Sunday, March 13, 2016

ചാനല്‍ വിടുവായത്തമല്ല കോടതി വിചാരണ - ഗൗരി


ബല്‍ബീര്‍ പുഞ്ച് ദേശീയാടിസ്ഥാനത്തില്‍ തന്നെ പ്രസിദ്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ബിജെപിക്കാരനാണ്. രാജ്യസഭയില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നവരില്‍ ഒരാളാണ്. 2016 ഫെബ്രുവരി 20ന് 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രത്തില്‍ അദ്ദേഹത്തിന്റേതായി ഒരു കിടിലന്‍ ലേഖനം, ആ പത്രത്തിന്റെ എഡിറ്റ് പേജില്‍ തന്നെ, കാച്ചിയിരിക്കുന്നു. ''Media thy name is double standard'' എന്നാണതിന്റെ ശീര്‍ഷകം. തലവാചകം വായിച്ചപ്പോള്‍ ഗൗരി വല്ലാതെ കോരിത്തരിച്ചുപോയി. മൂലധനശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന, വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൊടിപ്പടം ഉയര്‍ത്തി ഉറഞ്ഞുതുള്ളുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് മുഖ്യധാരാ (വലതുപക്ഷ) രാഷ്ട്രീയ രംഗത്തുനിന്നു ഒരാള്‍ പറയുകയോ? എന്നാല്‍ അതു വായിച്ചു കഴിഞ്ഞപ്പോഴാണ്, അദ്ദേഹം മാധ്യമ പ്രവര്‍ത്തകനെന്നതിലുപരി അക്ഷരാര്‍ഥത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താവായാണ് രംഗത്തെത്തിയിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞത്.
ലോകത്തെവിടെയുമുള്ള ഏതു ഫാസിസ്റ്റിനെയുംപോലെ സംഘപരിവാര്‍ വക്താക്കളും ആശയപരമായി നിലനില്‍പില്ലാത്ത, സത്യസന്ധമല്ലാത്ത സ്വന്തം നിലപാടുകളെ ന്യായീകരിക്കാന്‍ നിറംപിടിപ്പിച്ച നുണകളെയാണ്, പച്ചക്കള്ളങ്ങളെയാണ് അവലംബിക്കാറുള്ളത്. ഇവിടെ ബലവീര പുഞ്ചും 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ലേഖനത്തില്‍ ഏകപക്ഷീയതയെ, വക്രീകരണത്തെ, പെരുംനുണകളെയാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ആശ്രയിക്കുന്നത്. പൂഞ്ചാശാനെ പ്രകോപിപ്പിക്കുന്നത്, ഡല്‍ഹി ജെഎന്‍യു പ്രക്ഷോഭത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്ന തോന്നലാണ്. യഥാര്‍ഥത്തില്‍ ജെഎന്‍യു സംഭവങ്ങളെ സംഘപരിവാര്‍ ലൈനില്‍ അവതരിപ്പിക്കുകയായിരുന്നു പല ദേശീയ മാധ്യമങ്ങളും. അപൂര്‍വം ചിലവയാണ്, ഒരു ഘട്ടത്തില്‍ സംഘപരിവാറുകാര്‍ കെട്ടിപ്പൊക്കിയ ചില നുണകളെയെങ്കിലും, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ''ദേശവിരുദ്ധ'' മുദ്രാവാക്യം, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന പെരുംനുണയെ, പൊളിച്ചടുക്കാന്‍ തയ്യാറായത്. കനയ്യ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ തന്നെ സംഘപരിവാര്‍ അകത്തളങ്ങളില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ സാധനമാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നിട്ടും സംഘപരിവാറിനായി ഉടവാളൂരി ഉറഞ്ഞുതുള്ളിയ മാധ്യമങ്ങളൊന്നും തന്നെ തങ്ങളുടെ തെറ്റു തിരുത്താനുള്ള സൗമനസ്യംപോലും പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. എന്നിട്ടും പൂഞ്ച് പറയുന്നത്, ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് മാധ്യമങ്ങള്‍, ഇടതുപക്ഷത്തിനും ഇസ്ലാമിസ്റ്റുകള്‍ക്കുംവേണ്ടി കുഴലൂത്തു നടത്തുന്നതായാണ്.
