സ്വന്തം പേര് സിനിമാപോസ്റ്ററില്‍ അച്ചടിച്ചുകണ്ട് ഞെട്ടിപ്പോയിട്ടുണ്ട് ജോണ്‍സണ്‍ - എണ്‍പതുകളില്‍. സിനിമയിലെ റീ റെക്കോഡിങ് തിരക്കുകളുമായി ചെന്നൈയിലാണ് അന്ന് ജോണ്‍സണ്‍. മൂന്നു നാലു പടങ്ങള്‍ക്കു ഗാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും രംഗത്ത് ഉറച്ചുനില്‍ക്കണോ എന്നു തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പാംഗ്രോവ് ഹോട്ടലില്‍നിന്ന് സ്റ്റുഡിയോയിലേക്കുള്ള പതിവുയാത്രയ്ക്കിടെ ഒരുനാള്‍ റോഡരികിലെ മതിലില്‍ പതിച്ച സില്‍ക്ക് സ്മിതയുടെ മാദകത്വമാര്‍ന്ന പോസ്റ്റര്‍ ജോണ്‍സന്റെ കണ്ണില്‍പ്പെടുന്നു. പടത്തിന്റെ പേര് 'സില്‍ക്ക് ബൈ നൈറ്റ്'. തെന്നിന്ത്യ മുഴുവന്‍ സില്‍ക്ക് ജ്വരം കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല. ഞെട്ടിപ്പോയത് പോസ്റ്ററിന്റെ താഴെ തമിഴില്‍ അച്ചടിച്ചിരുന്ന പേരു കണ്ടപ്പോഴാണ്. 'മ്യൂസിക്: ജാണ്‍സണ്‍'.
സ്വപ്നത്തില്‍പ്പോലും അത്തരമൊരു പടത്തിനു താന്‍ സംഗീതം നല്‍കിയിട്ടില്ലെന്ന് ഉറപ്പായിരുന്നു ജോണ്‍സണ്. ജോലിയിലെ എത്തിക്‌സ് പണയപ്പെടുത്തിയുള്ള കളി അന്നും ഇന്നുമില്ല. പിന്നെ, ഇതാരാണീ പുതിയ 'ജാണ്‍സണ്‍'?
മറ്റാരെങ്കിലുമാവുമെന്ന് സമാധാനിച്ച് നടന്നുനീങ്ങവെയാണ് പടത്തിന്റെ സംവിധായകന്റെ പേര് കണ്ണില്‍പ്പെടുന്നത്, ആന്റണി ഈസ്റ്റ്മാന്‍.
ഇത്തവണ ജോണ്‍സണ് സംഗതി പിടികിട്ടി. താന്‍ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഇണയെത്തേടി' എന്ന മലയാള ചിത്രമാണ് 'സില്‍ക്ക് ബൈ നൈറ്റ്' ആയി വേഷം മാറി തമിഴ് ജനതയെ പുളകംകൊള്ളിക്കാന്‍ എത്തിയിരിക്കുന്നത്. ലോക ക്ലാസിക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മഹത്തായ ചലച്ചിത്ര സങ്കല്പങ്ങളുമായി പടംപിടിക്കാനിറങ്ങിയ ഈസ്റ്റ്മാന്റെ കന്നിച്ചിത്രത്തിനു വന്നുപെട്ട 'ഗതികേടോര്‍ത്ത് തലയ്ക്കു കൈവെച്ചുപോയി ജോണ്‍സണ്‍. സിനിമയ്ക്ക് ഇങ്ങനെയും ഒരു മുഖമോ?
സിനിമാലോകത്തിന്റെ നെറികെട്ട വഴികളെക്കുറിച്ച് കൂടുതല്‍ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ജോണ്‍സണ്‍. അറിഞ്ഞുവരുന്തോറും സിനിമയോട് സുരക്ഷിതമായ ഒരകലം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു അദ്ദേഹം. എന്തു ഫലം? അപ്പോഴേക്കും താന്‍പോലുമറിയാതെ സിനിമയുടെ ഭാഗമായി ജോണ്‍സണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 'സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത് ജീവിച്ചുപോകാന്‍ വളരെയേറെ നീക്കുപോക്കുകള്‍ ആവശ്യമായിരുന്നു. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ശീലിച്ചിട്ടില്ലാത്ത എന്നെപ്പോലൊരാള്‍ക്ക് പറ്റിയ മേഖലയല്ല ഇതെന്നു മനസ്സിലാക്കിത്തുടങ്ങിയത് കുറച്ചു വൈകിയാണ്. തിരിച്ചു നാട്ടില്‍ച്ചെന്ന് മറ്റേതെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചാലോ എന്നുവരെ ചിന്തിച്ചുപോയ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ അത്രയും കടുത്തതായിരുന്നു...'
