Monday, October 11, 2010

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും മാത്രം..

മരണം കൌതുകകരമാണ്. ഒപ്പം വോദനാജനകവും.അലംഘനീയമായ ആ പ്രകൃതിനിയമത്തില്‍ നിന്ന് ആര്‍ക്കും മോചനമില്ല. മര്‍ത്യന്‍ എന്ന പദത്തിന്റെ നിഷ്പത്തി തന്നെ അവന്റെ ഈ സ്വഭാവത്തില്‍ നിന്നാണല്ലോ.മരണത്തെ ഉല്ലംഘിക്കാനുള്ള ശ്രമങ്ങള്‍ പ്രാചീനമനുഷ്യനില്‍ തുടങ്ങി ആധുനിക മനുഷ്യര്‍ വരെ നീണ്ടുകിടക്കുന്ന ഒരു ചങ്ങലയാണ്.വഴികളൊന്നും തന്നെ വിജയിക്കാതായപ്പോള്‍ മരണാനന്തരജീവിതത്തെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ മനുഷ്യര്‍ നെയ്തുകൂട്ടാന്‍ തുടങ്ങി.ദൈവത്തേയും ധാര്‍മികതയേയും കൂട്ടുപിടിച്ച് അവന്‍ ഒരുക്കിയ  ആ മോഹവലയത്തില്‍ സ്വയം കുരുങ്ങി.അങ്ങനെ സ്വര്‍ഗനരകസങ്കല്പങ്ങള്‍ രൂപം കൊണ്ടു.മരണാനന്തരജീവിതം പ്രാചീനഗോത്ര വര്‍ഗങ്ങളിലെല്ലാം വേരുപിടിച്ചു, സങ്കല്പനങ്ങളില്‍ വ്യതിരിക്തതയുണ്ടെങ്കിലും.

മരണാനന്തരകര്‍മ്മങ്ങളിലും ആ സങ്കല്പനങ്ങളിലെ വ്യത്യസ്തത അനുസരിച്ച് വ്യത്യസ്തമായ ആചാരങ്ങള്‍ നിലവില്‍ വന്നു.പരലോകപ്രവേശം സുഗമമാക്കാന്‍ ശവത്തോടൊപ്പം ഇഹലോകത്ത് അവന്‍ ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ അടക്കം ചെയ്യുന്ന രീതികള്‍ പോലും ഇന്നും നിലനില്ക്കുന്നു.ശവത്തെ കഴുകന് കൊത്തിവലിക്കാന്‍ വിട്ടുകൊടുക്കുന്ന പാഴ്സികളും , ഉയര്‍ത്തെഴുന്നേല്കും എന്ന സങ്കല്പത്തില്‍ ,ശവത്തെ രാസലായനികള്‍ പുരട്ടി കേടുകൂടാതെ കാത്തുവെയ്ക്കുന്ന രീതിയും നിലവില്‍ വന്നു.ശാസ്ത്രദീപ്തികള്‍ വീദൂരഗോളങ്ങളെപ്പോലും ഭാസുരമാക്കുന്ന വര്‍ത്തമാനകാലത്ത് പോലും ഇത്തരം വിശ്വാസങ്ങള്‍ തഴച്ചുനില്ക്കുന്നു..

വിവിധ ജാതിമതവിഭാഗങ്ങളിലെ മരണാനന്തര സങ്കല്പങ്ങളെക്കുറിച്ച് അറിയാന്‍ കൌതുകമുണ്ട്.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്തജനതതിയോട് കൂടിച്ചേര്‍ന്നിരിക്കുന്നവര്‍ ഈ സങ്കല്പങ്ങളക്കുറിച്ച് അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍  പങ്കുവെച്ചാല്‍ നന്നായിരുന്നു. വാദിക്കാനോ പുശ്ചിക്കാനോ അല്ല, അധികം വെളിച്ചമേശാത്ത ഈ മേഖലയിലെ വ്യത്യസ്ത വിശ്വാസങ്ങളെക്കുറിച്ച് അറിയാന്‍ വേണ്ടി മാത്രം.പങ്കുവെക്കുമല്ലോ..

2 comments:

  1. മരണം + ഭയം = മതം

    ReplyDelete
  2. ഡോ.മുരളീകൃഷ്ണ എഴുതിയ മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ എന്ന പുസ്തകമാണ് ഞാന്‍ നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്നത്...

    ReplyDelete