Saturday, March 12, 2011

കന്യാതീരങ്ങള്‍ ---------പുനത്തില്‍ കുഞ്ഞബ്ദുള്ള


Posted on: 08 Oct 2010
Punathil Kunjabdulla, Photos: Madhuraj

പാരമ്പര്യവും പൈതൃകവും കെടാതെ കാക്കുന്ന ലക്ഷദ്വീപെന്ന
അത്ഭുതലോകത്തിലൂടെ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള
'മാതൃഭൂമി യാത്ര'യ്ക്ക് വേണ്ടി നടത്തിയ യാത്ര.....

a href='http://www.mathrubhumi.com/yathra/photogallery.php?id=5187' target='_blank'>
ലക്ഷദ്വീപിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അതാണ് വാസ്തവം. തൊട്ടടുത്തു കിടക്കുന്ന അയല്‍പക്കങ്ങളെ മലയാളികള്‍ സ്വപ്നാടനം പോലെയാണ് കാണുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഒരു വിളിപ്പാടകലെ എത്തിയാല്‍ തമിഴ്‌നാടും തുളുനാടുമായി. പാലക്കാടു നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തമിഴ്‌നാടായി. പക്ഷെ കന്നഡിഗരെക്കുറിച്ചും തമിഴരെക്കുറിച്ചും ഇത്ര അടുത്തായിട്ടും നമുക്ക് ഒന്നുമറിയില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം, കല ഇതൊക്കെ നമ്മളേക്കാള്‍ എത്രയോ സര്‍ഗാത്മകമായാണ് തമിഴരും കന്നഡിഗരും കൈകാര്യം ചെയ്യുന്നത്. മലയാളികളുടെ വിചാരം തങ്ങള്‍ വിശ്വപൗരന്‍മാര്‍ എന്നാണ്.

അറബിക്കടലിന്റെ തീരത്തെ മാറോട് അണച്ചുപിടിച്ചു കിടക്കുന്ന കിളിരം കൂടിയ ഒരു സുന്ദരിയാണ് കേരളം. കാസര്‍കോട്് മുതല്‍ കോവളം വരെ കടലിലെ ഓളങ്ങളും തിരകളും നാടിനെ മൊത്തം സദാ തഴുകിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തില്‍ തന്നെ കടല്‍ കാണാത്ത എത്രയോ ആളുകളുണ്ട്. അട്ടപ്പാടിയില്‍ പോയപ്പോള്‍ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് കടല്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ്. വയനാട്ടിലും ഇടുക്കിയിലുമുണ്ട് കടല്‍ കാണാത്തവര്‍. കടല്‍കാറ്റില്‍ ഏതു നേരവും ഉപ്പുരസമുണ്ട്. കടല്‍ക്കാറ്റ് അല്‍പ്പനേരം കൊള്ളാമെങ്കില്‍ ചുണ്ടൊന്ന് നാവുകൊണ്ട് നനച്ചാല്‍, ഉപ്പുരസം ആസ്വദിക്കാം. അതുകൊണ്ടാണ് മലയാളികള്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നു പറയുന്നത്.

കോഴിക്കോടിനും കൊച്ചിക്കും ഏകദേശം മധ്യത്തില്‍ 280 കിലോമീറ്റര്‍ ദൂരത്തായി ലക്ഷദ്വീപുകള്‍ പരന്നുകിടക്കുന്നു. ഇത്ര അടുത്തായിട്ടും മലയാളികള്‍ അങ്ങോട്ടുപോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. മാലിദ്വീപിലേക്കാണെങ്ങില്‍ ഒരു മുടക്കവുമില്ലാതെ പോകുന്നു. ചുഴിഞ്ഞു നോക്കിയാല്‍ ഇതിന്റെ കാരണം കണ്ടുപിടിക്കാം. പണ്ട് പണ്ട്, വളരെ പണ്ട്, ചരിത്രത്തിനും അപ്പുറത്ത് അനന്തമായ അറബിക്കടലില്‍ കൂടി ഒരു സൂഫിവര്യന്‍ പായക്കപ്പലില്‍ സഞ്ചരിക്കുകയായുരുന്നു. വിഭ്രമകരമായ കടലിന്റെ നീലനിറത്തില്‍ ആമഗ്‌നനായ സൂഫിവര്യന്‍ കയ്യിലിരുന്ന ജപമാല പൊട്ടിയത് (ദസ് വിയ) അറിഞ്ഞില്ല. മാല പൊട്ടിയിട്ടും ജപം തുടര്‍ന്നു കൊണ്ടേയിരുന്നു. ദൈവത്തിന്റെ പര്യായപദങ്ങള്‍ പുരണ്ട ജപമാലയിലെ ആ മണികളാണ് പരിണാമത്തിന്റെ സായാഹ്നത്തില്‍ ലക്ഷദ്വീപുകളായി ഉയര്‍ന്നു വന്നത്.

ബംഗാരം, കടമത്ത്. കവരത്തി, അഗത്തി, മിനിക്കോയ്, കല്‍പ്പേനി, ആന്ത്രോത്ത് തുടങ്ങി പതിനേഴില്‍പരം ചെറുതും വലുതുമായ ദ്വീപുകള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ കുടികൊള്ളുന്നു. ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകളുമുണ്ട്. പക്ഷികള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ജഗദീശ്വരന്റെ മായാവിലാസങ്ങള്‍.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1983 ലാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോയത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ദേശീയോദ്ഗ്രഥന സെമിനാറില്‍ പങ്കെടുക്കാന്‍. ഒപ്പം ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ ഉദ്ഘാടനവും. ഉത്തരേന്ത്യയില്‍ നിന്നുള്ള കുറേ എം.പി മാര്‍, കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഏകദേശം മുപ്പതോളം പേര്‍. കേരളത്തില്‍ നിന്ന് എന്‍.വി. കൃഷ്ണവാരിയര്‍, ഭാര്യ, മകള്‍, മകളുടെ കുട്ടി (സകുടുംബം പോകാന്‍ അനുവദിച്ചിരുന്നു എന്ന കാര്യം യശശ്ശരീരനായ, മഹാനായ പത്രാധിപര്‍ എന്‍.വി മറന്നുകാണും), വെള്ളായണി അര്‍ജുനന്‍, പത്‌നി, പാലാ കെ.എം. മാത്യു. പുത്രന്‍, സഹായി, പവനന്‍ തുടങ്ങിവരായിരുന്നു സംഘാംഗങ്ങള്‍. പവനന്‍ സകുടുംബ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ അദ്ദേഹം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ പെട്ടുപോയതായിരിക്കാം. ഫോണ്‍ വഴിയായിരുന്നു തീരുമാനങ്ങളത്രയും.

