Monday, March 7, 2011

തുടരുന്ന പോരാട്ടം


സ്‌ത്രീ അടിമയായിരിക്കുന്നിടത്തോളം കാലം പുരുഷന് സ്വതന്ത്രനാകാന്‍ കഴിയുമോ? 100 വര്‍ഷംമുമ്പ് പ്രശസ്‌ത ഇംഗ്ളീഷ് കവി പി ബി ഷെല്ലി ചോദിച്ചതാണിത്. ഇതോടൊപ്പം ഒരു ചോദ്യം കൂടി ചേര്‍ത്തുവയ്‌ക്കണം. ലോകജനതയുടെ ബഹുഭൂരിപക്ഷവും അടിച്ചമര്‍ത്തല്‍ നേരിടുമ്പോള്‍ സ്‌ത്രീകള്‍ക്കുമാത്രമായി സ്വാതന്ത്ര്യം നേടാനാകുമോ? പുരുഷാധിപത്യത്തിനും വര്‍ഗ ചൂഷണത്തിനുമെതിരായ സ്‌ത്രീപോരാട്ടത്തിന്റെ ഓര്‍മദിനമായ 'മാര്‍ച്ച് എട്ട്' ഒരു നൂറ്റാണ്ട് പിന്നിടുകയാണ് ഇന്ന്. ഈ രണ്ടു ചോദ്യവും ഏറ്റെടുത്തുകൊണ്ട് അവകാശപ്പോരാട്ടങ്ങളുടെ ചരിത്രമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സംഭാവന. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും നിരവധി അനുഭവം ലോകമെങ്ങുമുള്ള വനിതാ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും പങ്കുവയ്‌ക്കാനുണ്ട്.

1910ല്‍ കോപ്പന്‍ഹേഗനില്‍ ക്ളാര സെപ്‌കിന്റെയും റോസ ലക്സംബര്‍ഗിന്റെയും അലക്സാന്ത്ര കൊലാന്തയിയുടെയും നേതൃത്വത്തില്‍ സാര്‍വദേശീയ വനിതാദിനമെന്ന ആശയം പിറന്നു വീണപ്പോള്‍, അതിന് വ്യവസായികരാജ്യങ്ങളിലെ തൊഴിലാളി സ്‌ത്രീകള്‍ ഉയര്‍ത്തിയ അവകാശപ്പോരാട്ടങ്ങളുടെ പിന്‍ബലമുണ്ടായി; ഫ്രഞ്ച് വിപ്ളവംമുതല്‍ ഉയര്‍ത്തപ്പെട്ട സ്‌ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളുടെ ഊര്‍ജമുണ്ടായി. തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ സുരക്ഷിതത്വം, സേവന-വേതന അവകാശങ്ങള്‍, പൊതു സമൂഹത്തില്‍ പുരുഷനൊപ്പം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായുള്ള വോട്ടവകാശം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഒന്നാം സാര്‍വദേശീയ വനിതാ സമ്മേളനം ചര്‍ച്ചചെയ്തത്.

തൊഴിലാളിയെന്ന നിലയിലും പൌര എന്ന നിലയിലും സ്‌ത്രീകളുടെ സവിശേഷ സ്വത്വത്തെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനും സ്ഥാപിച്ചെടുക്കാനുമുള്ള സംഘടിത ശ്രമത്തിനാണ് സാര്‍വദേശീയ വനിതാ സമ്മേളനവും സാര്‍വദേശീയ വനിതാദിനമെന്ന ആശയവും തുടക്കമിട്ടത്. വനിതാദിനത്തിന്റെ ഏറ്റവും സമരാത്മകമായ രൂപം ഒന്നാംലോക മഹായുദ്ധത്തിന്റെ കാലത്ത് റഷ്യയില്‍ കണ്ടു. യുദ്ധരംഗത്തേക്ക് ബലമായി പിടിച്ചു കൊണ്ടുപോയ പുരുഷന്മാരെ തിരിച്ചുതരണമെന്നും തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തരണമെന്നും മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് സ്‌ത്രീകള്‍ നടത്തിയ പ്രകടനം സാര്‍വദേശീയ വനിതാദിനത്തിന്റെ ഉജ്വല സ്‌മരണയാണ്.

പിന്നീടുള്ള ഒരു നൂറ്റാണ്ടിനിടയില്‍ പല രാജ്യത്തും മാര്‍ച്ച് എട്ട് സമരദിനമായി മാറി. സാര്‍വദേശീയ വനിതാദിനത്തോട് ഏറ്റവും ആദരവ് കാണിച്ച് ലോകത്തിന് മാതൃകയായത് സോവിയറ്റ് യൂണിയനാണ്. സാര്‍വദേശീയ വനിതാദിനം പൊതു ഒഴിവുദിനമാക്കുന്നത് ലെനിന്റെയും അലക്സാന്ത്ര കൊലാന്തയിയുടെയും മുന്‍കൈയിലാണ്. സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ട് രണ്ടു വര്‍ഷത്തിനകംതന്നെ ഏറ്റവും മാതൃകാപരമായ കുടുംബ നിയമങ്ങള്‍ അവിടെ അംഗീകരിച്ചു. വിദ്യാഭ്യാസത്തിലും തൊഴിലിലുമെല്ലാം സ്‌ത്രീകള്‍ക്ക് തുല്യ അവസരം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിച്ചു. എന്നാല്‍, ഇതുകൊണ്ടുമാത്രം സ്‌ത്രീ-പുരുഷ തുല്യത നേടാനാകില്ലെന്നും അതിന് പഴകിയ സദാചാര സങ്കേതങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും അഴിച്ചുപണി ആവശ്യമാണെന്നുമുള്ള ലെനിന്റെ വാക്കുകളുടെ പ്രസക്തി നിലനില്‍ക്കുമ്പോള്‍ത്തന്നെ സോവിയറ്റ് യൂണിയന്റെ അനുഭവം ഒരുകാര്യം അടിവരയിടുന്നുണ്ട്. സോഷ്യലിസത്തില്‍ അടിയുറച്ച ഒരു ഭരണസംവിധാനത്തിന് സ്‌ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തിയാകാനും ചൂഷണവിമുക്തമായ ഉല്‍പ്പാദനവ്യവസ്ഥയില്‍ പുരുഷനെപ്പോലെ തൊഴിലെടുക്കാനും സമൂഹത്തില്‍ ഇടപെടാനും സ്‌ത്രീകള്‍ക്ക് കഴിയും.

സ്‌ത്രീകളുടെ പിന്നാക്കാവസ്ഥ ഒരുêസാമൂഹ്യ നിര്‍മിതിയാണെന്നും അത് രാഷ്‌ട്രീയ ഇച്ഛാശക്തിയാക്കി മാറ്റാമെന്നുമാണ് സോവിയറ്റ് യൂണിയന്‍ നല്‍കിയ ചരിത്രപാഠം. സ്‌ത്രീകളുടെ പൌരാവകാശങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്കുംവേണ്ടി സമരം ചെയ്യാനും അവ നേടിയെടുക്കാനും മുതലാളിത്ത രാജ്യങ്ങളിലെ സ്‌ത്രീകള്‍ക്ക് ആവേശം നല്‍കുകയെന്ന ചരിത്രദൌത്യം നിര്‍വഹിച്ചത് സോവിയറ്റ് യൂണിയനാണ്. ഇന്ന്ìക്യൂബയും ചൈനയും വിയറ്റ്നാമും ആ ദൌത്യം തുടരുകയാണ്.

20-ാം നൂറ്റാണ്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ പോരാട്ടങ്ങളിലെ സ്‌ത്രീസാന്നിധ്യം അഭിമാനകരമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ സ്‌ത്രീകളുടെ പൌരാവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര സംവിധാനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള വേദികളായും പ്രവര്‍ത്തിക്കുന്നു. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയിലെ സ്‌ത്രീകളുടെ പങ്ക് നിര്‍ണായകമായി മാറുന്നതാണ് 20-ാം നൂറ്റാണ്ടില്‍ കണ്ടത്. വിദ്യാഭ്യാസരംഗത്ത് സ്‌ത്രീകള്‍ക്കുണ്ടായ നേട്ടം അതുവരെയില്ലാത്ത നിരവധി തൊഴില്‍മേഖലകളിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഈ നൂറുവര്‍ഷം സ്‌ത്രീപോരാട്ടങ്ങളുടെ വിജയാഘോഷത്തിന്റെ വേളയാകേണ്ടതാണ്. എന്നാല്‍, 2011ലെ സാര്‍വദേശീയ വനിതാദിനവും ആശങ്കയും ആകുലതയുംകൊണ്ട് മൂടിക്കെട്ടിയിരിക്കുന്നു. ഐക്യരാഷ്‌ട്രസഭ ഓരോ വര്‍ഷവും പുറത്തിറക്കുന്ന മാനവ വികസന റിപ്പോര്‍ട്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസമത്വങ്ങളുടെ കണക്കും കഥയുമാണ് പറഞ്ഞുതരുന്നത്. രാജ്യങ്ങള്‍ക്കിടയില്‍, മനുഷ്യര്‍ക്കിടയില്‍, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍, നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസമത്വം നാടകീയമായി കാണിച്ചുതരുന്ന റിപ്പോര്‍ട്ടുകളാണിവ.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകര്‍ന്ന സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി മുതലാളിത്ത വികസനപാതയ്‌ക്കൊപ്പം ക്ഷേമരാഷ്‌ട്ര സമീപനംകൂടി സ്വീകരിച്ച നിരവധി രാജ്യങ്ങളുണ്ട്. മനുഷ്യ വികസനസൂചികകളുടെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന അത്തരം വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ പിന്നോട്ടടിയാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ സോഷ്യലിസ്‌റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്‌റ്റ് ഭരണത്തകര്‍ച്ച പ്രതിരോധത്തിന്റെയും ബദലുകളുടെയും പ്രതീക്ഷകളെത്തന്നെ ദുര്‍ബലമാക്കി. എണ്ണയും പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കൈയടക്കാനുള്ള ആഗോള കുത്തകകളുടെയും അമേരിക്കയടക്കമുള്ള വന്‍കിട സമ്പദ്‌വ്യവസ്ഥകളുടെയും ദുരാര്‍ത്തിയില്‍ നിരവധി രാജ്യങ്ങളുടെ രാഷ്‌ട്രീയ- സാമ്പത്തിക- സാമൂഹ്യ സമനില തകര്‍ന്നതുമാണ് കഴിഞ്ഞ മൂന്ന്- നാല് പതിറ്റാണ്ടിന്റെ അനുഭവം.

സ്‌ത്രീകള്‍,æകുഞ്ഞുങ്ങള്‍, ദരിദ്രര്‍, സാമൂഹ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കുമേലാണ് ദുരന്തം ആഞ്ഞടിച്ചിരിക്കുന്നത്. ലോകത്തെ ദരിദ്രരില്‍ 70 ശതമാനവും സ്‌ത്രീകളും കുഞ്ഞുങ്ങളുമാണെന്നും കടുത്ത പട്ടിണി മരണങ്ങളെയാണ് അവര്‍ കാത്തിരിക്കുന്നതെന്നും ഓരോ അന്വേഷണവും നമ്മെ ഓര്‍മിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും കടുത്ത വരള്‍ച്ചയും സ്‌ത്രീകളുടെ ജീവിതഭാരമാണ് വര്‍ധിപ്പിക്കുന്നത്. ആസുരമായ സാമ്രാജ്യത്വ കൈയേറ്റത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇവ അടിവരയിടുന്നു.

കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളിലായി അറബ് രാഷ്‌ട്രങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള ജനകീയ കലാപങ്ങള്‍ കേവല മനുഷ്യാവകാശങ്ങള്‍ക്കായുള്ള മുറവിളികളും ജനാധിപത്യത്തിനായുള്ള പോരാട്ടവും മാത്രമായി കാണാനാകില്ല. തകര്‍ന്ന സമ്പദ് വ്യവസ്ഥയുടെയും അതിന്റെ ഫലമായി നഷ്‌ടപ്പെടുന്ന തൊഴില്‍സുരക്ഷിതത്വത്തിന്റെയും തകര്‍ന്ന ജീവിത നിലവാരത്തിന്റെയും പ്രതിഫലനംകൂടിയായി ഈ ജനകീയ മുന്നേറ്റങ്ങളെ കാണണം. ഈജിപ്തിലെയും ടുണീഷ്യയിലെയും പ്രതിഷേധറാലികളില്‍ സ്‌ത്രീകള്‍ നിര്‍ണായക സാന്നിധ്യമായി എന്നത് ഏകാധിപത്യത്തിനും ചൂഷണത്തിനും എതിരെ യാഥാസ്ഥിതിക സമൂഹത്തില്‍നിന്നുയര്‍ന്ന സ്‌ത്രീപോരാട്ടത്തിന്റെ സന്ദേശം എന്ന നിലയില്‍ ആവേശം പകരുന്നതാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന തൊഴില്‍പോരാട്ടങ്ങളില്‍ സ്‌ത്രീകള്‍ മുഖ്യകണ്ണികളായി ചേര്‍ന്നിട്ടുണ്ട്. 100 വര്‍ഷം മുമ്പ് എട്ടു മണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമാണ് സ്‌ത്രീകള്‍ ഉയര്‍ത്തിയതെങ്കില്‍ ഇന്ന് തൊഴിലും കൂലിയും സംരക്ഷിക്കുക എന്ന അടിസ്ഥാന മുദ്രാവക്യത്തിലേക്ക് മടങ്ങേണ്ടി വന്നിരിക്കുന്നു.

സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് രണ്ടു മുഖമുണ്ട്, ഒന്ന്: പോരട്ടങ്ങളിലൂടെയും ജനാധിപത്യഭരണകൂടങ്ങളുടെ ഇടപെടലുകളിലൂടെയും നേടാന്‍കഴിഞ്ഞ പരിമിതമായ അവകാശങ്ങളെങ്കിലും നിലനിര്‍ത്താനുള്ള പ്രതിരോധസമരം; രണ്ട്: ഇനിയും നേടാനാകാത്ത ലിംഗനീതിയും ലിംഗതുല്യതയ്‌ക്കുമായുള്ള പോരാട്ടം. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ഈ പോരാട്ടം കടുത്തതും സങ്കീര്‍ണവുമാണ്. ദാരിദ്ര്യത്തെ രൂക്ഷമാക്കുന്ന ഭരണകൂടനയങ്ങള്‍ക്കും സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തെ നിര്‍ണയിക്കുന്ന ഫ്യൂഡല്‍ മേധാവിത്വ അധികാരബന്ധങ്ങള്‍ക്കും സ്‌ത്രീകളുടെ മാനസിക- ശാരീരിക അവസ്ഥകളെ നിയന്ത്രിക്കുന്ന ആണ്‍കോയ്‌മാ മൂല്യങ്ങള്‍ക്കുമെതിരെ ഒരേസമയം സമരംചെയ്യുകയെന്ന ഉത്തരവാദിത്തമാണ് ഇന്ത്യയില്‍ വനിതാവിമോചനപ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്. ഈ പോരാട്ടത്തിന്റെ æകുന്തമുന സാമ്രാജ്യത്വ കൈയേറ്റങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഭരണകൂടത്തിനെതിരെതന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 60 ദശകം പിന്നിട്ട ഒരു ജനാധിപത്യവ്യവസ്ഥയില്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ 20 രൂപയില്‍താഴെ വരുമാനംകൊണ്ടാണ് ജീവിക്കുന്നത്.

ആകര്‍ഷകങ്ങളായ പേരുകളും പ്രയോഗങ്ങളും കൊണ്ട് ദരിദ്രരുടെ പ്രശ്‌നങ്ങളെ ലളിതവല്‍ക്കരിക്കുകയും അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം തടയുക, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, വനിതാസംവരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലക്ഷക്കണക്കിനു സ്‌ത്രീകള്‍ ഇന്ന് രാജ്യത്തിന്റെ നാനാഗഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ മുന്നിലേക്ക് പ്രതിഷേധറാലി നടത്തുകയാണ്. ഒന്നര ദശകമായി ഇന്ത്യയിലെ സ്‌ത്രീകള്‍ ആവശ്യപ്പെടുന്ന വനിതാസംവരണ ബില്‍ രാജ്യസഭ അംഗീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ലോക് സഭയില്‍ അത് അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിപോലും കേന്ദ്രസര്‍ക്കാരിനില്ല.

സമകാലിക സ്‌ത്രീജീവിതപ്രതിസന്ധിക്കും വെല്ലുവിളികള്‍ക്കും എതിരെ ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വനിതാപ്രസ്ഥാനമാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍. 2011ലെ വനിതാദിനം കേന്ദ്രസര്‍ക്കാരിന്റെ സ്‌ത്രീപീഡന- ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് അസോസിയേഷന്‍ ആചരിക്കുന്നത്.

സാര്‍വദേശീയ വനിതാദിനത്തിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അത് നല്‍കുന്നത് വരാന്‍ പോകുന്ന കാലത്തെ പോരാട്ടങ്ങള്‍ക്കായി കൂടുതല്‍ സജ്ജരാകേണ്ടതിന്റെ ഓര്‍മപ്പെടുത്തലാണ്. സ്‌ത്രീയും പുരുഷനും സ്വതന്ത്രരാകുന്നതിനുള്ള വിമോചനപോരാട്ടത്തിന്റെ കടുത്ത ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ജാഗ്രതപ്പെടുത്തല്‍ കൂടിയാണിത്.


*****

ഡോ. ടി എന്‍ സീമ. കടപ്പാട് : ദേശാഭിമാനി മാര്‍ച്ച് 8, 2011

വര്‍ക്കേഴ്സ് ഫോറം 

No comments:

Post a Comment