ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായ്ക്കാനാവാത്ത വ്യക്തിമുദ്രപതിപ്പിച്ച് വിടപറഞ്ഞ ഒരു നേതാവിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച് അനുസ്മരിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി പ്രദാനംചെയ്യുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍, അതിസമര്‍ത്ഥനായ തന്ത്രജ്ഞനും അടവുകള്‍ക്ക് രൂപം നല്‍കാന്‍ കഴിവുള്ളയാളും എന്ന നിലയില്‍, ബഹുജന നേതാവെന്നനിലയില്‍, മുഖ്യമന്ത്രിയായി സര്‍ക്കാരില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കാളിത്തത്തിലെ ആദ്യപഥികനെന്ന നിലയില്‍, സാഹിത്യവിമര്‍ശകനും തത്വചിന്തകനും എന്ന നിലയില്‍- ശ്രദ്ധേയമായ വിധത്തില്‍ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഇ എം എസ് വ്യാപരിച്ചു.
ഇന്ത്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സിദ്ധാന്തത്തിലും പ്രവര്‍ത്തനത്തിലും ഇ എം എസ് തികച്ചും തനതും ഏറ്റവും സൃഷ്ടിപരവുമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. സിദ്ധാന്തത്തെയും പ്രയോഗത്തെയും തമ്മില്‍ സംയോജിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം അനുപമനാണ്. സമൂര്‍ത്തമായ സാമൂഹിക സ്ഥിതിഗതികളെ സംബന്ധിച്ച് പഠിക്കാനും അതില്‍നിന്ന് തന്റെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ വികസിപ്പിക്കാനുമുള്ള ഇഎംഎസിന്റെ ശേഷിയില്‍നിന്നാണ് ഈ കഴിവ് ഉരുത്തിരിഞ്ഞുവന്നത്. അദ്ദേഹത്തിന്റെ ഈ സവിശേഷ കഴിവാണ് കമ്യൂണിസ്റ്റുപാര്‍ടി ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനുള്ള രൂപരേഖയ്ക്ക് അടിത്തറ പാകിയിരുന്നത്.
കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്തയാള്‍
മലബാറിലെ കാര്‍ഷിക ബന്ധങ്ങളെ സംബന്ധിച്ച് അദ്ദേഹം പഠിച്ചരീതിയില്‍ നമുക്ക് ഇത് കാണാനാവും. അതില്‍നിന്നാണ് 1940കളില്‍ സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡല്‍വിരുദ്ധ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള തന്ത്രത്തിന് അദ്ദേഹം രൂപം നല്‍കിയത്.
മലബാറിലെ കര്‍ഷകര്‍ക്കിടയില്‍ ഇ എം എസ് നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച ധാരണകളില്‍നിന്ന് അഖിലേന്ത്യാ കിസാന്‍സഭയ്ക്കും ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനത്തിനും നേട്ടമുണ്ടായിട്ടുണ്ട്. കര്‍ഷകപ്രസ്ഥാനത്തിന്റെ ഫ്യൂഡല്‍വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം സ്വാതന്ത്ര്യാനന്തരം ജനാധിപത്യവിപ്ലവത്തിന്റെ കാതലിന് രൂപംനല്‍കുന്നതിനായി മുന്നോട്ട് കൊണ്ടുപോയി. കാര്‍ഷികവിപ്ലവത്തിന്റെ ജനാധിപത്യപരമായ കടമകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടുമാത്രമെ ജനാധിപത്യ വിപ്ലവം വിജയിപ്പിക്കാനാവൂ.
ഭാഷാ ദേശീയതയെ സംബന്ധിച്ച്
പൌരാണികകാലംമുതല്‍ കോളനിവാഴ്ചക്കാലംവരെയുള്ള കേരള സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക രൂപവത്കരണത്തിന്റെ പരിണാമത്തെ സംബന്ധിച്ച് അദ്ദേഹം പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക മതനിരപേക്ഷ 'ഐക്യകേരള'ത്തെ സംബന്ധിച്ച കാഴ്ചപ്പാടിന് രൂപം നല്‍കുകയും ചെയ്തപ്പോള്‍ നാം അത് വീണ്ടും കണ്ടു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ രൂപീകരണത്തിനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് ആവശ്യമായവിധത്തില്‍ കാലഹരണപ്പെട്ട സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ കൈവെടിയുന്നതിനും കമ്യൂണിസ്റ്റുപാര്‍ടി സ്വീകരിച്ചത് ഈ സമീപനമായിരുന്നു.
ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച "കേരളത്തിലെ ദേശീയപ്രശ്നം'' എന്ന ഇ എം എസിന്റെ ഗ്രന്ഥം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്കായുള്ള ജനാധിപത്യ പോരാട്ടത്തിന്റെ അടിത്തറയായി മാറി. ഈ പോരാട്ടത്തിന് കമ്യൂണിസ്റ്റുപാര്‍ടിയാണ് രാജ്യമാസകലം നേതൃത്വം നല്‍കിയത്.
ജാതിയും വര്‍ഗവും
ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന് രൂപം നല്‍കിയതായിരുന്നു ഇ എം എസിന്റെ മറ്റൊരു പ്രധാന സംഭാവന. ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിത്തറപാകിയത് ഇ എം എസ് ആയിരുന്നു. ഏറെ അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ, പ്രത്യേകിച്ച് ദളിതരുടെ പ്രശ്നങ്ങളെയും സാമൂഹികമോചനത്തിനായുടെള്ള അവരുടെ പോരാട്ടങ്ങളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഏറ്റെടുക്കണമെന്നും അവയെ ശരിയായ ദിശയിലേക്ക് നയിക്കണമെന്നും അങ്ങനെ ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. കേരള സമൂഹത്തെ സംബന്ധിച്ച് പഠിച്ച അദ്ദേഹം ജാതിയും വര്‍ഗവും സാമ്പത്തിക ബന്ധങ്ങളും തമ്മിലുള്ള അടുത്ത പരസ്പരബന്ധം 1940കളില്‍തന്നെ ചൂണ്ടികാണിച്ചിരുന്നു. ജനാധിപത്യ-കാര്‍ഷിക വിപ്ലവത്തില്‍ ജാതിക്കെതിരായ കലാപങ്ങള്‍ക്ക് മൂര്‍ച്ഛകൂട്ടുന്നതിന്റെ നിര്‍ണായകമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍തന്നെ, വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും എല്ലാ ജാതികളിലും സമുദായങ്ങളിലുമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ഐക്യത്തിനും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സവര്‍ണജാതി മേധാവിത്വത്തിനെതിരെ താഴ്ന്നജാതിയില്‍പ്പെട്ടവരുടെ സംഘടനകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുമ്പോള്‍തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരുന്നത്.
പാര്‍ലമെന്ററി പ്രവര്‍ത്തനം സംബന്ധിച്ച കാഴ്ചപ്പാട്
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റു പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇ എം എസ് അനുപമമായ സ്ഥാനമാണ് വഹിച്ചിരുന്നത്. 1957ല്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ അദ്ദേഹത്തിന് ഭരണഘടനാപരമായ ഒരു സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചതിന്റെ നേരിട്ടുള്ള അനുഭവമുണ്ടായിരുന്നു. ഈ ഭരണഘടനാപരമായ സംവിധാനത്തില്‍ യഥാര്‍ത്ഥ ഭരണകൂട അധികാരം സംസ്ഥാന സര്‍ക്കാരിലല്ല, മറിച്ച് കേന്ദ്രസര്‍ക്കിരിലാണ് നിക്ഷിപ്തമായിട്ടുള്ളത്.
ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ 28 മാസം ദര്‍ശിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതാണ്. കുടിയാന്മാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുന്ന ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. ഇതിനെ തുടര്‍ന്നാണ് കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിച്ചത്. വസ്തുവില്‍ സ്ഥിരാവകാശം, കുറഞ്ഞ പാട്ടനിരക്ക്, പാട്ടക്കാര്‍ക്ക് ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങാനുള്ള അവകാശം, ഭൂരഹിത തൊഴിലാളികള്‍ക്ക് ഭൂമിയില്‍ കുടികിടപ്പ് അവകാശം, മിച്ചഭൂമി വിതരണം എന്നീ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരുന്നു കാര്‍ഷിക ബന്ധബില്‍.
