ഫിഡല്‍ കാസ്‌ട്രോയുമായി നൂറുമണിക്കൂര്‍ സംഭാഷണം നടത്തിയ ഇഗ്നേഷ്യോ റമോനോ (Ignacio Ramonet) രചിച്ച 'മൈ ലൈഫ്: ഫിഡല്‍ കാസ്‌ട്രോ' (My life: Fidel Castro) എന്ന ഗ്രന്ഥം കാസ്‌ട്രോയുടെ ഒരു വാക്യത്തോടെ അവസാനിക്കുന്നു: We will never tell you a lie (ഒരിക്കലും നിങ്ങളോട് ഞങ്ങള്‍ നുണ പറയില്ല). ഒരു ഇതിഹാസത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥ സൃഷ്ടിക്കുന്നതാണ് ഈ ഗ്രന്ഥം. (ലാ മൊണ്ടേ ഡിപ്ലമാറ്റിക് എന്ന ഫ്രഞ്ചു മാഗസീന്റെ പത്രാധിപരായ ഗ്രന്ഥകര്‍ത്താവ് ജിയോ പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലും സാംസ്‌കാരിക ചരിത്രത്തിലും വിദഗ്ധനും പാരീസിലെ ഡെനിസ് ഡിഡറോ യൂണിവേഴ്‌സിറ്റിയില്‍ കമ്മ്യൂണിക്കേഷന്‍ പ്രൊഫസറുമാണ്). ടോള്‍സ്റ്റോയിയുടെയോ വിക്ടര്‍ ഹ്യൂഗോയുടെയോ സെര്‍വാന്റ്‌സിന്റെയോ ഓര്‍മ ജ്വലിപ്പിക്കുന്നതോടൊപ്പം, നമ്മെ വിനയാന്വിതരാക്കുന്ന അസാധാരണമായ അനുഭവമാണ് അറുനൂറ്റി ഇരുപത്താറു പേജുകളില്‍ നിറഞ്ഞുതൂവുന്നത്. എണ്‍പതു വയസ്സായി കാസ്‌ട്രോയ്ക്ക്. വിപ്ലവത്തിനു ശേഷമുള്ള നാലാം തലമുറക്കാരാണ് ക്യൂബയിലെ പതിനൊന്നു മില്യണ്‍ വരുന്ന ജനങ്ങളില്‍ ഭൂരിപക്ഷം. ക്യൂബ നടന്നുവന്ന അഗ്നിപഥങ്ങള്‍ അറിയാത്തവരാണ് അവര്‍. തൊണ്ണൂറ് മൈല്‍ മാത്രം അകലെയുള്ള അയല്‍ക്കാരനായ അമേരിക്ക, വിപ്ലവത്തെ തകിടം മറിക്കാന്‍ അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റിയും അവര്‍ അജ്ഞാതരാണ്. അട്ടിമറികള്‍, തകിടം മറിക്കലുകള്‍, കൊലപാതകങ്ങള്‍- അങ്ങനെ ചരിത്രഗതിയെ തിരിച്ചുവിടാന്‍ നടന്ന കൊടുംപാതകങ്ങളും അവരുടെ ജീവിത വെളിച്ചത്തില്‍ മങ്ങലേല്പിക്കുന്നില്ല. അതെല്ലാം അക്ഷോഭ്യനായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത, ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്ന സന്ന്യാസിയായ, സൈനികനായ (Soldier Monk) കാസ്‌ട്രോയുടെ ജീവിതത്തിന്റെ അന്ത്യയാമങ്ങളെ ഉല്‍ക്കണ്ഠാകുലമാക്കുന്നത് അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ജനങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കപ്പെടുമോയെന്നതിലാണ്. കാസ്‌ട്രോയുടെ ജീവന്‍ അപകടപ്പെടുത്താന്‍ 'അറുനൂറു പ്രാവശ്യം' ശ്രമങ്ങള്‍ നടന്നിരുന്നു. ആകസ്മികമായി വിജയിക്കാതെ പോയവയായിരുന്നു അവ. 'ഹോട്ടല്‍ ഹാവന ലിബ്‌റയിലെ കോഫിഷോപ്പില്‍ ഞാന്‍ പോകാറുണ്ടായിരുന്നു. ചോക്‌ളേറ്റ് മില്‍ക്ക് ഷേക്കില്‍ സയനൈഡ് കലര്‍ത്താന്‍ ഒരു ഏജന്റിനെ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും, ഐസ് ഇട്ടിരുന്ന ഫ്രീസറില്‍ സഡനൈഡ് പില്‍ അമര്‍ന്നതുമൂലം അതു പുറത്തെടുക്കാനായില്ല. മറ്റൊരവസരത്തില്‍, പ്രഭാഷണം നടത്താന്‍ ചെല്ലുന്ന ടി.