Monday, October 24, 2011

മാധ്യമങ്ങളും ലീഗും

വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിം ലീഗ് നടത്തുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസമൂഹത്തിന് ആശങ്കയോടെമാത്രമേ കാണാന്‍ കഴിയൂ. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ രണ്ട് മലയാളം ടിവി ചാനലുകള്‍ക്കെതിരായി നിയമനടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതൃത്വം യോഗംചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിശ്ചയിക്കുന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും. മാധ്യമങ്ങള്‍ സത്യംമാത്രം പറയുന്നവയാണ് എന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ല. സിപിഐ എം, പാര്‍ടി സംസ്ഥാന സെക്രട്ടറി, സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കള്ളപ്രചാരണത്തിന്റെ പരമ്പര വര്‍ഷങ്ങളോളം നടത്തിയ ചരിത്രം കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെങ്കിലുമുണ്ട്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും വൈയക്തികമായ വൈരനിര്യാതനബുദ്ധിയോടെയും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയതിന്റെ ചരിത്രവുമുണ്ട്. അത്യധികം പ്രകോപനപരമായി അസത്യത്തിന്റെയും അപകീര്‍ത്തിയുടെയും വേലിയേറ്റം ഇവിടെ സൃഷ്ടിച്ച ഘട്ടങ്ങളുമുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും മാധ്യമങ്ങളെ ഈ വിധത്തില്‍ നേരിടാന്‍ സിപിഐ എമ്മോ മറ്റു രാഷ്ട്രീയപാര്‍ടികളോ ഒരുമ്പെട്ടില്ല. എന്നു മാത്രമല്ല, സത്യാവസ്ഥ എന്താണെന്ന് ജനങ്ങളോടു വിശദീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരായി നീങ്ങാതിരിക്കാനുള്ള സംയമനം പുലര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്. പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തെളിവുകളുണ്ടായിട്ടുപോലും സിപിഐ എം അവര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ നീങ്ങിയില്ല. ഒരു മഞ്ഞപ്പത്രം തുടങ്ങിയിട്ട് അതിന്റെ മറവില്‍ കേസ് നടത്തിപ്പിനിറങ്ങിയ "പത്രപ്രവര്‍ത്തകര്‍" വരെയുണ്ട്. അവര്‍ക്കെതിരെയും ഒരു നടപടിക്കും പോയിട്ടില്ല. കാരണം, സത്യം ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യുമെന്ന് സിപിഐ എമ്മിനു ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം മുന്‍നിര്‍ത്തി കാത്തിരുന്നു. കാലം കടക്കെ ജനങ്ങള്‍ സത്യം തിരിച്ചറിയുകയും കള്ളപ്രചാരണങ്ങള്‍ക്കിറങ്ങിയവര്‍ക്ക് പറഞ്ഞതാവര്‍ത്തിക്കാന്‍ കഴിയാത്തവിധം യാഥാര്‍ഥ്യം പതുക്കെപ്പതുക്കെയാണെങ്കിലും അതിജീവിക്കുകയുംചെയ്തു. ഈ നിലപാട് സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടാവണം. സത്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന വിശ്വാസമുണ്ടാവണം. ആ ബോധ്യവും വിശ്വാസവുമില്ലാത്തവരാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ വ്യഗ്രതപ്പെടുന്നത്. ആ വ്യഗ്രതയാണിപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ മനോഭാവത്തില്‍ പ്രകടമാകുന്നത്. ലീഗില്‍നിന്ന് ഇത്തരം നിലപാടുണ്ടാകുന്നത് ആദ്യമല്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ വന്നതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അതിക്രൂരമായി മര്‍ദിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് ബലപ്രയോഗവും കൈയേറ്റവും നടന്നു. അക്കാലത്ത് ലീഗ് നേതാക്കളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു വാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നതായിരുന്നു. അന്നത്തെ അസഹിഷ്ണുത ഇന്ന് നിയമനടപടി എന്ന ഭീഷണിയായി പുനരവതരിച്ചിരിക്കുന്നു. ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളില്‍ , ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി മാധ്യമസ്വാതന്ത്ര്യം അപകടപ്പെടുന്നതായി ആക്ഷേപിക്കാറുള്ള പല മാധ്യമവിദഗ്ധരുടെയും പുതിയ സാഹചര്യത്തിലെ മൗനം അര്‍ഥഗര്‍ഭമാണ്. അവരില്‍ ചിലരെങ്കിലും ഇന്ന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിയമനടപടികള്‍ നീക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. സിപിഐ എം അസത്യജടിലമായ ആക്ഷേപങ്ങളും അതിന്റെ നേതാക്കള്‍ വ്യക്തിത്വഹത്യ ലക്ഷ്യമാക്കിയുള്ള അപകീര്‍ത്തികരമായ അധിക്ഷേപങ്ങളും നേരിട്ട ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ നിയമനടപടി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഇവരില്‍ ഉദിച്ചിരുന്നില്ല. ഏതായാലും, എന്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ , അവയെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍മാത്രം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നീക്കങ്ങള്‍ സ്വതന്ത്ര-ജനാധിപത്യസമൂഹത്തില്‍ ആശാസ്യമല്ല. ലീഗിന്റെ നീക്കത്തോട് യുഡിഎഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എങ്ങനെ പ്രതികരിക്കുമെന്നത് അറിയേണ്ടതുണ്ട്. ദേശാഭിമാനി മുഖപ്രസംഗം

No comments:

Post a Comment