Wednesday, October 20, 2010

ഒരു ആത്മകഥയും പിന്നെ കുറെ 'കഥകളും'

വി.ആര്‍.ഗോവിന്ദനുണ്ണി
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപ്പെട്ട വിനോദം മൗണ്ട്ബാറ്റന്‍ പ്രഭ്വി ആയിരുന്നു.
ഒറ്റക്കിരുന്ന് സ്‌കോച്ച് വിസ്‌കി ആസ്വദിക്കുമായിരുന്നു മൗലാനാ അബ്ദുള്‍കലാം ആസാദ്. 'ദേശീയ മുസ്‌ലിം' എന്ന തന്റെ സല്‍പേര് നഷ്ടപ്പെടാതിരിക്കുന്നതിനായിരുന്നു ഈ ഏകാന്ത മദ്യപാനം അദ്ദേഹം തെരഞ്ഞെടുത്തത്.
വി.കെ. കൃഷ്ണമേനോന്‍ അവിവാഹിതനായിരുന്നു; അദ്ദേഹത്തിന്റെ പിതാവിനെപ്പോലെതന്നെ.
നിരവധി 'ഭ്രാന്തു'കള്‍ ഉണ്ടായിരുന്നെങ്കിലും മൊറാര്‍ജിദേശായ് സത്യസന്ധനായിരുന്നു.
സങ്കുചിത ചിന്താഗതിയും പ്രതികാരദാഹവും ധാരാളമുണ്ടായിരുന്നു ഇന്ദിരാഗാന്ധിക്ക്. ഉദ്യോഗസ്ഥന്മാരോട് അവര്‍ മാന്യതയില്ലാതെയാണ് പെരുമാറിയത്. തന്റെ സുഹൃത്തുക്കളാണെന്നു ഭാവിക്കുന്നവരെ അവഹേളിക്കുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തിയിരുന്നു.
രാജീവ് ഗാന്ധിക്കും സഞ്ജയ്ഗാന്ധിക്കും ഇടയില്‍ സൗഹൃദം ഒട്ടുമേ ഉണ്ടായിരുന്നില്ല. അവര്‍ പരസ്​പരം സംസാരിച്ചിരുന്നതുപോലും അപൂര്‍വമായിരുന്നു... സഞ്ജയിന് ലഭിച്ച പ്രാമുഖ്യം രാജീവിനു മനഃപ്രയാസമുണ്ടാക്കി... രാജീവും ഇറ്റലിക്കാരിയായ പത്‌നി സോണിയാഗാന്ധിയും ഇന്ദിരാഗാന്ധിക്ക് കരുത്തുപകരാന്‍ നില്‍ക്കാതെ, സ്വന്തം തോടിനകത്തേക്ക് ഉള്‍വലിയുകയാണുണ്ടായത്... രാജീവിന്റെ ബുദ്ധിപരമായ കഴിവുകളെപ്പറ്റി ഇന്ദിരക്ക് ഒരു മതിപ്പുമില്ലായിരുന്നു...
പത്രപ്രവര്‍ത്തകനും നോവലിസ്റ്റും ഗ്രന്ഥകാരനുമായ ഖുഷ്വന്ത്‌സിങ്ങിന്റെ 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' (Truth, Love A Little Malice) എന്ന ആത്മകഥയില്‍നിന്നുള്ളതാണ് ഈ വരികള്‍.


