മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Thursday, October 20, 2011
കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്
പൊതുധനം കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനമെന്നോണം പുറത്തുവരുന്നത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്വകാര്യ കമ്പനിക്ക് എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കിയതു വഴി രണ്ടു ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നു. പൊതുലേലത്തിലൂടെയാണ് 3ജി സ്പെക്ട്രം വിറ്റതെങ്കിലും സ്വകാര്യ കമ്പനികള്‍ ഒത്തുകളിച്ച് ലേലത്തില്‍ പങ്കെടുത്തതിനാല്‍ സര്‍ക്കാരിന് 40,000 കോടി നഷ്ടമുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി 85,000 കോടി രൂപയുടെ അഴിമതി നടത്തിയതും ഇതേ യുപിഎ സര്‍ക്കാര്‍ തന്നെ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച വേളയിലാണ് ഈ അഴിമതി നടന്നത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ കല്‍ക്കരി-ഇരുമ്പയിര് പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതു വഴി 25 ലക്ഷം കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്.
സ്വകാര്യ എണ്ണ പര്യവേക്ഷക കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുക വഴി കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും സിഎജി വെളിപ്പെടുത്തി. കൃഷ്ണ-ഗോദാവരി തീരത്ത് പെട്രോളിയം-പ്രകൃതിവാതക ഉല്‍പ്പന്നങ്ങളുടെ പര്യവേക്ഷണത്തിനുള്ള ചെലവ് പെരുപ്പിച്ചുകാട്ടിയും പര്യവേക്ഷണസ്ഥലം അനധികൃതമായി കൈവശംവച്ചും പതിനായിരക്കണക്ക് കോടി രൂപ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് രണ്ട് കമ്പനികളും തട്ടിയെടുത്തുവെന്നാണ് സിഎജി കണ്ടെത്തിയത്. ഏറ്റവും അവസാനമായി പുറത്തുവന്നത് അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവറിന് ചട്ടങ്ങള്‍ ലംഘിച്ച് കല്‍ക്കരി അനുവദിച്ചതുവഴി കേന്ദ്ര ഖജനാവിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സിഎജിയുടെ വെളിപ്പെടുത്തലാണ്. 4,000 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്കു മാത്രം നല്‍കുന്ന ഇളവനുസരിച്ച് മധ്യപ്രദേശിലെ സാസന്‍ , ജാര്‍ഖണ്ഡിലെ തിലായിയ താപവൈദ്യുത നിലയങ്ങള്‍ക്ക് പ്രത്യേക കല്‍ക്കരി ഖനികള്‍തന്നെ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ , ലാഭത്തില്‍മാത്രം കണ്ണുനട്ട റിലയന്‍സ് പവര്‍ കമ്പനിയാകട്ടെ ഇളവുകളോടെ ലഭിച്ച കല്‍ക്കരി ഉപയോഗിച്ച് ചിത്തരാംഗി പോലുള്ള മറ്റ് താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് വഴിവിട്ട തീരുമാനത്തിനു പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന മുതലാളിത്ത തന്ത്രത്തെ അപ്പടി അംഗീകരിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ലഭിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കായി സംരക്ഷിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ അവ ചൂഷണംചെയ്യാന്‍ സ്വകാര്യ മുതലാളിമാരെ അനുവദിക്കുകയാണ്. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991 ജൂലൈ 24 ന് അവതരിപ്പിച്ച ബജറ്റിലൂടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചത്. പൊതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറാന്‍ ആരംഭിച്ചു. അക്കൂട്ടത്തില്‍ പ്രകൃതിവിഭവങ്ങളും ഉള്‍പ്പെട്ടു. അതിന്റെ ഭാഗമായാണ് കല്‍ക്കരി ഖനികളും പ്രകൃതിവാതകവും പെട്രോളിയവും മറ്റും പര്യവേക്ഷണം നടത്താനും ഉല്‍പ്പാദിപ്പിക്കാനും സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ തുടങ്ങിയത്. അതായത് സര്‍ക്കാരിന്റെ നയംതന്നെയാണ് ഈ വന്‍ അഴിമതികള്‍ സൃഷ്ടിക്കുന്നതെന്നര്‍ഥം. ഈ നയം തിരുത്താതെ അഴിമതിക്കഥകള്‍ അവസാനിക്കില്ല. തെറ്റായ നയത്തിന്റെ ഭാഗമായുണ്ടായ അഴിമതിയായതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. 2007 ല്‍ തന്നെ സിപിഐ എം നേതാവ്സീതാറാം യെച്ചൂരി സ്പെക്ട്രം ലൈസന്‍സില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അന്നത്തെ ടെലികോം മന്ത്രി എ രാജയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളം ഇക്കാര്യം സ്ഥിരീകരിക്കുന്നു. മാര്‍ച്ച് 25ന് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രികാര്യാലയത്തിന് എഴുതിയ കത്തില്‍ 2008 ലെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് സ്പെക്ട്രം അഴിമതി തടയാമായിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി.
സര്‍ക്കാരിന് നഷ്ടം വരാതെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ധനമന്ത്രിക്കുണ്ട്. അതില്‍ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മുഖര്‍ജി പറഞ്ഞത്. അങ്ങനെയെങ്കില്‍ അന്വേഷണം പ്രധാനമന്ത്രിയിലേക്കും നീങ്ങും. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് വഴിവച്ച കരാര്‍ ഒപ്പിടുമ്പോഴും ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. അഴിമതിക്ക് വഴിവച്ച കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യമേഖലയ്ക്ക് തുച്ഛവിലയ്ക്ക് കൈമാറിയപ്പോള്‍ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തതും പ്രധാനമന്ത്രിയാണ്. അതായത് യുപിഎ നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന അഴിമതിയാണ് ഇതെല്ലാം എന്നര്‍ഥം. അതിനാലാണ് ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയമത്തിന്റെ പരിധിയില്‍പെടുത്താനോ യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ആറ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ദയനീയമായി തോറ്റു. യുപിഎ സഖ്യകക്ഷികളും കോണ്‍ഗ്രസിനെതിരെ തിരിയുന്നു. എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാറും ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത് പുതിയ സൂചനകള്‍ നല്‍കുകയാണ്. ജനദ്രോഹവും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിന്റെയും യുപിഎ സഖ്യത്തിന്റെയും തകര്‍ച്ച ആരംഭിച്ചു എന്ന സൂചന.
ദേശാഭിമാനി
Subscribe to:
Post Comments (Atom)
No comments:
Post a Comment