Friday, March 4, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 2ബാര്‍ ലൈസന്‍സിനായി സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് നേരില്‍ക്കണ്ടെന്നു പറഞ്ഞത് കണ്ണൂരിലെ കോണ്‍ഗ്രസ് 'ശിങ്ക'മാണ്. വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്ന, എന്തു നെറികേടിനും സങ്കോചമില്ലാത്ത, രാഷ്ട്രീയ കച്ചവടക്കാരനാണ് കെ സുധാകരന്‍. പക്ഷേ, കൊട്ടാരക്കരയിലെ വെളിപ്പെടുത്തല്‍ ആവേശത്തില്‍ പറഞ്ഞതല്ലെന്നും ആലോചിച്ചുറപ്പിച്ചു പറഞ്ഞതാണെന്നും തൊട്ടടുത്ത ദിവസം സുധാകരന്‍ ആവര്‍ത്തിച്ചു. സുപ്രീംകോടതി ശിക്ഷ വിധിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് ഇതു പറഞ്ഞതെന്നത് ശ്രദ്ധേയം. സുധാകരന്‍ തുറന്നുവിട്ട അഴിമതിയുടെ ദുര്‍ഭൂതം കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ വയലാര്‍ രവിയെയും പിടികൂടി. രവി മാത്രമല്ല, രഘുചന്ദ്രബാലും പത്മജയും റോസക്കുട്ടിയും സാക്ഷാല്‍ സുധാകരനും അഴിമതിയുടെ പങ്ക് പറ്റിയവരാണെന്ന് ബാര്‍ ഉടമ തന്നെ വെളിപ്പെടുത്തി.

സംഭവങ്ങളുടെ തുടക്കം 1992 ഒക്ടോബറിലാണ്.

കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്നു രഘുചന്ദ്രബാല്‍. ക്രമംവിട്ട് 130 എക്സൈസ് ഗാര്‍ഡുമാരെ നിയമിച്ചത് ഉള്‍പ്പെടെ ഇക്കാലയളവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേറെ. 21 ബാറിന് ലൈസന്‍സ് നല്‍കിയതിലും ലക്ഷങ്ങളുടെ കോഴ വാങ്ങിയെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചു. അബ്കാരി ചട്ടങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതിനിടെ, അപകടത്തില്‍ പരിക്കേറ്റ് മുഖ്യമന്ത്രി കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയി. സി വി പത്മരാജനായിരുന്നു താല്‍ക്കാലിക ചുമതല. പ്രതിപക്ഷ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാര്‍ ലൈസന്‍സ് അനുവദിച്ച ഉത്തരവ് റദ്ദാക്കി. ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചു. ഈ വിധി ഒപ്പിച്ചെടുക്കാന്‍ ഡല്‍ഹി കേരള ഹൌസിലെ മുറിയില്‍ വച്ച് ജഡ്ജിക്ക് കോഴ നല്‍കുന്നത് നേരില്‍ക്കണ്ടെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്.

സുധാകരന്‍ വെറും കാഴ്ചക്കാരനല്ലെന്നും ഇടനിലക്കാരനായിരുന്നെന്നും പിന്നീടുള്ള സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി. ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഒന്നിന് ഒരുലക്ഷം രൂപവീതവും കിസ്ത് പിടിക്കാന്‍ പിന്നീട് ഒരു 15 ലക്ഷവും ജഡ്ജിക്ക് നല്‍കിയത്രേ. ജഡ്ജിക്ക് മാത്രമല്ല, മറ്റു പലര്‍ക്കും കൈക്കൂലി നല്‍കിയെന്ന് അന്ന് ബാര്‍ ലൈസന്‍സ് ലഭിച്ച കണ്ണൂര്‍ ചിറക്കലിലെ ഗീത ബാറിന്റെ പാര്‍ട്ണര്‍ ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തി. സുധാകരന്‍ സാക്ഷിയല്ല, ഇടനിലക്കാരനാണെന്നും ജോസ് പറഞ്ഞു.

ദീര്‍ഘകാലം ആന്റണിയോടൊപ്പം നിന്ന് ഗുണംപിടിക്കാതെ പോയ വയലാര്‍ രവി ഒടുവില്‍ കൂറുമാറി കരുണാകരനൊപ്പം ചേര്‍ന്ന് കെപിസിസി പ്രസിഡന്റായ സമയം. എന്തിനും ഏതിനും കരുണാകരന്റെ പിന്നില്‍ നിഴല്‍പോലെ നിന്നു. രഘുചന്ദ്രബാലും കരുണാകരന്റെ വിശ്വസ്തന്‍. സുധാകരനും ആ നിരയിലെത്തിയ സമയം. കെപിസിസി പ്രസിഡന്റിനാണ് 10 ലക്ഷം രൂപ നല്‍കിയതെന്നാണ് ബാര്‍ ഉടമ പറഞ്ഞത്. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന വയലാര്‍ രവി ഇക്കാര്യം നിഷേധിച്ചിട്ടില്ല. ചേര്‍ത്തലയിലെ വീട്ടില്‍ വച്ചാണത്രേ പണം നല്‍കിയത്. ഈ പണം കെപിസിസി അക്കൌണ്ടില്‍ എത്തിയതായി അറിവില്ല. പിന്നെങ്ങോട്ടു പോയെന്നത് അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യം. മുഖ്യമന്ത്രിക്ക് നല്‍കാനായി പത്മജയ്ക്ക് നല്‍കിയത് 10 ലക്ഷം എന്നു പറയുന്നു. ഈ തുക കൊച്ചിയിലെ വീട്ടില്‍ വച്ചാണ് നല്‍കിയത്. പത്മജയെ കാണാന്‍ ഇടനിലക്കാരിയായി നിന്ന റോസക്കുട്ടിക്കും (അന്ന് ബത്തേരി എംഎല്‍എ, കരുണാകര കുടുംബത്തിന്റെ ഇടംകൈ) നല്‍കി അഞ്ചുലക്ഷം. പക്ഷേ, ടീച്ചര്‍ മാന്യത കാട്ടി. ലൈസന്‍സ് റദ്ദാക്കിയപ്പോള്‍ ഒരുരൂപ കുറയാതെ തിരിച്ചുകൊടുത്തു. രഘുചന്ദ്രബാലിനു നല്‍കിയതും 10 ലക്ഷം. മന്ത്രിയും കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിക്കു വേണ്ടി മകള്‍ പത്മജയും വാങ്ങിയത് മടങ്ങിച്ചെന്നിട്ടില്ലെന്നും ജോസ് വെളിപ്പെടുത്തുന്നു.

ഇതിനെല്ലാം ഇടനിലക്കാരന്‍ സുധാകരനാണ്. സുധാകരന്‍ കേരള ഹൌസില്‍ വെറുതെ ചെന്നുനിന്നപ്പോള്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നത് കണ്ടതാണെന്നു വിശ്വസിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു പോലും കഴിയില്ല. ഇനി അറിയേണ്ടത് ഇടനിലക്കാരന് എത്ര കിട്ടിയെന്നാണ്.

No comments:

Post a Comment