ഞ്ചാബിലെ ഹഡാലിയില്‍ ജനിച്ച്, ലണ്ടനില്‍നിന്നും ബാരിസ്റ്റര്‍ പരീക്ഷ പാസായ ഖുശ്‌വന്ത്‌സിങ്ങിന് 87 വയസ്സായി. ലാഹോര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായിട്ടാണ് തുടക്കം. 1947ല്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായി; 51ല്‍ ആകാശവാണിയില്‍ 'യോജന'യുടെ സ്ഥാപക പത്രാധിപരായിരുന്നു. 'ഇലസ്‌ട്രേറ്റഡ് വീക്കിലി'യുടെ പത്രാധിപസ്ഥാനമാണ് (69-79) മാധ്യമജീവിതത്തിലെ സുപ്രധാന നാഴികക്കല്ല്. 'ന്യൂഡല്‍ഹി', 'ഹിന്ദുസ്ഥാന്‍ ടൈംസ്' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. 'യുനെസ്‌കോ' റോക്ക്‌ഷെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രെയിന്‍ ടു പാക്കിസ്താന്‍', 'ഐ ഷാള്‍ നോട്ട് ഹിയര്‍ നൈറ്റിംഗേല്‍ എഗൈന്‍' (നോവലുകള്‍) 'ദ മാര്‍ക്ക് ഓഫ് വിഷ്ണു', 'ആസാദി' (കഥകള്‍), 'ദ ഹിസ്റ്ററി ഓഫ് ദ സിക്ക്‌സ്' (പഠനം) എന്നിവ പ്രധാന കൃതികള്‍.

വി.കെ. കൃഷ്ണമേനോന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്ന കാലത്ത് ലണ്ടനിലെ ഹൈക്കമ്മീഷണര്‍ കാര്യാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു സര്‍ദാര്‍ജിയെ വിറപ്പിച്ചുവിട്ടകഥ സുവിദിതമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ കയറിയതുകൊണ്ട് സര്‍ദാര്‍ജിക്ക് ആരെയും കൂസലില്ലായിരുന്നു; എന്നു മാത്രമല്ല ഓഫീസ് ജോലികളില്‍ തികഞ്ഞ അലംഭാവവും ഓഫീസില്‍ ഹാജരാകുന്നത് വളരെ അപൂര്‍വം വന്നാല്‍ തന്നെ അകത്തും പുറത്തും സ്‌കോച്ചുവിസ്‌കി പരന്നൊഴുകുന്നുണ്ടാവും. മിക്ക സമയത്തും ലണ്ടനിലെ പാര്‍ക്കുകളിലും ചുവന്ന തെരുവുകളിലും അലഞ്ഞുതിരിയുകയാണ് പ്രധാന തൊഴില്‍. സ്വതവേ കണിശക്കാരനായ കൃഷ്ണമേനോന്‍ നിരുത്തരവാദപരമായ ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കാന്‍ സന്നദ്ധനായിരുന്നില്ല. അദ്ദേഹം സര്‍ദാര്‍ജിയെ ജോലിയില്‍നിന്നു ചവിട്ടിപ്പുറത്താക്കി.

-ഖുഷ്‌വന്ത്‌സിങ്ങായിരുന്നു ഈ സര്‍ദാര്‍ജി എന്നു പറയേണ്ടതില്ലല്ലോ. എന്തായാലും സിങ് അതോടെ കടുത്ത കൃഷ്ണമേനോന്‍ വിരോധിയായി മാറി. പിന്നീട് പകയും വിദ്വേഷവും നിറഞ്ഞ വാക്കുകളുപയോഗിച്ച് കൃഷ്ണമേനോനെ അപഹസിക്കുക ഒരു ശീലമാക്കി. ഇന്നും ഈ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടുമില്ല. ആദ്യകാലത്ത് കൃഷ്ണമേനോനെ സ്വവര്‍ഗരതിക്കാരനാക്കി ചിത്രീകരിച്ചിരുന്ന സിങ് ഈ ആത്മകഥയില്‍ പറയുന്നത് മേനോന് സ്ത്രീവിഷയത്തില്‍ വല്ലാത്ത താത്പര്യമായിരുന്നു എന്നാണ്. ഒരു സാധാരണ വായനക്കാരന്‍ ഇതിലേതു വിശ്വസിക്കണമെന്നറിയാതെ കുഴങ്ങിപ്പോകുമെന്നു തീര്‍ച്ച. കൃഷ്ണമേനോനോടുള്ള ഖുഷ്‌വന്ത്‌സിങ്ങിന്റെ വെറുപ്പ് മലയാളികളെയാകെത്തന്നെ അവഗണിക്കുന്ന മനോഭാവത്തിലേക്കു നയിച്ചുവെന്നാണ് തോന്നുന്നത്. കേരളത്തിന്റെയോ മലയാളിയുടെയോ സംഭാവനകള്‍ അംഗീകരിക്കാന്‍ ഈ സര്‍ദാര്‍ജി ഒരിക്കലും സന്നദ്ധനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോയാല്‍ വ്യക്തമാകും.
ഇതേപോലെ വ്യക്തിവിദ്വേഷത്തില്‍ മുക്കിയ തൂലികകൊണ്ടാണ് ഖുഷ്‌വന്ത്‌സിങ് തന്റെ ആത്മകഥയിലെ പല പേജുകളും എഴുതിയിട്ടുള്ളത്. പത്രപ്രവര്‍ത്തന-മാധ്യമനിരൂപണരംഗത്ത് ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള അമിതാ മാലിക് 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍മാലിസി'നെ വിലയിരുത്തിക്കൊണ്ട് ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കണ്ടു. താന്‍ ജോലിയെടുക്കുകയും പുറത്തുപോരേണ്ടിവരികയുംചെയ്ത പത്രങ്ങളുടെ ഉടമസ്ഥന്മാരെയും അതിലെ സഹപ്രവര്‍ത്തകരെയും പക്ഷപാതത്തോടെ നോക്കിക്കാണുന്നതിനെയാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 'ഹിന്ദുസ്ഥാന്‍ ടൈംസി'ലെ പത്രാധിപസ്ഥാനം നഷ്ടപ്പെട്ടതിനുശേഷം പിന്‍ഗാമിയായി വന്ന എന്‍.സി. മേനോനെതിരെ സിങ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ ഇംഗ്ലീഷ് മാധ്യമലോകത്തെ ഒരു കറുത്ത അധ്യായമാണ്.

ഖുഷ്‌വന്ത്‌സിങ്ങിന്റെ വിശ്വാസ്യത മാത്രമല്ല, സത്യസന്ധതയും ഉദ്ദേശശുദ്ധിയും എല്ലാം സംശയാസ്​പദമാക്കിത്തീര്‍ക്കുന്നതിന് ഈ ആത്മകഥയില്‍ ഇനിയും ഉദാഹരണങ്ങളുണ്ട്. തന്റെ ഏറ്റവും നല്ല കൃതിയായി ഖുഷ്‌വന്ത്‌സിങ്തന്നെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു വാള്യങ്ങളുള്ള 'ഹിസ്റ്ററി ഓഫ് ദി സിക്ക്‌സ്' എന്ന പഠനമാണ്. സിക്കുമതത്തെയും സിക്കുകാരെയുംപറ്റിയുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമായി ഇത് ഇന്ത്യയില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂസിലാന്റില്‍നിന്ന് ക്രിസ്തുമത പ്രചാരണത്തിനായി പഞ്ചാബിലെത്തിയെ ഹ്യൂ മക്ലിയോഡ് എന്ന പാതിരി അമ്പതുവര്‍ഷം മുമ്പ്തന്നെ, നിരവധി വര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങളെത്തുടര്‍ന്ന് സിക്കുമതവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥപരമ്പരതന്നെ പുറത്തിറക്കിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ സിക്കുമത പഠനത്തിന് വ്യാപകമായി ഇതുപയോഗിച്ചുവരുന്ന മക്‌ലിയോഡുമായി ഖുഷ്‌വന്ത്‌സിങ്ങിന് 'വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേര്‍ ഈ ആത്മകഥയിലൊരിടത്തും പരാമര്‍ശിക്കപ്പെടുന്നതേയില്ല. വളരെ മത്സരാധിഷ്ഠിതമായ എഴുത്തിന്റെ ലോകത്തില്‍ ഏതെങ്കിലുമൊരു വിഷയത്തില്‍ വൈദഗ്ധ്യം നേടേണ്ടതാവശ്യമാണെന്നു എനിക്കു ബോധ്യമായി... സിക്കുമതവും ചരിത്രവുമാണ് അതിനു ഞാന്‍ തെരഞ്ഞെടുത്തത്. ഇതിനെപ്പറ്റി ഒരൊറ്റ സിക്കുകാരനും ഒന്നുംതന്നെ എഴുതിയിട്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെ അടിസ്ഥാനമാക്കി ഞാനിങ്ങനെ ഒരു ഗ്രന്ഥം രചിച്ചു...' എന്നു മാത്രമേ സിങ് രേഖപ്പെടുത്തുന്നുള്ളു. ആത്യന്തികമായ കടപ്പാടിനെപ്പറ്റി ഇവിടെ അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു.

അല്ലെങ്കില്‍ അടിയന്തിരാവസ്ഥയുടെ കാര്യം നോക്കുക. ഇന്ദിരാഗാന്ധിയുമായി പ്രത്യേകിച്ച് പുത്രന്‍ സഞ്ജയ്ഗാന്ധിയുമായി ഗാഢമായ സൗഹൃദബന്ധമാണ് ഖുഷ്‌വന്ത്‌സിങ്ങിന് ഉണ്ടായിരുന്നത്. അവര്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥയെ സ്വാഭാവികമായും ഉച്ചത്തില്‍ കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു അദ്ദേഹം. രാജ്യം ഛിന്നഭിന്നമായിപ്പോകുന്നതു തടയാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനംകൊണ്ടു കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പത്രമാരണനിയമം മുതല്‍ നിര്‍ബന്ധിത വന്ധ്യവല്‍ക്കരണംവരെയുള്ള അടിയന്തിരാവസ്ഥാക്കാലത്തെ അതിക്രമങ്ങളെ ആദ്യം ന്യായീകരിക്കുക മാത്രമല്ല, ഇന്ദിരയും സഞ്ജയും അറിയാതെ അനുയായികള്‍ വരുത്തിത്തീര്‍ത്ത ദുഷ്‌പ്പേരാണിത് എന്നു ആരോപിച്ചുകൊണ്ട് അതില്‍നിന്ന് അവരെ കുറ്റമുക്തരാക്കുകകൂടി ചെയ്തു അദ്ദേഹം. നിര്‍ലജ്ജമായ ഈ സ്വാമിഭക്തി പ്രതിഫലം ഇച്ഛിച്ചുകൊണ്ടായിരുന്നുവെന്നു വ്യക്തമാകുമ്പോള്‍ ഖുഷ്‌വന്ത്‌സിങ്ങിന്റെ മറ്റൊരു മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്. സിങ്ങിന്റെ തന്നെ വാക്കുകളില്‍, 'ഗാന്ധി കുടുംബം എനിക്കു പാരിതോഷികം നല്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നയതന്ത്ര മേഖലഖളില്‍ ഒരു പദവിയില്‍ എനിക്കു താല്പര്യമുണ്ടോ എന്നാണ് സഞ്ജയ് ആദ്യം ആരാഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ലണ്ടനിലെ ഹൈക്കമ്മീഷണര്‍ പദവിയായിരുന്നു. സംശയമില്ലാതെ ഞാനത് നിരസിച്ചു. പിന്നീടദ്ദേഹം എനിക്ക് രാജ്യസഭാ അംഗത്വവും 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ പത്രാധിപസ്ഥാനവും വെച്ചുനീട്ടി. അതു രണ്ടും സ്വീകരിക്കുവാന്‍ എനിക്കു വൈമനസ്യമേതും ഉണ്ടായിരുന്നതുമില്ല.