പട്യാല കോടതിയില്‍വെച്ച് കനയ്യ കുമാറിനെ മാത്രമല്ല, സുപ്രീംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനിരയെപോലും ആക്രമിക്കുകയും സംഘപരിവാറിനെയും മോഡി ഗവണ്‍മെന്റിനെയും വിമര്‍ശിക്കുന്നവരെയെല്ലാം കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും തരംകിട്ടിയാല്‍ തല്ലുകയും ചെയ്യുന്നത് സംഘപരിവാര്‍ സംഘങ്ങളുടെ പൊതുകലാപരിപാടി ആക്കിയിരിക്കുന്നത് നാമെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ ഒട്ടും കലര്‍പ്പില്ലാതെ കണ്ടതാണ്, കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ പുഞ്ച് പറയുന്നത് ഇതെല്ലാം വ്യാജമെന്നാണ്. ഏതോ ചില ബിജെപി അണ്ണന്മാര്‍ ചില മാധ്യമ പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വം ഒന്നു തലോടിയതേയുള്ളൂ എന്നത്രെ പുഞ്ച് ഭാഷ്യം.
അപ്പോള്‍ പിന്നെ ഇരട്ടത്താപ്പെന്തെന്നല്ലേ? ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതോ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെ തകര്‍ക്കുന്നതിന്റെ ഭാഗമായി കനയ്യകുമാറിനെ വ്യാജ ആരോപണങ്ങളിന്മേല്‍ രാജ്‌നാഥസിങ്ങിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലുള്ളയാളെ കോടതിയില്‍ വെച്ചു തന്നെ സംഘപരിവാര്‍ തെമ്മാടിക്കൂട്ടങ്ങള്‍ തല്ലിച്ചതച്ചതോ ഒന്നുമല്ല സത്യമായ സംഗതി, പിന്നെയോ കണ്ണൂരെ ഒരു സംഘി ക്രിമിനല്‍, അതും ഇവനെ പേടിച്ച് പെണ്‍കുട്ടികള്‍ക്ക് സൈ്വരമായി വഴി നടക്കാന്‍പോലും പേടിക്കേണ്ട അവസ്ഥയിലുള്ള ഒരു തെമ്മാടി, കൊല്ലപ്പെട്ടത് ദേശീയ മാധ്യമങ്ങള്‍ ആഘോഷമായി അവതരിപ്പിച്ചില്ല എന്നതിലാണ് പൂഞ്ചിന് പരാതി. മാറാട് കലാപത്തിനു പിന്നിലും 'മാര്‍ക്‌സിസ്റ്റു'കാരാണെന്ന പെരുംനുണ എഴുന്നള്ളിക്കാനും ഈ സംഘി ചെകുത്താന്‍ മടിക്കുന്നില്ല. ഇതേ മാറാട് കേസാണ് ജുഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സിബിഐക്കു വിടുന്നതിനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ ബിജെപിയിലെയും മുസ്ലിംലീഗിലെയും പ്രമാണിമാര്‍ ഒത്തുകൂടിയതും സംഘിനേതാക്കളില്‍ ചിലര്‍ ലീഗു പ്രമാണിമാരില്‍നിന്നു പണം പറ്റിയതും സഹ്യനും കടന്ന് അങ്ങ് ദില്ലി സിംഹാസനത്തിനടുത്ത് ചുരുണ്ടു കൂടി കിടക്കുന്ന പുഞ്ചന്‍ അറിഞ്ഞില്ലായിരിക്കും. കമ്യൂണിസ്റ്റുകാരാണത്രെ ഈ രാജ്യത്തെ സര്‍വ അക്രമങ്ങള്‍ക്കും കാരണമെന്നും ഈ ഫാസിസ്റ്റ് വക്താവായ പെരും നുണയന്‍ തട്ടി മൂളിക്കുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുകയും നാടാകെ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അതിനിടയില്‍ ദേശീയ പതാകയെ തന്നെ തെരുവില്‍ ചവിട്ടിയരയ്ക്കുകയും ചെയ്ത സംഘികള്‍, രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് ആയിരങ്ങളെ വകവരുത്തിയ സംഘി കാട്ടാളന്മാരാണ് അക്രമത്തെക്കുറിച്ച് ഗീര്‍വാണം കാച്ചുന്നത്. ജെഎന്‍യുവിലും ഹൈദരാബാദിലുമെല്ലാം കമ്യൂണിസ്റ്റ് അക്രമമെന്നത്രെ പുഞ്ചിന്റെ വെളിപാട്.

