Tuesday, October 19, 2010

ഐറ്റി രംഗത്ത് മാറ്റത്തിന്റെ മുഴക്കം


October 19, 2010
By dillipost
 
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു മുടക്കം വന്നതോടെ കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ച അപ്പാടെ മുരടിച്ചു പോയെന്നു വിലപിച്ച വലതുപക്ഷ മാധ്യമങ്ങള്‍ ഐറ്റി രംഗത്ത് മൊത്തത്തിലുണ്ടായിട്ടുള്ള ഉണര്‍വിനെ കുറിച്ച് നിശബ്ദരാണെന്ന് അനില്‍ വര്‍മ ആര്‍
ഇന്ത്യയിലെ സേവനമേഖലയുടെ വളര്‍ച്ച ഏറ്റവുമധികം സ്വാധീനിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ ഒരു പ്രധാന തൊഴില്‍ ദാതാവായി സേവനമേഖല, പ്രത്യേകിച്ചും വിവര സാങ്കേതിക മേഖല, വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. തൊഴില്‍ ഉത്പാദിപ്പിക്കുന്ന എന്തു വ്യവസായവും മലയാളികള്‍ക്ക് സെന്‍സിറ്റിവായ വിഷയമാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തന്നെയാണ് ഇതിനു കാരണവും. അതുകൊണ്ട് തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഐറ്റി രംഗത്ത് സമൂല പരിഷ്കരണങ്ങളും, വന്‍തോതിലുള്ള തൊഴിലുത്പാദനവും വാഗ്ദാനം ചെയ്യുക പതിവാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ രൂപീകരിക്കുകയോ, നടപ്പാക്കുകയോ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ സമഗ്രമായ ഒരു വിവര സാങ്കേതിക നയം സര്‍ക്കാരിനുണ്ടെന്ന് കാണാം. പ്രത്യേകിച്ചും, തൊഴിലുല്പാദന രംഗത്ത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ടെക്നൊ പാര്‍ക്കിലുമായി നേരിട്ടു 40,000 തൊഴിലാളികലും നേരിട്ടല്ലാതെ 20,0000 തൊഴിലാളികളും ജോലി  ചെയ്യുന്നു  എന്നാണു കണക്ക് (ഇക്കണോമിക്സ് റെവ്യു 2009). ഐറ്റി രംഗത്തെ തൊഴില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രധാനമായും രണ്ടു രീതികളിലൂടെയാണ് ‌‌– മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിലൂടെയും,  ഐറ്റി പാര്ക്കുകളുടെ വ്യാപനത്തിനു ഫലപ്രദമായ കര്‍മപദ്ധതി രൂപപ്പെടുത്തിയതിലൂടെയും.
2006-10 കാലയളവില്‍ കേരളത്തിന്റെ വിവര സാങ്കേതിക മേഖലയുടെ പശ്ചാത്തലസൗകര്യം നാലു മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവര സാങ്കേതിക രംഗത്തും മറ്റ് അനുബന്ധ മേഖലകളിലും പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുന്നതിനായി KSITIL (Kerala State Infrastructural Industries) എന്ന പൊതുമേഖല സ്ഥാപനം 2008 ജനുവരിയില്‍ രൂപീകരിക്കുകയും മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്ഥാപനത്തില്‍ കേരളസര്‍ക്കാരിന് അന്‍പത്തിയൊന്നു ശതമാനം നിക്ഷേപമുണ്ട്. ഭൂമി ഒരുക്കി നല്‍കുന്നതു മുതല്‍ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി, ജലം തുടങ്ങിയവ ഒരുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഈ സ്ഥാപനത്തിന്റെ പരിധിയില്‍ വരും. തിരുവനന്തപുരത്ത് 451 ഏക്കറോളം വരുന്ന ടെക്നോസിറ്റി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് തുടങ്ങി സര്‍ക്കാരിന്റെ വിവര സാങ്കേതിക രംഗത്തെ എല്ലാ സംരംഭങ്ങള്‍ക്കും ഭൂമി കണ്ടെത്തുന്നതും, പശ്ചാത്തല സൗകര്യം ഒരുക്കി നല്‍കുന്നതും ഈ സ്ഥാപനമാണ്. ഐറ്റി രംഗത്ത് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനു മാത്രമായി 2,115 കോടി രൂപയാണ് മൊത്തം മുതല്‍മുടക്കു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 385 കോടി റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്നു (കേരള ബഡ്ജറ്റ് 2009-10).
