Tuesday, October 4, 2011

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി: കര്‍ഷകക്ഷേമത്തിനും കൃഷിക്കും മുന്‍ഗണന നല്‍കണം - ആര്‍ ഹേലി

                        ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കൃഷിരംഗത്തും കൃഷിവിഭവങ്ങള്‍ കൈകാര്യംചെയ്യുന്ന മേഖലയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാ കാര്‍ഷികവിഭവങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിച്ചു. ഒപ്പം ജനസംഖ്യയും വിപണനവും. ഇവിടെയാണ് മാറ്റങ്ങളുടെ പ്രത്യേകത തെളിയുന്നത്. ഉല്‍പ്പാദന മേഖലയിലുള്ള കൃഷിക്കാര്‍ പ്രസ്തുത മേഖലയില്‍നിന്ന് മാറാന്‍ കഠിനയത്നം നടത്തുകയും അടുത്ത തലമുറയെ കൃഷിയില്‍നിന്നു മാറ്റാനും ശ്രമിക്കുമ്പോള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷി വിഭവ വിപണി കൈകാര്യം ചെയ്യുന്ന ശക്തികള്‍ , സാമ്പത്തികമായും സാമൂഹ്യമായും അധികാര ശക്തികളുമായി സൗഹൃദം വര്‍ധിപ്പിച്ച് സര്‍വനിലയിലും വളര്‍ന്നിരിക്കുന്നു! $ ഹരിതവിപ്ലവം വിജയിച്ച് ധാന്യമേഖലയിലെ ഇറക്കുമതി ഒഴിവാക്കി ഇന്ത്യ ധാന്യസുരക്ഷ കൈവരിച്ചത് 1978-79ല്‍ ആണ്. അന്നത്തെ ധാന്യ ഉല്‍പ്പാദനം വെറും 13.1 കോടി ടണ്‍മാത്രം ആയിരുന്നു. $ 2010-11ല്‍ ധാന്യ ഉല്‍പ്പാദനം 24.5 കോടി ടണ്‍ ആയി ഉയര്‍ന്നു. ഇതു ശ്രദ്ധേയമായ കര്‍ഷക സംഭാവനയാണ്. $ പാലിന്റെ ഉല്‍പ്പാദന വര്‍ധന അഥവ ധവളവിപ്ലവം ഇന്ത്യയില്‍ സൃഷ്ടിച്ച നേട്ടം ഇതിലും ഗംഭീരമാണ്. 1950ല്‍ 17 ദശലക്ഷം ടണ്‍ ആയിരുന്നത് 2006-07ല്‍ 100 ദശലക്ഷം ടണ്‍ ആയി വര്‍ധിച്ചു. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രം ഇന്ത്യയത്രെ. $ മുട്ട ഉല്‍പ്പാദനം ഇതേ കാലയളവില്‍ 2 ബില്യണില്‍നിന്ന് 50.7 ബില്യണായി കുതിച്ചുയര്‍ന്നു. $ പഴം, പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഉണ്ടായ ഉയര്‍ച്ചയും ശ്രദ്ധേയം. എട്ടുകോടി ടണ്ണിലേറെ പച്ചക്കറിയും നാലുകോടി ടണ്ണിലേറെ പഴവര്‍ഗങ്ങളും പ്രതിവര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നു. പുറമെ രണ്ടരക്കോടി ടണ്‍ ഉരുളക്കിഴങ്ങും മറ്റു വിവിധ വിളകളും ഉണ്ടാക്കുന്നു. അങ്ങനെ കൃഷിരംഗത്തെ ഉല്‍പ്പാദനം വര്‍ധിച്ചിരിക്കുന്നു എന്നത് സത്യം. യഥാര്‍ഥത്തില്‍ ഈ ഉല്‍പ്പാദനത്തിനു പിന്നില്‍ കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമാണെന്ന സത്യം പലരും മറക്കുന്നു. മൊത്തം ജനസംഖ്യയുടെ 65 ശതമാനം വരും ഇക്കൂട്ടര്‍ എന്നാണ് കണക്ക് സൂചിപ്പിക്കുന്ന്. പക്ഷേ, അവര്‍ കൃഷിയില്‍നിന്ന്, കൂടുതല്‍ സമ്പദ്ഭദ്രതയും മറ്റ് വളര്‍ച്ചാ സൗകര്യങ്ങളുമുള്ള രംഗത്തേക്കു മാറുന്നത് ചെറിയ കാര്യമല്ല. കൃഷിരംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗുണഫലം ഉള്‍ക്കൊണ്ട് സമൂഹമധ്യത്തില്‍ സുസ്ഥിരമായി ഉയരുന്നത് കാര്‍ഷിക വിഭവങ്ങളുടെ വിപണനം കൈകാര്യംചെയ്യുന്ന ചെറിയ ശതമാനംമാത്രമാണ്. വിപണിശക്തികള്‍ മാനം മുട്ടെ വളരുന്നു. ഉല്‍പ്പാദക സമൂഹം രംഗത്തുനിന്ന്ക്ഷീണിച്ചു മാറുന്നു. ഇതിനെ ശുഭസൂചകമായി