Saturday, October 8, 2011

അടിതെറ്റുന്ന കുത്തക മുതലാളിത്ത വാഴ്ച - പി ഗോവിന്ദപ്പിള്ള



  • ലോക സമ്പത്തിെന്‍റ ഭൂരിപക്ഷവും പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അമേരിക്കയിലുമാണ്. അവയിലൊന്നാം സ്ഥാനം അമേരിക്കക്ക് തന്നെ. കൊളോണിയല്‍ കാലഘട്ടം മുതല്‍ പിന്‍ നില രാഷ്ട്രങ്ങളെ കടന്നാക്രമിച്ച് കൊള്ള നടത്തിയാണ് ഈ രാജ്യങ്ങള്‍ സമ്പന്നമായത്. സോവിയറ്റ് യൂണിയെന്‍റയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകര്‍ച്ചക്കുശേഷം സോഷ്യലിസത്തിെന്‍റ കഥ കഴിഞ്ഞുവെന്നും മുതലാളിത്തത്തിന് പുത്തനുണര്‍വിെന്‍റ ഒരു കാലം പിറന്നിരിക്കുന്നുവെന്നും മുതലാളിത്ത വൈതാളികര്‍ ഉദ്ഘോഷിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചക്കുശേഷം രണ്ട് പതിറ്റാണ്ട് തികയും മുമ്പ് ഈ മുതലാളിത്ത ഭീമ രാഷ്ട്രങ്ങള്‍ ശക്തിയാര്‍ജിക്കുകയല്ല, അടിയിളകി വീഴാന്‍ തുടങ്ങുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ ഐക്യനാടിലാണ് ഇത് തുടങ്ങിയത്. 2008ല്‍ ആരംഭിച്ച മുതലാളിത്ത സാമ്പത്തികകുഴപ്പം പരിഹരിക്കപ്പെട്ടു വരുന്നുവെന്ന തോന്നല്‍ ഉണ്ടായെങ്കിലും, അത് വീണ്ടും 2011 ആയപ്പോഴേക്കും പൊട്ടിത്തെറിയുടെ വക്കത്തേക്ക് നീങ്ങുകയാണ്. എന്ത് ചെയ്യേണ്ടുവെന്നറിയാതെ പ്രസിഡന്‍റ് ഒബാമയും കൂട്ടരും താല്‍ക്കാലിക രക്ഷാമാര്‍ഗങ്ങള്‍ ആരായുകയാണ്. ലോക മുതലാളിത്തത്തിെന്‍റ രണ്ടാം ശക്തി കേന്ദ്രമായ പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളെയും ഈ കുഴപ്പം അലട്ടുകയാണ്.

    ലണ്ടനില്‍ ആഗസ്ത് ആദ്യം നടന്ന അഭൂതപൂര്‍വമായ കലാപവും കൊള്ളയും കൊള്ളിവെയ്പും ഗ്രീസിലെ സാമ്പത്തികത്തകര്‍ച്ചയെ മുന്‍നിറുത്തിയുള്ള പ്രതിഷേധ പ്രകടനങ്ങളും ന്യൂയോര്‍ക്കില്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിനും തൊഴിലില്ലായ്മക്കുമെതിരെ നടന്ന പ്രകടനങ്ങളും - ഇവയെ "അറബ് വസന്തം" എന്ന പേരിലറിയപ്പെടുന്ന കലാപങ്ങളോടാണ് മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന വന്‍പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് എഴുന്നൂറ് പേരെയാണ് അറസ്റ്റ് ചെയ്ത് കുറ്റവിചാരണക്ക് വിധേയരാക്കിയത്. എല്ലായിടത്തും തൊഴിലില്ലായ്മ ആണ് മുഖ്യപ്രശ്നം. ജനങ്ങളുടെ പുത്തനുണര്‍വ് ഈ അടുത്തകാലം വരെ സാമ്പത്തിക വളര്‍ച്ചക്കും സമൃദ്ധിക്കും ഉള്ള എളുപ്പ വഴിയായി ഭരണാധികാരികള്‍ സ്വീകരിച്ചിരുന്ന ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നടപടികള്‍ ആകെ അവതാളത്തിലാവുകയും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയരുകയും ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളും മറ്റ് വ്യവസായങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതി സംജാതമാവുകയും ചെയ്തിരിക്കുന്നത് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഈ നയങ്ങളെ ബ്രിട്ടനിലെ ടോറികളും ഫ്രാന്‍സിലെ ഗോളിസ്റ്റുകളും യാഥാസ്ഥിതിക കക്ഷികളും മാത്രമല്ല സോഷ്യലിസ്റ്റെന്ന് സ്വയം അവകാശപ്പെടുന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയും ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ടിയും മറ്റും അംഗീകരിച്ചിരുന്നു.