പക്ഷേ, ജോണ്‍സണ്‍ തിരിച്ചുപോയില്ല. മലയാളസിനിമയുടെ സുകൃതം. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഈ തൃശ്ശൂര്‍ക്കാരന്‍ സൃഷ്ടിച്ച ഈണങ്ങളെ ഒഴിച്ചുനിര്‍ത്തി നമ്മുടെ സിനിമാ ചരിത്രമെഴുതാന്‍ ആര്‍ക്കു കഴിയും? മുഖ്യധാരാ സിനിമ മാത്രമായിരുന്നില്ല ജോണ്‍സന്റെ തട്ടകമെന്നുമോര്‍ക്കണം. സമാന്തര സിനിമയിലും 'ആര്‍ട്ട്' സിനിമയിലുമെല്ലാം ജോണ്‍സന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. പശ്ചാത്തല സംഗീതത്തെക്കുറിച്ചുള്ള എത്രയെത്ര മിഥ്യാധാരണകളാണ് അദ്ദേഹം തിരുത്തിയെഴുതിയത്! രണ്ടു തവണ ദേശീയ അവാര്‍ഡ് ജോണ്‍സണു നേടിക്കൊടുത്തതും പശ്ചാത്തലസംഗീത സംവിധാനത്തിലെ ഈ മികവുതന്നെ. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തില്‍ തുടങ്ങുന്നു റീറെക്കോഡിങ്ങില്‍ ജോണ്‍സന്റെ അശ്വമേധം. അതുകഴിഞ്ഞ് തകരയും ചാമരവും. ദേവരാജന്‍, അര്‍ജുനന്‍, എ.ടി.ഉമ്മര്‍ എന്നിവരുടെ ഓര്‍ക്കസ്ട്ര അസിസ്റ്റന്റ് എന്ന റോളിലും തിരക്കായിരുന്നു അക്കാലത്ത് ജോണ്‍സണ്.
ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്, 1970-കളുടെ ഒടുവില്‍ ചിത്രീകരിച്ച് 81-ല്‍ പുറത്തിറങ്ങിയ 'ഇണയെത്തേടി'യിലാണ്. ജോണ്‍സന്റെ എന്നപോലെ സില്‍ക്ക് സ്മിതയുടെയും അരങ്ങേറ്റ
ചിത്രമായിരുന്നു ഇണയെത്തേടി എന്നൊരു പ്രത്യേകതയമുണ്ട്. വെട്ടിത്തിളങ്ങുന്ന ഗ്ലാമറിന്റെ പാതയിലൂടെയുള്ള സ്മിതയുടെ പ്രയാണം ചെന്നവസാനിച്ചത് അവരുടെ ദുരന്തമരണത്തിലാണ്. ജോണ്‍സനാകട്ടെ, അനിവാര്യമായ മരണത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന മലയാള ചലചിത്രസംഗീതത്തിനു മെലഡിയുടെ ഇന്ദ്രജാലസ്പര്‍ശത്താല്‍ പുതുജീവന്‍ പകര്‍ന്നു. സിനിമാഗാനങ്ങളില്‍ കാവ്യാംശത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു.
യാദൃച്ഛികമായാണ് 'ഇണയെത്തേടി'യില്‍ എത്തിപ്പെടുന്നത്. കര്‍പ്പകം സ്റ്റുഡിയോയില്‍ ഒരു പടത്തിന്റെ റീറെക്കോഡിങ് തിരക്കുകള്‍ക്കിടെ രണ്ടുപേര്‍ ജോണ്‍സണെ കാണാനെത്തുന്നു. അരവിന്ദേട്ടനാണ് ഒരാള്‍- സിനിമക്കാര്‍ക്കെല്ലാം വേണ്ടപ്പെട്ട പ്രൊഡക്ഷന്‍ മാനേജര്‍. ഒപ്പമുള്ളയാളെ അരവിന്ദേട്ടന്‍തന്നെ പരിചയപ്പെടുത്തി: ആന്റണി ഈസ്റ്റ്മാന്‍; അറിയപ്പെടുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ആന്റണി ഒരു ആര്‍ട്ട്പടം ചെയ്തുതീര്‍ത്തിട്ടുണ്ട്. അതില്‍ പശ്ചാത്തലസംഗീതം ജോണ്‍സന്റെ വകയായിരിക്കണം. ഒപ്പം ടൈറ്റില്‍സോങ് ചിട്ടപ്പെടുത്തിത്തരുകയും വേണം-അതാണാവശ്യം. ആദ്യമായാണ് ഒരു ചലച്ചിത്രഗാനത്തിന് ഈണമിടാന്‍ ക്ഷണം ലഭിക്കുന്നത്.
'പാട്ടെവിടെ?' എന്ന ചോദ്യത്തിനു മറുപടിയായി കീശയില്‍നിന്ന് ഒരു കടലാസെടുത്തു നീട്ടുകയാണ് അരവിന്ദേട്ടന്‍ ചെയ്തത്. 'ഞാന്‍ അതേപടി അതു വാങ്ങി എന്റെ പോക്കറ്റിലിടുകയും ചെയ്തു. വൈകിട്ട് റൂമില്‍ ചെന്നശേഷമാണ് വരികള്‍ വായിച്ചുനോക്കുന്നത്. വിപിന വാടിക കുയിലുതേടി, വിപഞ്ചികയോ മണിവിരലുതേടി, പുരുഷകാമനയെന്നും സ്ത്രീയില്‍ ഇവിടെ ജനിമൃതിപൂക്കും വഴിയില്‍ ഇണയെത്തേടി....' കൊള്ളാം, വരികള്‍ക്കു പൂര്‍ണതയുണ്ട്; അര്‍ഥവും. വീട്ടില്‍വെച്ചുതന്നെ ഗാനത്തിന്റെ പല്ലവി ചിട്ടപ്പെടുത്തി, ജോണ്‍സണ്‍.
