Wednesday, October 5, 2011

ബുലൈറ്റിന്റെ മരണം - മുരളി തുമ്മാരങ്കുടി

ബുലൈറ്റിന്റെ മരണംസപ്തംബര്‍ 27ലെ മാതൃഭൂമിയിലെ വാര്‍ത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. പശ്ചിമബംഗാള്‍ സ്വദേശിയായിരുന്ന ബുലൈറ്റ് ഒറോണ്‍ എന്ന യുവാവ് പട്ടണക്കാട് റെയില്‍വേ ക്രോസിംഗിന് സമീപമുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റെ മുന്നിലെ മണിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. പ്രവാസികളുടെ മരണവും ആത്മഹത്യയും അത്രയൊരു വാര്‍ത്തയല്ല. പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച അനുഭവങ്ങള്‍ നടുക്കമുണ്ടാക്കുന്നു.

പശ്ചിമബംഗാളിലെ ജല്‍പായ് ഗുരിയില്‍ നിന്നും ചെങ്ങന്നൂരിലെ പണിസ്ഥലത്തേക്കു വരികയായിരുന്നു ഇയാള്‍. ട്രെയിനിലെ തിരക്കു കാരണം വാതില്‍ക്കല്‍ നിന്ന ബുലൈറ്റ് ട്രെയിനില്‍ നിന്നും അറിയാതെ പുറത്തേക്കു വീണു. തലയ്ക്ക് പരുക്കേറ്റ് രക്തം ഒലിപ്പിച്ച് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന ഇദ്ദേഹത്തെ ആരും സഹായിച്ചില്ലെന്നു മാത്രമല്ല വെള്ളം പോലും കൊടുക്കാതെ വാതില്‍ അടച്ചുവത്രെ. (പേടിച്ചിട്ടാകാം, ഭാഷ അറിയാത്തതുകൊണ്ടും ആവാം) അവസാനം ഈ അമ്പലത്തില്‍ എത്തിയ ഇയാളെക്കണ്ട് തെരുവുനായ്ക്കള്‍ പുറകെയെത്തി. പിന്നാലെ നാട്ടുകാരും. അന്യോന്യം സംസാരിക്കാന്‍ ഭാഷയില്ലാതിരുന്ന ഇവര്‍ തമ്മില്‍ എന്താണുണ്ടായതെന്ന് വ്യക്തമല്ല. നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇയാള്‍ അമ്പലമണിയുടെ കയറില്‍ തൂങ്ങിമരിച്ചു. ഇതായിരുന്നു വാര്‍ത്ത.

ജീവിതകാലത്തിന്റെ പകുതിയില്‍ ഏറെയായി പ്രവാസിയായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും വേണ്ടപ്പെട്ടവരും എല്ലാം ആയിരക്കണക്കിന് മൈല്‍ ദൂരെയാണ്. അവരില്‍ നിന്നും അകലെ ഏതെങ്കിലും ഒരു രാജ്യത്ത് എന്തെങ്കിലും ഒരു അപകടത്തില്‍പെട്ട് ആരും സഹായിക്കാനില്ലാതെ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാതെ തെരുവ് നായ്ക്കളാലും ഭാഷ മനസിലാക്കാനാവാത്ത നാട്ടുകാര്‍ക്കും ഇടയില്‍ രാത്രി ഒറ്റപ്പെട്ടാല്‍ എന്റെ മാനസികാവസ്ഥ എന്താകും?

ബുലൈറ്റിന്റെ മരണത്തില്‍ ഒരു വ്യക്തിയേയോ കുടുംബങ്ങളെയോ കുറ്റപ്പെടുത്താനുള്ള വസ്തുതകള്‍ ഇല്ലെങ്കിലും ഒരു സമൂഹം എന്ന നിലയില്‍ നാം മറുനാട്ടുകാരോട് എങ്ങനെ പെരുമാറുന്നു എന്നു ചിന്തിക്കാനുള്ള അവസരമാണിത്. പ്രത്യേകിച്ചും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും ഭദ്രതയുടെയും ഒരു പ്രധാന ഘടകം നാട്ടില്‍ നിന്നും പുറത്തുപോയി ജോലിചെയ്യുന്നവര്‍ അയക്കുന്ന പണം ആകുമ്പോള്‍.

കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാട്ടുകാരുടെ എണ്ണം കൂടുകയാണ്. പെരുമ്പാവൂരിലെ നൂറുകണക്കിന് തടിമില്ലുകളില്‍ ജോലിചെയ്യാന്‍ പതിനായിരക്കണക്കിന് യുവാക്കളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും (കുറച്ചൊക്കെ മറ്റുരാജ്യങ്ങളില്‍ നിന്നും) എത്തുന്നത്. പെരുമ്പാവൂരിലേക്കുള്ള ബസുകളുടെ മുമ്പില്‍ ഇപ്പോള്‍ ഹിന്ദിയിലെ ബോര്‍ഡ് സാധാരണ കാഴ്ചയാണ്. ഞായറാഴ്ചകളിലെ പെരുമ്പാവൂര്‍ പട്ടണം വെള്ളിയാഴ്ചയിലെ റൂഖി (മസ്‌കറ്റ്) പോലെയാണ്. പതിനായിരക്കണക്കിന് മറുനാട്ടുകാര്‍. മലയാളികളെ കാണാനേ ഇല്ല. (റൂഖിയില്‍ പതിനായിരക്കണക്കിന് മലയാളികളും ബംഗ്ലാദേശികളും ആണെന്നു മാത്രം വ്യത്യാസം).

പ്ലൈവുഡ് ഫാക്ടറിയില്‍ മാത്രമല്ല, നിര്‍മ്മാണരംഗത്തും മറുനാടന്‍ തൊഴിലാളികളുടെ എണ്ണം വളരെയേറെയാണ്. മറ്റു വ്യവസായങ്ങളിലും പ്രത്യേകിച്ച് കഠിനമായ ജോലിയും സുരക്ഷാക്കുറവും ഉള്ള തൊഴിലുകളില്‍ മറുനാടന്‍ ജോലിക്കാര്‍ അനവധി ആണ്. ഇതുകൊണ്ടുതന്നെ ഇടയ്ക്കിടക്ക് ഒന്നോ അതിലധികമോ മറുനാടന്‍ തൊഴിലാളികള്‍ ജോലിസ്ഥലത്ത് അപകടം മൂലം കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും നമുക്ക് പുത്തരിയല്ല. പണിസ്ഥലത്തെ അപകടങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് മലയാളികളെന്നോ മറുനാട്ടുകാരാണോ എന്നനുസരിച്ചാണ് എല്ലാവരും, ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ, അതിനോട് പ്രതികരിക്കുന്നത്. മലയാളി തൊഴിലാളി ആണ് മരിക്കുന്നതെങ്കില്‍ പണിനിര്‍ത്തിവക്കലായി, വേണ്ട നഷ്ടപരിഹാരം ആയി, ഏതു യൂണിയനില്‍ ആണെന്നു വെച്ചാല്‍ അവരുടെ വക സഹായനിധിയായി, കൂടാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു സഹായം അതുവേറെയും ആയി. പക്ഷേ മരിക്കുന്നത് മറുനാട്ടുകാരന്‍ ആണെങ്കില്‍ മൃതദേഹം കൂട്ടുകാരെ ആരെയെങ്കിലും കൂട്ടി നാട്ടിലേക്ക് അയക്കുന്നു. നിസാരമായ എന്തെങ്കിലും തുക (ഒരു ലക്ഷമോ അതില്‍ താഴെയോ) കുടുംബത്തിനു നല്‍കുന്നു. നമ്മുടെ സര്‍ക്കാര്‍ പോലും നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് രണ്ടുതട്ടില്‍ ആണെന്ന് ശ്രദ്ധിച്ചാല്‍ അറിയാം. മറുനാടുകളില്‍ മലയാളികള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ എല്ലാം നമ്മള്‍ മറുനാട്ടുകാരോട് കാണിക്കുമ്പോള്‍ ദുഖം തോന്നാറുണ്ട്.

മറുനാട്ടുകാര്‍ക്ക് കൊടുക്കേണ്ടി വരുന്ന നഷ്ടപരിഹാരം കുറവായതിന്റെ ഒരു ഫലം കൂടുതല്‍ അപകട സാദ്ധ്യതയുള്ള ജോലികളിലോ സ്ഥാപനങ്ങളിലോ അവരെതന്നെ ജോലിക്കുവെയ്ക്കുന്നു എന്നതാണ് ഇതും പ്രവാസികള്‍ക്ക് പരിചയമുള്ള കാര്യമാണ്. ചത്തുപോയാലും ചോദിക്കാന്‍ ആരുമില്ല. വലിയ ചെലവുമില്ല.

മരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മള്‍ മറുനാട്ടുകാരോട് വിവേചനം കാണിക്കുന്നത്. ഗള്‍ഫിലെ ലേബര്‍ കാമ്പുകളിലെ തിരക്ക്, ശുചിത്വമില്ലായ്മ, കഷ്ടപ്പാടുകള്‍ ഇവയെല്ലാം ടി.വി.വഴിയും അറബിക്കഥ വഴിയും നമുക്ക് പരിചയമാകുമ്പോള്‍ നമ്മുടെ ചുറ്റുമുള്ള ലേബര്‍ ക്യാമ്പിലെ ജീവിതങ്ങളെപ്പറ്റി നമുക്ക് ഒരു ബോധവുമില്ല. അടുത്തിടയ്ക്ക് ട്രെയിനില്‍ നിന്നും തള്ളിയിടപ്പെട്ട് പരിക്കേറ്റ ഒറിയ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് ഒരു രണ്ട് മുറി വീട്ടില്‍15 ഒറിയാക്കാരുമൊത്താണന്ന് വായിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഗള്‍ഫിലെ ലേബര്‍ ക്യാമ്പിലെ പോലെ ഇവിടെയും മഞ്ഞപ്പിത്തമോ, ചിക്കന്‍പോക്‌സോ മറ്റു പകര്‍ച്ച വ്യാധികളോ ഒക്കെ കൂട്ടമായിവരുന്നതില്‍ അതിശയമുണ്ടോ?

അപകടവും ജീവിതസാഹചര്യവും കഴിഞ്ഞാല്‍ മൂന്നാമത്തെ കാര്യം കുറ്റകൃത്യങ്ങളുടേതാണ്. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന മട്ടിലാണ് പലപ്പോഴും നമ്മുടെ പെരുമാറ്റം. യാത്രക്കിടയില്‍ ആരുതന്നെയായാലും മാല നഷ്ടപ്പെട്ടാല്‍ വണ്ടിയിലുള്ള നാടോടി സ്ത്രീകളുടെ വസ്ത്രം അഴിച്ചു നോക്കുന്നതിനോ, ഗര്‍ഭിണി ആണെങ്കില്‍ പോലും അവര്‍ക്കിട്ട് രണ്ടു കൊടുക്കുന്നതിനോ നമുക്ക് ഒരു മടിയുമില്ലായെന്ന് പലവട്ടം കണ്ടിട്ടുള്ളതാണ്. ഭാഷ അറിയാത്ത,ഈ നാട്ടിലെ എം.പി.യോ എം.എല്ലേയേയോ,ഒരു പഞ്ചായത്ത് മെമ്പറെപ്പോലും അറിയാത്ത ഇവര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ പരാതി പറയാനായി പോലീസ് സ്റ്റേഷനില്‍ പോകാനുള്ള ധൈര്യം ഒരിക്കലുംഉണ്ടാകാറില്ല. അഥവാ കേറിയാല്‍ തന്നെ നാട്ടുകാരോട് അനുഭാവമായ സമീപനമേ പോലീസുകാരും സ്വീകരിക്കാനിടയുള്ളു.

പല പുറംരാജ്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ ഒരു അപകടം ഉണ്ടായാല്‍ മറുവശത്ത് ഒരു നാട്ടുകാരന്‍ ആണെങ്കില്‍ കുറ്റം പ്രവാസിയുടേതാകുമെന്ന് നൂറുശതമാനം ഉറപ്പാണ്. ഇതിനെതിരെ വാദിച്ചതു കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. അറിയാത്ത ഭാഷയില്‍ നടക്കുന്ന തെളിവെടുപ്പ്, വിചാരണ, അവസാനം ഫലം മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. അതുകൊണ്ടാണ് 97 ശതമാനം പേരും കേസിനു പോകാറുമില്ല.

