Thursday, March 10, 2011

തെരഞ്ഞെടുപ്പ് കമീഷനും സമ്മതിച്ചു : ഭദ്രം ക്രമസമാധാനം





തിരു: ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനപാലനത്തിന് കേന്ദ്രതെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയ അംഗീകാരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ നടമാടിയ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ അതിക്രമങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടത്തിലായി നടത്താന്‍ തെരഞ്ഞെടുപ്പു കമീഷനെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ഏപ്രില്‍ 22, 29, മെയ് 3 എന്നീ തീയതികളിലായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കേരളത്തിന്റെ സ്വൈരം വീണ്ടെടുത്തുവെന്നാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഏപ്രില്‍ 13 എന്ന ഒറ്റദിവസം മതിയെന്ന തീരുമാനത്തിലൂടെ കമീഷന്‍ സമ്മതിക്കുന്നത്.
ക്രമസമാധാനപാലനത്തിന് രാജ്യത്തെ മികച്ച സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിന് മറ്റൊരു അംഗീകാരം കൂടിയാവുകയാണ് ഈ തീരുമാനം. മാവോയിസ്റ്-തൃണമൂല്‍ അതിക്രമങ്ങള്‍ രൂക്ഷമായതിനാല്‍ പശ്ചിമ ബംഗാളില്‍ ആറുഘട്ടമായി തെരഞ്ഞെടുപ്പ് നടത്തേണ്ട സ്ഥിതിയാണ്. വര്‍ഗീയ അസ്വാരസ്യങ്ങളൊന്നുമില്ലാതെയാണ് അഞ്ചുവര്‍ഷം കടന്നുപോയത്. കലാപശ്രമങ്ങളെയെല്ലാം ജാഗ്രതയോടെ നേരിട്ടു. യുഡിഎഫ് ഭരണകാലത്ത് പതിനൊന്നുപേര്‍ കൊല്ലപ്പെടാനും മനസ്സുകളെ ആഴത്തില്‍ മുറിവേല്‍പ്പിക്കാനും ഇടയാക്കിയ മാറാട് കലാപം പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുത്തു. ഒപ്പം അകന്നുപോയ മനുഷ്യരെ കൂട്ടിച്ചേര്‍ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയുംചെയ്തു. പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആഭ്യന്തരവകുപ്പ് നടപ്പാക്കിയ സ്പര്‍ശം എന്ന പദ്ധതി മാറാടിന് സാന്ത്വനസ്പര്‍ശമായി. യുഡിഎഫ് കാലത്ത് നടന്ന തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനും കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാനും കേരളം കാണിച്ച ജാഗ്രതയും ശ്രദ്ധേയമാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ മുസ്ളിം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടക്കുമ്പോള്‍ കേരളത്തില്‍ അഞ്ചുവര്‍ഷകാലയളവില്‍ അത്തരം ഒരു സംഭവം പോലുമുണ്ടായില്ല. യുഡിഎഫ് ഭരണകാലത്ത് ഒളവണ്ണയിലെ കന്യാസ്ത്രീകളും തൃക്കുന്നത്ത് സെമിനാരിയിലെ പുരോഹിതന്മാരും വര്‍ഗീയവാദികളുടെയും പൊലീസിന്റെയും ആക്രമണത്തിനിരയാവുന്ന ദൃശ്യങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. തിരുവോണദിവസം തൃശൂരില്‍ ഒരു വൃദ്ധനായ വൈദികന്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെടുന്നതിനും യുഡിഎഫ് ഭരണകാലം സാക്ഷിയായിരുന്നു. ഗുണ്ടാ നിയമം വഴി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ കര്‍ക്കശമായ നടപടിയെടുത്തതും സംസ്ഥാനത്ത് സ്വൈരജീവിതം ഉറപ്പാക്കാന്‍ സഹായകമായി. പൊലീസുകാര്‍ ഗുണ്ടകളുടെ സംരക്ഷകരായി മാറിയ അവസ്ഥയും പാടേ മാറി. ഡിവൈഎസ്പി തന്നെ കിരാതമായ കൊലക്കേസില്‍ പ്രതിയാവുന്ന സംഭവത്തിന് മുന്‍ഭരണം സാക്ഷിയായിരുന്നു. എന്നാല്‍, ഇന്ന് പൊലീസ് ജനങ്ങളുടെ ഉറ്റമിത്രമായിരിക്കുന്നു. ഈ സമാധാനാന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനുള്ള പ്രതിപക്ഷ ശ്രമമാണ് നാദാപുരത്ത് കണ്ടത്. നരിക്കാട്ടേരിയില്‍ അഞ്ച് മുസ്ളിം ലീഗ് പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിലൂടെ വെളിച്ചത്തായത് നാട്ടിലാകെ കലാപം വിതയ്ക്കാനുള്ള ലീഗ് തന്ത്രമാണ്. എന്‍ഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുന്ന യുഡിഎഫിന്റെ നീക്കമാണ് നാദാപുരം സ്ഫോടനത്തിലൂടെ നാടറിഞ്ഞത്.
Photo credit: The Hindu online

എല്‍ ഡി എഫിന്റെ സൈറ്റ്

No comments:

Post a Comment