പാര്‍വ്വതി ചേച്ചി എവിടെയെന്ന് ചോദിച്ചപ്പോള്‍ പവനന്‍ എന്നോട് ചൂടായി. നിനക്കെങ്കിലും എന്നോട് ഒന്നു പറയാമായിരുന്നില്ലെടോ എന്നു എന്നോട് തട്ടിക്കയറുകയും ചെയ്തു. എന്നോട് അത്രയും സ്‌നേഹവും വാത്സല്യവുമായിരുന്നു. ഇന്നു കാണുന്ന കേരള സാഹിത്യ അക്കാദമിയുടെ ആത്മാവാണ് പവനന്‍. എന്തൊരു ഉന്‍മേഷം, എന്തൊരു ഉണര്‍വ്വ്, എന്തൊരു ആത്മ വിശ്വാസം.

കൊച്ചിയില്‍ നിന്ന് ഭാരത് സീമ എന്ന കപ്പലിലായിരുന്നു യാത്ര. വൈകുന്നേരം നാല് മണിക്കു ഞങ്ങള്‍ കപ്പലില്‍ കയറി. എന്റെ ആദ്യത്തെ കപ്പല്‍ യാത്രയായിരുന്നു. കപ്പല്‍ ഒരു വീട് പോലെ തോന്നി. മാളികവീട്. ഏണിപ്പടികള്‍ കയറി മുകളിലേക്ക് പോകാം. ഏണിപ്പടിയിറങ്ങി താഴത്തെ നിലയിലേക്കും പോകാം. മൂന്നാം തട്ട് കഴിഞ്ഞ് നാലാം തട്ടിലെ ഡെക്കിലേക്ക് പോകാം. ഇടനാഴിയും ഹാളും, ഡൈനിങ്ഹാളും കിച്ചനും എല്ലാമുണ്ട്. ഇടനാഴികള്‍ക്കിരുപുറവും മുറികള്‍, മുറികളില്‍ ഡബിള്‍ ഡക്കായി രണ്ടു കട്ടിലുകള്‍. തീവണ്ടിയിലെ ടൂ ടയര്‍ പോലെ. നാലു പേര്‍ക്ക് കിടന്നുറങ്ങാം. മേലേ കയറാന്‍ സ്റ്റീലിന്റെ കൊച്ചു കോണി. ഹാ, എന്തൊരു സുഖം. എല്ലാ ഫ്‌ളോറുകളും നല്ല വൃത്തിയുണ്ട്. കപ്പല്‍ ജോലിക്കാര്‍ നേരത്തെ തന്നെ കഴുകിത്തുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്നു.





വൈകുന്നേരം അഞ്ചു മണിയോടെ കപ്പല്‍ ഇളകാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ തുറമുഖം നീങ്ങുന്നതു കണ്ടു. കപ്പല്‍ നീങ്ങുന്നേയില്ല! സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പുള്ള കാഴ്ചകള്‍ സുന്ദരമായിരിക്കുമെന്ന് ക്യാപ്റ്റന്റെ അറിയിപ്പു വന്നു. ഞാനും പവനനും ഒരു മുറിയിലായിരുന്നു. ഒരു ക്ഷമാപണത്തോടെ ഞാന്‍ പവനനോട് പറഞ്ഞു. ഐയാം സോറി, ഐ വില്‍ ഹാവ് മൈ ഡ്രിങ്ക് ഞാന്‍ മാഹിയില്‍ നിന്ന് വാങ്ങിയ വോഡ്കയുടെ കുപ്പി പുറത്തെടുത്തു.

എന്താടോ താന്‍ ഇംഗഌഷ് പറയുന്നത്. എടോ, പട്ടാളത്തില്‍ ഞാന്‍ കുറേക്കാലം വിലസിയതാ. എല്ലാ ഭാഷയും എനിക്കറിയാം. തന്റെ ഒരു പുളിഞ്ചാറു കുടിയന്‍ ഇംഗഌഷ്. ഞാന്‍ വീണ്ടും ക്ഷമാപണത്തോടെ പറഞ്ഞു. മിസ്റ്റര്‍ പവനന്‍, അവിഹിത കാര്യങ്ങള്‍ ചെയ്യാന്‍ പോവുമ്പോള്‍ മാതൃഭാഷ സംസാരിക്കുന്നതിനേക്കാള്‍ ഭേദം ഇംഗഌഷാണ്. പവനന്‍ എന്നെയും വോഡ്ക കുപ്പിയേയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. എടോ ഞാന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റാണെന്ന കാര്യം തനിക്കറിയില്ലേ. വോഡ്കയാണ് ഞങ്ങളുടെ ദേശീയ പാനിയം. എടുക്കടോ രണ്ട് ഗഌസ്.

ഞങ്ങള്‍ ഡക്കില്‍ കയറി കടലും തിരയും ഓളവും ചക്രവാളവും മാറി മാറി നോക്കി നിന്നു...
അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം...

കാല്‍ നൂറ്റാണ്ടിനു ശേഷം ഇതാ വീണ്ടും ഒരു യാത്ര, അതേ സ്ഥലത്തേക്ക്. തമാശ അതല്ല, അന്ന് കയറിയ അതേ കപ്പലില്‍ ഭാരത് സീമക്ക് വയസ്സായി. പക്ഷെ ഓരോ വര്‍ഷവും ബ്യൂട്ടി പാര്‍ലറില്‍ കയറ്റി, ഇതിന്റെ യൗവ്വനം നിലനിര്‍ത്താന്‍ ഭാരത സര്‍ക്കാര്‍ ചെലവഴിക്കുന്നത് 50 കോടി രൂപയാണത്രെ. എന്നിട്ടും വൃത്തിയുള്ള ഒരു ടോയ്‌ലറ്റോ, വൃത്തിയുള്ള ഒരു ഡൈനിങ്ഹാളോ ഇല്ല. വൃത്തിയുള്ള ഒന്നും തന്നെയില്ല. കപ്പലിനകത്ത് പലകകള്‍ പൊളിക്കുകയും പുതിയ പലകകള്‍ അടിക്കുകയും ചെയ്യുന്നതല്ലാതെ വേറെ ഒന്നും തന്നെ ചെയ്യുന്നില്ല. നാനൂറോളം യാത്രക്കാരും അമ്പതു കപ്പല്‍ പണിക്കാരും നൂറ് ടണ്ണോളം കാര്‍ഗോയുമായി ഈ നോര്‍വ്വീജിയന്‍ വൃദ്ധ യാത്ര തിരിച്ചു.

സമുദ്രത്തിനൊരു ചലനവുമില്ല. ആകാശം തെളിഞ്ഞിരിക്കുന്നു. സൂര്യന്‍ ഇപ്പോഴും കത്തിയെരിയുന്നുണ്ട്. ഡെക്ക് കഴുകിയിട്ടിരുന്നു. അതിന്റെ നനവ് ഇനിയും മാറിയിട്ടില്ല. ഇപ്പോള്‍ തന്നെ കുളിമുറിയുടെ മുന്‍ വശത്ത് വലിയ തിരക്കാണ്. നാലു കുളിമുറികളേയുള്ളു. സ്ത്രീകള്‍ക്ക് രണ്ടെണ്ണവും. ക്രമേണ ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങി. സൂര്യന്റെ ശക്തിയും കുറഞ്ഞു. ഒരു വിളറിയ ചിരി പോലെ സൂര്യന്‍ ജലരാശിയില്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുകയാണ്.

