Sunday, October 16, 2011

വലതുകള്ളത്തരത്തിന്റെ ഫേസ്‌ബുക്ക് പതിപ്പുകള്‍


‘സദ്യസന്ധമായും സുദാര്യമായും‘ കാര്യങ്ങള്‍ നടത്തുന്നവരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായ കോണ്‍ഗ്രസുകാരും അവരുടെ സൈബര്‍ പടയാളികളും ഇന്റര്‍നെറ്റില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ ഒരെണ്ണം കൂടി പൊളിയുന്നു. പൊളിയുന്നുവെന്ന് മാത്രമല്ല അവരുടെയൊക്കെ തനിനിറം വെളിവാവുകയും ചെയ്യുന്നു.

നിര്‍മല്‍ മാധവ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നപ്പോള്‍, സമരത്തോടനുബന്ധിച്ചുണ്ടായ പോലീസ് അതിക്രമങ്ങള്‍ വലതുപക്ഷ ചാനലുകള്‍ക്ക് പോലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റാതായപ്പോള്‍ അവരിറങ്ങിയത് ചോര തുപ്പി ഓടുന്ന പോലീസുകാരന്റെ ചിത്രവുമായാണ്. അതിനു താഴെ കരളലിയിപ്പിക്കുന്ന വിലാപകാവ്യങ്ങളും..
“നമ്മുടെ വീട്ടിലും പ്രായമായ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ട് .. അച്ഛന്‍ കൊണ്ട് വരുന്ന മിട്ടായിക്ക് വേണ്ടി ഉറങ്ങാതെ മക്കളുണ്ട് .... നെഞ്ഞുരുകി കണ്ണീരോടെ ഭാര്യയുണ്ട് ... നിങ്ങളുടെ പോലെതന്നെ നമ്മുടെ രക്തവും ചുവപ്പാണ്.....!!!!!“

അതിനു താഴെ കമന്റടിക്കാര്‍ വക കുറെക്കൂടി ദീനവിലാപങ്ങള്‍..

“തുപ്പിച്ചു എന്ന് പറയാം. ഇതുപോലെ 40 എണ്ണത്തിനെയാ എസ്.എഫ്.ഐ ഗുണ്ടകള്‍ രക്തം കുടിപ്പിച്ചത്“

“കഷ്ടം ഇവരുടെ ജീവനും വിലയില്ലേ സഖാക്കളേ..“

“വിമര്‍ശനം മാത്രമാണ് തൊഴിലെങ്കില്‍ മറുപടി പറയാന്‍ വിഷമിക്കും സഖാവേ..“

കൂട്ടത്തില്‍ ചില ഞ്യായവിചാരങ്ങളും..

“പോലീസുകാരും മനുഷ്യരാണ്. അവര്‍ക്ക് നേരെ പെട്രോള്‍ ബോംബ്‌ എറിയുമ്പോള്‍ റോസാപ്പൂവ് വെച്ച ബൊക്കയായിരിക്കില്ല തിരിച്ചു കിട്ടുന്നത് എന്ന് മനസ്സിലാക്കാന്‍ വകതിരിവാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. പക്ഷെ അടി ചോദിച്ചു വാങ്ങരുത്. പോലീസുകാരന്റെ തലമണ്ട എറിഞ്ഞു പൊട്ടിക്കാന്‍ നോക്കുന്നവനെ ലാത്തി കൊണ്ടല്ല ഇരുമ്പുലക്ക കൊണ്ടാണ് അടിക്കേണ്ടത്. നാല് അടി കിട്ടിയാല്‍ പിന്നെ എറിയാന്‍ കല്ലെടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കും. ആലോചിക്കണം“

അങ്ങിനെ ഇടതുവിരോധവും നുണപ്രചരണവും ധാര്‍മ്മികരോഷവും സമാധാനപ്രിയതയും കുത്തിയൊലിക്കെയാണ് സംഗതി ചളമായത്..

2011 ജൂലൈ 11ന് അഗര്‍ത്തലയില്‍ കോണ്‍ഗ്രസുകാരുടെ ആക്രമത്തില്‍ ചോര തുപ്പി വിലപിക്കുന്ന പോലീസുകാരന്റെ ചിത്രമായിരുന്നു വലതുപക്ഷത്തിന്റെ ‘സമാധാനപ്രിയരായ’ നുണപ്രചാരകര്‍ സഖാക്കളുടെ ആക്രമത്തിന്റെ തെളിവായി അവതരിപ്പിച്ചത്. പണ്ട് എന്‍.എസ്.യുക്കാര്‍ ഡല്‍ഹിയില്‍ കല്ലെറിയുന്നതിന്റെ ഫോട്ടോയെടുത്ത് കേരളത്തില്‍ എസ്.എഫ്.ഐക്കാരുടെ ആക്രമമാക്കിയ ‘മനോരഹമായ’ ഉദാത്ത പത്രപ്രവര്‍ത്തനത്തിന്റെ സൈബര്‍ പതിപ്പുകള്‍..

ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന ചിത്രം താഴെ


അഡീഷണല്‍ എസ്.പി കമല്‍ ചക്രവര്‍ത്തി ആണ് ഇതെന്ന് താഴെയുള്ള ചിത്രം വ്യക്തമാക്കുന്നുഅഗര്‍ത്തലയില്‍ ഇവര്‍ കത്തിച്ചതും ചില്ല് പൊട്ടിച്ചതുമായ വാഹനങ്ങളുടെയും കല്ലേറിന്റെയും ഒക്കെ ഒരു നഖചിത്രം താഴെ.
കോഴിക്കോടും അഗര്‍ത്തലയും കണ്ടാല്‍ തിരിച്ചറിയാത്തവരല്ല ഈ ത്രിവര്‍ണ്ണക്കുട്ടികള്‍. അവരുടെ തലമൂത്ത നേതാക്കള്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം എഴുന്നള്ളിക്കാന്‍മടിക്കാത്തവരായിരിക്കെ, ചാ‍നലുകളില്‍ ആരെക്കുറിച്ചും എന്തും പറയാന്‍ ഉളുപ്പില്ലാത്തവരാണെന്നിരിക്കെ ഇവര്‍ക്ക് എന്ത് തന്നെ ചെയ്തുകൂടാ?

ചിത്രത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്ന Saj Eev നു അഭിനന്ദനങ്ങള്‍.

കൂട്ടിച്ചേര്‍ത്തത്..

തിരുവനന്തപുരത്ത് നടന്ന ബി.ജി.പി പ്രതിഷേധത്തിനിടയിലെ ഫോട്ടോ ഇടതുപക്ഷക്കാരന്റെതാകുന്ന മറിമായം Saj Eev ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.


ജാഗ്രത