ഭൂപരിഷ്കരണം സംബന്ധിച്ച നിയമനിര്‍മ്മാണവും വിദ്യാഭ്യാസബില്ലും ഏറെ പ്രസിദ്ധമാണ്. ഭൂപ്രഭുക്കളും പിന്തിരിപ്പന്‍ താല്‍പര്യക്കാരും ഒത്തുകൂടിയതിന്റെയും സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെയും കേന്ദ്രബിന്ദുവായി മാറിയത് ഇതായിരുന്നു. അതേസമയം തുല്യപ്രധാന്യമുള്ള നയപരമായ മറ്റൊരു തീരുമാനവും ഉണ്ടായിരുന്നു. ഇ എം എസ് മന്ത്രിസഭ അംഗീകരിച്ച പൊലീസ് നയമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതാദ്യമായി ഒരു സര്‍ക്കാര്‍ ജനാധിപത്യപരമായ ഒരു പൊലീസ് നയം അവതരിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളിലോ ഭൂപ്രഭുക്കളും കര്‍ഷകരുംതമ്മിലുള്ള തര്‍ക്കങ്ങളിലോ പൊലീസ് ഇടപെടാന്‍ പാടില്ലെന്നതായിരുന്നു ഈ നയത്തിന്റെ അന്തഃസത്ത. തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളിമാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും ഉപയോഗിക്കാനുള്ള ഉപകരണമല്ല പൊലീസ്. ഏതെങ്കിലും ഒരു വിഭാഗം നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ക്രമസമാധാനപ്രശ്നം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ മാത്രമേ പൊലീസ് ഇടപെടേണ്ടതുള്ളു.
ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ അനുഭവത്തെക്കുറിച്ച് ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. "കേരളത്തിലെ 'പരീക്ഷണം' എന്തെങ്കിലും തെളിയിക്കുന്നെങ്കില്‍ അതിതാണ്: ഭൂരിപക്ഷം ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ രൂപീകരണം ഉള്‍പ്പെടെ പാര്‍ലമെന്ററി രംഗത്തെ പോരാട്ടം വര്‍ഗസമരത്തിന്റെ ഒരു പ്രത്യേക രൂപമാണ്; പാര്‍ലമെന്ററി രംഗത്തെ പോരാട്ടത്തെ വര്‍ഗസമരത്തിന് കീഴ്പ്പെടുത്തണം; പാര്‍ലമെന്റേതര സമരങ്ങളുമായി പാര്‍ലമെന്ററി രംഗത്തെ സമരത്തെ കോര്‍ത്തിണക്കണം'' (ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പേജ് 177)
വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിലെ അടവുകള്‍
അടിയന്തിര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും ദീര്‍ഘകാല തന്ത്രവുമായി ബന്ധപ്പെട്ടും സംഭവിക്കുന്ന മാറ്റങ്ങളുടെ സത്ത മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെ ഫലമായിട്ടുണ്ടായതായിരുന്നു രാഷ്ട്രീയ അടവുകളിലെ ഇ എം എസിന്റെ പ്രാവീണ്യം. ഒരു രാഷ്ട്രീയ പ്രതിഭാസം ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെ മുന്‍കൂട്ടി കാണുന്ന കാര്യത്തില്‍ അദ്ദേഹത്തിനുപരിയായി മറ്റാരും ഉണ്ടായിരുന്നില്ല. വര്‍ഗാടിസ്ഥാനത്തില്‍ ആ രാഷ്ട്രീയ പ്രതിഭാസത്തെ വിശകലനംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടവുപരമായ ഒരു നയത്തിന്റെ അടുത്ത ഘട്ടത്തിന്് രൂപം നല്‍കുകയോ നിലവിലുള്ള അടവില്‍ മാറ്റം വരുത്തുന്നതിന് അദ്ദേഹം മുന്‍കൈയെടുക്കുകയോ ചെയ്തിരുന്നപ്പോഴെല്ലാം ഇത് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പാര്‍ടിയും അദ്ദേഹത്തിന്റെ മാറിയ ധാരണകളുമായി കുറച്ചേറെ സമയം കഴിഞ്ഞു മാത്രമെ പൊരുത്തപ്പെടാറുണ്ടായിരുന്നുള്ളൂ. 1982ല്‍ പാര്‍ടിയുടെ 11-ാം കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ച വര്‍ഗീയ വിഘടനശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന വിപത്തിനെ സംബന്ധിച്ച ധാരണയെ കേരളത്തിലെ സമൂര്‍ത്ത സാഹചര്യങ്ങളില്‍ ഇ എം എസ് പ്രയോഗത്തില്‍ വരുത്തിയത് എങ്ങനെയെന്നത് ഇതിന്റെ ഉത്തമോദാഹരണമാണ്. കേരളത്തില്‍ പാര്‍ടി പ്രയോഗത്തില്‍ വരുത്തിയിരുന്ന ഐക്യമുന്നണി രാഷ്ട്രീയത്തില്‍ അന്നും ഭാഗഭാക്കായിരുന്ന വര്‍ഗീയ പാര്‍ടികളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിന് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മുന്‍നിരയില്‍ത്തന്നെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.