വി. സ്റ്റുഡിയോയിലെ മുറിയില്‍ എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്ന് വിതറാനായിരുന്നു പരിപാടി. 1971-ല്‍ ചിലി സന്ദര്‍ശിച്ച അവസരത്തില്‍ ടെലിവിഷന്‍ ക്യാമറയ്ക്കുള്ളില്‍ തോക്ക് ഒളിച്ചുവച്ചിരുന്നു. ക്യാമറ ചലിച്ചു തുടങ്ങുമ്പോള്‍ തോക്കില്‍നിന്നും വെടിയുണ്ട ചിതറുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നെങ്കില്‍, അത് ചെയ്യുന്നയാളും കൊല്ലപ്പെടുമെന്ന് അറിഞ്ഞതോടെ അത് ഉപേക്ഷിച്ചു. 'ദ ബേ ഓഫ് പിഗ്‌സ്' പ്രതിസന്ധിക്കിടയില്‍ അമേരിക്കയില്‍നിന്ന് കൂടിയാലോചനയ്ക്കുവന്ന അഭിഭാഷകനായ ജെയിംസ് ഡനോവന്‍ ഒരു നീന്തല്‍വസ്ത്രം സമ്മാനമായി നല്‍കിയതും കാസ്‌ട്രോ ഓര്‍മിക്കുന്നു. അത് ധരിക്കുന്നയാള്‍ കൊല്ലപ്പെടും. അതിനു പാകത്തില്‍ നീന്തല്‍ വസ്ത്രത്തില്‍ ബാക്റ്റീരിയ നിറച്ചിരുന്നു. ഉഷ്ണകാലത്ത് നീന്തലിന്, അത്തരം വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കുമായിരുന്നില്ല. നൂലിഴയില്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടു.' സംഭാഷണത്തിനിടയില്‍ തന്നെ നശിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു പുറമെ ആഭ്യന്തരമായി ക്യൂബയെ തകര്‍ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ ദ്രോഹനടപടികളും കാസ്‌ട്രോ വിശദമാക്കുന്നു: 'പന്നിപ്പനി, രക്തം വാര്‍ന്നുപോകുന്ന ഡെങ്കിപ്പനി എന്നിവ പടര്‍ത്താന്‍ വൈറസുകളെ അവര്‍ വിതറി. എണ്‍പതുകളില്‍, പുകയിലക്കൃഷി നശിപ്പിക്കാന്‍ ബ്ലൂ മോള്‍ഡ് എന്ന പാരസെറ്റിനെ കടത്തിവിട്ടു. മറ്റൊരവസരത്തില്‍ കരിമ്പുകൃഷി നശിപ്പിക്കാന്‍ മറ്റൊരു പാരസൈറ്റിനെ കൊണ്ടുവന്നു. ട്രിപ്‌സ് പാമി കാര്‍ണി എന്ന പേരിലുള്ള പാരസൈറ്റ് ഉപയോഗിച്ചാണ് കാപ്പിത്തോട്ടങ്ങളെ നശിപ്പിച്ചത്.' അദ്ദേഹം വെളിപ്പെടുത്തുന്നു: 'നിക്‌സന്റെ ഭരണകാലത്ത് പന്നികളെ പനി പിടികൂടുന്നു. പനി വൈറസ് ക്യൂബയില്‍ കടത്തിവിട്ടിരുന്നു. അന്‍പതുലക്ഷം പന്നിക്കുട്ടികളെ ഞങ്ങള്‍ കശാപ്പു ചെയ്യാന്‍ നിര്‍ബന്ധിതരായി.' ബസ്റ്റിസ്റ്റയുടെ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിച്ചുകൊണ്ട് 1959 ജനവരി ഒന്‍പതാം തീയതി കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവസൈന്യം ക്യൂബയില്‍ അധികാരം സ്ഥാപിക്കുന്നതു മുതല്‍ തുടങ്ങിയതാണ്, അമേരിക്കയുടെ ഗൂഢാലോചനകള്‍. ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടം കാസ്‌ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ കോടിക്കണക്കിനു ഡോളര്‍ ചെലവാക്കി. യു.