Posted on: 13 Oct 2011
-സ്വന്തം ലേഖകന്‍
ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി (70) അന്തരിച്ച വിവരം, അദ്ദേഹത്തിന്റെ സുഹൃത്തും കനേഡിയന്‍ സോഫ്ട്‌വേര്‍ എന്‍ജിനിയറുമായ റോബര്‍ട്ട് സി.പൈക് ആണ് പുറത്തറിയിച്ചത്. ഒക്ടോബര്‍ എട്ടിനായിരുന്നു വിയോഗമെന്ന് പൈക് അറിയിച്ചു.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ഇന്റര്‍നെറ്റ് അതിന്റെ ബാല്യം പിന്നിടുകയും ചെയ്യുന്ന 1970 കളുടെ തുടക്കത്തിലാണ്, സി പ്രോഗ്രാമിങ് ലാംഗ്വേജ് രൂപപ്പെടുത്തുന്നതിലും, കെന്‍ തോംപ്‌സണുമായി ചേര്‍ന്ന് യുണീക്‌സ് ഒഎസ് (Unix OS) വികസിപ്പിക്കുന്നതിലും റിച്ചി വിജയിക്കുന്നത്. യുണീക്‌സ് ഒഎസിന്റെയും സി ലാംഗ്വേജിന്റെയും പിന്‍ഗാമികളെപ്പറ്റി അന്വേഷിച്ച് പോയാല്‍ എത്തുക, ലിനക്‌സ് (Linux), മാക് ഒഎസ് (Mac OS), ഐഒഎസ് (iOS), ആന്‍ഡ്രോയിഡ് (Android), ജാവാസ്‌ക്രിപ്ട് (JavaScript), C++ തുടങ്ങിയവയിലായിരിക്കും.
പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് 1970 കളില്‍ ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം. 'ഡെന്നിസ് റിച്ചി ഇല്ലായിരുന്നെങ്കില്‍, സ്റ്റീവ് ജോബ്‌സ് ഉണ്ടാകുമായിരുന്നില്ല'-ഒരു സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട വാക്യമാണിത്. ഇത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സപ്തംബര്‍ 9 ന് ജനിച്ച ഡെന്നിസ് മാക്അലിസ്റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ് വളര്‍ന്നത്. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിങ് സിസ്റ്റംസ് എന്‍ജിനിയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്. 1963 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് റിച്ചി ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക് അവസരം ലഭിച്ചത്. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക് 1 (Univac 1) നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്. അത് റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.
പിന്നീട് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്, അക്കാലത്ത് ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത് തോംപ്‌സണ്‍ അന്ന് ബെല്‍ ലാബ്‌സിലുണ്ട്. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.
യുണീക്‌സിന്റെ പിറവി
'മള്‍ട്ടിക്‌സ് പ്രോജക്ട്' (Multics project) പുരോഗമിക്കുന്ന വേളയിലാണ് റിച്ചി ബെല്‍ ലാബ്‌സില്‍ എത്തുന്നത്. ഒരു ഓപ്പറേറ്ററുടെ സഹായത്തോടെ വേണമായിരുന്നു അക്കാലത്ത് കമ്പ്യൂട്ടറുകളില്‍ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍. 'ബാച്ച് പ്രോസസിങ്' (batch processing) എന്നാണ് ഈ രീതി അറയിപ്പെട്ടിരുന്നത്. ബാച്ച് പ്രോസസിങ് ഒഴിവാക്കി കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം പരിഷ്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു മള്‍ട്ടിക്‌സ് പ്രോജക്ട്. പ്രോഗ്രാമര്‍ക്ക് അല്ലെങ്കില്‍ യൂസര്‍ക്ക് തന്നെ സോഫ്ട്‌വേര്‍ ഉപയോഗത്തിന്റെ പൂര്‍ണനിയന്ത്രണം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നുവെച്ചാല്‍, കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ഇന്ററാക്ടിവിറ്റി (interactivity) കൊണ്ടുവരിക.
മള്‍ട്ടിക്‌സ് പ്രവര്‍ത്തനം അധികം വൈകാതെ ബെല്‍ ലാബ്‌സ് അവസാനിപ്പിച്ചു. ഇന്ററാക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം സാധ്യമാക്കുന്ന പുതിയൊരു പ്രോഗ്രാം വികസിപ്പിക്കാന്‍ തോംപ്‌സണും റിച്ചിക്കും അത് പ്രേരണയായി. അങ്ങനെയാണ് അവര്‍ മള്‍ട്ടിക്‌സിന്റെ പിന്‍ഗാമി എന്ന നിലയ്ക്ക് യുണീക്‌സ് വികസിപ്പിക്കുന്നത്.
'ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന്‍
പിഡിപി-11' എന്നതാണ് അക്കാലത്ത് ലഭ്യമായ ഏറ്റവും കാര്യക്ഷമതയേറിയ
ചെറുകമ്പ്യൂട്ടര്‍. ബെല്‍ ലാബ്‌സില്‍ പേറ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ
ആവശ്യത്തിന് ഒരു വേഡ്-പ്രോസസിങ് പ്രോഗ്രാം തയ്യാറാക്കാനായി ആ
കമ്പ്യൂട്ടറുകളിലൊരെണ്ണം വാങ്ങാന്‍ തോംപ്‌സണും റിച്ചിയും നടത്തിയ പ്രേരണ
ഫലംകണ്ടു. പക്ഷേ, വേഡ് പ്രോഗ്രാമല്ല ഇരുവരും അതില്‍ തയ്യാറാക്കിയത്, പകരം
ആദ്യ ആധുനിക ഓപ്പറേറ്റിങ് സിസ്റ്റമായ യുണീക്‌സ് ആയിരുന്നു. 1973 ല്‍
യുണീക്‌സിന്റെ കാര്യം ബെല്‍ ലാബ്‌സ് ലോകത്തെ അറിയിച്ചു.
