Tuesday, October 19, 2010

ഹിന്ദുത്വയുടെ ഉദയാസ്തമയങ്ങള്‍


August 26, 2009
By dillipost
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയെ വേട്ടയാടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധി അതിന്റെ സംഘടനാ തലത്തിലേക്കു കൂടി വ്യാപിക്കുമ്പോള്‍ ഒരു തിരിച്ചു വരവ് ഹിന്ദുത്വ പാര്‍ടിക്ക് സാധ്യമാണോ?
“സ്വന്തമായ രാഷ്ട്രീയമുള്ള ഒരു സ്വതന്ത്ര പാര്‍ടിയായിരിക്കാം ബിജെപി. പക്ഷേ അതിന്റെ നേതാക്കളില്‍ പലരും ഞങ്ങളുടെ സ്വയം സേവകരാണ്; ഞങ്ങളുടെ ആളുകളാണ്.” ബിജെപിയുടെ മൂന്നു ദിന ‘ചിന്തന്‍ ബൈഠക്’ ഷിംലയില്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഒരു റ്റെലിവിഷന്‍ മുഖാമുഖത്തില്‍ പറഞ്ഞതാണിത്. പ്രത്യയശാസ്ത്ര വ്യതിയാനം സംഘപരിവാരത്തില്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പാകിസ്ഥാന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയെ കുറിച്ച് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് എഴുതിയ പുസ്തകം (Jinnah — India, Partition, Independence)‍ വന്‍ വിവാദമായി കത്തി നില്‍ക്കെ വന്ന സംഘ പരിവാര തലവന്റെ പ്രസ്താവനയുടെ അര്‍ത്ഥമെന്തെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ ചിന്തകരുടെ ആവശ്യമൊന്നുമില്ല. ആര്‍എസ്എസിനും മറ്റു പരിവാര്‍ സംഘടനകള്‍ക്കും ജിന്ന ഇന്ത്യാ വിഭജനത്തിന്റെ പ്രധാന കാരണക്കാരനും കറ കളഞ്ഞ മുസ്ലിം മൗലികവാദിയുമാണ്. ആ വിശ്വാസത്തിന് വിരുദ്ധമായ ഒരു നിലപാട് ആരെങ്കിലുമെടുത്താല്‍, അവര്‍ പടിക്കു പുറത്ത്.
സംഘപരിവാര ശരീരത്തില്‍ ആര്‍എസ്എസാണ് തല. തല പറയുന്നത് മറ്റു അവയവങ്ങള്‍ക്ക് അനുസരിക്കുകയേ നിവര്‍ത്തിയുള്ളൂ. മോഹന്‍ ഭഗവത് റ്റെലിവിഷനിലൂടെ പറഞ്ഞു, രാജ് നാഥ് സിംഗും കൂട്ടരും ചിന്തന്‍ ബൈഠക്കില്‍ അതു പോലെ തന്നെ ചെയ്തു. ജിന്നയെ അനാവശ്യമായി വില്ലനാക്കുകയായിരുന്നുവെന്നും, ജവഹര്‍ ലാല്‍ നെഹ്രുവിന്റേയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടേയും കേന്ദ്രീകൃത നയങ്ങളാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചതെന്നുമാണ് ജസ്വന്ത് എഴുതിയത്. സംഘപരിവാര്‍ വീരനായകനായി കൊണ്ടു നടക്കുന്ന സര്‍ദാര്‍ പട്ടേലിനെ വിമര്‍ശിക്കുക എന്ന പാതകവും ജസ്വന്ത് ചെയ്തു. മുസ്ലിം വിരുദ്ധതയും പാകിസ്താന്‍ വെറുപ്പും രക്തത്തില്‍ കൊണ്ടു നടക്കുന്ന ഹിന്ദു തീവ്രവാദികള്‍ക്ക് ജസ്വന്തിന്റെ വീക്ഷണങ്ങള്‍ തങ്ങളുടെ ‘അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനം’ തന്നെയായിരുന്നു. ഫലമോ, ജസ്വന്ത് പാര്‍ടിക്കു പുറത്ത്.
സവര്‍ക്കര്‍ രേഖ
ബിജെപിയുടെ ചരിത്രമറിയാവുന്ന ആരും ഈ നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചു കാണില്ല. ആര്‍എസ്എസിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ തന്നെയാണ് ബിജെപിയുടേയും മറ്റെല്ലാ പരിവാര്‍ സംഘടനകളുടേയും പ്രത്യയശാസ്ത്രം – ഒറ്റവാക്കില്‍ ഹിന്ദുത്വയെന്നു പറയാം. എന്തു സമ്മര്‍ദങ്ങളുടെ പേരിലായാലും അതില്‍ നിന്നുള്ള വ്യതിയാനം എളുപ്പം അംഗീകരിച്ചു കൊടുക്കാന്‍ ആര്‍എസ്എസിനാവില്ല. അങ്ങിനെ അംഗീകരിച്ചാല്‍ പിന്നെ ആര്‍എസ്എസ് ഹിന്ദു മൗലികവാദ സംഘടനയാവുന്നതെങ്ങിനെ? ആര്‍എസ്എസ് വരച്ച സവര്‍ക്കര്‍ രേഖയ്ക്കപ്പുറത്തേക്ക് വല്ലപ്പോഴുമെങ്കിലും എത്തി നോക്കിയിട്ടുള്ളത് വാജ്പായി മാത്രം. മറ്റെല്ലാവര്‍ക്കും, അദ്വാനിക്കുള്‍പ്പെടെ, സംഘ തലവന്മാര്‍ പറയുന്നത് വേദവാക്യം. പ്രത്യയശാസ്ത്രത്തിനാണോ അതോ പ്രായോഗിക രാഷ്ട്രീയത്തിനാണോ പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യം മുമ്പുയര്‍ന്നു വന്നപ്പോഴെല്ലാം, ആര്‍എസ്എസും ബിജെപിയും ആദ്യത്തേത് അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്തത്.
ജനതാ പാര്‍ടി അധികാരത്തിലിരുന്ന കാലത്ത് (1977-79), വാജ്പായിയും അദ്വാനിയുമുള്‍പ്പെടെ പല കേന്ദ്ര മന്ത്രിമാരുടേയും ആര്‍എസ്എസ് അംഗത്വം വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നുവെന്നോര്‍ക്കുക. ജനസംഘം വിട്ട്, ജനതാ പാര്‍ടിയില്‍ ഒന്നടങ്കം ലയിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും അവരിലാരും ആര്‍എസ്എസ് അംഗത്വം ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍, ഒന്നുകില്‍ ആര്‍എസ്എസ് വിടുക അല്ലെങ്കില്‍ ജനതാ പാര്‍ടി വിടുക എന്ന തീരുമാനമുണ്ടായപ്പോള്‍, ഹിന്ദുത്വയോടുള്ള പ്രതിബദ്ധത നില നിര്‍ത്തികൊണ്ട് സര്‍ക്കാരില്‍ നിന്ന് ഒഴിഞ്ഞു പോരാനാണ് അന്നത്തെ ജനസംഘ വിഭാഗം തീരുമാനിച്ചത്. ഈ തീവ്രവാദ വിഭാഗമാണ് പിന്നീട് ബിജെപിയായി പരിണമിക്കുക്കയും ബാബ്റി മസ്ജിദ് വിരുദ്ധ പ്രക്ഷോപത്തിലൂടെ രാജ്യത്തെ വര്‍ഗീയ ശവപ്പറമ്പാക്കി മാറ്റുകയും ചെയ്തത്. ഈ പ്രക്ഷോപങ്ങളുടെ കാലത്തെല്ലാം ബിജെപിയുടെ പ്രകാശ ഗോപുരം ആര്‍എസ്എസും തത്വ സംഹിത ഹിന്ദുത്വയുമായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാഗമായി ഗാന്ധിയന്‍ സോഷ്യലിസം മുതല്‍ നവലിബറല്‍ മുതലാളിത്തം വരെ ഒരു പാട് അജന്‍ഡകള്‍ ബിജെപി കടമെടുത്തിട്ടുണ്ടെങ്കിലും, ഹിന്ദുത്വയോടുള്ള അതിന്റെ അടിമത്തം ഉലയാതെ നിലനിന്നു.
ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ഇത് കൂടുതല്‍ വ്യക്തമാവുകയുണ്ടായി. 2002 ഫെബ്രുവരി 27ലെ ഗോധ്രാ തീവണ്ടിയാക്രമണത്തിനു ശേഷം രാജ്യത്ത് നടമാടിയ മുസ്ലിം വേട്ടയാടലില്‍ കൊല്ലപ്പെട്ടത് മാധ്യമങ്ങളുടെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ആളുകള്‍ (കമ്യൂണലിസം കോമ്പാറ്റ് പത്രാധിപര്‍ റ്റീസ്റ്റ സെറ്റല്‍വാദ് പറയുന്നത് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരുമെന്നാണ്). സംസ്ഥാനം ഭരിക്കുന്ന സ്വയംസേവകന്‍ നരേന്ദ്ര മോഡിയുടെ ആശിസുകളോടെയാണ് മുസ്ലിങ്ങളെ വേട്ടയാടിയതെന്ന് രാജ്യത്തെ സംഘപരിവാരിതര മാധ്യമങ്ങളെല്ലാം നിറച്ചെഴുതിയിട്ടും ബിജെപിക്കും ആര്‍എസ്എസിനും മോഡി വീരനായകന്‍ ‍. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് കരഞ്ഞ പ്രധാനമന്ത്രി വാജ്പായി മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും, അദ്വാനിയും ആര്‍എസ്എസും പ്രധാന മന്ത്രിയുടെ നിര്‍ദേശം പാടെ അവഗണിച്ചുവെന്നതും പിന്നാമ്പുറ കഥ. മുസ്ലിങ്ങളെ വേട്ടയാടുന്ന ഒരു മുഖ്യമന്ത്രിയെ കൈവെടിയാന്‍ ഹിന്ദുത്വ അടിസ്ഥാന സംഹിതയായി കൊണ്ടു നടക്കുന്ന ആര്‍എസിഎസിനാവില്ല. അതു കൊണ്ടാണ്, മറ്റേതെങ്കിലും ജനാധിപത്യ മതേതര രാജ്യത്താണെങ്കില്‍ ഇതിനകം ഇരുമ്പഴിക്കുള്ളിലടയ്ക്കപ്പെടുമായിരുന്ന മോഡി ഇവിടെയിപ്പോഴും, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ദേശീയ പാര്‍ടിയുടെ നേതാവുമായി വിലസുന്നത്.
വാജ്പായിയുടെ മൃദുമതേതര മുഖംമൂടിയണിയാന്‍ വെപ്രാളപ്പെട്ട് 2005ല്‍ പാകിസ്ഥാനില്‍ ചെന്ന് ജിന്ന മതേതര വാദിയാണെന്ന് പ്രസംഗിച്ച അദ്വാനിയെ പോലും സംഘ നേതൃത്വം വെറുതെ വിട്ടില്ല. അദ്വാനിയുടെ പ്രസംഗവും പരിവാരത്തിന്റ് അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനമായി വ്യാഖ്യാനിക്കപ്പെട്ടു. ആര്‍എസ്എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്വാനിക്ക് ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. ഈ പ്രത്യയ ശാസ്ത്ര പിടിവാശി വരുണ്‍ ഗാന്ധി വിവാദത്തിലും കാണാവുന്നതാണ്. കഴിഞ്ഞ ലോക്സഭാ തരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍, സ്വന്തം കൈ കൊണ്ട് മുസ്ലിങ്ങളുടെ കഴുത്തരിഞ്ഞു വീഴ്ത്തുമെന്ന് പ്രസംഗിച്ച വരുണ്‍ ഗാന്ധി ബിജെപിക്ക് വില്ലനല്ല, മറിച്ച് നായകനാണ്. മത തീവ്രവാദം പച്ചയ്ക്കു പ്രസംഗിച്ചു നടന്ന ഈ മൗലികവാദിയെ ആദ്യന്തം സംരക്ഷിക്കുകയാണ് അദ്വാനി മുതല്‍ നമുക്കു ചുറ്റും കാണുന്ന ആര്‍എസ്എസുകാര്‍ വരെ ചെയ്തതെന്നോര്‍ക്കുക. കാരണം, വരുണ്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ ഒരു അടിസ്ഥാന വിശ്വാസത്തിനും എതിരായിരുന്നില്ല എന്നതു തന്നെ.
ഇനിയെന്ത്?
എന്നാല്‍, തൊണ്ണൂറുകളിലെ പാര്‍ടിയല്ല ഇന്നത്തെ ബിജെപി. ബാബ്റി മസ്ജിദ് വിഷയത്തിലൂടെ ഇന്ത്യയിലെ ചെറിയൊരു ശതമാനം ഹിന്ദുക്കളെ വര്‍ഗീയവത്കരിക്കാന്‍ കഴിഞ്ഞ ബിജെപി തൊണ്ണൂറുകളില്‍ ഒരു വന്‍ രാഷ്ട്രീയ ശക്തിയായി വളര്‍ന്നെങ്കില്‍, ഇന്നത് പരാജയത്തിന്റെ നടുക്കയത്തിലാണ്. ഒരു വശത്ത് ഹിന്ദുത്വയോടുള്ള അടിമത്തവും, ആര്‍എസ്എസിന്റെ കല്പനകള്‍. മറുവശത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍. ഒരു പാര്‍ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ തുടര്‍ച്ചയായി നിരാകരിക്കുകയാണെങ്കില്‍, അങ്ങിനെ നിരാകരിക്കപ്പെടുന്ന നിലപാടുകള്‍ മാറ്റി ജനങ്ങളിലേക്കിറങ്ങി ചെല്ലുകയാണ് ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍, ആര്‍എസ്എസില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വമില്ലാത്ത ബിജെപിക്ക് സംഘപരിവാറിന്റെ രാഷ്ട്രീയം നിരാകരിക്കാനാവില്ല. എത്ര തെരഞ്ഞെടുപ്പു പരാജയങ്ങളുണ്ടായാലും ബിജെപിക്ക് അതിന്റെ വര്‍ഗീയ അജന്‍ഡ മാറ്റി വയ്ക്കാനാവില്ല. അതാണ് ഇന്ന് ഈ പാര്‍ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. സ്വന്തം അജന്‍ഡ ജനങ്ങള്‍ തള്ളിക്കളയുന്നു. എന്നാല്‍, മാറുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പരിഷ്കരിക്കാന്‍ സഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം അനുവദിക്കുന്നുമില്ല. അങ്ങിനെയൊരു സാഹചര്യത്തില്‍ പാര്‍ടിയില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കുക സ്വാഭാവികം. അതൊക്കെ തന്നെയാണ് ഇപ്പോള്‍ ബിജെപിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും.ജസ്വന്ത് സിംഗിനെ പുറത്താക്കിയതിനു പിന്നാലെ, ബിജെപിയുടെ ലിബറല്‍ മുഖങ്ങളിലൊന്നായ സുധീന്ദ്ര കുര്‍ക്കര്‍ണി “പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ’ പേരില്‍ പാര്‍ടി അംഗത്വം രാജി വച്ചു. കിഴവന്‍ പടക്കുതിരയായ അദ്വാനിയോടുള്ള വിയോജിപ്പ് മോഹന്‍ ഭഗവത് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാനുള്ള ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ രാജസ്ഥാനിലെ ഭൂരിപക്ഷം എംഎല്‍എമാരും തെരുവില്‍ വെല്ലു വിളിക്കുന്നു. ഇതിനെല്ലാം പുറമേ, രണ്ടാം നിര നേതാക്കന്മാര്‍ തമ്മിലുള്ള ഉള്‍പോര് അങ്ങാടി പാട്ടും. (
ഈ കുറിപ്പെഴുമ്പോള്‍, ബിജെപി നേത്രുത്വത്തിനെതിരെ മറ്റൊറു മുന്‍ കേന്ദ്രമന്ത്രിയും സംഘത്തിന്റെ ബുദ്ധിജീവികളിലൊരാളുമായ അരുണ്‍ ഷൂരി അഴിച്ചു വിട്ട വിമര്‍ശനങ്ങളുടെ പേരിലുള്ള വിവാദം തകര്‍ക്കുകയാണ്.) കഴുത്തില്‍ ആര്‍എസ്എസിന്റെ ചങ്ങലയും, തലയില്‍ ഹിന്ദുത്വ എന്ന എടുക്കാചരക്കുമായി ബിജെപി ഇനിയുമെത്ര ഇങ്ങിനെ കാലം മുടന്തി നീങ്ങും?
1980 ഡിസംബറില്‍ ബിജെപിയുടെ ഉദയം കുറിച്ച സമ്മേളനത്തില്‍ പ്രസംഗിക്കവേ പാര്‍ടിയുടെ പ്രഥമ പ്രസിഡന്റ് വാജ്പായി പറഞ്ഞത് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ബിജെപി ‘വേറിട്ടൊരു പാര്‍ടി’യായി പ്രവര്‍ത്തിക്കുമെന്നാണ്. “രാജ്യം ഇന്നൊരു ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധാര്‍മിക മൂല്യങ്ങളെല്ലാം കൈവെടിഞ്ഞ് നമ്മുടെ നേതാക്കളെല്ലാം വെറും അധികാര കൊതിയന്മാരായി അധപതിക്കുക്കയും, രാഷ്ട്രീയം വെറും അധികാര കളിയായി മാറുകയും ചെയ്തിരിക്കുന്നു,” വാജ്പായി പറഞ്ഞു. ഇന്ന്, ബിജെപി അതിന്റെ നാലാം പതിറ്റാണ്ടിലേക്ക് കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍, എന്താണ് വാജ്പായിയുടെ പാര്‍ടിയുടെ മൂല്യബോധം എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ മുഖം മൂടിയുമായി വന്ന ബിജെപിയുടെ കൈകളില്‍ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൂട്ടക്കുരുതിയുടെ രക്തക്കറയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയം വെറും വര്‍ഗീയ ലാഭങ്ങള്‍ക്കു വേണ്ടി പൊളിച്ചെറിഞ്ഞ ചരിത്രമുണ്ട്. ആ ചരിത്രം ഭാരതീയ ജനതാ പാര്‍ടിയെ വേട്ടയാടുക തന്നെ ചെയ്യും.
എംജെഎസ്

No comments:

Post a Comment