എസ്. എയ്ഡ് എന്ന സ്ഥാപനത്തിലൂടെ 65 മില്യണ്‍ ഡോളര്‍ കാസ്‌ട്രോ വിരുദ്ധ ഗ്രൂപ്പിന് നല്‍കി. പുറമെ 80 മില്യണ്‍ ഡോളര്‍കൂടി തുടര്‍ന്നു കൊടുത്തു. ഏറ്റവുമൊടുവില്‍ 2005-ല്‍, അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിച്ചിരുന്ന കലേബ് മകാറി എന്ന അട്ടിമറി വിദഗ്ധനെ തിരിച്ചുവിളിച്ച് ക്യൂബന്‍ ട്രാന്‍സിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരിക്കയാണ്. ക്യൂബയെ സ്വതന്ത്രയാക്കാനും കാസ്‌ട്രോയ്ക്കു ശേഷമുള്ള അധികാരക്കൈമാറ്റം സുഗമമല്ലാതാക്കാനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കൊണ്ടലിസ റൈസും കമേഴ്‌സ് സെക്രട്ടറി കാര്‍ലോസ് ഗുതറിയും അധ്യക്ഷരായ കമ്മിറ്റി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. പ്രസിദ്ധ എഴുത്തുകാരനായ ഹെമിങ് വേ വിശേഷിപ്പിച്ച 'അഞ്ചാം പത്തി'കളെ സൃഷ്ടിക്കാന്‍ വിവിധ തട്ടുകളിലായി അമേരിക്ക കോടിക്കണക്കിനു ഡോളര്‍ ചെലവാക്കുന്നു. പക്ഷേ, ഇതൊന്നും കാസ്‌ട്രോയെ ചഞ്ചലനാക്കുന്നില്ല. രോഗപീഡയിലാണെങ്കിലും അദ്ദേഹം നിര്‍ഭയനായി ഭാവിയെ കാണുന്നു. ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: 'നാലുമണിക്കൂര്‍ നേരം മാത്രമേ അദ്ദേഹം ഉറങ്ങാറുള്ളൂ. ചിലപ്പോള്‍ ചില ദിവസങ്ങളില്‍ പകല്‍ സമയം ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങും. ആഴ്ചയില്‍ ഏഴുദിവസവും ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ദിവസം അവസാനിക്കുന്നത് സൂര്യന്‍ ഉദിച്ചു തുടങ്ങുമ്പോള്‍ അഞ്ചുമണിക്കോ ആറുമണിക്കോ ആയിരിക്കും.' ഫിഡല്‍ കാസ്‌ട്രോ ജോലിയില്‍ മുഴുകുന്നത് നോക്കിയിരിക്കുന്നത് പ്രചോദനം നല്‍കുന്നതാണ്. രാഷ്ട്രീയത്തിന്റെ ചലനവേഗം അപ്പോള്‍ നമുക്കനുഭവപ്പെടുന്നു. എല്ലായ്‌പ്പോഴും ആശയങ്ങള്‍ നിറയുന്നു. ചിന്തിക്കാനാവാത്തത് ചിന്തിക്കുക, സങ്കല്പിക്കാനാവാത്തത് സങ്കല്പിക്കുക, പ്രതിഭയുടെ സ്ഫുരണമുള്ള സര്‍ഗപ്രവര്‍ത്തനം. ചിത്രങ്ങള്‍ വരയ്ക്കുകയും സംഗീതം സൃഷ്ടിക്കുകയും ചെയ്യുന്നതുപോലെ അദ്ദേഹം രാഷ്ട്രീയം സൃഷ്ടിക്കുന്നു: ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. കാസ്‌ട്രോ ജനങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്ന് ഫിഡലിനെ അടുത്തറിയാവുന്ന വിശ്രുത എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് എഴുതുന്നതിങ്ങനെയാണ്: 'യാത്രാവഴി നിശ്ചയമില്ലാത്തതുപോലെ വളരെ ശബ്ദം താഴ്ത്തിയാണ് അദ്ദേഹം പ്രഭാഷണം തുടങ്ങുന്നത്. പെട്ടെന്ന് പ്രയാണത്തിനിടയില്‍ തെറിച്ചുവീണ ഒരു പ്രകാശകണികയോ ഒരു തീപ്പൊരിയോ കണ്ടെത്തുന്നതോടെ അദ്ദേഹം കാലുകള്‍ ഉറപ്പിക്കുന്നു. പിന്നെ സാവധാനം മുന്നോട്ടുപോകുന്നു. അവസാനം സദസ്സിനെ നിയന്ത്രണത്തിലാക്കുന്നു. അതില്‍ ജീവിക്കുകയെന്ന മഹത്തായ അനുഭവം കൈവരാത്തവര്‍ക്ക് അലഭ്യമാണ് സര്‍വഗ്രാഹിയായ ആ പ്രചോദനം.' ചരിത്രബോധം അദ്ദേഹത്തിന്റെ ആറാം ഇന്ദ്രിയത്തെ സജീവമാക്കുന്നു. ബ്രസീലിലെ കത്തോലിക്കാ മതാചാര്യനായ ഫ്രീബെറ്റോ പറയുന്നത് ഇങ്ങനെയാണ്: 'വിശപ്പില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുക മാത്രമല്ല ഫിഡല്‍ കാസ്‌ട്രോ ചെയ്തത്. നിരക്ഷരതയിലും ഭിക്ഷാടനത്തിലും അക്രമപ്രവര്‍ത്തനങ്ങളിലും സാമ്രാജ്യത്തിന് കീഴടങ്ങുന്ന വിധേയത്വത്തിലുംനിന്ന് തന്റെ രാജ്യത്തെ അദ്ദേഹം മോചിപ്പിച്ചു.' അങ്ങനെ ചരിത്രം തിരുത്തിയെഴുതിയ ഫിഡല്‍കാസ്‌ട്രോ, ചെഗുവേരയുടെ മരണത്തിനുശേഷം ധൈഷണികമായ സമന്മാരോ ഉറ്റമിത്രങ്ങളോ ഇല്ലാതെ, ഏകാന്തനായിരിക്കുകയാണെന്ന് ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. സംഭാഷണത്തിനിടയില്‍ കാസ്‌ട്രോയോട്,'ശമ്പളം എത്രയാണെന്ന് താങ്കള്‍ പറയുമോ?' എന്നു ചോദിക്കുന്നുണ്ട്.'ഒരു ഡോളറിന് ഇരുപത്തിയഞ്ചുപൈസ എന്ന കൈമാറ്റനിരക്കില്‍ ഒരു മാസത്തെ ശമ്പളം മുപ്പതു ഡോളറാണ്. വിശപ്പുകൊണ്ട് ഞാന്‍ മരിക്കുന്നില്ല.പാര്‍ട്ടി ലെവി കൊടുക്കുന്നു. ഒരു ശതമാനം വീട്ടുവാടകയായി നല്‍കുന്നു.അതു പത്തു ശതമാനമായി. അതായിരുന്നു കാസ്‌ട്രോയുടെ മറുപടി.വ്യക്തിപരമായി തനിക്ക് വളരെക്കുറച്ച് ആവശ്യങ്ങളേ ഉള്ളൂവെന്നും ശമ്പളത്തില്‍ ഒരിക്കലും വര്‍ധനവുണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട്,'കണ്‍വെര്‍ട്ടബിള്‍ കറന്‍സിയാക്കാവുന്ന ഒരു പെനിപോലുമില്ലാതെ മഹത്തായി മരിക്കാന്‍ എനിക്കു കഴിയും.' ജീവിതത്തെ ഒടുങ്ങാത്ത യുദ്ധമായി മാറ്റിയ കാസ്‌ട്രോയുടെ സ്വഭാവസവിശേഷതകളിലേക്കും മനുഷ്യരോടും ലോകത്തോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹോദാരമായ സമീപനങ്ങളിലേക്കും വെളിച്ചം വീഴ്ത്തുന്ന ഈ ഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് മഹാനായ ഒരു മനുഷ്യന്റെ സാന്നിധ്യമാണ്. ചരിത്രം എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തിന് കാസ്‌ട്രോ ഇങ്ങനെ പറയുന്നു: 'അതേപ്പറ്റി വിഷമിക്കേണ്ടതില്ല. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? ഈ മനുഷ്യരാശി നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഒരുപാട് വിഡ്ഢിത്തങ്ങള്‍. ഇത് അതിജീവിച്ചാല്‍ (അത് കണ്ടറിയേണ്ടതാണ്) ഓര്‍മിക്കാന്‍ അര്‍ഹരല്ലാത്ത ഗുഹാവാസികളും അപരിഷ്‌കൃതരായ ഒരു വംശത്തില്‍പ്പെട്ടവരുമായിരുന്നു നാമെന്ന് അടുത്ത നൂറുകൊല്ലത്തിനുശേഷം വരുന്നവര്‍ കരുതും. മാഹാത്മ്യത്തെക്കുറിച്ചു പറഞ്ഞിരുന്ന പ്രമുഖരായ നിരവധി പേരെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. നെപ്പോളിയന്‍ 'ഗ്ലോറി'യെപ്പറ്റി വാചാലനായിരുന്നു. ജനറലും ചക്രവര്‍ത്തിയുമെന്ന നിലയ്ക്ക് അദ്ദേഹം ചെയ്ത കാര്യങ്ങളുടെ പേരിലല്ല, ഒരു വീഞ്ഞിന്റെ (ഇീഴിമര) പേരിലാണ് നെപ്പോളിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.' ഷേക്സ്പിയറിനെപ്പോലുള്ള മഹാനായ എഴുത്തുകാരനേയും സംഗീതത്തിലും ചിത്രമെഴുത്തിലുമുള്ള പ്രതിഭാശാലികളെയുംകാള്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച കൊളംബസിനെയും ഹനിബോളിനെയും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെയും ചരിത്രം ഓര്‍മിക്കുന്നതിലുള്ള വിരോധാഭാസത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നു: 'മനുഷ്യരാശിക്ക് അതിപ്രധാനമായ സംഭാവനകള്‍ നല്‍കിയ മഹാത്മാരായ ശാസ്ത്രജ്ഞന്മാരെയും കണ്ടുപിടിത്തക്കാരെയും ഗവേഷകരെയുംപറ്റി ചരിത്രം സംസാരിക്കുന്നില്ല. കുറച്ചുപേര്‍ അവരെ ഓര്‍മിക്കുകമാത്രം ചെയ്യുന്നു. വലിയ സംഭാവനകള്‍ നല്‍കാത്ത രാഷ്ട്രീയനേതാക്കളെ ചരിത്രം സദാ ഓര്‍മിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എഴുപത്തി ഒന്‍പതാമത്തെ വയസ്സില്‍ എത്തിനില്‍ക്കുന്ന താങ്കള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്തെങ്കിലും ചെയ്യാത്തതില്‍ സങ്കടം തോന്നാറുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:'ഇപ്പോള്‍ ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോയെന്ന ചിന്ത. നാല്പത്താറു കൊല്ലംകൊണ്ട് ചെയ്ത കാര്യങ്ങള്‍, പകുതി സമയംകൊണ്ട് ഇപ്പോഴത്തെ അറിവുണ്ടായിരുന്നെങ്കില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.' അതേസമയം നിരവധി വീഴ്ചകള്‍, ചിലപ്പോള്‍ വിചിത്രങ്ങളായ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാടിനുവേണ്ടി ചെയ്ത ഒന്നിലും പശ്ചാത്താപം തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിപ്ലവ പ്രവര്‍ത്തനത്തില്‍ തോളോടു തോളുരുമ്മിനിന്നിരുന്ന ചെ ഗുവേരയുടെ വധം കാസ്‌ട്രോയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. വിപ്ലവത്തിന്റെ വിജയത്തിനുശേഷം അര്‍ജന്റീനയിലേക്ക് പോകാന്‍ അനുവദിക്കണമെന്നു പറഞ്ഞിരുന്ന ചേയുടെ സ്‌നേഹത്തേയും ആത്മാര്‍ഥതയേയുംപറ്റി പറയുമ്പോള്‍ കാസ്‌ട്രോ വാചാലനാകുന്നു. 'ദ ഡത്ത് ഓഫ് ചെഗുവേര' എന്ന അധ്യായത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ ആ വിപ്ലവേതിഹാസത്തിന്റെ തിളങ്ങുന്ന ചിത്രം വായനക്കാരെ വിഷാദത്തിലാഴ്ത്തും. ഇരുപത്തെട്ടു അധ്യായങ്ങളുള്ളതാണ് ഈ ഗ്രന്ഥം. ബീറാനിലെ ബാല്യത്തില്‍ തുടങ്ങുന്ന ഈ ഗ്രന്ഥം നിയമപഠനത്തിനിടയില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി മൊണ്‍കാഡ ബാരക്കിന്റെ നേര്‍ക്ക് നടത്തുന്ന വിഫലമായ ആക്രമണവും ഗ്രാന്‍മ എന്ന ചെറുകപ്പലില്‍ ഒരു ചെറുസംഘം വിപ്ലവകാരികളുമായി സിയറ മസ്ട്രയില്‍ എത്തുകയും അതിലൂടെ വിപ്ലവം പൂര്‍ത്തിയാക്കുകയും ചെയ്ത് ക്യൂബയുടെ ആധുനിക ചരിത്രത്തെ മാറ്റിയെഴുതുന്നത് സവിസ്തരമായി പ്രതിപാദിക്കുന്നു. ബറ്റിസ്റ്റയുടെ ഒളിച്ചോട്ടത്തോടെ വിപ്ലവം പൂര്‍ത്തിയാവുന്നു. അതിനുശേഷം ക്യൂബയെ ആധുനിക രാഷ്ട്രമാക്കാന്‍ കൈക്കൊണ്ട കഠിന പരിശ്രമങ്ങളും തലയ്ക്ക് മുകളില്‍ തൂക്കിയിട്ട ഖഡ്ഗം കണക്കെ ഉയര്‍ന്നുനില്ക്കുന്ന അമേരിക്കയുടെ ഗൂഢാലോചനകളും പ്രതിപാദിക്കുമ്പോള്‍ ക്ലേശങ്ങളുടെ മുഖത്തുനോക്കി മുന്നോട്ടുപോയ ദീര്‍ഘദര്‍ശിയായ ഭരണാധികാരിയുടെ തിളങ്ങുന്ന ചിത്രം വായനക്കാരെ ആവേശഭരിതരാക്കുന്നു. പ്രതിയോഗികളോടും ശത്രുക്കളോടുപോലും മാനുഷികമായ സമീപനം സ്വീകരിക്കുന്നതില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. നൈതികതയില്ലാത്ത ഒരു നടപടിയും ഒരിക്കല്‍പ്പോലും അദ്ദേഹത്തില്‍നിന്നുണ്ടായിരുന്നില്ല. ന്യൂയോര്‍ക്കിലെ ഇരട്ട ടവര്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ആ കിരാതപ്രവര്‍ത്തനത്തെ അദ്ദേഹം അപലപിച്ചു. ക്യൂബയെ തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടമാണ് അമേരിക്കയുടേതെന്ന് അറിയാമായിരുന്നിട്ടും, ഭീകരന്മാരുടെ വേട്ടയാടലില്‍ നിരായുധരായ മനുഷ്യര്‍ മരിക്കുന്നതിനോട് ഒരിക്കല്‍പ്പോലും അദ്ദേഹം അനുകൂലിച്ചില്ല. ലോകത്തെ ഒരു ന്യൂക്ലിയര്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ചതായിരുന്നു ക്യൂബയില്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ മിസൈലുകള്‍. ക്യൂബയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി മിസൈലുകള്‍ പിന്‍വലിക്കാന്‍ ക്രൂഷ്‌ചേവിനു അന്ത്യശാസനം നല്‍കിയ കെന്നഡി പിന്നീട് വധിക്കപ്പെട്ടപ്പോള്‍, 'സമര്‍ഥനായ പ്രസിഡന്റായിരുന്നു കെന്നഡിയെന്നും, അദ്ദേഹത്തിന്റെ ജീവിതം ദാരുണമായി അവസാനിച്ചത് തന്നെ ദു:ഖിപ്പിച്ചുവെന്നും' പരസ്യമായി പറയാന്‍ കാസ്‌ട്രോയെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ ഉറവ വറ്റാത്ത മനുഷ്യസ്‌നേഹമായിരുന്നു. സംഭാഷണത്തിനിടയില്‍ പലവട്ടം അദ്ദേഹം കെന്നഡിയെ ഓര്‍മിക്കുന്നുണ്ട്. വധിക്കപ്പെടുന്നതിനു മുമ്പായി ജീന്‍ ഡാനിയല്‍ എന്നു പേരുള്ള ഒരു ഫ്രഞ്ചു ജേര്‍ണലിസ്റ്റിനെ ക്യൂബയിലേക്ക് അയയ്ക്കുകയും തന്നെ സന്ദര്‍ശിച്ച് നിലപാട് മനസ്സിലാക്കണമെന്ന് കെന്നഡി നിര്‍ദേശിക്കുകയും ചെയ്തിരുന്നതായി കാസ്‌ട്രോ വെളിപ്പെടുത്തുന്നുണ്ട്. ജയില്‍വാസകാലത്ത് ദിവസവും പതിനഞ്ചുമണിക്കൂര്‍ പുസ്തകം വായിച്ചിരുന്ന കാസ്‌ട്രോയ്ക്ക് ഫ്രഞ്ച് എഴുത്തുകാരായ വിക്ടര്‍ ഹ്യൂഗോയുടെയും ബല്‍സാക്കിന്റെയും നോവലുകളോട് പ്രത്യേക തരത്തിലുള്ള മമതയായിരുന്നു. വിശാലമായ വായനയായിരുന്നു അദ്ദേഹത്തിന്റേത്. ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സും' 'എ ഫെയര്‍വെല്‍ ടു ആംസും' ഒന്നില്‍പ്പരം വട്ടം വായിച്ചിട്ടുള്ളതായി അദ്ദേഹം പറയുന്നുണ്ട്. 'വ്യക്തിപരമായി വളരെക്കുറച്ചേ എനിക്കദ്ദേഹത്തെ അറിയൂ. മാനുഷികമായ പെരുമാറ്റങ്ങള്‍ നിറഞ്ഞ എഴുത്തുകാരനായിരുന്നു അദ്ദേഹം.'- കാസ്‌ട്രോ പറയുന്നു.ഒളിജീവിതത്തിനിടയില്‍ മുടിയും താടിയും വെട്ടിക്കാന്‍ നേരം കിട്ടാത്തതുകൊണ്ട് താടി വളര്‍ത്തുകയും ഒടുവിലത് വിപ്ലവകാരികളുടെ വ്യക്തിത്വമായി മാറിയതിനെയും പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോള്‍ ബിറാനില്‍ (ജന്മസ്ഥലം) വച്ചു ശീലിച്ച പുകവലി പൊടുന്നനെ നിറുത്തിയതിനെയുംപ്പറ്റി അദ്ദേഹം ഓര്‍മിക്കുന്നു: 'ഞാന്‍ ജീവിതത്തില്‍ ഒരുപാടു പുകവലിച്ചു.ഇരുപതിലേറെക്കൊല്ലം. അത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അതിന് ആരും എന്നെ പ്രേരിപ്പിച്ചിരുന്നില്ല. അമിതമേദസ്സിനും വ്യായാമരഹിതമായ ജീവിതരീതിക്കും പുകവലിക്കും എതിരായി കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നെങ്കിലും ക്യൂബയുടെ പൊതു ആരോഗ്യത്തിന് ഒരു മാതൃകയാവാന്‍ പുകവലി നിര്‍ത്തുകയെന്ന ത്യാഗം അനുഷ്ഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.'ബിറാനിലെ കാടുകളില്‍ അലഞ്ഞുനടന്നിരുന്ന ബാല്യവും അദ്ദേഹം ഓര്‍മിക്കുന്നു. ക്രിസ്മസ്, സമ്മര്‍ അവധിക്കാലങ്ങളില്‍ വാഴകളും പപ്പായയും തെങ്ങുകളും ഇടതൂര്‍ന്ന തോട്ടങ്ങളില്‍ അലഞ്ഞുനടക്കുകയും ഓറഞ്ച് ശേഖരിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ ഗൗരവക്കാരനായിരുന്നു. എന്നാല്‍, അമ്മ സൗമ്യവതിയായിരുന്നു. 'എന്തുണ്ടായാലും അമ്മയുടെ ചുമല്‍ എനിക്കുണ്ടായിരുന്നു.' അദ്ദേഹം പഴയകാലത്തേക്ക് മടങ്ങുന്നു. ഹൈസ്‌കൂളില്‍ മൂന്നാം വര്‍ഷമെത്തിയപ്പോള്‍ പ്രണയത്തിന്റെ വക്കുവരെ എത്തിയതും അദ്ദേഹം പറയുന്നു. മൂന്നു ചെറിയ വെളുത്ത റിബ്ബണുകള്‍ കെട്ടിയ നീലനിറത്തിലുള്ള സ്‌കര്‍ട്ടു ധരിച്ച റിസറ്റ്. ഇരുണ്ട നിറമായിരുന്നെങ്കിലും അവള്‍ സുന്ദരിയായിരുന്നു. എനിക്കവളോട് ഇഷ്ടം തോന്നി. ആ പ്രായത്തില്‍ അനുരാഗത്തില്‍പ്പെടുക സ്വാഭാവികമല്ലേ? അദ്ദേഹം കുസൃതിയോടെ ചോദിക്കുന്നു. യൗവനാരംഭത്തിലെ വായന മാര്‍ക്‌സിസത്തില്‍ കൊണ്ടെത്തിച്ചതിനെ ക്കുറിച്ചും അദ്ദേഹം പറയുന്നു: 'കാമ്പസ്സില്ലായിരുന്നെങ്കില്‍ കൊളംബസ് എവിടേയും ചെന്നെത്തുമായിരുന്നില്ല. എന്റെ കൈയിലും ഒരു കാമ്പസ്സുണ്ടായിരുന്നു. മാര്‍ക്‌സിലും ലെനിനിലുംനിന്ന് കിട്ടിയതായിരുന്നു ആ കാമ്പസ്സ്. പിന്നെ എത്തിക്‌സ്. മാര്‍ട്ടിയില്‍നിന്നു കിട്ടിയതായിരുന്നു.'