Thursday, October 28, 2010

വര്‍ഗീയതയുടെ 'തരംഗം' - പി.എം.മനോജ്

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

പി.എം.മനോജ്

No comments:

Post a Comment