ഇന്ത്യയെ പരാമർശിക്കുന്നതോ സംബന്ധിക്കുന്നതോ ആയ 5100 എംബസ്സി കേബിളുകളാണ് ദ് ഹിന്ദു പത്രത്തിനു ലഭിച്ചിരിക്കുന്നത്. ആദ്യദിനമായ മാർച്ച് 15നു ഇന്ത്യാ-ഇറാൻ വാതക പൈപ്പ് ലൈൻ വിഷയം, ഇസ്രയേലിന്റെ ഗാസാ ആക്രമണം, പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ എന്നിവയുടെ രേഖകളാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിൽ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അട്ടിമറിക്കാനും ഇന്ത്യയുടെ വിദേശനയത്തെ പൂർണമായും വലതുപക്ഷത്തേയ്ക്ക് വലിക്കാനും അമേരിക്ക നടത്തിയ ചരടുവലികളെ കുറിച്ചുള്ള കേബിളുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വരും ദിവസങ്ങളിൽ കാരണമാകും.
മണിശങ്കർ അയ്യർ “കലഹപ്രിയനും ഇറാൻ പൈപ്പ് ലൈൻ വക്കീലും” എന്ന് മുൾഫോഡ്
ഒന്നാം യു.പി.ഏ സർക്കാരിന്റെ പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കർ അയ്യരെ 2006ൽ മാറ്റി പകരം അവിടെ “അമേരിക്കൻ-പക്ഷപാതി”യായ മുരളി ദിയോറയെ അവരോധിച്ചത് ഇന്ത്യാ-അമേരിക്കാ ബന്ധം ത്വരിതപ്പെടുത്താനാണെന്ന് മറയില്ലാത്തവിധം വിക്കിലീക്സ് കേബിൾ വ്യക്തമാക്കുന്നു. അമേരിക്കൻ അംബാസിഡർ ഡേവിഡ് മുൾഫോഡ് മണിശങ്കർ അയ്യറെ കേബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് “കലഹശീലനും വെട്ടിത്തുറന്നു സംസാരിക്കുന്നവനുമായ ഇറാൻ പൈപ്‌ലൈൻ അഡ്വക്കേറ്റ്” എന്നാണ്. ദീർഘകാലമായി ഇന്ത്യ-അമേരിക്ക നയതന്ത്ര പങ്കാളിത്തത്തെ തുറന്ന് അനുകൂലിച്ച പാർലമെന്റ് അംഗങ്ങളെയാണ് പുനഃസംഘടനയ്ക്ക് ശേഷം ഉന്നത ഭരണതലത്തിൽ നിയോഗിച്ചിരിക്കുന്നതെന്നും ഈ സ്ഥാനമാറ്റങ്ങൾ ഇന്ത്യയിലെയും ഇറാനിലെയും അമേരിക്കൻ താല്പര്യങ്ങൾക്ക് ഏറ്റവും അനുഗുണമാണെന്ന് കേബിൾ തുടരുന്നു. ഇങ്ങനെ അമേരിക്കൻ പക്ഷപാതികളെന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നവരിൽ കപിൽ സിബൽ, സഫുദ്ദീൻ സോസ്, അശ്വിനികുമാർ, ആനന്ദ് ശർമ്മ എന്നിവരാണുള്ളത്.
പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദർശനവും കോൺഗ്രസിനു നേരിടേണ്ട കേരള, ബംഗാൾ ഇലക്ഷനുകളും കഴിയും വരെ കൂടുതൽ വിദേശനയ “അലയൊലികൾ” ഉണ്ടാകാതിരിക്കുന്നതിനായി പ്രധാനമന്ത്രി സിംഗ് തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുമെന്നും മുൾഫോഡ് കേബിളിൽ പറയുന്നുണ്ട്.
ഒന്നാം യു.പി.ഏ സർക്കാർ കടുത്ത വലതുപക്ഷച്ചായ്‌വ് പ്രകടിപ്പിച്ചുതുടങ്ങുന്നത് ഈ കാലം മുതൽക്കാണെന്ന് ദ് ഹിന്ദു പത്രം എഴുതുന്നു. വിദേശനയത്തിലെ ഈ ചായ്‌വുതുടങ്ങി രണ്ട് വർഷത്തിനുശേഷം ഇന്തോ-അമേരിക്കൻ ആണവകരാറിലൂടെ ഇടതു-വലത് വേർപിരിയൽ അതിന്റെ സ്വാഭാവിക പരിണതിയിലെത്തുകയായിരുന്നു.ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം ഒരു “പൊതു ഉപഭോഗത്തിനുള്ളതും, മുസ്ലീങ്ങളെയും ചേരിചേരാ പ്രസ്ഥാനങ്ങളെയും സുഖിപ്പിക്കാനുള്ളതും ആണ്” എന്ന് 2009 മാർച്ച് 9ലെ ഒരു കേബിളിൽ പറയുന്നത് ഇതുമായി ചേർത്തു വായിക്കാം.
പ്രധാനമന്ത്രിയുടെ ഓഫിസിൽ “കേരള മാഫിയ”
ദ് ഹിന്ദു പത്രം പുറത്തുവിട്ട വിശദാംശങ്ങളിൽ കേരളത്തെ സംബന്ധിക്കുന്ന ചില പരാമർശങ്ങൾ ശ്രദ്ധയർഹിക്കുന്നു. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ് ഹമാസിനെ പിന്തുണച്ചു പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ കേരള മുസ്ലീം ലീഗ് പാർട്ടിയുടെ നേതാവെന്ന നിലയ്ക്കുള്ള പ്രസ്താവനകൾ മാത്രമാണെന്നും അത് ഇന്ത്യയുടെ ഔദ്യോഗിക നയമായി കാണേണ്ടതില്ലെന്നും ഒരു കേബിളിൽ പറയുന്നുണ്ട്.
മറ്റൊരിടത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ എം.കെ നാരായണനും പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ഏ നായരും ചേരുന്ന ഒരു കേരള ‘മാഫിയ’ പ്രധാനമന്ത്രിയുടെ ഓഫിസിൽ രൂപം കൊള്ളുന്നുവെന്നു 2005ൽ അമേരിക്കൻ എംബസിയിൽ നിന്നയച്ച ഒരു കേബിളിൽ പറയുന്നു. പൊതുവേ ഉത്തരേന്ത്യൻ ഹിന്ദിക്കാർ നിറഞ്ഞ ഉദ്യോഗസ്ഥ വൃത്തത്തിൽ ഇതൊരു അസാധാരണത്വമാണെന്നും കേബിൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്കു ചുറ്റും ഈ ‘കേരള വലയം’ ഭാവിയിൽ പുതിയ ചില ‘വിള്ളലുകൾ’ തീർത്തേയ്ക്കാം എന്നും കേബിൾ ആശങ്കപ്പെടുന്നു. അമേരിക്ക എത്രമാത്രം സൂക്ഷ്മമായാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഭാഷാ പ്രവിശ്യകളെയും നിരീക്ഷിക്കുന്നതെന്ന് ഇതിൽ നിന്ന് ചില സൂചനകൾ ലഭിക്കും.
ഇസ്രയേലിനെ അപലപിക്കുന്നത് വെറും “ചടങ്ങ് ”
ഗാസാ ആക്രമണത്തിൽ ഇസ്രയേലിനെ ഇന്ത്യ ‘ഔപചാരിക’മായി അപലപിക്കുമെന്നും ആ അപലപനം ഗൌരവമായി എടുക്കേണ്ടതില്ലെന്നും ഇസ്രയേലിനു തന്നെ സന്ദേശം നൽകുന്ന കേബിൾ റിപ്പോട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതും അതേസമയം പരിഹാസമുളവാക്കുന്നതുമാണ്. ഇസ്രയേൽ പലസ്തീനിൽ നടത്തിയ കയ്യേറ്റത്തെ ഇന്ത്യ അപലപിച്ചുവെങ്കിലും അത് സ്ഥിരം വാചകമടി മാത്രമായി കണ്ടാൽ മതിയെന്നു കോൺഗ്രസ് എം.പി റാഷിദ് ആൽവി തന്നെ പറഞ്ഞതായി ഡേവിഡ് മുൾഫോഡ് അയച്ച ഒരു കേബിളിൽ പറയുന്നു. പാർലമെന്റ് ഇലക്ഷനുകൾ അടുത്തിരിക്കുമ്പോൾ മുസ്ലീമുകളെ സമാധാനിപ്പിക്കാനായി ഇത്തരം പ്രസ്താവനകൾ ഇറക്കേണ്ടിവരുമെന്നും ഇസ്രായേലുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധങ്ങളുണ്ടെന്നും റാഷിദ് ആൽവിയെ ഉദ്ധരിച്ച് കേബിൾ തുടരുന്നു. തീവ്രവാദം തടയാൻ ഇസ്രയേലിന്റെ സഹകരണം ഇന്ത്യക്ക് ഇനിയും ആവശ്യമുണ്ട് എന്നും അതിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ ഈ രേഖകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം വിക്കീലീക്സിൽ വരുന്നത് സെൻസേഷനൽ നുറുങ്ങുകളാണെന്നും വിശ്വാസയോഗ്യമായതല്ല അത്തരം വിവരങ്ങളെന്നും കോൺഗ്രസ് വക്താവ് അഡ്വ: അഭിഷേക് സിംഘ്‌വി പറഞ്ഞു.
മണിശങ്കർ അയ്യരുടെ സ്ഥാനചലനം അമേരിക്കയെ തൃപ്തിപ്പെടുത്താനാണെന്ന് 2006ൽ തന്നെ ഇടതുപക്ഷം ആരോപിച്ചതാണ് ഇടതുനേതാക്കൾ ഓർമ്മിപ്പിച്ചു. കുറ്റകരമായ മൌനമാണ് പ്രധാനമന്ത്രി അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം വായ തുറക്കണമെന്നും സ: സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
No comments:
Post a Comment