നൈതികതയെ വെറുമൊരു സദാചാരധര്‍മമായല്ല വീക്ഷിക്കേണ്ടതെന്ന് കാസ്‌ട്രോ പലവട്ടം അഭിപ്രായപ്പെടുന്നുണ്ട്. ആത്മാര്‍ഥതയോടെ നൈതികതയില്‍ ഉറച്ചുനിന്നാല്‍ ഫലം തീര്‍ച്ചയാണ്. ജീവിതപ്രമാണമായി ഈ സമീപനത്തെ അദ്ദേഹം സ്വീകരിച്ചു. പ്രശ്‌നങ്ങള്‍ ആ വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. സ്വാര്‍ഥരഹിതമായ ഒരു ജീവിതത്തിന്റെ അടയാളം ക്യൂബയുടെ പൊതുജീവിതത്തില്‍ അങ്ങനെ അദ്ദേഹം പതിപ്പിച്ചു. പതിനായിരക്കണക്കിന് ഏക്കറുള്ള ഒരു ഭൂപ്രഭുവിന്റെ മകനായിരുന്നെങ്കിലും കുട്ടിയായിരിക്കുമ്പോള്‍ കൂലിവേലക്കാരുടെ ക്ലേശപൂര്‍ണമായ ജീവിതം അറിഞ്ഞിരുന്ന കാസ്‌ട്രോ,വീട്ടില്‍നിന്നും അകലെ പഠിക്കാനായി ബോര്‍ഡിങ്ങില്‍ താമസിക്കുമ്പോഴും സതീര്‍ഥ്യരുമൊത്ത് കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും പിന്നീട് നിയമവിദ്യാര്‍ഥിയായി രാഷ്ട്രീയജീവിതം തിരഞ്ഞെടുക്കുമ്പോഴുമെല്ലാം സത്യത്തിന്റെ വഴിയില്‍നിന്നും മാറി സഞ്ചരിക്കാന്‍ കാസ്‌ട്രോ സന്നദ്ധനായില്ല.ലാറ്റിനമേരിക്കയുടെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും തുണയായി. സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ തോക്കെടുത്തപ്പോള്‍ പോലും ധാര്‍മികത ദീക്ഷിക്കുന്നതില്‍ അദ്ദേഹം ബദ്ധകങ്കണനായിരുന്നു. ക്യൂബയുടെ വിപ്ലവഭരണകൂടത്തോട് വിയോജിച്ചവര്‍ക്ക് അമേരിക്കയിലേക്ക് പോകാന്‍ അദ്ദേഹം തടസ്സം നിന്നില്ല. പ്രതിയോഗികളെ കാരാഗൃഹത്തില്‍ പാര്‍പ്പിക്കുന്നതില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയിലാകുമ്പോള്‍പ്പോലും അവരെ മര്‍ദിക്കാനോ പീഡിപ്പിക്കാനോ തയ്യാറായില്ലെന്നത് മനുഷ്യജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ആദരവിന്റെ രേഖാചിത്രമായി ഈ ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്. പാവപ്പെട്ടവന്റെ കണ്ണില്‍ വെളിച്ചം ഉദിച്ചുയരുന്നത് കാണാന്‍ ആഗ്രഹിക്കുകയും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കാസ്‌ട്രോയെപ്പോലുള്ള മനുഷ്യസ്‌നേഹികള്‍ ചരിത്രത്തില്‍ വിരളമാണ്. ചോദ്യോത്തരങ്ങളിലൂടെ അവതീര്‍ണമാക്കപ്പെടുന്ന ഒരു ഇതിഹാസ ജീവിതം. ഒരിക്കലും മറക്കാനാവാത്ത ഓര്‍മയായി മാറുന്നതാണ് ഈ ഗ്രന്ഥപാരായണം. ഈ ഗ്രന്ഥം വായിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അപൂര്‍വ സുകൃതങ്ങളിലൊന്നായി എനിക്കു തോന്നുന്നു. ഒരിക്കലും മറക്കാനാവാത്ത ആ ഹിരണ്‍മയരൂപം വാക്കുകളിലൂടെ മനസ്സില്‍ പതിയുന്നു. (റോസാദലങ്ങളില്‍ നിന്ന്) |
മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Saturday, October 16, 2010
ഒരിക്കലും നിങ്ങളോട് ഞങ്ങള്‍ നുണ പറയില്ല എസ്.ജയചന്ദ്രന്‍ നായര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment