കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ആദ്യത്തെ പേര് സഖാവിന്റേതാണ്. സഖാവ് എന്ന മൂന്നക്ഷരത്തില്‍ തലമുറകള്‍ നെഞ്ചേറ്റുന്ന സ. പി കൃഷ്ണപിള്ള എക്കാലത്തെയും മാതൃകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകന്‍ , പോരാളി, ത്യാഗസമ്പന്നന്‍ - എല്ലാം തികഞ്ഞ നേതാവായിരുന്നു അദ്ദേഹം. 1948 ആഗസ്ത് 19നാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാരനായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകാരികള്‍ക്ക് മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്ര്യംമൂലം അഞ്ചാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റു പല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ചെയ്തു; ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിന് ഇരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ലവകാരികളുമൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ലവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായ ശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. "34ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. "36ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്തു. 1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. "40 അവസാനം അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. "42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "46 മുതല്‍ വീണ്ടും ഒളിവുജീവിതം ആരംഭിച്ചു. "46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പ്പോലും കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ലവകാരി നല്‍കിയ സന്ദേശം "സഖാക്കളെ മുന്നോട്ട്" എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. "ഇടതുപക്ഷ ദേശീയവാദിയായിരുന്ന എന്നെ ഒരു കമ്യൂണിസ്റ്റും ഒരു ബൂര്‍ഷ്വാ ബുദ്ധിജീവിയായിരുന്ന എന്നെ ഒരു തൊഴിലാളി വര്‍ഗ ബുദ്ധിജീവിയുമാക്കി മാറ്റാന്‍ അദ്ദേഹം ഏറെ സഹായിച്ചു" എന്നാണ് ഇ എം എസ് കൃഷ്ണപിള്ളയെക്കുറിച്ച് പറഞ്ഞത്. ഇത്തവണ കൃഷ്ണപിള്ളദിനം ആചരിക്കുന്നത് സാര്‍വദേശീയ തലത്തില്‍ മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കുപ്പുകുത്തുകയും ഇന്ത്യയില്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനം പരിധിവിട്ട് മുന്നേറുകയും ചെയ്യുന്ന സവിശേഷ ഘട്ടത്തിലാണ്. ആഗോള സാമ്പത്തികത്തകര്‍ച്ച ആദ്യം പ്രവചിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ അധ്യാപകനുമായ നൂറീല്‍ റൂബിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്, ലോക മുതലാളിത്തം സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തമാണ് ശരിയെന്നുമാണ്. ഒന്നരനൂറ്റാണ്ടുമുമ്പ് മാര്‍ക്സ് വരച്ചുകാട്ടിയ വഴിയിലൂടെയാണ് ഇന്ന് മുതലാളിത്തം പതനത്തിലേക്ക് നീങ്ങുന്നതെന്ന് മാര്‍ക്സിസ്റ്റ് അല്ലാത്ത റൂബിനിക്കുപോലും പറയേണ്ടിവന്നത് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയുടെ ചൂണ്ടുപലകയാണ്. ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കു പകരം കമ്പോളത്തിന് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ അനിവാര്യമായ ദുരവസ്ഥയാണ് അമേരിക്കയുടെ ഇന്നത്തെ പ്രതിസന്ധി. അതിരൂക്ഷമായ വായ്പാ പ്രതിസന്ധിയും കടബാധ്യതയും നേരിടുകയാണ് അമേരിക്ക. 14,57,000 കോടി ഡോളറിന്റെ കടഭാരമാണവര്‍ക്ക്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ഇറ്റാലിയന്‍ സമ്പദ്ഘടന പതറി വീഴുകയാണ്. പോര്‍ച്ചുഗല്‍ , ബള്‍ഗേറിയ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, റുമേനിയ, ഓസ്ട്രിയ, ജര്‍മനി, ബല്‍ജിയം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. അതേസമയം, ഇടതുപക്ഷത്തുനില്‍ക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ലാറ്റിനമേരിക്കയില്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. വെനസ്വേല, ബ്രസീല്‍ , ചിലി, ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍ , പരാഗ്വേ, നിക്കരാഗ്വ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ അത്തരം സര്‍ക്കാരുകളാണ് അധികാരത്തില്‍ . ലോകത്തിന്റെ മൂന്നിലൊന്നിലേറെ ജനങ്ങളെ നയിക്കുന്നത് ഇടതുപക്ഷാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളും വിതയ്ക്കുന്ന കെടുതിയും ഏറ്റുവാങ്ങുന്ന തിരിച്ചടിയും ഇന്ത്യയിലെ യുപിഎ സര്‍ക്കാരിന്റെ വിവേകം ഉണര്‍ത്തുന്നില്ല. ഇവിടെ നവലിബറല്‍ നയങ്ങള്‍ക്കൊപ്പം അഴിമതിയും പിടിമുറുക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും സാമൂഹ്യസുരക്ഷാ മേഖലയില്‍നിന്ന് പിന്മാറിയും സമ്പന്നരെ അതിസമ്പന്നരാക്കിയും ദരിദ്രനെ പരമദരിദ്രനാക്കിയുമാണ് മന്‍മോഹന്‍ സിങ് ഭരണം മുന്നോട്ടുപോകുന്നത്. വിലക്കയറ്റം അതിന്റെ നെറുകെയിലാണ്. അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ തകര്‍ക്കുന്ന രീതിയില്‍ വ്യാപിക്കുന്നു. അഴിമതിയില്‍ സഹികെട്ട ജനങ്ങള്‍ പ്രതികരിക്കാന്‍ മുന്നില്‍ തെളിയുന്ന ഏതുവഴിയും സ്വീകരിക്കുകയാണ്. അത്തരം പ്രതികരണങ്ങളോടും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളോടും അസഹിഷ്ണുതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും അടിച്ചമര്‍ത്തലിന്റെയും സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അണ്ണ ഹസാരെയുടെ സമരത്തെ തച്ചൊതുക്കാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ വഴിയും മറ്റൊന്നല്ല. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് കോടതിതന്നെ ആവശ്യപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ന്യായീകരണം കണ്ടെത്തുകയാണ് ഉമ്മന്‍ചാണ്ടി. പൊതുഭരണവകുപ്പ് കൈയാളുന്ന ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ളവര്‍തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നു. മന്ത്രിമാര്‍ പലരും വിജിലന്‍സ്-പൊലീസ് കേസുകളില്‍ പ്രതികളാണ്. ഒരു സര്‍ക്കാരിന് ഇത്രയും നാണംകെട്ട അവസ്ഥ മുമ്പ് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെ മറികടക്കാന്‍ യുഡിഎഫിനു മുന്നില്‍ വഴികളൊന്നുമില്ല. ഭൂപരിഷ്കരണംപോലും അട്ടിമറിക്കാന്‍ ശ്രമിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടി തകര്‍ത്തും ഭരണതലത്തിലെ അഴിമതി തിരിച്ചുകൊണ്ടുവന്നും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിറകോട്ട് നയിക്കുകയാണ്. അനീതിക്കും ചൂഷണത്തിനുമെതിരെ; സാമ്രാജ്യാധിപത്യത്തിനെതിരെ പോരാടി മുതലാളിത്തത്തെ തകര്‍ത്ത് സമത്വ സുന്ദര ലോകം സൃഷ്ടിക്കാനാണ് കൃഷ്ണപിള്ള ജീവിതം ഉഴിഞ്ഞുവച്ചത്. ആ സ്മരണ പുതുക്കുമ്പോള്‍ , മുന്നിലുള്ള ബഹുമുഖ പോരാട്ടത്തില്‍ വര്‍ധിതവീര്യത്തോടെ അണിചേരാനുള്ള പ്രതിജ്ഞതന്നെയാണ് പുതുക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വരുന്ന ആക്രമണങ്ങള്‍ ചെറുക്കാനുള്ള കരുത്തുകൂടിയാണ് സഖാവിന്റെ ഓര്‍മ.
No comments:
Post a Comment