വിവര സാങ്കേതിക മേഖല ആഗോള തലത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ട 2008-10 കാലയളവില്‍ അഭൂതപൂര്‍വമായ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കിയത് ഈ മേഖലയുടെ ചാക്രിക സംക്രമണത്തിലെ അടുത്ത വളര്‍ച്ചാ ഘട്ടം വരുമ്പോള്‍ കേരളത്തിന് വന്‍ നേട്ടമുണ്ടാക്കാം എന്ന ദീര്‍ഘ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഈ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുമായി കിടപിടിക്കുന്ന, ആഗോള തലത്തിലുള്ള മാനദണ്ഡങ്ങള്‍ക്ക് സമമായ വികസനമാണു ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. വിവര സാങ്കേതികതാ രംഗത്തെ കേരളത്തിന്റെ ഏറ്റവും വലിയ സംരംഭമെന്നു വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ പശ്ചാത്തല സൗകര്യ വികസനം താഴെയുള്ള പട്ടികയില്‍ നിന്നും കൂടുതല്‍ വ്യക്തമാകും.
സ്വകാര്യ മേഖലയുള്‍പ്പടെ പതിനായിരം കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ കേരളത്തിന്റെ ഐറ്റി രംഗത്തു നടത്തുന്നത് (കേരള സര്‍ക്കാര്‍, 2007). ഹബ്-ആന്‍ഡ്-സ്പോക്സ് മാതൃകയിലുള്ള വിവര വിനിമയ സാങ്കേതിക വിദ്യ വിഭാവനം ചെയ്യുന്ന ഐറ്റി നയം 2007ല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ചേര്‍ത്തല (65 ഏക്കര്‍)‍, കുണ്ടറ ,അമ്പലപ്പുഴ (100 ഏക്കര്‍), കൊരട്ടി (30ഏക്കര്‍), തുടങ്ങിയ പത്തു ചെറു പട്ടണങ്ങളില്‍ പുതിയ ഐറ്റി പാര്‍ക്കുകള്‍ ആരംഭിക്കുക വഴി കേരളത്തില്‍ വിവര സാങ്കേതിക വിദ്യ വ്യാപനം സാധ്യമാക്കി ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനുള്ള  ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കൂടാതെ  കോഴിക്കോട് കേന്ദ്രീകരിച്ചു സൈബര്‍ പാര്‍ക്ക് (70 ഏക്കര്‍) സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സൈബര്‍ പാര്‍ക്കിനു കീഴില്‍ കണ്ണൂരിലെ എളമരത്തും തളിപ്പറമ്പയിലും (30 ഏക്കര്‍) കാസര്‍കോട്ടെ ചീമെനിയിലും (100 ഏക്കര്‍) പാര്‍ക്കുകള്‍ സ്ഥാപിച്ചു സിറ്റി പാര്‍ക്കു ശൃംഘലയ്ക്കു അടിസ്ഥാനമുണ്ടാക്കി. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം (40 ഏക്കര്‍), അമ്പലപ്പുഴ, ചേര്‍ത്തല,  പാര്‍ക്കുകള്‍ക്കു സെസ് പദവി ലഭിച്ചിട്ടുണ്ട്. ഐറ്റി വ്യാപനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ടെക്നോ ലോഞ്ച്’ എന്ന പദ്ധതിക്കു തുടക്കമിട്ടത്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പെരിനാട് എന്നീ ഗ്രാമ പഞ്ചായത്ത് വക കെട്ടിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. (നിയമസഭാ ഉത്തരം 08.09.2009 ചോ നം: 11). വിവര സാങ്കേതിക വിദ്യ സാധാരണക്കാരനും ഉപയോഗിക്കാവുന്ന തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ രൂപപ്പെടുത്തെണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ ഇപ്പോഴുള്ള പദ്ധതികളിലെ ജനപങ്കാളിത്തം കൂട്ടേണ്ടതുമുണ്ട്. ഗ്രാമ പഞ്ചായത്ത്/വാര്‍ഡ് തലങ്ങളില്‍ കൂടുതല്‍ ഐറ്റി/കമ്പ്യുട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ‘സമയ ബന്ധിതമായ സമ്പൂര്‍ണ്ണ വിവര സാങ്കേതിക സാക്ഷരത’ ഏന്ന ലക്ഷ്യത്തോടെ  ജനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.
ജില്ലാതല ഐറ്റി പാര്‍ക്കുകളുടെ നിര്‍മാണവും ആരംഭിച്ചു. ഈ മേഖലയില്‍ നടന്നിട്ടുള്ള മറ്റു ചില നേട്ടങ്ങള്‍ കാണുക: കൊച്ചി ഇന്‍ഫോ പര്‍ക്കില്‍ ‍(150 ഏക്കര്‍) ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്കു തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നു; സിഡിറ്റിന്റെ രണ്ട് പ്രാദേശിക ആപ്പീസുകള്‍ കണ്ണൂരും എറണാകുളത്തും അനുവദിക്കപ്പെട്ടു; സിഡിറ്റിന്റെയും സംസ്ഥാന ഐറ്റി മിഷന്റെയും പൊതു സംരംഭമായി CATFS (Centre for Advanced Training in Free Software) എന്ന സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു; സമര്‍ത്ഥരായ ഐറ്റി ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നതിനായി ഒരു മാതൃകാ ഫിനിഷിങ് സ്കൂള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു; മറ്റൊരു സ്കൂളിനു കൊച്ചിയില്‍ ഭരണാനുമതിയും ആയി. കൂടാതെ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐറ്റി പരിചയം നേടാനായി മാസ് എച്ആര്‍ പദ്ധതി നടപ്പാക്കി വരുന്നു. സ്വതന്ത്ര സൊഫ്റ്റ് വെയറിനും സ്വതന്ത്ര അറിവിനും വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രം ആരംഭിക്കാനായി എന്നതും എടുത്തു പറയാവുന്ന കാര്യമാണ്. ഇതിലേക്കായി 1.5 കോടി രൂപ 2010-11 ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുമുണ്ട്. പക്ഷേ, മറ്റു ദക്ഷിണേന്ത്യന്‍ സംഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഈ രംഗത്തെ നിക്ഷേപം വളരെ കുറവാണ്. ഉദാഹരണമായി 2009 ലെ ആദ്യ ആറ് മാസത്തിനുള്ളില്‍  11,000 കമ്പനികളിലാണു മഹരാഷ്ട്രയില്‍ നിക്ഷേപം നടത്തിയത്.
അറുപത്തിനാല് കമ്പനികളാണ് കഴിഞ്ഞ നാലു വര്‍ഷക്കാലത്ത് ടെക്നോ പര്‍ക്കില്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ചത് (പട്ടിക 1 കാണുക). ഈ യാഥാര്‍ത്ഥ്യം കാണാതെയാണ് ഐറ്റി വികസനമെന്നു പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയാണ് എന്ന രീതിയിലുള്ള (കു)പ്രചരണം കേരളത്തിലെ വന്‍കിട മാധ്യമങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയത്. സ്മാര്‍ട്ട് സിറ്റി പോയതോടെ ഐറ്റി നിക്ഷേപങ്ങള്‍ കേരളത്തില്‍ ഇല്ലാതായി (മനോരമ, മെയ് 2010) എന്ന മുറവിളിക്കു പിന്നിലെ അജന്‍ഡ മനസിലാക്കാന്‍ ഈ കണക്കുകളിലേക്കൊന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ഇന്‍ഫോസിസില്‍ മാത്രം മുപ്പതോളം കമ്പനികള്‍ ആരംഭിച്ചു. ഐറ്റി കയറ്റുമതിയും മൊത്തം വില്പനയും 2006-10 കാലയളവില്‍ കുത്തനെ ഉയരുകയാണുണ്ടായത്. 2007-08-ഓടെ കേരളത്തിന്റെ ഐറ്റി കയറ്റുമതി 1,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിന്റെ ഏരംഗത്തെ കയറ്റുമതി 1,610.64 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2008-09ല്‍ 57.97 ശതമാനം വളര്‍ച്ചാ നിരക്കു കേരളം കൈവരിച്ചപ്പോള്‍ ദേശീയ  വളര്‍ച്ചാനിരക്കു 22.51 ശതമാനം മാത്രമായിരുന്നു. 2009-10ല്‍ ഇത് യഥാക്രമം 10.2, 4.75 ശതമാനം എന്ന കണക്കിലായിരുന്നു (The Hindu, August 17, 2010, Tuesday). കേരളത്തിന്റെ ഐറ്റി കയറ്റുമതിയിലെ വര്‍ധന താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും വ്യക്യതമാകും. പട്ടിക 2
ഇതൊക്കെയാണെങ്കിലും 2009-10 കാലയളവിലെ രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതി മൂല്യമായ 238,000 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് ഇനിയുമേറെ മുന്നേറാനുണ്ടെന്നു മനസിലാകും. ഈ കാലയളവില്‍, സംസ്ഥാനത്തിന്റെ കയറ്റുമതി രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതി മൂല്യത്തിന്റെ 1.01 ശതമാനം മത്രമാണ്. ഇത് 2007-08 ലെ 0.75 ശതമാനത്തില്‍ (185,853 കോടി) നിന്നും 2008-09ല്‍ 0.96 ശതമാനമായി (227,208 കോടി) ആയി ഉയര്‍ന്നു എന്നത് ചെറിയ കാര്യമല്ലെങ്കിലും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി തരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റേത് അത്ര മെച്ചമല്ല എന്നു കാണാം. ഉദാഹരണമായി, മഹാരാഷ്ട്രയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 38,700കോടി രൂപയായിരുന്നു. കര്‍ണാടകയുടേത് 74,929 കോടി രൂപയും. ഇത് രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതിയുടെ 34 ശതമാനം വരും. തമിഴ് നാടിന്റേതാവട്ടെ 36,680 കോടി രൂപ. ഐറ്റി കയറ്റുമതി വര്‍ധിപ്പിക്കാനായി ഫലപ്രദമായ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കെണ്ടതാണ്. കൂടാതെ ഐറ്റി രംഗത്തെ വ്യാപനം സാധ്യമാക്കുകയും സാങ്കേതിക വിദ്യ പൊതുജനസൗകര്യവികസനാര്‍ത്ഥം ഉപയോഗപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കുന്നതിനും കേരളം അമാന്ദിക്കരുത്.

email: ranilvarma@gmail.comNo comments:

Post a Comment