ശങ്ക, ആശങ്ക
ഫെബ്രുവരി 26ന് 'മനോരമ'യുടെ ഒന്നാംപേജിലെ ഒരു റിപ്പോര്‍ട്ട്: ''ലാവ്‌ലിന്‍ കേസ് ഉടന്‍ കേള്‍ക്കേണ്ട സാഹചര്യമില്ല: ഹൈക്കോടതി''. ഹൈലൈറ്റ്: ''കേസ് രണ്ടുമാസത്തേക്കു മാറ്റി'' ഇതേ ദിവസത്തെ 'മാതൃഭൂമി'യുടെ ഒന്നാംപേജിലെ റിപ്പോര്‍ട്ടിങ്ങനെ: ''ലാവ്‌ലിന്‍ കേസില്‍ അടിയന്തര സാഹചര്യമില്ലെന്ന് ഹൈക്കോടതി. കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. ഹര്‍ജികള്‍ രണ്ടു മാസത്തേക്ക് മാറ്റി''. ലാവ്‌ലിന്‍ കേസ് അടിയന്തര പരിഗണന അര്‍ഹിക്കുന്ന ഒന്നല്ല എന്നതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ്, ''കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'' എന്ന കോടതിയുടെ നിരീക്ഷണവും. ആ വസ്തുതയാണ് 'മനോരമ' റിപ്പോര്‍ട്ടില്‍ അപ്രത്യക്ഷമായത്. എന്നാല്‍ 12-ാം പേജില്‍ വേറൊരു റിപ്പോര്‍ട്ടായി 'മനോരമ' തന്നെ ഇതവതരിപ്പിക്കുന്നു. (ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ഹിതകരമല്ലാത്ത ഒരു സംഗതി ഒന്നാം പേജില്‍ 'മനോരമ' എങ്ങനെ നല്‍കും?) അതിങ്ങനെയാണ്: ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്: ഹൈക്കോടതി''. അവിടെ പക്ഷേ ശീര്‍ഷകത്തില്‍ ''ലാവ്‌ലിന്‍'' വരാതിരിക്കാന്‍ 'മനോരമ' ശ്രദ്ധിച്ചു. എങ്കിലും ഹൈലൈറ്റില്‍ ഇങ്ങനെയുണ്ട്: ''ലാവ്‌ലിന്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ മുന്നറിയിപ്പ്''.അതിനുള്ളില്‍ ഇങ്ങനെ വായിക്കാം: ''ലാവ്‌ലിന്‍ കേസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് പ്രതിഭാഗം ആരോപിച്ച സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. പ്രതിഭാഗത്തിന്റെ വാദം കോടതി അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയാണുണ്ടായത്.
'മനോരമ' ഇതേ പേജില്‍ തന്നെ അവതരിപ്പിക്കുന്ന ഒരു സ്‌റ്റോറി കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്: ''ആശങ്ക മാറി സിപിഎം; നേതൃത്വത്തിലേക്കു പിണറായി തന്നെ''. അപ്പോള്‍ ഉണ്ടിരുന്നയാള്‍ക്കു പെട്ടെന്നുണ്ടായ ഉള്‍വിളിപോലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി, ലാവ്‌ലിന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ജിയുമായി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തിരക്കിട്ട് ഹൈക്കോടതിയില്‍ - അതും ഒരു പ്രത്യേക ബെഞ്ചില്‍ തന്നെ അതെത്തുന്നതിനായി നാളും പക്കവും കണക്കാക്കി - ഹര്‍ജി നല്‍കിയതിനുപിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം എന്തായിരുന്നുവെന്ന് 'മനോരമ' തന്നെ പറയാതെ പറയുകയാണ് ഈ സ്‌റ്റോറിയില്‍ - പിണറായിയെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമരത്തുനിന്ന് ഒഴിവാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിഗൂഢ നീക്കമായിരുന്നു ആ ഹര്‍ജി.
ഹൈക്കോടതിയുടെ തീര്‍പ്പ് - കേസ് രണ്ടു മാസത്തേക്ക് മാറ്റി വെച്ചുകൊണ്ടുള്ള തീര്‍പ്പ് - ഉമ്മന്‍ചാണ്ടിയെ മാത്രമല്ല, പിണറായിയെ വേട്ടയാടുന്നത് ജീവിത വ്രതമാക്കിയ ചില ചാനലുകാരെയും അങ്കലാപ്പിലാക്കിയിരിക്കുന്നു! 'മാതൃഭൂമി' ചാനല്‍ ചോദിക്കുന്നത് ''കോടതി മലക്കം മറിഞ്ഞോ'' എന്നാണ്. അതായത്, അടിയന്തര പ്രാധാന്യത്തോടെ വിചാരണയ്‌ക്കെടുക്കുമെന്ന് ജനുവരി 15നു പറഞ്ഞ കോടതി വീണ്ടും വിചാരണ നീട്ടിവെയ്ക്കുന്നതു തന്നെ എന്തോ സമ്മര്‍ദഫലമായാണെന്ന ദുഃസൂചന നല്‍കുന്ന തരത്തിലാണ് വിഷയം ചാനല്‍ അവതരിപ്പിക്കുന്നതും ആ ചുവടു പിടിച്ചാണ് ചര്‍ച്ച നീങ്ങുന്നതും. എന്നാല്‍, കേസിന്റെ പരിഗണന രണ്ടു മാസത്തേക്കു നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി തന്നെ പറയുന്നതു നോക്കൂ: ''ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. ഒപ്പം കോടതി പറഞ്ഞതുകൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സമാന സ്വഭാവമുള്ളത് ഉള്‍പ്പെടെ രണ്ടായിരം മുതലുള്ള നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കവെ, അതില്‍നിന്നു ഒരെണ്ണം സീനിയോറിറ്റി തെറ്റിച്ച് എടുക്കുന്നതെന്തിന് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്'' എന്ന നിരീക്ഷണം (അത് വെറുമൊരു നിരീക്ഷണമല്ല, ഉമ്മന്‍ചാണ്ടിയുടെ കരണക്കുറ്റിക്ക് കോടതി നല്‍കിയ അടിയാണിത്) നടത്തുന്നത്.
