീപിക്കാമെന്നും അന്നു തീരുമാനിച്ചിരുന്നു. സമാധാനം നിലനിര്‍ത്താന്‍ ഇരു വിഭാഗവും പ്രതിജ്ഞാബദ്ധമാണ്. ദളിതരെ പ്രതിനിധീകരിച്ച് സിപിഐ എം നേതാക്കളായ പൊന്നയ്യ, ശങ്കരലിംഗം എന്നിവരും സവര്‍ണവിഭാഗത്തിനുവേണ്ടി ഓഡിറ്റര്‍ മുരുകേശനുമാണ് കരാറില്‍ ഒപ്പുവച്ചത്.

22 വര്‍ഷത്തെ ദളിത്-സവര്‍ണ പോരാട്ടം സമാധാനത്തിന് വഴിമാറിയതില്‍ സിപിഐ എമ്മിന്റെയും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെയും പ്രക്ഷോഭത്തിന് ലഭിച്ച അംഗീകാരമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സമ്പത്തുമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്.


മധുര ജില്ലയിലെ ഉശിലംപട്ടി താലൂക്കിലാണ് ഉത്തപുരം ഗ്രാമം. ദളിതര്‍ നടക്കുന്ന പൊതുവഴി 22 വര്‍ഷം മുമ്പ് സവര്‍ണര്‍ മതില്‍കെട്ടി അടച്ചു. അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മതില്‍ നിര്‍മിച്ചത്. തുടക്കത്തില്‍ ദളിതര്‍ ഇതിനെ ചോദ്യം ചെയ്തു. എന്നാല്‍ അധികാരവും പണവും ഉള്ള സവര്‍ണരെ ചെറുത്തുനില്‍ക്കാന്‍ ദളിതര്‍ക്കായില്ല. എങ്കിലും പലതവണ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിലെല്ലാം നിരവധി ദളിതരെ പൊലീസ് സഹായത്തോടെ വേട്ടയാടി. ദ്രാവിഡ പാര്‍ടികളൊന്നും സഹായത്തിന് എത്തിയില്ല. ആരോരുമില്ലാത്ത ദളിതര്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് സിപിഐ എം 19-ാം പാര്‍ടികോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം അയിത്തത്തിനെതിരെ പോരാട്ടം ശക്തമാക്കി. ഉത്തപുരം ഗ്രാമത്തില്‍ സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ പൊളിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് എത്തി. പ്രകാശ് കാരാട്ട് എത്തുന്നതറിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ അതിനു തലേന്ന് അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. സമരത്തിന്റെ ആദ്യവിജയം അതായിരുന്നു. പിന്നീടും ഉത്തപുരത്ത് സവര്‍ണ-ദളിത് സംഘര്‍ഷം നിലനിന്നു. ഒരു തവണ സിപിഐ എം പി ബി അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. ദളിതര്‍ക്ക് സ്വതന്ത്രമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം കിട്ടിയതോടെ ഉത്തപുരത്തെ ദളിതരുടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. ഇനിയും തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള ഉച്ചനീചത്വങ്ങളും അയിത്തവും

നിലനില്‍ക്കുന്നുണ്ട്. അതൊക്കെ തുടച്ചുനീക്കാനുള്ള തുടക്കമായി ഉത്തപുരത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ദേശാഭിമാനി

Tuesday, November 8, 2011

ഷെയിം ഓണ്‍ യു... യുവര്‍ ഓണര്‍....

Judicial pronouncements must be judicial in nature, and should not normally depart from sobriety, moderation and reserve (The State of Uttar Pradesh vs. Mohd. Naim AIR 1964, SC 703)

നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുളള ബാധ്യതയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ ന്യായാധിപന്മാര്‍ക്ക് ഒരധികാരവുമില്ലെന്ന് ഒരിക്കല്‍ തുറന്നടിച്ചത് സുപ്രിംകോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജെ. എസ്. വര്‍മയാണ്. ന്യായാധിപന്റെ നീതിബോധത്തിന് അടിസ്ഥാനം, ഭരണഘടനാപരവും നൈതികവുമായ ധര്‍മ്മനിഷ്ഠയാകണം എന്നായിരുന്നു മറ്റൊരു ചീഫ് ജസ്റ്റിസായിരുന്ന എസ്. എച്ച്. കപാഡിയയുടെ നിഷ്‌കര്‍ഷ. വിവേചനരഹിതമായ സാമാന്യവത്കരണങ്ങള്‍ വിധിന്യായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ അപഹാസ്യമാക്കുമെന്ന്, കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ നടത്തുന്ന പരിധിവിട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴൊക്കെ സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധമില്ലാത്ത നിരീക്ഷണങ്ങളും പ്രസ്താവനകളും നടത്തുന്നതിന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി രാംകുമാറിനുളള പ്രാഗത്ഭ്യം ഒന്നുവേറെയാണ്. ഇത്തരം കീഴ്വഴക്കങ്ങള്‍ക്കെതിരെ പരമോന്നത നീതിപീഠം നല്കിയ മുന്നറിയിപ്പുകളോ, തന്റെ തന്നെ പരാമര്‍ശങ്ങളെ അസാധുവാക്കിക്കൊണ്ട് പുറത്തുവന്ന വിധിന്യായങ്ങളോ ഒന്നും അദ്ദേഹത്തെ വിലക്കുന്നില്ല. റഹിം പൂക്കടശേരി വധശ്രമക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യവും അതിരൂക്ഷവുമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സുപ്രിംകോടതിയെയും താന്‍ കൂടി അംഗമായ കേരള ഹൈക്കോടതിയെയും നിര്‍ഭയം വെല്ലുവിളിക്കുകയായിരുന്നു ജസ്റ്റിസ് വി രാംകുമാര്‍. താന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ നീക്കം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിയെ പുറംകാലിന് തൊഴിച്ചെറിഞ്ഞാണ് അരുതായ്മകള്‍ ആവര്‍ത്തിക്കാനുളള ധാര്‍ഷ്ട്യം അദ്ദേഹം പ്രകടിപ്പിച്ചത്.

ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ജസ്റ്റിസ് രാംകുമാര്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ വിവാദ പരാമര്‍ശങ്ങള്‍ കേരളത്തില് കോളിളക്കമുണ്ടാക്കിയിരുന്നു. വിധി പ്രസ്താവിച്ച് ആറു മാസങ്ങള്‍ക്കകം ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആ പരാമര്‍ശങ്ങള്‍ അസാധുവാക്കി. ഇത്തരം കേസുകള്‍ പരിഗണിക്കവെ, സുപ്രിംകോടതി സ്വീകരിച്ച നിലപാടുകള്‍ അക്കമിട്ടു നിരത്തിയാണ് അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും ജസ്റ്റിസ് കെ. എം. ജോസഫുമടങ്ങുന്ന ഡിവിഷന് ബഞ്ച് ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്. ആ വിധിയ്ക്ക് അതെഴുതിയ കടലാസിന്റെ വില പോലും ജസ്റ്റിസ് രാംകുമാര്‍ നല്കിയില്ലെന്നാണ് റഹിം പൂക്കടശേരി വധശ്രമക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ അദ്ദേഹം വീണ്ടും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തെളിയിച്ചത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തിയ വേളയിലാണ് റഹിം പൂക്കടശേരി വധശ്രമക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് വി രാംകുമാര്‍ വിധി പറ‍ഞ്ഞത്. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നല്കുകയോ നിഷേധിക്കുകയോ ചെയ്ത് തികച്ചും സ്വാഭാവികമായി അവസാനിപ്പിക്കാവുന്ന കേസായിട്ടും അദ്ദേഹം സ്വീകരിച്ചത് ആ വഴിയല്ല. കേസ് അന്വേഷിച്ച പൊലീസ് സംഘം പ്രതികളെ (കശ്മീരില്‍ കൊല്ലപ്പെട്ട മൂന്നുപേരൊഴികെ) അറസ്റ്റു ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിലോ അറസ്റ്റിലോ പാളിച്ചയോ ദുരൂഹതയോ ആരോപിക്കപ്പെട്ടില്ല. എന്നിട്ടും ജാമ്യം നിഷേധിച്ചു കൊണ്ട് പ്രസ്താവിച്ച വിധിയില്‍ കേസുമായി ഒരു ബന്ധവുമില്ലാത്ത അത്യന്തം പ്രകോപനപരമായ ചില പരാമര്‍ശങ്ങള്‍ കൂടി അദ്ദേഹം ഉള്‍പ്പെടുത്തി. അവയിങ്ങനെയായിരുന്നു :

Women are afraid of walking even along busy highways and public streets because it is there that erotic adventurers and chain snatchers operate with impunity. Highway robbery is also on the increase. The police have become a fearful and dreaded force whom the common man shudders to beseech for help. The law and order in the State are in shambles and this is least felt in the corridors of power where the current sport is electioneering. Even in the case on hand, the constituency of the Home Minister had contributed a handful of hardcore criminals to execute the operation plotted by the main accused persons.
ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രിം കോടതി ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇങ്ങനെ നിരീക്ഷിച്ചു:

We fail to see the justification or occasion for making those observations. In the context of the case, the observations are plainly uncalled for and unwarranted. We therefore direct for their expunction.
കണ്ണൂരിലെ ഫസല്‍ വധക്കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് പ്രസ്താവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും ജസ്റ്റിസ് കെ എം ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് വി രാംകുമാറിന്റെ മേലുദ്ധരിച്ച പരാമര്‍ശങ്ങള്‍ അപഗ്രഥിക്കേണ്ടത്. ചില തീയതികള്‍ ശ്രദ്ധിക്കുക 2008 മാര്‍ച്ച് 11ന് ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട്, കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രം ഇടപെടണമെന്നും അതിന് ഗവര്‍ണര്‍ തലത്തില്‍ നീക്കം നടത്തണമെന്നും ജസ്റ്റിസ് വി രാംകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2008 സെപ്തംബര്‍ 24ന് നീക്കം ചെയ്യുന്നു. റഹിം പൂക്കടശേരി വധശ്രമക്കേസ് പരിഗണിക്കവെ ജസ്റ്റിസ് രാംകുമാര്‍ വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത് 2009 മാര്‍ച്ച് 24ന്. ആ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി നീക്കം ചെയ്തത് 2010 ജൂലൈ 12ന്. ഓരോ ആറുമാസത്തിനിടയിലും ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി മാത്രം സംസ്ഥാനസര്‍ക്കാര്‍ മേല്‍ക്കോടതികളെ സമീപിക്കേണ്ട അവസ്ഥ എത്ര കാലം തുടരണം...?