ഇന്ത്യാ
വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'ട്രെയിന്‍ ടു പാകിസ്താന്‍' (1956) എന്ന നോവലാണ് ഖുഷ്‌വന്ത്‌സിങ്ങിനെ ഏറെ പ്രശസ്തനാക്കിയ കൃതി. പഞ്ചാബി, ഹിന്ദി, ഉര്‍ദു എന്നീ പ്രാദേശിക ഭാഷകളിലെ ഇംഗ്ലീഷില്‍ രചിക്കപ്പെട്ടു എന്നതുമാത്രമാണ് ഈ നോവലിന്റെ പ്രചാരത്തിനും ഖ്യാതിക്കും നിദാനം. വിഭജനം പശ്ചാത്തലമായിവരുന്ന മറ്റു പ്രാദേശികഭാഷാകൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ സാഹിത്യമൂല്യം വളരെ താഴെയാണെന്നും കാണാം. നോവല്‍രചനയെ അദ്ദേഹം എത്ര ലഘുവായാണ് കണ്ടിരുന്നതെന്ന് ഈ ആത്മകഥയിലെ ഒരു പരാമര്‍ശംതന്നെ ദൃഷ്ടാന്തമാണ്. 'ഇലസ്‌ട്രേറ്റഡ് വീക്കിലി'യുടെ പത്രാധിപസ്ഥാനം നഷ്ടപ്പെട്ടപ്പോള്‍, അതില്‍ വ്യാകുലനാവാതെ അദ്ദേഹം നേരെ വീട്ടിലേക്കുപോയി. ഒരു നോവലെഴുതാനാരംഭിക്കുകയാണത്രെ ഉണ്ടായത്. ഒരു നോവലെഴുതുക എന്നത് എന്തെളുപ്പം!

വാസ്തവത്തില്‍ പത്രപ്രവര്‍ത്തനത്തിനു 'പൈങ്കിളി' പരിവേഷം നല്കി അതിനെ ജനപ്രിയമാക്കി എന്നതാണ് ഖുഷ്‌വന്ത്‌സിങ് നല്‍കിയ ഏറ്റവും വലിയ സംഭാവന. വായനക്കാരുടെ മൃദുലവികാരങ്ങളെയും വിഭാഗീയ ചിന്താഗതികളെയും (കേരളത്തിലെ നായര്‍-ഈഴവ സമുദായങ്ങളെപ്പറ്റി പോലും 'ഇലസ്‌ട്രേറ്റഡ് വീക്കിലി' പുറത്തിറക്കിയ പ്രത്യേക പതിപ്പുകള്‍ ഓര്‍ക്കുക) സുലഭമായി ചൂഷണം ചെയ്യുക എന്നതായിരുന്നു ഇതിനവലംബിച്ച മാര്‍ഗം. സെക്‌സും സെന്‍സേഷനും സിങ്ങിന്റെ പത്രപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. നാലാമത്തെ വയസ്സുമുതല്‍ താന്‍ രതിവിഷയത്തില്‍ തല്‍പരനായിരുന്നു എന്ന് 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍ മാലിസി'ല്‍ സിങ് എഴുതുന്നു. ഈ അഭിനിവേശം പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുമുണ്ട്. പ്രിയ സുഹൃത്തുക്കളുടെ രഹസ്യവൈകൃതങ്ങള്‍ അനാവരണം ചെയ്യുന്നതില്‍പോലും അദ്ദേഹം ആനന്ദം കണ്ടെത്തുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് പത്ര-മാസികാ-പുസ്തക വായനക്കാര്‍ക്ക് 'രസിപ്പിക്കുന്ന' വിഷയങ്ങളോടാണ് വലിയ ആഭിമുഖ്യം. ഈ ദൗര്‍ബല്യത്തില്‍നിന്നും മനോഹരമായി മുതലെടുക്കുന്നുമുണ്ട് സിങ്ങിന്റെ ആത്മകഥ.

ഖുഷ്‌വന്ത്‌സിംഗിന്റെ 'ട്രൂത്ത്, ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' കല്‍പ്പിത കഥകളുടെയും അസത്യപ്രസ്താവനകളുടെയും അപവാദ പ്രചരണങ്ങളുടെയും ലൈംഗിക ബന്ധങ്ങളുടെയും 'ഇക്കിളി'പ്പെടുത്തുന്ന ഒരു സമാഹാരമാണെന്നൊന്നും പക്ഷേ, ആരും ചിന്തിച്ചുപോകരുത്. പ്രതാപിയായ ഒരു ഉദ്യോഗസ്ഥന്റെ പുത്രനായി ജനിച്ചിട്ടും ഏകാന്തതയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ബാല്യകാലം, ലേഹോര്‍ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍, മുള്ളുനിറഞ്ഞ ദാമ്പത്യം-അങ്ങനെ നാട്യങ്ങളില്ലാതെയും ദീപ്തമായും എഴുതപ്പെട്ട വ്യക്തിജീവിത ചിത്രീകരണങ്ങള്‍ക്കുപുറമെ സമൂഹത്തിലെ ഉന്നത ശ്രേണികളില്‍ സുവിദിതമെങ്കിലും നമ്മുടെ പത്രപ്രവര്‍ത്തകരും ചരിത്രകാരന്മാരും മറ്റും മനഃപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിച്ച ഒട്ടേറെ സത്യങ്ങള്‍ ഇത് വിളിച്ചുപറയുന്നുണ്ട്. സ്ത്രീവിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാഷ്ട്രപതിഭവനിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരുന്ന മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങുവരെയുള്ള വ്യക്തികളെ മുഖംമൂടിയില്ലാതെ ഇതിലവതരിപ്പിക്കുന്നു.

നെഹ്‌റുവിന്റെ പരസ്ത്രീബന്ധങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ ചുക്കാന്‍ പിടിച്ച ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്റെ പത്‌നി എഡ്വിന, രാഷ്ട്രീയക്കാരിയായ പത്മജാനായിഡു, സന്ന്യാസിനിയായ ശ്രദ്ധാമാതാ അങ്ങനെ പല സ്ത്രീകളുടെയും സാമീപ്യം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ലണ്ടന്‍ ഹൈക്കമ്മീഷണറാഫീസില്‍ ജോലിയെടുക്കുമ്പോഴുണ്ടായ ഒരു പ്രത്യേക സംഭവം വിശദമായിത്തന്നെ സിങ് അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടനില്‍ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്‌റു. നിശാവസ്ത്രമണിഞ്ഞുനില്ക്കുന്ന എഡ്വിനയുടെ സമീപം അര്‍ദ്ധരാത്രി നെഹ്‌റു അണഞ്ഞ ചിത്രവുമായിട്ടാണ് പിറ്റേ ദിവസത്തെ ബ്രിട്ടീഷ് പത്രങ്ങള്‍ പുറത്തിറങ്ങിയത്. നെഹ്‌റു-എഡ്വിന ബന്ധം ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. ഫ്രഞ്ചില്‍ ഇത് സിനിമയായും വന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികതലത്തിലും അല്ലാതെയും ഇത്തരം കാര്യങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുകയെന്ന പതിവ് ഇപ്പോഴും തുടരുന്നു. ഇങ്ങനെയുള്ള പല അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിത്തീര്‍ക്കുന്നു, ഈ ആത്മകഥ.