മുറിക്കകം ശീതീകരിച്ചതാണ്. എന്നാലും അനക്കമില്ലാത്ത മുറിക്കകത്തെ ബന്ധനം വാറ്റിക്കുറുക്കിയ ചാരായം പോലെ ശക്തിയേറിയതാണ്. കപ്പല്‍ നീങ്ങുന്നതു കൊണ്ടാണ് ഈ സങ്കീര്‍ണ്ണത നമ്മള്‍ സഹിക്കുന്നത്. നിശ്ചലമായ കപ്പലിനകത്തെ കിടപ്പ് ശവപ്പെട്ടിക്കുള്ളിലെ കിടപ്പ് പോലെയാണ്.

ഞങ്ങള്‍ മൂന്നു പേരാണ്. മാതൃഭൂമിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ്, എഴുത്തുകാരന്‍ എ.കെ.അബ്ദുള്‍ഹക്കിം. കപ്പലിലെ ഉയര്‍ന്ന ജോലിക്കാര്‍ ഞങ്ങളെ പരിചയപ്പെടാന്‍ മുറിയിലേക്ക് വന്നു. അപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞു. ഇന്ത്യന്‍ നേവിയിലെ പഴയ കോമഡോറായിരുന്ന ബി.കെ. കുമാറാണ് ഭാരത് സീമയുടെ ക്യാപ്റ്റന്‍. അദ്ദേഹം ധാരാളം മലയാളം പുസ്തകം വായിക്കുന്ന ആളാണ്. സ്മാരകശിലകളും അക്കൂട്ടത്തില്‍ പെടുമെന്ന് പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. കൂടാതെ സാധാരണ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച കപ്പലിലെ ബ്രിഡ്ജിലേക്ക് ഞങ്ങളെ കൊണ്ടുപോയി എല്ലാം കാണിച്ചു തന്നു. മുഴുവനും സാങ്കേതികം. മാത്രമല്ല കുറച്ചു നേരത്തേക്ക് കപ്പലിന്റെ നിയന്ത്രണം എന്നെ ഏല്‍പ്പിച്ച്, വിറയ്ക്കുന്ന കൈകളാല്‍ ഞാന്‍ വളയം തിരിക്കുന്നത് മാറി നിന്നു കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നോക്കി നിന്നു. ആ ചെറു പുഞ്ചിരിയുടെ രഹസ്യം പിന്നീടാണ് എനിക്കും മനസ്സിലായത്. കപ്പലിന്റെ നിയന്ത്രണം എന്നെ ഏല്‍പ്പിക്കുന്നതിനു മുമ്പ് തന്നെ സ്വയം നിയന്ത്രിതാവസ്ഥക്കുള്ള വിദ്യ അദ്ദേഹം ചെയ്തു കഴിഞ്ഞിരുന്നു.

എട്ടു മണിക്കു മുമ്പായി അത്താഴം കഴിക്കണമെന്ന അറിയിപ്പു വന്നപ്പോള്‍ ഞങ്ങള്‍ ഡൈനിങ്ഹാളിലേക്ക് കയറി. മുകളിലും താഴെയുമായി രണ്ട് ഹാളുകള്‍. ഒന്ന് ഫസ്റ്റ് ക്ലാസ്സുകാര്‍ക്കും മറ്റേത് സെക്കന്റ് ക്ലാസ്സുകാര്‍ക്കും. ഫലത്തില്‍ രണ്ടു സ്ഥലത്തും ഒരേ ഭക്ഷണ സാധനങ്ങള്‍ തന്നെയായിരുന്നു. വിളമ്പിതരുന്ന പാത്രങ്ങള്‍ വ്യത്യസ്തമാണെന്ന് മാത്രം. ചപ്പാത്തിയും ചോറും ചിക്കണും പരിപ്പും. നല്ല വിശപ്പുണ്ടെങ്കിലെ അത് കഴിക്കാന്‍ പറ്റുകയുള്ളു. അത്താഴം മോശമാണെങ്കിലും രാത്രി ആനന്ദകരമായിരുന്നു. അന്ന് പൗര്‍ണ്ണമിയായിരുന്നു. ഞങ്ങള്‍ ഡെക്കിലേക്ക് കയറി.

കപ്പലിന്റെ വേഗത കൂട്ടിയിരിക്കുകയാണ്. രണ്ടു ഭാഗവും ഓളങ്ങള്‍ അരനാഴികദൂരത്തേക്ക് ചീറ്റിയടിക്കുന്നുണ്ടായിരുന്നു. വെള്ളി വെളിച്ചത്തില്‍ കടലലകള്‍ വെട്ടിത്തിളങ്ങുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ ആകാശം മുഴുക്കെ കീഴടക്കിയിരിക്കുന്നു. ഇലത്താളം പോലെ കാറ്റിന്റെ ചീറ്റല്‍ ക്രമേണ വര്‍ദ്ധിച്ചു. പൂര്‍ണ്ണ ചന്ദ്രന്‍ മഞ്ഞ പൂശിയ ജലപ്പരപ്പിനു മീതെ സൗന്ദര്യം തത്തിക്കളിച്ചുകൊണ്ടിരുന്നു.

കാറ്റും വെള്ളവും തമ്മില്‍ മല്ലയുദ്ധം തുടങ്ങിക്കഴിഞ്ഞു. ഒരു വശത്ത് കാറ്റിന്റെ ചീറ്റല്‍. മറുവശത്ത് തിരമാലകളുടെ മറുപടി. പാമരങ്ങള്‍ക്ക് മേലെ ആകാശത്തിലേക്ക് നോക്കിയപ്പോള്‍ ശരശയ്യയില്‍ കിടക്കുന്ന പ്രതീതിയുളവായി. എങ്ങും ശൂന്യതയുടെ അടയാളങ്ങള്‍. വാസ്തവത്തിന്റെ സ്​പഷ്ടത എങ്ങും കാണാനില്ല.

ആകാശത്തില്‍ നിന്ന് വെളിചവും സമുദ്രത്തില്‍ നിന്ന് സംഗീതവും പുറപ്പെട്ടു. പൗര്‍ണ്ണമി രാത്രിക്ക് മാറ്റു കൂട്ടുകയാണ്. സമുദ്രത്തിലെ സംഗീതം തിരമാലകളുടേതാണ്. ഭൂമിയിലുള്ളതിലധികം ജീവികള്‍ അതിലുണ്ട്. എങ്കിലും ആ ജീവികളുടെ കണ്ഠത്തില്‍ സ്വരങ്ങളില്ല. ആ മൂക ജീവികള്‍ക്കു വേണ്ടി സമുദ്രം തന്നെ വാ തോരാതെ സംസാരിക്കുന്നു. സമുദ്രം നൃത്തലോകമാണ്. ഭൂമി ശബ്ദലോകവും.