എന്നാല്‍ കോടതിയുടെ ഈ ഉത്തരവ് ജനുവരി 15 ലെ ഉത്തരവില്‍നിന്നുള്ള പിന്നോട്ടുപോക്കും മലക്കം മറിച്ചിലുമാണെന്ന ചാനലിന്റെ ചര്‍ച്ചയുടെ മുന ഒടിക്കുന്നതാണ് 2016 ജനുവരി 16 ലെ പത്ര റിപ്പോര്‍ട്ട് - അതായത് ജനുവരി 15 ന്റെ കോടതി തീര്‍പ്പിന്റെ റിപ്പോര്‍ട്ട്. നോക്കൂ, 'മനോരമ' ''വിചാരണ കൂടാതെ'' കേസ് വിടുകയോ?'' എന്ന സംഭ്രമജനകമായ ചോദ്യം നല്‍കി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു: ''ക്രമം തെറ്റിച്ച് കേസ് ഉടന്‍ പരിഗണിക്കാവുന്ന സാഹചര്യമല്ലെന്നു കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള അപ്പീലുകള്‍ തന്നെ പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ളവ നിലവിലുണ്ട്''. അപ്പോള്‍ അതിന്റെ ആവര്‍ത്തനം മാത്രമാണ് ഫെബ്രുവരി 25നും കോടതിയില്‍ നിന്നുണ്ടായത്. ഒരു മാസം മുന്‍പ് പറഞ്ഞതു തന്നെ കോടതി ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. 374 കോടി രൂപ ഖജനാവിനു നഷ്ടപ്പെട്ട കേസ് എന്നു ഡിജിപി ആസിഫ് അലി കോടതിയില്‍ പ്രസ്താവിക്കുമ്പോള്‍ ''ഇത്ര പ്രമാദമായ കേസ് വിചാരണ കൂടാതെ വിടുകയോ'' എന്ന കോടതിയുടെ പരാമര്‍ശത്തെ പിടിച്ച് മനക്കോട്ട കെട്ടിയ മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി സംഘവുമാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ കടങ്കഥകള്‍ അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നത്.
ഇതേ ചര്‍ച്ചയില്‍ തന്നെ കോണ്‍ഗ്രസ് വക്താക്കളും ബിജെപി വക്താക്കളും ചില 'നിഷ്പക്ഷ' നിരീക്ഷകരും ചാനല്‍ അവതാരകനും ആവര്‍ത്തിക്കുന്ന (ജനുവരി 15ന്റെ ചര്‍ച്ചയിലും പറഞ്ഞ) ഒരു കാര്യം, കേസ് പരിഗണിച്ച് സിബിഐ പ്രത്യേക കോടതിയില്‍ സിബിഐക്കുവേണ്ടി ഏതോ ജൂനിയര്‍ ഡൂക്കിലി വക്കീല്‍ ഹാജരായതുകൊണ്ടാണ് വിചാരണ കൂടാതെ കേസ് കോടതി തള്ളിയത് എന്നാണ്. എന്നാല്‍ യാഥാര്‍ഥ്യമോ? സിബിഐയുടെ ലീഗല്‍ സെല്ലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ തന്നെയായിരുന്നു സിബിഐക്കുവേണ്ടി വിചാരണ കോടതിയിലെ ചെന്നൈയില്‍നിന്ന് വന്ന് ഹാജരായത്. കേസ് വേണ്ടപോലെ പഠിക്കാതെയാണ് സിബിഐ അഭിഭാഷകന്‍ കേസ് വാദിച്ചതെന്നും സിബിഐ പ്രത്യേക കോടതി ലാവ്‌ലിന്‍കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാപേരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിന്യായം വന്ന 2013 മുതല്‍ വിരുദ്ധന്മാര്‍ - കോണ്‍ഗ്രസ്, ബിജെപി - നിരീക്ഷക ചാനല്‍ സംഘങ്ങള്‍ - ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിലെ സത്തിയം എന്തെന്ന് ഗൗരിക്ക് പറയാനാവില്ല. എന്നാല്‍ ഒന്നറിയാം. ഇങ്ങനെയൊരു വിതണ്ഡവാദം ഈ കോദണ്ഡരാമന്മാര്‍ അവതരിപ്പിക്കുന്നത്, സിബിഐയെയും അന്നതിനെ നിയന്ത്രിച്ചിരുന്ന രണ്ടാം യുപിഎ ഗവണ്‍മെന്റിനെയും (കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ സിബിഐയുടെ ചുമതല മുല്ലപ്പള്ളിക്കായിരുന്നെന്നും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്) പിണറായി വിജയനും സിപിഐ എമ്മും ഒതുക്കി എന്ന തങ്ങളുടെ വാദത്തിനു സാധൂകരണം നല്‍കുന്നതിനായാണ്. ഇത്തരമൊരു പെരുംനുണ തട്ടിവിടാന്‍ കാവിപ്പടക്കാരെ കൂട്ടുപിടിക്കുന്ന പെരുങ്കള്ളന്മാര്‍ക്കു മാത്രമേ ആവൂ. ജനാധിപത്യത്തെയും നിയമവാഴ്ചയെയും വ്യവസ്ഥയെയും തന്നെ വെല്ലുവിളിക്കുന്ന നിലപാടാണിത്. തങ്ങളുടെ തീട്ടൂര പ്രകാരം, തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന കള്ളക്കഥകള്‍ അന്വേഷണ ഏജന്‍സികളും കോടതികളുമെല്ലാം അതേപടി വെട്ടിവിഴുങ്ങി, തീര്‍പ്പാക്കണമെന്ന വലതുപക്ഷത്തിന്റെ ഹുങ്കാണ് ഈ മാധ്യമ വിചാരണകളില്‍ വെളിപ്പെടുന്നത്.
സിബിഐ അഭിഭാഷകന്റെ വാദത്തിന് വേണ്ട ശക്തിയില്ലായിരുന്നുവെന്ന വാദഗതിക്കാര്‍ അതിനുപോല്‍ബലകമായി പറഞ്ഞുവെയ്ക്കുന്നത്, വിചാരണ കോടതി ജഡ്ജിയുടെ, ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടത് എത്ര കോടി രൂപയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പോലും സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല എന്ന കാര്യമാണ്. ഇല്ലാത്ത നഷ്ടത്തിന്റെ കണക്ക് എങ്ങനെയാണ് അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്?
കെട്ടിപ്പൊക്കിക്കൊണ്ടുവന്ന കേസ് 374 കോടി രൂപയുടെ നഷ്ടം എന്നതാണ്. സിബിഐ അന്വേഷണത്തിനുശേഷം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത് 80 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും. എന്നാല്‍ ഇതാകട്ടെ, ഒരു വിധത്തിലുംപിണറായി വിജയനെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമല്ല. അത് പന്നിയാര്‍ - ചെങ്കുളം - പള്ളിവാസല്‍ പദ്ധതിയുമായി ബന്ധപ്പെടുന്ന ഒന്നുമല്ല. മറിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് കാനഡയില്‍നിന്നു സമാഹരിച്ചു നല്‍കാമെന്നും കമ്പനിയും കനേഡിയന്‍ ഗവണ്‍മെന്റും ഏറ്റ 100 കോടി രൂപയില്‍ അവശേഷിക്കുന്ന തുകയാണ്. അതു വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതാകട്ടെ 2001ല്‍ അധികാരമേറ്റ ആന്റണി മന്ത്രിസഭയും അതിലെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനുമാണ്. മാത്രമല്ല, വൈദ്യുതി ബോര്‍ഡ് ആവര്‍ത്തിച്ച് നല്‍കുന്ന പ്രസ്താവനകളിലെല്ലാം ബോര്‍ഡിനു നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വസ്തുതകള്‍ ഇതായിരിക്കെ എങ്ങനെയാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ നഷ്ടത്തിന്റെ കണക്ക് കൃത്യമായി പറയുക. ചാനല്‍ ചര്‍ച്ചയല്ലല്ലോ കോടതി വിചാരണ

ചിന്ത

No comments:

Post a Comment