Sunday, October 16, 2011

അമേരിക്കയിലും ബ്രിട്ടനിലും പ്രക്ഷോഭം തുടരുന്നു


Posted on: 17 Oct 2011




നൂറുകണക്കിനാളുകള്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: കുത്തകകളുടെ ആര്‍ത്തിക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ പ്രക്ഷോഭം തുടരുന്ന അമേരിക്കയില്‍ മുന്നൂറോളം പേര്‍ അറസ്റ്റിലായി. ശനിയാഴ്ച നടന്ന ആഗോള പ്രതിഷേധപരിപാടിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിലേക്കും ഷിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കിലേക്കും മാര്‍ച്ച് ചെയ്തവര്‍ക്കു നേരെയാണ് പോലീസ് നടപടിയുണ്ടായത്. അമേരിക്കയിലെ വന്‍നഗരങ്ങളില്‍ ഞായറാഴ്ചയും പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നു. ഇംഗ്ലണ്ടില്‍ ലണ്ടനിലെ സെയ്ന്റ് പോള്‍സ് കത്തീഡ്രലിനു മുന്നില്‍ ശനിയാഴ്ച തമ്പടിച്ചവര്‍ ഞായറാഴ്ചയും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

പ്രക്ഷോഭം ലോകമെങ്ങും വ്യാപിക്കവേ സല്‍മാന്‍ റുഷ്ദിയടക്കം നൂറോളം പ്രശസ്ത എഴുത്തുകാര്‍ ഓണ്‍ലൈന്‍ വഴി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പുലിറ്റ്‌സര്‍ സമ്മാന ജേതാവ് ജെന്നിഫര്‍ ഈഗന്‍, മൈക്കല്‍ കണ്ണിങാം തുടങ്ങിയ നോവലിസ്റ്റുകള്‍ പിന്തുണ അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കോളിളക്കം സൃഷ്ടിച്ച വിക്കിലീക്‌സ് വെബ്‌സൈറ്റ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ലണ്ടനിലെത്തി സമരത്തെ അഭിസംബോധന ചെയ്തിരുന്നു.
അമേരിക്കയില്‍ ഷിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ 175 പേരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ െൈടം സ്‌ക്വയറില്‍ 70 പേര്‍ അറസ്റ്റിലായി.

പ്രക്ഷോഭത്തിന്റെ കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍ നിന്ന് ടൈം സ്‌ക്വയറിലേക്കുള്ള പ്രകടനത്തിനിടെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ ഇടിച്ചുകയറിയ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗതാഗത തടസ്സമുണ്ടാക്കി നീങ്ങിയ പ്രക്ഷോഭകരെ നേരിടാന്‍ കുതിരപ്പോലീസ് എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സുക്കോട്ടി പാര്‍ക്ക് ഒഴിഞ്ഞുകൊടുക്കാന്‍ സമരക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ലണ്ടനിലെ കത്തീഡ്രലിനു മുന്നില്‍ 3,000-ഓളം പേരാണ് ശനിയാഴ്ച തടിച്ചുകൂടിയത്. ഇതില്‍ കുറേപ്പേര്‍ രാത്രിയിലും പിരിഞ്ഞുപോയില്ല. ഞായറാഴ്ചയും അവര്‍ സമരം തുടരുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് മാതൃകയില്‍ ഇവിടെ സമരം തുടരുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റലിയിലെ റോം അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ജനരോഷത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിക്കിടെ വ്യാപകമായി അക്രമസംഭവങ്ങളും അരങ്ങേറി. കണ്ണീര്‍വാതക ഷെല്ലും ജലപീരങ്കിയുമുപയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിട്ടത്. 135 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും പോലീസുകാരാണ്. ഒട്ടേറെ പോലീസ് വാഹനങ്ങള്‍ ചാമ്പലായി. പാതയോരത്തെ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അക്രമസംഭവങ്ങളില്‍ മൊത്തം 10 ലക്ഷം യൂറോ (ഏഴു കോടി രൂപ) യുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരെ മെയ് മുതല്‍ സമരം തുടരുന്ന സ്‌പെയിനും പ്രതിഷേധത്താല്‍ പ്രകമ്പനംകൊണ്ടു. തലസ്ഥാനനഗരിയായ മാഡ്രിഡില്‍ പെന്‍ഷന്‍കാരും കുട്ടികളുമടക്കം പതിനായിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. ജപ്പാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.


മാതൃഭൂമി

കുത്തകവിരുദ്ധ സമരം പടരുന്നു

കുത്തകവിരുദ്ധ സമരം പടരുന്നു
ന്യൂയോര്‍ക്: കുത്തകവത്കരണത്തിനും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കുമെതിരെ അമേരിക്കയില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു. കുത്തകകള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധിക്കണമെന്ന ആഹ്വാനം ചെവിക്കൊണ്ടാണ് ആയിരങ്ങള്‍ വന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ തെരുവില്‍ ഇറങ്ങിയത്. മാന്ദ്യത്തെപോലെ തന്നെ പ്രതിഷേധവും രാജ്യാതിര്‍ത്തികള്‍ കടക്കുന്നതിന്‍െറ സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.  കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലും ആസ്ട്രേലിയയിലെ സിഡ്നിയിലും നടന്ന സമരങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമരം ഞായറാഴ്ച ജര്‍മനിയിലെ ബര്‍ലിനിലേക്കും ലണ്ടനിലേക്കും  കത്തിപ്പടര്‍ന്നു. മെക്സികോ സിറ്റി, ബ്വേനസ് എയ്റിസ്, സാന്‍റിയാഗോ എന്നീ ലാറ്റിനമേരിക്കന്‍ നഗരങ്ങളിലും ആയിരങ്ങള്‍ കുത്തകവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഇതിനകം, 80 രാജ്യങ്ങളിലെ 950ലധികം നഗരങ്ങളില്‍ പ്രതിഷേധത്തിന്‍െറ തീജ്വാലകള്‍ എത്തി.  പ്രക്ഷോഭത്തിന്‍െറ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഞായറാഴ്ച 70ഓളം സമരക്കാരെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പ്രതിഷേധപ്രകടനം നടത്തിയവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.    കഴിഞ്ഞ ദിവസം പ്രക്ഷോഭം രൂക്ഷമായ റോമിലും 20 സമരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിനിടെ ഇവിടെ വ്യാപകമായി ആക്രമണങ്ങള്‍  നടന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോനി പറഞ്ഞു.  ലണ്ടനിലും സമരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ സെന്‍റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചിന് സമീപം 250ഓളം സമരക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.  വിഖ്യാത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി, പുലിറ്റ്സര്‍ ജേതാവ് ജെന്നിഫര്‍ ഇഗാന്‍, മൈക്കിള്‍ കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.  അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിതം ദുസ്സഹമായി തുടങ്ങിയതാണ് പ്രതിഷേധ സമരങ്ങള്‍ക്ക് വ്യാപക സ്വീകാര്യത ഉണ്ടാക്കിയത്. സ്പെയിനില്‍ സമീപകാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പുറമെ മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പറേറ്റുകള്‍ നിരവധിപേരെ പിരിച്ചുവിട്ടതും  പ്രതിഷേധത്തിന് ആക്കംകൂട്ടി. റോമില്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നവര്‍ ഫെറാരി, ബെന്‍സ് തുടങ്ങിയ വിലകൂടിയ കാറുകള്‍ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ഇതിനു പുറമെ ബാങ്കുകള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നേരെ ആക്രമണം നടന്നു.
അതേസമയം, പൊലീസ് ഇടപെടലാണ് റോമില്‍ വ്യാപക അക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.