സി പ്രോഗ്രാമിങ് ഭാഷ
ആധുനിക കമ്പ്യൂട്ടിങ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറന്നത് 1971 ലാണ്. ഇന്റല്‍ കമ്പനി '4004 മൈക്രോപ്രൊസസര്‍' അവതരിപ്പിച്ചതായിരുന്നു അത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് 1970 കളുടെ പകുതിയോടെ അരങ്ങൊരുങ്ങി. ഹാര്‍ഡ്‌വേര്‍ രംഗം മുന്നോട്ട് കുതിക്കുന്നത്, ശരിക്കും സോഫ്ട്‌വേര്‍ രംഗത്തുള്ളവര്‍ക്കാണ് വെല്ലുവിളിയാകുന്നത്. ഓരോ വ്യത്യസ്ത ഹാര്‍ഡ്‌വേറുകളില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രാമുകള്‍ വെവ്വേറെ ചിട്ടപ്പെടുത്താന്‍ വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നിരുന്നു.
ഈ വെല്ലുവിളി നേരിടാനായി റിച്ചി രൂപപ്പെടുത്തയതാണ് സി പ്രോഗ്രാമിങ് ലാംഗ്വേജ്. വ്യത്യസ്ത ഹാര്‍ഡ്‌വേറുകളില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ളതായിരുന്നു സി ലാംഗ്വേജ്. ശരിക്കു പറഞ്ഞാല്‍, ഇന്റലിന്റെ പുതിയ മൈക്രോപ്രൊസസര്‍ പോലെ, ഇതും കമ്പ്യൂട്ടിങ് രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു.
തോംപ്‌സണും റിച്ചിയും യുണീക്‌സ് ഒഎസ് ചിട്ടപ്പെടുത്തിയത് സി ലാംഗ്വേജ് ഉപയോഗിച്ചാണ്. എവിടെയും ഉപയോഗിക്കാവുന്ന ഒരു ഒഎസും ഒരു ഭാഷയും അങ്ങനെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെ കൈകളിലെത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പന ചെയ്യുന്ന വേളയില്‍ സി പ്രോഗ്രാമിങ് ലാംഗ്വേജ് അതില്‍ ഉള്‍പ്പെടുത്തിയാല്‍, സോഫ്ട്‌വേറുകളുടെ ഒരു വിശാലലോകം തുറന്നുകിട്ടുമെന്ന സ്ഥിതിയായി. വ്യത്യസ്ത സിസ്റ്റങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ പാകത്തില്‍ പരീക്ഷണങ്ങള്‍ക്കും പ്രായോഗിക മാര്‍ഗങ്ങള്‍ക്കുമുള്ള സ്വാഭാവിക വേദിയായി യുണീക്‌സ് മാറി.
ലോകത്തെ പുനര്‍നിര്‍ണയം ചെയ്യാന്‍ പാകത്തില്‍, സാമ്പത്തിക-സാംസ്‌കാരിക ധാരകളുടെ നട്ടെല്ലായി കമ്പ്യൂട്ടിങ് പരിണമിക്കാന്‍ പശ്ചാത്തലമൊരുങ്ങിയത് യുണീക്‌സിന്റെയും സി പ്രോഗ്രാമിങ് ലാംഗ്വേജിന്റെയും ആവിര്‍ഭാവത്തോടെയാണ്. 1978 ല്‍ ബ്രിയാന്‍ കെര്‍നിഹാമുമായി സഹകരിച്ച് റിച്ചി പ്രസിദ്ധീകരിച്ച 'ദി സി പ്രോഗ്രാമിങ് ലാംഗ്വേജ്' ('കെ ആന്‍ഡ് ആര്‍' എന്നും ഇത് അറിയപ്പെടുന്നു) എന്ന ഗ്രന്ഥം ഇന്നും പ്രോഗ്രാമര്‍ക്ക് തുണയാകുന്നു.
പില്‍ക്കാലത്ത് മാനേജിങ് രംഗത്ത് പ്രവേശിച്ച റിച്ചി, 2007 ല്‍ 'ലൂസെന്റ് ടെക്‌നോളജി സിസ്റ്റംസി'ന്റെ സോഫ്ട്‌വേര്‍ റിസര്‍ച്ച് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. സാങ്കേതിക രംഗത്തെ ഒട്ടേറെ ബഹുമതികള്‍ റിച്ചിയെ തേടിയെത്തിയിട്ടുണ്ട്. 'എസിഎം ടൂറിങ് പ്രൈസ്' (1983), 'യുഎസ് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി' (1998) എന്നിവ അതില്‍ പെടുന്നു. (കടപ്പാട് : ഇസഡ് നെറ്റ്)
മാതൃഭൂമി
No comments:
Post a Comment