ചിറയിന്‍കീഴ് സ്വദേശി എഴുതുന്നു
ജപ്പാനില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി -
ആഗോള വ്യവസായ സ്ഥാപനമായ ഡിഗ്രി കണ്‍ട്രോള്‍സ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍
ഓഫീസറുമായ രാജേഷ് നായര്‍. പ്രതിസന്ധിഘട്ടത്തെ തികഞ്ഞ മനസാന്നിദ്ധ്യത്തോടെ നേരിടുന്ന ഒരു രാജ്യത്തിന്റെ അനുഭവം
പങ്കുവെയ്ക്കുന്നു
ബിസിനസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി മാര്‍ച്ച് 10നാണ് ഞാന്‍ ടോക്യോയിലെത്തിയത്. തൊട്ടടുത്ത ദിവസം, മാര്‍ച്ച് 11ന് ടോക്യോയിലെ ഞങ്ങളുടെ മാനേജര്‍ ഗ്യു സാന്‍ ദിവസം മുഴുവന്‍ നീളുന്ന യോഗങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. ആദ്യം യാമാടേക്കിന്റെ ഷിനഗാവയിലുള്ള കടലോര ഓഫീസിലും ഉച്ചയ്ക്കുശേഷം ഫുജിസാവയിലുള്ള അവരുടെ ഫാക്ടറിയിലും. ഷിനഗാവയില്‍ നിന്ന് ഫുജിസാവയിലേക്ക് ഒരു മണിക്കൂര്‍ തീവണ്ടിയാത്രയുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം തീവണ്ടിയില്‍ ഗ്യു സാന്‍, യാമാടേക്കിലെ സഹപ്രവര്‍ത്തകരായ യാമാമോട്ടോ, സുമിറ്റോമോ എന്നിവര്‍ക്കൊപ്പം ഫുജിസാവയിലേക്ക് യാത്ര തിരിച്ചു.
തീവണ്ടി യാത്ര തുടങ്ങി. ഒന്നോ രണ്ടോ സ്റ്റേഷനുകള്‍ കഴിഞ്ഞിട്ടുണ്ടാവണം. സ്റ്റേഷനില്‍ നിര്‍ത്തിയശേഷം യാത്ര തുടരാനൊരുങ്ങവേ ഒരു കുലുക്കം അനുഭവപ്പെട്ടു. ഭാരമുള്ളവരാരോ കയറിയതാവുമെന്ന് ഞങ്ങള്‍ തമാശയായി പറഞ്ഞു. പക്ഷേ, 15 സെക്കന്‍ഡോളം കുലുക്കം തുടര്‍ന്നു. പെട്ടെന്നു തന്നെ കമ്പാര്‍ട്ട്‌മെന്റിലും സ്റ്റേഷനിലും റെക്കോഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ജാപ്പനീസ് ഭാഷ വശമില്ലാത്തതിനാല്‍ കാര്യമെന്തെന്നു മനസ്സിലായില്ല. ഒപ്പമുണ്ടായിരുന്ന ജപ്പാന്‍കാരായ സഹപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. വിദേശികളായ യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെങ്കിലും അടിയന്തര ഘട്ടത്തില്‍ ആവശ്യമുള്ള നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി.
ഇതിനിടെ സ്റ്റേഷനിലെ ടെലിവിഷനില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ തെളിഞ്ഞു തുടങ്ങി. ജപ്പാന്റെ ഭൂപടത്തില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയം വിവരം ശേഖരിച്ച് ജനങ്ങള്‍ക്ക് കൈമാറാന്‍ ആ രാജ്യം ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും എന്നെ അത്ഭുതപ്പെടുത്തി. ഒടുവില്‍ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത്തരത്തിലൊരു നിര്‍ദേശം ലഭിച്ചതാണോ, അതോ പുറത്തുള്ള കാര്യങ്ങള്‍ അറിയാന്‍ എന്റെ കൂട്ടുകാര്‍ക്കുണ്ടായ ഔത്സുക്യമാണോ ആ തീരുമാനത്തിലേക്കു നയിച്ചതെന്നറിയില്ല. തീവണ്ടിയിലെ സഹയാത്രികരില്‍ പലരും അവരവരുടെ സീറ്റുകളില്‍ യാതൊരാശങ്കയും കൂടാതെ ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
റെയില്‍വേ സ്റ്റേഷനില്‍ ധാരാളം ആളുകളുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററില്‍ തങ്ങിനില്‍ക്കുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം മാപിനിയില്‍ 8.8 രേഖപ്പെടുത്തിയെന്ന് മോണിറ്ററില്‍ കണ്ടതോടെ ഞാന്‍ കൂടുതല്‍ പരിഭ്രാന്തനായി. എത്രയും പെട്ടെന്ന് പുറത്തുകടക്കാമെന്ന് കൂട്ടുകാരോടു ഞാന്‍ നിര്‍ദേശിച്ചു. പക്ഷേ, ഞാനൊഴികെ അവിടെയുണ്ടായിരുന്നവരില്‍ ആരിലും യാതൊരു ഭയവും കാണാനായില്ല. ഇതിനിടെ ഈ ദിവസം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ തീവണ്ടി ടിക്കറ്റില്‍ എന്റെ സുഹൃത്തുക്കളുടെ ഒപ്പു വാങ്ങി. അവര്‍ ചില്ലറക്കാരല്ല. 260 കോടി ഡോളര്‍ ആസ്തിയുള്ള യാമാടേക്കിന്റെ 100 കോടി ഡോളര്‍ ഡിവിഷന്റെ ചുമതലക്കാരാണ് യാമാമോട്ടോയും സുമിറ്റോമോയും.
പുറത്തിറങ്ങി ബസ് സ്റ്റേഷനിലേക്കു നടന്നു. കെട്ടിടങ്ങള്‍ പലതും നന്നായി കുലുങ്ങുന്നുണ്ടായിരുന്നു. പക്ഷേ, ബസ് കാത്തു നില്‍ക്കുന്നവര്‍ അതൊന്നും കാര്യമാക്കുന്നതായി തോന്നിയില്ല. ഇതിനിടെ സുമിറ്റോമോയുടെ വീട്ടിലേക്കു പോകുന്ന ബസ് കണ്ടു. ഫുജിസാവയിലേക്കുള്ള യാത്ര ഉപേക്ഷിക്കാമെന്നും അടുത്ത 'നിര്‍ദേശങ്ങള്‍' ലഭിക്കുംവരെ വീട്ടിലേക്കു പോകാമെന്നും സുമിറ്റോമോ നിര്‍ദേശിച്ചു. യാമാമോട്ടോയും അതിനോടു യോജിച്ചു. കാര്യങ്ങള്‍ സാധാരണനിലയിലായതായിട്ടാണ് എനിക്കു തോന്നിയത്. ഫുജിസാവ യാത്ര ഉപേക്ഷിക്കുന്നത് എന്തിനാണെന്നു മനസ്സിലായില്ല. എങ്കിലും സുമിറ്റോമോയുടെ വീട്ടിലേക്കു ഞങ്ങള്‍ യാത്ര തിരിച്ചു. അവിടെയെത്തിയപാടെ സുമിറ്റോമോ അടുത്തുള്ള കടയിലേക്കോടി, ആഹാരസാമഗ്രികള്‍ വാങ്ങാന്‍. അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. നാലാം നിലയിലുള്ള ഫ്‌ളാറ്റിലേക്കു നടന്നുകയറി. സമയം വൈകുന്നേരം 5.30. വീട്ടില്‍ മറ്റാരുമില്ല, മൂന്നു വളര്‍ത്തുപൂച്ചകള്‍ മാത്രം. അവയുടെ പേര് സാള്‍ട്ട് (ഉപ്പ്), പെപ്പര്‍ (കുരുമുളക്), ഷുഗര്‍ (പഞ്ചസാര). സുമിറ്റോമോയുടെ ഭാര്യ ഡോക്ടറാണ്. അവരും എട്ടും നാലും വയസ്സുള്ള രണ്ടാണ്‍മക്കളും എത്തിയപ്പോള്‍ സമയം 7.30. കൈയിലുണ്ടായിരുന്ന മിഠായി കൊടുത്ത് കുട്ടികളെ പാട്ടിലാക്കി. മെഴുകുതിരി വെളിച്ചത്തില്‍ ഞങ്ങള്‍ കാത്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ മക്കളെയും കൂട്ടി സുമിറ്റോമോയുടെ ഭാര്യ അവരുടെ അച്ഛനമ്മമാരുടെ വീട്ടിലേക്കു പോയി, ഫ്‌ളാറ്റ് പൂര്‍ണമായി ഞങ്ങള്‍ ആണ്‍പ്രജകളുടെ ഉപയോഗത്തിനു വിട്ടുതന്ന ശേഷം.
രാത്രി ഒമ്പതോടെ വൈദ്യുതി വന്നു. ടെലിവിഷനില്‍ ദുരന്തദൃശ്യങ്ങള്‍ കണ്ടു. അപ്പോഴാണ് കടന്നുപോയ ദുരന്തത്തിന്റെ തീക്ഷ്ണത മനസ്സിലായത്. ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഗ്യു സാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അവിടെത്തന്നെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. സാള്‍ട്ടും പെപ്പറും ഷുഗറും വീട്ടില്‍ പരതിനടന്നു. ഓരോ മുഴക്കത്തിനും അവയുടെ കരച്ചില്‍ അകമ്പടിയായി.
അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ കഴുത്തില്‍ ടൈയണിഞ്ഞ് ഫുള്‍ സൂട്ടില്‍ എന്റെ മൂന്നു ജാപ്പനീസ് സുഹൃത്തുക്കളും വെറുംതറയില്‍ കിടന്നുറങ്ങുന്നു. വിരിയോ പുതപ്പോ ഇല്ല. കോടീശ്വരന്മാര്‍ എന്നു പറഞ്ഞിട്ടെന്തു കാര്യം? ഞാനും അതേ കോലത്തിലാണെന്നു താമസിയാതെ തിരിച്ചറിഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി. അന്ന് ശനിയാഴ്ചയാണ്. വൈകുന്നേരം 8.45ന് എനിക്ക് ബെയ്ജിങ്ങിലേക്കുള്ള വിമാനം പിടിക്കണം. റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടി സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സ്റ്റേഷനുകളും ഹോട്ടലുകളും അഭയാര്‍ഥി ക്യാമ്പുകള്‍പോലെ. കോട്ടും സൂട്ടുമണിഞ്ഞവര്‍ ഓറഞ്ച് നിറത്തിലുള്ള പുതപ്പു മൂടി ഉറങ്ങുന്നു. അതെ, ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് സ്റ്റേഷനുകളില്‍ പുതപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ടാവണം!!
തന്റെ പുതിയ ഹോണ്ട കാറില്‍ എന്നെ ടോക്യോയിലെത്തിക്കാമെന്ന് സദാ സേവനസന്നദ്ധനായ സുമിറ്റോമോ. യാമാമോട്ടോയും ഒപ്പം വരാന്‍ സന്നദ്ധനായി. ടോക്യോയിലുള്ള ഹോട്ടലില്‍ തിരികെയെത്തി 35-ാം നിലയിലുള്ള മുറിയിലേക്ക് ഓടിക്കയറി, എലിവേറ്ററിലൂടെ തന്നെ. സാധനങ്ങള്‍ വലിച്ചുവാരിയെടുത്ത് പുറത്തേക്കോടി. ഇനി നാരിത്തയിലുള്ള വിമാനത്താവളത്തിലെത്തണം. ചെറിയ പനിയുണ്ടായിരുന്ന ഗ്യു സാന്‍ അവിടെവെച്ച് പിരിഞ്ഞു.
യാത്ര വളരെ ദുഷ്‌കരമായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍. രണ്ടു മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചത് ഏഴു കിലോമീറ്റര്‍. ഈ നിലയില്‍ എനിക്കു പോകാനുള്ള 60 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഒരു ദിവസം വേണം. അപ്പോള്‍ വിവരം കിട്ടി ചീബ സ്റ്റേഷനില്‍ നിന്ന് നാരിത്തയിലേക്ക് തീവണ്ടി സര്‍വീസ് ഉണ്ടെന്ന്. ചീബയിലെത്തിയപ്പോള്‍ ലഭിച്ച വിവരം നിരാശപ്പെടുത്തി. ഇടയ്ക്കു പുനരാരംഭിച്ച തീവണ്ടി സര്‍വീസ് വീണ്ടും തടസ്സപ്പെട്ടിരിക്കുന്നു. നാലു മണിക്ക് ഒരു തീവണ്ടിയുണ്ട്. ഒരു പക്ഷേ, അന്നു സര്‍വീസ് നടത്തുന്ന ഏക തീവണ്ടിയും ഇതാകാം. വിമാനത്താവളത്തിലെത്താന്‍ വൈകുമെന്നുറപ്പ്. അപ്പോഴാണ് വിമാനം പുറപ്പെടാന്‍ രാത്രി 10.30 ആകുമെന്ന അറിയിപ്പ് ലഭിച്ചത്. അതു ഭാഗ്യമായി. കുലുക്കത്തിനിടെ തീവണ്ടി മുന്നോട്ടു നീങ്ങി. ആരും പരസ്പരം നോക്കുന്നുണ്ടായിരുന്നില്ല. തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു. ഒരുതരം 'കംഫര്‍ട്ട് സോണ്‍'.
ഇതെഴുതുമ്പോള്‍ ഞാന്‍ ചൈനയിലാണ്. ജപ്പാനിലുള്ള സുഹൃത്തുക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഭൂകമ്പവും സുനാമിയും ഏറ്റവുമധികം നാശം വിതച്ച മേഖലയില്‍ പോലും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിത്തുടങ്ങി. വീടും സമ്പാദ്യവും നഷ്ടപ്പെട്ടിട്ടും സംയമനം കൈവിടാതെ ജീവിതചര്യകളിലേക്ക്. തിങ്കളാഴ്ച രാവിലെ വീണ്ടും ജോലി സ്ഥലത്തേക്ക് പുറപ്പെടുകയായി. കടകളെല്ലാം മലര്‍ക്കെ തുറന്നിരിക്കുന്നു. വേറെ എവിടെയാണെങ്കിലും കൊള്ളയും കൊള്ളിവെയ്പും നടക്കാം, ജപ്പാനില്‍ അതില്ല. ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ ആ സംസ്‌കാരത്തിനുള്ള കരുത്തിനു തെളിവായി ഇതു നില്‍ക്കുന്നു.
ഷിനഗാവയിലെ കടലോര ഓഫീസിനെ സുനാമി ബാധിച്ചോ എന്നറിയില്ല. ഫോണ്‍ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ യാമാടേക്ക് സംഘത്തിന് ഒന്നും ഉറപ്പാക്കാനായിട്ടില്ല. പക്ഷേ, അവര്‍ പ്രതീക്ഷ ഹൃദയത്തില്‍ നിലനിര്‍ത്തുന്നു. എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാന്‍ ജപ്പാന്‍കാര്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, പുതിയൊരു തുടക്കത്തിലേക്ക് പ്രതീക്ഷാനിര്‍ഭരമായ യാത്രയിലാണവര്‍ .
പേജ്
No comments:
Post a Comment