സിനിമയ്ക്കുവേണ്ടി താനൊരുക്കിയ ആദ്യത്തെ ഈണം ആരു പാടണമെന്ന കാര്യത്തില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല ജോണ്‍സണ്- ജയചന്ദ്രന്‍തന്നെ. തൃശ്ശൂരില്‍ ഗാനമേളാ ട്രൂപ്പുമായി നടന്ന ജോണ്‍സണ്‍ സിനിമയില്‍ എത്തിപ്പെടാന്‍ നിമിത്തമാകുന്നത് ജയചന്ദ്രനാണ്. ജയചന്ദ്രന്‍വഴിയാണ് ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുന്നത്. ജീവിതത്തിന്റെ ദിശതന്നെ മാറ്റിമറിച്ച സംഭവം.
'ആദ്യത്തെ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണു സത്യം. അത് കേട്ടിട്ടുള്ളവര്‍തന്നെ ചുരുങ്ങും. പടത്തിന്റെ റെക്കോഡ് പുറത്തിറങ്ങാത്തതാണ് കാരണം'. ജോണ്‍സണ്‍ ചിരിക്കുന്നു.
ഇതേ പാട്ടിന്റെ വരികളുമായി ആദ്യം ദേവരാജന്‍ മാസ്റ്ററെ കാണാന്‍ ചെന്ന അനുഭവം ഗാനരചയിതാവ് ആര്‍.കെ.ദാമോദരനുണ്ട്. ആന്റണി ഈസ്റ്റ്മാനും കലൂര്‍ ഡെന്നിസുമുണ്ടായിരുന്നു ഒപ്പം. മാസ്റ്റര്‍ക്ക് അന്ന് ശ്വാസംവിടാന്‍പോലും സമയമില്ല. പെട്ടെന്നു കമ്പോസ്‌ചെയ്തുകിട്ടിയാല്‍ കൊള്ളാമെന്ന് വിനയപൂര്‍വം അറിയിച്ചപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: 'ഒക്കത്തില്ല, രണ്ടോ മൂന്നോ മാസം കഴിഞ്ഞു മതിയെങ്കില്‍ ചെയ്തുതരാം.'
മുഖത്തടിച്ചപോലെയാണ് മറുപടി. ഞങ്ങളുടെ ഭാവപ്പകര്‍ച്ച കണ്ട് മനമലിഞ്ഞാവണം മാസ്റ്റര്‍ ഒരു പോംവഴിയും പറഞ്ഞുതന്നു. 'എന്റെ ഒരു ശിഷ്യനുണ്ട് ജോണ്‍സണ്‍. തിടുക്കമാണെങ്കില്‍ അവനെ ചെന്നു കാണ്. വലിയ കുഴപ്പമില്ലാതെ ചെയ്യും.' അങ്ങനെയാണ് ജോണ്‍സണ്‍ 'ഇണയെത്തേടി'യില്‍ വരുന്നത്.
'ഇണയെത്തേടി' കഴിഞ്ഞ് 'പാര്‍വതി'. 'ആരവ'ത്തിന്റെയും 'തകര'യുടെയും നാളുകളില്‍ ഭരതനുമായി ഉണ്ടായ ഹൃദയബന്ധമാണ് 'പാര്‍വതി'യില്‍ ജോണ്‍സണെ കൊണ്ടുചെന്നെത്തിക്കുന്നത്. എം.ഡി.രാജേന്ദ്രനെഴുതിയ 'പാര്‍വതി'യിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം ഹിറ്റായിരുന്നില്ല. എങ്കിലും സംഗീതസംവിധാനരംഗത്ത് ഉറച്ചുനില്ക്കാന്‍ കഴിയുമെന്ന് ജോണ്‍സണ് ആത്മവിശ്വാസം നല്കിയ ചിത്രമായിരുന്നു അത്.
പ്രേമഗീതങ്ങളി'ല്‍ യേശുദാസ് ജോണ്‍സണുവേണ്ടി ആദ്യമായി പാടുന്നു. 'എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ ഹിറ്റ് എന്നുവേണമെങ്കില്‍ പ്രേമഗീതങ്ങളെ വിശേഷിപ്പിക്കാം. ജാനകിയും സുശീലയും വാണിജയറാമും ഉണ്ടായിരുന്നു ഗായകരായി. ഓരോരുത്തര്‍ക്കും അനുയോജ്യമായ ഈണങ്ങളാണു ഞാന്‍ നല്കിയത്' പാട്ടുകള്‍ നാലും ഹിറ്റായി-സ്വപ്‌നം വെറുമൊരു സ്വപ്നം (യേശുദാസ്,ജാനകി), നീ നിറയൂ ജീവനില്‍ (യേശുദാസ്), മുത്തും മുടിപ്പൊന്നും (യേശുദാസ്, വാണി ജയറാം), കളകളമൊഴി (ജെ.എം. രാജു, സുശീല).