തങ്ങള്‍ അപ്രമാദികളാണെന്ന് തെറ്റിദ്ധരിക്കുന്ന ജഡ്ജിമാര്‍ പലപ്പോഴും അധികാരപരിധിയ്ക്ക് പുറത്തുളള വിഷയങ്ങളെക്കുറിച്ച് വിവേചനരഹിതമായി അഭിപ്രായങ്ങളും പ്രഖ്യാപനങ്ങളും നടത്താറുണ്ട്. അത്തരം പരാതികള്‍ ഉയര്‍ന്ന കോടതികള്‍ക്ക് മുമ്പാകെ എത്തിയിട്ടുമുണ്ട്. അപ്പോഴെല്ലാം നീതിവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ന്യായസങ്കല്‍പങ്ങളുടെ അന്തസത്ത തിരിച്ചറിഞ്ഞ ജഡ്ജിമാരെല്ലാം കടുത്ത ഭാഷയില്‍ ഈ അപഭ്രംശത്തെ അപലപിച്ചിട്ടുണ്ട്. വഴിവിട്ടപരാമര്‍ശങ്ങള്‍ നടത്തുന്ന ജഡ്ജിമാരോട് 1964ല്‍ തന്നെ സുപ്രിംകോടതി ഇങ്ങനെ പറഞ്ഞു:

It has been judicially recognised that in the matter of making disparaging remarks against persons or authorities whose conduct comes into consideration before courts of law in cases to be decided by them, it is relevant to consider (a) whether the party whose conduct is in question is before the court or has an opportunity of explaining or defending himself; (b) whether there is evidence on record bearing on that conduct justifying the remarks; and (c) whether it is necessary for the decision of the case, as an integral part thereof, to animadvert on that conduct.
വിവര്‍ത്തനം അപ്രസക്തമാക്കുംവിധം ലളിതമാണ് സുപ്രിംകോടതിയുടെ നിലപാട്. ആരെക്കുറിച്ചും എന്തും പറയാനുളള ഒരു ലൈസന്‍സും ജഡ്ജിമാര്‍ക്കില്ലെന്നാണ് പരമോന്നത കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഈ വാചകങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്താണ്, ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ജസ്റ്റിസ് രാംകുമാര്‍ നടത്തിയ രാഷ്ട്രീയപ്രസംഗം അസാധുവാക്കിയ വിധി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചത്. നീതിപീഠത്തിലിരുന്ന് നാക്കുവളയ്ക്കുമ്പോഴും വിധിതീര്‍പ്പെഴുതാന്‍ പേനയെടുക്കുമ്പോഴും ഈ വാക്യങ്ങള്‍ ഓര്‍ക്കണമെന്ന് ജസ്റ്റിസ് രാംകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു, ഡിവിഷന്‍ ബഞ്ച്.

കര്‍ണാടക ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രിംകോടതി 2000ല്‍ സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബഞ്ച് ജസ്റ്റിസ് രാംകുമാറിനെ ഓര്‍മ്മിപ്പിച്ചു:

Judicial disposition is definitely different from a paper presented for seminar discussion. Nor can it be equated with a dissertation. Judicial decorum requires that judgments and orders should confine to the facts and legal points involved in the particular cases which Judges deal with.
ഡിവിഷന്‍ ബഞ്ചിന്റെ വിധിയെയും അതിലുദ്ധരിച്ചു ചേര്‍ത്ത സുപ്രിംകോടതി നിലപാടുകളെയും പരമപുച്ഛത്തോടെ അവഗണിച്ചുകൊണ്ടാണ് ഒരു വധശ്രമക്കേസിലെ അപ്രധാനികളായ പ്രതികളുടെ ജാമ്യാപേക്ഷ തളളിക്കളഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയത്. ലൈംഗിക പീഡനവും മാല പൊട്ടിക്കലും നിര്‍ബാധം അരങ്ങേറുന്ന കേരളത്തിലെ തിരക്കേറിയ ഹൈവേകളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ക്ക് നടന്നുപോകാന്‍ ഭയമാണെന്നും തെരുവുകളില്‍ പിടിച്ചുപറി പെരുകുന്നുവെന്നും സാധാരണക്കാര്‍ക്ക് നീതിതേടി ചെല്ലാനാകാത്തവിധം ഭീതിദവും പൈശാചികവുമായ സേനയായി പൊലീസ് മാറിയെന്നും ആഭ്യന്തര മന്ത്രിയുടെ നിയോജകമണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്ന കേന്ദ്രമായി മാറിയെന്നുമൊക്കെയുളള നിരീക്ഷണങ്ങള്‍ക്ക് വസ്തുതയുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. സര്ക്കാരിനെതിരെയുളള പ്രചരണത്തിന് പ്രതിപക്ഷത്തിനുളള ആയുധമാക്കി നിസാരമായ ഒരു കേസിലെ കോടതിവിധിയെ അധപതിപ്പിക്കുകയായിരുന്നു, ജസ്റ്റിസ് വി രാംകുമാര്‍.

ഈ വാചകങ്ങള്‍ എഴുതിക്കൂട്ടിയ ജഡ്ജിയും അത്യാവേശത്തോടെ അവ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും ലളിതമായ ഒരു വസ്തുത സൗകര്യപൂര്‍വം വിസ്മരിച്ചു. റഹീം പൂക്കടശേരി വധശ്രമക്കേസിലെ പ്രതികളില്‍ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരെയും അറസ്റ്റു ചെയ്ത് കോടതിയ്ക്കു മുന്നിലെത്തിച്ചത്, ജസ്റ്റിസ് വി രാംകുമാറിന്റെ തറവാട്ട് കാര്യസ്ഥന്മാരുടെ സ്വകാര്യസേനയല്ല, മറിച്ച് കേരളത്തിലെ പോലീസാണ്. കുറ്റകൃത്യം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ പൊലീസിനെ ഭീകരസേനയെന്നും സാധാരണക്കാര്‍ സമീപിക്കാന്‍ ഭയക്കുന്ന പിശാചുക്കളെന്നും ആക്ഷേപിക്കുക വഴി സേനയുടെ ആത്മവീര്യമാണ് ന്യായാധിപന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.

