Friday, March 4, 2011

ആഗോളശാസ്ത്രജ്ഞന്‍ സര്‍ ഡോ ശരത് പവ്വാര്‍ സാര്‍ വായിച്ചറിയുവാന്‍

എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യമുണ്ടാക്കുന്നുവെന്ന് മണിപ്പാല്‍ സംഘം
Posted on: 05 Mar 2011


ഫലപ്രദമായ ചികിത്സയ്ക്കും വഴിതുറക്കുന്നു

ബാംഗ്ലൂര്‍: എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന വാദത്തിന് ശാസ്ത്രീയാടാസ്ഥാനമില്ലെന്ന വാദം പൊളിച്ചുകൊണ്ട് മണിപ്പാല്‍ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ രംഗത്തുവന്നു. ഈ കീടനാശിനിയുടെ അംശം ശരീരത്തില്‍ കലരുന്നത് ജനിതകഘടനയെത്തന്നെ മലീമസമാക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്‍ഡോസള്‍ഫാനെതിരെ തെളിവില്ലെന്ന അതിന്റെ നിര്‍മാതാക്കളുടെയും പെസ്റ്റിസൈഡ്‌സ് ഫോര്‍മുലേറ്റേഴ്‌സ് ആന്‍ഡ് മാനുഫാകചറേഴ്‌സ് ആസോസിയേഷന്റെയും വാദത്തിനെ അടിസ്ഥാനപരമായിത്തന്നെ ഖണ്ഡിക്കുന്നതാണിത്.

ഈ ജീവനാശിനിയുടെ ഇരകളുടെ ചികിത്സയില്‍ 5എഎസ്എ(5അമിനോ സാലിസിലക്ക് ആസിഡ്) ഫലപ്രദമാകുന്നുവെന്നും ഗവഷേണത്തില്‍ വ്യക്തമായി. ആണെലികളുടെ ശരീരത്ത് എന്‍ഡോസള്‍ഫാന്‍കടത്തിവിട്ട ശേഷം നടത്തിയ പരിശോധനയില്‍ ബീജാണുക്കള്‍ക്ക് രൂപഭേദം വരുന്നതായാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ആണെലികളുടെ പ്രത്യുത്പാദന ഹോര്‍മോണുകളില്‍ പ്രതിലോമകരമായ വ്യതിയാനം വരുന്നതായും ബീജോത്പാദനവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളില്‍ വൈകല്യവും വളര്‍ച്ചാമുരടിച്ചയും സംഭവിക്കുന്നതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മണിപ്പാല്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ ഫാര്‍മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ്, ഡോ. അമര്‍ദീപ് ജയ്‌സ്വാള്‍, ഡോ. വിപിന്‍കുമാര്‍ പരിഹാര്‍, ഡോ:എം.കെ. ഉണ്ണികൃഷ്ണന്‍, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. എസ്.ഡി. മഞ്ജുള, ഡോ .ബി.ആര്‍. കൃഷ്ണാനന്ദ് എന്നവരുടെ സംഘമാണ് പഠനം നടത്തിയത്. ഇവരുടെ കണ്ടെത്തലിന്റെ വിശദവിവരങ്ങള്‍ പ്രമുഖ ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ സയന്‍സ് ഡയറക്ടില്‍ (www.sciencedirect.com)പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരമ്പര്യഘടകങ്ങളെ തലമുറകളിലേക്ക് കൈമാറുന്ന ജനിതകഘടന മലീമസമാക്കിക്കളയുന്ന സ്വധീനമാണ് എന്‍ഡോസള്‍ഫാന്‍ ജീവജാലങ്ങളില്‍ ഉണ്ടാക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.ജനിക്കുന്ന കുട്ടികള്‍ക്ക് ശാരീരിക വൈകല്യം, മാനസിക വൈകല്യം, പുതിയ തരം രോഗങ്ങള്‍, അവയവങ്ങളുടെ വലുപ്പത്തിലും വളര്‍ച്ചയിലുമുള്ള വ്യത്യാസം, പ്രത്യുത്പാദനം തടസ്സപ്പെടല്‍, ഗര്‍ഭമലസല്‍ പോലെയുള്ള അപൂര്‍ണമായ പ്രതുത്പാദന പ്രക്രിയ എന്നിവയ്‌ക്കൊക്കെ ജീന്‍ മലീമസമാകുന്നത് കാരണമാകുന്നുണ്ടെന്ന് രവീന്ദ്രനാഥ് ഷാന്‍ബാഗ് പറഞ്ഞു. ഈ കീടനാശിനി ഏറെ ദുരിതം വിതച്ച കാസര്‍കോട്ടെ പദ്രെയില്‍ പത്തുവര്‍ഷമായി ഇദ്ദേഹം ഗവേഷണത്തിലാണ്.

എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് ഫലപ്രദമായ ചികിത്സാരീതി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ കീടനാശിനി ജീവികളുടെ ജനിതകഘടനയെത്തന്നെ ബാധിക്കുന്നുവെന്ന് സംഘം നിരിക്ഷിച്ചത്. 35 ശതമാനം എന്‍ഡോസള്‍ഫാന്‍ നാല്‍പ്പത് മടങ്ങ് നിലക്കടല എണ്ണ ഉപയോഗിച്ച് വീര്യം കുറച്ച ശേഷം പൂര്‍ണ്ണ ആരോഗ്യമുള്ള ആണെലികളില്‍ വിവിധ തോതില്‍ കുത്തിവെക്കുകയായിരുന്നു. മരണത്തെ അതിജിവിച്ച എലികളിലാണ് ജനിതക മലിനീകരണം കണ്ടെത്തിയത്. ബീജാണുക്കളിലെ കോശങ്ങളെ നശിപ്പിക്കുന്നതായും ഇതുമൂലം ബീജാണുക്കളുടെ രൂപംതന്നെ വികലമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ ശരീരഭാരം ഗണ്യമായാ കുറയുന്നതായും ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും പഠനത്തിന്റെ ഫലത്തെ ഉദ്ധരിച്ചുകൊണ്ട് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, ഈ എലികളില്‍ 5എഎസ്എ( 5 അമിനോ സാലിസിലക്ക് ആസിഡ്) പ്രയോഗിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തില്‍ കലര്‍ന്നതുമൂലമുണ്ടായ ദോഷഫലങ്ങള്‍ കുറയുന്നതായും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെയും അതിനോട് ചേര്‍ന്ന കര്‍ണാടകത്തിലെ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തലെന്ന് ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ് പറഞ്ഞു.

No comments:

Post a Comment