കാണുന്നത് ബുദ്ധിപൂര്‍വമായ സമീപനമല്ല. ഉല്‍പ്പാദകരെ രക്ഷിക്കുകയും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനം ഇന്ത്യയില്‍ വളരെ ദുര്‍ബലമാണ്. വിശേഷിച്ചും കാലാവസ്ഥമാറ്റത്തെ ഭയക്കുന്ന നാം കര്‍ഷകരുടെ രംഗം വിട്ടുപോകാനുള്ള വ്യഗ്രതയുടെ ആഴം മനസിലാക്കുന്നില്ലെന്ന് പറഞ്ഞേ മതിയാകൂ. കൃഷിരംഗത്തെ നവീകരണത്തിന്റെ മുഖ്യഫലങ്ങള്‍ വിപണിയുടെ ശക്തികള്‍ക്കാണ് ലഭിക്കുന്നത്. കടലില്‍ ചായം കലക്കുന്നത് പോലെ ചിലതെല്ലാം കൃഷിക്കാര്‍ക്ക് കിട്ടുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ പറയപ്പെടുന്നെങ്കിലും, വ്യാപാരിയെയും ഒരു പരിധിവരെ ഉപയോക്താവിനെയും പ്രസാദിപ്പിക്കാനുള്ള ശ്രമംപോലെ കൃഷിക്കാരനെ സംരക്ഷിക്കാനും വളര്‍ത്താനും പദ്ധതികള്‍ ഇല്ലെന്നതാണ് വാസ്തവം. സര്‍ക്കാര്‍ നിയോഗിച്ച് തയ്യാറാക്കിയ "ദേശീയ കാര്‍ഷിക കമീഷന്‍" റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം 4 കഴിഞ്ഞു. ആരും അനങ്ങുന്നില്ല. എന്തിനേറെ കൃഷിമന്ത്രി കാര്യാലയത്തിന്റെ പേര് കൃഷി, കര്‍ഷകക്ഷേമ മന്ത്രി കാര്യാലയം എന്ന് മാറ്റാനുള്ള ശുപാര്‍ശപോലും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കര്‍ഷകര്‍ക്കോ അവരുടെയുംകൂടി വോട്ട് കൊണ്ട് അധികാരത്തിലേറിയ എംപിമാര്‍ക്കോ കഴിഞ്ഞിട്ടില്ല. ഒരു ചര്‍ച്ചപോലും പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് ഉണ്ടായിട്ടില്ല. ഉല്‍പ്പാദനച്ചെലവ് കുതിച്ചു കയറിയിട്ടും വിപണി എത്ര ശാന്തമായി പരിഭ്രമമില്ലാതെ ഇരിക്കുന്നു. സംഭരണം, പ്രൊസസിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ , വെയര്‍ഹൗസിങ്, വിതരണം, വിപണനം, ഈ രംഗമെല്ലാം ഇന്നിപ്പോള്‍ സമ്പൂര്‍ണമായി സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാത്രമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ . അതിന്റെതന്നെ പ്രവര്‍ത്തനത്തില്‍ സ്വകാര്യ പങ്കാളിത്തം വമ്പിച്ച സ്വാധീനവും നിയന്ത്രണവും ചെലുത്തുന്നുണ്ട്. ഭക്ഷ്യനയവും വിലക്കയറ്റ നിയന്ത്രണവും നിയമങ്ങള്‍കൊണ്ട് നടപ്പാക്കാന്‍പോലും കഴിയാത്തവിധം കച്ചവടശക്തികള്‍ കരുത്ത് പ്രാപിച്ചിരിക്കുന്നു. വിപണിശക്തികള്‍ സര്‍ക്കാരുകള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്തവിധം കരുത്തുനേടി. ഇത് തുടര്‍ന്നാല്‍ സംഭരണമേഖല ആധുനികവല്‍ക്കരിച്ചും ഗതാഗതസൗകര്യം വിപുലമാക്കിയും കൃഷി വിഭവവില വര്‍ഷം മുഴുവനും ഒരുപോലെ പിടിച്ചുനിര്‍ത്താന്‍ വിപണിക്കു കഴിഞ്ഞേക്കാം. ഉദാരമായ വിദേശ നിക്ഷേപവും തുറന്ന ഇറക്കുമതി- കയറ്റുമതി നിയമങ്ങളും ലാഭംകൊയ്യാനുള്ള ഏറ്റവും നല്ല മേഖലയായി കൃഷിവിഭവ വിപണിയുടെ രംഗം മാറ്റിയേക്കാനിടയുണ്ട്. ഇന്ത്യപോലുള്ള വലിയ രാജ്യത്തില്‍ ഇത്രയും കെട്ടുറപ്പ്, വിപണി എങ്ങനെ നേടി എടുത്തു എന്നതും എന്നെങ്കിലും അന്താരാഷ്ട്ര ഏജന്‍സി പഠനവിധേയമാക്കിയാല്‍ അത്ഭുതമില്ല. ദേശീയ രംഗത്തുള്ള ഒരു പഠന ഏജന്‍സിയും ഇതിന് തയ്യാറാകുകയില്ലെന്ന് വ്യക്തം. അതേസമയം പന്ത്രണ്ടാം പദ്ധതിയുടെ കരടില്‍ കൃഷിക്കുള്ള പ്രാധാന്യം വളരെ കുറവാണ്. വീണ്ടും ഭക്ഷ്യസുരക്ഷ, വിള ഉല്‍പ്പാദന രംഗത്തെ അനീമിയ, കോര്‍പറേറ്റ് സംസ്കാരത്തിന്റെ ഗ്രാമതലത്തിലേക്കുള്ള വ്യാപനത്തിലെ വേഗക്കുറവ്, വന്‍തോതിലെ യന്ത്രവല്‍ക്കരണം, വായ്പ ഉദാരവല്‍ക്കരണം തുടങ്ങിയ പദപ്രയോഗങ്ങളല്ലാതെ കൃഷിഭൂമി സംരക്ഷണം, കര്‍ഷകസമൂഹത്തിന്റെ ഉയര്‍ച്ച, ഗവേഷണവികസന സംവിധാനത്തിന്റെ സമൂര്‍ത്തമായ ആധുനികവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണത്തെയും കൃഷി നവീകരണത്തെയും കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന കിട്ടുമോ എന്നു വ്യക്തമല്ല. പൊതുവിതരണ ശൃംഖലയുടെ ശക്തിപ്പെടുത്തല്‍ കാലഹരണപ്പെട്ട മട്ടാണ്. കൃഷി സംസ്ഥാനവിഷയമാണെന്ന് പറഞ്ഞാലും സര്‍വരംഗത്തും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തള്ളിക്കയറ്റമാണ്. തന്മൂലം ധാന്യം കേന്ദ്രത്തിന് നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ പ്രത്യേക പരിഗണന നല്‍കാറുള്ളൂ. ഭരണഘടനയിലെ പുതിയ നിബന്ധന അനുസരിച്ച് കൃഷി ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുമാണ്. ഇതെല്ലാംകൂടി കൃഷിയുടെ യഥാര്‍ഥ നാഥന്‍ ആരാണ് എന്നറിയാന്‍ ദേവപ്രശ്നം നടത്തേണ്ട സ്ഥിതിവിശേഷം വന്നിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് കൃഷിഭൂമിയുടെയും കര്‍ഷകരുടെയും സംരക്ഷണമാണ്. ഇതുരണ്ടും ഇന്ത്യയിലും കേരളത്തിലും തന്ത്രപ്രധാനമായ സ്ഥാനവും മുന്തിയ പരിഗണനയും അര്‍ഹിക്കുന്നു. ലോകഭക്ഷ്യ കാര്‍ഷിക സംഘടന പരിഭ്രാന്തരായിട്ടാണ് ആഗോള ഭക്ഷ്യസുരക്ഷയെ പലപ്പോഴും വിലയിരുത്തുന്നത്. ലോകത്തിന് ആവശ്യമായ ഭക്ഷണത്തിന്റെ 90 ശതമാനം കൃഷിഭൂമിയില്‍നിന്നാണ് വരേണ്ടത്. കടലില്‍നിന്ന് കിട്ടുന്നത് വെറും 10 ശതമാനം. ഭൂമിയുടെ മേലുള്ള സമ്മര്‍ദം ഏറുകയാണ്. മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ആഹാരത്തിന് മാത്രമല്ല ഊര്‍ജാവശ്യത്തിന് പെട്രോളിന് പകരം എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കൃഷിഭൂമിയുടെയും കര്‍ഷകന്റെയും ചുമലിലേക്ക് മാറുകയാണ്. കൂടുതല്‍ കൃഷിഭൂമി കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ശോഷീകൃത എണ്ണപ്പാടങ്ങളും കരിമ്പു മേഖലയും നികത്താന്‍ നിര്‍ബന്ധിതമാകുമ്പോള്‍ അരിയും ഗോതമ്പും പയറും ചോളവുമൊക്കെ എത്ര വില കൊടുത്താലും ഇറക്കുമതി ചെയ്യാന്‍പോലും കഴിയാത്ത നില വരും. ഭാവിയില്‍ ലോകശക്തികള്‍ ധാന്യസമൃദ്ധിയുള്ള രാഷ്ട്രങ്ങളാകും. തോക്ക് നിര്‍മാതാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് പലരും ഉച്ചത്തില്‍ പറയുന്ന ഈ സമയത്ത് രാജ്യത്തിനോടും മാനവരാശിയോടും അല്‍പ്പമെങ്കിലും സ്നേഹമുള്ളവര്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ കൃഷിക്ക് അതിന്റെ സമുന്നത പ്രാധാന്യം പദപ്രയോഗത്തില്‍ മാത്രമല്ല ധനം നല്‍കുന്നതിലും നിലനിര്‍ത്തണം. ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകരക്ഷയ്ക്കും പിന്നില്‍ത്തന്നെയാണ് മറ്റെല്ലാം എന്ന സമീപനമാണ് ഇന്നത്തെ ആവശ്യം. 

No comments:

Post a Comment