നീണ്ടു വിശാലമായ ഡെക്കിന്റെ മുകള്‍പ്പരപ്പില്‍ ധാരാളം പേര്‍ ഉറങ്ങാന്‍ കിടക്കുന്നുണ്ട്. അവരില്‍ അധികവും കപ്പല്‍ ജോലിക്കാരാണ്. പകലത്തെ കഠിനാധ്വാനം പലരേയും ഉറക്കത്തിലേക്ക് വീഴ്ത്തിക്കഴിഞ്ഞു. ഇനിയും എത്രയോ ആളുകള്‍ക്ക് ഡെക്കില്‍ ഉറങ്ങിക്കിടക്കാനുള്ള സ്ഥലമുണ്ട്. വിശാലമായ ഒരു സ്ഥലത്ത് ഞങ്ങളും മലര്‍ന്ന് കിടന്നു. ഇപ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഒത്ത മുകളിലാണ്. കപ്പല്‍ ഓടുകയാണ്. ചന്ദ്രനും ഞങ്ങള്‍ക്കൊപ്പം ഓടുന്നു. എന്തൊരു ചേര്‍ച്ച. പൂര്‍ണ്ണചന്ദ്രന്‍ അവരോഹണത്തിലേക്ക് നീങ്ങുന്നതുവരെ ഞങ്ങള്‍ അതേ കിടപ്പ് കിടന്നു.



മിനിക്കോയ് ദ്വീപിന്റെ നീണ്ടു കിടക്കുന്ന പച്ചക്കര കണ്ടുകൊണ്ടാണ് പിറ്റേ ദിവസം ഞങ്ങള്‍ ഉണര്‍ന്നത്. ആഴം കുറഞ്ഞ തീരക്കടലാണ് മിനിക്കോയിയുടെ പ്രത്യേകത. ദ്വീപില്‍ നിന്ന് നാല് മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടു. ചെറിയ ബോട്ടുകളിലാണ് കരയിലേക്കും തിരിച്ചുമുള്ള യാത്ര. വലിയ കപ്പലില്‍ നിന്ന് ചെറിയ ബോട്ടിലേക്കുള്ള ഇറങ്ങലും കയറലും രസകരവവും സാഹസികവുമാണ്. ബോട്ട് പൊങ്ങി കപ്പലിനു സമാനമായി എത്തുമ്പോള്‍ കയര്‍ പിടിച്ച് ബോട്ടിലേക്ക് ചാടണം. ഇരു ഭാഗത്തും പരിചയ സമ്പന്നരായ സെക്യൂരിറ്റികളുമുണ്ട്. എന്നാലും സാഹസത്തിനൊരുങ്ങുമ്പോള്‍ ചങ്കിടിക്കും. കാലൊന്ന് തെറ്റിയാല്‍ കടലിലായിരിക്കും ശരീരം. ജീവിതം തിരിച്ചു കിട്ടിയാല്‍ വീണ്ടും തുടങ്ങേണ്ടി വരും. പണ്ടത്തെ യാത്രയില്‍ പതിവില്‍ കൂടുതല്‍ തടിയും വണ്ണവുമുള്ള വെള്ളായണി അര്‍ജുനന്റെ ഭാര്യയെ വളരെ പണിപ്പെട്ട്, ഒരു ആനക്കുട്ടിയെ ഇറക്കുന്നതു പോലെയാണ് ഇറക്കിയത്. അപ്പോള്‍ വെള്ളായണിയുടെ മുഖം കാണേണ്ടതായിരുന്നു.

മറ്റു ദ്വീപുകളില്‍ നിന്ന് വ്യത്യസ്തമാണ് മിനിക്കോയ്. ആചാരാനുഷ്ഠാനങ്ങള്‍, സ്വത്തവകാശം, വസ്ത്രധാരണം,കുടുംബ പശ്ചാത്തലം, ഭാഷ എന്നു വേണ്ട സകലതിലും മറ്റു ദ്വീപുകാരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരാണ് മിനിക്കോയികള്‍. സ്ത്രീയാണ് കുടുംബത്തിന്റെ നട്ടെല്ല്. കഥയിലും കവിതയിലും വാനോളം പുകഴ്ത്തുന്നതല്ലാതെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും നല്‍കാത്ത നമ്മളെപ്പോലുള്ളവരെ ദ്വീപ് സംസ്‌കാരം അതിശയിപ്പിക്കും.

മിനിക്കോയ് ദ്വീപില്‍ ആണുങ്ങളെ കാണാന്‍ പ്രയാസം നേരിടും. കാരണം എല്ലാ ആണുങ്ങളും നാവികരായി പുറം രാജ്യങ്ങളിലായിരിക്കും. ഇന്തോനേഷ്യക്കാര്‍ക്കും മിനിക്കോയികള്‍ക്കും നാവികരാവാന്‍ ഒരു പരീക്ഷയും പാസാകേണ്ടതില്ല. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം മതി. മിനിക്കോയില്‍ ഒരു ചൊല്ലുണ്ട്, കുട്ടി ജനിച്ചാല്‍ കടലിലേക്ക് എടുത്തിടണം. കുട്ടി നീന്തി കരയിലേക്ക് വന്നു കൊള്ളും. നമുക്ക് കര പോലെയാണ് അവര്‍ക്കു കടല്‍. നമ്മള്‍ നടക്കുന്നതുപോലെയാണ് അവര്‍ക്കു നീന്തല്‍. ചുരുക്കത്തില്‍ അവരെല്ലാം ഹഠയോഗികളാണ്. വെള്ളത്തില്‍ വെറുതെ അങ്ങിനെ കിടക്കും.

മാലിയില്‍ നിന്ന് വന്നവരാണ് മിനിക്കോയികള്‍. മറ്റു ദ്വീപുകളിലുള്ളവരൊക്കെ മലബാറില്‍ നിന്ന് ചേക്കേറിയവര്‍. ദ്വീപു നിവാസികള്‍ മുഴുവനും മുസഌങ്ങളാണെങ്ങിലും കേരളത്തിലെ മുസഌങ്ങളെപ്പോലെയല്ല. ദ്വീപില്‍ കൃത്യമായ ജാതി വ്യവസ്ഥയുണ്ട്. പുരോഹിതന്‍മാരായിട്ടുള്ള തങ്ങന്‍മാരും ഭൂവുടമകളായ കോയമാരും കപ്പല്‍ പണിക്കാരായ മാലീക്കീകളും കര്‍ഷകരും, തെങ്ങുകയറ്റക്കാരായ മേലഞ്ചേരിക്കാരും കൃത്യമായ ജാതി സ്​പിരിറ്റുള്ളവരാണ്. പരസ്​പര ശത്രുതയോ, സ്​പര്‍ദ്ധയോ അടിപിടിയോ ഒന്നുമില്ലെങ്കിലും ജാതിയുടെ മതില്‍ക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിവാഹ കാര്യങ്ങളിലൊക്കെ ജാതിയുടെ സ്വാധീനം ശക്തമാണ്.