വര്‍ഗീയതയുടെ പ്രശ്നത്തില്‍ ഇ എം എസ് മറ്റൊരു സുപ്രധാന സംഭാവനകൂടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയതലത്തില്‍ 1980കളുടെ രണ്ടാംപകുതിയില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്ത് അതിവേഗം വളര്‍ന്നുവന്നു. അയോദ്ധ്യയിലെ ബാബറിമസ്ജിദ് ലക്ഷ്യമാക്കി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഉദയം, ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്ക്, ഹിന്ദുത്വശക്തികളുടെ വര്‍ധിച്ചുകൊണ്ടിരുന്ന ആക്രമണാത്മകത എന്നിവയെല്ലാം മതേതര ജനാധിപത്യത്തിനുനേരെയുള്ള പുതിയ വിപത്തായി ഇ എം എസ് തിരിച്ചറിഞ്ഞു. മതേതര ചേരിയിലെ തന്റെ മറ്റേതു സമകാലികരെയുംകാള്‍ വളരെ മുമ്പേതന്നെ ഇ എം എസ് ആര്‍എസ്എസിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ കണ്ടെത്തി. സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ മൊത്തം പാരമ്പര്യത്തിനും ദിശാബോധത്തിനും തികച്ചും എതിരായതായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ നിലനിന്നിരുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാലുപതിറ്റാണ്ടിനുശേഷം വലിയതോതില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതുമായ വര്‍ഗീയ വിപത്ത്, ഇ എം എസിനെ സംബന്ധിച്ചിടത്തോളം, ബൂര്‍ഷ്വാ ഭൂപ്രഭു സംവിധാനത്തിന്റെ വര്‍ഗസ്വഭാവവുമായി ബന്ധപ്പെട്ടതായിരുന്നു. ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അതേ ശക്തികളുമായി സന്ധിചെയ്തിട്ടുള്ളതാണ് ഈ സംവിധാനം. ആയതിനാല്‍, ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ വര്‍ഗീയശക്തിയായി മാത്രമല്ല ഇ എം എസ് കണ്ടത്. മറിച്ച്, ഇന്ത്യയിലെ വലതുപക്ഷ പിന്തിരിപ്പന്മാരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അവരെ വര്‍ഗാടിസ്ഥാനത്തിലാണ് ഇ എം എസ് വിശകലനം ചെയ്തത്.
തൊഴിലാളിവര്‍ഗ ബദലിനുവേണ്ടി
ഇ എം എസ് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള മറ്റൊരു രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പങ്ക് കരുപ്പിടിപ്പിച്ചതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലാണ് അദ്ദേഹം അതിന്റെ അടിവേരുകള്‍ കണ്ടെടുത്തത്. തന്റെ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു സജീവ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം പിന്നീട് ഒരു പ്രമുഖ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനും ക്രമേണ കമ്യൂണിസ്റ്റ് നേതാവുമായി മാറുകയാണുണ്ടായത്. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ വികാസത്തിലെ ഓരോ ഘട്ടത്തിലെയും ഇടതുപക്ഷത്തിന്റെ പങ്ക് വിശദീകരിച്ചുകൊണ്ട് വളരെ ചിട്ടയായവിധത്തില്‍ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെയാകെ അനുഭവം മുന്നോട്ടുവെയ്ക്കാനാണ് ഇ എം എസ് ശ്രമിച്ചത്. 1935ല്‍ നെഹ്റു അധ്യക്ഷനായ ലഖ്നൌ സമ്മേളനം മുതല്‍ സുഭാഷ്ചന്ദ്രബോസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ത്രിപുരി സമ്മേളനംവരെ കോണ്‍ഗ്രസിനുള്ളില്‍ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ നടത്തിയ പോരാട്ടം; പുതുതായി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്ക്; ഒക്ടോബര്‍ വിപ്ലവത്തിന്റെയും പില്‍ക്കാലത്ത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും സ്വാധീനം; എഐടിയുസിയുടെയും മറ്റ് വര്‍ഗ ബഹുജന സംഘടനകളുടെയും രൂപീകരണം-ബൂര്‍ഷ്വാ മേധാവിത്വമുള്ള പ്രസ്ഥാനത്തെ നേരിട്ടുകൊണ്ട് തൊഴിലാളിവര്‍ഗ/ഇടതുപക്ഷ കൈവഴി സ്വാതന്ത്ര്യസമരത്തില്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന് ഈ സംഭവങ്ങളെയെല്ലാം കോര്‍ത്തിണക്കി യുക്തിയുക്തമായി വിശദീകരിക്കുകയാണ് അദ്ദേഹം.
സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഇടതുപക്ഷത്തിന്റെ പൈതൃകം തേടുകയും കോണ്‍ഗ്രസ് നേതൃത്വത്തിലെബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ പ്രവണതകളില്‍നിന്നും അതിനെ വേര്‍തിരിച്ച് അവതരിപ്പിക്കുകയും ചെയ്ത ഇ എം എസ് തുടര്‍ന്ന് ഭരണവര്‍ഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രപരമായ അധീശത്വത്തെ ചെറുക്കുകയെന്ന പ്രശ്നത്തിലാകെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സാമ്പത്തിക സമരങ്ങളിലൂടെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയും മാത്രം ഭരണവര്‍ഗങ്ങളുടെ അധീശത്വത്തെ ചെറുക്കാനാവില്ല. തന്റെ വിപ്ലവപ്രവര്‍ത്തനത്തിന്റെ പ്രാരംഭം മുതല്‍തന്നെ ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങളുടെയും സാംസ്കാരിക-ധൈഷണിക പ്രവര്‍ത്തനങ്ങളുടെയും പങ്കിന്റെ പ്രാധാന്യം ഇ എം എസ് അംഗീകരിച്ചിരുന്നു. മാധ്യമങ്ങളുമായും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഫലപ്രദമായ ആജീവനാന്ത ബന്ധം തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ സംബന്ധിച്ച ഈ സമഗ്രധാരണയെ പരിപോഷിപ്പിക്കുകയുണ്ടായി.
സോഷ്യലിസത്തിന്റെ സംരക്ഷണം
ഒക്ടോബര്‍ വിപ്ലവവും ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ- സോവിയറ്റ് യൂണിയന്റെ-രൂപീകണണവും സ്വാധീനിച്ച തലമുറയിലാണ് ഇ എം എസ് ഉള്‍പ്പെടുന്നത്. പില്‍ക്കാലത്ത് ചൈനീസ് വിപ്ലവവും സോഷ്യലിസ്റ്റ് ചേരിയുടെ രൂപീകരണവും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിന്റെ സാര്‍വദേശീയവീക്ഷണത്തെ സ്വാധീനിച്ചു. എന്നാല്‍, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ മാര്‍ക്സിസം-ലെനിനിസത്തോട് അടിയുറച്ചുനില്‍ക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്യൂണിസ്റ്റുപാര്‍ടിയോട് വിധേയത്വം പുലര്‍ത്തേണ്ടതില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളായിരുന്നു ഇ എം എസ്. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് സോഷ്യലിസത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അത് സോവിയറ്റ് യൂണിയന്റെ കാര്യത്തിലായാലും ചൈനയുടെ കാര്യത്തിലായാലും, സിപിഐ (എം) നേതൃത്വം - ഇ എം എസ് അതിന്റെ അവിഭാജ്യഭാഗമായിരുന്നു-സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി ഉറച്ചുനിന്നു. എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ തന്ത്രത്തിനും അടവുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എങ്ങനെ രൂപം നല്‍കണം എന്ന കാര്യത്തില്‍ ആരില്‍നിന്നും നിര്‍ദ്ദേശമോ മാര്‍ഗരേഖയോ സ്വീകരിക്കാനും സിപിഐ (എം) തയ്യാറായില്ല. ഒന്നര പതിറ്റാണ്ടോളം കാലം സിപിഐ (എം)ന്റെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ ഇന്ത്യയിലെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസം പ്രയോഗിച്ചുകൊണ്ട് ഇ എം എസ് പാര്‍ടിയെ നയിച്ചു. മറ്റു രാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായിട്ടുള്ളപ്പോള്‍തന്നെ പുറത്തുനിന്ന് സോഷ്യലിസത്തിന്റെ ഏതെങ്കിലും മാതൃകയെ അതേപടി പകര്‍ത്താനാവില്ലെന്ന ദൃഢവിശ്വാസമായിരുന്നു അദ്ദേഹം പുലര്‍ത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് കമ്യൂണിസ്റ്റു പാര്‍ടികള്‍ സിപിഐ (എം)ന് എതിരായ നിലപാട് എടുത്തപ്പോഴും പാര്‍ടിയെ വളരാന്‍ സഹായിച്ചതും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിഭാഗമായി ഉയര്‍ന്നുവരാന്‍ സിപിഐ (എം)നെ പ്രാപ്തമാക്കിയതും ഈ വീക്ഷണമാണ്.
