Monday, August 1, 2011

കനവു നെയ്തൊരാത്മരാഗം - സുപ്രിയ സുധാകര്‍




പത്മജ കാതോര്‍ത്തിരിക്കുകയാണ്, പ്രിയതരമായ ആ കാലൊച്ചക്കായ്. പോയ്മറഞ്ഞിട്ട് ഒരുവര്‍ഷമായെങ്കിലും ഏതോ പാട്ടിന് ഈണമേകാന്‍ ദൂരെയെങ്ങോ അദ്ദേഹം പോയതാണെന്ന് കരുതാനാണ് പത്മജ ഇന്നും ഇഷ്ടപ്പെടുന്നത്. മലയാളത്തെ ഗൃഹാതുരതയുടെയും പിന്‍വിളികളുടെയും പൂക്കാലങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ എം ജി രാധാകൃഷ്ണനെക്കുറിച്ച് അങ്ങനെ കരുതാനാണ് പത്മജയെപ്പോലെ എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്.


"സങ്കടങ്ങള്‍ എന്നും വെളിയില്‍ കാണിച്ചുനടക്കാന്‍ സാധിക്കില്ലല്ലോ? എങ്കിലും ചില നിമിഷങ്ങളില്‍ അദ്ദേഹം ഇല്ലാത്തത് വല്ലാത്തൊരു സങ്കടമായി മനസ്സില്‍ നിറയും. ഓര്‍മകള്‍ കാലം കഴിയുന്തോറും കൂടുതല്‍ തെളിമയോടെ മനസ്സില്‍ വരികയാണ്. ആ നല്ല ഓര്‍മകളും അദ്ദേഹത്തിന്റെ സംഗീതവും കുടുംബ- സുഹൃദ് ബന്ധങ്ങളുമാണ് ഇന്നെന്റെ സമ്പാദ്യം. ആ ഓര്‍മകള്‍ സമാഹരിച്ച് ഒരു പുസ്തകം തയ്യാറാക്കാനുള്ള പണിപ്പുരയിലാണ്"-പത്മജ പറയുന്നു.

ഈ നാടിനെ കുറിച്ചും ഒപ്പം മധുരമുള്ള ഓര്‍മകളെ കുറിച്ചും. ഹരിപ്പാട് എം ജി രാധാകൃഷ്ണന്‍ എന്ന ആകാശവാണിയിലെ ശബ്ദത്തെ ആരാധിച്ച വിമന്‍സ് കോളേജിലെ പ്രീഡിഗ്രിക്കാരിക്ക് ജീവിതത്തിലും അദ്ദേഹത്തെ കൂട്ടായി ലഭിച്ചത് മനസ്സിന്റെ സത്യം കൊണ്ടാണെന്ന് പത്മജ പറയുന്നു.ആകാശവാണിയില്‍ കേള്‍ക്കുന്ന ശബ്ദത്തോടുള്ള ആരാധന നേരില്‍ കണ്ടതോടെ വര്‍ധിച്ചു. വിമന്‍സ് കോളേജില്‍ ലക്ചററായിരുന്ന സഹോദരി ഓമനക്കുട്ടി ടീച്ചറെ കൊണ്ടുവിടാന്‍ വരുമ്പോഴും കോളേജിലെ കലാപരിപാടികള്‍ക്ക് പാട്ട് കംപോസ് ചെയ്യാന്‍ എത്തുമ്പോഴും ആരാധന വര്‍ധിച്ചുകൊണ്ടേയിരുന്നു. പത്മജയും അര്‍ധസഹോദരി ഗിരിജയും കലാപരിപാടികളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. കഥയും കവിതയും പ്രസിദ്ധീകരിച്ചിരുന്നു. യുവവാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. എല്ലായിടത്തും ഇരട്ടസഹോദരികള്‍ ഒരുമിച്ചാണ് പോയിരുന്നത്. ഇരട്ടസഹോദരികള്‍ എന്ന നിലയില്‍ ആകാശവാണിയില്‍ ജോലിചെയ്യുന്ന എല്ലാവര്‍ക്കും പ്രിയങ്കരികളായിരുന്നു. "ചേട്ടനെ കാണണം എന്ന് തോന്നുമ്പോഴൊക്കെ ആകാശവാണിയില്‍ ഓരോ കാരണം ഉണ്ടാക്കി പോകാറുണ്ടായിരുന്നെ"ന്നും പത്മജ ഓര്‍ക്കുന്നു. ആകാശവാണിയിലേക്ക് ഒരു കവിത പേര് വയ്ക്കാതെ അയച്ചുകൊടുത്തു. പ്രസിദ്ധീകരിക്കണം എന്നു കരുതിയല്ല അയച്ചത്- "എനിക്ക് എന്തൊക്കെ ചേട്ടനോട് പറയാനുണ്ടായിരുന്നോ അതൊക്കെയായിരുന്നു ആ കവിത".

പിന്നീട് ആകാശവാണിയില്‍ വച്ച് കണ്ടപ്പോള്‍ ചേട്ടന്‍പറഞ്ഞു, "പേര് വയ്ക്കാതെ എഴുതിയാല്‍ പൈസ കിട്ടില്ലെന്ന്". അന്നാണ് തന്റെ സ്നേഹം രാധാകൃഷ്ണന്‍ചേട്ടന്‍ മനസ്സിലാക്കിയെന്ന് അറിഞ്ഞത്. "ആകാശത്താരകള്‍ കണ്ണുകള്‍ ചിമ്മി ആതിരപ്പൂനിലാവും മയക്കമായി പച്ചിലക്കാടുകളില്‍ ഒളിച്ചുകളിച്ചൊരു പാതിരപ്പൂങ്കാറ്റും വീണുറങ്ങി." എന്ന കവിത ലളിതഗാനമായി പ്രക്ഷേപണം ചെയ്യുന്ന ദിവസം ആരോടും പറഞ്ഞില്ല. അടുത്ത സുഹൃത്തുക്കളോട് പോലും. എന്തോ തെറ്റ് ചെയ്തതുപോലെ റേഡിയോയുടെ ഒച്ച കുറച്ച് കേട്ടു. അധികം വൈകാതെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു. എം ജി രാധാകൃഷ്ണന്‍ അവസാനമായി ഈണം നല്‍കിയ പാട്ട് പുറത്തിറക്കാനുള്ള തിരക്കിലാണിപ്പോള്‍ പത്മജ. എം ജി രാധാകൃഷ്ണന്‍ അസുഖബാധിതനായി കിടക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് എഴുതിയ പാട്ട് വീണ്ടും കൈയില്‍ കിട്ടുന്നത്. ഒരു പാട്ട് ട്യൂണ്‍ ചെയ്യാനുള്ള ആരോഗ്യംപോലും അന്ന് ഉണ്ടായിരുന്നില്ല. എന്നാലും താനെഴുതിയ പാട്ട് രാധാകൃഷ്ണന്റെ ഈണത്തില്‍ പുറത്തിറങ്ങണമെന്ന നിര്‍ബന്ധത്തിനുമുന്നില്‍ മറ്റെല്ലാം മാറ്റിവച്ചു. എം ജി രാധാകൃഷ്ണന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത മണിച്ചിത്രത്താഴിലെ "പഴന്തമിഴ് പാട്ടിഴയും........." എന്ന വരികള്‍ മേടയില്‍ വീട്ടില്‍ വച്ചാണ് സംഗീതം നിര്‍വഹിച്ചത്. ബിച്ചു തിരുമലയാണ് എഴുതിയത്. ഫാസില്‍ മണിച്ചിത്രത്താഴിന്റെ കഥ പറഞ്ഞത് നിറഞ്ഞ കുടുംബസദസ്സിലാണ്. സിനിമ കാണുന്നത് പോലെയാണ് ഫാസില്‍ കഥ പറഞ്ഞത്. എന്നാല്‍ , ഈ സിനിമയ്ക്ക് പാട്ടൊരുക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് രാധാകൃഷ്ണന്‍ പണം മടക്കിനല്‍കി. പിന്നീട് ഫാസില്‍ വീട്ടില്‍ വന്നു പറഞ്ഞു "ഈ പാട്ട് ചെയ്യുന്നത് എം ജി രാധാകൃഷ്ണനാണ്. പാടുന്നത് ദാസേട്ടനും". എതിര്‍ത്തുപറയാതെ പിന്നീടത് ചെയ്തുകൊടുത്തു. പല്ലവി എഴുതി കേള്‍പ്പിച്ചപ്പോള്‍ രണ്ടു വരികൂടി ചേര്‍ത്താല്‍ നന്നായിരുന്നെന്ന പത്മജയുടെ അഭിപ്രായത്തെ മാനിച്ചാണ് "കനവ് നെയ്തൊരാത്മരാഗം....." എന്ന് തുടങ്ങുന്ന വരികള്‍ എഴുതിയത്. അതുപോലെതന്നെ നനുത്ത ഓര്‍മയാണ് പത്മജ ആശുപത്രിയില്‍ കിടക്കുമ്പോള്‍ സംഗീതം നല്‍കിയ "പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും....." എന്ന് തുടങ്ങുന്ന ഭാസ്കരന്‍ മാഷുടെ വരികള്‍ . രാധാകൃഷ്ണന്റെ മനസ്സിലുള്ള വിഷാദം ഗാനത്തിലേക്കും പകര്‍ന്നപ്പോളത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗാനമായി. രാധാകൃഷ്ണന്‍അവസാനമായി ട്യൂണ്‍ ചെയ്ത പാട്ട് ആല്‍ബമായിട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പത്മജ. ദാസേട്ടന്‍ പാടാമെന്നേറ്റിട്ടുണ്ട്.35 വര്‍ഷത്തെ ജീവിതം ഓര്‍മക്കുറിപ്പായും. രാധാകൃഷ്ണന്റെ ഓര്‍മകള്‍ ഉറങ്ങാത്ത "മേടയില്‍" വീട് കടന്നുപോകുന്നവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഗ്രാമ്യവിശുദ്ധി കാത്തുസൂക്ഷിക്കുന്ന വീടിന്റെ അകത്തളങ്ങളിലിപ്പോഴുമുയരുന്നുണ്ട് നിത്യപ്രണയത്തിന്റെ വിശുദ്ധരാഗങ്ങള്‍


ദേശാഭിമാനി

No comments:

Post a Comment