മാധ്യമം


ലോകപിന്തുണയില്‍ യുഎസ് പ്രക്ഷോഭം ആളുന്നു
Posted on: 17-Oct-2011 12:29 AM
ന്യൂയോര്‍ക്ക്: "ഞങ്ങളാണ് 99 ശതമാനം" എന്നു പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ അമേരിക്കന്‍ ജനതയുടെ പ്രക്ഷോഭം ആഗോള പിന്തുണയുടെ കരുത്തില്‍ ആളിപ്പടരുന്നു. 82 രാജ്യത്തെ ആയിരത്തോളം നഗരത്തില്‍ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യത്തില്‍ നിന്ന് കരുത്താര്‍ജിച്ച് കൂടുതല്‍ പ്രക്ഷോഭകര്‍ തെരുവുകളിലേക്ക് ഒഴുകുകയാണ്. കോര്‍പറേറ്റുകളുടെ ദുരാഗ്രഹത്തിനും ഭരണാധികാരികളുടെ സമ്പന്ന അനുകൂല നയങ്ങള്‍ക്കുമെതിരെ വാള്‍സ്ട്രീറ്റില്‍ ഞായറാഴ്ചയും മുദ്രാവാക്യം മുഴങ്ങി. ടൈംസ് ചത്വരത്തിലേക്ക് മാര്‍ച്ച് ചെയ്ത പ്രക്ഷോഭകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ ഭാഗത്തുനിന്ന് 88 പേരെ അറസ്റ്റുചെയ്തു. മാന്‍ഹട്ടന്‍ റോഡുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൈയടക്കിയതോടെ ഗതാഗതം സ്തംഭിച്ചു. പ്രക്ഷോഭകരെ റോഡില്‍ നിന്ന് നീക്കാനുള്ള അധികൃതരുടെ ശ്രമം ഫലം കണ്ടില്ല. സുകോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ വാഷിങ്ടണ്‍ ചത്വരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെ ഒരു സംഘം സിറ്റിബാങ്ക് ശാഖയിലേക്ക് കടന്നു. ബാങ്ക് അധികൃതരും പൊലീസും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് ബാങ്ക് പൂട്ടിയശേഷമാണ് ഇവരെ മാറ്റിയത്. ടൈംസ് ചത്വരത്തില്‍ ഏറ്റുമുട്ടലില്‍ നിരവധി പ്രക്ഷോഭകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. കുതിരപ്പുറത്ത് എത്തിയ പൊലീസുകാര്‍ പാഞ്ഞടുത്തെങ്കിലും പ്രക്ഷോഭകര്‍ പിന്മാറിയില്ല. "ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ഈ ലോകം മുഴുവന്‍ ഞങ്ങളെ കാണുകയാണ്"- അവര്‍ വിളിച്ചുപറഞ്ഞു. ടൈംസ് ചത്വരത്തില്‍നിന്ന് 45 പേരെയും സിറ്റി ബാങ്കില്‍നിന്ന് 24 പേരെയുമാണ് അറസ്റ്റുചെയ്തത്. മറ്റിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരെ അറസ്റ്റുചെയ്തത്. കോര്‍പറേറ്റുകളുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച "പിടിച്ചെടുക്കല്‍" പ്രക്ഷോഭം തിങ്കളാഴ്ച ഒരു മാസം പിന്നിടുമ്പോള്‍ ലോകമാകെ പടര്‍ന്നുകഴിഞ്ഞു. വാഷിങ്ടണിനും ലൊസാഞ്ചല്‍സിനും പുറമേ പ്രതിഷേധ പ്രകടനങ്ങള്‍ വിരളമായ മിയാമിയിലും അമേരിക്കക്കാര്‍ തെരുവിലിറങ്ങി. ഏഷ്യയിലും യൂറോപ്പിലുമടക്കം അമേരിക്കന്‍ ജനതയുടെ പോരാട്ടത്തിന് ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനു മുന്നില്‍ 70 തമ്പ് കെട്ടിയ അഞ്ഞൂറോളം പ്രക്ഷോഭകര്‍ അനിശ്ചിതകാലത്തേക്ക് ഇവിടെ നിലയുറപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ഇവിടെനിന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച് ചെയ്തവരെ പൊലീസ് തടഞ്ഞു. ഇറ്റലിയിലെ റോമില്‍ പ്രക്ഷോഭകരെ പൊലീസ് നേരിട്ടത് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ നിഷ്ഠുരമായി മര്‍ദിച്ചു. നിരവധി വാഹനം അഗ്നിക്കിരയായി. നിരവധി പ്രക്ഷോഭകര്‍ക്കും 26 പൊലീസുകാര്‍ക്കും പരിക്കേറ്റു. 12 പേരെ അറസ്റ്റുചെയ്തു. 
 
 
ദേശാഭിമാനി

No comments:

Post a Comment