സ്വപ്നം എന്ന ഗാനത്തിന്റെ ആശയം സംവിധായകന്‍ ബാലചന്ദ്രമേനോന്റെതായിരുന്നുവെന്ന് ജോണ്‍സണ്‍ ഓര്‍ക്കുന്നു. 'സ്വപ്നം'എന്ന ഒരൊറ്റവാക്കില്‍നിന്ന് പല്ലവി ഉണ്ടാക്കാമോ എന്നായിരുന്നു മേനോന്റെ ചോദ്യം. അതൊരു വെല്ലുവിളിയായിത്തന്നെ ഞാനും ഗാനരചയിതാവ് ദേവദാസും ഏറ്റെടുത്തു. സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം എന്ന പാട്ടുണ്ടാകുന്നത് അങ്ങനെയാണ്. ഇതേ ചിത്രത്തിലെ മുത്തുംമുടിപ്പൊന്നും എന്ന ഗാനത്തില്‍ വെസ്റ്റേണ്‍നോട്ട്‌സ് പരീക്ഷിച്ചതു മറ്റൊരു മറക്കാനാവാത്ത അനുഭവം. അന്നത് ഒരു അപൂര്‍വതയായിരുന്നു.
സിനിമാ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍തന്നെ ഭാസ്‌കരനെയും ഒ.എന്‍.വിയെയും പോലുള്ള പ്രതിഭാധനരായ കവികളുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ജോണ്‍സണ്‍ കരുതുന്നു. ഒ.എന്‍.വിയുമായി ആദ്യം ഒരുമിക്കുന്നത് 'കിലുകിലുക്ക'ത്തിലാണ്. നാമജപത്തിന്റെ പ്രത്യേക മൂഡില്‍ സൃഷ്ടിച്ച മന്ദ്രമധുരമൃദംഗഭൃംഗരവം ഈ ചിത്രത്തിലായിരുന്നു. 'ഭാസ്‌കരന്‍ മാസ്റ്ററുടേത് അത്യന്തം ലളിതമായ നാടന്‍ശീലുകളാണെങ്കില്‍ ഒ.എന്‍.വിയുടേത് ലളിതവും ഒപ്പം ഗഹനവുമാണെന്ന വ്യത്യാസമുണ്ട്. ഈണത്തിനനുസരിച്ച് കാവ്യഭംഗി ചോര്‍ന്നുപോകാതെ എഴുതാനുള്ള അസാമാന്യപാടവവും ഒ.എന്‍.വിക്കുണ്ട്.'
'കൂടെവിടെ' മറക്കാനാവില്ല. ഈണത്തിനൊത്ത് പാട്ടെഴുതേണ്ടിവരുമെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ഒ.എന്‍.വി.യുടെ മുഖമല്പം മങ്ങി. 'എന്നെക്കൊണ്ട് എന്തിനാണീ കടുംകൈ ചെയ്യിക്കുന്നത്? ചെരിപ്പിനൊത്ത് കാലു മുറിക്കുന്ന വിദ്യയില്‍ എനിക്ക് താത്പര്യമില്ലെന്ന് ജോണ്‍സണ് അറിഞ്ഞുകൂടേ?' കവി ചോദിച്ചു.
'പക്ഷേ, ഈണത്തിനൊത്ത് അതിമനോഹരമായി എഴുതാന്‍ ഒ.എന്‍.വിക്ക് കഴിയുമെന്ന് എനിക്കു പൂര്‍ണവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം അനുവദിച്ചുതന്നിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടുതന്നെ, ഞാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചുനോക്കി.' ട്യൂണ്‍ പാടിക്കേട്ടശേഷം ഒടുവില്‍ മനസ്സില്ലാമനസ്സോടെ ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെ തന്റെ മുറിയില്‍ കയറി വാതിലടയ്ക്കുന്നു ഒ.എന്‍.വി. പതിനഞ്ചു മിനിട്ടിനകം കവി പുറത്തുവന്നത് ഗാനത്തിന്റെ വരികളുമായാണ്. 'ആദ്യവരി വായിച്ചപ്പോള്‍ത്തന്നെ എനിക്ക് ബോധ്യമായിരുന്നു പാട്ട് ഹിറ്റാകുമെന്ന്. ആടിവാ കാറ്റേ പാടി വാ കാറ്റേ ആയിരംപൂക്കള്‍ നുള്ളിവാ... കഥാസന്ദര്‍ഭത്തിന്റെ ആശയം മുഴുവന്‍ കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് ഒ.എന്‍.വി.' പിന്നീട് അതേ ചിത്രത്തിനുവേണ്ടി മറ്റൊരു മറക്കാനാവാത്ത ഗാനംകൂടി ജോണ്‍സന്റെ ട്യൂണിനൊത്ത് അദ്ദേഹം എഴുതി: പൊന്നുരുകും പൂക്കാലം.
