ഇന്റര്‍നെറ്റ്കഫേ നടത്തിപ്പുകാരന്‍മുതല്‍ ഗൂഗിള്‍പോലുള്ള വന്‍കിട സൈബര്‍ സേവനദായകരെ വരെ അകത്താക്കാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. മൊബൈല്‍ഫോണും നിയമത്തിന്റെ പരിധിയില്‍വരും. ബ്ലോഗെഴുതുന്നവര്‍ മുതല്‍ അതില്‍ പ്രതികരണം അറിയിക്കുന്ന സാദാ വായനക്കാരനെവരെ "ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്" അഴിയെണ്ണിക്കാം. സ്വന്തം കംപ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങള്‍ "രാജ്യതാല്‍പ്പര്യം" മുന്‍നിര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏതു നിമിഷവും ചോര്‍ത്താം. കാലങ്ങളോളം രഹസ്യമായി നിരീക്ഷിക്കാം. വ്യക്തികളുടെ സാമ്പത്തിക കണക്കുകള്‍ , ആരോഗ്യവിവരം, ഇന്റര്‍നെറ്റ് പാസ്വേഡ് തുടങ്ങിയവയും അറിയിപ്പില്ലാതെ കൈവശപ്പെടുത്താം. രാജ്യത്തിനോ വ്യക്തികള്‍ക്കോ ആക്ഷേപകരമായതൊന്നും അനുമതി കൂടാതെ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളെ മുന്‍കൂര്‍ അറിയിക്കണമെന്നാണ് ഒരു വ്യവസ്ഥ. അങ്ങനെയുണ്ടായാല്‍ ഇടനിലക്കാര്‍തന്നെ നീക്കംചെയ്യുകയോ 36 മണിക്കൂറിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കുകയോ വേണം. കുറ്റകൃത്യം ചെയ്തയാളുടെ സൈറ്റ് നീക്കാം, രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാം. വ്യക്തികളുടെ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ നിരുപാധികം കേസന്വേഷണത്തിന് ആവശ്യപ്പെടാം. നല്‍കാത്ത ഇടനിലക്കാര്‍ക്ക് ഏഴുവര്‍ഷംവരെ കഠിനതടവിനാണ് വ്യവസ്ഥ. ഓരോ കുറ്റത്തിനും രണ്ടുവര്‍ഷംമുതല്‍ തടവും പിഴയും ഉള്‍പ്പെടെ സിവിലും ക്രിമിനലുമായ ശിക്ഷകള്‍ക്കും വ്യവസ്ഥയുണ്ട്.
ഭരണഘടന നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തിനുമാത്രമല്ല, ഇന്റര്‍നെറ്റിലെ മാധ്യമസ്വാതന്ത്ര്യത്തിനുകൂടി കനത്ത ഭീഷണിയാണ് പുതിയ ചട്ടങ്ങളെന്ന് "മലയാള്‍ ഡോട്ട് എഎം" എന്ന മലയാളം വാര്‍ത്ത വിശകലന പോര്‍ട്ടല്‍ എഡിറ്റര്‍ സെബിന്‍ ജോണ്‍ ജേക്കബ് പറഞ്ഞു. അടിയന്തരാവസ്ഥയില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പോലുള്ള നിയന്ത്രണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രനീക്കം ഇടയാക്കുക. വായനക്കാരന്‍പോലും ക്രൂശിക്കപ്പെടുമെന്ന അവസ്ഥ ജനകീയ മാധ്യമപ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ആഫ്രിക്കയിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും സാമ്രാജ്യങ്ങളെ കൊമ്പുകുത്തിച്ച ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഐടി നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയത്. ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . എന്നാല്‍ അഴിമതി ഉള്‍പ്പെടെ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സൈബര്‍ ലോകത്തിന്റെ പ്രഹരശേഷിയെ സര്‍ക്കാര്‍ ഭയപ്പെടുന്നതിനു തെളിവാണ് കരിനിയമത്തിലെ ചട്ടങ്ങളെന്ന് ആറായിരത്തോളംവരുന്ന മലയാളത്തിലെ ബ്ലോഗര്‍സമൂഹവും അഭിപ്രായപ്പെടുന്നു.
എം എസ് അശോകന്‍ deshabhimani news
ജാഗ്രതയുടെ പേജ്
No comments:
Post a Comment