പിന്നീട്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ അനുഭവങ്ങളിലേക്കാകെ തിരിഞ്ഞുനോക്കുകയെന്ന പ്രക്രിയക്ക് ഇ എം എസ് തുടക്കംകുറിച്ചു. ചൈനയില്‍ അവിടത്തെ കമ്യൂണിസ്റ്റുപാര്‍ടി നടപ്പാക്കിക്കൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലും പ്രയോഗത്തിലും സംഭവിച്ച പ്രമാണമാത്രവാദത്തിന്റേതും തിരുത്തല്‍വാദത്തിന്റേതുമായ പിശകുകള്‍ കൃത്യമായി കണ്ടെത്താനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു അദ്ദേഹം. അങ്ങനെ മാത്രമേ മാര്‍ക്സിസത്തെ ക്രീയാത്മകമായി പ്രയോഗിക്കാനും സോഷ്യലിസത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയൂ.
കമ്യുണിസ്റ്റ് മൂല്യങ്ങളുടെ സാക്ഷാത്കാരം
ഏറ്റവും മികച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇ എം എസ് സ്വാംശീകരിച്ചു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ധൈഷണികമായി പ്രതിഭാശാലിയായിരുന്നിട്ടും അദ്ദേഹം വിനയത്തോടെ പെരുമാറിയിരുന്നു; സര്‍വ്വവും പാര്‍ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹം തികഞ്ഞ ലളിതജീവിതം നയിച്ചു. അത്യൂന്നത നേതാവായിരുന്നിട്ടും അദ്ദേഹം അഹംഭാവത്തിന് അതീതനായിരുന്നു. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പാര്‍ടി ചര്‍ച്ചകളില്‍ എപ്പോഴും സ്വയം വിമര്‍ശനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ടി നയങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി സമാനതകളില്ലാത്തതാണ്. ദിനപത്രങ്ങളിലെ ലേഖനങ്ങളായും പ്രതിവാര പംക്തികളായും മുഖപ്രസംഗങ്ങളായും പുസ്തകങ്ങളുടെയും സാംസ്കാരിക സംഭവങ്ങളുടെയും നിരൂപണങ്ങളായും ഇത്രയേറെ എഴുതിയിട്ടുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും ഉണ്ടായിട്ടില്ല.
ഇത്തരത്തിലുള്ള പ്രബലനായ ഒരു നേതാവിനെ ലഭിച്ച ഇന്ത്യയിലെയും കേരളത്തിലെയും കമ്യുണിസ്റ്റ് പ്രസ്ഥാനം അനുഗ്രഹീതമാണ്. ഇ എം എസ് പ്രതീകവല്‍ക്കരിച്ച മൂല്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും പാര്‍ടിയുടെ പരമപ്രധാന കര്‍ത്തവ്യമാണ്.
പ്രകാശ് കാരാട്ട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈ കുനിഷ്ടുബുദ്ധി ഇല്ലായിരുന്നെങ്കില്‍ സി.പി.എം.ഇന്ന് ഇന്ത്യ ഭരിച്ചേനെ ! ബി.ജെ.പി, ലീഗ്,കേരളാകോണ്‍ഗ്രസ്സ്,ബി.എസ്.പി. തുടങ്ങിയ ജാതിമത വര്‍ഗ്ഗീയ പാര്‍ട്ടികള്‍ അണികളില്ലാതെ ആപ്പിസ് പൂട്ടിപ്പോയേനെ.
ReplyDelete