'പൊന്‍മുട്ടയിടുന്ന താറാവി'ലെ കുന്നിമണിച്ചെപ്പു തുറന്ന് ആദ്യമെഴുതി ഈണമിട്ട ഗാനമാണ്. ഒട്ടും പ്രകടനാത്മകമല്ലാത്ത, നിശ്ശബ്ദമായ പ്രണയത്തിന്റെ ഭാവം ഉള്‍ക്കൊള്ളുന്ന ഒരു ഗാനം സിനിമയിലെ സിറ്റ്വേഷന് അനുയോജ്യമാകുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനു തോന്നി. നാടന്‍ശീലുപോലെ ലാളിത്യമാര്‍ന്ന ഒരു ഗാനം ഒ.എന്‍.വി. എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ വരികള്‍ വായിച്ചുനോക്കിയപ്പോള്‍ സത്യന് ഒരു സംശയം: 'ഇത് അങ്ങേയറ്റം ലളിതമായോ? ഇന്നത്തെ കാലത്ത് സ്വീകരിക്കപ്പെടുമോ?'
എന്തുകൊണ്ടില്ല എന്നായിരുന്നു ജോണ്‍സന്റെ മറുചോദ്യം.'ആദ്യം ഇതൊന്നു ട്യൂണ്‍ ചെയ്തുനോക്കട്ടെ.' വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലെ സത്യന്റെ മുറിയിലിരുന്നാണ് കമ്പോസിങ്. 'സത്യന്‍ കുളിക്കാന്‍ കയറിയ സമയം. വരികള്‍ വായിച്ചുനോക്കിയശേഷം ഞാന്‍ ഹാര്‍മോണിയത്തില്‍ ഒരു നോട്ട് വായിക്കുന്നു. ആദ്യവരി വെറുതെ മൂളുകളും ചെയ്തു, ഒപ്പം'-ജോണ്‍സണ്‍ ഓര്‍ക്കുന്നു.
ടവ്വല്‍ മാത്രമുടുത്ത് കുളിമുറിവാതില്‍ തുറന്ന് ഓടിവരുന്ന സത്യനെയാണ് പിന്നെ കണ്ടത്. 'ഒന്നുകൂടി ആ വരി പാടിക്കേള്‍ക്കട്ടെ.' സത്യന്‍ പറഞ്ഞു. ഞാന്‍ അതേ നോട്ട് ആവര്‍ത്തിച്ചപ്പോള്‍ സത്യന്റെ മുഖത്ത് ആഹ്ലാദത്തിരയിളക്കം. 'തുടക്കം ഇതുതന്നെ മതി. മറ്റുവരികള്‍കൂടി ഉടന്‍ റെഡിയാക്കണം.' കുന്നിമണിച്ചെപ്പു തുറന്ന് മെലഡിയുടെ അനുസ്യൂതമായ പ്രവാഹമായിരുന്നു പിന്നെ.
ട്യൂണിട്ടും അല്ലാതെയും ജോണ്‍സണുവേണ്ടി ഒ.എന്‍.വി. എഴുതിയ എത്രയോ ഗാനങ്ങളില്‍ ലാളിത്യത്തിന്റെ ഈ മാജിക് നാം അനുഭവിച്ചിട്ടുണ്ട്. മെല്ലെമെല്ലെ മുഖപടം, പൂവേണം പൂപ്പടവേണം (മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), ആകാശമാകേ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍), പൊന്നമ്പിളി (ഗോളാന്തരവാര്‍ത്ത) തുടങ്ങി ഗുല്‍മോഹറിലെ ഒരു നാള്‍ എന്ന ഗാനത്തില്‍ എത്തിനില്ക്കുന്നു അത്.
ഈണത്തിനൊത്ത് എഴുതാന്‍ മടിയുള്ള കൂട്ടത്തിലാണ് കാവാലം നാരായണപ്പണിക്കരും. കാവാലത്തിന്റെ മനസ്സിലെ താളം ചലച്ചിത്രഗാനത്തില്‍ ആവിഷ്‌കരിക്കുക എളുപ്പമല്ല. 'കാറ്റത്തെ കിളിക്കൂടി'ല്‍ ട്യൂണിനനുസരിച്ച് പാട്ടെഴുതേണ്ടിവരുമെന്നറിഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചതെന്നു ജോണ്‍സണ്‍ പറയുന്നു. 'പക്ഷേ, സംവിധായകന്‍ ഭരതന്‍ സ്‌നേഹപൂര്‍വം കവിയെ ഭീഷണിപ്പെടുത്തി. എഴുതിയില്ലെങ്കില്‍ തന്റെ കഥ കഴിച്ചുകളയും എന്നൊക്കെ തമാശയായി ഭരതന്‍ പറഞ്ഞപ്പോള്‍ കുറിച്ചുതന്നതാണ് ഗോപികേ നിന്‍വിരല്‍ തുമ്പുരുമ്മി എന്ന ഗാനം. പാര്‍ഥസാരഥിയുടെ വീണാനാദം മാത്രമേ ആ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. കാവാലത്തിന്റെ വ്യത്യസ്തമായ ഒരു രചനയാണത്. എനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളിലൊന്നും.' ജോണ്‍സന്റെ വാക്കുകളില്‍ ഗൃഹാതുരത്വം വന്നുനിറയുന്നു.
കൈതപ്രവുമായി ആദ്യം കൂട്ടുകൂടുന്നത് 'വരവേല്പി'ലാണ് - 1989-ല്‍. പലതുകൊണ്ടും ചരിത്രപ്രാധാന്യമുള്ള ഒരു ഒത്തുചേരല്‍. വയലാര്‍- ദേവരാജന്‍, ഭാസ്‌കരന്‍-ബാബുരാജ്, ശ്രീകുമാരന്‍ തമ്പി- ദക്ഷിണാമൂര്‍ത്തി, ഒ,എന്‍.വി-എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടുകളെപ്പോലെ സാധാരണക്കാരനായ മലയാളിയുടെ സംഗീതമനസ്സില്‍ ഇടംനേടിയ സഖ്യമായിരുന്നു കൈതപ്രം-ജോണ്‍സണും. 'ഒരു വര്‍ഷം ഇരുപതിലേറെ പടങ്ങള്‍വരെ ചെയ്തിട്ടുണ്ട് ഞങ്ങള്‍. അതൊരു റെക്കോര്‍ഡ് ആയിരിക്കണം. അതിനേക്കാളൊക്കെ പ്രധാനം ഞങ്ങള്‍ ചെയ്ത ഗാനങ്ങളില്‍ ഭൂരിഭാഗവും ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു എന്നതാണ്.'
'എന്നെന്നും കണ്ണേട്ടനി'ലെ ഗാനങ്ങള്‍(പൂവട്ടക തട്ടിച്ചിന്നി, ദേവദുന്ദുഭിസാന്ദ്രലയം) കേട്ട് ഇഷ്ടപ്പെട്ടാണ് കൈതപ്രത്തെ'വരവേല്പില്‍' പാട്ടെഴുതാന്‍ സത്യന്‍ അന്തിക്കാട് ക്ഷണിക്കുന്നത്. പുതിയൊരാളാണ് എഴുതുന്നതെന്നു സത്യന്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു: 'അതിനെന്ത്? തനിക്ക് വിശ്വാസമുള്ളയാളെ എനിക്കും പൂര്‍ണവിശ്വാസമാണ്.'
ട്യൂണ്‍ കേട്ട് നിമിഷങ്ങള്‍ക്കകം കൈതപ്രം ആദ്യത്തെ പാട്ടെഴുതി-'ദൂരെ ദൂരെ സാഗരം' വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ മുന്‍പിലിരിക്കുന്ന ഗാനരചയിതാവിന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കാതിരിക്കാനായില്ല ജോണ്‍സണ്. 'ആശയസമ്പുഷ്ടമായിരുന്നു വരികള്‍. ചരണമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്-'മഴനീര്‍ത്തുള്ളിയെ മുത്തായി മാറ്റും നന്‍മണിച്ചിപ്പിയെപ്പോലെ, നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ...' ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം ഓര്‍മവരും.
ദൂരെ ദൂരെ സാഗരം സിനിമയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തെല്ലൊരു ആശങ്കയുണ്ടായിരുന്നു സത്യന്. പടത്തിന്റെ അവസാനഘട്ടത്തില്‍ വരുന്ന പാട്ടാണ്, വലിഞ്ഞുപോകുമോ എന്നായിരുന്നു സത്യന്റെ ഭയം. ആരോ പറഞ്ഞു പേടിപ്പിച്ചതാവണം. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'സംശയം വേണ്ട. ഇഴച്ചിലൊന്നും ഉണ്ടാവില്ല. താന്‍ ധൈര്യമായി പാട്ട് ഉള്‍പ്പെടുത്ത്. പാളിപ്പോയാല്‍ നഷ്ടപരിഹാരം ഞാന്‍ തരാം.'
ഏതായാലും പാട്ട് സിനിമയില്‍ ഇടംനേടി; സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.
'കിരീട'ത്തിലെ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ട് വിധിയുടെ വിളയാട്ടം. 'സത്യത്തില്‍ മറ്റൊരു സിറ്റ്വേഷനുവേണ്ടി ഞാന്‍ ഉണ്ടാക്കിയ ഈണമാണത്-ഇന്നു കേള്‍ക്കുന്ന മട്ടിലല്ല; അതിലും ഫാസ്റ്റായി ഫോക്ക് ശൈലിയില്‍. പക്ഷേ, ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യൂണ്‍ വേഗത കുറച്ച് മെലോഡിയസ് ആയി ഒന്ന് പാടിക്കേള്‍ക്കട്ടെ' എന്നായി അദ്ദേഹം.
'ആ നിര്‍ദേശം എനിക്കത്ര രുചിച്ചില്ലെന്നതാണു സത്യം.' ജോണ്‍സണ്‍ ചിരിക്കുന്നു. എങ്കിലും മനസ്സില്ലാമനസ്സോടെ ഈണം മന്ദഗതിയില്‍ ലോഹിയെ പാടിക്കേള്‍പ്പിക്കുന്നു, അദ്ദേഹം. 'കഴിയുന്നത്ര ഫീല്‍ കൊടുക്കാതെയാണ് പാടിയത്. അതെങ്ങാനും അവര്‍ ഇഷ്ടപ്പെട്ടുപോയാലോ?'
പക്ഷേ, പുതിയ ഈണം കേട്ടയുടന്‍ ലോഹിതദാസ് വിധിയെഴുതിക്കഴിഞ്ഞിരുന്നു: നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്; ഇതു മതി.
അപ്പോഴും ഈണം സിറ്റ്വേഷന് ഉചിതമായിരിക്കുമോ എന്ന് ജോണ്‍സണ് സംശയമായിരുന്നു. കൈതപ്രം വന്നു പാട്ടെഴുതിക്കഴിഞ്ഞ ശേഷമാണ് ആശങ്കയ്ക്ക് തെല്ലൊരു ശമനമുണ്ടായത്. ഉണ്ണിക്കിടാവിന് നല്കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഹൃദയസ്പര്‍ശിയായിരുന്നു ആ വരികള്‍.
പടത്തിന്റെ പ്രിവ്യൂവിലാണ് കണ്ണീര്‍പ്പൂവിന്റെ... ആദ്യമായി ജോണ്‍സണ്‍ സിനിമയില്‍ ചിത്രീകരിച്ചു കാണുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം കമ്യൂണിക്കേറ്റ് ചെയ്യുന്നതെന്നു മനസ്സിലായത് അപ്പോഴാണ്.
അഭിനയിച്ച സിനിമകളിലെ ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എടുത്തുപറഞ്ഞതായി എങ്ങോ വായിച്ചു. സന്തോഷം തോന്നി. ഒരു ഗാനസ്രഷ്ടാവ് ഏറ്റവുമധികം ചാരിതാര്‍ഥ്യം അനുഭവിക്കുന്ന നിമിഷങ്ങള്‍ ഇതൊക്കെയല്ലേ?
'ഞാന്‍ ഗന്ധര്‍വനി'ലെ ഗാനങ്ങള്‍ ഹോട്ടല്‍ പാംഗ്രോവില്‍ ഇരുന്നാണ് ചിട്ടപ്പെടുത്തിയത്. ഒപ്പം സംവിധായകന്‍ പത്മരാജനുമുണ്ട്. ഹിന്ദുസ്ഥാനി ഫീല്‍ ഉള്ള ഗാനങ്ങളാണ് വേണ്ടതെന്നു പപ്പേട്ടന്‍ സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'അയ്യോ, അതിനു ഞാന്‍ ഹിന്ദുസ്ഥാനി പഠിച്ചിട്ടില്ലല്ലോ.' സൗമ്യമായി ചിരിച്ചുകൊണ്ടായിരുന്നു പപ്പേട്ടന്റെ മറുചോദ്യം. 'നീ കര്‍ണാട്ടിക്കും പഠിച്ചിട്ടില്ലല്ലോ. പിന്നെന്താ?' ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ദേവാങ്കണങ്ങള്‍ പെയ്‌തൊഴിഞ്ഞ താരകവും ദേവിയും പാലപ്പൂവുമെല്ലാം പിറന്നുവീണത് ആ രാത്രിയുടെ ഏകാന്തനിശ്ശബ്ദതയിലാണ്. ഓരോ പുതിയ ഈണവും പാടിക്കേള്‍ക്കുമ്പോള്‍ ഭാവദീപ്തമാകുന്ന പത്മരാജന്റെ മുഖം ഇന്നുമുണ്ട് ജോണ്‍സന്റെ ഓര്‍മയില്‍. 'പപ്പേട്ടനും ഭരതനുമൊക്കെ പോയി. നല്ലൊരു പാട്ട് ആസ്വദിക്കുന്നതുപോലും ഒരു കലയാണെന്നു തെളിയിച്ചവരായിരുന്നു അവരൊക്കെ.'
കൈതപ്രം-ജോണ്‍സണ്‍ ടീമിന്റെ ഗാനങ്ങള്‍ മനസ്സിലുണര്‍ത്തുക 'മധ്യവര്‍ത്തി' സിനിമയുടെ സുവര്‍ണകാല സ്മരണകള്‍കൂടിയാണ്. മഴവില്‍ക്കാവടി (പള്ളിത്തേരുണ്ടോ, തങ്കത്തോണി, മൈനാകപ്പൊന്‍മുടിയില്‍), വടക്കുനോക്കിയന്ത്രം (മായാമയൂരം), ചമയം (രാജഹംസമേ), കുടുംബസമേതം (നീലരാവില്‍ ഇന്നു നിന്റെ), ചെങ്കോല്‍ (മധുരം ജീവാമൃത ബിന്ദു), സല്ലാപം (പൊന്നില്‍ കുളിച്ചു നിന്ന, പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ), യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (ഒന്നുതൊടാന്‍)... ഈ ചിത്രങ്ങളെക്കുറിച്ച് അവയിലെ ഗാനങ്ങളെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍പോലുമാവുമോ നമുക്ക്?