വന്നു താമസിക്കുന്ന മറുനാട്ടുകാരില്‍ ചീത്തയാളുകള്‍ ഇല്ല എന്ന് ഇതിന് അര്‍ത്ഥമില്ല. എല്ലാവരിലും ഉണ്ടല്ലോ നല്ലതും ചീത്തയും. കേരളത്തില്‍ സ്ത്രീ പീഡനം തൊട്ട് കൊലപാതകം വരെ നടത്തിയവര്‍ മറ്റു നാടുകളിലേക്ക് വിമാനം കയറിപ്പോകുന്നത് അപൂര്‍വ്വമല്ലല്ലോ. അതിനര്‍ത്ഥം കേരളത്തിന് പുറത്തുള്ള ബഹുഭൂരിപക്ഷം മലയാളികള്‍ കള്ളന്മാരാണെന്നോ അതോ അവരെ സഹായിക്കുന്നവര്‍ ആണെന്നോ എന്തിന് അനുഭാവികള്‍ ആണെന്നോ അല്ലല്ലോ?

ഒരു കാര്യം കൂടെ പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. പ്രവാസികള്‍ക്കിടയില്‍ ഞാന്‍ കണ്ടിട്ടുള്ള പല പ്രശ്‌നങ്ങളില്‍ ഏറ്റവും കഷ്ടമായത് അവരുടെ കുട്ടികളുടെ കാര്യമാണ്. പല കുടുംബങ്ങളിലും അവരുടെ കുട്ടികളെ സ്‌ക്കൂളില്‍ വിടാന്‍പോലും പറ്റാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ച് പിതാവിന്റെയോ മാതാവിന്റെയോ പെര്‍മിറ്റ് നഷ്ടപ്പെടുമ്പോള്‍ ചെയ്യാത്ത ഒരു കുറ്റത്തിന് അവര്‍ ശിക്ഷിക്കപ്പെടുകയും അവരുടെ ഭാവി ഇരുട്ടിലാവുകയുമാണ്.

കേരളത്തില്‍ വരുന്ന ഭൂരിഭാഗം ആളുകളും ഗള്‍ഫിലെ മലയാളികളെപ്പോലെ ഒറ്റയാന്‍മാരാണ്. എന്നാല്‍ കുടുംബങ്ങളും ഇല്ലാതില്ല. അവരിലാര്‍ക്കും തന്നെ റേഷന്‍കാര്‍ഡോ മറ്റു രേഖകളോ ഇല്ല. അതുകൊണ്ടുതന്നെ പലര്‍ക്കും സ്‌ക്കൂളുകളില്‍ പ്രവേശനം നിഷേധിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഇപ്പോള്‍ചെറിയമാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് അറിയുന്നു. അത് നല്ലതാണ്.

കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്നവരുടെ ക്ഷേമത്തിന് വകുപ്പും പദ്ധതികളുമൊക്കെ ഉള്ളതുപോലെ കേരത്തിനകത്തേക്ക് വരുന്നവര്‍ക്ക് വേണ്ടിയും വകുപ്പുകളും പദ്ധതികളും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവര്‍ക്ക് നമ്മുടെ ഭാഷ പഠിക്കാന്‍, നമ്മുടെ സംസ്‌കാരത്തെപ്പറ്റി അറിയാന്‍, നമ്മുടെയിടയില്‍ നമ്മോട് ചേര്‍ന്ന് ജീവിക്കാന്‍ പറ്റിയാല്‍ അവര്‍ക്കുംമലയാളികളാകാനുള്ള അവസരം നമ്മള്‍ ഒരുക്കി കൊടുക്കണം. ഒരു സ്ഥലത്തേക്ക് മറ്റു നാടുകളില്‍ നിന്നുള്ള ആളുകളുടെ വരവ് അവിടുത്തെ സംസ്‌കാരത്തേയും സമ്പദ് വ്യവസ്ഥയേയും പുഷ്ടിപ്പെടുത്തുമെന്നാണ് എല്ലാ പാഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മലയാളികള്‍ പുറം നാടുകളില്‍ പോവുകയും അവിടെ വളരെക്കാലം ജീവിക്കുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്നത് സാധാരണമാണല്ലോ. മറ്റുള്ള നാട്ടുകാര്‍ പ്രവാസി മലയാളികളോട് എങ്ങനെ പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നതു പോലെ നമ്മുടെ നാട്ടില്‍ വരുന്ന മറുനാടന്‍ തൊഴിലാളികളോട് നാം പെരുമാറണം.

ബുലൈറ്റിന്റെ മരണം നമുക്ക് ഒരു കളങ്കമാണ്. നമ്മുടെ സമൂഹത്തിന്റെ മുന്നില്‍ ഒരു ചോദ്യമാണ്. ഇനിയതുപോലെ ഒന്ന് സംഭവിച്ചുകൂടാ.

No comments:

Post a Comment