കേസന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് അദ്ദേഹത്തിന് ആക്ഷേപമില്ല. പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകിയെന്നോ അന്വേഷണം അട്ടിമറിച്ചെന്നോ യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചെന്നോ കുറ്റാരോപണമില്ല. എന്നിട്ടും പോലീസിനെ ഭീകരസേനയെന്ന് ആക്ഷേപിച്ച ന്യായാധിപന്‍ നീതിപീഠത്തിലിരുന്ന് പ്രതിപക്ഷരാഷ്ട്രീയത്തിന്റെ പ്രചാരകവേഷം കെട്ടുകയായിരുന്നു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്ന് തരിപ്പണമായെന്ന പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഹൈക്കോടതി വഴി സാധൂകരിക്കുന്നതായിരുന്നു ജസ്റ്റിസ് രാംകുമാര്‍. അപ്രമാദിത്തത്തിന്റെ ലഹരിയും രാഷ്ട്രീയപ്പകയും ഒരു ന്യായാധിപനെക്കൊണ്ടെത്തിച്ചത്, കേസന്വേഷിച്ച് പ്രതികളെപ്പിടിച്ച പോലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ കോടതിയെത്തന്നെ കരുവാക്കുന്നതിലേയ്ക്കാണ്.

എത്രവിദഗ്ധമായാണ് ഈ കേസിലേയ്ക്ക് ആഭ്യന്തരമന്ത്രിയെ വലിച്ചിഴച്ചത്? ആഭ്യന്തരമന്ത്രിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണം ആരും ഉയര്‍ത്തിയിട്ടില്ല. അങ്ങനെയൊരു സൂചനയോ സംശയമോ ഇല്ല. എന്നിട്ടും ആഭ്യന്തര മന്ത്രിയുടെ നിയോജകമണ്ഡലമാണ് പ്രതികളെ സംഭാവന ചെയ്തതെന്ന പൈശാചികമായ പരാമര്‍ശം ജസ്റ്റിസ് രാംകുമാര്‍ നടത്തി. തന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്ന പ്രതികളുടെ മേല്‍വിലാസത്തില്‍ അവരുടെ അസംബ്ലി നിയോജകമണ്ഡലം തിരിച്ചറിയുന്ന ന്യായാധിപന്റെ അപഗ്രഥനവൈഭവവും ഭൂമിശാസ്ത്ര വിജ്ഞാനവും കെങ്കേമമെന്നേ പറയേണ്ടൂ. അവരവരുടെ നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന ക്രിമിനല്‍ കേസ് പ്രതികളുടെ ഉത്തരവാദിത്തം അതാത് ജനപ്രതിനിധിയ്ക്കാണെന്ന യുക്തിയും ഗംഭീരം. ഈ യുക്തിയുടെ ഭാരം ജനപ്രതിനിധികള്‍ക്കോ മന്ത്രിമാര്‍ക്കോ മാത്രമായി ചുരുക്കുന്നതും നല്ലതാണ്.

അല്ലെങ്കില്‍ ആകെ പിഴയ്ക്കും. കാരണം, പതിനഞ്ചു പ്രതികളില്‍ കണ്ണൂര്‍ സ്വദേശികള്‍ നാലുപേരേയുളളൂ. എറണാകുളം ജില്ലക്കാര്‍ അതിനെക്കാള്‍ കൂടുതലുണ്ട്. എറണാകുളത്താണ് ജസ്റ്റിസ് രാംകുമാറിന്റെ താമസം. അദ്ദേഹത്തിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച മൂന്നുപേരുള്‍പ്പെടെ ആറുപേര്‍ അദ്ദേഹത്തിന്റെ സ്വന്തം ജില്ലക്കാരാണ്. എന്നുവെച്ചാല്‍, വിധിയിലെ the constituency of the Home Minister had contributed a handful of hardcore criminals എന്ന ഭാഗം the district of the Hon'ble Justice V Ramkumar had contributed a handful of hardcore criminals എന്നു തിരുത്തിയാലും അര്‍ത്ഥവ്യത്യാസമോ വ്യാകരണപ്പിശകോ ഉണ്ടാകില്ല. ഹൈക്കോടതി ജഡ്ജി താമസിക്കുന്ന ജില്ല ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന് ആരോപിക്കുന്നതിലുളള അപഹാസ്യതയാണ് ആഭ്യന്തരമന്ത്രിയുടെ നിയോജകമണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന ദുസൂചനയ്ക്കുമുളളത്. രാഷ്ട്രീയപ്പകയില്‍ സ്വബോധം നഷ്ടപ്പെട്ട ന്യായാധിപന് അത് തിരിച്ചറിയാന്‍ കഴിയാതെ പോയി.

ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ ഉന്നം ഒട്ടും പിഴച്ചില്ലെന്ന് പിറ്റേന്നത്തെ പത്രങ്ങള്‍ നോക്കിയാലറിയാം. സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായി : ഹൈക്കോടതി എന്ന എട്ടുകോളം തലക്കെട്ടില്‍ മലയാള മനോരമ ഒന്നാം പേജില്‍ മാസ്റ്റ് ഹെഡിന് തൊട്ടുതാഴെ ഈ വാര്‍ത്ത വീശിയടിച്ചു. അധികാരികള്‍ തിരഞ്ഞെടുപ്പുകളിയിലായതിനാല്‍ ഇതറിയുന്നില്ലെന്ന ഉപതലവാചകം വേറെ നല്‍കി. മാതൃഭൂമി ആറുകോളം വലിപ്പത്തില്‍ അച്ചടിച്ച വാര്‍ത്തയുടെ തലക്കെട്ട്, ക്രമസമാധാനം തകര്‍ന്നു: ഹൈക്കോടതി എന്നായിരുന്നു.

കുറ്റകൃത്യങ്ങളുടെ അപകടഭൂപടം എന്ന് തലക്കെട്ടില്‍ തൊട്ടുപിറ്റേന്നുതന്നെ മനോരമ മുഖപ്രസംഗവും എഴുതി. "വിമര്‍ശനങ്ങളൊന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്കും നീതിനിഷ്ഠയ്ക്കും ഇളക്കം തട്ടിക്കുന്നില്ല എന്നാണ് ജസ്റ്റിസ് രാംകുമാര്‍ ചൊവ്വാഴ്ച തെളിയിച്ച"തെന്ന് പത്രം ഉച്ചത്തില്‍ വിളിച്ചുകൂവി. "സാധാരണക്കാര്‍ ആശ്രയിക്കാന്‍ മടിക്കുന്ന ഭയാനകശക്തിയായി പൊലീസ് മാറി"യെന്ന കോടതിയുടെ പരാമര്‍ശവും ഗൗരവമായി കാണണമെന്ന് സര്‍ക്കാരിനെ ഉപദേശിക്കാനും പത്രം മറന്നില്ല. പ്രതികളെ സംരക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ മറച്ചുവെയ്ക്കാനും ആഭ്യന്തരവകുപ്പ് ശ്രമിച്ചതിന്റെ ഫലമാണിതെന്നായി ഉമ്മന്‍ചാണ്ടി.

അധികാരികളല്ല, ജസ്റ്റിസ് രാംകുമാറും ഉമ്മന്‍ചാണ്ടിയും മനോരമയുമടങ്ങിയ ടീമാണ് തെരഞ്ഞെടുപ്പുകളി അതീവ കൗശലത്തോടെ കളിച്ചു തീര്‍ത്തത്. സര്‍ക്കാരിന്റെ ഗോള്‍പോസ്റ്റിലേയ്ക്ക് നിറയൊഴിക്കാന്‍ പാകത്തിന് പന്തെത്തിച്ച സെന്റര്‍ഫോര്‍വേഡായി ഹൈക്കോടതി ജഡ്ജി തന്നെ രംഗത്തിറങ്ങിയാല്‍ ഭരണവിരുദ്ധവികാരം ആളിക്കത്തും. ജഡ്ജിയുടെ കളി അനാവശ്യവും അനവസരത്തിലുമാണെന്ന് മാസങ്ങള്‍ക്കു ശേഷം സുപ്രിംകോടതി നിരീക്ഷിച്ചിട്ടും കാര്യമൊന്നുമില്ല. കളി തീര്‍ന്ന് കളിക്കാരും കാണികളും കളമൊഴിഞ്ഞ ശേഷം, ആഘോഷങ്ങളുടെ പൂരവിസ്മയങ്ങളും പരാജയത്തിന്റെ മൂകവിലാപങ്ങളും ഒടുങ്ങിത്തീര്‍ന്നപ്പോള്‍ ഓഫ് സൈഡിന് കൊടിയുയര്‍ത്തുന്ന ലൈന്‍മാന്റെ റോളേയുളളൂ ഇവിടെ സുപ്രിംകോടതിയ്ക്ക്. വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത് വെറും സാങ്കേതികമായ നടപടിക്രമം മാത്രം. ജസ്റ്റിസ് രാംകുമാറിന്റെ വിധിയും അതുണ്ടാക്കിയ വിസ്‌ഫോടനങ്ങളും കൈവരിച്ച രാഷ്ട്രീയലാഭങ്ങളെ അപ്രസക്തമാക്കാന്‍ സുപ്രിംകോടതിയ്ക്ക് ഒരിക്കലും കഴിയില്ല.

ഹൈക്കോടതിയുടെ വിധിന്യായം ജസ്റ്റിസ് രാംകുമാര്‍ വായിക്കുകയോ അതിന്റെ സത്ത അദ്ദേഹം ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് റഹിം പൂക്കടശേരി വധശ്രമക്കേസില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത്. മേല്‍ക്കോടതികളുടെ നിര്‍ദ്ദേശങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടില്‍ പെരുമാറുന്ന ന്യായാധിപനെയും വഹിച്ചുകൊണ്ട് നീതിന്യായസംവിധാനത്തിന് മുന്നോട്ടുപോകാനാവില്ല. വിധിന്യായങ്ങള്‍ പാലിക്കാനും മാനിക്കാനുമുളള ബാധ്യത പൊതുജനത്തിന് മാത്രമല്ല, ജഡ്ജിമാര്‍ക്കുമുണ്ട്. വിധിന്യായത്തിന്റെ മറവില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒരു ന്യായാധിപന്‍ നടത്തുക, അതേക്കുറിച്ചുളള പരാതി പരിഗണിച്ച മേല്‍ക്കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് പരാമര്‍ശങ്ങള്‍ അസാധുവാക്കുക, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഘനഗംഭീരമായ ഭാഷയില്‍ ഉദാഹരണങ്ങള്‍ നിരത്തി മുന്നറിയിപ്പ് നല്‍കുക, അതേ ജഡ്ജി വീണ്ടും അതേ തെറ്റ് നിര്‍ഭയം ആവര്‍ത്തിക്കുക, വീണ്ടും പരാതിക്കാരന്‍ സുപ്രിംകോടതിയെ സമീപിക്കുക, സുപ്രിംകോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുക... ഇതേത് വെളളരിക്കാപ്പട്ടണമെന്ന് അത്ഭുതപ്പെടുന്നവരുടെ പ്രതികരണം അല്‍പം പരുക്കനായിപ്പോകുന്നതില്‍ ഒരത്ഭുതവുമില്ല. "ജൂഡീഷ്യല്‍ അക്കൗണ്ടബിലിറ്റി" എന്ന പദപ്രയോഗത്തിന് എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ പല കേസുകളിലായി സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബോധപൂര്‍വം ലംഘിച്ച ജസ്റ്റിസ് വി രാംകുമാറിന്റെ ധാര്‍ഷ്ട്യത്തെ കോടതിയലക്ഷ്യമായി കാണാനുളള ആര്‍ജവം കേരള ഹൈക്കോടതിയും സുപ്രിംകോടതിയും പ്രകടിപ്പിക്കണം.

ജസ്റ്റിസ് വി രാംകുമാര്‍ ഒരു വ്യക്തിയല്ല, ഒരു മനോഭാവമാണ്. നിയന്ത്രണങ്ങളെയും നിയമങ്ങളെയും ജനാധിപത്യമര്യാദകളെയും ചവിട്ടിയരയ്ക്കുന്ന വിധിന്യായങ്ങള്‍ എഴുതുന്ന ആ മനോഭാവത്തിന് പൊതുസമൂഹത്തിന്റെ ഷെയിംവിളികള്‍ തന്നെയാണ് മറുപടി. ജസ്റ്റിസ് വി രാംകുമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് മാത്രം പ്രത്യേക ബഞ്ച് സൃഷ്ടിക്കേണ്ടി വരുമെന്ന ബാധ്യതയില്‍ നിന്ന് നീതിപീഠങ്ങളെ രക്ഷിക്കേണ്ട ചുമതലയും പൊതുജനമാണ് ഏറ്റെടുക്കേണ്ടത്. അതിനാല്‍ കോടതികളോടുളള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട്, പുരോഗമനപരമായ വിധിന്യായങ്ങളെഴുതിയ സകല ന്യായാധിപന്മാരുടെയും സ്മരണയ്ക്കു മുന്നില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് നമുക്കൊരുമിച്ച് ഉറക്കെ വിളിക്കാം...

ഷെയിം ഓണ്‍ യു... യുവര്‍ ഓണര്‍.....................


പേജിലേക്ക്

Sunday, November 6, 2011

നന്മ വിളഞ്ഞിടം - എ എം ഷിനാസ്
 • വംശ-വര്‍ണ വിവേചനമില്ലാതിരുന്ന നാട്
  സോവിയറ്റ് സമൂഹത്തില്‍ ഞാന്‍ കണ്ട അത്ഭുതകരമായ ഒരു കാര്യം വര്‍ണവിവേചനത്തിന്റെയും വംശീയവിവേചനത്തിന്റെയും അഭാവമാണ്. അവര്‍ വിദേശികളെ, ഇന്ത്യക്കാരായാലും ആഫ്രിക്കക്കാരായാലും അഫ്ഗാനിസ്ഥാന്‍കാരായാലും കരീബിയക്കാരായാലും രണ്ടാംകിടക്കാരായി ഒരിക്കലും പരിഗണിച്ചിരുന്നില്ല. മറിച്ച്, എല്ലാ വിദേശികളോടും സ്നേഹാദരങ്ങളോടെ അവര്‍ ഇടപഴകി. ഇന്ത്യക്കാരോട് സോവിയറ്റ് യൂണിയനിലുടനീളം, പ്രത്യേകിച്ച് ഉള്‍നാടുകളില്‍ പ്രത്യേക മമതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളേക്കാള്‍ സോവിയറ്റ് ജനതയെ, വിശേഷിച്ച് ഗ്രാമീണരെ ഹരംകൊള്ളിച്ചിരുന്നത് ഹിന്ദി സിനിമകളായിരുന്നു. 1990ല്‍ ജോര്‍ജിയയിലെ ഗോറി എന്ന ചെറുപട്ടണം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മഗ്രാമമാണത്. ഗോറിയിലെ ഒരു റസ്റ്റോറന്റില്‍ പരിചയപ്പെട്ട രണ്ട് തദ്ദേശീയ യുവാക്കള്‍ അഞ്ചു ദിവസം ഈ ലേഖകനെ പല വീടുകളില്‍ താമസിപ്പിച്ച് നൂറോളം ഗോറി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടേ അടങ്ങിയുള്ളൂ. "ഇതാ ഒരു ഇന്ത്യക്കാരന്‍ നമ്മുടെ ഗ്രാമത്തില്‍" എന്നു പറഞ്ഞുകൊണ്ടാണ് ഓരോ വീട്ടിലേക്കും കൊണ്ടുപോയിരുന്നത്. "ഇന്ത്യക്കാര"നെ കാണാനും പരിചയപ്പെടാനും കുട്ടികളും വൃദ്ധരും വരെയെത്തി.
  ഓരോ വീട്ടിലും വിഭവസമൃദ്ധമായ സദ്യയൊരുക്കി വീര്‍പ്പുമുട്ടിച്ചു. അഞ്ചാംദിവസം രാത്രി 11 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാനമായ തിബ്ലിസിയിലേക്ക് വണ്ടികയറുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ ഇന്ത്യക്കാരനെ യാത്രയാക്കാന്‍ 50 പേരെങ്കിലും എത്തിച്ചേര്‍ന്നിരുന്നു. മോസ്കോ, ലെനിന്‍ഗ്രാഡ് പോലുള്ള സ്ഥലങ്ങളിലായിരുന്നു ആഫ്രിക്കന്‍ -കരീബിയന്‍ വംശജരായ വിദ്യാര്‍ഥികള്‍ കൂടുതലും പഠിച്ചിരുന്നത്. "കറുമ്പന്‍" എന്ന് വിളിച്ച് അവരെ കളിയാക്കുന്നതോ മൃഗശാലയിലെ ജീവികളെയെന്നവണ്ണം അവരെ തുറിച്ചുനോക്കുന്നതോ അവിടെ പതിവുണ്ടായിരുന്നില്ല. പകരം കണ്ട കാഴ്ച അസൂയ ഉണര്‍ത്തുന്നതായിരുന്നു. കൂടെ പഠിക്കുന്ന സുന്ദരികളായ റഷ്യന്‍ പെണ്‍കുട്ടികളുടെ കൈ പിടിച്ച് പ്രണയലോലരായി മോസ്കോയിലെ പാര്‍ക്കുകളിലും മറ്റും നടക്കുന്ന ഒട്ടേറെ ആഫ്രിക്കന്‍ വിദ്യാര്‍ഥികളെ പലതവണ കാണുകയുണ്ടായിട്ടുണ്ട്. എന്നാല്‍ , സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം വംശീയവാദികളായ "സ്കിന്‍ ഹെഡു"കളുടെ (നവനാസികള്‍) ചെറുസംഘങ്ങള്‍ അങ്ങിങ്ങായി തലപൊക്കിയിട്ടുണ്ട്. പക്ഷേ, വിരലിലെണ്ണാവുന്ന അവര്‍ക്ക് റഷ്യന്‍ സമൂഹത്തില്‍ ഒട്ടും സ്വാധീനമില്ല.

  സ്ത്രീകള്‍ മുന്‍നിരയില്‍

  സോവിയറ്റ് യൂണിയനില്‍ സ്ത്രീകള്‍ക്ക് താരതമ്യേന ഉയര്‍ന്ന പരിഗണനയും പദവിയും ലഭിച്ചിരുന്നു. സോവിയറ്റ് ജീവിതത്തിന്റെ നാനാതുറകളില്‍ സ്ത്രീസാന്നിധ്യം ദൃശ്യവും പ്രകടവുമായിരുന്നു. ഡോക്ടര്‍മാരിലും അധ്യാപകരിലും എന്‍ജിനിയര്‍മാരിലും ശാസ്ത്രജ്ഞരിലും ഫാക്ടറി തൊഴിലാളികളിലും നല്ലൊരു വിഭാഗം സ്ത്രീകളായിരുന്നു. മോക്സോവില്‍ ട്രാം ഓടിച്ചിരുന്നവരില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. സോവിയറ്റ് നഗരങ്ങളിലെ മെട്രോ വണ്ടികളിലും സ്ഥിതി ഭിന്നമായിരുന്നില്ല. 1989ല്‍ മോസ്കോയില്‍ നിന്ന് അര്‍മീനിയയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയപ്പോള്‍ സ്ത്രീജീവനക്കാരുടെ ബാഹുല്യം നേരില്‍ കാണാനായി. ട്രെയിനിലെ ഓരോ കംപാര്‍ട്മെന്റിലും ഒരു ടിടിആര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കംപാര്‍ട്മെന്റില്‍ പ്രത്യേകം മുറിയുമുണ്ട്. യാത്രയിലുടനീളം അവര്‍ ഉണ്ടാവുകയുംചെയ്യും. രാവിലെ യാത്രക്കാര്‍ക്ക് ചായ പകര്‍ന്നു നല്‍കുന്നതും എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പരിഹരിക്കുന്നതുമൊക്കെ ടിടിആറിന്റെ ജോലിയാണ്.
  ഞാന്‍ കയറിയ ട്രെയിനിലെ ഭൂരിഭാഗം ടിടിആര്‍മാരും സ്ത്രീകളായിരുന്നു. മുപ്പതിനും നാല്‍പ്പതിനുമിടയ്ക്കായിരുന്നു അവരുടെ പ്രായം. മിക്കവരും സുന്ദരികള്‍ . (ഇവിടെയെങ്ങാനും അത്തരമൊരു സംവിധാനം വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിക്കുന്നത് കൗതുകകരമെന്നതിനേക്കാളേറെ ഭീതിജനകമാണ്.) മിക്ക റസ്റ്റോറന്റുകളുടെയും നടത്തിപ്പുകാര്‍ സ്ത്രീകളായിരുന്നു. പാചകക്കാരായി പുരുഷന്മാരെയാണ് ഏറെയും കണ്ടിരുന്നത്. ഞങ്ങള്‍ വിദേശവിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന മിക്ക ഹോസ്റ്റലുകളിലെയും കാന്റീനുകള്‍ നടത്തിപ്പോന്നത് സ്ത്രീകളായിരുന്നു. "വീട്ടുഭാര്യമാര്‍" സോവിയറ്റ് യൂണിയനില്‍ കുറവായിരുന്നു. മിക്ക കുടുംബങ്ങളിലും ഭര്‍ത്താവിനും ഭാര്യക്കും ജോലിയുണ്ടാവും. സ്ത്രീകളുടെ ഈ സ്വയംപര്യാപ്തത ആണ്‍കോയ്മയുടെ മൂര്‍ച്ച കുറച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. സ്ത്രീയുടെ വാക്കിനും കുടുംബത്തില്‍ വിലയുണ്ടായിരുന്നു. എന്നാല്‍ , ഉള്‍പ്രദേശങ്ങളായ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ , പ്രത്യേകിച്ച് അര്‍മേനിയ, അസര്‍ബൈജാന്‍ , മധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ എന്നിവിടങ്ങളില്‍ പിതൃമേധാവിത്വ മൂല്യങ്ങളും സ്ത്രീയുടെ വിവാഹപൂര്‍വ കന്യകാത്വ നിഷ്കര്‍ഷയുമൊക്കെ നിലനിന്നിരുന്നു.
  സ്ത്രീപീഡന-ബലാല്‍സംഗ സംഭവങ്ങള്‍ അത്യപൂര്‍വമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ഒരിടത്തും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എല്ലാം മിക്സഡ് ഹോസ്റ്റലുകളായിരുന്നു. മെഡിക്കല്‍ പഠനകാലത്ത് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ റഷ്യന്‍ പെണ്‍കുട്ടികളും അര്‍മേനിയന്‍ പെണ്‍കുട്ടികളും ഇന്ത്യ, സിറിയ, ലെബനന്‍ , ലാവോസ്, കമ്പോഡിയ, എത്യോപ്യ, ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അറിഞ്ഞിടത്തോളം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവമില്ല. അതേസമയം ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഒരു ആണും പെണ്ണും ഒന്നിച്ച് ഒരു മുറിയില്‍ താമസിക്കണമെന്ന് ആഗ്രഹിച്ചാല്‍ ഹോസ്റ്റല്‍ മാനേജര്‍ക്ക് അപേക്ഷ എഴുതിക്കൊടുത്താല്‍ മതി. ഇക്കാര്യത്തില്‍ പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യക്കാരെ കടത്തിവെട്ടി.
  സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് നിശിതമായ വേലിക്കെട്ടുകള്‍ തീര്‍ത്ത രാജ്യത്തുനിന്ന് വരുന്ന ഇന്ത്യക്കാര്‍ റഷ്യയില്‍ കിട്ടിയ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുകതന്നെ ചെയ്തു. അങ്ങനെ അഞ്ചും ആറും കൊല്ലം ഒന്നിച്ച് താമസിച്ച് ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായി തിരിച്ചെത്തിയ യുവതീയുവാക്കള്‍ക്ക് മതവും ജാതിയും പ്രദേശവും വ്യത്യസ്തമായതിനാല്‍ വിവാഹിതരാവാന്‍ പറ്റാതെ വന്നിട്ടുണ്ട്. ചിലരൊക്കെ ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവാഹജീവിതം നയിക്കുന്നുമുണ്ട്. 1989ല്‍ പോലും മോസ്കോനഗരത്തില്‍ രാത്രി രണ്ടുമണിക്കുപോലും സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ,സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഇടിച്ചുകളഞ്ഞു. ബോറിസ് യെട്്സിന്റെ കാലത്ത് ബീജാവാപം ചെയ്യപ്പെട്ട "ക്രോണി ക്യാപിറ്റലിസം" സ്ത്രീയെ വില്‍പ്പനച്ചരക്കാക്കി മാറ്റി. അവര്‍ക്ക് മുന്‍പ് സമൂഹത്തിലുണ്ടായിരുന്ന പദവിയും മാന്യതയും നഷ്ടപ്പെട്ടു.

  അട്ടിമറിക്ക് ശേഷം

  പാശ്ചാത്യ പ്രചാരണംപോലെ ഗോര്‍ബച്ചേവ് സോവിയറ്റ് ജനതയെ മോചിപ്പിക്കുകയായിരുന്നെങ്കില്‍ അദ്ദേഹത്തിന് നാട്ടില്‍ വന്‍ ജനസമ്മതി ലഭിക്കേണ്ടിയിരുന്നു.
  എന്നാല്‍ , അന്നും ഇന്നും റഷ്യയിലെ ഏറ്റവും ജനസമ്മതി കുറഞ്ഞ നേതാവാണ് ഗോര്‍ബച്ചേവ്. തകര്‍ച്ചയ്ക്കുശേഷം സോവിയറ്റ് ജനജീവിതം ദുരിതനിര്‍ഭരമായപ്പോള്‍ എല്ലാവരും ഗോര്‍ബച്ചേവിനെ ശപിക്കുകയും വെറുക്കുകയുമാണ് ചെയ്തത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ ഒരു റഷ്യന്‍ ഗ്രാമത്തില്‍വച്ച് ചീഞ്ഞ മുട്ടകൊണ്ട് ഗ്രാമീണര്‍ അദ്ദേഹത്തെ എറിയുകയും ചെയ്തിരുന്നു. തങ്ങള്‍ നയിച്ച താരതമ്യേന സ്വസ്ഥവും പട്ടിണിമുക്തവുമായ ജീവിതം തകര്‍ത്തെറിഞ്ഞ വ്യക്തി എന്ന നിലയിലാണ് ഭൂരിഭാഗം റഷ്യക്കാരും ഇപ്പോഴും ഗോര്‍ബച്ചേവിനെ കാണുന്നത്. എന്നാല്‍ , ഗോര്‍ബച്ചേവ് ഉത്തരോത്തരം പ്രിയങ്കരനായത് പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളിലാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതായി 1991 ഡിസംബര്‍ ഒടുവില്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ അര്‍മേനിയയിലായിരുന്നു. സിറിയയില്‍നിന്നും ജോര്‍ദാനില്‍നിന്നും പഠിക്കാനെത്തിയ ഒരു ചെറുസംഘം സമ്പന്ന പ്രവാസി അര്‍മേനിയന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അവരുടെ കാറുകളില്‍ അര്‍മേനിയന്‍ കൊടികെട്ടി അവിടെ ആഹ്ലാദപ്രകടനം നടത്തിയത്. തദ്ദേശീയരായ അര്‍മേനിയക്കാരാരും തെരുവിലിറങ്ങി ആഘോഷപ്രകടനങ്ങള്‍ നടത്തിയിട്ടില്ല.

  ദേശാഭിമാനി