കുറച്ചു കാലത്തെ മൗനത്തിനുശേഷമാണ് 'ഫോട്ടോഗ്രാഫറി'ലൂടെ കൈതപ്രവുമായി വീണ്ടും ഒരുമിക്കുന്നത്. മറക്കാനാഗ്രഹിക്കുന്ന ഇടവേളയായിരുന്നു അത്. ജീവിതത്തില്‍നിന്ന് സംഗീതം എന്നന്നേക്കുമായി അകന്നുപോയി എന്നു തോന്നിയ ഘട്ടം. ശബ്ദത്തേയും വെളിച്ചത്തേയും ഭയമായിരുന്നു അന്ന്. മനസ്സിനെ ചൊല്പടിക്ക് നിര്‍ത്താനാവാതെ കുഴഞ്ഞ നാളുകള്‍. ഏകാന്തമൂകമായ ആ കാലത്തിനുശേഷം സിനിമയില്‍ തിരിച്ചെത്തിയത് രഞ്ജന്‍ പ്രമോദിന്റെ പ്രേരണയിലാണ്. 'ഫോട്ടോഗ്രാഫറി'ലെ എന്തേ കണ്ണനു കറുപ്പുനിറം എന്ന ഗാനത്തിലൂടെ മലയാളസിനിമയിലെ തന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി തെളിയിച്ചുതരികയായിരുന്നു ജോണ്‍സണ്‍. 'സിനിമയില്‍ തിരിച്ചെത്തി എന്നൊന്നും തോന്നിയിട്ടില്ല. ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നല്ലോ. പിന്നെ, സിനിമ എനിക്കൊരിക്കലും ഒരു പ്രലോഭനമായിരുന്നില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ഇരുണ്ട ലോകം കാണാന്‍ കഴിഞ്ഞതുകൊണ്ടാവാം.'
നൂറുകണക്കിനു പാട്ടുകളും പടങ്ങളും ചെയ്തുവെന്നത് വലിയൊരു കാര്യമായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് ജോണ്‍സണ്‍ പറയുന്നു. 'ചിലപ്പോള്‍ തോന്നും ഒന്നും വേണ്ടായിരുന്നുവെന്ന്. നേര്‍വഴിക്കു ചിന്തിക്കുകയും മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ തുറന്നുപറയുകയും ചെയ്യുന്ന ആര്‍ക്കും സിനിമയിലെ അന്തരീക്ഷവുമായി ഇണങ്ങിപ്പോവുക ബുദ്ധിമുട്ടാകും. സര്‍ഗപരമായ വെല്ലുവിളികളെക്കാള്‍ കടുത്തതായിരുന്നു ഇത്തരം വെല്ലുവിളികള്‍. എനിക്ക് ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത പെരുമാറ്റരീതികളും സ്വഭാവവിശേഷങ്ങളും സഹിക്കേണ്ടിവന്നു. ജോലിയുടെ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും വേറെ. പടത്തിന്റെ റീറെക്കോഡിങ്ങിനുവേണ്ടി തുടര്‍ച്ചയായി മൂന്നും നാലും ദിവസങ്ങള്‍ ഉറക്കമിളയ്‌ക്കേണ്ടിവന്നിട്ടുണ്ട്. പ്രതിഫലവും താരതമ്യേന കുറവ്. എന്നിട്ടും ഞാന്‍ മുപ്പതുകൊല്ലക്കാലം സിനിമയില്‍ നിലനിന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് സംഗീതത്തോടാണ്...' ജോണ്‍സണ്‍ വികാരാധീനനാകുന്നു.
'പക്ഷേ, ഒരുകാര്യം ഞാന്‍ മറക്കുന്നില്ല. സിനിമ എനിക്ക് അപരിചിതരായ എത്രയോ പേരുടെ സ്‌നേഹം നേടിത്തന്നു. പാലക്കാടിനടുത്ത് അകത്തേത്തറ എന്ന കൊച്ചുഗ്രാമത്തില്‍ അടുത്തിടെ എനിക്കൊരു സ്വീകരണം തന്നു. ഉത്സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു അവിടെ. എന്റെ ഗാനങ്ങള്‍ മാത്രമാണ് അന്നു സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ ഗാനത്തിനും ലഭിച്ച വരവേല്പ് അഭൂതപൂര്‍വമായിരുന്നു. പരിപാടി മുഴുവന്‍ തീരുംവരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ സദസ്സ് പാട്ടില്‍ ലയിച്ചിരുന്നു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. സംഗീതസംവിധായകനെന്ന നിലയില്‍ ആത്മസംതൃപ്തി തോന്നിയ നിമിഷങ്ങളായിരുന്നു അവ...'
നനവാര്‍ന്ന കണ്ണുകളില്‍ ഒരു പുഞ്ചിരി തെളിയുന്നുവോ?
മാതൃഭൂമി
No comments:
Post a Comment