മരുമക്കത്തായമാണ് ദ്വീപിലെ രീതി. പുരുഷനെ സ്ത്രീയാണ് കല്യാണം കഴിക്കുന്നത്. ഇതിനായി പുരുഷന്‍ സ്ത്രീധനം നല്‍കണം. ഇത് അറബ് വംശരുടെ രീതിയാണ്. കല്യാണശേഷം പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ താമസിക്കണം. നാല്‍പതു വയസാവുന്നതു വരെയൊക്കെ ആണുങ്ങള്‍ക്ക് പകല്‍ സമയം സ്വന്തം വീട്ടില്‍ പോയി വരാം. നാല്‍പതു കഴിയുന്നതോടെ അതും നിര്‍ത്തണം. പിന്നെ പൊറുതി ഭാര്യ വീട്ടില്‍ മാത്രം.

വീട്ടുകാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് സ്ത്രീകളാണ്. പുരുഷന്‍മാര്‍ വീട്ടില്‍ അധികമില്ലാത്തതുകൊണ്ടും ഉള്ളവര്‍ തന്നെ പെണ്‍കോയ്മക്ക് വിധേയരായി ജീവിക്കുന്നതു കൊണ്ടും സ്ത്രീ പീഡനം ഇല്ലേയില്ല. മാലിദ്വീപിലെ ഗോത്ര സംസ്‌കാരം തന്നെയാണ് മിനിക്കോയിലും. 4.4 ച.കീ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മിനിക്കോയില്‍ 10 ഗ്രാമങ്ങളുണ്ട്. എല്ലാം കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. 'ബൊഡുക്കാക്ക' എന്ന പേരുള്ള വില്ലേജ് മൂപ്പനാണ് സര്‍വാധികാരി. 'ബൊഡുത്താത്ത'യാണ് സ്ത്രീകളെ നയിക്കുന്നത്. ഓരോ വില്ലേജിനും ഓരോ ചിഹ്നമുണ്ട്. ആന, കുതിര, പക്ഷി, അമ്പ്, താക്കോല്‍, പൈനാപ്പിള്‍ മുതലായവയാണ് ഗ്രാമ ചിഹ്നങ്ങള്‍.

ഗോത്രസംസ്‌കാരം മിനിക്കോയില്‍ ഇപ്പോഴും നടമാടുന്നു. മിക്ക വീടുകളിലും കട്ടിലിനു പകരം വീതിയുള്ള മരപ്പലകകള്‍ കൊണ്ടു നിര്‍മ്മിച്ച ഊഞ്ഞാലുകളാണ് ഉറങ്ങുവാനും വിശ്രമിക്കാനും ഉപയോഗിക്കുന്നത്. മിനിക്കോയില്‍ ഞങ്ങള്‍ കപ്പലിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ അവിടുത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹസ്സന്‍ കോയയുണ്ടായിരുന്നു. ദ്വീപിലെ പ്രധാനിയാണ് അദ്ദേഹം. ഇറങ്ങിയ ദിവസം ഉച്ചഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. രണ്ടു നിലയുള്ള വലിയ തറവാട്ടില്‍ നാല്‍പ്പതിലധികം അന്തേവാസികളുണ്ട്. നല്ല വൃത്തിയും മനാരവുമുള്ള വീടും പരിസരവും.

ഉച്ചയൂണ് വിഭവസമൃദ്ധമായിരുന്നു. മത്സ്യവും ചോറുമാണ് മുഖ്യാഹാരം. ട്യുണ (ഏഡി, മാസ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു) മീന്‍ കൊണ്ടുള്ള പലതരം കറികളും ചമ്മന്തികളും. മധുരക്കറിവരെയുണ്ട്. നെയ്‌ച്ചോറും, സാദാചോറും, ഒറോട്ടിയും, ഇലക്കറികളും, പരിപ്പും, ദൊണ്ടിയ എന്ന മധുര ഉണ്ടയും, തൈരും കുമ്പളങ്ങയും ചേര്‍ത്തരച്ചു വെച്ച മഞ്ഞക്കറിയും ചേര്‍ന്നതായിരുന്നു വിഭവങ്ങള്‍. ട്യൂണയില്‍ നിന്ന് കടഞ്ഞെടുക്കുന്ന 'റൂഹകൂര്‍മ്മ' എന്ന നെയ്യ് അമൃത് പോലുള്ളതാണ്. ഒരു ചെമ്പ് സാമ്പാറില്‍ ഒരു റൂഹകൂര്‍മ്മ ചേര്‍ന്നാല്‍ അത് മീന്‍ സാമ്പാറായി മാറും. ശരിക്കും നൂറ്റൊന്ന് ആവര്‍ത്തിച്ച എണ്ണ.

ഞങ്ങള്‍ അടുക്കളയില്‍ ഒക്കെ കയറി. വിശാലമായ അടുക്കള. അടുപ്പും, ഗ്യാസ് സ്റ്റൗവും ഒക്കെയുണ്ട്. വീട്ടമ്മമാര്‍ മധുരം നുള്ളിത്തരുന്നതുപോലെ ഞങ്ങള്‍ക്ക് ചമ്മന്തി വായിലിട്ടു തന്നു; ഒരു ചെറു പുഞ്ചിരിയോടെ.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ലൈറ്റ്ഹൗസ് മിനിക്കോയിലാണുള്ളത്. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് വെറുതെയല്ല. ഇന്റര്‍നാഷണല്‍ കാര്‍ഗൊ ഷിപ്പുകള്‍ മുഴുവന്‍ ലൈറ്റ് ഹൗസിന് ചുങ്കം കൊടുത്തതിനു ശേഷമേ ഇതുവഴി കടന്നു പോകാന്‍ പാടുള്ളു.

