Friday, March 4, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 1

പാമൊലിന്‍ ഇടപാടില്‍ കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ചെറുതല്ല. എ-ഐ ഗ്രൂപ്പ് വൈരത്തിന്റെ മറവിലായിരുന്നു അത്. അന്നൊന്നും കരുണാകരന്‍ ഉമ്മന്‍ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴച്ചില്ല. അത് കരുണാകരന്റെ രാഷ്ട്രീയ മാന്യതയായി ആരും കരുതുന്നില്ല. രാഷ്ട്രീയ ചാണക്യനായ കരുണാകരന്‍ ആ ആയുധം കേസ് നടത്തിപ്പിന്റെ അവസാന കാലത്തേക്ക് വച്ചതായിരുന്നുവെന്ന് വ്യക്തം. ഒടുവില്‍, കരുണാകരന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ അനുയായിയായ ടിഎച്ച് മുസ്തഫ വെടിമരുന്നിന് തിരികൊളുത്തി. കരുണാകരന്‍ പറയാന്‍ ബാക്കിവച്ചത് മുസ്തഫ പറഞ്ഞു. പിന്നാലെ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവും പറഞ്ഞു.

എഐസിസി അംഗവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടി എച്ച് മുസ്തഫയും സഖറിയ മാത്യുവും പാമൊലിന്‍ കേസിലെ പ്രധാന പ്രതികളാണ്. മറ്റൊരു പ്രതിയും അന്നത്തെ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഇനി കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതായിരുന്നു നിയമവിദഗ്ധരുടെ ചര്‍ച്ച. എന്നാല്‍, മുസ്തഫയ്ക്കും സഖറിയ മാത്യുവിനും പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്. തങ്ങളെ പ്രതിയാക്കുന്നുവെങ്കില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കണം. കാരണം, പാമൊലിന്‍ ഇടപാടില്‍ തങ്ങളെപ്പോലെ ഉമ്മന്‍ചാണ്ടിക്കും കൂട്ടുത്തരവാദിത്തമുണ്ട് എന്നതുതന്നെ. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ പൊതുയോഗത്തില്‍ വിളിച്ചുപറഞ്ഞതുപോലെയല്ല രണ്ടുപേരും പറഞ്ഞത്. തങ്ങളുടെ അഭിഭാഷകര്‍ മുഖേന വിചാരണക്കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് സംഭവങ്ങളുടെ മര്‍മം അറിഞ്ഞുതന്നെയാണ്.

എന്താണ് പാമൊലിന്‍ കേസ്.

1991 നവംബര്‍ 29ന് സിവില്‍ സപ്ളൈസ് കോര്‍പറേഷനും സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയും പാമൊലിന്‍ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടു. ഈ കമ്പനിക്ക് അനുകൂലമായി കരാറില്‍ അനാവശ്യ വ്യവസ്ഥ വച്ചതു കാരണം നാലു കോടിയിലേറെ രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്ചോര്‍ന്നുവെന്ന് അക്കാണ്ടന്റ് ജനറല്‍ കണ്ടെത്തിയതോടെ അഴിമതിയുടെ ചുരുളഴിഞ്ഞു. തുടര്‍ന്ന്, അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും അതിശക്തമായ പ്രക്ഷോഭം നടന്നു. നീണ്ട നിയമയുദ്ധത്തിനും തുടക്കമായി. 1996ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി പാമൊലിന്‍ ഇറക്കുമതിയിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി. തുടര്‍ന്ന്, വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

1991 നവംബറില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. 1991 ഒക്ടോബര്‍ മുതല്‍ 92 മാര്‍ച്ച് വരെ മലേഷ്യയില്‍നിന്ന് 15,000 മെട്രിക് ട പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 2.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ടണ്ണൊന്നിന് 405 ഡോളര്‍ നിരക്കിലായിരുന്നു ഇറക്കുമതി. ഇതിലും കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ നല്‍കാമെന്ന് ഒമ്പത് കമ്പനികള്‍ സമ്മതിച്ചിരുന്നു. നളിന്‍ ട്രേഡേഴ്സ് എന്ന കമ്പനി 390 ഡോളറിന് നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, ഇതംഗീകരിക്കാതെ പവര്‍ ആന്‍ഡ് എനര്‍ജിക്ക് കരാര്‍ നല്‍കി. ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് വിദേശനാണ്യ ഇനത്തില്‍ വരുന്ന നഷ്ടം നികത്താനെന്ന പേരില്‍ 15 ശതമാനം കമീഷന്‍ നല്‍കിയും കൊള്ളയ്ക്ക് അവസരമൊരുക്കി. ഈയിനത്തില്‍ 1.62 കോടി രൂപയാണ് കമ്പനിക്ക് വഴിവിട്ട് നല്‍കിയത്. ആകെ നാലരക്കോടിയോളം രൂപയുടെ കൊള്ള.

അന്ന് ഹസ്സനും മറ്റും ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തു പറഞ്ഞില്ല. ഇപ്പോള്‍ അതും പുറത്തുവന്നു. ധനഇടപാടിലെ അവസാന വാക്ക് ധനമന്ത്രിയാണ്. ഈ വിവാദ കരാറിന് എല്ലാ സഹായവും നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ശ്രമം നടന്നത്. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന് മുസ്തഫ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു. ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ഇറക്കുമതി സംബന്ധിച്ച് തീരുമാനമെടുത്തതെന്നും അദ്ദേഹത്തെ സാക്ഷിയാക്കുകയും തന്നെ പ്രതിയാക്കുകയുംചെയ്തത് നീതിയല്ലെന്നും മുസ്തഫ വ്യക്തമാക്കി. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് കേസില്‍ നിര്‍ണായകവഴിത്തിരിവാകുന്ന ഈ വെളിപ്പെടുത്തല്‍.

പാമൊലിന്‍ ഇറക്കുമതിക്കുള്ള നിര്‍ദേശം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഉമ്മന്‍ചാണ്ടിയും അനുകൂലിച്ചു. പൊതുനന്മ കണക്കിലെടുത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്യണമെന്നായിരുന്നു അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും മുസ്തഫ നല്‍കിയ എഴു പേജുള്ള ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്തഫയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും വെളിപ്പെടുത്തല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ ആരോപണമാണെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാവില്ല. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച് ഗോദയിലിറങ്ങാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ അഴിമതികളിലൊന്നില്‍

രഘുനാഥ് ദേശാഭിമാനി 210211

No comments:

Post a Comment