    ബ്രിട്ടീഷ് ലേബര്‍ പാര്‍ടി ടോണി ബ്ലെയര്‍ എന്ന നേതാവിെന്‍റ നേതൃത്വത്തില്‍ ഇതിന് "പുതിയ ലേബര്‍ നിയമം" എന്നാണ് പേരിട്ടത്. മൂന്ന് തവണ തുടര്‍ച്ചയായി (1998-2006) ഭരിച്ച ബ്ലെയര്‍ ആഭ്യന്തരരംഗത്ത് ടോറികളുടെ നയവും വിദേശരംഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമാണ് പിന്‍തുടര്‍ന്നത്. പ്രസിഡന്‍റ് ജോര്‍ജ് ബുഷിെന്‍റ (2001-2008) കടുത്ത ആക്രമണനയങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ച്, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ബുഷ് നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടനെ പങ്കാളിയാക്കുകയാണ് അദ്ദേഹം ചെയ്തത്; ഇറാനും പലസ്തീനും എതിരെ അമേരിക്കന്‍ നീക്കങ്ങള്‍ക്ക് അരുനില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയില്‍ മാറ്റത്തിെന്‍റ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. ടോണി ബ്ലെയറുടെ "പുതിയ ലേബര്‍" നയങ്ങള്‍ക്കെതിരെ പഴയ സോഷ്യലിസ്റ്റ് നയങ്ങളിലേക്ക് പോകാനുള്ള പ്രവണത പ്രകടമായിരിക്കുകയാണ്. ഇപ്പോഴത്തെ ലേബര്‍ കക്ഷി നേതാവും പ്രതിപക്ഷ നേതാവും ആയ എഡ്മില്ലിബാന്‍റ്, കഴിഞ്ഞ ആഴ്ച ലിവര്‍പൂളില്‍ ചേര്‍ന്ന ലേബര്‍പാര്‍ടി വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം ടോണി ബ്ലെയറുടെയും പിന്‍ഗാമി ഗോര്‍ഡന്‍ ബ്രൗണിെന്‍റയും നയങ്ങളെ പൂര്‍ണമായും തിരസ്കരിക്കുന്ന ഒന്നായിരുന്നു. വീണ്ടും സാമൂഹ്യസുരക്ഷാ തൊഴിലില്ലായ്മാ പരിഹാരം എന്നിവ ഏര്‍പ്പെടുത്തുക, ധനികരുടെ നികുതി വെട്ടിച്ചുരുക്കല്‍ നടപടികള്‍ തുടങ്ങി ടോറി - പുതിയ ലേബര്‍ നയങ്ങളെ തിരസ്കരിക്കുക, വിദേശ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന കടന്നാക്രമണങ്ങളില്‍നിന്ന് പിന്‍വാങ്ങുക, ഇപ്പോള്‍ പുറത്തുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ പടിപടിയായി പിന്‍വലിക്കുക മുതലായവ മില്ലിബാന്‍റിനെ പഴയ നയങ്ങളുടെ പുനരുദ്ധാരകനാക്കി തീര്‍ത്തിരിക്കുന്നു. ഫ്രാന്‍സിലും സോഷ്യലിസ്റ്റ് മുന്നേറ്റം വലതുപക്ഷനയങ്ങളുടെ തിരസ്കാരം ഫ്രാന്‍സിലും മറ്റു ചില പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണ്. ഫ്രാന്‍സ് ഇപ്പോള്‍ ഭരിക്കുന്നത് യാഥാസ്ഥിതികനായ സര്‍ക്കോസി ആണ്. പഴയ ഗോളിസ്റ്റ് നയങ്ങളോട് അമേരിക്കന്‍ ആഗോളവല്‍ക്കരണാദി നയങ്ങളും കൂടിച്ചേര്‍ത്ത് സര്‍ക്കോസി ഭരിക്കുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ഫാസിസത്തിനെതിരെ പോരാടുകയും ഫ്രാന്‍സിലെ ഫാസിസ്റ്റ് പാവ പ്രസിഡന്‍റ് ലെവാള്‍ തുടങ്ങിയവരെ ഒറ്റപ്പെടുത്തുകയും ഒരു സ്വതന്ത്ര ഫ്രഞ്ച് സര്‍ക്കാര്‍ ലണ്ടനില്‍ സ്ഥാപിച്ച് സഖ്യകക്ഷികളുമായി യോജിച്ച് പടവെട്ടുകയും ചെയ്ത വീരപുരുഷനായി തീര്‍ന്ന യാഥാസ്ഥിതികനാണ് ചാള്‍സ് ഡിഗോള്‍ . എങ്കിലും രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്കു നയിച്ച പ്രധാനമന്ത്രി വിന്‍സ്റ്റെന്‍റ് ചര്‍ച്ചിലിനെയെന്നപോലെ ചാള്‍സ് ഡിഗോളിനെയും ഫ്രഞ്ച് ജനത അധികാരത്തില്‍നിന്ന് ഭ്രഷ്ടനാക്കി. തുടര്‍ന്ന് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും പുരോഗമന വാദികളായ ചെറിയ ഗ്രൂപ്പുകളും മാറിയും മറിഞ്ഞും സഖ്യങ്ങള്‍ ഉണ്ടാക്കി ഭരിക്കുകയാണ് ചെയ്തത്. ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ 1950കളില്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നിട്ടില്ല. ഈ അസ്ഥിരത കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ വീണ്ടും ഡിഗോളിനേയും അദ്ദേഹത്തിെന്‍റ യാഥാസ്ഥിതിക കക്ഷിയേയും അധികാരത്തിലേറ്റി.

    1958ലായിരുന്നു അത്. ഇനി ഈ അസ്ഥിരത തുടരരുത് എന്ന് കരുതി ഡിഗോള്‍ ഭരണഘടനയാകെ തിരുത്തിയെഴുതി. അതിന്‍പ്രകാരം ഒരാള്‍ പ്രസിഡന്‍റ് ആയാല്‍ അയാള്‍ക്ക് 7 വര്‍ഷം വരെ തുടര്‍ച്ചയായി ഭരിക്കാം. അയാളെ മാറ്റാന്‍ സെനറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് അധികാരമില്ല. പ്രസിഡന്‍റിെന്‍റ കീഴിലുള്ള മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയും മറ്റും ഉണ്ട് എങ്കിലും അവരുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാനും അവരെ വേണമെങ്കില്‍ പിരിച്ചുവിടാനും മന്ത്രിസഭ പുനഃസംഘടിപ്പിക്കാനും പ്രസിഡന്‍റിന് അവകാശമുണ്ട്. ഡിഗോളിെന്‍റ പുതിയ ഭരണഘടന പ്രകാരം രൂപംകൊണ്ട ഫ്രാന്‍സിനെ 5-ാം റിപ്പബ്ലിക് എന്നാണ് വിളിച്ചുവരുന്നത്. സര്‍ക്കോസിയുടെ യാഥാസ്ഥിതിക ഭരണത്തിനെതിരെ കഴിഞ്ഞ നാലു കൊല്ലക്കാലം പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോള്‍ സെനറ്റില്‍ സോഷ്യലിസ്റ്റ് പാര്‍ടിയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. ഇതിന് മുമ്പ് ഫ്രാന്‍സുവാ മിത്ത്റാങ് ഏഴുവര്‍ഷം അഞ്ചാം റിപ്പബ്ലിക്കില്‍ പ്രസിഡന്‍റായിരുന്നുവെങ്കിലും സെനറ്റില്‍ അദ്ദേഹത്തിെന്‍റ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇത് പശ്ചിമ യൂറോപ്പിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. ഇങ്ങനെ പശ്ചിമ യൂറോപ്പിലും അമേരിക്കയിലും യാഥാസ്ഥിതികരുടെ കാലിടറുകയാണ്. ഇടതുപക്ഷം അടിവെച്ച് അടിവെച്ച് മുന്നേറുമ്പോള്‍ , പ്രതീക്ഷയുടെ കാഹളം വിളികളുമായി 20 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന പുത്തന്‍ മുതലാളിത്തത്തിന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അടിതെറ്റിയാല്‍ ആനയും വീഴും, കുത്തക മുതലാളിത്ത ഗജത്തിെന്‍റ അടി തെറ്റിക്കൊണ്ടിരിക്കുകയാണ് എന്നു വ്യക്തം.

    ചിന്ത

No comments:

Post a Comment