Tuesday, October 18, 2011

ശ്രീലത-ദി ഡോഗ് ട്രെയിനര്‍ - പി.പി. ലിബീഷ് കുമാര്‍
മുന്നില്‍ ശ്രീലത. തൊട്ടരികെ കരുത്തനും ഭീമാകാരനുമായ ഒരു നായ. ശ്രീലതയുടെ ഓരോ നിര്‍ദ്ദേശങ്ങളും കൃത്യതയോടെ നായ അനുസരിക്കുന്നു. ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കുന്നു. ഓടുന്നു. പാത്രത്തിലെ ഭക്ഷണത്തില്‍ നിന്ന് അല്പം കഴിക്കുന്നു. എറിഞ്ഞ പന്ത് എടുത്ത് വരുന്നു. ഇടക്ക് ഒരു അപരിചിതനെ കണ്ടപ്പോള്‍ നായ ഗൗരവത്തിലായി...ശ്രീലത സ്‌നേഹത്തോടെ പറഞ്ഞു 'ഗോ' നായ ഡോഗ് ഹോസ്റ്റലിലെ സ്വന്തം കൂട്ടിലേക്ക്...

കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ചേലേരി മഠത്തിലെ ശ്രീലത എന്ന സര്‍ക്കാര്‍ ജീവനക്കാരിയാണ് ഈ ട്രെയിനര്‍! നായകളിലെ രാജാവെന്നറിയപ്പെടുന്ന റോട്ട് വീലറാണ് പരിശീലനത്തിന്‌ശേഷം കൂട്ടിലേക്ക് പോയ ആ ഭയങ്കരന്‍ നായ!!പുരുഷന്‍മാര്‍ പോലും ഇറങ്ങിത്തിരിക്കാത്ത ഈ മേഖലയില്‍, സ്‌നേഹത്തിന്റെ കരുത്തുമായി നായകളെ ഇണക്കി പരിപാലിക്കുന്ന കേരളത്തിലെ അപൂര്‍വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാണ് 37 കാരയായ ശ്രീലത. വിദേശിയായ റോട്ട് വീലറിനെ കൂടാതെ ലാബര്‍ട്ടര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് അടക്കമുള്ള വമ്പന്‍ മാരെയും പരിശീലിപ്പിച്ചിട്ടുണ്ട്. ശ്രീലതയുടെ വീട്ടില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഡോഗ് ഹോസ്റ്റലുമുണ്ട് എന്നത് മറ്റൊരു അപൂര്‍വതയാണ്...

ഈ സ്ത്രീക്കിത് പറ്റുമോ...?നായ പരിശീലനത്തിന് എത്തിയ ശ്രീലതയെ ആശ്ചര്യത്തോടെയാണ് എല്ലാവരും കണ്ടത്. ചുറ്റും ശൗര്യത്തോടെ നോക്കുന്ന നായകളുടെ കണ്ണിലും ഇതേ അത്ഭുതം തന്നെ!! കം എന്ന് പറഞ്ഞാല്‍ വരാത്ത വമ്പന്‍മാരെ ഒടുവില്‍ ഈ സ്ത്രീ ഒപ്പം നടത്തിച്ചു.ശ്രീലത എന്ന വനിതാ ഡോഗ് ട്രെയിനര്‍ക്ക് മുന്നില്‍ നായകളിലെ രാജാവായ റോട്ട് വീലറടക്കമുള്ളവര്‍ അനുസരണയോടെ നില്‍ക്കുന്ന കാഴ്ച പരിശീലകനു പോലും അത്ഭുതം നല്‍കി !! പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഉപയോഗിക്കുന്ന ലാബര്‍ട്ടര്‍ ഇനത്തെ പോലും തന്റെ വരുതിയില്‍ നിര്‍ത്താന്‍ ശ്രീലതക്ക് കഴിഞ്ഞു. ചെറിയ ഇംഗ്ലീഷ് വാക്കുകള്‍ക്കൊപ്പം അനുസരണയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേരളത്തിലെ അപൂര്‍വ്വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാകുകയായിരുന്നു ഇവര്‍.

നായക്കുട്ടികളെ കൊണ്ടുപോകുന്നവര്‍ പിന്നീട് ഒരു പാട് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് നായ പരിശീലനമെന്ന മോഹം ഉദിച്ചതെന്ന് ശ്രീലത പറയുന്നു. അങ്ങിനെയാണ് തിരുവനന്തപുരത്ത് എത്തുന്നത്. എറണാകുളം സ്വദേശിയായ ഷബീറിന്റെ പരിശീലന കേന്ദ്രത്തില്‍ ഇതിനായി അഞ്ച് മാസത്തോളം ചിലവഴിച്ചു. യജമാനന്റെ കൂടെ എങ്ങിനെ നടക്കണം, ശത്രുവിനോട് എങ്ങിനെ പെരുമാറണം, അതിഥികള്‍ വന്നാല്‍ പാലിക്കേണ്ട ശീലങ്ങള്‍ എന്നിവ അടക്കമുള്ള പ്രാഥമിക കാര്യങ്ങള്‍ ശ്രീലത ഇപ്പോള്‍ നായകളെ പഠിപ്പിക്കുന്നു. കടയില്‍ പോയി പത്രം വാങ്ങി വരാന്‍ പോലും കഴിവുള്ള രീതിയിലുള്ള പരിശീലനവും ഇതില്‍ പ്രധാനമാണ്. നായകളെ സ്‌നേഹത്തോടെ മാത്രമേ അനുസരിപ്പിക്കാന്‍ പറ്റൂ. ഒരു ദിവസം പരമാവധി 20 മിനുട്ട് മാത്രമേ പരിശീലനം നല്‍കാവൂ. ശീലിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാത്ത ഇവര്‍ക്ക് മുന്നില്‍ സ്‌നേഹം, ക്ഷമ എന്നിവ ആവോളം നല്‍കണം. ശ്രീലത പറയുന്നു...എങ്കില്‍ നിങ്ങളുടെ കാര്യം ഇവര്‍ നോക്കിക്കൊള്ളും!!!

നായ സ്‌നേഹം തുടങ്ങുന്നത്...

പതിനേഴ് വര്‍ഷം മുമ്പ് വീട്ടിലൊരു പൊമേറിയന്‍ നായയെ വാങ്ങിയതു മുതലാണ് ശ്രീലതയുടെ നായ സ്‌നേഹം തുടങ്ങിയത്. പപ്പി എന്നായിരുന്നു പേര്. സ്‌നേഹം നല്‍കിയാല്‍ ആത്മാര്‍ഥത തിരിച്ചു തരുമെന്ന് മനസിലാക്കിയ ശ്രീലത പിന്നീട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബര്‍ട്ടര്‍, എന്നിവയെക്കൂടെ വളര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ വിദേശിയായ റോട്ട് വീലറും ശ്രീലതയുടെ പപ്പി കെന്നലില്‍ എത്തി.

റോട്ട് വീലറടക്കമുള്ള നായ്ക്കള്‍ക്ക് താമസിക്കാന്‍ വിസ്തൃതിയുള്ള പ്രത്യേക കൂടാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ കൂട്ടില്‍ ഒന്നിലധികം നായകളെ ഇടില്ല. തറയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ തറയില്‍ പ്രത്യേക ക്ലേ ടൈല്‍സാണ് പാകിയത്. ഭക്ഷണത്തിനും വെള്ളത്തിനും വെവ്വേറെ പാത്രങ്ങളുണ്ട്. മാലിന്യങ്ങളും വിസര്‍ജ്ജങ്ങളും കളയാന്‍ പ്രത്യേക ടാങ്കും തയ്യാറാക്കിയിട്ടുണ്ട്. നായകളില്‍ പ്രത്യേക പരിചരണം വേണ്ടത് റോട്ട് വീലറിനാണെന്ന് ശ്രീലത പറയുന്നു. കാരണം നായകളില്‍ ഏറ്റവും കരുത്തനും വിശ്വസ്തനുമാണ് ഇവന്‍ എന്നതുതന്നെ! പരിസരവും കൂടും എല്ലായ്‌പ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രീലത ശ്രദ്ധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് കൂട് വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കും. വിനാഗിരിയും സോപ്പ് പൊടിയും മിശ്രിതമാക്കി ശരീരത്തില്‍ പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പച്ച വെള്ളത്തില്‍ കുളിപ്പിക്കുക. നഖം വെട്ടലും ഒപ്പം ചെയ്യും.

രാവിലെ പാലും മുത്താറിയും കാച്ചി കൊടുക്കും. ഒപ്പം മുട്ടയും കാല്‍സ്യം ടോണിക്കും മീനെണ്ണയും നല്‍കും. വൈകുന്നേരം മത്തിബിരിയാണി.കുടിക്കാന്‍ കൂട്ടില്‍ വെള്ളം നിറച്ച് വച്ചിട്ടുണ്ട്. കണ്ണൂര്‍ ഗവ.പോളിയിലെ ജീവനക്കാരിയായ ശ്രീലത അവധി ദിവസങ്ങളിലാണ് നായ്ക്കളെ പറമ്പില്‍ കൊണ്ടു വന്ന് വ്യായാമം ചെയ്യിക്കുക.

നായ്ക്കളുടെ ഇണ ചേരല്‍ മുതല്‍ പ്രസവ കാലം വരെയുള്ള സമയത്താണ് പരിചരണം ഏറെ വേണ്ടത്. ശ്രീലത പറയുന്നു. റോട്ട് വീലര്‍ ഒരു വര്‍ഷം രണ്ടു പ്രാവശ്യം പ്രസവിക്കും. ഒന്നു മുതല്‍ പന്ത്രണ്ട് വരെ കുഞ്ഞുങ്ങളുണ്ടാകും. ഇണ ചേര്‍ത്ത് കഴിഞ്ഞാല്‍ പ്രത്യേകം കൂടുകളിലാണ് ആണിനെയും പെണ്ണിനെയും കൂട്ടുക. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ 62 ദിവസത്തിനുള്ളില്‍ പ്രസവിക്കും. പ്രസവ സമയത്ത് അക്രമണ വാസന കൂടുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.ഇതിന് വേണ്ടി സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കണം. 30 ദിവസം വരെ തള്ളയുടെ കൂടെ തന്നെയാണ് കുഞ്ഞുങ്ങള്‍. ആരോഗ്യം കുറവായതിനെ പ്രത്യേകം പാലു കുടിപ്പിക്കണം. 15 ദിവസത്തിനുള്ളിലാണ് കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുക. 40 ദിവസം കഴിഞ്ഞ് വിവിധ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം. (രണ്ടു ദിവസം കഴിഞ്ഞ് വരാമെന്ന് വിചാരിച്ച് വീടു പൂട്ടി ബന്ധു വീട്ടിലേക്ക് പോയവര്‍ക്ക് അവിചാരിത കാരണങ്ങളാല്‍ വരാന്‍ സാധിക്കാതെ വന്നപ്പോ ള്‍ ആകെ വിഷമിച്ചു പോയത് വീട്ടിലെ നായയായിരുന്നു. കൂട്ടില്‍ വച്ച രണ്ടു ദിവസത്തെ ഭക്ഷണം കഴിഞ്ഞപ്പോള്‍ പിന്നെ നായക്ക് പരവേശമായി. ഒന്നും ചെയ്യാനാവാതെ കൂട്ടില്‍ തളര്‍ന്നു കിടന്ന നായയെ വളരെ പരിശ്രമത്തിനു ശേഷമാണ് വീട്ടുകാര്‍ ജീവിത ത്തിലേക്ക് തിരികെ കൊണ്ടു വന്നത്....) ഇങ്ങനെ നായയെ ഏകാന്തതയിലാക്കി പോകുന്ന വര്‍ക്ക് ഒരാശ്വാസമാണ് ശ്രീലത യുടെ ഡോഗ് ഹോസ്റ്റല്‍.

വീട്ടിലെ അന്തേവാസിയെ സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാനുള്ള ഒരു താവളം.മറ്റ് നായ്ക്കള്‍ക്കൊപ്പം ഹാപ്പിയായി എത്ര ദിവസം വേണമെങ്കിലും ഇവിടെ കഴിയാം.
വെബ് സൈറ്റ്:puppyskennels.com, ഫോണ്‍:9947086657


മാതൃഭൂമി കാര്‍ഷികം

No comments:

Post a Comment