വാ
സ്തവത്തില്‍ ഏഴുവര്‍ഷംമുമ്പേതന്നെ 'ട്രൂത്ത്, ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' വെളിച്ചം കാണേണ്ടിയിരുന്നതാണ്. ആത്മകഥയിലെ ചില ഭാഗങ്ങള്‍ 1995ല്‍ ഇന്ത്യാ ടുഡെ വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അതിലെ ചില പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നു ആരോപിച്ചു മനേകാഗാന്ധി കോടതിയെ സമീപിച്ചതുകൊണ്ട് പുസ്തക പ്രസിദ്ധീകരണം വൈകുകയായിരുന്നു. ദില്ലി ഹൈക്കോടതിയും കഴിഞ്ഞ് സുപ്രീംകോടതിയിലെത്തിയതിനുശേഷമാണ് ഖുഷ്‌വന്ത്‌സിങ്ങിനു അനുകൂലമായ തീര്‍പ്പുണ്ടായത്. മനേക ഇങ്ങനെയൊരു കേസു കൊടുത്തതുതന്നെ ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. മനേകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെ ഈ പുസ്തകത്തില്‍ മഷിയിട്ടുനോക്കിയാല്‍പോലും കാണാന്‍ കിട്ടില്ലെന്നുള്ളതാണ് സത്യം. പ്രധാനമന്ത്രിയുടെ വീടുമായുള്ള ബന്ധം മുതലാക്കാന്‍ ശ്രമിച്ച മനേകയുടെ കുടംബത്തെപ്പറ്റി, പ്രത്യേകിച്ചും അമ്മ അമരേശ്വര്‍ ആനന്ദിനെപ്പറ്റി ചില സൂചനകള്‍ ഇതിലുണ്ടെങ്കിലും. എന്നു മാത്രമല്ല, അടിയന്തിരാവസ്ഥക്കുശേഷമുള്ള ഇന്ദിരയുടെ പ്രയാസം നിറഞ്ഞ നാളുകളില്‍ രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടപ്പോള്‍ ഇന്ദിരയോടൊപ്പം ഉറച്ചുനിന്ന മനേകയെപ്പറ്റി, വീട്ടില്‍നിന്നു പുറത്താക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇന്ദിരയെ തരിമ്പും വകവെക്കാതെ, സുധീരം പോരാടിയ മനേകയെപ്പറ്റി അങ്ങനെ മനേകാഗന്ധിയുടെ സഹനശക്തിയും ധൈര്യവും ആത്മാഭിമാനവും വര്‍ണിക്കാന്‍ ഖുഷ്‌വന്ത്‌സിങ് ധാരാളം മഷി ഉപയോഗിച്ചിട്ടുണ്ടുതാനും. അടിയന്തിരാവസ്ഥക്കു സ്തുതിഗീതം പാടിയിട്ടുള്ള സഞ്ജയിനെ നിരപരാധിയായി അവതരിപ്പിച്ചിട്ടുള്ള മനേകയുടെ 'സൂര്യ' എന്ന മാസികയുടെ 'പത്രാധിപത്വം' വഹിച്ചിട്ടുള്ള (നെഹ്‌റുവിന്റെ ശ്രദ്ധാമാതാ ബന്ധം, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പുത്രന്‍ കാന്തിദേശായിയുടെ കുത്തഴിഞ്ഞ ജീവിതകഥകള്‍ തുടങ്ങിയവ ആദ്യം 'സൂര്യ'യിലാണ് പ്രത്യക്ഷപ്പെട്ടത്; ഇന്ദിരാഗാന്ധിക്ക് ലൈംഗിക കാര്യങ്ങളില്‍ മനഃപ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്ന് നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായിരുന്ന എം.ഒ. മത്തായിയെ ഉദ്ധരിച്ചുകൊണ്ട് 'സൂര്യ' അക്കാലത്ത് എഴുതുകപോലുമുണ്ടായി). ഖുഷ്‌വന്ത്‌സിംഗിന്റെ പുസ്തക പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനേകാഗാന്ധി പിന്നെന്തിനു കേസ് കൊടുത്തു?

ആത്മകഥയ്ക്കു സൗജന്യമായി വമ്പിച്ച 'പബ്ലിസിറ്റി' തരപ്പെടുത്താന്‍ ഖുഷ്‌വന്ത്‌സിങ്ങും മനേകാഗാന്ധിയും യോജിച്ചു നടത്തിയ ഒരു ഒത്തുകളിയായി ഈ സംഭവത്തെ നമുക്കു കാണാമോ?

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ആര്‍.ഗോവിന്ദനുണ്ണിയുടെ സര്‍ഗ്ഗാത്മകത;ആയുസ്സ് എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment