ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാഭക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷം കുത്തിയിളക്കുന്നതായി മനോരമയുടെ ദയനീയവിലാപം. കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം നേരിടാന്‍ ഒമ്പതു പേരായിരുന്നു വിധികര്‍ത്താക്കളെന്ന് മാതൃഭൂമി. കുഞ്ഞാലിക്കുട്ടി സഹതാപതരംഗം ആഞ്ഞടിക്കുന്നതായി മാധ്യമം. യുഡിഎഫ് ചെന്നുവീണ ആഴമേറിയ പ്രതിസന്ധി മറികടക്കാന്‍ മാധ്യമങ്ങളുടെ വിടുപണി. 'എല്‍ഡിഎഫ് വോട്ടിനുവേണ്ടി തരം താഴ്ന്നെന്ന്' ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖപ്രസംഗത്തിലൂടെ മുറവിളി കൂട്ടുന്ന മനോരമ കുഞ്ഞാലിക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയതെന്ന സത്യം മിണ്ടുന്നില്ല. വാര്‍ത്താസമ്മേളനം വിളിച്ച് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചതും മറുപടിയായി കൂട്ടുപ്രതി റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഐസ്ക്രീം കേസ് വീണ്ടും കത്തിച്ചത്.
മുസ്ളിം ലീഗ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുമന്ത്രിയുമായിരുന്ന എം കെ മുനീറിന്റെ ചാനല്‍ ഒളിക്യാമറ വാര്‍ത്തകളുമായി രംഗത്തിറങ്ങി. വ്യഭിചാരക്കേസിനപ്പുറം ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയതും ജുഡീഷ്യറിയെ സ്വാധീനിച്ചതുമൊക്കെ പുറത്തുവന്നു. യുഡിഎഫ് ഭരണം വഴിവിട്ടു പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടി സമ്മതിക്കുന്നു; അതിന് ഉമ്മന്‍ചാണ്ടിയുടെ അഭിനന്ദനം. ഇനിയും പറയുമെന്ന് റൌഫ്.
കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട പോക്കിനൊപ്പം യുഡിഎഫിന്റെ ജീര്‍ണതയും തുറന്നുകാട്ടപ്പെടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കും സഹിക്കുന്നില്ല. 'ഒളിക്യാമറ പ്രവര്‍ത്തന'ത്തില്‍ മനോരമ പ്രതിഷേധിക്കുമ്പോള്‍ നേരത്തെ കിട്ടിയ തെളിവ് ഏറെ വൈകി പുറത്തുവിടുന്നതിലെ അധാര്‍മികതയെച്ചൊല്ലിയാണ് മാതൃഭൂമിക്കും വീരേന്ദ്രകുമാറിനും രോഷം. കുഞ്ഞാലിക്കുട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി പറയുന്ന മാധ്യമം തെറ്റ് ഏറ്റുപറഞ്ഞതോടെ എല്ലാം പൊറുക്കാവുന്നതാണെന്നും നിരീക്ഷിക്കുന്നു.
മനോരമ അവകാശപ്പെടുന്നതുപോലെ ഇപ്പോഴത്തേത് പെണ്‍വാഭക്കേസിന്റെ അപഹാസ്യമായ 'രണ്ടാം വരവ'ല്ല. മൂന്നാം വരവാണ്. രണ്ടാം വരവ് 2004ല്‍ ഇരകളിലൊരാളായ റജീനയുടെ വെളിപ്പെടുത്തലാണ്. അന്ന് ലീഗിന്റെയും ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്റെയും കൈക്കരുത്തറിഞ്ഞവരില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കായി കരയുന്ന മാധ്യമങ്ങളിലുള്ളവരുമുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ-മാധ്യമസദാചാരം ഓര്‍മിപ്പിക്കുന്നവര്‍ക്ക് അന്ന് നല്ല അടികിട്ടി. കരിപ്പൂരില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനെത്തിയ ലീഗുകാര്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചു. പിറ്റേന്ന് തലസ്ഥാനത്ത് മാധ്യമപ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസാണ് നേരിട്ടത്.
പീഡനക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് മനോരമയുടെ ആക്ഷേപം. വ്യാജസ്വാമിമാര്‍ ഉള്‍പ്പെടെ പീഡനക്കേസുകളില്‍പെട്ട ഒട്ടേറെപ്പേര്‍ ഈ സര്‍ക്കാര്‍ വന്നശേഷം ജയിലിലായി. ഇത്തരം കേസുകളില്‍ വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നത് എങ്ങനെയെന്ന് യുഡിഎഫാണ് കാട്ടിത്തന്നത്. സൂര്യനെല്ലിയടക്കം പൊള്ളുന്ന തെളിവുകള്‍ ഇതിന് മനോരമയ്ക്ക് കിട്ടും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മാധ്യമധര്‍മത്തിന്റെ മേലങ്കിയണിഞ്ഞ് അപഹാസ്യമായ വാദങ്ങളുന്നയിക്കുകയാണ് മനോരമ. ലീഗ് മുഖപത്രത്തെപ്പോലും നാണിപ്പിക്കുംവിധമാണ് മനോരമയുടെ കുഞ്ഞാലിക്കുട്ടിസേവ. വോട്ടിനായി ഇത്രയും തരംതാഴാമോ? എന്ന മനോരമയുടെ ചോദ്യം അവര്‍ക്കുനേരെ തന്നെയാണ് നീളുന്നത്. പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതാരൊക്കെയെന്ന് വെള്ളിയാഴ്ച മനോരമയുടെതന്നെ ചാനലില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ചിട്ടുണ്ട്. എം കെ മുനീറും യുഡിഎഫിലെ ഘടകകക്ഷിയും തനിക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മനോരമയ്ക്ക് ഇനി ഈ വഴിക്ക് അന്വേഷിക്കാം.
മനോരമയ്ക്ക് സംശയരോഗം പാട്ടവും സ്വതന്ത്രാവകാശവും ഒന്നല്ല
ഒടുവില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ മനോരമയ്ക്ക് ഒരു സംശയംമാത്രം തീര്‍ന്നില്ല. ഈ പാട്ടവും വില്‍പ്പനയും തമ്മില്‍ എന്ത് വ്യത്യാസം? രണ്ടും ഒന്നായതിനാല്‍ ഈ പ്രശ്നത്തിന്റെ പേരില്‍ പദ്ധതിയെന്തിന് വൈകിച്ചു? മനോരമയുടെ കേസ് വാദിക്കുന്ന ഏതെങ്കിലും ഒരു അഭിഭാഷകനോട് ചോദിച്ചാല്‍ തീര്‍ക്കാവുന്നതാണ് ഈ സംശയം. പക്ഷേ, മനോരമയ്ക്ക് അതില്‍ താല്‍പ്പര്യമില്ല, വായനക്കാരനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കബളിപ്പിക്കുകതന്നെ ലക്ഷ്യം. സര്‍ക്കാര്‍ഭൂമി, അതല്ലെങ്കില്‍ സ്വകാര്യഭൂമി മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കുകയെന്നതിനര്‍ഥം ആ ഭൂമിയില്‍ അയാള്‍ക്ക് പാട്ടവ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനല്ലാതെ മറ്റൊന്നിനും അധികാരമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഭൂമി പാട്ടത്തിന് നല്‍കിയാല്‍ കള്ളുഷാപ്പ് തുടങ്ങാനാവില്ലെന്ന് ചുരുക്കം. പാട്ടവ്യവസ്ഥ അനുസരിച്ച് ഓരോ വര്‍ഷവും പാട്ടത്തുക നല്‍കുകയും വേണം. ഭൂമിയുടെ സ്വതന്ത്രാവകാശം എന്നാല്‍ വില്‍പ്പന ഉള്‍പ്പെടെ എന്തുമാവാം. ഐടി സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ഉള്‍പ്പെടെ എന്തും. മറിച്ചുവില്‍ക്കുകയുമാവാം.
ശതകോടികള്‍ വിലമതിക്കുന്ന ഈ ഭൂമി ഐടി സംരംഭത്തിന്റെ പേരില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നത് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. അതേസമയം, സെസ് പരിധിയില്‍ വരുന്ന ഭൂമിക്ക് സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ മറിച്ചു വില്‍ക്കാനാവില്ല. ഐടി സംരംഭമല്ലാതെ മറ്റൊന്നും തുടങ്ങാനുമാവില്ല. ഇതാണ് സെസിലെ വ്യവസ്ഥകള്‍. അഞ്ച് വര്‍ഷം മുമ്പ് നിശ്ചയിച്ച വിലയില്‍ ഇപ്പോള്‍ നല്‍കുന്നത് നഷ്ടമാണെന്നാണ് മനോരമയുടെ മറ്റൊരു കണ്ടുപിടിത്തം. 2005ല്‍ യുഡിഎഫ് ഭരണകാലത്ത് 36 കോടിക്ക് നല്‍കാനിരുന്ന സ്ഥലത്തിനാണ് ഇപ്പോള്‍ 104 കോടി നിശ്ചയിച്ചതെന്നത് മനോരമ അറിയാഞ്ഞിട്ടല്ല, പറയാഞ്ഞിട്ടാണ്. ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ വ്യക്തികളാണ് സംരംഭങ്ങള്‍ തുടങ്ങുന്നതെന്നതിനാല്‍ അത് കൈമാറിയാല്‍ എന്താ ദോഷം എന്ന മനോരമയുടെ ചോദ്യം, യുഡിഎഫിന്റെ പൊതുമേഖലയെ വിറ്റുതുലയ്ക്കല്‍ നയത്തിന്റെ ഭാഗമായേ കാണാനാവൂ.
ദേശാഭിമാനി 050211
പേജിലേക്ക്
No comments:
Post a Comment