Tuesday, October 12, 2010

ലോകം കാത്തിരിക്കുന്നു, മണ്ണിനടിയില്‍ നിന്ന് അവരിന്നെത്തും


Posted on: 13 Oct 2010








കോപ്പിയാപ്പോ:
ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്, മണ്ണിനടിയില്‍ നിന്ന് അവരിപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റു വരും.

എഴുപതു ദിവസത്തെ പീഡാനുഭവം പിന്നിട്ടെത്തുന്നവരുടെ ആഹ്ലാദക്കണ്ണീര്‍ ആദ്യമായി ഒപ്പിയെടുക്കാന്‍ പല രാജ്യങ്ങളില്‍നിന്നും എത്തിയ 1,700 മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ കണ്ണു ചിമ്മാതെ നോക്കിനില്‍ക്കുന്നു. ഖനിക്കു മുകളില്‍ മരുഭൂമിയില്‍ തമ്പടിച്ച ബന്ധുക്കളും നാട്ടുകാരും ആദ്യമെത്തുന്നത് തന്റെ പ്രിയപ്പെട്ടവനാകണമേ എന്ന പ്രാര്‍ഥനയോടെ ശ്വാസമടക്കിപ്പിടിക്കുന്നു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു രക്ഷാദൗത്യം ഒടുവില്‍ വിജയത്തിലേക്കടുക്കുകയാണ്.

ചിലിയിലെ സാന്‍ജോസില്‍ അറ്റക്കാമ മരുഭൂമിയിലെ ഖനിക്കുള്ളില്‍ 2,041 അടി താഴെ ഒരു കുടുസുമുറിയിലെ ഇരുട്ടില്‍ ഏഴാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 33 തൊഴിലാളികളെ പുറത്തെത്തിക്കുന്ന ദൗത്യം ബുധനാഴ്ച രാവിലെ 8.30 (പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 12ന്) നാണ് തുടങ്ങുക. ഒന്നരമാസം കൊണ്ടു തീര്‍ത്ത കുടുസ്സു തുരങ്കത്തിലൂടെ അതിലും വണ്ണം കുറഞ്ഞ ഉരുക്കുകൂട്ടില്‍ കയറ്റിയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുക.

ഒരാളെ കയറ്റി ഉരുക്കുപേടകം ഇരുള്‍വഴി താണ്ടി മുകളിലെത്താന്‍ പതിനഞ്ചോ ഇരുപതോ മിനിറ്റെടുക്കും. പേടകം തിരിച്ചു താഴെയെത്തിച്ച് അടുത്തയാളെ കയറ്റാന്‍ ഒരു മണിക്കൂര്‍ താമസം വരും. ചിലിയില്‍ നിന്നുള്ള 32 പേരും ഒരു ബൊളീവിയക്കാരനുമടക്കം മുഴുവനാളുകളെയും പുറത്തെത്തിക്കുമ്പോള്‍ രണ്ടു ദിവസം കഴിയും.

   ആഗസ്ത് അഞ്ചിനാണ് ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴ് ദിവസത്തിനു ശേഷമാണ്. മണ്ണ് തുരന്നിറക്കിയ കൊച്ചു കുഴലിലൂടെ ലഭിക്കുന്ന ഇത്തിരി ഭക്ഷണം കഴിച്ച് ശ്വാസോച്ഛ്വാസം പോലും അരിഷ്ടിച്ച് അവരിത്ര നാള്‍ പിടിച്ചുനിന്നു. വീഡിയോ സന്ദേശങ്ങളിലൂടെ, കയറു കെട്ടിയിറക്കുന്ന കത്തുകളിലൂടെ അവര്‍ പുറം ലോകവുമായി ബന്ധപ്പെട്ടു. ഇരുട്ടറയിലെ വാസത്തിനിടെ മനോധൈര്യം ചോര്‍ന്നുപോകാതിരിക്കാന്‍ ഡോക്ടര്‍മാരും മനോരോഗ വിദഗ്ധരും മതാചാര്യന്മാരും അവരുമായി സംസാരിച്ചുകൊണ്ടേയിരുന്നു.

പാറ തുരന്ന് രക്ഷാതുരങ്കമുണ്ടാക്കുന്ന പണി അതോടൊപ്പം പുരോഗമിച്ചു. 66 സെന്‍റീ മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ ഫീനിക്‌സ് എന്ന ഉരുക്കു കൂട് താഴ്ത്തി ഓരോരുത്തരെയായി വലിച്ചു പുറത്തു കടത്തുകയെന്ന പദ്ധതിയാണ് ഇപ്പോള്‍ ലക്ഷ്യത്തിലേക്കടുക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറും സുരക്ഷാ സംവിധാനങ്ങളുമെല്ലാമുള്ള ഫീനിക്‌സ് എന്ന രക്ഷാപേടകത്തിനു വ്യാസം 54 സെന്‍റീ മീറ്റര്‍ മാത്രമാണ്.

ഇതിനകം പരീക്ഷിച്ചു സുരക്ഷിതമെന്നുറപ്പിച്ച ഫീനിക്‌സിലൂടെ രണ്ടു ഖനന വിദഗ്ധരും രണ്ടു നഴ്‌സുമാരും ആദ്യം താഴെയിറങ്ങും. ആരെ ആദ്യം മുകളിലെത്തിക്കണമെന്ന് തീരുമാനിക്കുക അവരാണ്. എല്ലാവരും മുകളിലെത്താനുള്ള ആവേശത്തിലാണെങ്കിലും ഒന്നാമനാകാന്‍ എല്ലാവര്‍ക്കും പേടിയാണ്. ''ഇപ്പോള്‍ ഞാന്‍ ശാന്തനാണ്. പക്ഷേ, പേടകത്തില്‍ കയറേണ്ട സമയമെത്തുമ്പോള്‍ എന്തുണ്ടാകുമെന്നറിയില്ല''- മുകളിലേക്കു കൊടുത്തയച്ച കത്തില്‍ ജിമ്മി സാഞ്ചസ് പറഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമാണ് പത്തൊമ്പതുകാരനായ ജിമ്മി.

ജീവന്‍ വീണ്ടെടുത്തു പുറംലോകത്തെത്തുന്ന നിമിഷത്തിന്റെ മാനസിക സംഘര്‍ഷം താങ്ങാന്‍ ക്ഷീണിതരായ തൊഴിലാളികള്‍ക്കാകുമോ എന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അധികൃതര്‍ വിലക്കിയാലുമില്ലെങ്കിലും അവരെ സ്വീകരിക്കാന്‍ മുടി വെട്ടി കുളിച്ചൊരുങ്ങി നില്‍ക്കുകയാണ് ബന്ധുക്കള്‍. ''പുറത്തെത്തിയാല്‍ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കും''- തൊഴിലാളിയായ അലക്‌സിന്റെ ഭാര്യ ജെസിക്ക സാല്‍ഗാഡോ പറഞ്ഞു. തൊഴിലാളികളെ വരവേല്‍ക്കാന്‍ ഖനിക്കു പുറത്ത് ചിലിയുടെ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറയും കാത്തു നില്‍ക്കുന്നുണ്ട്.


ആനിമേറ്റഡ് സ്ലൈഡ്‌ഷോ കാണാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക






മാതൃഭൂമി

No comments:

Post a Comment