Sunday, October 17, 2010

രാജ്യം വീണ്ടും ഗുരുതരമായ വാക്‌സിന് ക്ഷാമത്തിലേക്ക്

ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ ബി.സി.ജി. വാക്‌സിന്റെ കാര്യത്തില്‍ രാജ്യം നേരിടാന്‍ പോകുന്നത് വന്‍ ക്ഷാമം. 2010-2011 വര്‍ഷത്തില്‍ വിതരണം ചെയ്യാനായി ആവശ്യമുള്ള വാക്‌സിന്റെ അളവ് 3.25 കോടി ഡോസാണ്. എന്നാല്‍ വിതരണം ചെയ്യാനായി ഇപ്പോള്‍ വാങ്ങാന്‍ പോകുന്നത് വെറും 51 ലക്ഷം ഡോസ് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ് അധികൃതരുടെ അനാസ്ഥമൂലം 2.79 കോടി ഡോസ് വാക്‌സിനാണ് കഴിഞ്ഞവര്‍ഷത്തില്‍ ഉപയോഗശൂന്യമായത്.

അതായത് ഏകദേശം എട്ട് കോടി രൂപയ്ക്കുള്ള വാക്‌സിന്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. രാജ്യത്ത് പ്രതിവര്‍ഷം 2.5 കോടി കുട്ടികള്‍ക്കായി ആറ് കോടി ഡോസ് വാക്‌സിനാണ് ആവശ്യമുള്ളത്. ഉണ്ടായിരുന്ന വാക്‌സിന്‍ ലാബുകള്‍ രണ്ട് വര്‍ഷം പൂട്ടിയിട്ടതുമൂലം നശിച്ചുപോകുകയും ചെയ്തു. പിന്നീട് വാക്‌സിന്‍ ലാബുകള്‍ തുറക്കുകയും വന്‍ തുകയ്ക്കാണെങ്കിലും വാക്്‌സിന്‍ ലഭ്യമാകുകയും ചെയ്തു.

എന്നാല്‍ വരും മാസങ്ങളിലേക്ക് വിതരണം ചെയ്യേണ്ട വാക്‌സിനില്‍ 279 ലക്ഷം ഡോസ് കാലാവധി കഴിഞ്ഞതിനാല്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. ഇതാണ് ക്ഷാമത്തിന് കാരണം. അതേസമയം നേരത്തെ പ്ലാന്റുകള്‍ അടച്ചിട്ട കാലയളവില്‍ രാജ്യം രൂക്ഷമായ വാക്‌സിന്‍ ക്ഷാമം നേരിട്ടപ്പോള്‍ പോലും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ബി.സി.ജി. വാക്‌സിന്‍ നല്‍കിയിരുന്നില്ല എന്ന കാര്യം മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ചെന്നൈ ബി.സി.ജി. ലാബ് അധികൃതര്‍ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞതുമൂലം സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിന്‍ ഉപയോഗ്യശൂന്യമാകുകയും ചെയ്തു. ഇതുകാരണം വരുന്ന ഡിസംബര്‍ മാസത്തോടെ ഗുരുതരമായ വാക്‌സിന്‍ ക്ഷാമം രാജ്യം നേരിടും.

വാക്‌സിന്‍ വിതരണത്തിനായി നിര്‍ദേശം നല്‍കിയാല്‍ ഉടനടി ലഭ്യമാക്കാന്‍ സ്വകാര്യമേഖലയില്‍ പോലും കരുതല്‍ വാക്‌സിന്‍ ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പോലും വാക്‌സിന്‍ ലഭ്യമാക്കാന്‍ സ്‌റ്റോക്കില്ല. വാക്‌സിന്‍ നിര്‍മ്മാണം, വിതരണം, ലാബ് പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം രാജ്യത്തിന് നേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. വാക്‌സിന്‍ രംഗത്തെ അഴിമതി അന്വേഷിച്ച ജാവേദ് ചൗധരി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യവകുപ്പിനെയും സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെയും കുറ്റപ്പെടുത്തിയത് ഇതിന്റെ തെളിവാണ്.

സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബി.കെ. പ്രസാദ് തലവനായ സമിതിയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി എസ്. കെ. ഗുപ്തയുടെ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2008-09 കാലയളവില്‍ വാക്‌സിന്‍ ക്ഷാമം മൂലം ഡിഫ്തീരിയ, ടെറ്റനസ് എന്നിവ ബാധിച്ചവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിരിക്കെ ബി.സി.ജി. വാക്‌സിന്‍ കൂടി ലഭ്യമല്ലാതായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിടേണ്ടിവരുമെന്ന് ആശങ്കയുണര്‍ന്നിട്ടുണ്ട്.

ഡോ. കെ.വി. ബാബു 
 

No comments:

Post a Comment