Friday, October 21, 2011

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് - ടി വി രാജേഷ് എംഎല്‍എ

ആദരണീയനായ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടീ, ഇത്തരത്തില്‍ താങ്കള്‍ക്കൊരു കത്തെഴുതേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ , കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കളും സഹപ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ഇന്നലെ നിയമസഭയില്‍വച്ച് അങ്ങ് പറഞ്ഞുവല്ലോ ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ജീവിതത്തിലുടനീളം ഉണ്ടാവേണ്ട ഗുണം നാലക്ഷരമാണ്, അത് മനുഷ്യത്വമാണ് എന്ന്. അതുപോലെതന്നെ ഉണ്ടാകാതിരിക്കേണ്ടത് പകയാണെന്നും. ബഹുമാന്യനായ ഉമ്മന്‍ചാണ്ടീ, യഥാര്‍ഥത്തില്‍ അങ്ങ് പറഞ്ഞത് ഹൃദയത്തില്‍ തട്ടിയാണോ? അല്ല എന്ന് താങ്കള്‍ക്കും എനിക്കും കേരളത്തിലെ രാഷ്ട്രീയതിമിരം ബാധിക്കാത്ത മുഴുവനാളുകള്‍ക്കും അറിയാം. കാരണം, അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പകകൊണ്ടും മനുഷ്യത്വരാഹിത്യം കൊണ്ടും നിറഞ്ഞിരിക്കുന്നു. നാല്‍പ്പതും അതിലേറെയും വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനപരിചയമുണ്ടെന്ന് അഭിമാനിക്കുന്ന അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കേവലം നാലുമാസത്തെമാത്രം പ്രവര്‍ത്തനപരിചയമുള്ള എന്നെ തേജോവധം ചെയ്യുന്നതിന് അങ്ങ് പറഞ്ഞ മഹാസൂക്തങ്ങളൊന്നും ബാധകമായില്ല. എന്തിനാണ് ഉമ്മന്‍ചാണ്ടീ, ഈ ഹിപ്പോക്രസി? ഈ രാഷ്ട്രീയ കപടനാടകമാടി ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? അങ്ങയുടെ മകന്റെ പ്രായംമാത്രമുള്ള എനിക്കെതിരെ അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അങ്ങും മന്ത്രിസഭയിലെ കൂട്ടാളികളും പിണിയാളുകളും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ അഴിഞ്ഞാടിയപ്പോള്‍ , അവയെല്ലാം കപടമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞപ്പോള്‍ , ആര്‍ജവത്തിന്റെ ഒരു ചെറുകണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അങ്ങ് പശ്ചാത്തപിക്കുമായിരുന്നു. അതുചെയ്യാത്ത അങ്ങേയ്ക്ക് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധാര്‍മികമായ അവകാശമില്ല. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അന്യായമായ വെടിവയ്പിനെക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊടുന്നനെ പച്ചക്കള്ളം വിളിച്ചുപറഞ്ഞ് സഭാന്തരീക്ഷത്തെ വഴിതിരിച്ചുവിടുകയല്ലേ ചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന പച്ചക്കള്ളം വിളിച്ചുപറഞ്ഞ മന്ത്രിസഭാംഗത്തിന്റെ നടപടി തെറ്റാണെന്ന് പറയാനുള്ള തന്റേടം കാണിക്കാന്‍ അങ്ങേയ്ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പിന്നീട് അങ്ങയുടെ മന്ത്രിസഭയിലെ മറ്റൊരംഗമായ കെ സി ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും എംഎല്‍എ ആയ പി സി വിഷ്ണുനാഥും മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ കൈയേറ്റം അപമര്യാദ എന്ന നിലയിലേക്ക് രൂപം മാറുകയും എങ്ങനെയുള്ള അപമര്യാദ എന്ന് പി സി ജോര്‍ജ് ആംഗ്യം കാണിക്കുകയുംചെയ്തപ്പോള്‍ വ്യക്തമായ ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിയും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും അത് പിന്നീട് ഏറ്റുപാടുകയുമാണല്ലോ ചെയ്തത്. ഇത് ആരാണ് സംവിധാനംചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അങ്ങനെ പെരുമാറുന്ന ആളുകളല്ല ഞങ്ങളെന്നും ഞങ്ങളുടെ സാംസ്കാരിക ബോധവും രാഷ്ട്രീയബോധവും അത് പഠിപ്പിക്കുന്നില്ലെന്നും ഞാനും ജെയിംസ് മാത്യുവും പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ പ്രചണ്ഡമായ അപവാദപ്രചരണം നടത്താന്‍ അങ്ങയുടെ മുന്നണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞപ്പോള്‍ ഒരു കുറ്റബോധവും പ്രദര്‍ശിപ്പിക്കാതെ, പറഞ്ഞുപോയ വാക്കുകള്‍ എത്രമാത്രം വിഷമയമായിരുന്നുവെന്ന് തരിമ്പും ഖേദിക്കാതെ നിര്‍ലജ്ജം നിലകൊണ്ട അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും മനുഷ്യത്വംഎന്ന വാക്ക് ഉപയോഗിക്കാനുള്ള അവകാശമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു. ഭരണത്തിലേറിയ നാള്‍മുതല്‍ അങ്ങയുടെ സര്‍ക്കാരിന്റെ അതിരുവിട്ട നടപടികളെയും ചില തെറ്റായ നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന ഇടതുമുന്നണിയുടെ യുവജനപ്രതിനിധി എന്ന നിലയിലാണ് എന്നെ ഇരയാക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആസൂത്രണംചെയ്യപ്പെടുന്നത് എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കാന്‍ കഴിയൂ. നിരപരാധികളാണ് ഞങ്ങളെന്ന് വീഡിയോദൃശ്യങ്ങളിലൂടെ വെളിപ്പെട്ടശേഷവും സംഭവങ്ങളില്‍ നിയമസഭാ സ്പീക്കര്‍ക്ക് മുമ്പില്‍ ഖേദപ്രകടനം നടത്തിയെന്ന വ്യാജപ്രസ്താവന സഭാതലത്തില്‍ ഉണ്ടായപ്പോള്‍ , അത് എതിര്‍ക്കാതിരിക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ആര്‍ജവമില്ലായ്മയാണ്. കള്ളംപറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് സ്പീക്കര്‍ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ താങ്കളപ്പോള്‍ ഒരു പ്രമേയം വായിക്കുകയാണ്, സ്പീക്കറുടെ റൂളിങ്ങിനെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് ഞങ്ങളെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നുവെന്ന്. തിങ്കളാഴ്ച സഭയില്‍ നടന്നത് അതാണ്. മറ്റുചിലതുകൂടി നടന്നു. അങ്ങയുടെ മന്ത്രിസഭയിലെ ഒരംഗം സ്പീക്കര്‍ സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടുയര്‍ത്തി, മേശയ്ക്കുമേല്‍ കാല്‍കുത്തി, ചാടി പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ കുതിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിനെതിരെ നടപടിയില്ല, പ്രമേയമില്ല. കാരണം അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവത്രേ. ഇതാണോ സഭാതലത്തിലെ നീതി? ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കാതെ, പ്രകടിപ്പിച്ചുവെന്ന് പറയുമ്പോള്‍ , ഉടനടി തിരുത്തുന്നതിനേക്കാള്‍ കരണീയമെന്താണ്? മൂകനായി അത് സഹിച്ചിരിക്കുന്നതാണോ? ദയവുചെയ്ത് ഞങ്ങളെ അങ്ങനെ കരുതരുത് മുഖ്യമന്ത്രീ. സഭാനാഥനായ സ്പീക്കറെ ഞങ്ങളേക്കാള്‍ (അങ്ങനെ താങ്കള്‍ കരുതുന്നുണ്ടെങ്കില്‍) ഏറെ അപമാനിച്ച താങ്കളുടെ മന്ത്രിസഭാംഗത്തിനുനേരെ മറുത്തൊരക്ഷരം പറയാത്ത നീതിബോധം (!) സംശയാസ്പദമാണ്. വേട്ടയാടലുകള്‍ തുടരുകയാണ്. വാളകത്തെ സമരത്തിനുപോയി മടങ്ങുമ്പോള്‍ , ഞാന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തെ ഞാന്‍ കൈയേറ്റംചെയ്തുവെന്നാണ് അങ്ങയുടെ പൊലീസിന്റെ കണ്ടെത്തല്‍! വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തോട് ഞാന്‍ എംഎല്‍എ ആണെന്നു പറയുകയും ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തശേഷവും വണ്ടിയുടെ നമ്പര്‍ കുറിച്ചെടുക്കാന്‍ തുനിഞ്ഞതിനെക്കുറിച്ച് ചോദിച്ചതാണ് കുറ്റം. അതിന്റെ പേരില്‍ എന്നോട് മോശമായി പൊലീസ് പെരുമാറുകയുണ്ടായി. ആ വിഷയത്തില്‍ പൊലീസ് സംഘം അവിടെവച്ച് എന്നോട് തെറ്റ് സമ്മതിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തതാണ്. ഇതിനെക്കുറിച്ച് സ്പീക്കര്‍ക്ക് ഞാന്‍ നല്‍കിയ പരാതിക്കുള്ള മറുപടി സ്പീക്കറില്‍നിന്ന് എനിക്കു ലഭിക്കുന്നതിനുപകരം, അങ്ങയുടെ പ്രസ് സെക്രട്ടറി അനൗദ്യോഗികം എന്ന് രേഖപ്പെടുത്തി മാധ്യമങ്ങള്‍ക്ക് ഫാക്സ് അയക്കുന്നു. അതില്‍ വാദി പ്രതിയായിരിക്കുന്നു. ബഹുമാന്യനായ മുഖ്യമന്ത്രീ, എന്തിനുവേണ്ടിയാണ് ഈ ഗൂഢാലോചന? താങ്കളുടെ ഓഫീസില്‍നിന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തി, അപവാദപ്രചാരണം നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ , ഇന്ന് സഭയില്‍ താങ്കള്‍ ഖേദം പ്രകടിപ്പിക്കുകയും, വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയുംചെയ്തല്ലോ? ഇതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ച താങ്കളുടെ പ്രസ് സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കാനുള്ള ആര്‍ജവം അങ്ങ് കാണിക്കുമോ? പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് പറഞ്ഞ മനുഷ്യത്വം ഏറ്റവും വലിയ മൂല്യമായി കാണുന്നയാളാണ് ഞാന്‍ . പകപോക്കലിനെ അത്യന്തം വെറുക്കുകയുംചെയ്യുന്നു. പക്ഷേ, വൈരുധ്യം, ഈ മഹത്തായ കാര്യങ്ങള്‍ പ്രസംഗിക്കുന്ന അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നെ മനുഷ്യത്വരഹിതമായി പകപോക്കുന്നതിനുവേണ്ടി ലക്ഷ്യം വയ്ക്കുന്നു എന്നതാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ കരുതല്‍ധനം കറപുരളാത്ത പൊതുജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചുതരുന്നത് അതാണ്. അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഭൂഷണമാണോ എന്നുകൂടി ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ മറുപടികള്‍ കാപട്യത്തിന്റെ മുഖംമൂടിയണിയാതെ സത്യത്തിന്റെയും ധാര്‍മികതയുടെയും വെളിച്ചം നിറഞ്ഞവയായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വിശ്വസ്തതയോടെ, ടി വി രാജേഷ് എംഎല്‍എ

No comments:

Post a Comment