ദീപസ്തംഭം ചെറുപ്പത്തിലെ എനിക്കൊരു കൗതുകമായിരുന്നു. തിക്കോടി ലൈറ്റ് ഹൗസാണ് ചെറുപ്പത്തില്‍ ഞാന്‍ കണ്ട ദീപസ്തംഭം. കാരക്കാട്ടിലെ കക്കാട്ട് കുന്നിന്‍ പുറത്ത് സന്ധ്യാസമയത്തു കയറിനിന്നാല്‍ ദീപസ്തംഭം ഇടക്കിടെ പ്രഭചൊരിഞ്ഞു നില്‍ക്കുന്നതു കാണാം. നാട്ടുകാര്‍ തിക്കോടിവിളക്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. മിനുട്ടില്‍ ഒരു തവണ എന്ന കണക്കിന് വെൡത്തിന്റെ രശ്മി ചക്രവാളം വരെ എത്തുന്ന രീതിയില്‍ ഇത് ചൊരിയുന്നു. വെള്ളിയാങ്കല്ലില്‍ തട്ടാതെ മുട്ടാതെ കപ്പലുകളേയും ബോട്ടുകളേയും രക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണിത്.എന്നാല്‍ വട്ടത്തില്‍ നീങ്ങുന്ന 213 പടികള്‍ കയറി 42 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസിന്റെ മുകളില്‍ എത്തിയപ്പോള്‍ തിക്കോടി വിളക്ക് വെറും ഉറുമ്പ്. ബര്‍മിങ്ഹാമില്‍ നിന്നുകൊണ്ടു വന്ന അയേണ്‍ ഓക്‌സൈഡ് ബ്രിക്‌സ് ഉപയോഗിച്ച് 1885ലാണ് ബ്രിട്ടീഷുകാര്‍ ഈ ലൈറ്റ് ഹൗസ് പണിതത്. പെട്രോമാക്‌സില്‍ ഉപയോഗിക്കുന്ന മാതിരിയുളള വലിയ മാന്റിലുകളായിരുന്നു. ആദ്യകാലത്ത് ഉപയോഗിച്ചത്. ഇപ്പോള്‍ 600 വാട്ടിന്റെ ബള്‍ബും ഏറ്റവും വലിയ ഓപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിക്കുന്നതു കൊണ്ട് 40 കി. മീറ്റര്‍ ദൂരത്തു വരെ ലൈറ്റ് ഹൗസ് കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വരുമാനത്തിലേക്ക് ഒരു വലിയ സംഖ്യ ഈ ഭീമന്‍ ദീപസ്തംഭം നേടിയെടുക്കുന്നു. കുഞ്ചന്‍ പാടിയത് എത്ര ശരി.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് ദ്വീപില്‍ വാഹനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കവറത്തിയില്‍ രണ്ടോ മൂന്നോ അംമ്പാസിഡര്‍ കാര്‍, ഏഴെട്ട് മോട്ടോര്‍ ബൈക്കുകള്‍ എന്നിവയായിരുന്നു ആഡംബര വാഹനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അതല്ല. മിനിവാനുകളും ഓട്ടോറിക്ഷകളും മോട്ടോര്‍ ബൈക്കുകളും കാണാം.

മിനിക്കോയില്‍ ഒരു കുട്ടി ബസ്സുണ്ട്. ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടുമോടുമെങ്കിലും ആളുകള്‍ അധികം കയറാറില്ല. കുട്ടികളടക്കം കൂടുതല്‍ പേരും സൈക്കിളുകളിലാണ് സവാരി. ഈ കൊച്ചു ദ്വീപിന് ഇത്രയും തന്നെ ധാരാളം.

സ്‌കൂളുകള്‍ വിടുമ്പോള്‍ പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ സൈക്കിളില്‍ റോഡുകീഴടക്കിക്കൊണ്ട് സന്തോഷത്തോടെ ആര്‍പ്പു വിളിച്ച് യാത്ര ചെയ്യുന്നു. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. കേരളത്തിലെപ്പോലെ കൊലയാളി ഡ്രൈവര്‍മാര്‍ അവിടെയല്ല. 300 രൂപയുടെ അധിക ബാറ്റ കിട്ടാന്‍ വേണ്ടി നമ്മുടെ ഡ്രൈവര്‍മാര്‍ റോഡുകള്‍ കുരുതിക്കളമാക്കി മാറ്റുന്നു. വധശിക്ഷയാണ് ഇവര്‍ക്കു നല്‍കേണ്ട ഏററവും കുറഞ്ഞ ശിക്ഷ എന്നു പറഞ്ഞാല്‍ സമ്മതിക്കാത്തവര്‍ ആരുമുണ്ടാവില്ല.

സ്‌കൂള്‍ കുട്ടികള്‍ക്ക് 100 രൂപക്ക് സൈക്കിള്‍ കിട്ടും. എല്ലാം കേന്ദ്രഗവര്‍മ്മെണ്ടിന്റെ സബ്‌സിഡി. കാശ്മീരിലും ലക്ഷദ്വീപിലും ഇഷ്ടം പോലെ സബ്‌സിഡി നല്‍കുന്നു. കാരണം ഇതൊരു രാജ്യ രക്ഷാകേന്ദ്രമാണ്. അമേരിക്ക പോലുള്ള ഏതു തെമ്മാടി രാഷ്ട്രത്തിനും ഇവിടെ ഒരു കണ്ണുണ്ട് എന്നുള്ളത് ഒരു വാസ്തവം മാത്രമാണ്. ഇപ്പോള്‍ ടൂറിസ കേന്ദ്രമാക്കാന്‍ ഇന്ത്യന്‍ വ്യവസായികള്‍ മുന്നിട്ടിറങ്ങുകയാണെന്നു കേട്ടു. പക്ഷെ ദ്വീപുകാര്‍ അതു സമ്മതിച്ചുകൊടുക്കയില്ല. കാരണം പൈതൃകമാണ് അവര്‍ക്ക് വലുത്.

ചരിത്രത്തിനും ചില നിയോഗങ്ങള്‍ ഉണ്ട്. 1400 കൊല്ലം മുമ്പ് പ്രവാചകനായ മുഹമ്മദ് നബിയുടെ മരണാനന്തരം അധികാരത്തില്‍ വന്ന ആദ്യ ഖലീഫയായിരുന്നു അബൂബക്കര്‍ സിദ്ദിക്ക്. അദ്ദേഹത്തിന്റെ മകന്‍ ഹസ്രത്ത് ഉബൈദുള്ളക്ക് സ്വപ്നദര്‍ശനം ഉണ്ടായി. ലക്ഷദ്വീപില്‍ ചെന്ന് ഇസ്ലാംമതം പഠിപ്പിക്കാന്‍ നബി തിരുമേനി സ്വപ്നത്തിലൂടെ പറയുകയായിരുന്നു. അടുത്ത ദിവസം തന്നെ സുബഹി നമസ്‌കാരവും കഴിഞ്ഞ് ഉബൈദുള്ള പുറപ്പെട്ടു. ജിദ്ദയില്‍ നിന്ന് ഒരു പായ്ക്കപ്പലില്‍.

അമേനി ദ്വീപിലെ ഫിസിയ എന്ന പെണ്‍കുട്ടിക്കും സ്വപ്നദര്‍ശനം ഉണ്ടായി. എന്റെ പ്രതിനിധി വരുന്നുണ്ടെന്നും അവനെ വിവാഹം ചെയ്യണമെന്നുമായിരുന്നു ദര്‍ശനം. പടിഞ്ഞാറ് നിന്ന് വരുന്ന ഭര്‍ത്താവിനെ കാത്ത് അവള്‍ കടപ്പുറത്ത് കാത്തു നില്‍പ്പായി. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടികൂടിവന്നു. ഫസിയക്ക് ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞുപരത്തി.

പക്ഷെ സ്വപ്നം ഫലിച്ചു. ശക്തമായ കൊടുങ്കാറ്റില്‍ പ്രവചിക്കപ്പെട്ട കപ്പല്‍ പരിഛേദിച്ചു. എങ്കിലും നായകന്‍ എത്തി. അവര്‍ വിവാഹിതരായി. ഫിസിയ ഇസ്ലാം മതം സ്വീകരിച്ചു. ഉബൈദുള്ളയുടെ പത്‌നിയായി, ഹമീദത്ത് ബീവിയായി.

അമേനിക്കാര്‍ വിശ്വാസികളാവാത്തതുകൊണ്ട് ഉബൈദുള്ളയും സംഘവും ആന്ത്രോത്തിലേക്ക് പോന്നു. തുടക്കത്തില്‍ കുറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ആന്ത്രോത്തുകാരൊക്കെ പിന്നീട് മുസ്ലിംങ്ങളായി മാറി.

ഹമീദത്ത് ബീവി അഞ്ച് ആണ്‍കുട്ടികളെയും പത്ത് പെണ്‍കുട്ടികളുടെയും പ്രസവിച്ചു. ഫാമിലി പ്ലാനിംങ്ങുകാര്‍ അക്കാലത്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ 200 ക.യും പ്ലാസ്റ്റിക്ക് തൊട്ടിയും പാരിതോഷികമായി കൊടുത്ത് സന്താന നിയന്ത്രണം നടത്തിയേനെ.

ജുമാ മസ്ജിദില്‍ തന്നെയാണ് ഉബൈദുള്ളയുടെ കല്ലറ. കൈകൊണ്ട് എഴുതിയ പരിശുദ്ധ ഖുര്‍-ആന്‍ ഗ്രന്ഥവും (മുസ്ഹഫ്) കത്തിച്ചുവെച്ച തൂക്കുവിളക്കുമൊക്കെ അതേ പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പല സ്ഥലത്തും അനവധി തൂക്കുവിളക്കുകള്‍ കണ്ടു. നമ്മുടെ എം. ജി. ആര്‍ ഉണ്ടായിരുന്നെങ്കില്‍ തൂക്കുവിളക്കുകള്‍ ഒന്നൊന്നായി വെട്ടിവീഴ്ത്തിയേനെ.

നാലുപാടും കടലാണെങ്കിലും ദ്വീപിന്റെ ഉള്‍പ്രദേശങ്ങള്‍ നമ്മുടെ നാട്ടിന്‍പുറം പോലെ തോന്നിക്കും. കവരത്തി ദ്വീപിലൂടെ നടന്നുപോകുമ്പോള്‍ ദേശത്തിന്റെ രണ്ടു കരയും കാണാന്‍ കഴിയും. കാല്‍ നടയായി രണ്ടുമണിക്കൂര്‍ കൊണ്ട് നടന്നു തീര്‍ക്കാന്‍ ഉള്ള ദൂരമേ പ്രധാനദ്വീപായ കവരത്തിക്കുള്ളൂ എന്നു കേട്ടാല്‍ ആരാണ് മൂക്കത്ത് വിരല്‍ വെക്കാതിരിക്കുക. ഒരു രാജ്യം രണ്ടു മണിക്കൂര്‍ കൊണ്ട് നടന്നു തീര്‍ക്കാം.

വഴിയരികില്‍ ഇഷ്ടം പോലെ തേങ്ങ കൂട്ടിയിട്ടിരിക്കുന്നതു കാണാം. ഓരോ വീട്ടിലും തേങ്ങ വീട്ടുമുറ്റത്തും റോഡരികിലും ശേഖരിച്ചുവെക്കുന്നു. തേങ്ങ എത്രമാസം അവിടെ കിടന്നാലും, അതിന്റെ മൂക്കില്‍ പല്ലുമുളച്ചാലും ആരും മോഷ്ടിക്കില്ല. ദ്വീപിലെ തേങ്ങ ചെറുതാണെങ്കിലും നല്ല കാരമുള്ളതാണ്. എങ്കിലും ആര്‍ക്കും വേണ്ടാത്ത ഒരു മട്ട്.

തെങ്ങുചെത്ത് ധാരാളമായി കണ്ടു. കള്ളില്‍ നിന്ന് നീരയും (മധുരക്കള്ള്) ശര്‍ക്കരയും ഉണ്ടാക്കുന്നു. നീര മധുരക്കളളാണ്. നീരയെക്കുറിച്ച് എം. എന്‍ കാരശ്ശേരി എന്നോട് വാ തോരാതെ സംസാരിച്ചിരുന്നു. അദ്ദേഹം കുടിക്കാത്ത ആളായതുകൊണ്ട് ഇത്രയും നല്ല സാധനം ഞാന്‍ കുടിക്കാതിരിക്കരുത് എന്ന് കരുതിയാവണം സഹൃദയനായ കാരശ്ശേരി മാഷ് ഇത്രയും പറഞ്ഞത്. നന്ദി, കാരശ്ശേരി മാഷെ.

ദ്വീപ് ശര്‍ക്കര ചക്കപ്പശ പോലെയാണ്. പക്ഷെ കയ്യില്‍ പറ്റിയാല്‍ നക്കിത്തുടച്ചു തീര്‍ക്കാം. അപ്പത്തിലും ചപ്പാത്തിയിലും ബ്രെഡ്ഢിലും പുരട്ടിത്തിന്നാല്‍ ഹരം പിടിക്കും. ശര്‍ക്കരയും വരണ്ട തേങ്ങാപ്പീരയും ചേര്‍ത്താണ് 'ദൊണ്ടിയ' ഉണ്ടാക്കുന്നത്. ദ്വീപിലെ ഈ മധുര പലഹാരം കോഴിക്കോടന്‍ പലഹാരത്തേക്കാള്‍ എത്രയോ സ്വാദിഷ്ടമാണ്. ഇലയില്‍ പൊതിഞ്ഞ 'ദൊണ്ടിയ' കണ്ടാല്‍ ഓലപ്പടക്കമാണെന്നു തോന്നും. പക്ഷെ ദ്വീപുകാര്‍ ആരും തന്നെ ഭീകരവാദികളല്ല.


ആന്ത്രോത്ത് ദ്വീപില്‍ നിന്ന്, ഞങ്ങളെ സ്വീകരിച്ച് ആനയിച്ച സ്വര്‍ണ്ണപ്പീടിക നടത്തുന്ന മുല്ലക്കോയയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കവരത്തിയിലേക്കു പുറപ്പെട്ടു. മുല്ലക്കോയയുടെ സ്വര്‍ണ്ണക്കടയെക്കുറിച്ച് ഒരു വാക്ക്. ചെറിയ ഒരു പീടിക. ദ്വീപിലെ അങ്ങാടികള്‍ കേരളത്തിലെ തനി നാട്ടിന്‍പുറങ്ങളിലെ ചെറിയ കടകളെ അനുസ്മരിപ്പിക്കുന്നതാണ്. ആര്‍ഭാടമായി ഒന്നും തന്നെയില്ല. വടകര താലൂക്കിലെ ഓര്‍ക്കാട്ടേരിയിലോ, വെള്ളികുളങ്ങരയിലോ കാണാവുന്ന തരത്തിലുള്ള ഒരു ചെറിയ സ്വര്‍ണ്ണപ്പീടികയാണ് മുല്ലക്കോയക്കുള്ളത്.

1956 മുതല്‍ കേന്ദ്രഭരണം വരുന്നതിനു മുമ്പ് കണ്ണൂരിലെ അറക്കല്‍ രാജവംശവും പിന്നീട് ടിപ്പുസുല്‍ത്താനും അതു കഴിഞ്ഞ് ബ്രിട്ടീഷുകാരും ഭരണം നടത്തിയ ദ്വീപിലെ ജനങ്ങള്‍ക്ക് അവരെ അറിയുന്ന ഒരു ഭരണാധികാരിയെ ഇതുവരെ കിട്ടിയിട്ടില്ല.

മൂര്‍ക്കോത്തു രാമുണ്ണി അഡ്മിനിസ്‌ട്രേറ്ററായ സമയത്ത് മാത്രമാണ് ജനാധിപത്യവും നീതിനിര്‍വഹണവും അവിടെ നടന്നതെന്ന് ദ്വീപു നിവാസികള്‍ പറയുന്നു. വസല്‍ യാത്രയെക്കുറിച്ചാണ് പറഞ്ഞു വന്നത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ആന്ത്രോത്തു നിന്ന് കവരത്തിയിലെത്താം. പക്ഷെ ഒരു കുഴപ്പമുണ്ട്. ഛര്‍ദ്ദിക്കും. കപ്പല്‍ പോലെ സുരക്ഷിതമല്ല വെസല്‍. ഒരു ഗ്ലോറിഫൈഡ് ബോട്ട്. അത്രമാത്രം.

കയറിയിരിക്കുന്നതിനു മുമ്പായി പഌസ്റ്റിക്ക് കവര്‍ തരും. അത് ഛര്‍ദ്ദിക്കണമെങ്കില്‍ ഛര്‍ദ്ദിക്കാനാണ്. പക്ഷെ കള്ളു കുടിച്ചവരാരും ഛര്‍ദ്ദിച്ചില്ല. കള്ളു കുടിക്കാത്തവര്‍ ഛര്‍ദ്ദിച്ചു. അവര്‍ ഛര്‍ദ്ദിച്ചത് കള്ളു കുടിച്ചവര്‍ക്കു വേണ്ടിയായിരുന്നു. എന്തൊരു സേവനം.

പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിന്റെ പ്രത്യേകത. ഇന്ത്യയില്‍ വേറൊരിടത്തും പവിഴപ്പുറ്റുകളില്ല. തീരക്കടലിന്റെ ആഴം ഒന്നോ രണ്ടോ മീറ്റര്‍ മാത്രം. അടി ഭാഗം ഗ്ലാസുപാകിയ ചെറിയ ബോട്ടിലിരുന്ന് താഴോട്ടു നോക്കിയാല്‍ കാണുന്നത് സ്വപ്ന സുന്ദരമായ അക്വേറിയം. വിവിധതരം മത്സ്യങ്ങളുടെ പുളച്ചിലുകളും ആലിംഗനവും. കടല്‍ച്ചെടികളുടെയും കടല്‍പ്പൂവിന്റെയും ഇടയിലൂടെ ഊളിയിട്ടു നീങ്ങുന്ന മത്സ്യഗന്ധികള്‍. കടലാമകളും വൈവിധ്യമാര്‍ന്ന അനേകം കടല്‍ ജീവികളും. ജീവികളെ വിഴുങ്ങുന്ന സസ്യങ്ങളെ കണ്ട് അന്തം വിട്ടു പോയി. കടലില്‍ റൊട്ടിക്കഷണങ്ങള്‍ നുറുക്കിയിട്ടപ്പോള്‍ പൂത്തിരി കത്തിച്ച പോലെ മത്സ്യങ്ങളുടെ പ്രളയം. കോറലുകള്‍ അതിരിടുന്ന ലഗൂണുകള്‍. കാട് പോലെ പൂത്തു നില്‍ക്കുന്ന കടലകം.

കവറത്തി ബെടക്കാക്കുകയാണ്, മനോഹരമായ ബീച്ചുകളില്‍ ഐസ്‌ക്രീം പെട്ടികളും കോളക്കുപ്പികളും നിരത്തിവെച്ച കടപ്പുറം പാര്‍ലറുകള്‍. രാത്രി വൈകിയിട്ടും കെടാത്ത വര്‍ണ്ണവിളക്കുകളും നിലയ്ക്കാത്ത പശ്ചാത്തല സംഗീതവും പുതുതായി എന്തോ വിളിച്ചു പറയുന്നതായി തോന്നി. ഒപ്പം പതിഞ്ഞ ഒരു നിലവിളിയും.

ഒരു വിരോധാഭാസമെന്ന് പറയട്ടെ ഹസ്രത്ത് ഉബൈദുള്ളയുടെ വരവും 1400 കൊല്ലം മുമ്പ് തന്നെ ദ്വീപുകാര്‍ മുസഌങ്ങളായതുമൊക്കെ ഐതിഹ്യം മാത്രമാണെന്ന് ലക്ഷദ്വീപ് കലാ അക്കാദമി സെക്രട്ടറിയായ കോയമക്കോയയെപ്പോലുള്ളവര്‍ പറയുന്നു. പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങള്‍, പ്രതിമകള്‍, പതിനാലാം നൂറ്റാണ്ടിന് മുമ്പ് ബുദ്ധന്‍മാര്‍ ദ്വീപിലുണ്ടായിരുന്നതിന് തെളിവാണ്. ദ്വീപില്‍ നിന്ന് കിട്ടിയ രണ്ട് ടണ്ണിലധികം ഭാരമുള്ള ബുദ്ധപ്രതിമയുടെ തല അഗത്തി മ്യൂസിയത്തിലിപ്പോഴുമുണ്ട്. താലിബാന്‍ കാണാഞ്ഞത് മഹാഭാഗ്യം. ഉത്തരേന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കും പിന്നീട് മാലി ദ്വീപിലേക്കും അതു വഴി ലക്ഷദ്വീപിലേക്കും ബുദ്ധമതം പ്രചരിച്ചിരിക്കാനാണ് സാധ്യത.


മത്സ്യം ധാരാളമുണ്ട്. തേങ്ങയുമുണ്ട്. നല്ല ഒന്നാംതരം ചകിരിയുമുണ്ട്. ചകിരിനാരിന് സ്വര്‍ണ്ണത്തിന്റെ നിറമാണ്. എന്നിട്ടും ഒരു കയര്‍ഫാക്ടറിയോ ഒരു കാനിങ് സെന്ററോ ദ്വീപിലില്ല.

മൂര്‍ക്കോത്ത് രാമുണ്ണിയെപ്പോലെ ദ്വീപിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഐ.എഫ്.എസുകാര്‍ പിന്നീടധികം ഉണ്ടായിട്ടില്ല. 25 വര്‍ഷത്തിനുശേഷവും ദ്വീപ് ഒരടി മുന്നോട്ട് പോയിട്ടില്ല, ആതിഥ്യത്തില്‍ ഒരടി പോലും പിന്നോട്ടും.

1 comment:

  1. ഇതു പണ്ട് മാത്രുഭൂമി യാത്രയിൽ വന്നിരുന്നു

    ReplyDelete